പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓർമ്മകളിൽനിന്ന്‌ നാട്ടറിവും നാട്ടുചരിത്രവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. സി.ആർ. രാജഗോപാലൻ

‘സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്‌ഠമായ നിർമ്മിതികളുടെ സമഗ്രതയാണ്‌ നാട്ടറിവ്‌.

ഓരോ കൂട്ടായ്‌മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടൻ കലകളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്‌.

വാമൊഴിയിലൂടെയാണ്‌ നാടോടിസംസ്‌ക്കാരം പ്രക്ഷേപണം ചെയ്യുന്നത്‌. നാട്ടുസംഗീതം, ആട്ടം, പുരാവൃത്തം, കളികൾ,

കൈവേലകൾ, ആചാരങ്ങൾ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്‌കാരത്തെ അത്‌ പ്രതിനിധാനം ചെയ്യുന്നു.’

എന്നിങ്ങനെ 1989 ൽ യുനെസ്‌കോ ലോകരാഷ്‌ട്രങ്ങൾക്കായി നാടോടി കലയുടെ പ്രസക്തിയെക്കുറിച്ച്‌ വിളംബരം

ചെയ്‌തു. 1805 മാർച്ച്‌ 30ന്‌ രൂപീകരിക്കപ്പെട്ട കെൽറ്റിക്‌ അക്കാദമി നാട്ടുപഴമയുടെ പൊരുൾ തേടിയിറങ്ങിയെങ്കിലും

അതൊരു വിജ്ഞാനശാഖയായി മാറിയത്‌ പിന്നീടാണ്‌. 1846 ആഗസ്‌റ്റ്‌ 22-​‍ാംതീയതിയിലെ അതീനിയം എന്ന

പ്രസിദ്ധീകരണത്തിന്റെ 982-​‍ാം ലക്കത്തിൽ വില്യം ജോൺ തോംസ്‌ എഴുതിയ ഒരു കത്തിലൂടെ ഫോക്‌ലോർ എന്ന പദം

നിലവിൽവന്നു. ബ്രിട്ടനിൽ അവശേഷിക്കുന്ന ആചാരങ്ങളും നാടോടി പുരാവസ്തുക്കളും വീരഗാഥകളും

ശേഖരിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ അതിലെഴുതിയത്‌. അവിടന്നങ്ങോട്ട്‌ നാടോടികലയുടെ കൊയ്‌ത്തുനടന്നു. നാടൻ

പാട്ടുകളുടെ ശേഖരണം, നാടോടിക്കലയുടെ ഉദ്‌ഭവസിദ്ധാന്തങ്ങൾ, മനഃശാസ്‌ത്രപരമായ പഠനം എന്നിവയും കടന്ന്‌ ഇന്ന്‌

നാടോടി ജ്ഞാനസിദ്ധാന്തത്തിന്റെ തലത്തിലേയ്‌ക്ക്‌ ഫോക്‌ലോർ പഠനം എത്തിച്ചേർന്നിരിക്കയാണ്‌. സുസ്‌ഥിരമായ

വികസനത്തിനുളള മാർഗ്ഗങ്ങൾ തേടുന്നതിനുളള 21-​‍ാം നൂറ്റാണ്ടിന്റെ ചിന്താപദ്ധതിയായി നാട്ടറിവുപഠനം

എത്തിച്ചേർന്നിരിക്കുന്നു. കൊടിയക്ഷാമം കൊണ്ട്‌ ആയിരിക്കണക്കിനാളുകൾ മരിച്ച എത്യോപ്യ അതിജീവിച്ചത്‌

നാട്ടറിവുകളിലേയ്‌ക്ക്‌ മടങ്ങിയായിരുന്നു. ഈ ഭൂമിയെത്തന്നെയും നമ്മെത്തന്നെയും സംരക്ഷിക്കുന്നതിന്‌ ജൈവ

സ്വതന്ത്ര്യം നിലനിർത്തുന്നതിന്‌ നാട്ടറിവുകളിലേയ്‌ക്ക്‌ മടങ്ങാതെവച്ച എന്ന്‌ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

ഗ്രഹണം ചെയ്യപ്പെട്ട അരികുസത്യങ്ങളാണ്‌ നാട്ടറിവുകൾ. വരമൊഴി ചരിത്രകാരൻമാരും അഭിജാതസംസ്‌കാരവും

അവഗണിച്ച ഒരു ജൈവികപരിസരമാണ്‌ നാട്ടറിവിന്റെ ചരിത്രം. കഴിഞ്ഞ ഇരുന്നൂറ്‌ വർഷമായി തുടരുന്ന യൂറോപ്യൻ

യുക്തിയുടേയും പടിഞ്ഞാറൻശാസ്ര്തസാങ്കേതിക ജ്ഞാനത്തിന്റേയും പതനത്തിൽനിന്നാണ്‌ നാട്ടറിവിന്റെ അന്വേഷണം

ആരംഭിക്കുന്നത്‌. പടിഞ്ഞാറൻ വികസനരീതികളിൽനിന്ന്‌ വ്യത്യസ്തമായ, സന്തുലുതമായ വികസനരീതികളെക്കുറിച്ച്‌

ചിന്തിക്കുമ്പോൾ നാട്ടറിവിന്‌ ഇന്ന്‌ ഏറെ പ്രാധാന്യമുണ്ട്‌. അധികാരത്തിന്റെ മുകൾത്തട്ടിൽ നിന്നുളള വികസനത്തിനു

പകരം ജനകീയ പരിസരം തേടുമ്പോൾ ഒരേയൊരുവഴി നാട്ടറിവിന്റെ സംയോജനമാണ്‌. സാർവ്വദേശികമായ

തത്ത്വങ്ങളുടെ അടിസ്‌ഥാനത്തിൽ നിർവ്വചിക്കാനോ കണ്ടെത്താനോ കഴിയുന്നതല്ല നാട്ടറിവ്‌. പ്രാദേശികമായ

യുക്തിയിൽനിന്നാണ്‌ അത്‌ ജൻമമെടുക്കുന്നത്‌. സ്‌ഥാപനാശ്രിതവും വ്യക്തിനിഷ്‌ഠവുമായ ഗവേഷണത്തിനു പകരം

സമൂഹനിഷ്‌ഠമായ ഒരു തിരിച്ചറിവാണ്‌​‍്‌ നാട്ടറിവുപഠനം. കൂട്ടായ്‌മയുടെ സാംസ്‌കാരിക വിജ്ഞാനമാണത്‌ ‘നാട്ടറിവുകൾ

പങ്കുവയ്‌ക്കുന്നു’ എന്നതാണ്‌ ഈ സാംസ്‌കാരിക പ്രവർത്തനത്തിന്റെ രീതിശാസ്ര്തം.

ആയിരക്കണക്കിനു വർഷങ്ങളായി ഒരു പ്രാദേശികജനത സ്വന്തം അധിവാസഭൂമികയിൽനിന്ന്‌ നിരീക്ഷണ

പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗികമായ നാട്ടുജ്ഞാനങ്ങൾ കൈമാറുന്ന രീതിശാസ്‌ത്രമാണിത്‌. ‘കണ്ടുംകേട്ടും

ചെയ്‌തും’ കൈമാറിപ്പോരുന്ന ഒന്നാണിത്‌. കണ്ടറിവ്‌, കേട്ടറിവ്‌, നേരറിവ്‌ എന്നപേരിൽ അറിയപ്പെടുന്ന ഈ അറിവ്‌

കാലത്തിന്റെ പല തലങ്ങളിലാണ്‌ കിടക്കുന്നത്‌. പഴമനസ്സുകളോട്‌ സംസാരിക്കുമ്പോൾ ഭൂതകാലത്തിന്റെ പല

തലങ്ങളിൽ കിടക്കുന്ന അറിവാണ്‌ സമാഹരിക്കപ്പെടുന്നത്‌. പ്രകൃതിയുമായി അടുത്തിടപഴകിയ&മണ്ണിൽ ജീവിച്ച ഒരു

ജനത അനവധി തലമുറകൾക്ക്‌ കൈമാറിയ ജ്ഞാനപരിസരമാണ്‌ നാട്ടറിവുപ്രവർത്തകർ സമാർജ്ജിക്കുന്നത്‌. നാട്ടറിവിൽ

സ്വന്തം വർഗ്ഗീകരണ തത്ത്വങ്ങളുണ്ട്‌. പ്രകൃതിയെപ്പറ്റിയുളള യുക്തിനിഷ്‌ഠനിരീക്ഷണമുണ്ട്‌. പരിസ്‌ഥിതിക്ക്‌ കോട്ടം

തട്ടാത്തതും സുസ്‌ഥിരവുമായ വികസന തന്ത്രങ്ങളുണ്ട്‌. പ്രകൃതിവിഭവങ്ങളെ വിദഗ്‌ദ്ധമായുപയോഗിക്കുന്ന പ്രായോഗിക

വഴക്കങ്ങളുണ്ട്‌. നാട്ടുസാങ്കേതികവിദ്യയിലൂടെ&നൈപുണ്യത്തിലൂടെ വിഭവത്തേയും വൈഭവത്തേയും ഒന്നിപ്പിക്കുന്നു.

പഴമനസ്സുകളുടെ അനുഭവപരിസരത്തിൽനിന്നും ഉടലെടുത്ത നിർമ്മിതികൾ അനവധിയാണ്‌. അന്യവൽക്കരിക്കപ്പെട്ട

ഇന്നത്തെ സമൂഹത്തിൽ കൂട്ടായ്‌മകളുടെ പാരസ്പര്യവും ചരിത്രബോധവും വീണ്ടെടുക്കുന്നതിനും ഗ്രാമങ്ങളുടെ സ്വാശ്രയത്വം

നിലനിർത്തുന്നതിനും നാട്ടറിവുകളുടെ വൈഭവം ആവശ്യമാണ്‌. ആദിവാസികളും ഗ്രാമീണരും മറ്റ്‌

തൊഴിൽക്കൂട്ടായ്‌മകളുമടങ്ങുന്ന സമൂഹത്തിന്‌ ഒട്ടനവധി നാടൻകലകളും നാട്ടറിവുകളുമുണ്ട്‌. ഇവയുടെ

ജീവവാഹകരായ നാട്ടുനൈപുണികൾ&ആവേദകർ ഇല്ലാതാവുന്നതോടെ ആഴത്തിലുളള ആ വിജ്ഞാനം

ഇല്ലാതാവുകയാണ്‌. രാജാക്കൻമാരുടേയും അധികാരദല്ലാൾമാരുടെയും ചരിത്രത്തിന്‌ പുറത്തുളള ജനദേശീയതയുടെ

നാട്ടുചരിത്രം നമുക്ക്‌ നഷ്‌ടമാവുകയാണ്‌. ഒരു പ്രദേശത്തിന്റെ വൈവിദ്ധ്യമാർന്ന കൃഷിരീതി, ജൈവവൈവിദ്ധ്യഭൂമിക,

നാട്ടുവഴക്കങ്ങൾ, ഗ്രാമചരിത്രത്തെ ഓർമ്മകളിൽ കെട്ടിയുണ്ടാക്കുന്ന രീതി തുടങ്ങിയവ നാട്ടറിവ്‌ ശേഖരണത്തിലൂടെ

നിർമ്മിക്കാനാവുന്നു. അതിനാൽ ജനതയുടെ ചരിത്രം നാട്ടറിവുകളിലൂടെയാണ്‌ പുനഃസൃഷ്‌ടിക്കാനാവുക. അതിന്‌

കേട്ടറിവുകളുടെ ശേഖരണവും പങ്കുവയ്‌ക്കലും വളരെ പ്രധാനപ്പെട്ടതാണ്‌.

ആഗോളവൽക്കരണത്തെത്തുടർന്ന്‌ പ്രാദേശിക സംസ്‌കാരങ്ങളുടെ ഹരിതപൈതൃകങ്ങൾ

നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. നാട്ടറിവിന്റെ യുക്തിയെ&ശാസ്‌ത്രബോധത്തെ പേറ്റന്റിന്റെ പേരിൽ

കവർന്നെടുക്കുന്നതിനെതിരെ നാട്ടുനൈപുണികളുടെ പ്രതിരോധനിര ഉയരണം. ജൈവവൈവിദ്ധ്യവും അവയെ

നിലനിർത്തുന്ന കാട്ടുവിത്തുകളും പ്രാദേശികജനതയുടെ സമ്പത്താണ്‌. നൂറ്റാണ്ടുകളായി മൺകലത്തിലും വല്ലോട്ടികളിലും

ഭക്ഷ്യസുരക്ഷിതത്ത്വത്തിന്റെ വിത്തുകളെ&നാട്ടറിവുകളെ കാത്തുസൂക്ഷിച്ച കൂട്ടായ്‌മകളെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു.

ആദിമകലകളും കൈവേലകളും നാടൻകലകളും സമഗ്രമായ സൗന്ദര്യബോധത്തിന്റെ ഉറവിടങ്ങളാണെന്ന്‌ തിരിച്ചറിയണം.

നാട്ടറിവിന്റെ ജൈവികയുക്തിയെ സമകാലിനസമൂഹത്തിൽ സജീവമായി ആവിഷ്‌കരിക്കണം. ഒരു നാട്ടറിവ്‌ രജിസ്‌റ്റർ

ചെയ്യപ്പെടുന്നതിലൂടെ ആ ഗ്രാമത്തിന്റെ പരമ്പരാഗതവിജ്ഞാനത്തിന്റെ അവകാശപ്രഖ്യാപനം നടത്തുകയാണ്‌

ചെയ്യുന്നത്‌. ആസൂത്രണം ഒരു ഉൽസവമായി മാറുന്നത്‌ അപ്പോഴാണ്‌.

മണ്ണിനെപ്പറ്റിയുളള നാട്ടറിവ്‌, സസ്യങ്ങളെപ്പറ്റിയുളള നാട്ടറിവ്‌, പരിസ്‌ഥിതി സംരക്ഷണത്തിനായുളള നാട്ടുരീതി,

ജലവിനിയോഗത്തിന്റെ നാട്ടറിവ്‌, പാരമ്പര്യ ജന്തുവിജ്ഞാനം,നാടൻ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടൻകളികൾ,

ഗ്രാമീണപുരാവസ്‌തുക്കൾ, ചന്തകൾ, ഉൽസവങ്ങൾ, മൽസ്യബന്ധനം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളേയും

നാട്ടറിവ്‌ സ്പർശിക്കുന്നു. എഴുത്ത്‌&രേഖയെ അടിസ്ഥാനമാക്കിയുളള അധികാരജ്ഞാനത്തിൽനിന്ന്‌ വിത്യസ്തമാണത്‌.

വാമൊഴി പാരമ്പര്യത്തിലാണ്‌ ദേശത്തിന്റെ ചരിത്രംകിടക്കുന്നത്‌. പ്രയുക്തസന്ദർഭത്തിനുപകരം

ജൈവികസന്ദർഭത്തിലാണ്‌ നാട്ടറിവ്‌ നിലകൊളളുന്നത്‌. പ്രായോഗികജ്ഞാനത്തിലൂടെ നേടിയെടുക്കുന്നതാണ്‌ നാട്ടറിവ്‌,

‘പഠിക്കുന്നതല്ല’. സർവ്വ ചരാചരങ്ങളും ഉൾക്കൊളളുന്ന പ്രപഞ്ചവീക്ഷണം നാട്ടറിവിന്റെ ദർശനത്തിലുണ്ട്‌. ഇത്‌

വസ്തുചിന്തമാത്രം ഉൾക്കൊളളുന്ന നരവംശകേന്ദ്രീകൃതമായ ഭാഗികവീക്ഷണമല്ല. എല്ലാ ജീവജാലങ്ങളും തമ്മിലുളള

പരസ്പരാശ്രിതത്വവും ബന്ധുത്വചിന്തയും നാട്ടറിവിലുണ്ട്‌. പ്രകൃതിയെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമുളള

ഉപാധിയായിക്കാണുന്നതാണ്‌ അധികാരജ്ഞാനം. ഇങ്ങനെ വരും നൂറ്റാണ്ടിന്റെ പ്രതിരോധജ്ഞാനരീതി

നിർമ്മിക്കുന്നതിന്‌ ദേശചരിത്ര&നാട്ടറിവ്‌ ശേഖരണത്തിന്റെ ഒരു രീതിശാസ്‌ത്രം തയ്യാറാക്കേണ്ടതുണ്ട്‌. അതിന്റെ ചുവടു

വയ്‌പുകൾ താഴെ കൊടുക്കുന്നു.

1. പ്രാദശികമായി നാട്ടറിവ്‌ പഠനസമിതികളുടെ രൂപീകരണം.

2. നാട്ടറിവ്‌ ശേഖരിക്കുന്നതിനുളള രീതിശാസ്ര്തം തയ്യാറാക്കൽ

3. അറിവുകൾ സമാർജ്ജിക്കുന്നതിനുളള പരിശീലനം

4. സൂക്ഷ്മ തലത്തിലുളള ചോദ്യാവലിയുടെ മാതൃക

5. ഫീൽഡ്‌ സർവ്വേ എന്ന സാംസ്‌കാരിക പ്രവർത്തനം

6. ഫീൽഡ്‌ സർവ്വേയ്‌ക്കുളള ഉപകരണങ്ങൾ

7. ശേഖരിച്ചവ ഒത്തുനോക്കി ഓരോവിഷയത്തിന്റേയും നാട്ടറിവുരേഖ&രജിസ്‌റ്റർ തയ്യാറാക്കൽ

8. നാട്ടറിവുമ്യൂസിയം, ലൈബ്രറി, ഓഡിയോവീഡിയോ എന്നിങ്ങനെയുളള ഡോക്കുമെന്റേഷൻ

9. നാട്ടറിവുനിർമ്മിതികളുടെ പുനഃസൃഷ്‌ടിയും പ്രദർശനവും

10. നാട്ടറിവുകൾ പങ്കുവയ്‌ക്കുന്ന ചടങ്ങ്‌. എസ്‌.എൽ.കെ.&എസ്‌.ടി.കെ. ഇത്‌ പ്രത്യേകരീതിയിൽ മുറ്റത്തോ

മാവിൻചുവട്ടിലോ സജ്ജീകരിക്കാം. അധികാരഘടനയെ ഇല്ലാതാക്കിക്കൊണ്ടുളള ഒരു പ്രതിഘടനയാണിത്‌. നാട്ടറിവ്‌

ആശാൻമാർ&നാട്ടറിവ്‌ ആശാത്തിമാർ എന്നിവരെ കണ്ടെത്തുന്ന രീതിശാസ്‌ത്രമാണ്‌. അറിവുകൾ പങ്കുവയ്‌ക്കുമ്പോൾ

ഡോക്കുമെന്റ്‌ ചെയ്യുന്നതിനുളള സംവിധാനം ഉണ്ടാകണം. നാട്ടറിവുകൾ പങ്കുവയ്‌ക്കുന്ന പരിപാടി ഒരുസംവാദവും

ചർച്ചയുമാണ്‌. മറ്റ്‌ നാട്ടറിവാശാൻമാരുടെ അറിവുകൾ കൂടിച്ചേർന്ന്‌ ഇത്‌ സമഗ്രമാവുന്നു.

11. നാട്ടുമൊഴികളും നാട്ടുവാക്കുകളും പകർത്തുന്നതിന്‌ പ്രത്യോകപരിശീലനം

12. നാട്ടറിവാശാൻമാരുടെ ആലകൾ, പണിസ്‌ഥലങ്ങൾ, വീടുകൾ എന്നിവയുടെ സന്ദർശനം

13. കൈവേലക്കാരുടെ നേതൃത്വത്തിൽ പരിശീലനം.

14. അന്യം നിന്നുപോയ കൈവേലകൾ, നാട്ടുഭക്ഷണം, നാടൻകലകൾ എന്നിവയുടെ പുനഃസൃഷ്‌ടി.

നാട്ടാചാരങ്ങളുടേയും ഉൽസവങ്ങളുടേയും കൃഷിയുടേയും പ്രാദേശിക കലണ്ടർ തയ്യാറാക്കൽ.

15. ഒരു ദേശത്തിന്റെ നാട്ടറിവുകളുടെ അവകാശപ്രഖ്യാപനം.

ജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്നു ഈ പ്രതിരോധപ്രവർത്തനം. നമ്മോടൊപ്പം സഞ്ചരിക്കുന്നതാണ്‌ ചരിത്രം.

വന്ന വഴിയും നിന്ന വഴിയും പോയവഴിയും അറിയാൻ, നമ്മെത്തന്നെ തിരിച്ചറിയാൻ സംസ്‌കാരത്തിന്റെ

അടിയാധാരങ്ങൾ തേടണം. മനുഷ്യസംസ്‌കാരത്തിന്റെ ഭൂതകാലത്തെ തിരിച്ചറിയാതെ ഇന്നിന്‌ നിലനിൽക്കാനാകില്ല.

ആദിമശിലായുഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രാതീതകാലം മുതൽ മനുഷ്യനും പ്രകൃതിയും രൂപപ്പെടുത്തിയ

നിർമ്മിതികൾ ദേശ വഴക്കത്തിന്റെ ഭാഗമാണ്‌. പഴമയുടെ സ്‌മാരകങ്ങളോടൂറിസ്‌റ്റ്‌ കാഴ്‌ചകളോ ഷോകേസ്‌

പ്രതിരൂപങ്ങളോ അല്ല ഈ നിർമ്മിതികൾ. നാട്ടുകൂട്ടത്തിന്റെ തീരാഖനിയായ ഓർമ്മയുടെ ആഴങ്ങളിലാണ്‌

സജീവസംസ്‌കാരത്തിന്റെ അടയാളങ്ങൾ. രേഖയെ അടിസ്ഥാനമാക്കിയുളള ‘എഴുതപ്പെട്ട ചരിത്ര“ത്തിൽ ഈ

നാട്ടടയാളങ്ങൾ ഒരുപക്ഷേ ഇല്ലായിരിക്കാം. സാധാരണക്കാരായ ജനങ്ങളാണ്‌ ഭൗതികസംസ്‌കാരം നിർമ്മിച്ചതെങ്കിലും

അവരെല്ലാം അരികുസത്യങ്ങളായി മാറി. വരേണ്യവും അഭിജാതവുമായ അധികാരകലാചരിത്രത്തിന്‌ നിയമ സാധുത്വം

നൽകുന്ന ബോധം ആണിയടിച്ചുറപ്പിച്ചു. അധികാരജ്ഞാനത്തിന്റെ നിർബോധവൽക്കരണമാണ്‌

ജനകീയസംസ്‌കാരപഠനം.

ഇവിടെ മണ്ണിന്റെ താവഴികളിൽ അടിയപ്പെട്ട സംസ്‌കാരത്തിന്റെ ചിഹ്‌നങ്ങളെ കണ്ടെത്തുകയും

രേഖപ്പെടുത്തുകയും തിരിച്ചറിയുകയും ചെയ്യുന്ന സംസ്‌കാര പ്രവർത്തനമാണ്‌ പൈതൃകം&മാതൃകം തേടിയുളള ഈ

യാത്ര. ഇവിടെ പുരാവസ്തുക്കളുണ്ട്‌. മഹാശിലാസംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ചെങ്കൽ സ്മാരകങ്ങളുണ്ട്‌,

വീരക്കല്ലുകളുണ്ട്‌, നന്നങ്ങാടികളുണ്ട്‌, മൺപാത്രങ്ങളുണ്ട്‌, ചരിത്രയുഗത്തിലെ നാണയങ്ങളും ശിലാശാസനങ്ങളുമുണ്ട്‌.

കൈവേലക്കാരുടെ സുദീർഘമായ ചരിത്രമുണ്ട്‌. ഇരുമ്പു പണിക്കാരുടേയും നാട്ടുശില്പികളുടെയും നൈപുണ്യമുണ്ട്‌.

ഓർമ്മകൾ കെട്ടിയുണ്ടാക്കിയ പാട്ടുകളുണ്ട്‌. കൃഷിക്കാരൻ രൂപപ്പെടുത്തിയ സന്തുലിതസംസ്‌കാരത്തിന്റെ

വിരൽപ്പാടുണ്ട്‌. ജലസംരക്ഷണത്തിനുളള ജലസേചനയന്ത്രങ്ങളുണ്ട്‌. പ്രകൃതിയുടെ കാരുണ്യം ഏറ്റുവാങ്ങിയ

ഗൃഹനിർമ്മാണവിദ്യയുണ്ട്‌. ജൈവ വൈവിദ്ധ്യം ഏറ്റുവാങ്ങിയ ചിഹ്‌ന&പ്രരൂപനിർമ്മിതിയുടെ, വെങ്കലത്തിന്റെ

സൂര്യപ്രകാശമുണ്ട്‌. പ്രകൃതി ആവാസ വ്യവസ്ഥയെ ഭൗതികനിർമ്മിതികളിൽ പങ്കാളിയാക്കിയിട്ടുണ്ട്‌.

പ്രദേശിക വിഭവഭൂപടം പോലെ, ജൈവ വൈവിദ്ധ്യരജിസ്‌റ്റർപോലെ ഓരോ ദേശത്തിന്റെയും പൈതൃകഭൂപടം

രചിക്കുകയാണ്‌ ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. നിർജീവമായ ഒരു സ്ഥിതിവിവരക്കണക്കല്ല ഈ ഭൂപടനിർമ്മാണം.

ചരിത്രത്തിന്റെ അലയടികൾ ഏറ്റുവാങ്ങിയ ഈ സ്മാരകങ്ങളെ ജനകീയമായ ഒരു പരിപ്രേക്ഷ്യത്തിൽ, മൺമയുടെ

കാഴ്‌ചപ്പാടോടുകൂടി ചരിത്ത്രിൽ പുനഃസ്ഥാപിക്കുകയാണ്‌. ഇതുവരെ ഇടംകിട്ടിയിട്ടില്ലാത്ത നാട്ടറിവുസമ്പത്തുകളെ

ജനകീയകലവറയിൽ കാത്തുസൂക്ഷിക്കുകയാണ്‌. ഓരോ ദേശത്തിലും പഞ്ചായത്തിലും ഇത്തരം പൈതൃകകലവറകൾ

ഉണ്ടാകണം. നാലുകെട്ടും കൊട്ടാരങ്ങളും മാത്രമല്ല, ചെറ്റപ്പുരകളും കളിമണ്ണുവീടുകളും ദേശചരിത്രത്തിലുണ്ട്‌. വിളക്കും

കതിർക്കുലകളും മാത്രമല്ല, ചെരാതും പാക്കനാർ മുറങ്ങളും ഉണ്ടായിട്ടുണ്ട്‌. ചക്രമുളള മുറുക്കാൻ ചെല്ലവും

തഴവട്ടിയുമുണ്ട്‌. ചക്രമുണ്ട്‌, ചക്രപ്പാട്ടുണ്ട്‌, നാഴികമണിയുണ്ട്‌, മഞ്ചാടിപതിച്ച തോടയുണ്ട്‌, വെളളിക്കോലുണ്ട്‌,

കാശുമാലയുമുണ്ട്‌. പത്തായങ്ങളും വല്ലോട്ടികളുമുണ്ട്‌. വിത്തുകൾ ചുരയ്‌ക്കാത്തൊണ്ടിൽ കൈമാറിയ നാട്ടറിവുണ്ട്‌.

കൂടിയാട്ടചമയങ്ങളും പൊറാട്ടു ചമയങ്ങളുമുണ്ട്‌. കഥകളിക്കോപ്പുകളും ഒപ്പം ഏറുകൂട്ടങ്ങളുമുണ്ട്‌. ചെണ്ടയും

നന്തുണിയും തുടിയും മരക്കുഴലും ഓലപ്പീപ്പിയുമുണ്ട്‌. ചാരുകസേരയും കളിപ്പാട്ടങ്ങളുമുണ്ട്‌, ആനച്ചങ്ങലയും

അരഞ്ഞാണവുമുണ്ട്‌.

സംസ്‌കാരത്തിന്റെ രൂപീകരണത്തിന്‌ സഹായിച്ചിട്ടുളള ഈ നാട്ടുകൈവേലകളും പുരാവസ്തുക്കളും

നാട്ടറിവുകലവറകളും പ്രാദേശീക ഭൂപടങ്ങളിൽ രേഖപ്പെടുത്തുകയാണ്‌ ഈ അന്വേഷണത്തിന്റെ ലക്ഷ്യം.

അധിനിവേശങ്ങളുടെ ചരിത്രത്തോടൊപ്പം തനതു പാരമ്പര്യങ്ങളുടെ ചരിത്രവും ഇതുവഴി നിർണ്ണയിക്കാനാകും. ബ്രിട്ടീഷ്‌

കലാഘട്ടത്തിലെ പുരാവസ്തുപഠനം, ഗസറ്റിയർ സങ്കല്പത്തിൽനിന്ന്‌ വ്യത്യസ്തമായി സംസ്‌കാരചിഹ്‌നങ്ങളെ

ജനകീയതയുമായി അടുപ്പിക്കുകയും അവയുടെ ചരിത്രദൗത്യം എന്താണ്‌ എന്ന്‌ നിർണ്ണയിക്കുകയും ചെയ്യേണ്ടത്‌

അത്യാവശ്യമാണ്‌. പുരാവസ്തുക്കളെപ്പറ്റിയുളള ശാസ്‌ത്രീയ അറിവുകൾക്കുപുറമേ അവയെപ്പറ്റി നിലനിൽക്കുന്ന

വിശ്വാസങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളും ശേഖരിക്കേണ്ടതാണ്‌. ഓരോ നാടിന്റേയും തിണയുടേയും

അധിവാസ-ആവാസ വ്യവസ്ഥയുടേയും ചിത്രം അതിലൂടെ കണ്ടെത്താനാകും. നമ്മുടെ പ്രാദേശികചരിത്രനിർമ്മിതിക്ക്‌

സഹായകമാണ്‌ ഈ നാട്ടുവഴക്ക ഭൂപടനിർമ്മാണം.

നാട്ടുജനതയ്‌ക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന ചരിത്രം തിരിച്ചുപിടിക്കാൻ യഥാർത്ഥപൈതൃകസംരക്ഷണം

ആവശ്യമാണ്‌. പ്രാചീനജനതയുടെ ലോകവീക്ഷണം കൊത്തിയ ഈ നാട്ടുശില്പങ്ങൾ വായിക്കുവാൻ നവീനരീതിശാസ്‌ത്രം

രൂപീകരിക്കേണ്ടതുണ്ട്‌. ചരിത്രപരമായ ഓർമ്മകളെ രേഖപ്പെടുത്തുന്ന രീതിശാസ്‌ത്രമാണ്‌ ഒന്ന്‌.

പൈതൃകനിർമ്മിതിയിലൂടെ ഉല്പത്തിയിലും ക്രിയയിലും ജനങ്ങളുടെ നാട്ടറിവിന്റെ പങ്കെന്ത്‌ എന്ന്‌ നിർണ്ണയിക്കുകയും ഈ

നാട്ടറിവുകളുടെ ജ്ഞാനരീതി ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ്‌ മറ്റൊന്ന്‌. ജനങ്ങൾ സംസ്‌കാരത്തെ

നിർണ്ണയിക്കുന്നതെങ്ങനെ എന്നു കണ്ടെത്താൻ ഔദ്യോഗികമായ ചരിത്രബോധത്തിൽ നിന്ന്‌ നിർമുക്തമാകണം.

കൊളോണിയൽ ഗസറ്റിയറിന്റെ സങ്കല്പമല്ല ഇതിനുളളത്‌. അധികാരത്തിന്റെ സംവിധാനത്തെ ഊട്ടി ഉറപ്പിക്കുന്ന

’ഗസറ്റിയർ‘ സങ്കല്പത്തിൽനിന്നുമാറി ജനകീയതയുടെ സർഗ്ഗാത്മകത വെളിപ്പെടുത്തുന്നതായിരിക്കണം നാട്ടുഭൂപടം.

ബൃഹദ്‌ചരിത്രത്തിൽ കാണാത്ത ഒരുപാട്‌ പൈതൃക സൃഷ്‌ടികളെക്കൂടി ഉൾപ്പെടുത്തുന്നതാണ്‌ ദേശഭൂപടനിർമ്മാണം.

ഭൂരിപക്ഷം വരുന്ന കൈവേലാക്കാരുടെ ശരിനിർമ്മിതികൾ സൂക്ഷ്മ തലസർവ്വേയിലൂടെ മാത്രമേ

കണ്ടെടുക്കാനാകൂ.ചരിത്രനിർമ്മിതിയെ ഓർക്കാൻവേണ്ടി ജനങ്ങൾ കെട്ടിയുണ്ടാക്കിയമിത്തുകൾ, വീരകഥാഗാനങ്ങൾ,

പാട്ടുകൾ എന്നിവ പൈതൃകനിർമ്മിയുടെ രചനയ്‌ക്കാവശ്യമാണ്‌. നാട്ടുവഴികളും പൈതൃകത്തിന്റെ ഭാഗമാണ്‌.

തറ,കര, ദേശം, തട്ടകം തുടങ്ങിയ സാമൂഹ്യരൂപകങ്ങളിൽ ’വഴി‘ എന്നത്‌ സാമൂഹ്യ വികാസത്തിന്റെ ഒരു ഘട്ടമാണ്‌. ഈ

’വഴി‘ രൂപപ്പെടുന്നത്‌ ഉല്പാദനബന്ധങ്ങളിൽ മാറ്റമുണ്ടാക്കി. മിച്ചമൂല്യം കൈമാറ്റം ​‍ൂചെയ്യാനുളള ഒരു വേദിയായി ഇതുമാറി.

ഈ വഴികളുടെ വലകൾ അവസാനം ചെന്നുചേരുന്നത്‌ അധികാരത്തിലേയ്‌ക്കുതന്നെയാണ്‌. പൈതൃകത്തിന്റെ

ചരിത്രാംശമെന്തെന്നുളള സൂചന ഈ പഠനത്തിലൂടെ നിശ്ചയിക്കാനാകണം. ഇത്‌ ഏകതാനമായ

പൈതൃകസംരക്ഷണത്തെ അംഗീകരിക്കുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്തും പിന്നീടും പൈതൃകസംരക്ഷണമുണ്ടായിട്ടുണ്ട്‌.

എന്നാൽ ഇവ ’മ്യൂസിയം‘ എന്ന കാഴ്‌ചവസ്‌തു മാത്രമാണ്‌. മ്യൂസിയത്തെ ഇളക്കി സമൂഹത്തിൽ പ്രതിഷ്‌ഠിക്കണം.

ഒരത്താണി തകർത്ത്‌ ടാക്സിസ്‌റ്റാന്റ്‌ ആക്കുമ്പോഴും ഒരു പുരാതനവഴി തകർത്ത്‌ ഹൈവേ ആക്കുമ്പോഴും മണ്ണെടുത്ത്‌

മാറ്റുമ്പോഴും ഇടുമ്പോഴും ചരിത്രസ്‌മാരകമാണ്‌ നശിപ്പിക്കപ്പെടുന്നത്‌. കേരളീയമായ വാസ്‌തുവിദ്യാ മാതൃകകളെ തകർത്ത്‌

പടിഞ്ഞാറൻ ശില്പതന്ത്രങ്ങൾ കടന്നെത്തുമ്പോൾ ’സ്ഥല‘ത്തിന്റെ ചരിത്രക്കാഴ്‌ച മാറുകയാണ്‌.

ഇത്‌ ചരിത്രത്തിന്റെ ഓർമ്മക്കെട്ടുകൾ അഴിക്കാൻ ജനങ്ങളെ സമീപിക്കുന്ന ഒരു രീതിശാസ്‌ത്രമാണ്‌. ഇവിടെ

ഉളളതും ഉണ്ടായിരുന്നതും ആയ സ്‌മരകങ്ങൾ തേടിപ്പിടിക്കണം. ഒന്നുമില്ലെന്ന്‌ കരുതുന്നിടത്ത്‌ ചിലപ്പോൾ

ചരിത്രത്തിന്റെ ഒരു സ്മ​‍്യതിപേടകം ലഭിച്ചേക്കാം. ഒറ്റപ്പെട്ടതെല്ലാം രേഖയിൽ വരയ്‌ക്കുമ്പോൾ ’ഒറ്റപ്പെടൽ‘ ഉണ്ടാകുകയില്ല.

ഒറ്റപ്പെട്ട സാമൂഹ്യരൂപീകരണങ്ങൾ, ഒറ്റപ്പെട്ട നൈപുണ്യങ്ങൾ ഇവ കൂടി കണ്ടെടുക്കുന്നതിലൂടെ മാത്രമേ

സംസ്‌കാരത്തിന്റെ വൈവിദ്ധ്യം കണ്ടെത്താനാകൂ. നായാടികളും, കാട്ടുനായ്‌ക്കരും, വിഷവരും അവരുടെ വഴക്കങ്ങൾ

സൃഷ്‌ടിച്ചിട്ടുണ്ട്‌. ഈ നിർമ്മിതികളുടെ ഉളളടക്കവും പൈതൃകസംരക്ഷണത്തിന്റെ എലുകകളിൽ വരണം. ’ഉറികൾ‘

കെട്ടിയ കയ്യും കണക്കും കാട്ടുകിഴങ്ങുകണ്ടെത്തിയ മരായുധങ്ങളും മത്സ്യം പിടിച്ച സാങ്കേതികവിദ്യാ രൂപകങ്ങളും

പുതിയതലമുറ സംസ്‌കാരത്തിന്റെ തിരുമുറ്റത്തു (മ്യൂസിയം) കാണണം. ഇത്‌ നായാടികളേയും കാട്ടുനായ്‌ക്കരേയും

വിഷവരേയും ’കണ്ടെത്തുന്ന‘ അന്വേഷണം തന്നെയാണ്‌. ഇത്തരം ’കലാചിഹ്‌ന‘ങ്ങളാണ്‌ സാംസ്‌കാരിക കേന്ദ്രങ്ങളുടെ

സ്ഥാനം വഹിക്കേണ്ടത്‌. കേരളത്തിന്റെ സ്വാഭാവികമായ വികസനത്തിന്‌ സംഭാവനകൾ നൽകിയ

ഇരുമ്പ്‌-കൈത്തറി-ശില്പകലാ നൈപുണ്യങ്ങൾ ബ്രിട്ടീഷുകാരുടെ വരവോടെ നാശത്തിന്റെ വക്കിലായി. ഊത്താലകളിലെ

ഇരുമ്പുനിർമ്മാണം, ആശാരിപ്പണിയിലെ ശില്പകലാനൈപുണ്യം, കൈത്തറി നിർമ്മാണത്തിലെ നാടൻ സാങ്കേതികത

ഇതെല്ലാം നാടോടി വഴക്കത്തിന്റെ ഭാഗമാണ്‌.

പ്രകൃതിവിഭവങ്ങൾ, ആരോഗ്യം ഇവയെപ്പറ്റിയുളള നാട്ടറിവുകൾ പൈതൃകത്തിന്റെ ഭാഗമാണ്‌. ഉമ്മറത്തും

പൂമുഖത്തുമിരുന്ന്‌ നാട്ടുകാരോട്‌ സംവദിച്ച വൈദ്യൻമാരുണ്ടായിരുന്നു. എഴുത്തുപഠിപ്പിച്ചിരുന്ന

കുടിപ്പളളിക്കൂടങ്ങളുണ്ടായിരുന്നു. കന്നുകാലികളെ സംരക്ഷിച്ചിരുന്ന തൊഴുത്തുണ്ടായിരുന്നു. ഇവയെല്ലാം

തനതുരൂപത്തിൽ സംരക്ഷിക്കേണ്ടതാണ്‌. അവയുടെ മാതൃകകളെങ്കിലും വരുതലമുറ അറിഞ്ഞിരിക്കേണ്ടതാണ്‌.

സമയമളക്കാനുളള നാട്ടുരീതികൾ, ജലസേചനയന്ത്രങ്ങളുടെ കണക്കുകൾ, നനക്കണക്കുകൾ ഇവയെല്ലാം

പൈതൃകത്തിന്റെ ഭാഗം തന്നെയാണ്‌. സ്ഥലനാമങ്ങൾ ചരിത്രത്തിന്റെ സൂചകങ്ങളാണ്‌. ഒരു പ്രദേശത്തെ

സെറ്റിൽമെന്റ്‌ രജിസ്‌റ്ററുകളിൽനിന്നും ഓരോ കാലഘട്ടത്തിലെ ഗസറ്റിയിറുകളിൽനിന്നും പ്രാദേശക സമ്പത്തിന്റെ

വിവരങ്ങൾ ലഭ്യമായിരിക്കും. 100 കൊല്ലത്തിന്‌ അല്ലെങ്കിൽ 50 കൊല്ലത്തിനു മുമ്പുളള പ്രാദേശികഭൂപടങ്ങൾ

പ്രായമായവരുടെ സഹായത്തോടുകൂടി വരയ്‌ക്കാവുന്നതാണ്‌. തുടർന്നുവന്ന മാറ്റങ്ങൾ, നഷ്‌ടപ്പെട്ട സ്‌മാരകങ്ങൾ

ഇവയെല്ലാം അതുവഴി കണ്ടെത്താം. ഓർമ്മളിൽ ഒരു ഭൂപടനിർമ്മാണം ഓരോ ജനതയും നടത്തിയിട്ടുണ്ട്‌. പറമ്പ്‌,

വയൽ, കുന്ന്‌, തേമാലിക്കണ്ടം, വഴികൾ, പുഴയോരം, കാട്ടുപ്രദേശം, കാവുകൾ തുടങ്ങിയവയുമ

പ്രാദേശികചരിത്രഭൂപടത്തിൽ രേഖപ്പെടുത്തണം. ഒരു പൈതൃകരൂപം അതാത്‌ അധിവാസ&ആവാസ വ്യവസ്ഥയുടെ

ചിഹ്‌നങ്ങളോടെ തനിമയാർജ്ജിച്ച്‌ രൂപംകൊണ്ടതാണ്‌. ഇവയോരോന്നും കേരളത്തിന്റെ പൊതുവാർന്ന

രൂപങ്ങളായിരിക്കെത്തന്നെ തനിമയാർന്ന പ്രാദേശിക നിർമ്മിതികൾ തന്നെയാണ്‌.

മതപരവും ആത്‌മീയവും മന്ത്രവാദപരവുമായ സന്ദേശങ്ങൾ ചിഹ്‌നനപ്പെടുത്തുന്നതാണ്‌ ദേശക്കൂട്ടം. ഒരു

ആവാസവ്യവസ്ഥയെ എങ്ങനെ രൂപപ്പെടുത്തിയെന്ന്‌ അന്വേഷിക്കാൻ മിത്തുകളുടെ സങ്കല്പനവും അവ

ദൃശ്യസംസ്‌കാരത്തിൽ ഉണ്ടാക്കിയ വിധികളും പഠിക്കേണ്ടതുണ്ട്‌. പൂതൻ, തിറ, കാളികെട്ട്‌, മുടിയേറ്റ്‌, കരിങ്കാളി,

സർപ്പക്കളം തുടങ്ങിയ നാടൻകലകളുടെ ചമയങ്ങളുടെ നിർമ്മിതിയും വർണ്ണസങ്കൽപ്പവും എങ്ങനെ ആവിഷ്‌കരിക്കപ്പെട്ടു

എന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. ഈ അണിയലങ്ങളുടെ&കളമെഴുത്തിന്റെ ഘടനാപരമായ വിശകലനത്തിലൂടെ അവയുടെ

’ആശയ‘ രൂപീകരണം നടത്താം. സമൂഹത്തിന്റെ ആത്‌മീയമായ പരിവർത്തനങ്ങൾ, ദൃശ്യകലാചരിത്രം എന്നിവ

ഇതിലൂടെ നിർണ്ണയിക്കാം.

പരിസ്ഥിതി - ജൈവവൈവിധ്യ സംരക്ഷണത്തിന്‌ സഹായിച്ച വഴക്കങ്ങളെ നാം കണ്ടെത്തേണ്ടതുണ്ട്‌. ഇതിൽ

കാവുകൾ വലിയ പ്രാധാന്യം അർഹിക്കുന്നു. ആദിവാസി സംസ്‌കാരവും പുഴയോരത്തെ ഗ്രാമീണജീവിതവും

കടലോരസംസ്‌കാരവും ജൈവവൈവിധ്യസംരക്ഷണത്തിന്‌ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. അമ്മമാർ ഒരു സംസ്‌കാരത്തിന്‌

നൽകിയ മാതൃസത്യങ്ങൾ നാടോടിജീവികയുടെ ഭാഗമാണ്‌. സ്‌ത്രീസംസ്‌കാരം കലകളിലൂടെയും മറ്റ്‌

ജീവനോപാധികളിലൂടെയും ആർജ്ജിച്ചിട്ടുളള ഒരുപാട്‌ അറിവുകളും നിർമ്മിതികളും പരിരക്ഷിക്കപ്പെടേണ്ടതാണ്‌.

കൊട്ടനെയ്‌ത്ത്‌, തഴപ്പായനെയ്‌ത്ത്‌, കൊയ്‌ത്ത്‌, അടുക്കളഅറിവുകൾ, ശിശുസംരക്ഷണം, നാട്ടുഭക്ഷണരീതികൾ, നൃത്തം

തുടങ്ങിയ രംഗങ്ങളിലുളള സംഭാവനകൾ അന്വേഷിക്കേണ്ടതുണ്ട്‌. തങ്ങളുടെ ചരിത്രം തങ്ങൾതന്നെ കണ്ടെത്തുന്ന ഒരു

രീതിശാസ്‌ത്രമാണ്‌ പൈതൃക മാപ്പിംഗ്‌. വിഭവത്തെ വൈഭവമാക്കി മാറ്റുന്ന ഒരു സംസ്‌കാരമാണത്‌.

ചരിത്രപ്രാധാന്യമുളള കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കുടുംബരേഖകളും അടിയാധാരങ്ങളും ഇതിന്റെ

ഭാഗമാണ്‌. താളിയോലകൾ, കണക്കുകൾ, നാൾ വഴികൾ, നാട്ടുഗണിതം, പാട്ടരേഖകൾ, നക്ഷത്രവിധികൾ,

ഭൂമിരേഖകൾ,ആധാരങ്ങൾ, ഒസ്യത്തുകൾ, ആരാധനാരേഖകൾ എന്നിവയും നാട്ടറിവുകലവറയുടെ ഭാഗമാണ്‌.

പൈതൃകകലവറകളുടെ നിർമ്മാണത്തിന്‌ മൂന്ന്‌ ഘട്ടങ്ങളുണ്ട്‌. കണ്ടെത്തൽ, പട്ടികപ്പെടുത്തൽ, ഭൂപടനിർമ്മാണം,

പൈതൃകഭൂപട നിർമ്മാണത്തിന്‌ ശ്രമിക്കുമ്പോൾ പുരാവസ്തുവിജ്ഞാനത്തെപ്പറ്റി പ്രാഥമികമായ കാര്യങ്ങൾ

അറിഞ്ഞിരിക്കണം. ഇവിടെ ഒരു പ്രാചീന ജനത ജീവിച്ചിരുന്നതിന്റെ അടയാളങ്ങളാണിവ. പ്രാചീന വാസ്തു

ശില്പങ്ങളുടെ അവശിഷ്‌ടങ്ങൾ, ചരിത്രാതീതകാലത്തെ-മഹാശിലായുഗ-നവീനശിലായുഗത്തിലെ ശ്മശാനങ്ങളിൽനിന്ന്‌

ലഭിച്ചിട്ടുണ്ട്‌. മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, മണികൾ, ധാന്യങ്ങളുടെ അവശിഷ്‌ടങ്ങൾ എന്നിവ അതിൽനിന്നു

ലഭിച്ചിട്ടുണ്ട്‌. വാസ്‌തുശില്പങ്ങളിൽനിന്ന്‌ കൈവേലയുടെ, അദ്ധ്വാനത്തിന്റെ ഉല്പാദനബന്ധങ്ങളുടെ രീതികൾ

നിർണ്ണയിക്കാം. 1862ൽ പുരാവസ്തു സ്ഥാപിച്ചതോടെ ഇത്തരം അന്വേഷണങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു.

പുരാവസ്‌തുക്കളുടെ ഖനനവും പര്യവേഷണവും തുടങ്ങുകയും അവ സംരക്ഷിക്കുകയും ചെയ്‌തു. പ്രാചീനലിപികൾ,

പ്രാചീന നാഗരികതകൾ, ഗുഹകൾ, കൈവേലകൾ എന്നിവ കണ്ടെത്താനും കാലനിർണ്ണയം നടത്താനും സംരക്ഷിക്കാനും

തുടങ്ങിയവരിൽ പ്രമുഖരാണ്‌ ജെയിംസ്‌ പ്രിൻസപ്‌സും ജോൺ മാർഷലും മറ്റും. പുരാതസ്‌മാരകങ്ങൾ

സംരക്ഷിക്കുന്നതിനുളള ( ) 1904ൽ നിലവിൽ വന്നു. പുരാവസ്‌തുക്കളുടെ കണ്ടുപിടിത്തത്തിനുളള

ഗ്രാമാന്തരസർവെ ഇതിന്റെ ശ്രമമായി ആരംഭിച്ചു. തുടർന്ന്‌ സ്വാതന്ത്ര്യാനന്തരം കേന്ദ്ര ആർക്കക്കിയോളജി വകുപ്പും

സംസ്ഥാനപുരാവസ്തുവകുപ്പുകളും സജീവമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആന്ത്രോപ്പോളജിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യ

നിലവിൽ വന്നതോടെ പ്രാചീന സംസ്‌കാരങ്ങളുടെയും ഗോ ത്രങ്ങളുടെയും ജീവസന്ധാരണണോപാധികളും

ഭൗതികസംസ്‌കാരവും ഈ കണ്ടുപിടുത്തങ്ങളുമായി കൂട്ടിവായിക്കാനുളള ശ്രമങ്ങളുണ്ടായി.

പുരാവസ്‌തുവിജ്ഞാനീയത്തിൽ ശിലാലേഖവിജ്ഞാനീയം, നാണയവിജ്ഞാനീയം, ബിംബവിജ്ഞാനീയം,

ചുമർചിത്രങ്ങൾ, പുരാവസ്‌ത്വാലയം, നാടൻകലാകലവറ എന്നിവ കടന്നുവരുന്നു. ഇന്ന്‌ തിരുവനന്തപുരം,

തൃപ്പൂണിത്തുറ, തൃശൂർ, കോഴിക്കോട്‌, എന്നിവിടങ്ങളിൽ പുരാവസ്‌തു സംരക്ഷണത്തിനുളള ഓഫീസുകൾ

പ്രവർത്തിച്ചുവരുന്നു. കേന്ദ്രപുരാവസ്‌തുവകുപ്പിന്റെ സർക്കിൾ ഓഫീസ്‌ തൃശൂരിലും പ്രവർത്തിക്കുന്നുണ്ട്‌.

പുരാവസ്‌തുക്കൾ കുഴിച്ചെടുക്കുന്നതിനും കുഴിച്ചെടുത്തവ സംരക്ഷിക്കുന്നതിനും സ്‌മാരകങ്ങൾക്ക്‌ സാങ്കേതിക പരിരക്ഷ

നൽകുന്നതിന്‌ ഒരു എഞ്ചിനീയറിംഗ്‌ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്‌. പുരാവസ്‌തുക്കൾ സംരകഷിക്കേണ്ടതിന്റെ

ആവശ്യകതയെകുറിച്ചുളള ജനകീയബോധം ഇടക്കാലത്തുവച്ച്‌ നമുക്ക്‌ നഷ്‌ടമായി. വികസനത്തിന്റെ പേരിലും

അജ്ഞതയുടെ ഭാഗമായും പല പുരാവസ്‌തുപൈതൃകങ്ങളും നമുക്ക്‌ നഷ്‌ടമായിട്ടുണ്ട്‌. സ്‌കൂൾ ഡിഗ്രിതലങ്ങളിൽ

പുരാവസ്തു- നരവംശ-നാട്ടറിവു വിജ്ഞാനം ഒരു പാഠ്യവിഷയമാക്കേണ്ടതാണ്‌.

ഒരു പുരാവസ്‌തു കണ്ടെത്തിയാൽ ആദ്യമായി റവന്യൂ അധികാരികളെ അറിയിയ്‌ക്കേണ്ടതുണ്ട്‌. അവർ

പുരാവസ്‌തു വകുപ്പിനെ അറിയിക്കും. ഈ പുരാതനസ്മാരകങ്ങൾ ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുവാനും അവയുടെ

പുരാവസ്‌തു സംസ്‌കാരപ്രാധാന്യം മാധ്യമങ്ങളിലൂടെ അറിയിക്കുവാനും പുരാവസ്‌തുവകുപ്പ്‌ തയ്യാറാകുന്നു.

പര്യവേഷണവിഭാഗത്തിന്‌ ഉദ്‌ഖനനം നടത്താവുന്നതാണ്‌. പൈതൃക കലവറയെ നാലു മേഖലകളായി തിരിക്കാം. 1.

പുരാവസ്‌തു പ്രാധാന്യമുളള സ്ഥലങ്ങൾ. ഉദാ-കുടക്കല്ല്‌, മുറിയറ, ഗൃഹാക്ഷേത്രം, എന്നിവ. മഹാശിലാസ്മാരകങ്ങൾ

-കുടക്കല്ല്‌, തൊപ്പിക്കല്ല്‌, പത്തിക്കല്ല്‌, വീരക്കല്ല്‌, പുലച്ചിക്കല്ല്‌, മൺഭരണികൾ, മുനിയറ, ശിലായുഗ ഗുഹകൾ

എന്നിവയാണ്‌. വെട്ടുകല്ല്‌, ചെങ്കല്ല്‌, എന്നിവ ഉപയോഗിച്ചുളള ശില്പമാതൃകകളാണ്‌ ഇവ. കേരളത്തിൽ

മഹാശിലാസ്മാരകങ്ങൾ ഏറ്റവുംകൂടുതലുളളത്‌ തൃശൂർ ജില്ലയിലാണ്‌. അരിയന്നൂർ, ചെറുമനങ്ങാട്‌, പോർക്കുളം,ഇയ്യാൽ,

ചൊവ്വന്നൂർ, കാട്ടുകാമ്പാൽ, കടവല്ലൂർ, വരന്തരപ്പിളളി, പാലപ്പിളളി തുടങ്ങിയവ. 2. പുരാവസ്‌തുക്കളുടെ

പ്രദർശനാലയം ഒരുക്കൽ. പഞ്ചായത്ത്‌ പ്രാദേശിക തലത്തിൽ ശേഖരിച്ച പൈതൃകനിർമ്മിതികളുടെ ആലയം

ഒരുക്കാവുന്നതാണ്‌. 3. ചില കുടുംബങ്ങളിലുളള സ്വകാര്യ പൈതൃകകലവറകൾ. 4. ജില്ലാതല സ്‌റ്റേറ്റ്‌ തല

മ്യൂസിയങ്ങൾ. പുരാവസ്‌തുക്കളുടെ പരിധിയിൽ വരുന്നവ മഹാശിലാസ്മാരകങ്ങൾ, കോട്ടകൾ, നാണയങ്ങൾ,

വിഗ്രഹങ്ങൾ, മൺപാത്രങ്ങൾ, ശിലായുധങ്ങൾ, വീരക്കല്ലുകൾ, ഇരുമ്പായുധങ്ങൾ.

ഇതിനുപുറമെ കാവുകളുടെ ആവാസവ്യവസ്ഥ, സർപ്പക്കാവുകൾ, കൊടുങ്ങല്ലൂർ എസ്‌.എൻ.പുരത്തെ കാവ്‌

-സമുദ്രതീരത്തെ കാവുകൾ, ക്ഷേത്രങ്ങൾ, പളളികൾ, പ്രാചീന പളളികൾ, പ്രാചീന ക്ഷേത്രങ്ങൾ-വടക്കുംനാഥൻ,

പെരുവനം, കുടൽമാണിക്യം, തിരുവഞ്ചിക്കുളം- അവയിലെ ശില്പനിർമ്മാണം, ദാരുശില്പങ്ങൾ, ബിംബനിർമ്മാണരീതികൾ,

കൽവിഗ്രഹങ്ങൾ, ജൈനബൗദ്ധവിഗ്രഹങ്ങൾ, വിഗ്രഹങ്ങളുടെ ആകൃതി, ശിരസ്സ്‌, അലങ്കാരങ്ങൾ, ഇരിക്കുന്ന രീതി

എന്നിവയും ശേഖരിക്കേണ്ടതാണ്‌. ഇരുനിലങ്കോട്‌, തൃക്കൂർ ഗുഹാക്ഷേത്രങ്ങൾ, കോട്ടകൾ,

ചേറ്റുവക്കോട്ട,ബാണാസുരൻകോട്ട, കൊട്ടാരങ്ങൾ, വാസ്‌തുശില്പ പ്രാധാന്യമുളള കെട്ടിടങ്ങൾ, നാലുകെട്ട്‌, എട്ടുകെട്ട്‌,

നാടൻപുരകൾ, ഓലവീടുകൾ, ആദിവാസി വീടുകൾ, യൂറോപ്യൻ വാസ്തുവിദ്യാമാതൃകകൾ, ക്ഷേത്രങ്ങളിലേയും

പളളികളിലെയും ചുമർചിത്രങ്ങൾ, ലിഖിത സഞ്ചയം, കല്ലിലെഴുതിയ ശാസനങ്ങൾ, വട്ടെഴുത്ത്‌, കോലെഴുത്ത്‌, ചെമ്പു

പട്ടയം, താളിയോലകൾ......

ഐങ്കുടിക്കമ്മാളരുടെ നാടൻസാങ്കേതിക വിദ്യകൾ ഏറെയാണ്‌. കളിപ്പാട്ടം മുതൽ ഗൃഹനിർമ്മാണംവരെയുളള

ഭൗതികസംസ്‌കാരം ഈ വിഭാഗത്തിൽ വരുന്നു. ഗൃഹോപകരണങ്ങൾ, കാർഷികോപകരണങ്ങൾ,

കാർഷികജലസേചനരീതികൾ, തൊഴുത്തുകൾ, പത്തായപ്പുര, കുളംനിർമ്മാണം, കിണർനിർമ്മാണം, പഴയപീടികകൾ,

അലങ്കാരവസ്‌തുക്കൾ, വിളക്കുകൾ, താക്കോലുകൾ, ചെമ്പ്‌, ഇരുമ്പ്‌, ഓട്‌, പിച്ചള ഉപകരണങ്ങൾ, ഓട്ടുമണികൾ, ലോട്ട,

പകിടത്തട്ടുകൾ, മുറുക്കാൻ ചെല്ലം തുടങ്ങി എണ്ണമറ്റവയാണ്‌. കൂടാതെ സാംബവിഭാഗത്തിന്റെ മുളപ്പണികൾ, കൊട്ട,

മുറം എന്നിവയുടെ നിർമ്മാണരീതികൾ, വസ്‌ത്രം നെയ്യുന്നവരുടെ രീതികൾ, കുശവൻമാരുടെ പാത്രനിർമ്മാണം, ചൂള

തയ്യാറാക്കൽ വിശ്വാസങ്ങൾ, ആചാരങ്ങൾഎന്നിവയും ഈ വിഭാഗത്തിൽ വരുന്നു. ചരിത്രപ്രാധാന്യമുളള സ്ഥലങ്ങളും

ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണം. പുഴയുടെ തീരം, തീർത്ഥങ്ങൾ, ചകരിനെയ്‌ത്ത്‌ തൊഴിൽ,

വഞ്ചിനിർമ്മാണം.....സംഘകാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, മാക്കോതൈ, വഞ്ചി, കരൂപ്പടന്ന ഈ സ്ഥലങ്ങൾ,

അഴിമുഖങ്ങൾ, വെളളച്ചാട്ടങ്ങൾ, അപൂർവ്വ വൃക്ഷങ്ങൾ, പണിശാലകൾ, കളരികൾ, നാടൻകലാപരിശീലനകേന്ദ്രങ്ങൾ,

വാദ്യനിർമ്മാണം, നെയ്‌ത്തുശാലകൾ, പ്രാചീന കൃഷിരീതികൾ, കാനോലി കനാൽ, വളളങ്ങൾ സഞ്ചരിച്ചിരുന്ന പുഴകൾ,

നാട്ടുചന്തകൾ, പോത്തോട്ടത്തറ, പതികൾ, മന്റങ്ങൾ, തുടങ്ങി ചെറുതും വലുതുമായ സ്മാരകങ്ങൾ മുഴുവൻ

ഗ്രാമീണപൈതൃകത്തിന്റെ ഭാഗമാണ്‌. മൊത്തത്തിൽ 11 വിഭാഗങ്ങളായി നാട്ടറിവും ദേശചരിത്രവും ശേഖരിക്കാം. ഇവ

സൂചകങ്ങൾ മാത്രമാണ്‌.

1. ചരിത്രാതീതകാല&ചരിത്രകാലവഴക്കം

മഹാശിലാസ്മാരകങ്ങളും, കുടക്കല്ല്‌, തൊപ്പിക്കല്ല്‌, പത്തിക്കല്ല്‌, വീരക്കല്ല്‌, പുലച്ചിക്കല്ല്‌, മൺഭരണികൾ, മുനിയറ,

ശിലായുഗഗുഹകൾ, മൺപാത്രങ്ങൾ, കുഴിച്ചെടുത്ത ഇരുമ്പായുധങ്ങൾ, മണികൾ, പ്രതിമകൾ, കൊട്ടകൾ, കൊട്ടാരങ്ങൾ,

ചെമ്പു പട്ടയങ്ങൾ, ശിലാരേഖകൾ, നാണയങ്ങൾ, സ്ഥലനാമങ്ങൾ, കച്ചേരികൾ, ടിപ്പുവിന്റെ പടയോട്ടസ്മരണ,

യുദ്ധംനടന്ന സ്ഥലങ്ങൾ, താളിയോലകൾ, ചീനഭരണികൾ, കുഴിച്ചെടുത്ത മറ്റുവസ്തുക്കൾ, പരിച, വാൾ, കുന്തം,

തുടങ്ങിയവ, ചരിത്രപ്രാധാന്യമുളള സ്ഥലങ്ങൾ, പഴയ വീട്ടുപേരുകൾ, പഴയരേഖകൾ, കളരികൾ..

2. ആരാധനാലയവഴക്കം

കാവുകൾ, സർപ്പക്കാവുകൾ, പതികൾ, മുത്തപ്പൻകാവുകൾ, തറവാട്ടമ്പലങ്ങൾ, ബൗദ്ധജൈനസ്മാരകങ്ങൾ,

ക്ഷേത്രങ്ങൾ,ക്രിസ്ത​‍്യൻപളളികൾ, മുസ്ലീംപളളികൾ, ജൂതസ്മാരകങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, ആചാരങ്ങളും

അനുഷ്‌ഠാനങ്ങളും, ഉത്സവങ്ങൾ.

3. വാസ്തുകലാവഴക്കം

വാസ്തുശില്പമുളള കെട്ടിടങ്ങൾ, എട്ടുകെട്ട്‌, നാലുകെട്ട്‌, പഴയതറവാടുകൾ, ദാരുശില്പങ്ങൾ, കൽവിഗ്രഹങ്ങൾ,

യൂറോപ്യൻവാസ്തുകല, ഓലപ്പുരകൾ, സാധാരണവീടുകൾ, തൊഴുത്തുനിർമ്മാണം, കയ്യാലകൾ, പത്തായപ്പുരകൾ,

കൊട്ടാരവാസ്തുകല, ചുമർചിത്രങ്ങൾ, പളളിയിലെ ചിത്രങ്ങൾ, ആഭരണപ്പെട്ടികൾ, കടഞ്ഞകാലുൾ

4. കൈവേലാവഴക്കം

മൺപാത്രനിർമ്മാണം, കൽപ്പണി, മരപ്പണി, ആഭരണനിർമ്മാണം, ഇരുമ്പുപണി, ഓട്ടുനിർമ്മാണം,

തഴപ്പായനിർമ്മാണം, വഞ്ചിനിർമ്മാണം, വാദ്യനിർമ്മാണം, ചൂളനിർമ്മാണം, തുണിനെയ്‌ത്ത്‌, കയർനിർമ്മാണം, കൊട്ട,

മുറം നിർമ്മാണം, ദാരുശില്പനിർമ്മാണം, അമ്മി, ആട്ടുകല്ല്‌ കൊത്തൽ, കളിപ്പാട്ടനിർമ്മാണം, കാളവണ്ടി നിർമ്മാണം,

മൺഭിത്തി നിർമ്മാണം, പലതരം താക്കോലുകൾ, മണിച്ചിത്രത്താഴ്‌, പണിയായുധങ്ങൾ, ഓട്ടുപാത്രങ്ങൾ, മുറുക്കാൻ

ചെല്ലം, ചുണ്ണാമ്പുകുറ്റി, അടുക്കളോപകരണങ്ങൾ, കാർഷികപണിയായുധങ്ങൾ, ഇരിപ്പിടങ്ങൾ-കൊത്തുപണികളുളളവ,

ആയുധങ്ങൾ, മരോപകരണങ്ങൾ, മംഗലികൾ, ഭസ്മക്കൊട്ടകൾ മുതലായവ, കളിപ്പാട്ടങ്ങൾ, പകിട, വാതിലുകൾ,

അളവുപാത്രങ്ങൾ, ജലസേചനയന്ത്രങ്ങൾ, വിളക്കുകൾ, അലങ്കാരവസ്തുക്കൾ.

5. കാർഷികവഴക്കം

നെൽവയലുകൾ-പേരുകള, പുഞ്ച, മുണ്ടകൻ, പൊക്കാളി നിലങ്ങൾ, പ്രാചീനകൃഷിയുടെ ചരിത്രം, പഴയ

വിത്തുകൾ, ഞാറ്റു വേലയുംകൃഷിയും, കാർഷികപണിയായുധങ്ങൾ, നാടൻജലസേചന രീതികൾ, കൃഷിപ്പാട്ടുകൾ,

വിത്തുണക്കുന്ന രീതി, വിത്ത്‌ സൂക്ഷിക്കുന്ന രീതി, ജൈവവളങ്ങൾ, വളർത്തുമൃഗങ്ങൾ, കൃഷിയുടെ

ആചാരങ്ങൾ,പുത്തരി, ഉച്ചാറൽ, ഇല്ലംനിറ മുതലായവ, നെല്ലളവു നിയമങ്ങൾ, തെങ്ങ്‌, കവുങ്ങ്‌ കൃഷി, മറ്റിടവിളകൾ,

മുതിര, ഉഴുന്ന്‌, പയറ്‌, എളള്‌, തുവര, പച്ചക്കറികൃഷി, പ്രാചീനരീതികൾ.

6. അടിയാള വഴക്കം

പറയർ, പുലയർ, മണ്ണാൻ, പാണൻ, വേട്ടുവർ, നായാടികൾ, ഈഴവർ, മറ്റു ജാതിവിഭാഗങ്ങൾ, ആചാരങ്ങളും

അനുഷ്‌ഠാനങ്ങളും, നാടൻകലകൾ, പൂതൻകളി, പറയൻ കളി, കാളികെട്ട്‌, പാക്കനാർകളി, മുടിയാട്ടം, കുടകളി,

മരംകൊട്ട്‌, വെളിച്ചപ്പാട്‌, തോറ്റംപാട്ട്‌, കളമെഴുത്ത്‌, നന്തുണിപ്പാട്ട്‌, തുയിലുണർത്തുപാട്ട്‌, കുറത്തിക്കളി, ഓണക്കളി,

കൈകൊട്ടിക്കളി, കാളകളി, കുതിരകളി, ചോടുകളി, കലവാഴ്യാട്ടം, ഐവർകളി, പൊറാട്ടുനാടകം, ചിന്ത്‌, ശാസ്താംപാട്ട്‌,

വാഴപ്പോള അമ്പലനിർമ്മാണം.

7. ജൈവ ഭൂമിശാസ്‌ത്ര വഴക്കം

കുളങ്ങളുടെ പേരുകൾ, പാടത്തെ ചാലുകൾ, പാടത്തെ വലിയ ജലശേഖരങ്ങൾ, പുഴകൾ, കിണറുകൾ,

കൊക്കർണിവാൽക്കിണർ, കുന്നുകൾ, തുരുത്തുകൾ, ചരിഞ്ഞ ഭൂപ്രദേശങ്ങൾ, വലിയ കാവുകൾ, തെങ്ങ്‌, കവുങ്ങ്‌

തോപ്പുകൾ, കടലോരം, കായലുകൾ, ചെമ്മീൻ കെട്ടുകൾ, കനാലുകൾ, വിജനമായ സ്ഥലങ്ങൾ, വൻവൃക്ഷങ്ങൾ

നിൽക്കുന്ന സ്ഥലങ്ങൾ, പക്ഷിസങ്കേതങ്ങൾ, വവ്വാലുകൾ ഉളള വൃക്ഷങ്ങൾ, ജലജീവികൾ, മരപ്പട്ടി, കാട്ടുപ്പൂച്ച,

കുറുക്കൻ, ഉറുമ്പുതീനി, ഇവയുളള സ്ഥലങ്ങൾ.

8. നാട്ടറിവ്‌ വഴക്കം

കുടിപളളിക്കൂടം, എഴുത്തുപളളിക്കൂടം, നാട്ടുവൈദ്യം, മന്ത്രവാദം, ഗൃഹവൈദ്യം, അമ്മൂമ്മവൈദ്യം, മാട്ടുവൈദ്യം,

നക്ഷത്രവിജ്ഞാനം, നാട്ടുഗണിതം, ചായനിർമ്മാണം, കഷായനിർമ്മാണം, താളി, എണ്ണ നിർമ്മാണം, തെങ്ങുകയറ്റം,

പേറ്റിച്ചികൾ, പ്രസവശുശ്രൂഷ, മത്സ്യവിജ്ഞാനം, മൃഗവിജ്ഞാനം, കൈവേലവിജ്ഞാനം, നാടൻകളികൾ

9. സമീപകാലചരിത്രവഴക്കം

ആദ്യം സ്ഥാപിച്ച സ്‌കൂൾ, ആദ്യത്തെ ആശുപത്രി, ആദ്യത്തെ ഓടുവീട്‌, വായനശാല, ക്ലബ്ബുകൾ,

യുവജനപ്രസ്ഥാനങ്ങൾ, ആദ്യംസൈക്കിൾ, വാച്ച്‌, കാറ്‌, ലോറി, ഇവ വന്നത്‌, പോസ്‌റ്റോഫീസ്‌, ഡോക്‌ടർ, പൗണ്ടുകൾ,

അത്താണികൾ, കൽത്തൊട്ടികൾ, ചന്തകൾ, ഊടുവഴികൾ, വലിയവഴികൾ, ആദ്യം ടാറിട്ടവഴി, പഴയവസ്ര്തധാരണരീതി,

ബ്രിട്ടീഷ്‌കാലം, സ്വാതന്ത്ര്യ സമരം, മറ്റ്‌ സമരങ്ങൾ, ഇലക്‌ട്രിസിറ്റി, വിളക്കു കത്തിക്കാൻ പഴയരീതികൾ, കര, തറ, ദേശം,

കൂട്ടം, തട്ടകം, ഗ്രാമം, എസ്‌.എൻ.ഡി.പി., എൻ.എസ്‌.എസ്‌, പുലയമഹാസഭ, യോഗക്ഷേമസഭ, ക്ഷേത്രപ്രവേശനം,

കടകൾ, ശിക്ഷാരീതികൾ, നാണയവിനിമയം, കൂലിവ്യവസ്ഥ, ചുങ്കം, സദ്യ

10. വാമൊഴി വഴക്കം

നാടൻപാട്ടുകൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, തോറ്റംപാട്ടുകൾ, മന്ത്രവാദപ്പാട്ടുകൾ, പഴഞ്ചൊല്ലുകൾ,

കടങ്കഥകൾ, പഴമൊഴികൾ, ഓണപ്പാട്ടുകൾ, ക്രിസ്തീയപാട്ടുകൾ, ഒപ്പനപാട്ടുകൾ, ഭരണിപ്പാട്ടുകൾ, മതപരമായ

മറ്റുപാട്ടുകൾ, താരാട്ടുപാട്ടുകൾ, കൃഷിപ്പാട്ടുകൾ, നാടോടിക്കഥകൾ, കുന്നുകൾ, പറമ്പുകൾ, ക്ഷേത്രങ്ങൾ, കുളങ്ങൾ,

ഇവയെപ്പറ്റിയുളള കഥകളും ഐതിഹ്യങ്ങളും, യക്ഷിക്കഥകൾ, ചിന്തുപാട്ടുകൾ, മരംകൊട്ടിപ്പാട്ടുകൾ, നാടൻകളിയുടെ

വായ്‌ത്താരികൾ

11. സാഹിത്യവഴക്കം

കൊടുങ്ങല്ലൂർകളരി, പഴയ സാഹിത്യകാരൻമാർ, മലയാളകൃതികൾ, സംസ്‌കൃതകൃതികൾ, ഉത്സവത്തിന്‌ വിൽക്കുന്ന

ജനപ്രിയകൃതികൾ, അച്ചടിച്ച ആദ്യകൃതികൾ, പച്ചമലയാളപ്രസ്ഥാനം, സാഹിത്യകൃതികളുടെ ശേഖരമുളളവർ, ഇതര

സാഹിത്യകാരൻമാർ, സർഗ്ഗാത്‌മകസാഹിത്യം, വൈജ്ഞാനിക സാഹിത്യം, കൂടിയാട്ടം, കഥകളി, സംഘക്കളി,

മോഹിനിയാട്ടം, ചാക്യാർകൂത്ത്‌, നങ്ങ്യാർ കൂത്ത്‌, ഓട്ടൻതുളളൽ, മറ്റു​‍്‌ ക്ഷേത്രകലകൾ, കുറത്തിയാട്ടം, സംഗീതപാരമ്പര്യം,

കലാകാരൻമാർ, നാടകപാരമ്പര്യം, പ്രൊഫഷണൽ, അമേച്വർനാടകങ്ങൾ

ഡോ. സി.ആർ. രാജഗോപാലൻ

നാട്ടറിവു പഠനകേന്ദ്രം f{CoG%27




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.