പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ഓർക്കുട്ടിൽ സ്നേഹവിസ്മയമായി മോഹൻലാൽ കമ്യൂണിറ്റി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

അറിയാതെയാണെങ്കിൽപോലും നാം ചെയ്യുന്ന ചില കർമ്മങ്ങൾ സഹജീവികൾക്ക്‌ പ്രത്യാശയും സഹായവും നൽകുന്നുണ്ടെങ്കിൽ, തീർച്ചയായും അത്‌ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്‌ ചില അർത്ഥങ്ങൾ ഉണ്ടാക്കുന്നുവെന്ന്‌ നാം തിരിച്ചറിയുന്നു.

ഒരു കൈ ചെയ്യുന്ന നന്മ മറുകൈ അറിയരുത്‌ എന്നത്‌ വെറും ചൊല്ലു മാത്രമായി കാണാതെ, അതിനെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ നമ്മുടെ ചുറ്റിലും ഉണ്ട്‌ എന്നത്‌ ഏറെ ആശ്വാസം പകരുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നാലും അവരത്‌ ചെയ്തുകൊണ്ടേയിരിക്കും എന്നതാണ്‌ സത്യം.

നമ്മുടെ വെബ്‌ പ്രപഞ്ചത്തിൽ ഇത്തരമൊരു കാഴ്‌ച കാണാനിടയായത്‌ ‘ഓർക്കുട്ട്‌’ സോഷ്യൽനെറ്റ്‌ വർക്കിങ്ങ്‌ സൈറ്റിലെ മലയാളികളുടെ ഏറ്റവും വലിയ ഒരു സംഗമവേദിയായ ‘മോഹൻലാൽ’ കമ്യൂണിറ്റിയിലാണ്‌. ഓൺലൈൻ ലോകത്തിൽ അടുത്തയിടെ ഏറ്റവും പ്രചാരം നേടിയതും, പഴികേട്ടതും ഓർക്കുട്ടിനെപോലെ മറ്റൊന്നുമില്ല. ഓർക്കുട്ട്‌ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന പരിഭവവും പ്രതിഷേധവും മനസിൽ കൊണ്ടുനടക്കുന്നവർ തീർച്ചയായും ഇതുവഴി വരണം. ഇവിടെ എത്തിനോക്കുന്നവരെ ആദ്യം അൽഭുതപ്പെടുത്തുക ഒരു ചാരിറ്റി പ്രോഗ്രാമുമായി ബന്ധപ്പെടുത്തി നടക്കുന്ന ചർച്ചകളാണ്‌. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഇത്‌ രണ്ടാം തവണയാണ്‌ ഈ കമ്യൂണിറ്റി ഇവരുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്‌.

ആദ്യതവണ ആലുവ ജനസേവാ ശിശുഭവനിലെ കുഞ്ഞുങ്ങൾക്കൊപ്പം ഒരുദിനം മുഴുവൻ സ്നേഹം പങ്കിട്ട ഈ യുവ കൂട്ടായ്മ ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക്‌ ആവശ്യമായ ട്രോളി, വീൽചെയർ എന്നിവ സംഭാവന ചെയ്യുവാൻ പോകുകയാണ്‌. അതിനോടൊപ്പം തന്നെ തിരുവനന്തപുരം പൂജപ്പുര മഹിളാ മന്ദിരത്തിന്റെ സംരക്ഷണയിലുള്ള ഓർഫണേജിൽ അന്നദാനവും അവശ്യവസ്തുക്കളുടെ വിതരണവും ഇവർ നടത്തും. കുട്ടികൾക്കായുള്ള ഒരു ലൈബ്രറിയും ഇവരുടെ ശ്രമഫലമായി അവിടെ രൂപംകൊണ്ടുവരുന്നു. ഏവർക്കും മാതൃകയാക്കാവുന്ന ഇവരുടെ പ്രവർത്തനങ്ങൾ വെറും അഭിനന്ദനത്തിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല.

ഡിസംബർ 16ന്‌ അനന്തപുരിയിൽ യാതൊരു ബഹളവുമില്ലാതെ നടക്കുന്ന ഈ ചടങ്ങുകൾ നഗരത്തിരക്കിലെ ജീവിത മത്സരങ്ങൾക്കിടയിൽ ഭൂരിഭാഗം പേരെയും സ്പർശിക്കാതെ തന്നെ പോയേക്കാം. പക്ഷെ ഹൃദയത്തിന്റെ ഭാഷ അറിയുന്നവരെ ഈ സ്നേഹത്തിന്റെ കൂട്ടായ്മ ആഹ്ലാദിപ്പിക്കുക തന്നെ ചെയ്യും.

ലോകത്തിന്റെ പല കോണുകളിലുള്ളവർ ഒത്തുചേരുകയാണിവിടെ, അതും മലയാളികൾ. എന്നും അവർ മറ്റാരേക്കാളുമേറെ സ്നേഹിക്കുന്ന ഒരു നടന്റെ പേരിൽ, അവർക്കു ചെയ്യാൻ സാധിക്കുന്ന നന്മകൾ അവർ തിരിച്ചറിയുന്നു. അത്‌ സമർത്ഥമായി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

ഇവിടെ ചിന്തിക്കേണ്ട മറ്റൊരു പ്രധാനകാര്യം തമ്മിൽ കാണുകപോലും ചെയ്തിട്ടില്ലാത്ത ഇവരുടെ പ്രവർത്തനാടിത്തറ പരസ്പരവിശ്വാസം മാത്രമാണെന്നുള്ളതാണ്‌. മോഹൻലാൽ എന്ന ഒരേയൊരു ഘടകം തീർത്ത ഈ വിശ്വാസം മലയാളി സമൂഹത്തിന്‌ തന്നെ അഭിമാനമായിത്തീരുകയാണ്‌. ഈ കൂട്ടായ്മ വളർത്തിയെടുത്ത പുതിയ സംസ്‌കാരം ഓൺലൈൻ-ലോകത്തിലെ പലരും പിന്തുടരുന്ന കാഴ്‌ചയും സന്തോഷകരമാണ്‌. ഓർക്കുട്ടിലെ പല കമ്യൂണിറ്റികളും ഇവരുടെ വഴിയെയാണ്‌ സഞ്ചരിക്കുന്നത്‌.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.