പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നിരൂപണത്തിന്റെ മാതൃക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.ആർ.രാജരാജവർമ്മ

മലയാളത്തിൽ ഇക്കാലത്തു വിദ്യാവിഷയമായ ഒരു അഭ്യുത്‌ഥാനം (പ്രസരിപ്പ്‌, ഇളക്കം) ഉണ്ടായിക്കാണുന്നത്‌ ഒരു ശുഭലക്ഷണംതന്നെ. എത്ര താണനിലയിലിരിക്കുന്നവരിലും അനക്ഷരജ്ഞൻമാർ വളരെ ചുരുങ്ങും. വർത്തമാനപത്രങ്ങളും, വായനശാലകളും, സഭകളും നാടാടെപരന്നു. ഏതു കുഗ്രാമത്തിൽ പ്രവേശിച്ചുനോക്കിയാലും ഒന്നുരണ്ടു കവികൾ ആ നാട്ടുകാരായി കാണാതിരിക്കയില്ല. ഓരോ വിഷയത്തിന്റേയും, ഓരോ സംഘത്തിന്റേയും യോഗക്ഷേമങ്ങൾ അന്വേഷിച്ച്‌ അഭിവൃദ്ധി നേടുന്നതിലേക്കു മാസികകൾ ഏർപ്പെട്ടിട്ടുണ്ട്‌. മാസികകളിൽ ഒന്നിന്റെ പേർ മറ്റൊന്നിന്‌ ഉപയോഗിച്ചുകൂടാ എന്ന ഒരു നിയമം ഉളളതുപോലെ, ഒന്നു പുറപ്പെടുന്നതിനു വച്ചിട്ടുളള ദിവസം അതിന്റെ സ്വന്തമാകയാൽ, അന്നു മറ്റൊന്നുകൂടി പുറപ്പെട്ടുകൂടാത്തതാകുന്നു, എന്ന്‌ ഒരു ചട്ടം ഏർപ്പെടുന്നതായാൽ, ഇപ്പോഴത്തെ സ്ഥിതിക്ക്‌, മാസത്തിനു തീയതിപോരാ, എന്ന്‌ ആവലാതിക്ക്‌, ഇടവരാൻ എളുപ്പമുണ്ട്‌. ഈ അവസ്ഥ വളരെ അഭിന്ദനീയംതന്നെ! ഇനി ഇതിന്റെ മറുപുറം നോക്കുക. എല്ലാ വസ്‌തുക്കൾക്കും അകവും പുറവും ഉണ്ടല്ലോ. “സർവ്വമനോഹരൻ” എന്നു കവികൾ ഉദ്‌ഘോഷിക്കുന്ന ചന്ദ്രന്റേയും, സൂര്യാഭിമുഖമായ ഭാഗമേ ചന്ദ്രികാസുന്ദരമായി ശോഭിക്കുന്നുളളു; ആ വശം തരുണിയായ രമണീമണിയുടെ മന്ദഹാസമൃദുലമായ മുഖംപോലെ മഞ്ജുളമാണെങ്കിൽ, മറുവശം അവളുടെ മുഖത്തിന്റെതന്നെ കുന്തളശ്യാമളമായ പിൻഭാഗത്തിനു തുല്യം ഇരുട്ടടഞ്ഞതാകുന്നു. കേരളത്തിലെ നവീനവിദ്യാഭിവൃദ്ധിയുടേയും അവസ്ഥ ഈ ദൃഷ്‌ടാന്തത്തിനു ചേർന്നാണിരിക്കുന്നത്‌ എന്നു സമ്മതിക്കേണ്ടിവരുന്നതിൽ ശോചിക്കുന്നു.

കൃതികളുടെയും കൃതിനിരൂപണങ്ങളുടേയും എണ്ണത്തിനും വണ്ണത്തിനും ചേർന്ന്‌ അന്തസ്സും അന്തസാരവും കാണുന്നില്ല. “വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാട്‌” എന്നുളള പഴമൊഴിപോലെ, നാലക്ഷരം കൂട്ടിയെഴുതാവുന്നവൻ എല്ലാം “കവി” എന്നു വന്നിരിക്കുന്നു. കവികൃതിയായിരിക്കട്ടെ, അല്ലെങ്കിൽ കകാരം വിട്ടിട്ടുളളതായിരിക്കട്ടെ, ഒരു കൃതികണ്ടാൽ അതിന്റെ ഗുണദോഷ നിരൂപണത്തിനു മാസികകളും ഒരുക്കമുണ്ട്‌. പുസ്‌തക പരിശോധനയത്രേ മാസികളുടെ മുഖ്യ കൃത്യം. അതിനാൽ, ആ വിഷയത്തെപ്പറ്റി അല്‌പം ഇവിടെ പ്രസ്‌താവിക്കാം. അതിൽനിന്ന്‌, പരിശോധകകൃത്യവും വെളിപ്പെടുമല്ലോ.

1. “തന്റെ അഭിപ്രായം വിട്ടുപറയുന്നതിനു പരിശോധകൻ മടിക്കരുത്‌. ‘മൂഢഃപരപ്രത്യയനേയ ബുദ്ധി’ എന്നല്ലേ അഭിയുക്‌തവചനം? തനിക്കു സ്വന്തമായി ഒരഭിപ്രായം ഇല്ലാത്ത പുരുഷൻ തന്റേടമില്ലാത്തവൻ ആകുന്നു. തനിക്കുളള അഭിപ്രായം വെളിപ്പെടുത്തുവാൻ മടിച്ചാൽ, അതു ധൈര്യക്കുറവായി സന്ദിഗ്‌ധപദപ്രയോഗം കൊണ്ടോ, വക്രോക്‌തികൊണ്ടോ പൊതിഞ്ഞുപറയുന്നതിൽ ആത്‌മവഞ്ചനം സ്‌പഷ്‌ടമാണ്‌. അതുകൊണ്ട്‌, സ്വാഭിപ്രായം പറയുന്നപക്ഷം, അതു സ്‌പഷ്‌ടവും നിഷ്‌കളങ്കവും ആയിരിക്കണം. സ്വാഭിപ്രായപ്രകടനം എവിടെ ആപത്‌കരം എന്നു തോന്നുന്നുവോ, അങ്ങനെയുളള വിഷയത്തെപ്പറ്റി വിമർശനമേ ആരംഭിക്കരുത്‌.”

2. “താൻ സ്വമതം ഇളക്കാൻ പാടില്ലാത്ത വിധം സ്ഥാപിച്ചുകളഞ്ഞു; അതിൽ എല്ലാവരും യോജിച്ചുകൊളളണം-എന്നും മറ്റും ഉളള ഭാവന വന്നുപോകാതെ സൂക്ഷിക്കണം. സ്വപ്രത്യയസ്‌ഥൈര്യംകൊണ്ട്‌ ഉണ്ടാകുന്ന ദോഷങ്ങളെ പരിഹരിയ്‌ക്കാനാണ്‌ ഇത്‌. സ്വാഭിപ്രായം, ഉളളതുപോലെ പറയണം. എന്നാൽ, ഇങ്ങനെ തുറന്നുപറയുന്നതിൽ വിനയപ്രദർശനം ഒരിയ്‌ക്കലും വിസ്‌മരിച്ചുപോകരുത്‌. ‘പ്രതിപക്ഷികളുടെ ആക്ഷേപം തെറിച്ച്‌’ ”ഇതു മറുപക്ഷത്തിനു കണ്‌ഠേകുഠാരമാണ്‌“-എന്നും മറ്റും വീരവാദം കൂടാതെ തന്നെ, ”പ്രതിപക്ഷികളുടെ ആക്ഷേപത്തിന്‌ ഇതു സമാധാനമാകുമെന്ന്‌ വിശ്വസിയ്‌ക്കുന്നു“. ”ഇതു പ്രതിപക്ഷവാദത്തെ ദുർബലപ്പെടുത്തുന്നു“ എന്നോ മറ്റോ പറഞ്ഞാലും ധാരാളം കാര്യം വരും. സംസ്‌കൃത ഗ്രന്ഥകാരന്‌മാരിൽ പ്രാചീനർ, ”ഇദം ചിന്ത്യം“ (ഇതു കുറെ ആലോചിപ്പാനുളളതാണ്‌) എന്നും മറ്റും വണക്കത്തോടുകൂടിയ വാക്കുകളെ ഉപയോഗിച്ചു കണ്ടിട്ടുളളു. നവീനൻമാരാണു ”കണ്‌ഠേകുഠാര“വും മറ്റും പ്രയോഗിച്ച്‌, ലഹള കൂട്ടുന്നത്‌”.

3. “ഔദ്ധത്യമില്ലാതിരുന്നാൽ മാത്രം പോരാ; പ്രതിപക്ഷിയുടെ അഭിപ്രായത്തെ ബഹുമാനപുരസ്സരം അനുവദിയ്‌ക്കുകയും വേണം. പ്രതിപക്ഷി നിസ്സാരനാണെങ്കിൽ, അവനോട്‌ എതിർക്കുന്നതും തനിയ്‌ക്കു ഗൗരവക്കുറവല്ലയോ? സമന്‌മാരോടു വേണം സംഘർഷം. സിംഹത്തിനു പ്രദിദ്വന്ദ്വി ആനയാണ്‌, മാനല്ല.

”ജേതാരം ലോകപാലാനാം,ഠഅ​‍്വൺഫഞ്ഞൻഫംഉഠ

സ്വമുഖൈരർച്ചിതേശ്വരമ്‌;ഠഅ​‍്വൺഫഞ്ഞൻഫംഉഠ

രാമസ്‌തുലിതകൈലാസ-ഠഅ​‍്വൺഫഞ്ഞൻഫംഉഠ

മരാതിം ബഹ്വമന്യത“ഠഅ​‍്വൺഫഞ്ഞൻഫംഉഠ

എന്നു മഹാകവി, ശ്രീരാമനെപ്പറ്റിപ്പറഞ്ഞതു നോക്കുക-ശത്രുവിനെ ബഹുമാനിയ്‌ക്കുന്നിടത്തോളം, ജയപക്ഷത്തിൽ തനിയ്‌ക്കാണു ബഹുമാനം അധികം ഫലിയ്‌ക്കുന്നത്‌.”

4. “സ്വപക്ഷസ്ഥാപനവ്യസനംകൊണ്ടു മതിമറന്നു പോകരുത്‌. സ്വപക്ഷം ജയിച്ചാലും ശരി, തോറ്റാലും ശരി; കാര്യംകാര്യംപോലെ ഇരിക്കും-തൽകാലത്തെ ആവേശംകൊണ്ട്‌, സ്വപക്ഷവും താനും ഒന്നുതന്നെ എന്നു വിചാരിച്ചുപോകരുത്‌. തക്കതായ യുക്തികൾ കാണിക്കുന്നിടത്തോളമേ തനിക്കു ഭാരമുളളു. അതുകളെ സ്വീകരിക്കയോ നിരാകരിക്കയോ ചെയ്യുന്നതു വായനക്കാരുടെ ചുമതലയാണ്‌.

5. ”പ്രതിപക്ഷിയുടെ പക്ഷത്തോട്‌ അല്ലാതെ, പ്രതിപക്ഷിയായ പുരുഷനോട്‌ (ആളോട്‌) ദ്വേഷം വന്നുപോവരുത്‌. സംരംഭം വരുമ്പോൾ ഉണ്ടാകുന്ന ദോഷമാണ്‌ ഇത്‌. സംരംഭം വർജ്ജിച്ചാൽ ഇതും വർജ്ജിതമാകും.“

6. ”അതുമിതും പിടിച്ച്‌ അറുതി വരാത്ത വിധത്തിൽ വാദം നീട്ടുന്നതിന്‌ “വിതണ്ഡാവാദം” എന്നുപേർ. അതിൽ പ്രവേശിക്കാതെ സൂക്ഷിക്കണം. കക്ഷിപ്പിണക്കം മൂക്കുമ്പോൾ ആണ്‌ ഇതിന്‌ പ്രസക്തി. വിതണ്‌ഡയ്‌ക്ക്‌ പുറപ്പെടുന്നവൻ ആത്‌മാഭിമാനം ഇല്ലാത്തവൻ ആണെന്നു ജനങ്ങൾ വിചാരിക്കാൻ ഇടയുണ്ട്‌. ഇങ്ങോട്ട്‌ ഒന്നു ചെകിട്ടത്തടിച്ചെങ്കിൽ, അങ്ങോട്ടൊന്നു ചവുട്ടിയല്ലോ എന്നുളള സമാധാനം വീരോചിതമല്ല. “തർക്കോപ്രതിഷ്‌ഠഃ”-യുക്‌തി ഒരു നിലയില്ലാത്തതാണ്‌. താൻ ഒരു വഴിയെ ആക്രമിച്ചാൽ, മറുകക്ഷി മറ്റൊരു വഴിയെ നമ്മെ ആക്രമിക്കും; യുദ്ധം അവസാനിക്കയുമില്ല. നേരിട്ട്‌ പോർക്കളത്തിൽ ഇറങ്ങി, ശത്രുവിന്റെ ആയുധംകൊണ്ട്‌ മരിച്ചാലും മാനംതന്നെ. വല്ല മൂലയിലും കിടക്കുന്ന പ്രമാണവചനത്തേയും ശരണം പ്രാപിച്ചു രക്‌ഷപ്പെടാൻ തുനിഞ്ഞിട്ടും ആവശ്യമില്ല.“

ഇപ്പറഞ്ഞ എല്ലാസംഗതികളും വിമർശകൻമാർ പ്രത്യേകം അറിഞ്ഞിരിക്കണം. കൃതികൾ ഗുണൈകസമ്പൂർണ്ണങ്ങളോ ദോഷൈക ഭൂഷണങ്ങളോ ആയി വരുകയില്ല. സാമാന്യേന ഗുണദോഷസമ്മിശ്രങ്ങളായിട്ടേ ഇരിക്കയുളളു. അതിൽ പ്രാധാന്യം ഏതിനോ അതിനേയാണു നിരൂപകൻമാർ വിസ്‌തരിച്ചു പറയേണ്ടത്‌. അങ്ങനെ സ്വാഭിപ്രായം നിഷ്‌പക്ഷപാതമായി തുറന്നു പറയുന്ന വിമർശകൻമാർ നമ്മുടെ ഇടയിൽ വളരെ ചുരുങ്ങും. ഇക്കാലത്തുളള നിരൂപകൻമാർ, ഗുണഗ്രാഹികൾ, ദോഷഗ്രാഹികൾ എന്നു രണ്ടുതരക്കാരാകുന്നു. ഇവരിൽ ഗുണഗ്രാഹികൾ ദോഷജ്ഞരാണെങ്കിലും ഗുണങ്ങൾ മാത്രമേ എടുത്തു പറയാറുളളു. ഈ നയം ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്കു യോജിക്കുന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദോഷങ്ങളല്ലാതെ മറ്റൊന്നും പ്രസ്‌താവിക്കയില്ലെന്നു ശപഥംചെയ്‌ത കൂട്ടരാണു ദോഷഗ്രാഹികൾ. ഇവരുടെ സാഹസം ഒരു വിധത്തിലും ക്ഷന്തവ്യമല്ല. അവരുടെ മട്ട്‌, താഴെ ഉദാഹരിച്ചു കാണിക്കുന്നു.

ലോകത്തിലുളള സകലഗ്രന്ഥങ്ങളിലും വെച്ച്‌ ഉത്തമമെന്നും മറ്റും പറഞ്ഞു ”ശാകുന്തള“ത്തെ എല്ലാവരും ഐക്യകണ്‌ഠ്യേന പ്രശംസിച്ചുകാണുന്നു. എന്നാൽ ഈ വിഷയത്തിൽ എനിക്കു സ്വല്പം വിപ്രതിപത്തിയുണ്ട്‌. പക്ഷേ, അതെന്റെ ംഢ്യമായിരിക്കാം; എങ്കിലും സ്വാഭിപ്രായം തുറന്നു പറവാൻ മടിക്കുന്നതു ഭീരുത്വമാണെന്നും, കൃതി ആരുടേതായാലും സർവ്വഥാ ദോഷഹീനമാകുന്നത്‌ അസംഭവമാണെന്നും ഉളള അഭിപ്രായം പ്രബലപ്പെട്ടിരിക്കുന്ന ഇക്കാലത്ത്‌, എനിക്ക്‌ ആ ഗ്രന്ഥത്തിൽ തോന്നീട്ടുളള ചില ആക്ഷേപങ്ങളെ പറയാതിരിക്കാൻ നിർവ്വാഹമില്ല- എന്നു മുഖവുര.

1. ശാകുന്തളത്തിന്റെ തിരപ്പുറപ്പാടു തന്നെ ഒട്ടും നന്നായില്ല. രാജാവു രഥത്തിൽ കയറിയാണു വേട്ടയ്‌ക്കു പുറപ്പെടുന്നത്‌. നാട്ടിൽത്തന്നെ രാജപാതകൾ വളരെ ചുരുങ്ങിയിരുന്ന പൂർവ്വകാലങ്ങളിൽ, കാട്ടിൽ വണ്ടി പോയിട്ടു രഥം പോകത്തക്ക വെട്ടുവഴികൾ ഉണ്ടായിരുന്നു എന്നു കല്പിയ്‌ക്കുന്നതെങ്ങനെ? ധാരാളം റോഡുകളുളള വനഭാഗങ്ങളിൽ ജനസഞ്ചാരമുണ്ടാകാൻ ഇടയുണ്ടായിരിയ്‌ക്കെ, മൃഗങ്ങൾക്കു സ്വൈരമായി വസിയ്‌ക്കാൻ മാർഗ്ഗമെവിടെ? മൃഗവാസമുണ്ടായിരുന്നാലും, ദുഷ്യന്തൻ വേട്ടയാടിയ ആ കൃഷ്ണസാരം കാട്ടിൽ കയറി ഓടാതെ, ആ മഹാരാജാവിന്റെ തിരുവുളളത്തിനു വേണ്ടി റോഡിൽക്കൂടിത്തന്നെ ഓടിയോ? ഇതെന്തു നേരംപോക്ക്‌!

2. കാട്ടാന ആശ്രമത്തിൽ കയറിച്ചെന്ന്‌ ആശ്രമവാസികളെ ഭയപ്പെടുത്തിയത്‌ ആശ്രമ മാഹാത്‌മ്യത്തിന്നു ന്യൂനതയാണ്‌ഃ

”വിശ്വാസോപഗമാദഭിന്നഗതയശ്ശബ്‌ദം സഹന്തേ മൃഗാഃ“ എന്നല്ലേ ആശ്രമലക്ഷണം പറയുന്നത്‌? ഇതിൽ സ്വോക്‌തി വിരോധം എത്രമാത്രമുണ്ടെന്നു പ്രത്യേകം പറയണമെന്നില്ലല്ലോ.

3. സേനാപതിയേക്കൊണ്ടു മൃഗയാവൈമുഖ്യം ഭാവിപ്പിച്ചതും,സേവന്റെ സേവപിടിച്ചു വേട്ട കൂടാതിരിപ്പാൻ ശ്രമിപ്പിച്ചതും ഒട്ടും ഉചിതമായില്ല. ഈ വിഷയത്തിൽ കവി പാത്രനിരൂപണനിഷ്‌കർഷ തീരെ ചെയ്തിട്ടില്ലെന്നു പറയേണ്ടിവന്നതിൽ വ്യസനിയ്‌ക്കുന്നു.

4. രാജാവിനു ശകുന്തളയിൽ ധർമ്മ്യമായ അനുരാഗം ജനിച്ച സ്ഥിതിയ്‌ക്ക്‌, വിദൂഷകൻ അന്തഃപുരത്തിൽ ചെന്നു വിടുവാ പറഞ്ഞെങ്കിലോ എന്നു പേടിച്ചിട്ടെന്താണാവശ്യം? ”അസംശയം ക്ഷത്രപരിഗ്രഹക്ഷമാ“ എന്നും മറ്റുമല്ലേ ധർമ്മരഹസ്യം ഘോഷിച്ചിരിക്കുന്നത്‌? അതെല്ലാം ഇപ്പോൾ എവിടെപ്പോയി?

5. പച്ചപ്പകൽ, നികുഞ്ജത്തിൽ വച്ച്‌, ഗാന്ധർവ്വവിവാഹം ഫലിപ്പിക്കാൻ പുറപ്പെട്ടത്‌, കേവലം വിടന്റെ മട്ടിലായിപ്പോയി; യാഗരക്ഷയ്‌ക്കു മഹർഷിമാർ ക്ഷണിച്ചുവരുത്തി ആശ്രമത്തിൽ പാർപ്പിച്ച രാജാവ്‌, അവസരം കിട്ടിയപ്പോഴൊക്കെ, കന്യകയോടു ചേർന്നുരമിച്ചതു ഭംഗിയായോ? ഈ രാജാവു നല്ല അതിഥി തന്നെ, സംശയമില്ല! ഗ്തമിയും മുനികുമാരൻമാരും-എന്നുവേണ്ട, ആരുംതന്നെ, ഇതൊന്നും അറിയാതിരുന്നതു സംഭാവ്യമോ?അറിഞ്ഞെങ്കിൽ സമ്മതിച്ചതു ഒട്ടും നന്നായില്ല. പകലെല്ലാം യാഗശാല; രാത്രിയിൽ ഭോഗശാല-രാജാവിനു നല്ലതരംതന്നെ! ഇതാണു ഗാന്ധർവ്വവിവാഹമെങ്കിൽ, പിന്നെ ഒളിബാന്ധവമേതാ?

6. ദുർവാസാവിന്റെ ശാപം നല്ല നേരമ്പോക്കുതന്നെ. മനോരാജ്യത്തിൽ മുഴുകിയ ആൾ, അതിഥി വന്നതു കണ്ടില്ലെന്നു വരാവുന്നതാണത്രേ. എന്നാൽ അതിഥി കോപിച്ച്‌, ‘എടീ അതിഥിധിക്കാരിണീ’-എന്നും മറ്റും വിളിച്ച്‌, ”വിചിന്തയന്തീയമനന്യമാനസാ“ എന്നും ശ്ലോകം ചൊല്ലി ശപിച്ചതെങ്കിലും ശകുന്തള കേട്ടില്ലെങ്കിൽ, അവൾക്കു സ്വല്പം ബാധിര്യം തന്നെ ഉണ്ടായിരുന്നിരിക്കണം. സഖിമാർ ഈ സംഗതി പ്രസ്‌ഥാനസമയത്ത്‌ പ്രസംഗം വന്നപ്പോൾകൂടിയും പറയാതിരുന്നതു കവിയുടെ ആവശ്യത്തിനുമാത്രം വേണ്ടി, എന്നേ വരുകയുളളു. ”മാ ഭൈഷീഹി സ്‌നേഹഃപാപശങ്കീ“ -എന്ന്‌ അവർ ശകുന്തളയോടു പറഞ്ഞതു വെറും പച്ചക്കളളമല്ലയോ?

7. ശകുന്തളയെ നിരാകരിക്കുമ്പോൾ മാഢവ്യൻ കൂടെയില്ലായിരുന്നുവെങ്കിലും, ആ സംഗതി അയാൾ പിന്നീടെങ്കിലും അറിയാഞ്ഞതു കുറേ കഷ്ടമായിപ്പോയി. ”കാമം പ്രത്യാദിഷ്‌ടാ“ എന്നു രാജാവിനുതന്നെ ഉളളിൽ സന്ദേഹമിരുന്ന സ്‌ഥിതിക്ക്‌ മനസ്സമാധാനത്തിന്‌ ആ സംഗതി വിദൂഷകനോടു പറയാതിരുന്നത്‌ എന്തുകൊണ്ട്‌? ആ രാജാവ്‌ ഒരു ഋഷികന്യകയെ നിരസിച്ചു എന്നും, അവളെ ഒരു തേജസ്സു വന്ന്‌ ആകാശത്തേയ്‌ക്കു കൊണ്ടുപോയി എന്നും മറ്റുമുളള അരമന വർത്തമാനം, പാവപ്പെട്ട ഉദ്യാനപാലികമാർപോലും അറിഞ്ഞ അവസ്‌ഥയ്‌ക്കു, മാഢവ്യൻ മാത്രം കേട്ടില്ലെന്നു വരുമോ? കേട്ടാൽ, കാട്ടിൽ നടന്ന ശകുന്തളാപ്രണയം അയാൾ ഓർക്കാതിരിക്കുമോ? ഓർത്താൽ പിന്നെ പറയാതിരിക്കുമോ?

8. ശകുന്തളാതിരസ്‌കരണം ശാർങ്ങ്‌ഗരവപ്രഭൃതികൾ മുഖേന, അല്ലെങ്കിൽ ദിവ്യചക്ഷുസ്സുമൂലം എങ്കിലും, കണ്വൻ അറിയാതിരിക്കുമോ? അറിഞ്ഞിരുന്നുവെങ്കിൽ പിന്നെ മൗനം ദീക്ഷിച്ചത്‌, അദ്ദേഹത്തിന്റെ സ്ഥിതിക്ക്‌ ഒട്ടും നന്നായില്ല.

9. സാനുമതി ദിവ്യചക്ഷുസ്സിലധികം മാംസചക്ഷുസ്സിനു പ്രാധാന്യം കല്പിച്ച്‌ ഒളിച്ചുനിന്നു ചാരപ്രവൃത്തി ചെയ്യുന്നതെന്തിന്‌? ഇതുകൊണ്ട്‌, കഥയ്‌ക്കു വലിയ ഉപയോഗമൊന്നും കാണുന്നില്ല. മേനകയ്‌ക്കുതന്നെ ദിവ്യചക്ഷുസ്സില്ലയോ? പിന്നെ എന്തിനു സാനുമതിയേ അയച്ചു വർത്തമാനം ഗ്രഹിക്കുന്നു?

10. ഇന്ദ്രൻ വിളിച്ചാലും, ഉദ്യാനത്തിലിരുന്ന രാജാവു പരിചാരികമുഖേന മന്ത്രിയെ രാജ്യഭാരമേൽപിച്ചു സ്വർഗ്ഗത്തേയ്‌ക്കു സവാരിപോകുന്നതു കുറേ സാഹസം തന്നെ. അന്യംനില്പിനേപ്പറ്റി വിളംബരം ചെയ്യുന്നതും, അതറിഞ്ഞു പ്രൻമാർ സന്തോഷിക്കുന്നതും ഋഷിഗർഭംപോലെ എളുപ്പത്തിൽ കഴിയുന്നു.! ശ്ലോകങ്ങൾക്ക്‌ ഓജസ്സും ശബ്‌ദഭംഗിയും തീരെക്കുറവാണ്‌. ശബ്ദാർത്ഥരൂപമല്ലേ കാവ്യം? അതിൽ അർതഥം മാത്രം സർവപ്രധാനമായി ഗണിച്ചതു മിസ്‌റ്റർ കാളിദാസരുടെ ശകതിക്കുറവുകൊണ്ടല്ലയോ? ഇങ്ങനെ ഇനിയും പല ദോഷങ്ങളും പറവാനുണ്ട്‌. വിസ്‌തരഭയത്താൽ തത്‌കാലം നിറുത്തുന്നു.

ഈ മാതിരിയിലാണു ദോഷഗ്രാഹികളുടെ നിരൂപണം. ഇതുകൊണ്ടു ഭാഷയ്‌ക്കു അധഃപതനമല്ലാതെ, ഒരു കാലത്തും ഉയർച്ച ഉണ്ടാകുന്നതല്ല. സത്‌കൃതികളുടെ എണ്ണത്തിനും വണ്ണത്തിനും കുറവുണ്ടാകുന്നതിനും, ഉളളവയുടെ പ്രചാരത്തെ കുറിക്കുന്നതിനും ഇതിന്‌ ഇക്കാലത്തില്ലെങ്കിൽ മറ്റൊരു കാലത്തിലെങ്കിലും ശക്‌തിയുണ്ടായെന്നു വരാം. അതുകൊണ്ടു ഭാഷാപോഷണവിചക്ഷണൻമാരായ വിമർശകൻമാർ ഗുണദോഷനിരൂപണവിഷയത്തിൽ പ്രത്യേകം ശ്രദ്ധവച്ചാൽ കൊളളാം.

ഇ.ആർ.രാജരാജവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.