പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഈശ്വരിയുടെ ഗന്ധം > കൃതി

ഭാഗം - ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

നോവലെറ്റ്‌

കശുമാങ്ങയുടെ മണം. ഇടവഴികൾക്ക്‌ ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ. കുത്തനെയുളള കയറ്റം കഴിഞ്ഞുളള ഇറക്കം. കോഴിവാലൻ വളർന്നു നിൽക്കുന്ന ഈടുകൾ. കശുമാവിൻ തോട്ടങ്ങൾക്കുളളിലെങ്ങോ ബ്രിട്ടീഷുകാര്‌ പണ്ട്‌ പണി കഴിച്ച ബംഗ്ലാവും പഴയ രീതിയിൽ തന്നെയാകുമോ ഇപ്പോഴും? മനസ്സിന്‌ എന്തേ ഇത്ര തിടുക്കം? പണ്ടും കാറ്‌ കടന്നു ചെല്ലാൻ മടിക്കുന്ന വഴുക്കുന്ന ഇടവഴികളിലൂടെ ഓർമ്മകൾ നുണഞ്ഞ്‌ അയാൾ ബംഗ്ലാവ്‌ ലക്ഷ്യമാക്കി ഡ്രൈവ്‌ ചെയ്‌തു. എതിരെ ആരെങ്കിലും വന്നാൽ വണ്ടി നിർത്തി ആളെ കടത്തിവിടേണ്ടി വരും. അത്ര വീതിയേ ഉളളൂ ഇപ്പോഴും.

പ്രായം കണക്കാക്കാനാവാത്ത ആ കൂറ്റൻ ആൽമരം ഇപ്പോഴുമുണ്ടോ എന്തോ... ഉണ്ടെങ്കിൽ ആ മരച്ചുവട്ടിലേയ്‌ക്ക്‌ ഇനി ഏതാണ്ട്‌ മൂന്നു മിനിറ്റേ ഉണ്ടാകൂ. വല്ലാതെ അദ്ധ്വാനിക്കേണ്ടിവരുന്നു വണ്ടി ഡ്രൈവ്‌ ചെയ്യാൻ. വളവുകളും തിരിവുകളും അയാളെ വീണ്ടും ഓർമ്മകളിലേക്ക്‌ വലിച്ചു.

ഈ ഒരു വേനൽക്കാല വസതി വാങ്ങിയതിനെച്ചൊല്ലിയാണ്‌ അച്ഛനുമമ്മയും തമ്മിൽ ആദ്യമായ്‌ വഴക്കിടാനാരംഭിച്ചത്‌. അക്കാലത്ത്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അച്ഛൻ ആരോടും പറയാതെ ഇങ്ങോട്ടു മുങ്ങും. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതാകുമ്പോൾ അമ്മ പറയും.

“പോയിട്ടുണ്ടാകും; ആ മലമൂട്ടിലേയ്‌ക്ക്‌. കുടിച്ചുകൂത്താടാൻ അവിടെ കാത്തിരിയ്‌ക്കുന്നുണ്ടല്ലോ കുറേ... അഴിഞ്ഞാട്ടക്കാര്‌. നശിച്ച വർഗ്ഗങ്ങള്‌.”

വർഷങ്ങൾക്കു ശേഷമാണീ തിരിച്ചുവരവ്‌. അമ്മയുടെ പെട്ടെന്നുളള മരണത്തിനുശേഷം ഒരിക്കൽ അച്ഛനോടൊപ്പം വന്നിട്ടുണ്ട്‌; ഒരു വേനൽക്കാല ഒഴിവിന്‌, ഈ കുഗ്രാമത്തിലേയ്‌ക്ക്‌. കശുമാങ്ങകൾ ചാടിച്ചത്തു കിടന്ന ഇടവഴികൾ... കരിയിലക്കിളികൾ ഇണചേരുന്ന കശുമാവിൻ തോട്ടങ്ങൾ... അതെല്ലാമിപ്പോഴും മാറ്റമില്ലാതെ...

അച്ഛൻ ജീപ്പിൽ ആദ്യമായി ഇവിടെയെത്തിയ സന്ധ്യയ്‌ക്ക്‌ കണ്ട കാഴ്‌ച ബാല്യത്തെ അമ്പരപ്പിച്ചു. നാട്ടുകാർ ചേർന്ന്‌ ഒരു മലമ്പാമ്പിനെ പിടിച്ചു വച്ചിരിക്കുന്നു. അത്രയും വലിയ പാമ്പിനെ ആദ്യമായി കാണുകയായിരുന്നു. ഒരാളുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നും പിടികൂടിതാണത്രേ. അതിന്റെ നീണ്ട ദേഹം പത്തുപതിനഞ്ച്‌ പേരുടെ കൈകളിലൂടെ നീണ്ട്‌ നിലത്തു മുട്ടിക്കിടന്നു. എന്റെ ഓർമ്മകൾ പോലെ... നീണ്ട്‌... നേർത്ത്‌... അച്ഛൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ്‌ പാമ്പിന്റെ തലയിൽ കുത്തിക്കെടുത്തി. അതു പുളഞ്ഞു. ആളുകൾ പൊട്ടിച്ചിരിച്ചു. അച്ഛൻ അവർക്ക്‌ ആരാധ്യനായിരുന്നു.

അതാ പ്രായം തിട്ടപ്പെടുത്താനാവാത്ത ആല്‌. അതിനുചുവട്ടിലിരുന്ന തലനരച്ച മനുഷ്യൻ കാറ്‌ വരുന്നതുകണ്ട്‌ ചാടിയെഴുന്നേറ്റു. അയാൾ വഴി മധ്യത്തിലേയ്‌ക്ക്‌ നീങ്ങിനിന്ന്‌ തന്റെ തോളിലെ തോർത്ത്‌ വീശി; നിർത്താൻ ആംഗ്യം കാണിക്കുകയാണ്‌. കാറ്‌ നിർത്തിയപ്പോൾ ഭവ്യതയോടെ അയാൾ അടുത്തെത്തി. തല കുനിച്ച്‌ നിന്നിട്ട്‌ ചോദിച്ചു.

“ശിവകൃഷ്‌ണൻ സാറല്ലേ...? വക്കീൽസാറിന്റെ മകൻ..?”

“അതേ...”

“ഞാൻ ദിവാകരൻനായർ.... വക്കീർസാറ്‌ ഒടുവിലിവിടെ വന്ന്‌ ബംഗ്ലാവിന്റെ താക്കോലേൽപ്പിച്ചത്‌ എന്നെയാ..” ഒരു വളർത്തു നായയുടെ ഭവ്യതയോടെ ദിവാകരൻനായർ അദൃശ്യമായ വാലാട്ടി. ഞാൻ കാറിന്റെ ഡോറ്‌ തുറന്ന്‌ ക്ഷണിച്ചു.

“കയറൂ...”

ദിവാകരൻനായർ വിനയപൂർവ്വം കയറി. അയാൾ ചൂണ്ടിയയിടത്തേയ്‌ക്ക്‌ വണ്ടി നീങ്ങി.

“ബംഗ്ലാവിന്റെ പേരുവച്ച്‌ സൂക്ഷിപ്പുകാരന്‌ ഞാനൊരു കത്തയച്ചിരുന്നു. കിട്ടിയോ?”

“കിട്ടി.. ബംഗ്ലാവിന്റെ പേരില്‌ വക്കീൽസാറുമാത്രേ കത്തയയ്‌ക്കാറുളളൂ.. എന്റച്ഛന്‌...” അയാൾ വലിയ സന്തോഷത്തോടെ തുടർന്നു.

“എല്ലാരും പറയാറുണ്ട്‌ വക്കീൽസാറ്‌ എന്നെയീ ബംഗ്ലാവ്‌ ഏൽപ്പിച്ചത്‌ വക്കീൽസാറിന്റെ വീട്ടുകാരറിഞ്ഞു കാണില്ലെന്ന്‌. ഞാൻ പറയും എന്നെങ്കിലും ആരെങ്കിലും വരുമെന്ന്‌. എന്റെയച്ഛനും വക്കീൽസാറും തമ്മിലുളള ബന്ധം അവർക്കറിയാതിരിക്കില്ലെന്ന്‌. ഒരിക്കൽ വക്കീൽസാറ്‌ മോനേയും കൊണ്ട്‌ വന്നകാര്യം പറഞ്ഞു കേട്ടിട്ടുമുണ്ട്‌ ഞാൻ. പക്ഷേ.. ഓർമ്മയില്ല. അച്ഛൻ മരിച്ച ദിവസാ... വക്കീൽസാറ്‌ എന്റെ വീട്ടിലവസാനം വന്നത്‌. പിറ്റേക്കൊല്ലമല്ലേ.. വക്കീൽസാറും മരിച്ചത്‌. ആ കാര്യം ഞങ്ങള്‌ അറിഞ്ഞതുതന്നെ ഒത്തിരിക്കാലം കഴിഞ്ഞിട്ടാ. പിന്നീടാ വക്കീൽസാറിന്റെ മകൻ സിനിമാക്കാരനായീന്നൊക്കെ അറിഞ്ഞത്‌. എന്നെങ്കിലും ഈ ബംഗ്ലാവിലേയ്‌ക്ക്‌ സാറ്‌ വരുംന്ന്‌ എനിക്ക്‌ തോന്നിയിരുന്നു.”

“ബംഗ്ലാവിലിപ്പോ...”

“ആരും താമസിക്കുന്നില്ല. എന്റെയച്ഛന്റെ ശവദാഹം കഴിഞ്ഞ്‌ ഒരാഴ്‌ചകൂടി വക്കീൽസാറിവിടെ താമസിച്ചു. മടങ്ങിപ്പോകുമ്പോ ബംഗ്ലാവ്‌ പൂട്ടി താക്കോല്‌ എന്റെ കയ്യിൽ തന്നിട്ടുപറഞ്ഞു ഇതുവരെ നിന്റച്ഛനാ ഇതു നോക്കീത്‌. ഇനി നീ നോക്ക്‌. ഞാനിനീം ഇടയ്‌ക്ക്‌ വരാമെന്ന്‌. പിന്നെ കേട്ടത്‌...”

അയാളൊന്നു മോങ്ങിയശേഷം ധൃതിയിൽ തുടർന്നു.

“ഈയടുത്ത കാലത്ത്‌ ഞാൻ ബംഗ്ലാവില്‌ ഒന്നുരണ്ട്‌ സാറന്മാരെ താമസിപ്പിച്ചു. എക്‌സൈസ്‌ ഓഫീസറൻമാരാ അവര്‌. ചാരായ വേട്ടയ്‌ക്കിറങ്ങീതാ.. പിണക്കിയാ പറ്റുകേലാ. അതുകൊണ്ട്‌ വാടകയൊന്നും വാങ്ങീല്ല. ചോദിച്ചതൊക്കെ ഏർപ്പാടാക്കിക്കൊടുത്തു. മൂന്നുനാലാഴ്‌ച വന്നുംപോയീം അവരിവിടെയുണ്ടായിരുന്നു. ബംഗ്ലാവ്‌ ഒന്നു വൃത്തിയായിക്കിടക്കുമല്ലോന്ന്‌ ഞാനും വിചാരിച്ചു. ഒരൊച്ചയും അനക്കവുമുണ്ടാകുമല്ലോ..”

അപ്പോഴേയ്‌ക്കും സ്ഥലമെത്തി. അയാളിറങ്ങി തുരുമ്പിച്ച വലിയ ഗേറ്റ്‌ തള്ളിത്തുറന്നു. ഒറ്റനോട്ടത്തിൽ അറിഞ്ഞു; അച്ഛന്റെ ബംഗ്ലാവ്‌ ഉപയോഗിക്കാതെ ഇരുന്ന്‌ ക്ലാവ്‌ പിടിച്ച നിലവിളക്കുപോലെയായിരിക്കുന്നു.

(തുടരും)

 Next

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.