പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പട്ടാളത്തിന്റെ കൈയേറ്റങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമാനിരൂപണം

പ്രേക്ഷകരെ പെട്ടെന്ന്‌ ആകർഷിക്കുന്ന ഉപരിതല സ്പർശിയായ ഏതെങ്കിലും വൈകാരികാവസ്ഥകളെ പൊലിപ്പിച്ചെടുത്ത്‌ സിനിമ നിർമ്മിക്കുകയാണ്‌ നമ്മുടെ വ്യവസായ സിനിമക്കാർ ചെയ്യുന്നത്‌. ഈ വൈകാരികാവസ്ഥ രാഷ്‌ട്രീയമാവാം, സാമൂഹികമായ സ്പർദ്ധയുടെ വൈകാരികരോഷം നിറഞ്ഞ മുഹൂർത്തങ്ങളാകാം അതുമല്ലെങ്കിൽ ഓർമ്മവെച്ചകാലം തൊട്ട്‌ ഉളളിൽ ഊറികിടക്കുന്ന ചില വിശ്വാസങ്ങളെ ഉജ്ജീവിപ്പിക്കുന്ന ദൃശ്യപെരുക്കങ്ങളാവാം. എന്തുതന്നെയായാലും ഇത്തരം പൊലിപ്പിച്ചെടുത്ത സിനിമകൾ തങ്ങളുടെ മാനസികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്ന തോന്നൽ ഉളവാകുന്നതുകൊണ്ടാവാം അങ്ങനെയുളള സിനിമകളുമായി പ്രേക്ഷകർ ബന്ധം സ്ഥാപിക്കുന്നത്‌. യാഥാർത്ഥ്യത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട്‌ പാതി ഉറക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ചില സ്വപ്നങ്ങളുണ്ട്‌ അതുപോലെയാണ്‌ ഇന്ന്‌ നമ്മുടെ സിനിമ. അത്‌ നമ്മെ ചിന്തിപ്പിക്കുന്നില്ല. കിടക്കപ്പായവരെയെങ്കിലും അസ്വസ്ഥമായ ഒരോർമ്മപോലുമാകാതെ യാതൊരു അറിവടയാളങ്ങളും ബാക്കിവെയ്‌ക്കാതെ ഉത്സവങ്ങൾപോലെ രസിപ്പിക്കാൻ വേണ്ടിമാത്രമുളള സിനിമ.

ഏതു നിമിഷവും ഒരു വർഗ്ഗീയലഹളയുടെ ഇരകളാവുന്ന സാധ്യതയിലേക്ക്‌ ശ്വാസം പിടിച്ചാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. നമ്മുടെ ഭീതിയും യാഥാർത്ഥ്യവും തമ്മിലുളള അകലം കുറഞ്ഞുവരുന്നു എന്നുളളതിന്റെ സമീപദൃശ്യങ്ങളാണ്‌ ഗുജറാത്തും, മാറാടും മറ്റും. ഗുജറാത്തിനുശേഷമുളള കേരളീയദൃശ്യങ്ങളെ ഒരു കലാകാരന്റെ സ്വതന്ത്രകാഴ്‌ചയിലൂടെ അപഗ്രഥിക്കുന്ന അന്യർ(ലെനിൻ രാജേന്ദ്രൻ) തിയറ്ററിൽ എത്തിയ അതേ സമയത്തുതന്നെയാണ്‌ വർഗ്ഗീയ ലഹളയുടെ ചുവടുപിടിച്ച്‌ ഒരു ഗ്രാമത്തിൽ ചേക്കേറുന്ന പട്ടാളക്യാമ്പിലേക്ക്‌, ഗ്രാമത്തിന്റെ പ്രതികരണങ്ങളിലേയ്‌ക്ക്‌ ക്യാമറ തിരിച്ചുവെച്ചുകൊണ്ട്‌ ലാൽജോസ്‌ തന്റെ പുതിയ സിനിമ ഒരുക്കുന്നത്‌. ലെനിൻ രാജേന്ദ്രന്റെ ഏറ്റവും മോശം സിനിമ എന്നു വിശേഷിപ്പിക്കാവുന്ന അന്യർ വാക്കുകളിൽ സമ്പന്നമെങ്കിലും ദൃശ്യങ്ങളിൽ ദരിദ്രവുമാണ്‌. എങ്കിൽകൂടി ആ ചിത്രം ചർച്ച ചെയ്ത വിഷയം ഏതൊരു ശരാശരിക്കാരനേയും ചിന്തിപ്പിക്കാൻ ഉതകുന്നതാണ്‌. അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ ഒരു ഗ്രാമത്തിൽ കുറേ വിഡ്‌ഢികഥാപാത്രങ്ങളെ സൃഷ്‌ടിച്ച്‌ അവരെകൊണ്ട്‌ പേക്കൂത്തുകൾ നടത്തിക്കുന്ന ലാൽജോസിന്റെ പട്ടാളം കാഴ്‌ചയെ വക്രീകരിക്കുന്ന, അർത്ഥരഹിതമായ നിറപ്പൊലിമയുമായി എത്തുന്ന ഇന്നത്തെ ചിത്രങ്ങളിൽനിന്ന്‌ ഒരിഞ്ചുപോലും വ്യത്യാസപ്പെടുന്നില്ല. ഗ്രാമത്തിലെത്തുന്ന പട്ടാളത്തോട്‌ അവിടുത്തെ ജനങ്ങളുടെ പ്രതികരണം കാണിക്കാനാണ്‌ ചിത്രത്തിന്റെ മുക്കാൽഭാഗവും നീക്കിവെച്ചിരിക്കുന്നത്‌. ആ പ്രതികരണങ്ങളാകട്ടെ, അങ്ങേയറ്റം വിഡ്‌ഢിത്തം നിറഞ്ഞവയും. പ്രേക്ഷകരുടെ മാനസികാവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ എന്ന മുൻധാരണയിൽ ലാൽജോസ്‌ ഒരുക്കിയ ഉളളുപൊളളയായ തട്ടിക്കൂട്ടു ദൃശ്യങ്ങൾ, മീശമാധവന്റെ സാമ്പത്തിക വിജയത്തിന്റെ ലഹരിയിൽ അത്തരം ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ലെന്ന്‌ പറയാതെ പറയുന്നു.

മീശമാധവനിൽ നിന്ന്‌ ഇറങ്ങി പുറപ്പെട്ട കുറെ കഥാപാത്രങ്ങൾ ‘പട്ടാള’ത്തിലെ ഗ്രാമത്തിൽ അലഞ്ഞു നടക്കുന്നതുകാണാം. മാള അരവിന്ദൻ അവതരിപ്പിക്കുന്ന എക്‌സ്‌ മിലിട്ടറി തന്നെ ഉദാഹരണം(മീശമാധവനിൽ മാള റിട്ടയേർഡ്‌ കളളനായിരുന്നു എന്ന വ്യത്യാസം മാത്രം), ഇന്നസെന്റിന്റെ വൈദ്യരും, മകൾ ഭാമയും (മീശമാധവനിൽ ഒടുവിലിന്റെ പോലീസുകാരനും മകളും), എന്നു തുടങ്ങി എസ്‌.ഐ (സലിംകുമാർ), കളളൻ (ഇന്ദ്രൻസ്‌), ചായക്കടക്കാരൻ (മാമുക്കോയ), ഫേൻസി കടക്കാരൻ സുകു (സുധീഷ്‌), മദ്യപാനിയായ കൃഷ്‌ണൻ(ജഗതി), പണിക്കർ (ഇടവേള ബാബു), പുഷ്‌ക്കു എന്ന പുഷ്‌ക്കരൻ (മച്ചാൻ വർഗ്ഗീസ്‌), പഞ്ചായത്ത്‌ വനിതാമെമ്പർ (ബിന്ദുപണിക്കർ), പിലാകണ്ടി മൊയ്‌തു(മണി) എന്നിങ്ങനെ അതിന്റെ നിരനീളുന്നു. ഈ കഥാപാത്രങ്ങൾക്കെല്ലാം ഒരേയൊരു ധർമ്മം മാത്രമേ ഉളളൂ. ജനങ്ങളെ പരമാവധി ചിരിപ്പിക്കുക, സർക്കസ്സിലെ കോമാളികളെപ്പോലെ അതിനിടയിൽ കഥ ചികഞ്ഞെടുക്കേണ്ടത്‌ പ്രേക്ഷകരുടെ ധർമ്മവും. ശാന്തനും, സൽസ്വഭാവിയും, ചെയ്യുന്ന തൊഴിലിനോട്‌ നീതി പുലർത്തുന്നവനുമായ മേജർ പട്ടാഭിരാമൻ (മമ്മൂട്ടി), അയാൾ അനിയനെപ്പോലെ സ്‌നേഹിക്കുന്ന ക്യാപ്‌റ്റൻ ബെന്നി (ബിജുമേനോൻ) ഇവരുടെ നേതൃത്വത്തിലാണ്‌ പട്ടാളം ക്യാമ്പ്‌ ചെയ്തിരിക്കുന്നത്‌. കൃഷ്ണപുരം എന്ന ലഹള നടന്ന ഗ്രാമത്തിലോ, പൊന്നാരിമംഗലത്തോ ഇനി അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാവരുത്‌ അതാണ്‌ അവരുടെ ദൗത്യം. ഒടുക്കം വാട്ടർടാങ്കിൽ വിഷം കലക്കാൻ ശ്രമിച്ച തീവ്രവാദികളെ ഒരു ഒറ്റയാൻ പോരാട്ടത്തിലൂടെ മേജർ പട്ടാഭിരാമൻ തകർക്കുന്നു. ദൗത്യം പൂർത്തീകരിച്ച്‌ തിരിച്ചുപോകുമ്പോൾ അവർ രണ്ടു പെൺകുട്ടികളെകൂടി കൊണ്ടുപോകുന്നു. ഭാമയേയും (ജ്യോതിർമയി), വിമലയേയും (ടെസ്സ). മുൻപ്‌ ഒരു യുദ്ധത്തിൽ പട്ടാഭിരാമന്‌ നിവൃത്തികേടുകൊണ്ട്‌ കൊല്ലേണ്ടി വന്ന ക്യാപ്‌റ്റൻ നന്ദുവിന്റെ (ഇന്ദ്രജിത്ത്‌) വിധവയാണ്‌ വിമല. ഇതാണ്‌ ‘പട്ടാള’ത്തിന്റെ രത്‌നചുരുക്കം. ഗ്രാമത്തിന്റെ രക്ഷയ്‌ക്കെത്തിയ നായകൻ (നായകൻമാർക്ക്‌) പാരിതോഷികമായി പെണ്ണിനെ കൊടുക്കുക എന്ന സാമ്പ്രദായിക കഥ തന്നെയാണ്‌ റെജിനായർ തിരക്കഥയൊരുക്കിയ പട്ടാളത്തിന്റേത്‌ എന്ന്‌ സൂചിതാർത്ഥം. ലാൽജോസ്‌ ഉപകഥയായി പറഞ്ഞ നന്ദുവിന്റെയും, വിമലയുടെയും ജീവിതത്തെ ഒന്നുകൂടി വികസിപ്പിച്ച്‌, താലികെട്ടിയ ഉടനെ യുദ്ധമുഖത്തേയ്‌ക്ക്‌ യാത്ര തിരിക്കേണ്ടി വരുന്ന, മറ്റുളളവരുടെ സുഖത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കുന്ന പട്ടാളക്കാരുടെ ആത്മാവിലേക്ക്‌ ഒരു പാളിനോട്ടം പോലെ അവതരിപ്പിക്കാമായിരുന്നു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മോശം കഥാപാത്രമാണ്‌ മേജർ പട്ടാഭിരാമൻ. ബിജുമേനോനും, നായികമാരായ ജ്യോതിർമയിക്കും, ടെസ്സയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന അഭിനയ മുഹൂർത്തങ്ങളൊന്നും ചിത്രത്തിലില്ല. ഗിരീഷ്‌ പുത്തഞ്ചേരി, വിദ്യാസാഗർ ടീമിന്റെ ഗാനങ്ങൾ, ഡിങ്കിരി ഡിങ്കിരിപട്ടാളം, മീശ മീശ ദോശ, എന്നിങ്ങനെ മീശമാധവനിൽ കേട്ട്‌ മടുത്തതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നുന്നില്ല. എസ്‌.കുമാറിന്റെ ക്യാമറയും, രഞ്ചൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ലാൽജോസിനെ സഹായിക്കുന്ന സന്ദർഭങ്ങൾ നിരവധി പ്രത്യേകിച്ച്‌ യുദ്ധരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ.

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.