പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മാറാട്‌ - മനസ്സുകളുടെ പുനരധിവാസം ഇനി എന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

അഞ്ചുമാസത്തിലേറെക്കാലത്തെ ഉത്‌കണ്‌ഠകൾക്കും വേദനകൾക്കുമൊടുവിൽ മാറാട്‌ പുനരധിവാസപ്രശ്‌നം ഒത്തുതീർന്നു. ആശ്വാസകരമായ ഈ തീരുമാനത്തിന്റെ പുറകിലെ നയതന്ത്രനാടകത്തിന്റെ തിരശ്ശീല ഇനിയും മാറ്റപ്പെട്ടിട്ടില്ല. ഒരു മുസ്ലീം മന്ത്രിയേയും മാറാടിലെ ചോരവീണ മണ്ണിൽ കാലെടുത്തുവെക്കുവാൻ സമ്മതിക്കില്ലെന്ന്‌ പറഞ്ഞ ഹൈന്ദവ സംഘടനാനേതാക്കളും സ്വസമുദായത്തിന്റെ വേദനയും ഭീകരതയും തിരഞ്ഞെടുപ്പിലൂടെ തൊട്ടറിഞ്ഞ മുസ്ലീം മന്ത്രിമാരും ഒരു ഗാന്ധിയന്റെ ഇടപെടലിന്റെ ഭാഗമായി മുഖ്യമന്ത്രി ആന്റണിയുടെ സാന്നിധ്യത്തിൽ കെട്ടിപ്പിടിച്ച്‌ പുഞ്ചിരിച്ച്‌ നില്‌ക്കുന്നതിനു പിന്നിലെ കാണാക്കളികളും നമുക്കറിയില്ല. അതിനുമപ്പുറം ഇതിനെ വിറ്റ്‌ വോട്ടാക്കാൻ പിന്നെ ഒരു ‘തലതെറിച്ച’ മുഖ്യമന്ത്രിയെ പുകച്ചു പുറത്തു ചാടിക്കാൻ വെമ്പുന്ന ഇടതും കോൺഗ്രസ്സിലെ പുതിയ പുണ്യവാളന്മാരും നടത്തുന്ന നെറിവുകേടുകളും നാം കാണുന്നുണ്ട്‌. മാറാടിനെ എങ്ങിനെയൊരു രാഷ്‌ട്രീയ-വർഗ്ഗീയ കച്ചവട ഉൽപ്പന്നമാക്കി മാറ്റാം എന്നേ ഏവർക്കും ചിന്തയുളളൂ.

ഈ പുനരധിവാസ തീരുമാനം ഒരു പങ്കുവയ്‌ക്കലിന്റെ ചില ബാക്കിപത്രം മാത്രം. പേരിന്‌ ഒരു സി.ബി.ഐ അന്വേഷണം, കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക്‌ പത്തുലക്ഷം, പരിക്കേറ്റവർക്ക്‌ അഞ്ച്‌ ചിലർക്ക്‌ ജോലി... പകരം വീടുവിട്ട മുസ്ലീങ്ങൾക്ക്‌ തിരിച്ചു താമസിക്കാൻ അരയസമാജത്തിന്റെ അനുവാദം. ഇത്‌ പുനരധിവാസമല്ല പറിച്ചു മാറ്റിയ ഒരു മരം തിരിച്ച്‌ പഴയ സ്ഥാനത്ത്‌ വെറുതെ വെയ്‌ക്കുന്നു എന്നുമാത്രം. ഈ മരത്തിന്റെ വേരുകൾ ഇനി ഭൂമിയിലേക്ക്‌ ജലം തേടി പോകില്ല എന്നത്‌ സത്യം. അതിന്റെ സാക്ഷ്യമാണ്‌ ഒരു ചാനലിലൂടെ അരയസമാജത്തിന്റെ മഹിളാവിഭാഗം നേതാവ്‌ പറഞ്ഞത്‌. “അവർ വന്ന്‌ താമസിക്കട്ടെ. ഞങ്ങൾക്ക്‌ ഇനി വിരോധമില്ല. അവർ വരികയും പോകുകയും ചെയ്യുന്നത്‌ ഞങ്ങൾക്ക്‌ പ്രശ്‌നമല്ല. അവരുടെ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടുവാൻ പോകുന്നില്ല.”

ഇനി എന്നാണ്‌ ഈ സ്‌ത്രീ ഹൃദയങ്ങളിലേക്ക്‌ മാറാട്ടെ മുസ്ലീങ്ങൾ പുനരിധിവാസം നടത്തുക. ഇത്തരം കണക്കുകൾക്കും ഒത്തുതീർപ്പുകൾക്കും മാറാടിന്റെ മണ്ണിലേക്ക്‌, പരസ്പരം ഹൃദയങ്ങളിലേക്ക്‌ പുനരധിവാസം നടത്താൻ കഴിയില്ല. ഇങ്ങനെയൊരു പുനരധിവാസമല്ല കേരള ജനത ആവശ്യപ്പെടുന്നത്‌. മറിച്ച്‌ നാളുകൾ ഏറെയാകുമെങ്കിലും കൊടിയുടെ നിറം നോക്കാതെ ഹിന്ദുവും മുസ്ലീമും എന്ന തിരിച്ചറിയൽ കാർഡില്ലാതെ, എല്ലാവരുടെയും മനസ്സിലേയ്‌ക്ക്‌ പരസ്പരം പുനരധിവാസം നടത്താൻ കഴിയുന്ന അവസ്ഥയുണ്ടാകണം. അതിനായി സാംസ്‌കാരിക നായകർ, രാഷ്‌ട്രീയ നേതാക്കൾ, എഴുത്തുകാർ തുടങ്ങിയ ലേബലുകളില്ലാതെ വെറും മനുഷ്യരായി നമുക്ക്‌ മാറാടിന്റെ മണ്ണിലെത്താം. കാരണം ഇനിയിവിടെ ലേബലുകളുടെ വിധിയല്ല വേണ്ടത്‌ മറിച്ച്‌ സാഹോദര്യത്തിന്റെ മനുഷ്യത്വത്തിന്റെ തിരിച്ചറിവുകളാണ്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.