പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓണം - മിത്തിനുമപ്പുറം ഒരന്വേഷണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുന്നുകുഴി എസ്‌.മണി

ലേഖനം

നൂറ്റാണ്ടുകളുടെ ചരിത്രവും പേറിയെത്തുന്ന ഓണം കേരളീയരുടെ മാത്രം തനത്‌ ഉത്സവമാണ്‌. പക്ഷെ ഇന്നത്‌ ദേശീയോത്സവമായി അംഗീകാരം പിടിച്ചു പറ്റിയിരിക്കുന്നു.

ഓണാഘോഷം എന്നു തുടങ്ങി എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയുവാൻ പോന്ന തെളിവൊന്നും ചരിത്രത്തിൽ കണ്ടെത്തിയിട്ടില്ല. അതേസമയം, ഓണത്തെ സംബന്ധിച്ച്‌ ഒട്ടേറെ ഐതിഹ്യങ്ങൾ നിലനില്‌ക്കുന്നുമുണ്ട്‌.

ഈ ഐത്യഹ്യങ്ങളിലും സങ്കല്പങ്ങളിലും ‘മഹാബലിക്കഥ’യുണ്ട്‌, ‘പരശുരാമക്കഥ’യുണ്ട്‌, ‘വാമനാവതാരക്കഥ’യുമുണ്ട്‌. അതൊന്നുമല്ല, ഓണം ഒരു വിളവെടുപ്പുത്സവകാലം-കാർഷികോത്സവം-ആണെന്ന പ്രബലമായ മറ്റൊരു അഭിപ്രായവുമുണ്ട്‌.

ബ്രഹ്‌മാണ്ഡപുരാണത്തോട്‌ ബന്ധപ്പെട്ട്‌ ‘കേരള മാഹാത്മമ്യ’ത്തിന്റെ അവസാനഭാഗത്ത്‌ ഓണത്തെക്കുറിച്ച്‌ ഇങ്ങനെ ഒരു ശ്ലോകം കാണുന്നു.

“ശ്രാവണേ സംസ്ഥിതേ ദാൻ

ശ്രവണർക്ഷേ ദ്വിങ്ങോത്തമാഃ

ആഗമിഷ്യാവിമ ഭൂവ്

കേരള സ്‌മിൻ സുവർഷജേ” (അഃ99 ശ്ലോ.12)

ഇതിൽ പരശുരാമൻ കേരള ബ്രാഹ്‌മണരെ ശപിക്കുന്നതും, ശാപമോചനം നല്‌കുന്നതുമാണ്‌ സന്ദർഭം. ആണ്ടിലൊരിക്കൽ അദ്ദേഹം കേരളത്തിൽവന്ന്‌ അഭിശപ്‌തരായ സ്വന്തം ജനങ്ങളെ കണ്ടുകൊളളാമെന്ന്‌ വാഗ്‌ദാനം ചെയ്യുന്നു.

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്ന്‌ കരുതുന്ന ഉണ്ണുനീലി സന്ദേശത്തിൽ ഓണത്തെക്കുറിച്ച്‌ ഒന്നും പറയുന്നില്ലെങ്കിലും അതിൽ ഓണം ഒരു ഉപമയാക്കിയിരിക്കുന്നു. ഇതിൽനിന്നും ഓണാഘോഷത്തിന്റെ പഴക്കത്തെ സംബന്ധിച്ച്‌ ഒരു ഊഹം ലഭ്യമാണ്‌.

തിരുവിതാംകൂർ ആർക്കിയോളജിക്കൽ സീരീസ്‌ 2-​‍ാം വാല്യം 47-​‍ാം പേജിൽ പരാമർശവിധേയമാകുന്ന ഒരു ശിലാരേഖയിൽ പത്താം നൂറ്റാണ്ടിലെ ഒരു ചെലവു കണക്കുകാണാം. അതിൽ “പൂരാടം തുടങ്ങിയ ഓണത്തളവു”കാണിച്ചിരിക്കുന്നു. ഇതനുസരിച്ചു നോക്കുമ്പോഴും ഓണത്തിന്റെ കാലപ്പഴക്കമേറുന്നുണ്ട്‌.

ക്രിസ്‌തുവിനുശേഷം 62-ഉം 67-ഉം കാലങ്ങൾക്കിടയിൽ ഓണാഘോഷം ആരംഭിച്ചതായി ആറ്റൂർ കൃഷ്ണപിഷാരടി പറയുന്നു. ആഘോഷങ്ങൾക്ക്‌ ആദ്യം നേതൃത്വം വഹിച്ചത്‌ 36 പെരുമാക്കൻമാരിൽ ഒടുവിലത്തെ ആളായ ഭാസ്‌ക്കര രവിവർമ്മ പെരുമാളായിരുന്നു. കേരളം ഭരിച്ചിരുന്ന ആദിചേരവംശ സ്ഥാപകനും ആദ്യപുരാണങ്ങളിൽപോലും പ്രസിദ്ധനുമായ മഹാബലി ചക്രവർത്തിയുടെ സ്‌മരണക്കായിട്ടാണ്‌ ഭാസ്‌ക്കര രവിവർമ്മ തലസ്ഥാന നഗരമായ തൃക്കാക്കരവച്ച്‌ ഓണാഘോഷത്തിന്‌ ആരംഭം കുറിച്ചത്‌. തൃക്കാക്കര വച്ചു നടക്കുന്ന ഓണാഘോഷങ്ങളിൽ കേരളക്കരയിലെ സർവ്വ രാജാക്കന്മാരും പ്രഭുക്കന്മാരും ജനങ്ങളും പങ്കെടുക്കണമെന്നാണ്‌ പെരുമാളിന്റെ കല്പന.

“പത്തുപ്പാട്ടിൽ”

രണ്ടായിരം വർഷത്തോളം പഴക്കം ചെന്ന “പത്തുപ്പാട്ടിലും” ഓണത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. പത്തുപ്പാട്ടിൽ വിവിധ ഉത്സവങ്ങൾ വർണ്ണിക്കുന്നതിനിടയിൽ “മായോൻ” പിറന്ന നല്ല നാളായ ഓണത്തേയും ഒരു ഉത്സവമായി കൊണ്ടാടിയിരുന്നതായി വർണ്ണിക്കുന്നുണ്ട്‌. ക്രി.മു.രണ്ടാം നൂറ്റാണ്ടിനടുത്തു ജീവിച്ചിരുന്നുവെന്ന്‌ കരുതുന്ന മാങ്കുടി മരുതനാർ എന്ന കവിയാണ്‌ 782 അടികളുളള പത്തുപ്പാട്ടിലെ “മധുരൈക്കാഞ്ചി”യുടെ കർത്താവ്‌. മധുരൈക്കാഞ്ചിയിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്‌. ഓണാഘോഷത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രാചീനമായ രേഖയും ഇതാണെന്ന്‌ കരുതുന്നു.

മഹാബലിയെ ജയിച്ച വാമനന്റെ സ്‌മാരകമായിത്തന്നെയാണ്‌ മധുരയിലും ഓണാഘോഷം നടത്തിയിരുന്നത്‌. ഏഴു ദിവസമായിരുന്നു മധുരയിലെ ഓണാഘോഷം. ഏഴു ദിവസം സന്ധ്യയ്‌ക്ക്‌ ആറാട്ടോടുകൂടിയാണ്‌ ഓണാഘോഷത്തിന്‌ തിരശ്ശീല വീണിരുന്നത്‌. ഉത്സവപ്പിറ്റേന്ന്‌ മധുര ഭരിച്ചിരുന്ന പാണ്ഡ്യൻ നെടുഞ്ചെഴിയാൻ പണ്ഡിതൻമാർക്കും, സ്ഥാനികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്‌തിരുന്നു. കൊച്ചി രാജാക്കന്മാർ തൃക്കാക്കരയിൽ നടത്തിവന്നിരുന്ന “അത്തച്ചമയ”ത്തേയും, “ഓണപ്പുടവ”യേയും ഇത്‌ അനുസ്‌മരിക്കുന്നു.

ആന്ധ്ര സംസ്ഥാനത്തെ തിരുപ്പതിയിലും, തമിഴ്‌നാട്ടിലെ തന്നെ തിരുക്കൊട്ടിയൂരിലും ഓണാഘോഷം നടന്നിരുന്നതായി കാണാം. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച വിദേശ സഞ്ചാരി അൽബുറണി, 1154-ൽ വന്ന അൽ ഇദ്രാസി, 1159-ൽ വന്ന ബഞ്ചമിൻ തുടങ്ങിയവരും, ബുദ്ധസന്യാസിയായ അഗസ്ത​‍്യാനന്ദനും ഓണാഘോഷം കേരളത്തിൽ നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

മഹാബലിക്കഥ - ഐതിഹ്യമോ യാഥാർത്ഥ്യമോ?

ഓണത്തെ സംബന്ധിച്ച ഐതിഹ്യങ്ങളിൽ ഏറ്റവും പ്രചുരപ്രചാരം നേടിയിട്ടുളളത്‌ മഹാബലിയുടെ കഥയ്‌ക്കാണ്‌. മഹാബലിയുടെ കഥ അറിയാത്ത മലയാളികൾ ഉണ്ടെന്നു തോന്നുന്നില്ല. ആ കഥകളിൽ നിന്നൊക്കെ വ്യത്യസ്ഥമാണ്‌ ഞാനിവിടെ പറയുന്ന മാവേലിയുടെ കഥ.

ആരാണ്‌ ഈ മാവേലി? ഹിരണ്യവംശക്കാരനായ മാവേലി അസുര ചക്രവർത്തിയെന്ന്‌ പറയുന്നത്‌ ശരിയല്ല. അദ്ദേഹം അസുരനായിരുന്നില്ല. ഇതേ സംബന്ധിച്ച്‌ പലർക്കും പല ന്യായീകരണങ്ങൾ ഉണ്ടാവാം. പക്ഷെ യഥാർത്ഥത്തിൽ മാവേലി ദ്രാവിഡകുലത്തിൽപ്പെട്ട ആളാണ്‌. വിരോചനന്റെ പുത്രനായിട്ടാണ്‌ മാവേലി ജനിച്ചത്‌. അദ്ദേഹത്തിന്റെ ഗുരുവാകട്ടെ ശുക്രാചാര്യരും. ചില ചരിത്രകാരന്മാർ നാഗന്മാരുടെ ചക്രവർത്തിയാണ്‌ മാവേലിയെന്നും പിൽക്കാലത്ത്‌ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നിൽ നിഗൂഢമായ ചില ലക്ഷ്യങ്ങൾ അവർക്കുണ്ടായിരുന്നു. അതിലൊന്നാണ്‌ മഹാബലിയെ കേരളത്തിലെ നായരാക്കുന്ന വിദ്യ. കേരളത്തിലെ നായന്മാർ നാഗന്മാരായിരുന്നുവെന്ന്‌ പറയുന്നത്‌ ബലിയെ ചതിക്കുഴിയിൽപ്പെടുത്താനായിട്ടാണ്‌. കേരളത്തിലെ നായന്മാർക്ക്‌ നാഗന്മാരുമായി യാതൊരു ബന്ധവുമില്ല. നാഗാരാധന നടത്തുന്നവരെല്ലാം നായന്മാരായി ചിത്രീകരിക്കുന്നതിലും യാതൊരു സത്യവും കാണുന്നില്ല. കേരളത്തിൽ നായന്മാരല്ലാത്തവരും നാഗാരാധകരായിട്ടുണ്ട്‌. അവരിൽ ആദിമ നിവാസികളിൽപ്പെട്ട പുലയരും, പറയരും ഉൾപ്പെടുന്നുണ്ട്‌. ഇവരെയെല്ലാം നാഗന്മാരാണെന്നും നായന്മാരാണെന്നും പറഞ്ഞാൽ ഇതിൽപ്പരം ഒരു അസംബന്ധം വേറൊന്നില്ല.

കേസരി ബാലകൃഷ്‌ണപ്പിളളയെപ്പോലുളള ചരിത്രകാരന്മാർ മഹാബലിക്ക്‌ ഇറാൻ ജന്മവും കല്പിക്കുന്നുണ്ട്‌. മാത്രമല്ല അദ്ദേഹം നർമ്മദാനദീ തീരത്ത്‌ യാഗം നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പുത്രൻ ബാണന്റെ രാജധാനി ആസാമിലായിരുന്നുവെന്നും കൂടി പറഞ്ഞുവെയ്‌ക്കുന്നുണ്ട്‌. അതെസമയം ആർ.എസ്‌.ആശാരി 1986 നവം.9ന്‌ മാതൃഭൂമിയിൽ എഴുതിയ ഒരു കത്തിൽ മഹാബലി കാംരൂപ്‌ ജില്ലയിലാണ്‌ ഭരണം നടത്തിയിരുന്നതെന്ന്‌ സമർത്ഥിക്കുന്നു. ഇറാൻകാരനായ മഹാബലി ആസാമിലെ കാംരൂപ്‌ ജില്ലയിൽ ഭരണം നടത്തിയിട്ട്‌ കേരളത്തിൽ എങ്ങിനെ കയറി ഭരിച്ചുവെന്നത്‌ സാംഗത്യമല്ലാത്തതാണ്‌. ഒന്നുകിൽ മഹാബലി കേരളത്തിലെ അടിസ്ഥാനവർഗ്ഗക്കാരനായ ദ്രാവിഡ രാജാവ്‌ അല്ലെങ്കിൽ ആദ്യത്തെ ചേരചക്രവർത്തി. രണ്ടായാലും ദ്രാവിഡകുല ജാതനാണ്‌ വിരോചനപുത്രനായ മഹാബലി.

“കേരളത്തിൽ മാത്രം എത്രയോ നൂറ്റാണ്ടുകളായി കൊണ്ടാടിവരുന്ന ഓണമഹോത്സവം മഹാബലിയുടെ സ്മാരകമായിട്ടുളളതാണെന്നും, അതുകൊണ്ടാണ്‌ അക്കാലത്ത്‌ മഹാബലിയുടെയും തൃക്കാക്കരയപ്പനായ ശിവന്റെയും, തെക്കേക്കരയപ്പനായ വിഷ്‌ണുവിന്റെയും രൂപങ്ങൾ ഉണ്ടാക്കി മഹാബലിയെ നടുവിലും തെക്കേക്കരയപ്പനെ തെക്കും തൃക്കാക്കരയപ്പനെ വടക്കുമായി പ്രതിഷ്‌ഠിച്ച്‌ പൂജിച്ചു വരുന്നതെന്നും ഉളള സംഗതിയുംകൂടി ചേർത്തു നോക്കുമ്പോൾ ആദ്യപുരാണങ്ങളിൽ പ്രസിദ്ധനായി കാണുന്ന മഹാബലി തന്നെയായിരിക്കണം ചേരരാജവംശത്തിന്റെ ആദിപുരുഷനെന്നും സാമാന്യമായി വിചാരിക്കാവുന്നതാണ്‌.

ആദ്യപുരാണഗ്രന്ഥങ്ങളിൽ വളരെ ബലവാനായ ഒരസുര രാജാവായും മഹാവിഷ്‌ണു തന്നെ അദ്ദേഹത്തിന്റെ ദ്വാരകപാലകന്റെ സ്ഥാനം വഹിക്കത്തക്കവിധത്തിലുളള മഹാപുരുഷനായും വർണ്ണിച്ചു കാണുന്ന മഹാബലി വാസ്‌തവത്തിൽ ഒരു ദ്രാവിഡ രാജാവായിരിക്കണം. സത്യവാനും, മഹാപരാക്രമിയും, ധർമ്മിഷ്‌ഠനുമായിരുന്ന അദ്ദേഹം ആര്യന്മാരുടെ ദ്രാവിഡ ദേശങ്ങളിലേയ്‌ക്കുളള ആക്രമണം തടുത്തുനിർത്തിയെന്നുമാത്രമല്ല ആര്യാവർത്ത ഭൂമിയെപ്പോലും ജയിച്ചു കീഴടക്കി ഭരിച്ചുവന്നു. ബലവാനും പ്രജാക്ഷേമ തൽപരനുമായ അദ്ദേഹത്തെ യുദ്ധം കൊണ്ട്‌ ജയിക്കാൻ നിവൃത്തിയില്ലെന്നു കണ്ടപ്പോൾ, ആര്യപ്രധാനന്മാർ ഉപായംകൊണ്ട്‌ ജയിക്കാൻ ശ്രമിച്ചു തുടങ്ങി. അതിനായി വലിയ തപസ്വിയും നിത്യബ്രഹ്‌മചാരിയും ദിവ്യശക്തിയുളളയാളുമായ വാമനമൂർത്തിയെ ശരണം പ്രാപിച്ചു. അതിന്റെ ഫലമായി ആ വാമനമൂർത്തി തക്ക അവസരം നോക്കി മഹാബലിയെച്ചെന്ന്‌ കാണുകയും തപോനിഷ്‌ഠകൊണ്ടും മറ്റും തന്നെപ്പറ്റി വളരെ ബഹുമാനമുളള ആ രാജാവിനെക്കൊണ്ട്‌ തനിക്കാവശ്യമുളളതു തരാമെന്ന്‌ വാഗ്‌ദാനം ചെയ്യിക്കുകയും ചെയ്‌തു. പിന്നെ രാജ്യം മുഴുവനും ദാനമായി തരണമെന്നപേക്ഷിച്ചു. സത്യനിഷ്‌ഠനായ മഹാബലി രാജാവ്‌ ലേശംപോലും സംശയിക്കാതെ രാജ്യം മുഴുവനും അദ്ദേഹത്തിന്‌ ഉദാരപൂർവ്വം ദാനവും ചെയ്‌തു. രാജാവിന്റെ ആ വിധത്തിലുളള സത്യനിഷ്‌ഠയും, ധർമ്മിഷ്‌ഠതയും കണ്ടപ്പോൾ ചതിപ്പാൻ വന്ന വാമനമൂർത്തിപോലും അദ്ദേഹത്തിനധീനനായിത്തീർന്നു. എന്നിട്ട്‌ കേരളരാജ്യം മഹാബലിക്കുതന്നെ തിരികെ കൊടുക്കുകയും താനും ഉത്തമനായ ഒരു രാജാവിന്റെ സമീപത്തിൽ തന്നെ താമസിപ്പാനുറക്കുകയും ചെയ്‌തു”വെന്നാണ്‌ ആറ്റൂർ കൃഷ്ണപിഷാരടി തന്റെ “കേരളചരിത”ത്തിൽ മാവേലിയെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്‌.

മഹാബലിയെ പാതാളത്തിൽ ചവുട്ടിത്താഴ്‌ത്തിയത്‌ നീതിയോ?

മറ്റൊരു ഐതിഹ്യകഥ ഇങ്ങനെയാണ്‌. പ്രജാക്ഷേമ തല്പരനും ധർമ്മിഷ്‌ഠനുമായ മഹാബലി കേരളം ഭരിച്ചുകൊണ്ടിരുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ദാനധർമ്മിഷ്‌ഠമായ ഭരണം ദേവൻമാർക്ക്‌ സഹിക്കാവുന്നതിലും ഏറെയായിരുന്നു. അവരുടെ സ്ഥാനമാനങ്ങൾതന്നെ നഷ്‌ടപ്പെടുമെന്ന അവസ്ഥ വന്നതോടെ ദേവന്മാർ മഹാവിഷ്‌ണുവിനോട്‌ സങ്കടം ഉണർത്തിച്ചു. ഇതുതന്നെ തക്കമെന്ന്‌ കരുതി മഹാവിഷ്‌ണു വാമനന്റെ അവതാരമെടുത്ത്‌ ഭൂമിയിലെത്തുകയും മഹാബലി ചക്രവർത്തിയെ സമീപിച്ച്‌ തനിക്ക്‌ തപസ്സു ചെയ്യുവാൻ മൂന്നടി സ്ഥലം വേണമെന്ന്‌ ആവശ്യപ്പെട്ടു.

ദാനധർമ്മിഷ്‌ഠനായ ചക്രവർത്തി മൂന്നടി സ്ഥലം അളന്നെടുത്തുകൊളളുവാൻ വാമനനോട്‌ പറഞ്ഞു. വാമനൻ നിമിഷനേരം കൊണ്ട്‌ ആകാശത്തോളം വളർന്ന്‌ വലുതാവുകയും രണ്ടടികൊണ്ട്‌ ഭൂമിയും സ്വർഗ്ഗവും അളന്നെടുക്കുകയും മൂന്നാമത്തെ അടിക്കുളള സ്ഥലം ആവശ്യപ്പെടുകയും ചെയ്‌തു. ധർമ്മിഷ്‌ഠനായ മഹാബലി മറിച്ചൊന്നും ചിന്തിച്ചില്ല. അല്ലെങ്കിൽ അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു. പക്ഷെ മൂന്നാമത്തെ അടിയിൽ വാമനന്റെ ചതിവ്‌ മനസ്സിലാക്കാത്ത മഹാബലി തന്റെ തല വാമനനുമുന്നിൽ കാട്ടിക്കൊടുത്തു. വാമനൻ കാലുയർത്തി മഹാബലിയുടെ തലയിൽവച്ച്‌ മൂന്നാമത്തെ അടിക്കായി പാതാളത്തിലേയ്‌ക്ക്‌ ചവിട്ടിത്താഴ്‌ത്തി. അതിനുമുൻപ്‌ മഹാബലി വാമനനോട്‌ ഒരുവരം ആവശ്യപ്പെട്ടു. വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ വന്നുകാണാൻ അനുവദിക്കണമെന്ന്‌. അന്ത്യാഭിലാഭം വാമനൻ അനുവദിച്ചു. അങ്ങിനെ വർഷത്തിലൊരിക്കൽ മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്നതാണ്‌ തിരുവോണമായി കേരളീയർ കൊണ്ടാടുന്നത്‌.

ഈ കഥയിൽ ദാനധർമ്മിഷ്‌ഠനായ ഒരു ചക്രവർത്തിയെ ദൈവമായി വിശ്വസിക്കുന്ന മഹാവിഷ്‌ണു വാമനരൂപം പൂണ്ട്‌ വന്ന്‌ പാതാളലോകത്തിലേയ്‌ക്ക്‌ ചതിച്ച്‌ ചവിട്ടിത്താഴ്‌ത്തിയത്‌ അന്യായമാണ്‌. വിശ്വാസികൾക്ക്‌ ന്യായീകരണങ്ങൾ ഏറെയുണ്ടെങ്കിലും ദൈവത്തിനുപറ്റിയ പണിയേയല്ല. ഈ സംഭവത്തിലൂടെ വിഷ്‌ണുവിന്‌ തന്റെ ദൈവികത്വം നഷ്‌ടപ്പെടുന്നു.

തൃക്കാക്കരക്ഷേത്രവും ഓണവും തമ്മിലുളള ബന്ധം

തൃക്കാക്കര ക്ഷേത്രവും ഓണവും തമ്മിൽ എന്തോ അഭേദ്യമായ ബന്ധം ചരിത്രത്തിൽ നിലനില്‌ക്കുന്നുണ്ട്‌. ഈ ക്ഷേത്ര സങ്കേതത്തിന്റെ ചരിത്രവസ്‌തുത പരിശോധിക്കും മുൻപ്‌ അവിടത്തെ പ്രതിഷ്‌ഠയെക്കുറിച്ച്‌ അല്പം പരാമർശിക്കേണ്ടതുണ്ട്‌. ഈ ക്ഷേത്രോല്പത്തിയും പുലയരും തമ്മിലുളള ബന്ധം മറ്റൊരു ചരിത്രവസ്‌തുതയാണ്‌.

ആര്യബ്രാഹ്‌മണ കുടിയേറ്റത്തിനുമുൻപുതന്നെ തൃക്കാക്കരക്ഷേത്രം നിലനിന്നിരുന്നു. ആര്യന്മാരുടെ വരവിനുശേഷമാണ്‌ വിഷ്‌ണു ദൈവമായി പ്രതിഷ്‌ഠിച്ചത്‌. അതുവരേയ്‌ക്കും ദ്രാവിഡ ദൈവമായ ശിവനായിരുന്നു പ്രാധാന്യം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയും ശിവനായിരുന്നു. ഇപ്പോൾ തൃക്കാക്കരയപ്പൻ മഹാവിഷ്‌ണുവാണെന്ന്‌ ഒരു തർക്കം നിലവിലുണ്ട്‌. കൊളവേലി ബാലകൃഷ്‌ണൻ 1986 നവംബർ 16-ന്‌ മാതൃഭൂമിയിൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ പറയുന്നുണ്ട്‌. “കേരളത്തിൽ ആദ്യബ്രാഹ്‌മണരുടെ പ്രവേശനവും നമ്പൂതിരിവാഴ്‌ചയുടെ ഉയർച്ചയും വിഷ്‌ണുക്ഷേത്രങ്ങളുടെ ഉത്ഭവവും ഉണ്ടാകുന്നതിനുമുമ്പുണ്ടായതാണ്‌ തൃക്കാക്കരയിലെ പൗരാണിക ശൈവക്ഷേത്രം. ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയം ഭൂവായ ശിവലിംഗമാണ്‌. ഇത്‌ പ്രാചീനമാണെന്ന്‌ തെളിവുകൾ വേറെയുമുണ്ട്‌. ക്രിസ്‌തുവിനുമുൻപ്‌ ബി.സി.4-​‍ാം ശതകത്തിൽ കേരളത്തിൽ വന്ന മെഗസ്തനീസ്‌ എന്ന ഗ്രീക്കു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ തൃക്കാക്കരയെപ്പറ്റിയും അവിടത്തെ ശിവാലയത്തെപ്പറ്റിയും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനെ കടലലകൾ അലട്ടിക്കൊണ്ടിരിക്കുന്നതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഡോ.ഷാൻബെക്കിന്റെ ശേഖരണങ്ങളിൽ പറഞ്ഞു കാണുന്നു.”

ഓണവും മഹാബലിയും തമ്മിലുളള ബന്ധം തൃക്കാക്കരക്ഷേത്രത്തെയും വാമന പ്രതിഷ്‌ഠയേയും തുടർന്നാണ്‌ ആരംഭിക്കുന്നത്‌. ഇ.ഡി.604-ൽ ആണ്‌ കേരളപ്പെരുമാൾ തൃക്കാക്കരക്ഷേത്രം പണിയിച്ചതെന്ന്‌ 1987 സെപ്തം.13-ന്‌ മലയാള മനോരമയിൽ പെരുമ്പളം രവി എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്‌. ഈ പ്രസ്താവം എന്തുമാത്രം ശരിയാണെന്ന്‌ പറയാനാവില്ല. ഇ.ഡി.604-ന്‌ വളരെമുൻപ്‌ തന്നെ തൃക്കാക്കരക്ഷേത്രം ഉണ്ടായിരുന്നതായി ബി.സി. 4-​‍ാം ശതകത്തിൽ കേരളം സന്ദർശിച്ച ഗ്രീക്കുസഞ്ചാരി മെഗസ്തനീസ്‌ രേഖപ്പെടുത്തിയിട്ടുളളതിൽനിന്നും വ്യക്തമാണല്ലോ.

എറണാകുളം ജില്ലയിൽപ്പെട്ട തൃക്കാക്കര ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ പുലയരും പുലയനാടുവാഴികളുമായിരുന്നു. ഇതു സംബന്ധിച്ച രേഖകൾ നിരവധിയുണ്ടായിട്ടും ബ്രാഹ്‌മണാധിപത്യത്തിൽ തൃക്കാക്കര ക്ഷേത്രം എങ്ങനെ അകപ്പെട്ടുവെന്നത്‌ ഇന്നും കടങ്കഥപോലെ അവശേഷിക്കുന്നു.

ക്രിസ്‌തുവിനുപിൻപ്‌ 955-ലെ ഒരു വട്ടെഴുത്ത്‌ ശാസനം ഇങ്ങനെയാണ്‌. ക്ഷേത്രമുറ്റത്തെ കൽപ്പലകയിലാണ്‌ ഇത്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. “പെരുവയൽ പൂവിയുപുലൈവരും” 1000 വർഷം മുൻപുളള മറ്റൊരു ശാസനത്തിൽ “കണ്ണൻ പുറൈയൻ നാടുവാഴ്‌കയിൽ അമൈച്ച തിരുനന്താവിളക്കു...ഇന്നെയ്‌ നാളാലും നിങ്ങളാലും മുട്ടിക്കിൽ മൂട്ടിരട്ടിച്ചെലുത്തക്കടവർ ഒരാണ്ടുതെകിയ മുട്ടിക്കിൽ കാരാണ്‌ മൈയിടക്കടവികൻ. ഇരുപത്തിയൈഞ്ചു തുട നെയ്‌ ചെലുത്തക്കടവർ കാലെത്തു കണ്ണൻകുമാരൻ അമൈച്ച്‌ വിളക്കിനും ഇപ്പടി അറിയും ചാതുക്കക്കൾപെരുമ നൈക്കോട്ടത്ത്‌ കേയവൻ ചങ്കരനും കുലചേകിരപട്ടനത്ത്‌ കേയവൻ ചങ്കരനും കുലചേകിരപട്ടനത്ത്‌ പോഴാ നാരായണനും വെളളയമ്പിളളി പോഴൻ ചാത്താനും അറിയും ഇവകളറിക കയ്യെഴുതി അറിവേൻ കമ്മൽകോട്ടി രവികന്റെ പോഴൻ”.

ക്രി.പി.250-ൽ തൃക്കാക്കര “കാൽക്കരൈ” നാടുഭരിച്ചിരുന്നത്‌ പുലയനാടുവാഴിയായ “പുറൈയൻ” ആയിരുന്നു. പുറൈയൻ നാടുഭരിച്ചിരുന്ന സമയത്ത്‌ കാരിലത്ത്‌ കണ്ണൻകുമാരൻ തൃക്കാക്കരക്ഷേത്രത്തിൽ ഏർപ്പെടുത്തിയ വിളക്കിന്റെ വിവരമാണ്‌ ഈ ശാസനത്തിൽ കാണുന്നത്‌. അതുപോലെ തൃക്കാക്കരക്ഷേത്രത്തിലേയ്‌ക്ക്‌ ഭൂമി ദാനം ചെയ്‌തവർ ചിറുമറ്റപ്പുഴ കോതൈനാരായണൻ, തേവൻവേന്തൻ, കോതൈകേരളൻ, കോതൈ പൊറൈൻ എന്നീ പുലയരായിരുന്നു. ക്രി.പി.900 മുതൽ 1300 വരെയുളള ക്ഷേത്രരേഖകളിൽ ദേവസ്വം വസ്‌തുക്കൾ (ക്ഷേത്രവസ്‌തുക്കൾ) മുഴുവൻ ദാനം ചെയ്‌തിരുന്നവർ പുലയർ തുടങ്ങിയ അടിസ്ഥാനവർഗ്ഗക്കാർ മാത്രമായിരുന്നു. യഥാർത്ഥത്തിൽ തൃക്കാക്കരക്ഷേത്രത്തിന്റെ അവകാശികൾ പുലയരായിരുന്നു. അതാണ്‌ തൃക്കാക്കര ക്ഷേത്രവും പുലയരും തമ്മിലുളള ബന്ധം. പക്ഷെ ക്ഷേത്ര പൂജാരിയായി ഒരു ആര്യബ്രാഹ്‌മനെ നിയമിച്ചതോടെയാണ്‌ ക്ഷേത്രത്തിന്റെ അവകാശം മുഴുവൻ ഇന്നുകാണുന്നതുപോലെ സവർണ്ണരുടെ കൈകളിൽ എത്തിച്ചേർന്നതെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു. ഓണാഘോഷത്തിന്റെ തുടക്കം ഈ ക്ഷേത്ര സങ്കേതത്തിൽ നിന്നാണെങ്കിൽ അതിന്റെ ആരംഭം പുലയരും പുലയ നാടുവാഴികളുമായിരുന്നുവെന്ന്‌ വ്യക്തമാണ്‌. പക്ഷെ ഇന്നവർ തൃക്കാക്കര ക്ഷേത്രത്തിൽ വിഷ്‌ണു മുതൽ മാവേലിവരെയുളള പ്രതിഷ്‌ഠകൾ നടത്തി അത്തച്ചമയവും ഓണാഘോഷവും നടത്തുന്നു.

ഇന്ദ്രവിഴാ തിരുവോണമായി മാറി

ചേരനാട്‌ ഭരിച്ചിരുന്ന ആദ്യത്തെ ചേരരാജാവാണ്‌ ഇന്ദ്രവിഴാ എന്ന ആഘോഷത്തിന്‌ തുടക്കം കുറിച്ചത്‌. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഒരിക്കൽ തന്റെ മന്ത്രിമാരേയും, പടനായകന്മാരേയും കൊട്ടാരം ഉദ്യോഗസ്ഥന്മാരേയും, ജനപ്രതിനിധികളേയും വിളിച്ചുച്ചേർത്ത്‌ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതായും ചരിത്രം പറയുന്നു.

കാലാകാലങ്ങളിൽ കൃഷിക്കുവേണ്ടി മഴ, മഞ്ഞ്‌, വെയിൽ എന്നിവ നൽകുന്നത്‌ ഒരു ദിവ്യശക്തിയാണെന്ന്‌ ചേരരാജാവ്‌ മനസ്സിലാക്കി. അതാകട്ടെ ഇന്ദ്രദേവനും, ഇന്ദ്രദേവനെ സ്‌തുതിക്കുന്നതിനുവേണ്ടി കൊയ്‌ത്ത്‌ കഴിഞ്ഞു വരുന്ന ചിങ്ങമാസത്തിലെ 28 ദിവസം തിരഞ്ഞെടുക്കണമെന്നും പ്രഖ്യാപനമുണ്ടായി. ആ ദിവസങ്ങളിൽ രാജ്യത്തെ സ്‌ത്രീ പുരുഷന്മാർ ഒന്നടങ്കം വ്രതാനുഷ്‌ഠാനത്തോടെ കഴിയണം. ആരംഭ ദിവസം കൊടിയേറി വേണം ആഘോഷങ്ങൾ ആരംഭിക്കേണ്ടത്‌. അന്ന്‌ കുരവ, കൂത്ത്‌, പഞ്ചവാദ്യം, നൃത്തം എന്നിവയ്‌ക്കുപുറമേ ആചാരവെടിയും മുഴക്കേണ്ടതാണ്‌. 28 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാന ദിവസം മഹാരാജാവ്‌ ഒരു പൊതുമൈതാനത്ത്‌ എഴുന്നെളളിയിരിക്കും. അന്ന്‌ വിഭവസമൃദ്ധമായ സമൂഹസദ്യയും, പുതുവസ്‌ത്രദാനവും ഉണ്ടായിരിക്കും. വൈകുന്നേരം പൊതുയോഗം ചേരും. അവിടെവച്ച്‌ രാജാവ്‌ ഒരു വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുകയും കൂട്ടായ സഹകരണത്തിന്‌ നന്ദി ആശംസിക്കുകയും കർഷകർക്കും, കലാകാരന്മാർക്കും, പണ്ഡിതൻമാർക്കും, ഉദ്യോഗസ്ഥന്മാർക്കും സമ്മാനങ്ങൾ തൃക്കൈകൊണ്ട്‌ സമ്മാനിക്കുകയും ചെയ്‌തിരുന്നു.

ഈ ആഘോഷങ്ങളിൽ അയൽരാജ്യങ്ങളിൽ നിന്നും നാടുവാഴികളും, രാജാക്കൻമാരും പങ്കെടുത്തിരുന്നതായി ചരിത്രരേഖകൾ കണ്ടെത്തിയിട്ടുണ്ട്‌. അഗസ്ത​‍്യചിത്തനൈ, ചാത്തനാര്‌, ഇളങ്കോവടികൾ, തോൽകാപ്പിനാർ എന്നിവർ ഈ ആഘോഷങ്ങളിൽ പങ്കെടുത്ത പ്രമുഖരാണ്‌. അവരുടെ കുറിപ്പുകളിൽനിന്നും ചിങ്ങത്തിലെ 28 ദിവസവും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും വിശേഷാൽ പൂജകൾ അർപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആര്യബ്രാഹ്‌മണരുടെ ആക്രമണത്തോടെ രാജ്യവും രാജാക്കന്മാരും ആക്രമിക്കപ്പെടുകയും നാടുകടത്തലിന്‌ വിധേയരാകുകയും ചെയ്‌തു. അതിനുശേഷം ആര്യന്മാർ മഹാബലിയുടെയും, വാമനന്റെയും കഥകൾ കെട്ടിച്ചമച്ച്‌ ഇന്ദ്രവീഴാ എന്ന ആഘോഷം തിരുവോണമായി കൊണ്ടാടാൻ ആരംഭിച്ചു. പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ ആരംഭം ഇങ്ങനെ ആയിരുന്നു. പക്ഷെ ആര്യബ്രാഹ്‌മർ ഇന്നും ഓണം ആഘോഷിക്കാറില്ല.

അസുരശക്തിയെ നിഗ്രഹിച്ച്‌ ഓണം ആഘോഷിച്ചു.

അസുരശക്തിയെ നിഗ്രഹിച്ച്‌ ഓണം കൊണ്ടാടിയ കഥ വെറും കെട്ടുകഥയാണ്‌. ഈ കഥയിൽ ഭാഗ്യവശാൽ മഹാബലി കടന്നുവരുന്നില്ല.

ലോകം മുഴുവൻ നിറഞ്ഞ അസുരശക്തിയെ നിഗ്രഹിച്ച്‌ ദേവശക്തിയെ പ്രതിഷ്‌ഠിച്ച അവതാരമായിട്ടാണ്‌ വാമനൻ പ്രത്യക്ഷപ്പെടുന്നത്‌. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ്‌ വാമനൻ അവതരിക്കുന്നത്‌ എന്നാണ്‌ പുരാണ സിദ്ധാന്തം. കേരളത്തിൽ വാമന പ്രതിഷ്‌ഠ നടത്തിയിട്ടുളള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌ (ശിവനെ മാറ്റിയാണ്‌ വാമന പ്രതിഷ്‌ഠ നടത്തിയിരിക്കുന്നത്‌.) അങ്ങനെയാണ്‌ തൃക്കാക്കരയും ഓണാഘോഷവും തമ്മിൽ ബന്ധിക്കപ്പെട്ടതെന്ന്‌ ആര്യന്മാർ പറഞ്ഞുപരത്തി. പണ്ടുകാലത്ത്‌ ചിങ്ങമാസത്തിൽ അശ്വതി മുതൽ തിരുവോണം കഴിഞ്ഞുളള രേവതി കൂട്ടി ഇരുപത്തിയേഴു ദിവസം തൃക്കാക്കര ക്ഷേത്രത്തിൽ മഹോത്സവമായിരുന്നു.

അക്കാലത്ത്‌ കേരളത്തിലെ ഓരോ ഗൃഹത്തിൽനിന്നും ഓരോ ആൾ വീതമെങ്കിലും തൃക്കാക്കരക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങളിൽ നിർബന്ധമായും പങ്കെടുക്കണമെന്നായിരുന്നു ചട്ടം. അത്തം മുതൽ തിരുവോണം വരെയുളള പത്തുദിവസങ്ങൾ ആഘോഷങ്ങളുടെ ശക്തി കൂടുമായിരുന്നു. ഈ ദിവസങ്ങളിൽ രാജാക്കന്മാരും പ്രഭുക്കൻമാരും തൃക്കാക്കരയെത്തണമെന്നും നിയമം അനുശാസിക്കുന്നു. അങ്ങിനെ രാജാക്കൻമാരുടെ ക്ഷേത്രത്തിലേയ്‌ക്കുളള പുറപ്പാടാണ്‌ “അത്തച്ചമയ”മായി തൃക്കാക്കരക്ഷേത്രത്തിൽ ആഘോഷിച്ചു പോരുന്നത്‌. ഈ ആചാരങ്ങൾ ഭാസ്‌ക്കര രവിവർമ പെരുമാളുടെ കാലത്താണ്‌ തുടക്കം കുറിച്ചത്‌. ഇന്ദ്രവിഴയുടെ ചരിത്രമാണ്‌ ഇവിടെയും കാണപ്പെടുന്നത്‌. എന്നാൽ ഇവിടെ വിഷ്‌ണുവിന്റെ അവതാരമായ വാമനൻ എങ്ങിനെ ചരിത്രത്തിൽ കടന്നുവന്നുവെന്ന കാര്യം അജ്ഞാതമാണ്‌. പെരുമാൾ വാഴ്‌ചക്കാലത്ത്‌ ശിവഭക്തന്മാരായിരുന്നു അവരെല്ലാം തന്നെ. പിൽക്കാലത്ത്‌ ബ്രാഹ്‌മണമേധാവിത്വം മനഃപൂർവ്വം കെട്ടിച്ചമച്ചതാണ്‌ ഈ വാമനൻ കഥയും, പരശുരാമൻ കഥയുമെന്ന്‌ വളരെ വ്യക്തമാണ്‌.

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായിട്ടാണ്‌ ഓണാഘോഷം കേരളത്തിൽ നടന്നിരുന്നതെന്ന്‌ കാണാവുന്നതാണ്‌. ചിങ്ങമാസാരംഭമാകുമ്പോഴേയ്‌ക്കും കൃഷിയെല്ലാം കഴിഞ്ഞ്‌ നെല്ലും, കായ്‌കനികളും മറ്റും കേരളീയ ഗൃഹങ്ങളിൽ വന്ന്‌ കുമിഞ്ഞു കൂടും. ഈ സമയത്താണ്‌ ഓണം കൊണ്ടാടുന്നത്‌. ആ സമ്പൽസമൃദ്ധിയും ഐശ്വര്യവും ഇന്ന്‌ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഓണം ഇന്നൊരു ഓർമ്മയായി മാത്രം കേരളീയരിൽ അവശേഷിക്കുന്നുണ്ട്‌. പക്ഷെ ആ പഴയകാലത്തെ പ്രതാപശ്വൈര്യത്തിലേയ്‌ക്ക്‌ കുതിക്കാൻ നമുക്ക്‌ കഴിയില്ലെങ്കിലും ഉളളവർ ഇല്ലാത്തവർക്ക്‌ കൊടുത്ത്‌ ഓണാഘോഷം നിലനിറുത്താൻ നമുക്ക്‌ ശ്രമിക്കാം.

കുന്നുകുഴി എസ്‌.മണി

വിലാസം

കുന്നുകുഴി എസ്‌.മണി,

ടി.സി. 13&389, എം.ആർ.എ. 135,

മണക്കുന്നിൽ ഹൗസ്‌,

കുന്നുകുഴി പി.ഒ.

തിരുവനന്തപുരം - 37.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.