പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഓർമയിലൊരു മഴ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.ആർ. ഹരികുമാർ

കവിത

മഴപ്പാട്ടിന്നീണം തുളുമ്പിത്തെറിക്കുന്നു

പഴംപാട്ടിലൊന്നെന്നിൽ കിളിർക്കുന്നു.

അഴൽപ്പാടിലാരുണ്ട്‌ കൂട്ടായിനി? നി-

ന്നോർമ്മതൻ നിഴൽപ്പാടിലാണു ഞാനിന്നും.

തുമ്പച്ചിരി കടംവാങ്ങിത്തുളുമ്പിയും

അമ്പിന്റെ തുമ്പിലെ മൂർച്ചയാൽ നോക്കിയും

കമ്പം കൊടുമ്പിരിക്കൊണ്ടൊരെൻ മാറിനെ

ചെമ്പരത്തിപ്പൂവായ്‌ മാറ്റിയോനാണു നീ.

മഴയത്തെ പയ്യായ്‌ നീയന്നു മാറി, വി-

ജനത്തി,ലെന്നി,ലെൻഭവനേ പതുങ്ങി.

രാവറുതിയാകെ മഴ പോയ്‌, കളിമ്പം

മതിയാക്കിയെന്നെ പിരിഞ്ഞന്നു നീയും.

നിവരുന്നതെന്തേ നറുംഭൂതമേഘം

പിരിയുന്നതെന്തേ നിറവാർന്ന രാഗം

പടരുന്നതെന്തേ ഇരുൾവീണഭാവം

നിറയുന്നതെന്തോ കനമാർന്ന നെഞ്ചിൽ.

കമ്പം കളിമ്പം പലതും കഴിഞ്ഞിപ്പോൾ

ചെമ്പരത്തിപ്പൂവിൽ നൊമ്പരം മാത്രമായ്‌.

വെമ്പലോടെത്തി നീയെന്നിൽക്കുളിർക്കുമോ?

എന്നിൽ മുളയ്‌ക്കും നിന്നെ നീയറിയുമോ?

മഴകാത്ത വേഴാമ്പലെന്നിൽ മരിച്ചു

എരിയുംവേനലിൻ ചിതയിൽ ദഹിച്ചു

കത്തുന്ന ചിതയിലും കത്താതെ കാക്കു-

മന്നുനീയെന്നിൽ നിറച്ചൊരാ സ്‌നേഹം.

പി.ആർ. ഹരികുമാർ

1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ.

വിലാസം

പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ,

ലക്‌ചറർ, മലയാളവിഭാഗം,

ശ്രീശങ്കരാകോളേജ,​‍്‌

കാലടി -683574

website: www.prharikumar.com


Phone: 0484 462341 0484 522352/9447732352
E-Mail: prharikumar@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.