പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പത്മരാജനെ ഓർക്കുമ്പോൾ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി. സുബിൻ

സിനിമാലോകം

ജീവിതത്തെ സംബന്ധിച്ച ഉൾക്കാഴ്‌ചകൾ ഓരോ കലാകാരനിലും വ്യത്യസ്തമായിരിക്കും. കാലത്തിന്റെ മധ്യത്തിൽ തന്റെ കാചവുമായി നിന്ന്‌ കാഴ്‌ചകളെ പിടിച്ചെടുക്കുന്നവനാണല്ലോ അവൻ. താൻ സ്വായത്തമാക്കിയ അനുഭവങ്ങൾ, തന്റെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ആഘാതങ്ങൾ, പതനങ്ങൾ ഇവയെല്ലാം ഈ കാചത്തെ രൂപപ്പെടുത്തുന്ന ശക്‌തികളാണ്‌. അതുകൊണ്ടുതന്നെയാവണം പി.പത്മരാജൻ തന്റെ വലിയ കാഴ്‌ചകളെ മുഴുവൻ ദീപ്‌തമായ സ്നേഹംകൊണ്ട്‌ നിറച്ചത്‌.

അപൂർണ്ണതയുടെ സൂക്ഷ്‌മാനുഭവത്തിൽ നിന്നും സംജാതമാവുന്ന സൗന്ദര്യമായിരുന്നു പത്മരാജന്റെ കല. പാതി പറഞ്ഞ ഒരു വാക്ക്‌, കൂടുമറന്ന പക്ഷി, പൊടുന്നനെ കേൾവിയിൽ നിറഞ്ഞ്‌ അകന്നുപോയ ഒരു ഗാനം, എത്ര ശ്രമിച്ചിട്ടും വ്യക്തമാകാത്ത ഒരു സ്വപ്നത്തിന്റെ ഓർമ്മ,... അങ്ങിനെ സാഹിത്യത്തിലും കലയിലും വിവിധരൂപങ്ങളിലൂടെ സ്വത്വപ്രകാശനം സാധ്യമാകുന്ന നിരവധി അനുഭവങ്ങളുണ്ട്‌. കലയുടെ വിവിധ തലങ്ങളിലുളള ഓരോ പത്മരാജൻ ടച്ചും സൃഷ്‌ടിക്കുന്നത്‌ ഇത്തരം സൗന്ദര്യമാണ്‌.

ആദ്യകഥയായ ലോലയിൽ (1965) തന്റെ ജീവിതദർശനത്തെ പത്‌മരാജൻ വെളിപ്പെടുത്തുന്നുണ്ട്‌. ദേശാന്തരങ്ങളിലേക്കും ഭിന്ന സംസ്‌ക്കാരങ്ങളിലേക്കും നീളുന്ന പ്രണയമാണ്‌ ലോലയുടെ ഇതിവൃത്തം. മാംസനിബദ്ധമാകുമ്പോഴും ആത്മപരാഗത്താൽ പ്രശോഭിതമാണ്‌ ആ സ്നേഹം. ഒടുവിൽ ആഘോഷങ്ങളില്ലാതെ അത്‌ അവസാനിക്കുന്നു. ചുംബിച്ച ചുണ്ടുകൾക്ക്‌ വിടചോദിച്ച്‌ പരസ്പരം മറക്കാൻ പറയുന്ന പ്രണയികൾ. തീവ്രമായി സ്നേഹിക്കുമ്പോഴും മതിവരാത്ത പ്രേമത്തെ ഭൂമിയിൽ ബാക്കിയാക്കി പോകേണ്ടവരാണ്‌ നാമെന്ന തിരിച്ചറിവ്‌ “ലോല”മുതൽ തന്നെ പത്‌മരാജൻ പുലർത്തുന്നുണ്ട്‌. ദീപ്തമായ പ്രണയം മരണം പോലെയാണെന്ന്‌ പ്രഖ്യാപിക്കുകയാണിവിടെ. ഒറ്റയായി പോകുന്നവന്റെ ആത്മവ്യഥകളായിരുന്നു ഓരോ പത്മരാജൻ കഥകളും.

ഏതു മാധ്യമത്തിലായിരുന്നാലും പത്മരാജൻ തന്റെ വഴികളെ തിരിച്ചറിഞ്ഞിരുന്നു. 1971-ൽ പുറത്തിറങ്ങിയ “നക്ഷത്രങ്ങളെ കാവൽ” എന്ന നോവൽ മുതൽ 1990-ൽ എഴുതിയ “പ്രതിമയും രാജകുമാരിയും” വരെ ഒറ്റപ്പെട്ട യാത്രകളായിരുന്നു.

1975-ലാണ്‌ പത്‌മരാജൻ സിനിമയ്‌ക്കുവേണ്ടിയുളള തന്റെ ആദ്യത്തെ തിരക്കഥ രചിക്കുന്നത്‌. ഭരതൻ സംവിധാനം ചെയ്‌ത പ്രയാണം എന്ന ചിത്രം. മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ്‌ പ്രയാണത്തിന്റെ സ്ഥാനം.

1978-ൽ പുറത്തുവന്ന “പെരുവഴിയമ്പല”മാണ്‌ ശരിയായ അർത്ഥത്തിൽ ആദ്യ പത്‌മരാജൻ സിനിമ. ജീവിതത്തിന്റെ പുറമ്പോക്കുകളിൽ സ്വപ്നംപോലും നിഷേധിക്കപ്പെട്ട കുറെ മനുഷ്യരുടെ പച്ചയായ ജീവിതമായിരുന്നു ആ ചിത്രം. ദേവയാനി എന്ന കഥാപാത്രം പത്‌മരാജന്റെ കാഴ്‌ചയുടെ രാഷ്‌ട്രീയം വ്യക്തമാക്കുകയും ചെയ്‌തു. ആദ്യചിത്രം എന്നതിലുപരി പത്‌മരാജന്റെ വേറിട്ടചിത്രം എന്ന നിലയിൽകൂടിയാണ്‌ പെരുവഴിയമ്പലത്തിന്റെ പ്രസക്തി.

തിങ്കളാഴ്‌ച നല്ല ദിവസം, കളളൻ പവിത്രൻ, കൂടെവിടെ, നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ, മൂന്നാംപക്കം, അപരൻ, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവ്വൻ തുടങ്ങി മലയാളി ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത നിരവധി അനുപമമായ സിനിമാ മുഹൂർത്തങ്ങൾ പത്‌മരാജനിലൂടെ പിറവിയെടുത്തു. ജീവിച്ചും സ്നേഹിച്ചും കൊതിതീരാത്തവരുടെ കഥകളായിരുന്നു ഈ ചിത്രങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നത്‌.

ജീവിതത്തിന്റെ ഭ്രാന്തമായ പാച്ചിലിൽ നിന്ന്‌ വെളളിത്തിരയിലേക്ക്‌ ഓടിക്കയറി വന്നവരായിരുന്നു പത്‌മരാജന്റെ കഥാപാത്രങ്ങൾ. തങ്ങളുടെ ജീവിതത്തെക്കുറിച്ച്‌ ഇത്തിരിപ്പറഞ്ഞ്‌ ഇത്തിരി കരഞ്ഞ്‌ അവർ ജീവിതത്തിലേക്ക്‌ തന്നെ ഇറങ്ങിപ്പോകുന്നു. ഈ മനുഷ്യർ ഒന്നും സ്വന്തമാക്കുന്നില്ല. അവർ വെറുതെ ജീവിതത്തെ സ്നേഹിക്കുകമാത്രം ചെയ്യുന്നു. സ്നേഹിച്ച്‌ മതിവരാത്തവരായിരുന്നിട്ടും ഇവിടം വിട്ട്‌ പോകേണ്ടിവരുന്നവരാണവർ. ഗന്ധർവ്വന്മാരെപ്പോലെ.

നാല്‌ പതിറ്റാണ്ട്‌ മാത്രം നീണ്ടുനിന്ന തന്റെ അന്വേഷണങ്ങൾ അവസാനിപ്പിച്ച്‌ പത്‌മരാജൻ തിരിച്ചുപോയത്‌ ഒരു ജനുവരി 24- നാണ്‌. ഏതോ സ്നേഹനിർഭരമായ ഒരു ലോകത്ത്‌ നിന്ന്‌ കുറച്ച്‌ നേരം നമ്മുടെ കാഴ്‌ചകളിലേക്ക്‌ കയറിവന്നതായിരിക്കണം അയാൾ. ഒത്തിരി പറയാനൊരുങ്ങി ഇത്തിരി പറഞ്ഞ്‌ അയാൾ ഇറങ്ങിപ്പോയി.

സിനിമയും ജീവിതവും പലപ്പോഴും രണ്ടല്ല. ഒന്നുതന്നെയാവുന്നു. പത്‌മരാജനെ ഓർക്കുമ്പോൾ പ്രത്യേകിച്ചും.

കെ.സി. സുബിൻ

സ്ഥിരമായി ആനുകാലികങ്ങളിൽ എഴുതുന്നു, ‘മാധ്യമത്തിൽ’ സബ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു.

വിലാസംഃ

കുളങ്ങരകുടിയിൽ വീട,​‍്‌ പളളിപ്പുറം പി.ഒ. എറണാകുളം.


E-Mail: kcsubin@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.