പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തിരക്ക് കഴിയട്ടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിവപ്രസാദ്‌ പാലോട്‌

പത്രവും പിടിച്ചു
രാവിലെതന്നെ നില്പാണ്,
അവനു വേണം ചുടുചോര ..
ഉരുവില്‍ ഞാന്‍ കണ്ടു
തണുത്തുറഞ്ഞ പേടിച്ചോര,

ഒരാള്‍ക്ക്‌ വേണ്ടത്
കണംകാലുകള്‍ ,
കുപ്പി വള തുളഞ്ഞ
ഇളം കൈകള്‍ ,
കുതിപ്പുകളെ
കഷായം വെക്കാന്‍ ,

ചിലര്‍ക്ക് വേണം
തുടകള്‍ തന്നെ ,
പാത്തും പതുങ്ങിയും
ഇടക്കൊന്നു തൊട്ടു നോക്കാനും,
നുള്ളി നോക്കാനും ,
അവരങ്ങനെ നുണച്ചും ,
ഇറക്കിയും പരുങ്ങും .
തലയില്‍ മുണ്ടിട്ടു
അച്ഛനും ആങ്ങളയും വരെ...

കരള്‍ വേണ്ടവരുണ്ട്,
അവസാനത്തെ അത്താഴത്തിനു
മേനി വിളമ്പാന്‍ ,
സ്വപ്‌നങ്ങള്‍ ദംശിച്ചു
നീലച്ച കരള്‍
പതിവുകാര്‍ക്ക് മാത്രം ..
ധൃതിയില്‍ വിലചോദിച്ചു
വാങ്ങാതെ പോകുന്നവര്‍
പച്ചമാംസതിനും
കുറ്റം പറയും ,

തലവേണ്ടവര്‍ക്ക്
ചങ്ക് വേണ്ട, അതിനു
ചെമ്പരത്തി പൂവിന്റെ
മുഖച്ഛായയാത്രെ ,
ചിന്തയുടെ മരവിപ്പില്‍
കനം കൂടുതല്‍ തൂങ്ങും ,

പിഞ്ഞിക്കീറിയ തോലിനും,
ചന്തത്തില്‍ നിറമിട്ട
നഖങ്ങള്‍ക്കും,
മടഞ്ഞിട്ട ചുരുള്‍ മുടിക്കും,
ഉടഞ്ഞ ചുണ്ടിനും ,
പരിക്കേറ്റ പുഞ്ചിരിക്കും
വരെ ആവശ്യക്കാര്‍..

ഇപ്പോഴും തുടിക്കുന്ന
ഈ ഹൃദയം ആര്‍ക്കും വേണ്ട
എല്ലാം കഴിഞ്ഞു
വീട്ടിലെത്തിയിട്ട് വേണം
എനിക്ക് ഇതും കേട്ടിപ്പിടിച്ചു
ഒന്ന് പൊട്ടിക്കരയാന്‍ ..

ശിവപ്രസാദ്‌ പാലോട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.