പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഉറങ്ങുന്ന ബുദ്ധൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രവീണ. ബി.

അഫ്‌ഗാനിസ്ഥാനിലെ ബാമിയാൻ താഴ്‌വരയിലുള്ള രണ്ടു കൂറ്റൻ ബുദ്ധ പ്രതിമകൾ താലിബാൻ തകർത്തു. എന്നാൽ, മൂന്നാമതൊരു ബുദ്ധപ്രതിമകൂടി - ആയിരം അടി നീളത്തിൽ, മഹാപരിനിർവ്വാണം പ്രാപിച്ച്‌ ശയിക്കുന്ന ബുദ്ധൻ - അവിടെ ഉണ്ടെന്ന്‌ പറയപ്പെടുന്നു. ചൈനീസ്‌ സഞ്ചാരി ഹുയാൻ സാങ്ങിന്റെ യാത്രാ പുസ്തകത്തിൽ ഇതേപ്പറ്റി വിവരിക്കുന്നുണ്ട്‌.

കണ്ണുപൊത്തുന്ന ധൂളികൾ കൊണ്ടു നീ

സ്വാഗതം ചെയ്‌വു ഞങ്ങളേ, ഭൂമികേ

ഹിന്ദുകുഷ്‌ പർവ്വതാഭ്യുന്നതിക്കെഴും

താഴ്‌വരേ, ശയിക്കുന്നു നിന്നിൽ പരൻ.

ആഞ്ഞു വീശിക്കടന്നു പോം കാറ്റിലൂ-

ടെത്രവത്സരം യാത്ര പറഞ്ഞുപോയ്‌,

കാലമേ, ചിരായുസ്സാകുമാദേവ-

നെങ്ങുപോ,യതിൻ സാക്ഷിയാകുന്നു നീ.

കാണുവാൻ വന്നതാണു ഞാൻ മണ്ണിന്റെ

സ്പന്ദനം തൊട്ടുതൊട്ടങ്ങറിഞ്ഞു, നി-

ന്നുള്ളിലൊന്നുമേ കാണാതെ കേൾക്കാതെ

നിദ്രകൊള്ളുമാ പുണ്യം കൈയേൽക്കുവാൻ

പണ്ടുപണ്ടോരു യാത്രികൻ തീർത്തതാം

വൻ വിഹാരികതന്നസ്തിവാരത്തിൽ1

ആയിരം ദൈർഘ്യമാനങ്ങൾ നീണ്ടനിൻ

ശ്രേഷ്‌ഠമാം പരിനിർവ്വാണരൂപകം

തേടി വന്നെന്റെ കൗതുകം, കാട്ടിടൂ

ബാമിയാൻ നിന്റെയുള്ളിലെ വൈഭവം.

ഗാഢനിദ്രയിലാണ്ടോരു തീർത്ഥകാ

നിദ്രപൂകി നീ വർഷിച്ച ചിന്തകൾ

ആത്മശക്തിയാലുജ്ജ്വലിപ്പിച്ച നിൻ

ശക്തി ചൈതന്യമാകവേ കെട്ടുപോയ്‌.

നിന്റെ മുന്നിലായ്‌ സന്നമനം ചെയ്ത

ജീവരാശികളൊക്കേ വിറകൊണ്ടു,

ജന്മയോഗത്തെയാകെപ്പഴിച്ചിങ്ങു

കാത്തുനിൽക്കുന്നു നിന്നെയുണർത്തുവാൻ.

ദേശമൊട്ടുക്കുവാഴുന്നലിംഗികൾ2

ശാശ്വതസ്സമാധാനം വിതയ്‌ക്കുവാൻ

കാറ്റുപാകിക്കൊടുങ്കാറ്റു കൊയ്യുവോർ

ആയതിൽപ്പെട്ടു ചുറ്റുന്നു സർവ്വവും.

കണ്ടുകൊൾവാൻ തിടുക്കമായ്‌, നാളുകൾ

ഏറെ ഞങ്ങൾ പണിപ്പെട്ടുനോക്കവേ

താമസം വിനാ കൺതുറന്നീടുക

നോക്കുകെങ്ങളേ ജാതാനുകമ്പം നീ.

പോയനാൾകൾക്കു നല്ല പരിഹാരം

ചൊല്ലിടൂ നൂതനോപദേശത്തെ നീ

ഒക്കെ ഞങ്ങൾക്കു വേണം പ്രകാശമേ,

തെല്ലു ഞങ്ങളെയുൽബുദ്ധരാക്ക നീ.

ബാമിയാൻ, കാലചക്രമുരുണ്ടു നിൻ

താഴ്‌വര തന്നിലൂടെ നിശ്ശബ്ദമായ്‌

നിന്റെയന്തരാളത്തിൽ മയങ്ങുന്ന

ദേവനെ നീയറിയിച്ചുകൊള്ളുകഃ

തൽപദം തേടി നിന്നിലലഞ്ഞതാം

ഞങ്ങളിൽ തീർന്നിടാത്തോരു കൗതുകം.

1. ഹുയാൻ സാങ്ങ്‌ നിർമ്മിച്ച ബുദ്ധവിഹാരത്തിന്റെ അടിയിൽ ബുദ്ധപ്രതിമ കിടക്കുന്നു എന്ന്‌ വിശ്വാസം.

2. അലിംഗി - കപടസന്ന്യാസി.

പ്രവീണ. ബി.

ടി.സി 54/1771 (3), പി.എം.ആർ.എ,

സി-43, കൃഷ്ണ, ഉപ്പുമാവിള,

പാപ്പനംകോട്‌, തിരുവനന്തപുരം-18.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.