പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഞാൻ നിന്നെ പ്രേമിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

കൂട്ട ആത്മഹത്യ ചെയ്‌ത

നിശാശലഭങ്ങളുടെ തിരുശേഷിപ്പുകൾ

ചിതറിക്കിടക്കുന്ന തെരുവുവിളക്കുകാലിൽ

കെട്ടിപ്പിടിച്ച്‌, കരഞ്ഞുറങ്ങിയ,

തിരുശരീരം ഉത്സവപ്പറമ്പാക്കി

ഭക്തജനങ്ങൾക്കു നൽകിയ

നിന്നെ ഞാൻ പ്രണയിക്കുന്നു.

എന്റെ പ്രേമത്തിനു

ഡിയോഡ്രെന്റിന്റെ ഗന്ധമില്ല

പച്ചനോട്ടുകളുടെ പളപളപ്പില്ല

കാമസൂത്രമന്ത്രം-

ലിഖിതപ്പെടുത്തിയ ഉറകളില്ല.

രാത്രിയുടെ ഇടവഴികളിലൂടെ

കിതച്ചോടുന്ന ഓട്ടോറിക്ഷയിൽ,

വിലാപവാക്കുകളാൽ നീ

വിലപേശൽ നടത്തുമ്പോൾ

നിന്നിലലിഞ്ഞ പ്രണയഭാവം

ഞാൻ കണ്ടറിയുന്നു.

ഹർത്താൽ ദിനത്തിന്റെ പകൽ

ഒരു മരണവീടായി മയങ്ങുമ്പോൾ,

നിന്റെ പ്രണയം എരിയുന്ന സാമ്പ്രാണിയുടെ

പുകയായി എന്നെ പുണരുമ്പോൾ

മൂന്നാമത്തെ പെഗ്ഗിന്റെ

അസ്വസ്‌ഥതകളിൽ ഞാൻ വീണിട്ടുണ്ടാകാം.

സ്‌നേഹബന്ധങ്ങളുടെ ബലിക്കല്ലിൽ

സ്വപ്‌നങ്ങളുടെ വിറകുകെട്ടുമായി

നീ കുന്നു കയറുമ്പോൾ

നിന്റെ മുടിക്കെട്ടിൽ നിന്നും

ഉതിർന്നുവീണ ഒരു മുല്ലപ്പൂവിതൾ

സൂക്ഷിച്ച്‌ ഞാൻ കാത്തിരിക്കും.

നിനക്കെന്നെ അവഗണിക്കാനാവില്ല.

എനിക്കു നിന്നെ-

പ്രണയിക്കാതിരിക്കാനും ആവില്ല.

നീ എന്റെ നിഴലും

ഞാൻ നിന്റെ നിഴലുമാണല്ലോ.

ബി. ജോസുകുട്ടി.

അമ്പതോളം കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥാസമാഹാരങ്ങളിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കവിതകളും എഴുതുന്നു. മേരിവിജയം മാസിക (തൃശ്ശൂർ) കഥാ അവാർഡുകൾ. ആലപ്പുഴയിലെ പ്രമുഖ ലൈബ്രറിയായ ഔവ്വർ ലൈബ്രറി കഥാ അവാർഡുകൾ, തിരുവനന്തപുരം ‘രചന’യുടെ കവിതാ അവാർഡ്‌, ബാംഗ്ലൂർ മലയാളി സമാജം അവാർഡ്‌, തൃശ്ശൂർ ‘തൂലിക’യുടെ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ പന്തലിൽ പറമ്പ്‌ തോണ്ടൻ കുളങ്ങര ആലപ്പുഴ - 688006.


Phone: 9497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.