പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മുറ്റത്തെ കാഴ്‌ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുരളി മങ്കര

കവിത

മുറ്റത്തിരുന്ന്‌

വീടു കാണുക

ഒരു രസമാണ്‌.

വീടിനും നാടിനുമിടയ്‌ക്ക്‌

മുറ്റം വേണം.

അവിടെ പന്തലിട്ട്‌ കല്യാണമാവാം

രാത്രീ വിചാരണയാവാം

യോഗക്ഷേമസഭയ്‌ക്കും

ശാസ്‌ത്രസാഹിത്യപരിഷത്തിനും

നാടക റിഹേഴ്‌സലാവാം.

‘നാടക’മോ ‘വീടക’മോ അല്ലാത്ത സ്ഥലത്ത്‌

പതുങ്ങിയ ശബ്‌ദങ്ങളിൽ

ആവേശമാവാം, വിപ്ലവചിന്തകളാവാം.

വീടിന്‌ നാലുപുറവും

മുറ്റമായിരുന്നു.

മുൻവശത്ത്‌ കാരണോരും

കൈനോട്ടക്കാരനും.

ദിക്കറിയാത്ത കുട്ടികൾ

നാലുമുറ്റത്തും കളിച്ചു.

വടക്കേമുറ്റം

സ്‌ത്രീ സംവരണമണ്ഡലമായിരുന്നു.

ഓർമ്മകളിൽ

മുത്തച്ഛൻ എപ്പോഴും

മുറ്റത്ത്‌, തണൽമരത്തിനുതാഴെ.

പടികടന്നൊരുയാത്ര

ചിന്തയിലില്ലാതെ, ചിന്തയോടെ.

കളിക്കുന്നവനും

മേലനങ്ങുന്നവനും

മുറ്റത്തോ അതിനുമപ്പുറത്തോ

ആയിരുന്നു.

മേൽനോട്ടക്കാരൻ

അകത്ത്‌-കളിയുടെ

ലൈവ്‌ ഷോയിൽ.

പടിക്കു പുറത്തിറങ്ങിയാൽ നാടായി.

പടിക്കകത്തായവരെല്ലാം

വീട്ടിലാവുന്നില്ല.

. . . . . . . . . . .

നിഷേധികൾ മുറ്റത്തുറങ്ങുന്നു.

ഇറക്കി കിടത്തി കുളിപ്പിച്ചുവേണം

തിരിച്ചയയ്‌ക്കാൻ

എന്നുറക്കെച്ചിരിക്കുന്നു.

മുറ്റത്താവുമ്പോൾ

അമ്പേറ്റുവീഴുന്ന കൊക്കിന്റെ

വേദന കാണാം.

കാഴ്‌ചക്കുല ചുമന്നവന്റെ

വളഞ്ഞ നട്ടെല്ലുകാണാം

വീട്ടിനകത്തു കയറാത്ത

ബുദ്ധനെയും ഗാന്ധിയേയും കാണാം

ഭിക്ഷുക്കളും അർദ്ധനഗ്നരും വേറെയും.

. . . . . . . . . . .

മുറ്റത്തിരുന്ന്‌

വീടും നാടും നോക്കുക

ഒരു നല്ല തമാശയാണ്‌.

കാണുന്നതിനേക്കാൾ നല്ല തമാശ.

മുരളി മങ്കര

പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു.

വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി.

വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.