ഗദ്യ കവിത
സമാധാനം
നമ്മുടെ സമാധാനം ബുദ്ധിയിൽ നിന്ന് മനസ്സിലേക്കുള്ള ഇരുട്ടിന്റെ
ദൂരമാണ്. അത് വെളിച്ചം കാത്തിരിക്കുന്നു.
സൗഹൃദം
ഇന്നത്തെ സൗഹൃദം കൊടുക്കൽ വാങ്ങലുകൾക്കിടയിലെ
കൃത്രിമച്ചിരിയുടെ ദൈർഘ്യമാണ്. അത് ആയുസ്സെത്താതെ മരിക്കുന്നു.
സ്നേഹം
ചിങ്ങത്തിൽ ചിരിയായി കർക്കിടകത്തിൽ കണ്ണീരായി വേനലിൽ
ചൂടുകാറ്റായി വർഷത്തിൽ പെരുമഴയായി മാത്രം അടുക്കുന്ന പ്രതിഭാസം.
അത് ആരെയും സുഖിപ്പിക്കുന്നില്ല.
പ്രണയം
പുതുമഴ പെയ്തശേഷം പിറവിയെടുക്കുന്ന ഇയ്യാം പാറ്റയുടെ ആയുസ്സ്.
അവ പ്രതീക്ഷിക്കാതെ പിടഞ്ഞു വീഴുന്നു.
ബന്ധം
ലാഭനഷ്ടങ്ങളുടെ ഹരിതഗുണിതങ്ങളിൽ വളരുകയും ചുരുങ്ങുകയും
ചെയ്യുന്ന നിഴൽ. അതിന് സ്ഥായിയായ ഒരു രൂപമില്ല.