പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അതിഥി ദേവോ ഭവ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ജി.സൂരജ്‌

കവിത

മുഖങ്ങളില്ലാത്ത തെരുവ്‌.

തീ തുപ്പിയ മേൽക്കൂര.

കോള കലർന്ന കടൽ.

കറുത്ത പുഴകളിൽ

ഗ്രനേഡുകളുടെ തിരുശേഷിപ്പ്‌.

മരച്ചില്ലയിലുറപ്പിച്ച

തോക്കിൻ കുഴലിലൂടെ,

ഒരു പൂച്ചക്കണ്ണ്‌.

ഒലീവുകൾക്കിടയിൽ

നിഴലുകൾക്കു മറപറ്റി

ഇര പിടിയൻ ടാങ്കറുകൾ.

അധിനിവേശം... സമാധാനത്തിന്‌!

ഭൂഖണ്‌ഡങ്ങളിൽ

ചുവപ്പു തെറിപ്പിച്ച്‌

പതാകകൾക്കും

പണിശാലകൾക്കും നെറുകേ

കഴുകന്മാരുടെ മാർച്ച്‌ പാസ്‌റ്റ്‌.

ഫോർവേഡ്‌ മാർച്ച്‌..

പക്ഷേ ഗർഭപാത്രങ്ങൾ,

അവയിലേക്കു നിറയൊഴിക്കുമ്പോൾ

സമാധാനം പിറക്കുന്നതെങ്ങനെ?

ഓ.... കുഞ്ഞുങ്ങൾ!

അവർ ഞങ്ങളുടെ

വറ്റിയ മുലകളിൽ പല്ലമർത്തി

ഇനി യുദ്ധം ചെയ്യില്ലല്ലോ...

ഉറക്കെ കരയില്ലല്ലോ...

നിലവിളികൾ കോർത്ത ബയണറ്റുകൾ.

അതിനു മീതേ ഉറപ്പിച്ച കസേര.

നീല ഞരമ്പുകൾ അലങ്കരിച്ച

ഒരുഗ്രൻ കൈപ്പത്തി.

പന്ത്‌ കൈകളിലെന്ന്‌ അയാൾ പറയുന്നു.

അഭിനന്ദനങ്ങൾക്കും

കെട്ടുകാഴ്‌ചകൾക്കും

സൽക്കാരങ്ങൾക്കുമൊടുവിൽ

നിങ്ങളുടെ കട്ടിലിൽ അയാൾ കിടക്കുന്നു.

ഉണർത്തുകയോ ഉറക്കുകയോ ചെയ്യാം.

കാൽ തിരുമിയും വെഞ്ചാമരം വീശിയും

വർത്തമാനം സുരക്ഷിതമാക്കാം.

ഒടുവിൽ, മകളുടെ കുഞ്ഞിന്‌

ഒരച്ഛനെ തിരയാം.

സമ്മാനിക്കപ്പെട്ടത്‌ മാംസത്തിലണിയാം.

ആഭരണങ്ങളിൽ ചോര പുരണ്ടുവെങ്കിൽ

നന്നായ്‌ വേദനിക്കുന്നുവെങ്കിൽ,

ആസനത്തിലെ ആൽമരത്തണലിലിരിക്കാം.

ആർത്തലക്കാം,

അതിഥി ദേവോ ഭവ.


കെ.ജി.സൂരജ്‌


E-Mail: aksharamonline@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.