പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ട്‌ കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആന്ദവല്ലി ചന്ദ്രൻ

തയ്യാറെടുപ്പ്‌

മരണമെങ്ങനെ വേണ-
മെന്നതിനെക്കുറിച്ചും മുൻവിധിയോ?
ഉണ്ടാവാമെന്ന്‌ തന്നെ നിഗമനം;
അങ്ങനെയായാലും, അല്ലെങ്കിലും.

ആത്‌മഹത്യയ്‌ക്കൊരുങ്ങി, ബസ്സിന്റെ,
മുന്നിൽ, കഥ കഴിയ്‌ക്കാമെന്ന്‌ വിചാരി-
ച്ചനേരം, പട്ടി പാഞ്ഞടുത്തപ്പോൾ,
ഓടി രക്ഷപ്പെട്ടവൻ; കാരണം,
പട്ടി കടിച്ചാലുള്ള വേദനയും,
മറ്റും അയാൾക്കരോചകം തന്നെ.

സ്വയം കുരുതി കൊടുക്കാമെന്ന്‌,
കരുതി വണ്ടിക്കു മുമ്പിൽ തലവെയ്‌ക്കാ-
നായ്‌ തെയ്യാറെടുത്തു വന്ന നരൻ,
വണ്ടി വൈകുമെന്നറിഞ്ഞപ്പോൾ,
ഭോജനശാലയിലേയ്‌ക്ക്‌ തിരിച്ചു;
വിശന്ന്‌ മരിയ്‌ക്കാനാവൻ തയ്യാറല്ലല്ലോ.

പുഴയിൽച്ചാടി, മൃത്യുവരിയ്‌ക്കാനൊരുങ്ങി
വന്നവന്‌, തന്റെ പുതിയ
വസ്‌ത്രങ്ങളഴിച്ചു വെച്ച്‌ വരാനായൊരു
വീണ്ടുവിചാരം; ഓടിയവൻ, നേരെ വീട്ടിലേയ്‌ക്ക്‌.


അനുസ്യൂതമൊഴുകുമൊരു നദി

ജീവിതം അനുസ്യൂതമൊഴു-
കുമൊരു നദിയാകണമെന്ന്‌ മോഹം,
അതാരിലും ആളിപ്പടരാൻ വെമ്പു-
ന്നൊരു ദീപനാളം; അണയാതെ-
യെങ്ങനെ സൂക്ഷിയ്‌ക്കാ-
മെന്നതൊരു ചോദ്യചിഹ്‌നം.

മുന്നോട്ടു കുതിയ്‌ക്കുമ്പോൾ,
വഴിയിലെങ്ങും തടസ്സം;
പാറക്കല്ലുകൾ, വലുതും, ചെറുതും,
മുള്ളുകൾ, ചുറ്റിപ്പിണഞ്ഞ വള്ളികൾ

എങ്ങനെ വേർപ്പെടുത്താ-
മെന്ന ചിന്തയിൽ, ശ്രമത്തിൽ,
അർദ്ധായുസ്സ്‌ കഴിഞ്ഞേയ്‌ക്കാം,
അഥവാ നഷ്‌ടപ്പെട്ടേയ്‌ക്കാം.

പിന്നെ, മുന്നോട്ട്‌ ധൃതിയിൽ കുതിയ്‌ക്കാ-
നായുമ്പോൾ, കാലുകൾ കുഴഞ്ഞെന്ന്‌ വരാം,
കൈകളിൽ തരിപ്പ്‌ കയറിയെന്നും വരാം,
മർമ്മരം നിലച്ചേയ്‌ക്കാം, മസ്‌തിഷ്‌ക്കത്തിൽ.
കരുതിയിരുന്നാൽ തടയാനാവുമോ, ഇതെല്ലാം?
സംശയം; എങ്കിലും, അല്‌പം സാവകാശമാകാമല്ലോ.

ആന്ദവല്ലി ചന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.