പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വഴിപോക്കർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കലേഷ്‌.എസ്‌.

കവിത

വെയിൽ കുട കവർന്നു

വീണൊളിച്ചു നില്‌ക്കുമീ

മഴ തുരുമ്പിട്ട

കുടക്കരുത്തുകൾ.

പൊടിയമർന്ന കാൽ

വിടർത്തിയോടുമൊരു

കിഴവൻ നായതൻ

കിതച്ച ശൗര്യമായ്‌.

അടഞ്ഞ മുറിക്കകം

അഴികളിൽ വീണു

മുറിഞ്ഞു തോല്‌ക്കുമൊരു

പ്രണയ നാടകം.

അയൽമുറികളിൽ

അവരറിയാതെ

അയഞ്ഞു പെയ്‌കയാണ-

രങ്ങുണരാത്ത ജീവിത

മുരടൻ ‘സ്‌ക്കിറ്റുകൾ’

ചുളിവുകൾ വീണ

വയലിലകളിൽ

നടന്നുനില്‌ക്കുമ്പോൾ

പൊടുന്നനെ വന്നു

തൊടുത്തുലയുന്നു

ഇലത്തടാകത്തിൻ

നനുത്ത ചുംബനം.

പകൽ ചുരന്നളന്ന ഫാനിൻ

കപട മർമ്മരം

കടന്നുപോയ്‌ വരുമെന്ന്‌

മഴപ്പെരുമകൾ.

ചെരിപ്പുകൾ തേഞ്ഞുതേഞ്ഞു

തീർന്നൊടുക്കമതെടുത്ത്‌

കുടുക്കയിലിട്ടു നാൾ

സൂക്ഷിക്കുമൊരു

പഴഞ്ചനാണിവൻ.

ചരിഞ്ഞുപെയ്യുന്ന രാത്രി

ഗോപുര നിഴലിലൂടൊരാൾ

കറുത്ത വണ്ടിയിൽ

കിതച്ചുണർന്നിരുന്ന്‌

ജനിച്ച നാൾ മുതൽ

ചിതയ്‌ക്കകം വരെ ചുട്ട

നശിച്ചയോർമകൾ;

പഴിച്ചിരിക്കുന്നു.


കലേഷ്‌.എസ്‌.

എം.ജി.യൂണിവേഴ്‌സിറ്റി ‘സ്‌റ്റാസി’ലെ എം.സി.എ (പുല്ലരിക്കുന്ന്‌ കാമ്പസ്‌) വിദ്യാർത്ഥിയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോൽസവം ‘ബാലഡ്‌ 2004-കാലടി’യിൽ വച്ച്‌ നടന്നതിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം, അങ്കണം സാംസ്‌ക്കാരികവേദി തൃശൂർ നടത്തിയ കവിതാമൽസരത്തിൽ ‘ഒഴിപ്പിക്കപ്പെട്ടവരുടെ വീട്‌’ എന്ന കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം.

വിലാസം ഃ കലേഷ്‌.എസ്‌., ശങ്കരമലയിൽ, കുന്നന്താനം പി.ഒ., മല്ലപ്പളളി, പത്തനംതിട്ട - 689 581.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.