പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കുഞ്ഞപ്പുഅമ്മാവന്റെ രുചിഭേദങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പെരുമഴയിലും വിയർപ്പൊഴുകുന്ന

ഞാറ്റടിപ്പാടവരമ്പത്ത്‌

ചരൽമാരികോരിച്ചൊരിയുന്ന

തൊപ്പിക്കുടച്ചോട്ടിൽ

പച്ചവെളിച്ചെണ്ണതൊട്ട

പച്ചവെള്ളരിക്കഓലനും

പഴയരിക്കഞ്ഞിയുമായിരുന്നു

അമ്മാവനു പഥ്യം.

രാത്രിമുഴുക്കെ കാടുതെണ്ടിയ

നായാട്ടുപശിയടക്കാൻ

നട്ടുച്ചയിൽച്ചുട്ട കരിമ്പാറമേൽ

എറിഞ്ഞുവാട്ടിയ കാട്ടിയിറച്ചി.

പടക്കംപൊട്ടിമറിഞ്ഞ കാട്ടുപന്നിയെ

വെട്ടിമുറിച്ചു പങ്കിടുമ്പോൾ

അമ്മാവന്റെ പൊയ്‌വെടിപൊട്ടും

,,പുനച്ചിപ്പെണ്ണും പന്നിയിറച്ചിയും

പുനംകൃഷിയും പരമരസം,,.

താടികൊട്ടുന്ന കുളിരൻപനിയെ

കടുമാങ്ങയും കാന്താരിമുളകും

കാച്ചിയമോരും ചുട്ടപപ്പടവുംകൂട്ടി

വിരട്ടിയിരുന്നമ്മാവൻ

,,തറവാട്ടിൽക്കാരണവർക്ക്‌

പനിച്ചാലും മോരുകൂട്ടാം,,.

വിരൽമൂക്കിയാൽ കത്തുന്ന

പറങ്കിമാങ്ങാറാക്കിനൊപ്പം

നാവിൽത്തേച്ചിരുന്നത്‌

ചുട്ടരച്ച മുളകുചമ്മന്തി.

പെരുമീനുദിക്കുമ്പോൾത്തന്നെ

പുഴമീൻ വറ്റിച്ച മൺചട്ടിയിൽ

കുളുത്ത്‌ പെരക്കിയുരുട്ടിത്തട്ടണം

,,പുഴമീൻവെച്ചാൽ പുഞ്ചച്ചേറ്റിൽ

പോത്ത്‌ കിടന്നപോലിരിക്കണം,,.

ഞേങ്ങോൽപ്പാട്‌ നേരം പൊങ്ങിയാൽ

വെള്ളാട്ടുമുരുട നിറയെ

വെട്ടിയാൽ മുറിയാത്ത ചായയും

കള്ളാൽപ്പൊങ്ങിയ വെള്ളയപ്പവും

തേങ്ങാച്ചട്ടിണിയുമായി

വിസ്‌തരിച്ചൊരു പ്രാതൽ.

മുരിങ്ങയിലത്തോരനും

മൂപ്പിച്ചുതരക്കിയ മുതിരച്ചാറും

ഉണക്കച്ചെമ്മീൻ ചമ്മന്തിയും

പൊടിപൊടിപ്പൻ ഉച്ചയൂണ.​‍്‌

എരുമനെയ്യിട്ട വെല്ലക്കാപ്പി

വെന്തുമലർന്ന വേലങ്കിക്കപ്പ

വൈകുന്നേരം, ലഘു,ഭക്ഷണം.

അന്തിക്കരിവെന്തുമലർന്നാൽ

അടുപ്പത്തുനിന്നന്നംകോരി

തേങ്ങാചിരവിച്ചേർത്തൊരിളക്കിക്കൂടി

തേങ്ങാപ്പാലിൽ തിളച്ചുവറ്റിയ ആറ്റിമീനും

ചേനപ്പുളിങ്കറിയും

ചോന്നുളളിചേർത്ത പരിപ്പുവറവും

അത്താഴം കൊഴുകൊഴുക്കും.

,,പരിപ്പുവറവില്ലാണ്ട്‌ നിന്റേട്ടന്‌

ചോറെറങ്ങൂലല്ലോ നാത്തൂനേ..

അമ്മയോടമ്മായീടെ പൊങ്ങച്ചം.

കുടിക്കാൻ മോരൊഴിച്ച കഞ്ഞിവെള്ളം

കൊറിക്കാൻ ഓട്ടിൽച്ചുട്ടചക്കക്കുരു

തൊടിയിൽവിളയും കായ്‌കനികൾ

ഇടവേളകളിൽ തരാതരം.

അമ്മായിയുടെ കണ്ണുവെട്ടിച്ച്‌

കണ്ണാണക്കിൻ തണ്ടിൻമേൽ

നെയ്‌മത്തിനിരത്തി

ഉണക്കിലത്തീയിൽ ചുട്ടുതിന്നുന്നതും

അമ്മാവനൊരുരസം.

പൂത്താടമൂർന്നുകഴിഞ്ഞാൽ

കുഞ്ഞിനെല്ലരിനെയ്‌ച്ചോറ്‌

ഉരുളിയിൽക്കുമറിമണംപായുമ്പോൾ

കോഴിപ്പുവനുനിലവിളി.

ആടോളംപോന്ന നാടൻപൂവനെ

വറുത്തരച്ച്‌ കുറുക്കിവെക്കണം

തുടകൾരണ്ടും പൊരിച്ചുവെക്കണം

കക്കുംകരളും തിരഞ്ഞു വിളമ്പിവെക്കണം

ഊണെന്നും അമ്മാവനുൽസവം.

വൈകിവന്നൊരാണനാളിൽ

ചെണ്ടമുറിയൻ വെണ്ടയ്‌ക്കാസാമ്പാറും

കുമ്പളങ്ങപ്പച്ചടിയും

നേന്ത്രക്കാഓലനും

നാരങ്ങക്കറിയും

കയ്‌പ്പക്കത്തോരനും

അവിയലും

കൂട്ടുകറിയും

ശർക്കരഉപ്പേരിയും പപ്പടവുംകൂട്ടി

ചെമ്പാവരിച്ചോറ്‌ നിറച്ചുണ്ട്‌

കൈക്കുമ്പിൾകോട്ടി മോരുകുടിച്ച്‌

ഇടവടിച്ചടപ്രഥമൻകഴിച്ച്‌

വിരൽപ്പഴുതിൽ പൂവമ്പഴവുംകടത്തി

കൈവായ്‌മുഖവും നെഞ്ചും കഴുകി

കുമ്പതടവി ഏമ്പക്കംവിട്ട്‌

പുനം കൊയ്‌തുനിറച്ച പത്തായപ്പറത്ത്‌

കോലായക്കാറ്റിൽ പുൽപ്പായവിരിച്ച്‌

ഉച്ചമയങ്ങാൻ കിടന്ന അമ്മാവൻ

ഉണർന്നില്ല പിന്നെ.............

1. കാട്ടി ഃ കാട്ടുപോത്ത്‌

2. കുളുത്ത്‌ ഃ പഴഞ്ചോറ്‌

3. കണ്ണാണക്ക്‌ ഃ കടലാവണക്ക്‌

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.


Phone: 9495723832
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.