പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

എവിടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അശോകൻ അഞ്ചത്ത്‌

കവിത

എവിടെയാ സ്വപ്നഭൂമിക-

എവിടെയാ ചിങ്ങനിലാവും, വെയിലും

എവിടെയാ വർണ്ണത്തുമ്പികൾ...തുമ്പക്കുടങ്ങൾ...

പൂവട്ടികൾ, പൂവിളികൾ, പാൽപുഞ്ചിരികൾ

കൈതകൾ അതിരിടും, വേലിയോരങ്ങളിൽ-

വയലറ്റുചിരി പടർത്തും..കാക്കപൂവുകൾ...കുന്നിമണികൾ...

കോരന്റെ മുറ്റത്തും, കൊട്ടാരമുറ്റത്തും,

കുന്നോളം പൂകൊണ്ട്‌ കെട്ടുമൊരു പൂത്തറ...

എവിടെയാ നാരായണക്കിളികൾ... പറമ്പിലെമ്പാടും-

ചിലച്ചു നടക്കും, മൈനകൾ, പൂത്താങ്കീരികൾ?

എവിടെയാ വേനലിറങ്ങും.. വിളവെടുപ്പു-

കഴിഞ്ഞൊരാപ്പാടങ്ങൾ..?

കറ്റകൾ കൊയ്‌തു മെതിച്ചുണക്കും-

ചാണകം മെഴുകിയ മുറ്റങ്ങൾ..

പൊന്നാര്യൻ നെല്ലിന്റെ സമൃദ്ധിയിൽ-

തുടിക്കും, അറകൾ...

എവിടെയാ ബന്ധങ്ങൾ-തറവാട്ടു കാരണവർ,

മൂന്നാലു തലമുറ ഒത്തുകൂടുമ്പോഴുളള,

ചിരിക്കലും, ചിണുങ്ങലും, ഹർഷാരവങ്ങളും...

എവിടെ തറവാടിന്റെ ചുമരിൻ നിശ്വാസങ്ങളും.

എവിടെയാ-സദ്യവട്ടങ്ങൾ... ഉപ്പേരിവറുക്കലുകൾ, ബഹളങ്ങൾ...

എവിടെയാ-കുത്തരിച്ചോറിന്റെ നിറവുകൾ...

വട്ടംകൂടിയിരുന്നോരൂണിന്റെ സ്വാദുകൾ...?

എവിടെയാ-കസവിന്റെ മുണ്ടുകൾ, മണങ്ങൾ...പട്ടുപാവാടകൾ..?

തുമ്പിതുളളാട്ടങ്ങൾ, കുമ്മിയടികൾ, കുമ്മാട്ടിക്കളികൾ

എവിടെ മലയാളത്തിന്റെ മനയ്‌ക്കലെ മുറ്റത്തെ-

മങ്കമാരുടെ കൈകൊട്ടിക്കളികൾ, മുഴക്കങ്ങൾ...

നാലുംകൂട്ടി മുറുക്കിത്തുപ്പി വൃത്തികേടാക്കുന്ന-

പിന്നാമ്പുറ മുറ്റങ്ങൾ..?

എവിടെയാണ്‌ പ്രഭോ-അങ്ങും...

ഇന്നാട്ടിലെക്കില്ലിനി എന്നോതി-

എവിടെയോ പോയി മറഞ്ഞെന്നോ-

എവിടെയാണ്‌... എവിടെയാണ്‌...?


അശോകൻ അഞ്ചത്ത്‌

വിലാസംഃ അശോകൻ അഞ്ചത്ത്‌, നടവരമ്പ്‌ പി.ഒ., തൃശൂർ - 680 661.


Phone: 0480 - 2831281, 9446763581
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.