പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയം എനിക്കും നിനക്കുമിടയില്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ് കെ.സെബാസ്റ്റ്യന്‍

എന്റെ മൗനത്തിനും നിന്റെ ഗൂഡസ്മിതത്തിനു-
മിടയിലെവിടെയോ പ്രണയമൊളിച്ചിരിക്കുന്നു.
പറയാതെ അരികിലെത്തിയെന്‍ ഹൃദയ-
വാതിലിലൂടുള്ളിലേക്കെത്തി നോക്കുന്നു
വന്നാലുമെന്‍ പ്രിയ വസന്തമേ! വന്നുള്ളില്‍ക്കുടിയിരിക്കുക-
യെന്നെത്രയാവര്‍ത്തി വാക്കുതെറ്റാതെ ഞാന്‍ ജപിക്കുന്നു.

കാലമെടുത്തെറിഞ്ഞെന്നെ ശിവരാത്രിതന്‍ നഗരത്തി-
ലേതോ പഴയദേവാലയ വഴിയിലേക്കൊരുനാള്‍
വന്നണഞ്ഞെന്‍ സഞ്ചാരപഥങ്ങളിലന്നു നീ
ഒരു വാക്കുപോലുമുരിയാടാതെ കാത്തുനിന്നു.
വാക്കൊളിക്കുന്നു നീയരികിലെത്തുമ്പോള്‍
വല്ലാതെ ഹൃദയമിടിക്കുന്നു.
പ്രപഞ്ചമൊരു പ്രണയമന്ത്രമാ-
യെന്നില്‍ നിറയുന്നു.

വഴിയറിയാതെ ഞാലഞ്ഞ പുരുഷാന്തരങ്ങളി-
ലെന്നെ പിന്തുടര്‍ന്നത് നീയായിരുന്നുവോ?
എന്റെ വാരിയെല്ലില്‍ പണിക്കുറതീര്‍ത്തുമെന-
ഞ്ഞെന്‍ മുമ്പില്‍ നിറുത്തിയ നേര്‍പാതിയായിരുന്നുവോ നീ?

അറിയില്ലയറിയില്ല, യെനിക്കൊന്നുമേ, യെന്നാലുമറിയുന്നു
നിന്റെ പേരും, രൂപവും, നീ കാത്തുനിന്ന ദേവാലയവഴികളും
മാതൃവാത്സല്യത്തികവാര്‍ന്നൊരു പേരാണ് നിന്റെ
മഴവില്‍ മോഹമായതൊളിപ്പിക്കുന്നെന്‍ ഹൃത്തില്‍
നിതാന്തവിസ്മയത്തിരയിളക്കമടക്കും നിന്‍മിഴിക്കടലില്‍
ആശയോടുറ്റുനോക്കുമൊരു പ്രണയാതുരനാം നാവികന്‍ ഞാന്‍
എവിടെയാണെന്റെ സ്വപ്നഭൂമികേ,യേതുദിക്കിലാ-
ണെനിക്കു വഴികാട്ടുമൊരു തരിവെളിച്ചം
ഏകാന്തമാം തുരുത്തിലിന്നോര്‍മ്മകളുടെ
തിരയെണ്ണി ഞാന്‍ കാത്തിരിക്കുന്നു
വെയില്‍ ചായും സായന്തനങ്ങളില്‍
വെണ്ണിലാവീറനുടുക്കും യാമങ്ങളില്‍
മോഹിക്കുന്നു ഞാനെന്നുമാ പ്രണയം പൂക്കുന്ന
നാട്ടിലൊന്നു കാലുകുത്തുവാന്‍
അറിയാതെനിന്നെ അറിയുമ്പോഴും
തൊടാതെ നിന്നെ പുല്‍കുമ്പോഴും
ഏദനിലേക്കൊരു സ്വപ്നവാതില്‍ തുറക്കുന്നു
പ്രണയം സത്യമാണെന്‍ വിശുദ്ധമോഹങ്ങളി-
ലേഴു നിറങ്ങളിലാടി തിമിര്‍ക്കും മയൂരനടനം.

എന്റെ ദിനരാത്രങ്ങളുടെ മാറാപ്പിലൊരു പ്രണയപുസ്തകം
പൂഴ്ത്തിവയ്ക്കുന്നെനിക്കുമാത്രം വായിക്കുവാന്‍
ഹൃദയരുധിരമാണതിന്നക്ഷരം
മധുരമോര്‍ക്കുവാനതില്‍ നിന്റെ പേരു മാത്രം
മറക്കുവാനാവില്ലൊരിക്കലും നിന്നെ
മന്ത്രമുഖരമായെന്നാത്മാവിനോടുള്‍ച്ചേര്‍ന്നിരിപ്പൂ
മാഞ്ഞുപോകുമീ ഭൂമിയും, ഞാനുമെന്‍ വ്യഥിതസങ്കല്പ്പങ്ങളു-
മെങ്കിലും പഞ്ചഭൂതങ്ങളിലലിയാതെയലയടിക്കുമെന്‍ മൗനരാഗം
കാത്തുനില്‍ക്കാമെന്നുമീ ജന്മാന്തരവഴിയില്‍
കാലങ്ങള്‍ കടന്നു നീയെന്നരികിലെത്തും വരെ.

തോമസ് കെ.സെബാസ്റ്റ്യന്‍

കന്നിട്ടയില്‍, പാലാ, c/o ജോണ്‍സണ്‍ വര്‍ഗ്ഗീസ് തെക്കേക്കൊച്ചിയില്‍ ഹനിമാന്‍സ് ഹോമിയോ ക്ലിനിക് Near S.B.T കറുകച്ചാല്‍ പി.ഒ കോട്ടയം ജില്ല - 686 540.


Phone: 9447139952
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.