പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അമ്മ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കടാതി ഷാജി

കവിത

ഇന്നലെ

പ്രഭാതത്തിൽ അമ്മയുടെ ശവദാഹം.

ചെങ്കെല്ലിന്റെ

ചീളുകൾ കൊണ്ടസ്ഥിമാടം.

അമ്മയുടെ കണ്ണുകൾ

സ്‌നേഹത്തിന്റെ തീർത്ഥവിളക്കുകൾ,

വിളക്കിനുതാഴെ

ചിതലെടുക്കാത്ത ലിപികൾ.

അക്ഷരങ്ങൾ

കാരുണ്യത്തിന്റെ വസന്തം.

ഈ സാന്ത്വനസ്പർശനത്തിലാണ്‌ ഞാൻ വളർന്നതും,

അന്ധകാരത്തിനുളളിലെ

വസന്തത്തെ തിരിച്ചറിഞ്ഞതും;

ലക്ഷ്യമില്ലാത്ത യാത്രക്കുമുന്നിൽ

ചോദ്യമായ്‌, നിഴലായ്‌, കണ്ണീരായ്‌

വന്നുനില്‌ക്കാതെ

ആശീർവാദത്തിന്റെ

ഗായത്രി കാതിൽ പകർന്ന്‌

നെറുകയിൽ കൈവച്ചനുഗ്രഹിച്ചു

തിരിയും

എണ്ണയും തീരാത്ത മൺചിരാത്‌ തന്നു.

യാത്ര

അനായാസമായിരുന്നില്ല,

തിരിച്ചറിവിന്റെ ഹിമാലയങ്ങൾ

ആവർത്തിച്ചു നടന്നുതിരിഞ്ഞ്‌

ഒടുവിൽ

ധ്യാനത്തിന്റെ മഹാമൗന സാഗരം;

സാഗരത്തിനുളളിൽ

ബോധോദയത്തിന്റെ നിലാവെളിച്ചത്തിൽ

അക്ഷരങ്ങൾ ചേർത്തുവായിച്ചു,

അമ്മ

സ്‌നേഹമാകുന്നു,

സ്‌നേഹം കാരുണ്യമാകുന്നു,

കാരുണ്യം ദൈവമാകുന്നു.

അൻപേ ശിവം,

ശിവം, ശിവമയം.

അകം പൊരുളിന്റെ

ചന്ദനഗന്ധത്തിൽ

ഇന്നലെ

അമ്മയുടെ ശവദാഹം നടന്നു.

കടാതി ഷാജി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.