പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വൃത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീധരൻ. എൻ. ബല്ല

കവിത

ഗുരുഃ

വൃത്തം വരയ്‌ക്കുന്ന വിധമറിയുക.
ഒരു കയ്യിൽ കോമ്പസും
കോമ്പസിൽ പെൻസിലും..
ആരമാണെങ്കിലളന്നെടുക്കണം
വ്യാസമെങ്കിൽ പകുതിക്ക്‌ വെട്ടണം.
കോമ്പസ്‌ കുത്തണം.... വട്ടം കറങ്ങണം...
തുടക്കവുമൊടുക്കവും തിരിച്ചറിയില്ലെങ്കിലും
സാങ്കേതികത്തികവിന്‌ ഒട്ടും കുറവില്ല.
വൃത്തം
ഒരു സമസ്യയാണ്‌ മക്കളേ...
അതു നിങ്ങൾക്ക്‌
യുക്തംപോലെ പൂരിപ്പിക്കാം.
-സമസ്യാപൂരണംഃ ചില മാതൃകകൾ-


ഒന്ന്‌ഃ അനിൽ

മുറുക്കാനിടിക്കെ
മുത്തശ്ശിച്ചിരിചൊല്ലിഃ
നിന്റച്ഛൻ കറങ്ങിയ
വൃത്തമാണീ ഗൃഹം.
നിന്നുടെയപ്പൂപ്പൻ
വൃത്തത്തിലാക്കിയ
ചൂരലിൻ തുമ്പത്തവന്റെ ബാല്യം.
അവൻ സമ്മാനിച്ച
കരിവീട്ടിക്കട്ടിലിൽ
അപ്പൂപ്പനിപ്പോൾ
പുതിയ വൃത്തം...
കണ്ണുമിഴിച്ചു ഞാൻ നിന്നുപോയി
ഈ സമസ്യ ഞാനെങ്ങിനെ
പൂരിപ്പിക്കും...?


രണ്ട്‌ ഃ അനൂപ്‌

അടുക്കളവൃത്തത്തിനിത്തിരി വട്ടത്തിൽ
കണ്ണുതുടയ്‌ക്കുന്നു പൊന്നമ്മ.
നേരം വെളുക്കെ കയറിയീ വൃത്തത്തിൽ
അന്തിയാകുംവരെ വട്ടം കറങ്ങുന്നു.
നീയും നിന്നച്ഛനും പതിവായി രാവിലെ
തീന്മേശ വൃത്തത്തിലെത്തി; പിന്നെ
വിദ്യാലയവൃത്തമോഫീസുവൃത്തവും
തോന്നുംപോൽ ചുറ്റിക്കറങ്ങിടുമ്പോൾ
ഞാനുമീവീടും തൊടിയും മുത്തശ്ശിയും
അർദ്ധമയക്കത്തിലാണ്ടു പോകും...!


മൂന്ന്‌ഃ ആശ

ബാല്യകൗമാരവും യൗവ്വനവും പടു-
വാർദ്ധക്യവുമൊരു കൊച്ചുവൃത്തം.
ഈ വൃത്തങ്ങളിൽ നാം കുരുങ്ങിനിൽക്കെ
ജീവിതം വലിയോരു വിഷമവൃത്തം.
അച്ഛനുമമ്മയുമോരോ നിമിഷവും
നീ ഞങ്ങൾക്കൊന്നെന്ന്‌ ചങ്ക്‌ പറിക്കുന്നു.
അടുത്ത നിമിഷത്തിൽ കാതിലോതുന്നു, നീ-
വൃത്തപരിധി കടക്കല്ലേ...
മൗനമായ്‌ വിങ്ങുന്നതെൻ മാനസം
എന്നെന്നുമെന്റേത്‌ മാത്രമായുളേളാരു
വൃത്തം വരയ്‌ക്കുവാനെന്തു മാർഗ്ഗം?


നാല്‌ഃ സീമ

അമ്പിളിക്കലതൊട്ട്‌
ആകാശപ്പൂന്തോപ്പിൽ
അനന്തമാമാരത്തിൽ
പ്രപഞ്ചം കവിയുന്ന
വൃത്തം വരയ്‌ക്കാനും
അത്തരം വൃത്തത്തി-
ലായുസ്സു മുഴുവനും
സർവ്വസ്വതന്ത്രയായ്‌
പാറിപ്പറക്കാനും
ആരവും വ്യാസവുമില്ലാമനസ്സിൽ
കുറിച്ചിട്ടതാര,തിൻ
കുറുകേ വരച്ചതാർ?
ഇടനെഞ്ചു പൊട്ടുന്നു സങ്കടത്താ,ലീ-
വിഷമവൃത്തം ഞാനെങ്ങിനെ മറികടക്കും...?


ഗുരുഃ

പൂരണങ്ങളിലെ മേലുദാഹരണങ്ങൾ
ഭൂരിപക്ഷത്തിന്റെ പ്രതിനിധികൾ.
ആരമളന്നെടുത്ത്‌
വ്യാസം പകുതിയാക്കി
കോമ്പസ്‌ കുത്തി; വട്ടം കറങ്ങി
വരയ്‌ക്കണം വൃത്തം.
തുടക്കവുമൊടുക്കവും തിരിച്ചറിയില്ലെങ്കിലും
സാങ്കേതികത്തികവിനു ഒരു കുറവുമില്ല.
വൃത്തം ഒരു സമസ്യതന്നെയാണ്‌.
അതു നിങ്ങൾക്കിനിയും
തോന്നുംപോലെ
പൂരിപ്പിച്ചു കൊണ്ടേയിരിക്കാം!

ശ്രീധരൻ. എൻ. ബല്ല

കഥയിൽ തുടങ്ങി. കവിതയിൽ സജീവം. ആനുകാലികങ്ങളിൽ എഴുതുന്നു. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘പരിണാമത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും’. കവിതാസമാഹാരം ‘ചതുരം’ അച്ചടിയിൽ.

സുരേന്ദ്രൻ സ്‌മാരക കവിതാപുരസ്‌കാരം, തപസ്യ രജതജൂബിലി കവിതാപുരസ്‌കാരം, അധ്യാപക കലാവേദികവിതാ അവാർഡ്‌, വിദ്യാരംഗം അവാർഡ്‌, ഡോ.ചെറിയാൻ മത്തായി ലിറ്റററി എന്റോൺമെന്റ്‌.... എന്നിങ്ങനെ ഏതാനും പ്രോത്സാഹനങ്ങൾ ലഭിച്ചിട്ടുണ്ട്‌. നിലമ്പൂരിൽ സ്ഥിരതാമസം. നിലമ്പൂർ ഗവഃയു.പി. സ്‌കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.

വിലാസം

ഹരിതകം,

ചക്കാലക്കുത്ത്‌,

നിലമ്പൂർ പി.ഒ.

679 329
Phone: 0491 223132




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.