പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കോഴിക്കോട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഫീഖ്‌ പന്നിയങ്കര

സാമൂതിരിയുടെ പ്രൗഢ ഭൂമിക.

ചരിത്രത്തിലെവിടെയൊക്കെയോ

ഇവിടുത്തെ വീതി കുറഞ്ഞ തെരുവീഥികളുണ്ട്‌.

പ്രണയ വിഷാദങ്ങൾ സ്വരരാഗ ധാരയായ്‌

നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങൾ,

മൈലാഞ്ചിക്കരങ്ങളുടെ ഒപ്പനത്താളങ്ങളുയർന്ന

കോയാതറവാടുകൾ.

പാളയം റോഡിലെ സ്വർണ്ണത്തിളക്കമുള്ള വെയിലിന്‌

വല്ലാത്തൊരു ഗന്ധമാണ്‌.

താഴെ പാളയം ചീഞ്ഞ മാങ്ങയും

തക്കാളിയുമായി നാറുമ്പോൾ

വലിയങ്ങാടി ചായപ്പൊടിയുടേയും

ബസുമതി അരിയുടേയും ഗന്ധമാണ്‌.

മിഠായിത്തെരുവ്‌...

അലങ്കാര ദീപങ്ങളിൽ മുങ്ങിത്താണ്‌,

ഉറക്കമിളച്ചിരുന്ന്‌... അതിഥികളെ സ്വീകരിച്ചിരുന്ന

ഈ വീഥിക്ക്‌ കരിഞ്ഞ്‌ കരുവാളിച്ച

മുഖമാണിപ്പോൾ.

ഹൽവ ബസാർ...,

ഭൂമിയിൽ മറ്റെവിടെയെങ്കിലും

ഹൽവയ്‌ക്ക്‌ മാത്രമായൊരു ബസാറുണ്ടെന്ന്‌

പറയുന്നവൻ മുഴുഭ്രാന്തൻ

ഗണ്ണി സ്‌ട്രീറ്റ്‌ കീറച്ചാക്കു പോലെ-

ഇഴ പൊട്ടിയ ജന്മങ്ങളുടേതെന്നാരോ പാടുന്നു.

കൊപ്ര ബസാർ... പേര്‌ പോലെ തന്നെ

ഉണങ്ങി... ഈച്ചയാർത്ത്‌...

കല്ലായിപ്പുഴ... അവളിന്ന്‌ മണവാട്ടിയല്ല

കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.

തളിക്കുളം... വിനായക ക്ഷേത്രത്തിന്റെ

നിഴൽ വീഴുന്നത്‌ സുഖക്കാഴ്‌ച.

നഗരത്തിന്റെ മണവാട്ടികൾ കുളിച്ചീറൻ മാറുന്നത്‌

ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.

ചതുരമെന്ന പച്ചത്തുരുത്തിന്നരികെ

തെളിനീരിളകുന്ന മാനാഞ്ചിറ

വേനൽ കത്തുമ്പോൾ നഗരത്തിന്റെ കുടിനീരാണിത്‌.

മാവൂർ റോഡ്‌.

ചെളിക്കണ്ടായിരുന്നെന്ന്‌ പഴമക്കാർ.

ആരവങ്ങളാൽ വീർപ്പു മുട്ടുന്ന നഗരഹൃദയം.

അഭിനവ സംസ്‌ക്കാരം...

നെടുവീർപ്പുകളുതിർത്ത്‌,

സത്യത്തിന്റെ തുറമുഖം

കടലെടുക്കുന്നതായ്‌ വാർത്തയോതുമ്പോൾ...

നന്മയുടെ നങ്കൂരത്തിന്‌ തുരുമ്പെടുക്കുന്നതായ്‌

പരിതപിക്കുമ്പോഴും

സൽപ്പേരിന്റെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക.


റഫീഖ്‌ പന്നിയങ്കര

ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌.

ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം)

സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു.


Phone: 00966 553 363 454
E-Mail: panniyankara@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.