പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പരിണാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരിദാസൻ

കവിത

യന്ത്രം ചിന്തിച്ചു

എനിക്കു ചിരിക്കാനറിയില്ല

ചതിക്കാനറിയില്ല

കുതികാലുവെട്ടാനറിയില്ല

എങ്കിലും കാസ്പറോവ്‌ കരഞ്ഞു

അവന്റെ കാലാളും രാജാവും കരഞ്ഞു

പാവം!

ഇപ്പോൾ മുട്ടിപ്പോയി പ്രാർത്ഥിക്കുകയാണ്‌.

ഇന്ന്‌

കാസ്‌പറോവ്‌ ഒരു

ലഘുയന്ത്രം മാത്രം

ഞാനോ

ഇമ്മിണി ബല്യ ഒന്ന്‌.

ചരിത്രം ഇനി എഴുതുംഃ

പരിണാമത്തിന്റെ പരകോടിയിൽ

യന്ത്രമെത്തിയത്‌

കാസ്പറോവെന്ന

ലഘുയന്ത്രയുഗം കഴിഞ്ഞാണ്‌.

ഇനിമേൽ

പുംസ്‌ത്രീ ഭേദമില്ല

അമ്മ പെങ്ങന്മാർ ഇല്ല

സ്‌ത്രീപീഡനവും

വിമോചനവുമില്ല

എല്ലാമൊരു നപുംസകത്വം

ക്ലോണിങ്ങിലൂടെ സന്തതി പരമ്പര.

മ്യൂസിയത്തിൽ ഇനി ഒരറകൂടി പണിയും

ആൾക്കുരങ്ങുകഴിഞ്ഞാണത്‌

ആ കൂട്ടിൽ പക്ഷേ,

വഴങ്ങാത്തൊരു മനസ്സു പിടയുന്നുണ്ടാവും

കമ്പിവേലികൾ കഴിഞ്ഞു വളരുന്ന മനസ്സ്‌

ആൾക്കുരങ്ങിന്റെ തേഞ്ഞ വാലുപോലെ ഒന്ന്‌.

യന്ത്രത്തിന്റെ തെറ്റിക്കണ്ണ്‌

ചെമന്ന നിറത്തിൽ പ്രകാശിച്ചു

സൈറൺ മുഴങ്ങി

യന്ത്രം സംയമനംപാലിച്ചു

ചിന്ത വെടിഞ്ഞയന്ത്രം

അതിവേഗം പ്രവൃത്തിയിൽ മുഴുകി.

[റഷ്യൻ ചെസ്‌ ചാമ്പ്യനായ കാസ്‌പറോവ്‌ കമ്പ്യൂട്ടറുമായുളള ചെസ്‌ മത്സരത്തിൽ പരാജയപ്പെട്ട സംഭവമാണ്‌ കവിതക്കാസ്പദം]


ഹരിദാസൻ

മലയാളഭാഷാസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കവിത, ലേഖനങ്ങൾ. സ്വാതന്ത്ര്യക്കൂട്ടിൽ എന്ന നോവൽ എം.കെ.ചാന്ദ്‌ രാജുമായി ചേർന്ന്‌ രചിച്ചു. ആകാശവാണിയിൽ പ്രഭാഷണം, കവിത, ലളിതഗാനം, നാടകം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്‌. ആകാശവാണി നാടകം ഃ തടവറയിലെ കിനാക്കൾ (9 ഭാഗം), കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ (104 ഭാഗം). സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പിനുവേണ്ടി അൻപതോളം പുസ്‌തകങ്ങൾ എഡിറ്റു ചെയ്‌തു. പോപ്പുലേഷൻ കമ്മ്യൂണിക്കേഷൻ ഇന്റർനാഷണൽ (യു.എസ്‌.എ) ചെന്നൈയിൽ സംഘടിപ്പിച്ച സ്‌ക്രിപ്‌റ്റ്‌ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. മലയാളഭാഷാപോഷണത്തിനായുളള മലയാളസമിതിയുടെ സ്ഥാപകാംഗം.

എം.കെ.ചാന്ദ്‌ ചാജ്‌, ഹരിദാസൻ എന്നിവർ ചേർന്ന്‌ ഹരിചാന്ദ്‌ എന്ന പേരിൽ ദൂരദർശനുവേണ്ടി രചന നിർവ്വഹിച്ച പരിപാടികൾഃ മലയാളമെന്ന പേർ കേട്ടാൽ, വഴികാട്ടികൾ (ഡോക്യുമെന്ററി), മുരളീരവം, നൈവേദ്യം (ഗാനചിത്രീകരണം), ലോകാവസാനം (ന്യൂ ഇയർ പ്രോഗ്രാം), മുത്തശ്ശി പറയും പൊന്നോണക്കഥകൾ(ഓണം സ്‌പെഷ്യൽ പ്രോഗ്രാം). ദൂരദർശനുവേണ്ടി ഗവേഷണം, രചന, സംവിധാനം എന്നിവ നിർവഹിച്ച പരിപാടികൾഃ ഇവർ ജീവപാലകർ (ലൈഫ്‌ഗാർഡുകളെപ്പറ്റിയുളള ഡോക്യുമെന്ററി), ആയുർവേദഗവേഷണകേന്ദ്രം (ഡോക്യുമെന്ററി).

വിലാസം

ഹരിദാസൻ

ഗീതാഭവൻ,

പാപ്പാട്‌,

തിരുവനന്തപുരം - 695 013.

ഫോൺ - 364305.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.