പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ശരീരശാസ്‌ത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്‌ണനുണ്ണി പി.

കവിത

കാൺകയീ ശരീരങ്ങൾ-

നിറങ്ങളൂറും നിലാവെളിച്ചത്തിൽ

ചുട്ടികുത്തിയവ; പേശീബന്ധമയന്ന്‌

ഒന്നിനൊപ്പം നിവരാത്തവ.

പുറകിൽ നിന്നാരോ വിളിച്ചെന്ന്‌ തോന്നുമ്പോൾ

അമരവള്ളത്തിന്റെ ജീവനായ്‌ തീർന്നവ.

കിരാതമേതൊരു യാമത്തിൻ മടിയിലാ-

ണിന്നു നാമിരുന്നതെന്നോർക്കുവാൻ വയ്യ.

തുറന്നിട്ട നെഞ്ചിൻകൂട്ടിൽ കാണാം

വരണ്ട നദീമുഖം, അസ്ഥികൂടാരങ്ങൾ

അവയ്‌ക്കൊടുവിലിടം തേടുവാൻ മതി

കരണ്ടിയിലവശേഷിക്കും ജലകണങ്ങൾ

ഒതുക്കിത്തീർത്തൊരാ മരണതീർത്ഥം.

പകുതിയൊടിഞ്ഞ രൂപത്തിനെന്തേ

മുഴുമിക്കാത്തൊരു ശിൽപത്തിനെ ഭയം?

അവനല്ല, അവളല്ല

അവനിലൂടെയും

അവളിലൂടെയും

അവനെ, യാരോവാക്കും അവളിലൂടെയും

അവളെ,യാരോവാക്കും അവനിലൂടെയും

അവൻ&അവൾ, അവരിലൂടെയും

അവരെ,യാരാക്കും അപരിലൂടെയും

അപരരെയപരരാക്കും അറിവിലൂടെയും

അപരരെ അവരാക്കും അവരിലൂടെയും

അവരറിവാകും അപരിലൂടെയും

അപരമറിവാകും അവരിലൂടെയും

അറവിനെയറിവാക്കുമവരിലൂടെയും

വളരുകയായിന്നത്തെ ശരീരമനനങ്ങൾ.

ഇന്നലെ വേദനയായിരുന്നീ ശരീരത്തിന്റെ

മതമെങ്കിലിന്നേതവസ്ഥ?

അപര സംഭ്രമതാളം ശിരോവസ്‌ത്രമുരിഞ്ഞു

നടനം ചെയ്‌തിടും നഗരപാതാളത്തിൽ

തിരയുവാനാവില്ലെനിക്ക്‌ നിന്നെ,

കണ്ടുമൃഗശാലയിൽ ഭോഗനിർവൃതി തേടുമൊരു

വൃദ്ധ ശാസ്‌ത്രമാണീ മ്യൂസിയത്തിൽ നിൻശരീരം.

പിരിയുന്ന കൂട്ടങ്ങൾപോൽ വഴിമാറിടും

രൂപങ്ങൾ സുലഭമീ മുറികൾക്കുളളിൽ

വെയിൽ തിന്ന തെങ്ങോല നാരുകൾപോൽ

ചുരുങ്ങുന്ന തളർവാതമേനിയും ചായം പുരണ്ടവ.

ഈയിടങ്ങളെ മാറ്റുവാനാണന്ത്യശാസന

മണി മുഴങ്ങുന്നത്‌; ഭയമരുത്‌, പേരില്ലാതെ

പേരുതേടും നമുക്കായ്‌ നഗരത്തിലുണ്ട്‌

മഹാമർക്കട പ്രതിമകൾ.

ഒഴിയുകയായിന്നലെകളിലെ സ്വകാര്യ‘ഇടങ്ങൾ’

നാം പോലുമറിയാത്ത നമ്മിലെയിടങ്ങൾക്കായ്‌

കിരാതനടനവും ഗീതവും തേങ്ങലും

ചുക്കിച്ചുരുങ്ങും പുറന്തോടുപോലെ.

ഈയിടങ്ങളെ മാറ്റുവാൻ ശരീരങ്ങളെവിടെ?

എല്ലാമൊത്തുകൂടും നഗര പാന്ഥാവുകളെവിടെ?

ഓർമ്മപോലും തിരിച്ചൊഴിഞ്ഞു പോകുമ്പോൾ

ഓർത്തിടാനൊക്കുമോ ശരീരശാസ്‌ത്രങ്ങളെ..?


കൃഷ്‌ണനുണ്ണി പി.

ജനനം 16-05-1968ൽ. വിദ്യാഭ്യാസം എം.എ., എം.ഫിൽ-ഇംഗ്ലീഷ്‌ സാഹിത്യത്തിൽ. മുഖ്യമായും കവിത, ലേഖനങ്ങൾ, സാംസ്‌ക്കാരിക പഠനങ്ങൾ, സിനിമ-കല നിരൂപണങ്ങൾ (മലയാളത്തിലും ഇംഗ്ലീഷിലും) എന്നിവ എഴുതുന്നു. കലാകൗമുദി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, സമകാലിക മലയാളംവാരിക, മാധ്യമം വാരിക, ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്‌), ന്യൂ പോയട്രി ജേർണൽ (ഇംഗ്ലീഷ്‌), പോയട്രി ടുഡെ (ഇംഗ്ലീഷ്‌)കൂടാതെ മറ്റ്‌ അക്കാദമിക്‌ പ്രസിദ്ധീകരണങ്ങളിലും മിനി മാഗസീനുകളിലും സൃഷ്‌ടികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഗബ്രിയൽ ഗാർസിയ മാർക്കേസിന്റെ ‘മുൻകൂട്ടിപ്പറഞ്ഞ മരണഗാഥ’ എന്ന നോവൽ ക്രിട്ടിക്കൽ കംപാനിയനായി എഡിറ്റ്‌ ചെയ്‌തത്‌. 2001-ൽ പ്രസിദ്ധീകരണം. വേൾഡ്‌ വ്യൂ പബ്ലിക്കേഷനാണ്‌ പ്രസാധകർ. ഒരു കവിതാസമാഹാരം ഡി.സി.ബുക്‌സ്‌ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്‌. 1990ൽ മഹാത്മാഗാന്ധി സർവകലാശാലയിലെ ‘കലാപ്രതിഭ’യായി തിരഞ്ഞെടുത്തു. ‘ലോകായത നിയമം’ എന്ന കവിതയ്‌ക്ക്‌ തിരുവനന്തപുരം സംസ്‌ക്കാരയുടെ ‘സാരഥി’ അവാർഡ്‌ നൽകപ്പെട്ടു, 1990-ഒക്‌ടോബറിൽ.

വിലാസംഃ

കൃഷ്‌ണനുണ്ണി പി.

ഇംഗ്ലീഷ്‌ ലക്‌ചറർ,

ദേശ്‌ബണ്ഡു കോളജ്‌,

കൽക്കജി, ഡൽഹി യൂണിവേഴ്‌സിറ്റി,

ന്യൂ ഡൽഹി - 110 019.

242-സി, പോക്കറ്റ്‌-എഫ്‌,

എൽ.ഐ.ജി. ഫ്ലാറ്റ്‌സ്‌,

ദിൽഷത്‌ ഗാർഡൻ,

ഡൽഹി - 95.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.