പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഭൂപടങ്ങൾ മാറ്റിവരയ്‌ക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌

അമേരിക്കൻ മനഃശാസ്‌ത്രജ്ഞനായ ജൂലിയൻ ജെയിൻസ്‌, ചിഹ്‌നഘടിതമായ അർത്ഥവ്യവസ്ഥയിലെ പ്രതിമാനങ്ങളെ വിശ്ലേഷണവിധേയമാക്കുന്നിടത്ത്‌, അനുവർത്തനേതരമായ സുചിതങ്ങളെ സംജ്ഞയിൽനിന്ന്‌ വിഭിന്നമാക്കാൻ മുതിരാത്തപ്പോൾ ഭാഷയുളവാക്കുന്ന പ്രതിനിധാനത്തിന്റെ വേർതിരിവിനെ വ്യവച്‌ഛേദിക്കുന്നത്‌ കാണാം. അങ്ങനെയല്ലാത്തപ്പോൾ പ്രക്ഷേപണപര്യാപ്‌തമല്ലാത്ത പദവിധാനത്തിലാവും അവ നിലകൊളളുന്നത്‌. ഇത്തരുണത്തിൽ ഗണിതശാസ്‌ത്രചിഹ്‌നങ്ങളും ഭൂപടങ്ങളും സംഗതമാവുന്നത്‌ വാക്കിന്റെ അപരിമേയപ്രതീതിയിലാണെന്നു വരുന്നു.

പി.കെ.സുധിയുടെ ‘എസ്‌കവേറ്റർ’ എന്ന ചെറുകഥ പദസംയോഗത്തിന്റെ കലഹോൻമുഖതക്ക്‌ മികച്ചൊരു നിദർശനമാണ്‌. അനുസന്ധാനത്തിന്റെ ത്രിതലപടലങ്ങളിലാണ്‌ ഈ കഥ അനുഭവഭേദ്യമായിരിക്കുന്നത്‌. ഭൂപടത്തിലെ വ്യഞ്ഞ്‌ജനങ്ങൾ കൊഴിയുമ്പോൾ അവശേഷിക്കുന്ന പ്രതിലത്തെ ജീവസ്സുറ്റതാക്കുകയെന്ന ദൗത്യം കഥാകൃത്ത്‌ ഇവിടെ ശ്ലാഘനീയമാം വിധം ഏറ്റെടുത്തിരിക്കുന്നു. പക്ഷെ അറിയപ്പെടുന്നതിന്റെ പരാലംബതയിലാണിത്‌ പ്രസക്‌തമെന്നിടത്ത്‌ അതൊഴിവാക്കി ഋജുചിത്തരായി അഭിരമിക്കാനാണല്ലോ പൊതുവെ അനുവാചകർക്കിഷ്‌ടം. ക്ലിഷ്‌ടധർമ്മങ്ങളുടെ ആഘാതം കൈയേൽക്കാൻ ന്യൂനപക്ഷമേ എന്നും മുതിരാറുളളൂ.

ഇത്തരം പലായനങ്ങളാണ്‌ ഭാഷയെ അധികാരരൂപമായി പരിണമിക്കുന്നതിന്‌ തുണയായി ഭവിക്കുന്നതെന്ന്‌ മനസ്സിലാക്കുക. അനുശീലനങ്ങളുടെ ഏകോന്മുഖരഥ്യയാണിത്‌. ഇവിടെ, വാക്കും പൊരുളും വേറല്ലെന്ന ദുരിതപർവത്തെ കഥാകൃത്ത്‌ ഒരുതരും ആത്‌മഭോജനസ്വഭാവത്തോടെ അയത്‌നലളിതമായി വലിച്ചുകീറുന്നു. അതിന്‌ അവലംബമാക്കിയിരിക്കുന്നത്‌ വ്യവസ്ഥയുടെ അവ്യവസ്ഥയേയും. ഇതിനൊപ്പം കൃതിയുടെ ബാഹ്യാവരണത്തിനുളളിൽ ചാരം മൂടിക്കിടക്കുന്ന ക്രൈസ്‌തവധാർമ്മികതയുടെ കനലുകളെപ്പറ്റിയും ഓരോ ചുവടിലും ജാഗരൂകരായേ തീരൂ.

പിതാവ്‌-പുത്രൻ-പരിശുദ്ധത്മാവ്‌ ശ്രേണിയുടെ അപഭ്രംശമില്ലാത്ത സചേതനസാരൂപ്യമാണ്‌ ഈ കഥയിലെ എസ്‌കവേറ്റർ-മുരുകൻ-ഹിന്ദുസ്ഥാൻ എർത്ത്‌ മൂവേഴ്‌സ്‌ ബന്ധം. ‘ആദിപരാശക്തി’യെന്ന എസ്‌കവേറ്ററിന്റെ ഡ്രൈവറായ മുരുകൻ എന്ന തമിഴൻ ഏതൊരളവുകളിലും തന്റെ ചുമതലകളെയും പരിമിതികളെയും പറ്റി ബോധവാനാണ്‌. എസ്‌കവേറ്ററിന്റെ യാന്ത്രികസ്വാതന്ത്ര്യത്തിനു വശംവദനാവുകയാണ്‌ അവന്റെ വിധി. പിതൃഘടനയുടെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നതുകൊണ്ടുതന്നെ അവന്‌ മറ്റൊരു സാധ്യതയും ചിന്തനീയവുമല്ല.

സംസ്‌കാരത്തിനു മേലുളള ദേശികരുടെ കടന്നുകയറ്റത്തിന്‌ പലപ്പോഴുമൊരു മൃദുവദനവുമുണ്ട്‌. ആവാസകരുടെ സംരക്ഷകരായാണ്‌ ചരിത്രത്തിൽ പര്യവേക്ഷകർ-അലക്‌സാണ്ടറായും, ഗസ്‌നിയായും, രാജരാജചോളനായുമൊക്കെ-ഓരോ സമയസന്ധിയിലും അവതരിക്കപ്പെട്ടുപോന്നിട്ടുളളത്‌. ഉദാത്തീകരണം ഇത്രത്തോളം അനുവർത്തിക്കപ്പെടാതിരുന്നൊരു പരിതോവസ്ഥയിൽപ്പോലും നടന്നതിതാണെങ്കിൽ നിശ്ചയമായും സ്‌റ്റാലിനും സദ്ദാമിനുമൊക്കെ ചായംതേച്ച ചമയങ്ങൾ ഒട്ടാവാതെ വയ്യ. പൂക്കോട്ടുപാടത്തെ തട്ടിനിരത്തുകയെന്ന പരമപിതാവിന്റെ -ഹിന്ദുസ്ഥാൻ എർത്ത്‌ മൂവേഴ്‌സിന്റെ- കല്‌പനകളെ അനുസരിക്കാൻ മാത്രമേ മുരുകന്‌ കഴിയൂ. അതിനവനെ പഴി ചാരുന്നത്‌ വ്യർത്ഥമെന്ന്‌ ഏറെക്കുറെ സമാന്തരമായൊരു പ്രതിവൃത്തത്തെ അന്തർലീനമാക്കിയിരിക്കുന്നതിലൂടെ പ്രസരിപ്പിക്കാനും കഥാകൃത്തിന്‌ സാധിക്കുന്നു.

ഒരിക്കലും സ്വേഛാചരനല്ല മുരുകൻ. പുത്രന്റെ ദുര്യോഗമാണിത്‌. ചെന്നിലംപട്ടിയെന്ന ഗ്രാമത്തിലെ അച്‌ഛൻ കെട്ടിപ്പൊക്കിയ ദുർബലമായ വീടും അതിന്റെ മേൽക്കൂരയും സംരക്ഷിക്കാൻ അവനിതേ മാർഗമുളളു. ആംബുലൻസ്‌ ഡ്രൈവറിൽ നിന്നും ജെ.സി.ബി ഓപ്പറേറ്ററിലേക്കുളള അവന്റെ മാറ്റവും ധ്വന്വാത്മകമാണ്‌. തന്റെ ഗൃഹാതുരസ്‌മൃതികൾ പറുദീസാനഷ്‌ടം പോലെ മുരുകനെ സദാ കൊത്തിവലിക്കുന്നു. കുറ്റബോധത്തിന്റെ കരുമനകളിൽനിന്ന്‌ വിമോചിതനാവുന്ന ഒരു സൈനികനെ ഏത്‌ മൃഗീയ (മാനുഷിക?) പ്രവൃത്തിക്കും സജ്ജനാക്കാമെന്നത്‌ പരമാധികാരം എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവർക്ക്‌ കൊടുക്കുന്ന എച്ചിൽത്തുണ്ടുകൾക്കിടയിൽ ദേശസ്‌നേഹമെന്നൊരു വൈഡൂര്യകുണ്‌ഡലി കൂടി വിളക്കിച്ചേർത്താലത്തെ കാര്യം പറയുകയും വേണ്ട. മുരുകന്റെ മൃത്യുകാമനകളിൽ ജൻമദേശവും മകളും ഭാര്യ പുഷ്‌പവുമൊക്കെ നിരന്തരസാന്നിധ്യമാകുന്നതും ഇതൊക്കെ കൊണ്ടാണ്‌. ഒന്നും പോരാഞ്ഞ്‌ രുചിവർധിനിപോലെ ആമിനയെന്നൊരു പാരഫറും.

വളരെക്കുറഞ്ഞ വാക്കുകളിൽ ‘എസ്‌കവേറ്റർ’ എന്ന കഥയുടെ തന്തുവിനെ സംഗ്രഹിക്കാം. ദാവൺഗെരെ എന്ന സ്ഥലത്തെ സൃഷ്‌ടി&സംഹാരദൗത്യം പൂർത്തിയാക്കിയ ശേഷം മറ്റൊരു ഗ്രാമത്തെ തരിപ്പണമാക്കി അവിടെയൊരു വിമാനത്താവളം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയെത്തു​‍ുന്ന യന്ത്രവൃന്ദത്തിലെ പിൻനിരക്കാരൻ മാത്രമാണ്‌ ‘പരാശക്‌തി’യുടെ ചാലകനായ മുരുകൻ. കഥാഗതിയിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ അവന്‌ ത്രാണിയില്ല. ഇതിനിടെ പൂക്കോട്ടുംപാടത്തെ കുടിയൊഴിപ്പിക്കലിനു ആസന്നഭാവിയിൽത്തന്നെ വിധേയയാകാൻ പോകുന്നവളായ ആമിന എന്നു പേരുളള ഒരു ഗ്രാമീണ ബാലയിൽ അയാൾ സ്വന്തം മകളുടെ ട്രാൻഫറൻസ്‌ നടത്തുന്നു. എന്നാൽ അവൾക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കാൻ അവനാകുന്നില്ല. ഒടുവിൽ ആമിനയുടെ വീടും യന്ത്രം നക്കിത്തോർത്തി നീങ്ങുമ്പോൾ ജൻമഗേഹത്തിന്റെ സന്തപ്‌തസ്‌മരണകൾക്കിടയിലും അവന്റെ കർമ്മം അനുസ്യൂതം തുടരുന്നു. ഇതിവൃത്തത്തിനു വെളിയിൽ ഇതെത്ര സംഘാതഭരിതമെന്ന്‌ ആവിഷ്‌കരിക്കാനാകുന്നത്‌ അന്തര്യാമിയായ പ്രതിചിഹ്‌നങ്ങളുടെ അഴിച്ചുപണിയിലൂടെ മാത്രമാണ്‌. ഈ സന്ദർഭത്തെ ആലേഖനത്തിന്റെ മായികതയിലൂടെ, സാമൂഹ്യധർമ്മത്താൽ കൂച്ചുവിലങ്ങിടപ്പെട്ട വ്യക്തിയുടെ ആകുലതകൾക്ക്‌ പുറത്തേക്ക്‌ നീക്കിക്കൊണ്ട്‌, സാർവ്വ ജനീനമായൊരു അവസ്ഥാവിശേഷമാക്കാൻ കഥാകൃത്തിനു സാധിക്കുന്നു.

ഇച്ഛയനുവർത്തിക്കുന്ന തനയന്റെ നിലനിൽപ്പ്‌ താതന്റെ ഗരിമയിലാണ്‌. അല്ലെങ്കിൽ അർത്ഥമൊഴിഞ്ഞ ഒരു വെറും വാക്കിൻചണ്ടി മാത്രമാണ്‌ മുരുകൻ. സ്വാഭാവികമായും നവനങ്ങളുടെ ആലങ്കാരികത കൊണ്ട്‌ ഭദ്രമായൊരു പിതൃസത്തയെ സ്വയം സംശയിച്ചുകൊണ്ടും അവന്‌ ഉരുപ്പെടുത്തേണ്ടിവരുന്നു. എന്നാലൊടുവിൽ മരപ്പലകയിൽ പരിത്യക്തനാകുമ്പോഴേക്കും അവസാന ഊർജ്ജവും കൈയൊഴിയേണ്ടിവരുമെന്നതും പുത്രന്റെ പരിണാമമില്ലാത്തൊരു ദുര്യോഗമാണ്‌. എസ്‌കവേറ്ററിനെ- വെടിമരുന്നിനു തകർക്കാനാകാത്തത്‌, ബോംബുകൾ മുട്ടായി പോലെ നുണഞ്ഞിരക്കുന്നത്‌-എന്നൊക്കെ മുരുകൻ വാഴ്‌ത്തുന്നു. അവവദേവാപദാനകരായ നാമിതിൽ അതിശയം കൂറേണ്ടതില്ല. മത്സ്യമായും കൂർമ്മമായും വരാഹമായും-അല്ല- പ്രാർത്ഥനാപക്കിയായും ഒട്ടകമായും കങ്കാരുവായും മദയാനയായും ദശരൂപനാകുന്ന എസ്‌കവേറ്റരിന്‌ വൈശേഷികത്വം കൽപ്പിച്ച്‌ അനുസരിക്കാതെ പറ്റില്ല.

പൂക്കോട്ടുംപാടത്ത്‌ തന്റെ പ്രവർത്തനങ്ങൾ എന്തിനുവേണ്ടിയാണെന്ന്‌ ആദ്യമൊന്നും മുരുകനറിയുന്നില്ല. അത്‌ ആശുപത്രിയോ, വിദ്യാലയമോ എന്ന്‌ അവനെ അറിയിക്കേണ്ടതുമില്ലല്ലോ. ഉപരിവർഗ്ഗത്തിന്റെ പ്രത്യയശാസ്‌ത്രപരമായ മർദ്ദനോപാധികളിൽ ഇവയൊക്കെ ഉൾപ്പെടുമെന്ന ഫൂക്കോയുടെ നിരീക്ഷണത്തെ ഇത്തരുണത്തിൽ ആനുഷംഗികമായി പരാമർശിക്കാതെ വയ്യ. തമിഴന്‌ സന്ദേഹങ്ങൾ പുതുമയല്ല. “ആരുടെയാക്കെ കിടപ്പാടങ്ങൾ പിഴുതെറിയപ്പെട്ടു?” “ഏതേത്‌ ഉറവകളിലേക്ക്‌ എസ്‌കവേറ്ററിന്റെ നഖങ്ങൾ ആഴ്‌ന്നിറങ്ങും?” “ചെന്നിലംപട്ടിയിൽ പുര കെട്ടി മേഞ്ഞിരിക്കുമോ?” - ഇത്യാദി അനിശ്ചിതത്വങ്ങൾ ചെറുകഥയിൽ നിരവധിയാണ്‌. ഇതൊന്നും കഥാകൃത്ത്‌ ദുരൂഹവൽക്കരിക്കുന്നില്ലെന്നതും ശ്രദ്ധേയം. മറിച്ച്‌ സ്‌തവങ്ങളുടെ ഏടുകളിൽ കൂട്ടിച്ചേർക്കപ്പെടേണ്ട വരികളായി അവ വളരുക മാത്രം ചെയ്യുന്നു.

ഇവിടെ കഥാകൃത്തിന്‌ പഥ്യം ദ്വന്ദ്വങ്ങളെ സൃഷ്‌ടിക്കുന്നതിനും അവയുടെ ഘർഷണത്തിലൂടെ കഥാഗതിയെ നിർവ്വചിക്കുന്നതിലുമാണ്‌. മകൾ&ആമിന, അച്‌ഛൻ&എസ്‌കവേറ്റർ, സ്വന്തം&വീട്‌ വിമാനത്താവളം, ചെന്നിലംപട്ടി&പൂക്കോട്ടുംപാടം എന്നിങ്ങനെ അത്തരം സമ്പുഷ്‌ടതകളുടെ ഒരുപിടിയുണ്ടിതിൽ. ഓരോന്നും അനുപൂരകങ്ങളും. രചയിതാവ്‌ പക്ഷപാതരഹിതമല്ലെന്നതും ഒരു ബാധ്യതയായി അനുഭവപ്പെടുന്നില്ല. എസ്‌കവേറ്ററിന്റെ സംഹാരധർമ്മത്തിലെ നൃശംസ്യത വെളിപ്പെടുന്നത്‌ ഇത്തരം പദലീലകളിലൂടെയാണ്‌.

വിഭിന്നമായൊരു പരിപ്രേക്ഷ്യപരിതോവസ്ഥയിൽ ജെ.സി.ബി. എന്ന വാക്ക്‌ നമ്മിലുളവാക്കുന്ന നിഗമനങ്ങളും നിഗദനങ്ങളും വേറിട്ടതാകും. അപ്പോഴും ‘എസ്‌കവേറ്റർ’ എന്ന കഥ അന്വർത്ഥമാക്കുന്നത്‌ വ്യാവഹാരികകാലത്തിനു പുറത്തേക്ക്‌ വലിച്ചു നീട്ടപ്പെട്ട സ്വാഭാവികതയെയാണ്‌. ഇവിടെ കാലത്താൽ പരിമിതപ്പെടാത്ത കഥാകൃത്ത്‌ എന്ന പ്രയോഗം പ്രസക്തമാവുന്നുമുണ്ട്‌. മുരുകന്റെ ദുർബ്ബലപ്രതിഷേധം പോലും വനരോദനമായിത്തീരുന്നു. അയാളുടെ പ്രതികരണരാഹിത്യം പൊതുധാരയുടെ ഭാഗമാണ്‌. അതേസമയം എസ്‌കവേറ്റർ ഒരു സജീവ, വന്യ സാന്നിധ്യവും. സ്വേച്ഛാചരനായ പരമപിതാവിന്റെ പ്രതിനിധിയെയാണ്‌ അതിൽ മുരുകൻ കാണുന്നത്‌. പൈതൃകം- എസ്‌കവേറ്റർ- മനുഷ്യധാർമ്മികത എന്നൊരു ടിപ്പണി കൂടി നമുക്ക്‌ ഈ കഥയിൽ എഴുതിച്ചേർക്കാം.

പ്രകൃതിയുടെ മേലുളള മനുഷ്യന്റെ അധിനിവേശത്തോടുളള അനുരണനവുമാണ്‌ ഈ കഥ. ഭൂമിയുടെ കടലാസിൻമേലുളള മനുഷ്യന്റെ ഭൂപടങ്ങൾ തുടച്ചുനീക്കിയാൽ ശൂന്യതയും ഊഷരതയുമല്ല, ജൈവികതയുടെ ഹരിതാഭയാവും തെളിഞ്ഞുകാണുന്നത്‌. അതിൻമേലുളള ഏത്‌ മേൽവരയും നീചസ്വാർത്ഥതാപ്രേരിതമാകാം. ഇത്തരം സംരചനകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ നിസ്സഹായതയെ ലാവണ്യതലത്തിലേക്ക്‌ പരിവർത്തനം ചെയ്യാനായി എന്നതാണ്‌ ‘എസ്‌കവേറ്റർ’ എന്ന ചെറുകഥയുടെ ചേതസ്സ്‌.

പ്രദീപ്‌

ഉഷസ്‌ 8&79

അറുമുഖൻ ഗാർഡൻ,

ചന്‌ദ്ര നഗർ

പാലക്കാട്‌-7,


Phone: 9847736012
E-Mail: prajnaparamitha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.