പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അവതരണക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. ശൂരനാട്‌ കുഞ്ഞൻപിളള

ഇ. ആർ. രാജരാജവർമ്മ പലർക്കും എഴുതിക്കൊടുത്ത അവതാരികകളും, സ്വന്തം കൃതികൾക്കെഴുതിയ മുഖവുരകളും , ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക്‌ കൊടുത്തിട്ടുളള ലേഖനങ്ങളും, പഴയ മാസികകളിൽനിന്നുംമറ്റും കണ്ടെടുത്ത്‌ പുസ്‌തകരൂപത്തിൽ പ്രകാശിപ്പിക്കാൻ രഞ്ജിമ എഡിറ്റോറിയൽ ബോർഡംഗങ്ങൾ ചെയ്‌തിട്ടുളള പരിശ്രമം ഏതു ഭാഷാഭിമാനിയുടെയും പ്രശംസയ്‌ക്കു വിഷയമാണ്‌. ഇവയിൽ പലതും മറ്റോരോ പുസ്‌തകങ്ങളോടു ചേർന്നും മറ്റു തരത്തിലും സാഹിത്യഭക്തന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടുളളവതന്നെയെങ്കിലും, ഇവ വിദ്യാർത്ഥികൾക്കും ഗവേഷകന്മാർക്കും ഉപകരിക്കത്തക്കവണ്ണം സമാഹരിക്കാൻ വേറെയാരും ശ്രമിച്ചതായി അറിയപ്പെട്ടിട്ടില്ല. ശ്രീ. ഇ. വി. രാമൻനമ്പൂതിരി പ്രകാശനംചെയ്‌ത പ്രബന്‌ധസംഗ്രഹത്തിൽ ഇവിടെ സമാഹരിച്ചതിൽ കുറേ ലേഖനങ്ങൾ ചേർത്തിട്ടുളളത്‌ അനുസ്‌മരിക്കുന്നു. രാജരാജവർമ്മയുടെ പ്രമാണഗ്രന്ഥങ്ങൾക്കുളളിടത്തോളം പ്രാധാന്യം ഈ സന്ദർഭസൃഷ്‌ടികൾക്ക്‌ ഇല്ലെങ്കിലും ഇവയ്‌ക്കും പ്രത്യേകമായ ഒരു മൂല്യം ഉണ്ടെന്ന്‌ നിശ്ചയമായി പറയാവുന്നതാണ്‌. ഭാഷയെയും സാഹിത്യത്തെയും ജ്യോതിഷം പോലുളള വിഷയങ്ങളെയുംപറ്റി അദ്ദേഹം പലപ്പോഴായി രേഖപ്പെടുത്തിയിട്ടുളള അഭിപ്രായങ്ങൾ എത്രയോ മികച്ചതാണ്‌ എന്ന്‌ ഏതു പണ്‌ഡിതനും സമ്മതമായിട്ടുളളതാണ്‌. അതിനാൽ ഈ സമാഹാരത്തിനു രൂപം കൊടുത്ത രഞ്ജിമ എഡിറ്റോറിയൽബോർഡിലെ പണ്‌ഡിതന്മാരും, പ്രസിദ്ധപ്പെടുത്തുന്ന ചങ്ങനാശേരിയിലെ രഞ്ജിമ പബ്‌ളിക്കേഷൻസും വിലപ്പെട്ട ഒരു സേവനമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌.

ഇ. ആർ. രാജരാജവർമ്മയ്‌ക്ക്‌ മലയാളഭാഷയിലും, കേരള സംസ്‌ക്കാരമണ്‌ഡലത്തിലും, സംസ്‌കൃത സാഹിത്യത്തിലും സിദ്ധിച്ചിരുന്ന സ്ഥാനത്തെപ്പറ്റി, സാമാന്യമായിപ്പറഞ്ഞാൽ, എല്ലാവർക്കും അറിയാവുന്നതാണ്‌. എന്നാൽ ആ മഹാപ്രഭാവന്റെ യഥാർത്ഥ വ്യക്‌തിത്വം ഇനിയും കണ്ടുപിടിക്കേണ്ടതായിത്തന്നെയിരിക്കുന്നുവെന്നു ഖേദപൂർവ്വം പ്രസ്‌താവിക്കണം. കേരള സാഹിത്യ നഭോമണ്‌ഡലം ഒട്ടേറെ മഹാജ്യോതിസ്സുകളെക്കൊണ്ട്‌ ഭാസുരമാണെങ്കിലും രണ്ടു മഹാവ്യക്‌തികളാണ്‌ രണ്ടു തരത്തിലാണെങ്കിലും നമ്മെ അത്ഭുതപ്പെടുത്തുന്നത്‌; സൂര്യചന്ദ്രന്മാരെപ്പോലെ, തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛനും ഇ. ആർ. രാജരാജവർമ്മയും. ഈ രണ്ടുപേരോടും മലയാളികൾക്കുളള കടപ്പാട്‌ ഒട്ടൊക്കെ സാഹിത്യചരിത്രകാരന്മാരും, നിരൂപകന്മാരും സമ്മതിച്ചിട്ടുളളതുതന്നെ. പക്ഷേ, യഥാർത്ഥമായ സംഭാവനകളുടെ സ്വഭാവവും മൂല്യവും ഇനിയും നിർണ്ണയിക്കാനിരിക്കുന്നതേയുളളു; രണ്ടുപേരുടെയും.

പ്രകൃത ചിന്താവിഷയം രാജരാജവർമ്മയായതുകൊണ്ട്‌ അദ്‌ദേഹത്തെപ്പറ്റി പ്രത്യേകിച്ച്‌ അനുസ്‌മരിക്കാം. ഒരു മഹാപണ്‌ഡിതൻ, വൈയാകരണൻ, സാഹിത്യമഹാചാര്യൻ, ആലങ്കാരികൻ, വിവർത്തകൻ, ഉഭയകവീശ്വരൻ-മലയാളത്തിലും സംസ്‌കൃതത്തിലും-എന്നീ നിലകളിൽ അദ്‌ഭുതകരമായ ഒരു മഹിമയാണ്‌ രാജരാജവർമ്മ പ്രദർശിപ്പിക്കുന്നത്‌; സിദ്ധികൾകൊണ്ടും സംഭാവനകൾകൊണ്ടും. പക്ഷേ ഇത്രയും വകവയ്‌ക്കുന്നവർതന്നെ അദ്‌ദേഹത്തെ കണ്ടെത്തുന്നുണ്ടോ? അദ്‌ദേഹത്തിന്റെ പ്രമാണഗ്രന്ഥങ്ങൾ പഠിപ്പിക്കാൻവേണ്ടി ഉണ്ടാക്കിയതാണെന്നുപറഞ്ഞ്‌ പലരും തരംതാഴ്‌ത്തുന്നു. ഈ വിഷയങ്ങൾ രാജരാജവർമ്മ മാത്രമേ പഠിപ്പിച്ചുളേളാ? ഇതെല്ലാം പഠിപ്പിച്ച മറ്റു പണ്‌ഡിതന്മാർ സമാനമായി എന്തുചെയ്‌തു? ഭാഷാഭൂഷണം സാമാന്യമായ ഒരു അലങ്കാരഗ്രന്ഥം തന്നെയെങ്കിലും അതിൽത്തന്നെ രാജരാജവർമ്മ പ്രദർശിപ്പിച്ചിട്ടുളള മഹിമ മറ്റ്‌ ഏതൊരു മലയാളകവിക്കാണ്‌ പ്രദർശിപ്പിക്കാൻ കഴിഞ്ഞത്‌? ഏതിനുംപോരുന്ന ഒരു കഴിവും കരുത്തുമാണ്‌ അതിൽക്കാണുന്നത്‌. പാണിനീയത്തിന്‌ സംസ്‌കൃതത്തിലുളള സ്ഥാനമാണ്‌; ചില പരിമിതകളോടുകൂടി കേരളപാണിനീയത്തിനു മലയാളത്തിലുളളത്‌. മലയാള വ്യാകരണത്തെ കേരളപാണിനീയത്തിൽ പ്രദർശിപ്പിച്ചതുപോലെ സംസ്‌കൃത വ്യാകരണത്തെ മണിദീപികയിൽ സമ്പൂർണ്ണമായും പ്രതിപാദിച്ചത്‌ വേണ്ടപോലെ ശ്രദ്‌ധിക്കാതെ കിടക്കുന്ന വസ്‌തുതയാണ്‌. സംസ്‌കൃതപാണിനീയത്തിന്റെതന്നെ ഒരു സംക്ഷിപ്‌തരൂപമായ ലഘുപാണിനീയം സംസ്‌കൃതപാണ്‌ഡിത്യത്തിന്റെ പ്രദർശനമാണ്‌. വൃത്തമഞ്ഞ്‌ജരിയുണ്ടാകുന്നതുവരെ അത്തരമൊരു പ്രാമാണികഗ്രന്ഥം മലയാളത്തിൽ സിദ്ധിച്ചിരുന്നില്ല; മറ്റു ചില ലഘുഗ്രന്ഥങ്ങളുണ്ടായിരുന്നെങ്കിലും. വ്യാകരണം, അലങ്കാരം, വൃത്തം ഇവയെപ്പറ്റിയുളള ഗ്രന്ഥങ്ങൾ സംസ്‌കൃതപാരമ്പര്യത്തോട്‌ ചേർന്നതാണെങ്കിലും സാഹിത്യസാഹ്യം ആംഗലഭാഷയുടെ പ്രചോദനംകൊണ്ടുണ്ടായതാണ്‌. മലയാളത്തിലെ ഗദ്യശാഖാവികാസത്തിന്‌ ഈ ഗ്രന്ഥം എത്രത്തോളം പ്രയോജനപ്പെട്ടുവെന്നത്‌ സർവ്വവിദിതമാണ്‌. പിന്നെ സംസ്‌കൃതത്തിൽ നിന്നുളള തർജ്ജിമകളിൽക്കൂടി മഹത്തായ ചില സാഹിത്യകൃതികൾ മലയാളത്തിലേക്കു കൊണ്ടുവന്നുവെന്നതുപോലെതന്നെ വിവർത്തനത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന്‌ മലയാളികളെപഠിപ്പിക്കുകയും ചെയ്‌തു. സംസ്‌കൃത കവിതകളുടെ മലയാളവിവർത്തനം സംസ്‌കൃതബഹുലമാക്കുന്നത്‌ സാധൂകരിക്കാവുന്നതല്ല എന്നായിരുന്നു ഇ. ആർ. പഠിപ്പിച്ച പാഠം. സംസ്‌കൃതംപഠിക്കാത്ത മലയാളികൾക്കുവേണ്ടിയാണല്ലോ പരിഭാഷ. രാജരാജവർമ്മയുടെ ഈ സംഭാവനകൾ എത്രയോ വലുതാണ്‌ എന്നു സമ്മതിക്കുന്നവർപോലും ഒരു മഹാകവി പന്തിയിലേക്ക്‌ അദ്ദേഹത്തെ പ്രവേശിപ്പിക്കുവാൻ വൈമനസ്യം കാണിക്കുന്നതുപോലെതോന്നും. അദ്‌ദേഹത്തിന്റെ ഏറ്റവും മികച്ച സ്വതന്ത്രകവിത ആംഗല സാമ്രാജ്യം മഹാകാവ്യമാണ്‌. സംസ്‌കൃതത്തിലായതുകൊണ്ട്‌ മലയാളമഹാകവിഗണനാ പ്രസംഗത്തിൽ അതിന്റെ കർത്താവിനെ ഉൾപ്പെടുത്താതെ പോകുന്നു. എന്നാൽ ആധുനിക കാലത്തുണ്ടായിട്ടുളള ഏറ്റവും മികച്ച ഒരു സംസ്‌കൃതമഹാകാവ്യമാണ്‌ ആംഗല സാമ്രാജ്യമെന്നും, അതിലും അദ്‌ദേഹത്തിന്റെ മറ്റു പല മലയാളകവിതകളിലും നമ്മുടെ ഏതു കവിയെക്കാളും പിന്നിലാകാത്ത കവിത്വശക്തി അദ്‌ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെന്നും നിശ്ചയമാണ്‌.

ദ്വിതീയാക്ഷരപ്രാസവാദത്തോടുകൂടി നൂതന കവിതാരീതിയെ ആവിഷ്‌കരിച്ച്‌ അതുപോലെ മറ്റു പലതിലൂടെയും ഭാഷയുടെയും സാഹിത്യത്തിന്റെയും കാലോചിതമായ വികാസത്തിനദ്‌ദേഹം വഴിതെളിച്ചു. ഈ വസ്‌തുതകൾ എണ്ണിയെണ്ണി കണക്കിലെടുത്ത്‌ ആ മഹാന്റെ സംഭാവനകളെ വിലയിരുത്തേണ്ടത്‌ സാഹിത്യവിദ്യാർത്ഥികളുടെ കടമയാണ്‌. ആ കർത്തവ്യം നിർവഹിക്കാൻ രാജരാജവർമ്മയുടെ പാണ്ഡിത്യവ്യക്തിത്വത്തിന്റെ പല ഭാവങ്ങളെയും അംശങ്ങളെയും പരിചിന്തനം ചെയ്യേണ്ടിവരും. അത്തരമൊരു ചിന്തയ്‌ക്ക്‌ വളരെ പ്രയോജനപ്പെടുന്നതായിരിക്കും ഇതിലുൾക്കൊളളിച്ചിട്ടുളള പ്രബന്ധങ്ങളും ലേഖനങ്ങളും മറ്റും.

മൂന്നു ഭാഗങ്ങളായി സംവിധാനം ചെയ്‌തതിട്ടുളളതാണ്‌ ഈ ഗ്രന്ഥം. ഒന്ന്‌ ഭാഷാചിന്തകൾ-പന്ത്രണ്ട്‌ ലേഖനങ്ങൾ. രണ്ട്‌ സാഹിത്യചിന്തകൾ-ആറ്‌ ലേഖനങ്ങളും ഇരുപത്തിനാല്‌ അവതാരികകളും. മൂന്ന്‌ സാംസ്‌കാരികചിന്തകൾ-നാലു ലേഖനങ്ങൾ. ഉളളടക്കത്തിലെ വിഷയങ്ങൾ ഇവിടെ പ്രത്യേകമെടുത്ത്‌ ചർച്ച ചെയ്യുന്നില്ല. അവയോരോന്നും എഴുതിയ കാലത്തെ നിലയ്‌ക്കുനോക്കിക്കാണുന്നത്‌ ചരിത്രപരമായും നിരൂപണപരമായും പ്രയോജനകരമാണ്‌. പ്രയോജനകരമായ ഈ പരിശ്രമം ചെയ്‌ത സുഹൃത്തുക്കളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഭാഷാവിദ്യാർത്ഥികളുടെയും പണ്‌ഡിതന്മാരുടെയും സന്തോഷപൂർവ്വമായ സ്വീകരണം ഈ ഗ്രന്ഥത്തിനു ലഭിക്കും. ഈ ഗ്രന്ഥത്തിന്റെ സമ്പാദനവും എഡിറ്റിംഗും നിർവ്വഹിച്ച രഞ്ജിമ എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങൾക്കും പ്രസിദ്ധീകരിക്കുന്ന രഞ്ജിമ പബ്‌ളിക്കേഷൻസിനും സർവ്വ വിജയവും ആശംസിച്ചുകൊളളുന്നു.

പ്രൊഫ. ശൂരനാട്‌ കുഞ്ഞൻപിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.