പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അയോദ്ധ്യാകാണ്ഡം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്ത്‌ എഴുത്തച്ഛൻ

രാമായണമാസം

കർക്കടകമാസം ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമായണ മാസമാണ്‌. തോരാത്ത മഴപെയ്യുന്ന രാവുകളിൽ രാമായണം വായന മനസ്സിനെ ദീപ്‌തമാക്കുകയും ഭക്തിയുടെ നിറവിലേയ്‌ക്ക്‌ ഉയർത്തുകയും ചെയ്യുമെന്നാണ്‌ വിശ്വാസം. കേരളീയരെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കഴിഞ്ഞിട്ടേ വേറൊരു രാമായണമുള്ളു. ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട എല്ലാ കടമകളും കർമ്മങ്ങളും രാമായണം വായനയിലൂടെ ഹൃദിസ്‌ഥമാക്കാൻ കഴിയും. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്‌മണോപദേശത്തിലെ ഏതാനും വരികൾ വായിക്കുക.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്‌ടമാമായുസ്സു മോർക്ക നീ.

വഹ്‌നിസന്തപ്‌തലോഹസ്‌ഥാംബുബിന്ദുനാ

സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം

ചക്ഷുഃശ്രവണഗളസ്‌ഥമാം ദർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്‌തമാം ലോകവു

മാലോലചേതസാ ഭോഗങ്ങൾ തേടുന്നു

പുത്രമിത്രാർത്ഥകളത്രാദിസംഗംമ

മെത്രയുമല്പകാലസ്‌ഥിതമോർക്ക നീ

പാന്ഥർ പെരുവഴിയമ്പലം തന്നിലേ

താന്തരായ്‌ കൂടി വിയോഗം വരുമ്പോലെ

നദ്യാമൊഴുകുന്ന കാഷ്‌ഠങ്ങൾ പോലെയു-

മെത്രയും ചഞ്ചലമാലയസംഗമം

ലക്ഷ്‌മിയുമസ്‌ഥിരയല്ലോ മനുഷ്യർക്കു

നില്‌ക്കുമോ യൗവ്വനവും പുനരധ്രുവം?

സ്വപ്‌നസമാനം കളത്രസുഖം നൃണാ-

മല്പമായുസ്സും നിരൂപിക്ക ലക്ഷമണ!

രാഗാദിസങ്കുലമായുള്ള സംസാര-

മാകെ നിരൂപിക്കൽ സ്വപ്‌നതുല്യം സഖേ!

ഓർക്ക ഗന്ധർവനഗരസമമതിൽ

മൂർഖന്മാർ നിത്യമനുക്രമിച്ചീടുന്നു

ആദിത്യദേവനുദിച്ചിതു വേഗേന

യാദഃപതിയിൽ മറഞ്ഞിതു സത്വരം

നിദ്രയും വന്നിതുദയശൈലോപരി

വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരൻ

ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കൾ

ചിത്തേ വിചാരപ്പതില്ല കാലാന്തരം

ആയുസ്സു പോകുന്നതേതുമറിവില്ല

മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ.

വാർദ്ധക്യമോടു ജരാനരയും പൂണ്ടു

ചീർത്ത മോഹേന മരിക്കുന്നതു ചിലർ.

നേത്രേന്ദ്രിയംകൊണ്ടു കണ്ടിരിക്കെ പുന-

രോർത്തറിയുന്നീല മായതൻ വൈഭവം

ഇപ്പോളിതു പകൽ പില്പാടു രാത്രിയും

പില്പാടു പിന്നെപ്പകലുമുണ്ടായ്‌വരും.

ഇപ്രകാരം നിരൂപിച്ചു മൂഢാത്‌മാക്കൾ

ചിൽപുരുഷൻഗതിയേതുമറിയാതെ

കാലസ്വരൂപനാമീശ്വരൻ തന്നുടെ

ലീലാവിശേഷങ്ങളൊന്നുമോരായ്‌കയാൽ

ആമകുംഭാംബുസമാനമായുസ്സുടൻ

പോമതേതും ധരിക്കുന്നതില്ലാരുമേ.

രോഗങ്ങളായുള്ള ശത്രുക്കളും വന്നു

ദേഹം നശിപ്പിക്കുമേവനും നിർണ്ണയം.

വ്യാഘ്രിയെപ്പോലെ ജരയുമടുത്തുവ-

ന്നാക്രമിച്ചീടും ശരീരത്തെ നിർണ്ണയം.

തുഞ്ചത്ത്‌ എഴുത്തച്ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.