പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > രാമായണം > കൃതി

സുന്ദരകാണ്ഡം ഭാഗം -1

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ് ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ജനനൃപദുഹിതൃവചനം കേട്ടു മാരുതി
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍
വിനയമൊടുമവനിമകള്‍ ചരണനളിനാന്തികേ
വീണു നമസ്ക്കരിച്ചാന്‍ ഭക്തിപൂര്‍വകം
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍
തുഷ്ട്യാ കലപിംഗതുല്യശരീരനായ്
‘ഇവിടെ നിശിചരപതി വലീമുഖവേഷമാ-
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ?
ശിവശിവ കി മിതി കരുതി മിഥിലനൃപപുത്രിയും
ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍
കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു
കുമ്പിട്ടിരുന്നതു കണ്ടു കപീന്ദ്രനും
‘’ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ടാ കുറഞ്ഞൊന്നുമെന്നെ നീ
തവ സചിവനമിഹ തഥാവിധനല്ലഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപിലകുലതിലകനായ സുര്യാത്മന്‍
സുഗ്രീവഭൃത്യന്‍ ജഗല്പ്രാണനന്ദനന്‍
കപടമൊരുവരൊടുമൊരുപൊഴുതുമറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!’‘
പവനസുതമധുരതരവചനമതു കേട്ടുടന്‍
പത്മാലയാദേവി ചോദിച്ചിതാദരാല്‍
‘’ഋതുമൃജുമൃദുസ്പുടവര്‍ണ്ണവാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം
സദയമിഹ വദ മനുജവാനരജാതികള്‍
തങ്ങളില്‍ സംഗതി സംഭവിച്ചീടുവാന്‍
കലിതരുചി ഗഹനഭുവി കാരണമെന്തടോ!
കാരുണ്യവാരാന്നിധേ! കപികഞ്ജര!
തുരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന-
തന്നോടു ചൊന്നതിന്‍ മൂലവും ചൊല്ലു നീ’‘
‘’ശൃണു സുമുഖി ! നിഖിലമഖിലേശവൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതുപൊഴുതിലൊരു കനകമൃഗമാലോക്യ
മാനിനു പിമ്പേ നടന്നു രഘുപതി
നിശിതതരവിശിഖഗണചാപവുമായ് ചെന്നു
നീചനാം മാരീചനെക്കൊന്നു രാഘവന്‍
ഉടനുടലുമുലയെ മുഹുരുടജഭുവി വന്നപോ-
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടെയവിടെയടവിയിലടയെ നോക്കിയൂ-
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍
കേണു കിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിച്ചള-
വാശു കൊടുത്തിതു മുക്തി പക്ഷീന്ദ്രനും
പുനരടവികളിലവരജേന സാകം ദ്രുതം
പുക്കു തിരഞ്ഞു കബനഡിഗതി നല്‍കി
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍
അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധൌ
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-
താല്‍പ്പര്യമുള്‍‍ക്കൊണ്ടയച്ചതിതെന്നെത്തദാ
ബത! രവികുലോത്ഭവന്മാരുടെ സന്നിധൗ
ബ്രഹ്മചാരിവേഷമാലംബ്യ ചെന്നു ഞാന്‍
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി-
നിര്‍മ്മലന്മാരെച്ചുമലിലെടുത്തു ഞാന്‍
തരണിസുതനികടഭുവി കൊണ്ടുചെന്നീടിനേന്‍
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍
ദഹനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ണമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍.

 Next

തുഞ്ചത്തെഴുത്തച്‌ഛൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.