പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഹൃദയത്തിന്റെ വിശപ്പറിഞ്ഞ കേശവദേവ്‌...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ടി. വാസുദേവൻനായർ

ആശംസകൾ

എഴുത്തുലോകത്തിലെ വഴികാട്ടികൾ

സാഹിത്യമെന്നത്‌ ഇന്നലെയുടെ അപ്പുറത്തുനിന്നും നാളെയുടെ അനന്തതയിലേയ്‌ക്ക്‌ അനസ്യൂതമായി ഒഴുകികൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ്‌. തകഴിയും കേശവദേവും വർക്കിസാറും കാരൂരുമൊക്കെ എഴുതിയത്‌ ഇളംപ്രായത്തിൽ തന്നെ വായിക്കുകയും അന്ന്‌ കിട്ടാവുന്ന വിശേഷാൽ പ്രതികളിൽ വരുന്ന ഇവരുടെ ചിത്രങ്ങൾ വെട്ടിയെടുത്ത്‌ മൺചുവരിൽ പതിപ്പിച്ചു വച്ച ബാല്യകാലമായിരുന്നു എന്റേത്‌. എന്റെ ചെറിയ എഴുത്തുലോകത്തെ ദൈവങ്ങൾ ഇവരായിരുന്നു. എങ്കിലും ഇവരിൽനിന്നും ഏറെ വ്യത്യസ്തരാണ്‌ എന്നെപോലുളള എഴുത്തുകാർ. എന്നിൽനിന്നും വ്യത്യസ്തരായിരിക്കും ഇനിവരുന്ന എഴുത്തുകാർ. അങ്ങിനെ ഓരോ കാലഘട്ടത്തിനനുസരിച്ച്‌ സമീപനത്തിലും ശൈലിയിലും എഴുത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.

എന്നാൽ ഇവരൊക്കെ അന്ന്‌ എഴുതിയിരുന്നില്ലെങ്കിൽ, എനിക്ക്‌ പ്രചോദനം ഉണ്ടാക്കാൻ ഇവരുടെ കഥകളും കവിതകളും നോവലുകളും ഇല്ലായിരുന്നെങ്കിൽ, സത്യം എന്ന വെളിപാടോടുകൂടി എനിക്ക്‌ എഴുത്തുലോകം എന്ന മഹാപ്രപഞ്ചത്തിലേയ്‌ക്ക്‌ കടന്നുവരുവാൻ കഴിയില്ലായിരുന്നു. ഇവരുടെ എഴുത്താണ്‌ എന്റെ എഴുത്തിന്റെ സത്യം. അതുകൊണ്ട്‌ തന്നെയാണ്‌ ഗുരുസ്ഥാനീയനായ കേശവദേവിനെ അനുസ്‌മരിക്കുന്ന ഇവിടേയ്‌ക്ക്‌ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഞാൻ വന്നത്‌. ഇതെന്റെ ഉത്തരവാദിത്വമാണ്‌.

കേസരിയുടെ ശല്യക്കാർ

കേസരി ബാലകൃഷ്ണപ്പിളളയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ലേഖനമാണ്‌ ‘തകഴിയെ കൊണ്ടുളള ശല്യം’. ഇതേതുടർന്ന്‌ അദ്ദേഹം നടത്തിയ വിശദീകരണത്തിൽ തകഴി, ദേവ്‌, ബഷീർ എന്നീ മൂന്ന്‌ എഴുത്തുകാരെ കൊണ്ട്‌ പലർക്കും ഏറെ ശല്യമുണ്ടെന്നും, എന്നാൽ ഈ ശല്യം തുടർന്നും നിലനിന്നു പോകണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കാരണം, നിലവിലുളള എല്ലാത്തരം യാഥാസ്ഥിതിക ധാരണകളേയും സങ്കൽപ്പത്തിനേയും കടന്നാക്രമിക്കാൻ ശ്രമിച്ചവരാണ്‌ ഈ എഴുത്തുകാർ. ഇത്തരത്തിൽ വ്യവസ്ഥാപിതമായ പലതിനേയും ആക്രമിക്കുകയും അതുവരെ ആരും സ്പർശിക്കാൻ ശ്രമിക്കാത്ത പലതിനേയും പ്രമേയമാക്കുകയും ചെയ്തപ്പോഴാണ്‌ ഇവർ ശല്യമാകുന്നു എന്ന്‌ പലർക്കും തോന്നിയത്‌. കേശവദേവും സ്വാഭാവികമായി യാഥാസ്ഥിതികരുടെ ശത്രുതയ്‌ക്ക്‌ പാത്രമായി. കേശവദേവിൽ രാഷ്‌ട്രീയമാറ്റങ്ങൾ സംഭവിച്ചപ്പോൾ, ഉദാഹരണമായി തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിനു ബദലായി, ‘ഞാനിപ്പോൾ കമ്യൂണിസ്‌റ്റാകും’ എഴുതിയ സമയത്ത്‌, പുരോഗമനവാദികളും ദേവിന്‌ എതിരായി. ഈ വിധത്തിൽ പല കാലഘട്ടങ്ങളിലും പലരിൽനിന്നും ദേവിന്‌ എതിർപ്പുണ്ടായി. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും ‘എതിർപ്പ്‌’ എന്നുതന്നെ. ഈ എതിർപ്പ്‌ എന്നത്‌ അതേവരെ സഞ്ചരിച്ചുകൊണ്ടിരുന്ന പാതയിൽനിന്നും മാറി സഞ്ചരിക്കുമ്പോൾ നിലവിലുളള പലതിനേയും ഉല്ലംഘിക്കേണ്ടി വരുന്നതിന്റെ പരിണിത ഫലമാണ്‌.

എഴുത്ത്‌ ഒരു ചോദ്യം ചെയ്യൽ

ദേവിനെ അനുസ്‌മരിക്കുന്ന ഈ സമയത്ത്‌ ഇത്തരം എഴുത്തുകാർ എന്തിനു വേണ്ടിയാണ്‌ നിലകൊണ്ടത്‌ എന്ന്‌ നാം ചിന്തിക്കേണ്ടതുണ്ട്‌. ദേവ്‌ പലതിനേയും ചോദ്യം ചെയ്‌തിരുന്നു. ഇത്തരത്തിൽ ചോദ്യം ചെയ്യാതെ ഒരു എഴുത്തുകാരനും നിലനില്‌ക്കാനാവില്ല. സർഗ്ഗപ്രക്രിയ എന്നത്‌ മാനസികമായ ഒരു കലാപം അഥവാ പലതിനോടുമുളള കലഹിക്കലാണ്‌; ചോദ്യം ചെയ്യലാണ്‌. പലതിനും കൃത്യമായ മറുപടി കിട്ടി എന്നുവരില്ല. പിന്നെ എന്തിനിങ്ങനെ സംഭവിക്കുന്നു എന്നതിന്‌ ഉത്തരവുമില്ല. ഇത്തരത്തിൽ എഴുത്തുകാരൻ തന്റെ അയൽക്കാരനോട്‌, രാഷ്‌ട്രത്തോട്‌, പ്രപഞ്ചത്തോട്‌, അവനവനോട്‌ തന്നെയും ചോദ്യം ചെയ്യേണ്ടിവരും. പലപ്പോഴും അവൻ ഈശ്വരനെ തന്നെ ചോദ്യം ചെയ്യേണ്ടിവരുന്നു. ദസ്‌തോവസ്‌കിയുടെ ‘കാരമസോവി’ൽ യുവാൻ തന്റെ ദൈവവിശ്വാസിയായ സഹോദരൻ അലക്‌സിയോട്‌ ദൈവത്തിന്റെ നിലപാടുകളെക്കുറിച്ച്‌ തർക്കിക്കുന്നത്‌ കഥാകാരന്റെ ഇത്തരം ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കാവുന്നതാണ്‌. ഇങ്ങനെ ഓരോ കാലത്തിലുമുളള എഴുത്തുകാർ അവരവരുടെ ചുറ്റുമുളള എല്ലാത്തിനോടും ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നു.

‘അയൽക്കാർ’ എന്ന കൃതിയിൽ ജാതിസ്പർധയെക്കുറിച്ച്‌ കേശവദേവ്‌ എഴുതുന്നു. മനുഷ്യത്വത്തെക്കുറിച്ചാണ്‌ ‘ഓടയിൽ നിന്നും’ സംവദിക്കുന്നത്‌. ഇങ്ങനെ ഏതു കൂരിരുട്ടിലും അഗാധതയിലും കിടക്കുമ്പോഴും വിദൂരമായ നക്ഷത്രങ്ങളെ നോക്കുവാനുളള പ്രേരണയാണ്‌ കേശവദേവ്‌ നമുക്ക്‌ നല്‌കുന്നത്‌. ഇത്‌ ഇത്തരം ചോദ്യം ചെയ്യലുകളുടെ ചില ഉത്തരങ്ങളാണ്‌.

മാനവികതയെ സ്‌നേഹിച്ച ദേവ്‌

കേശവദേവിനെപോലുളള എഴുത്തുകാർ എന്നും ജാതിയ്‌ക്കും മതത്തിനും വിശ്വാസത്തിനുമപ്പുറം മാനവികതയാണ്‌ ഉയർത്തി കാണിച്ചത്‌. ജീവിതം ഒരു ഊഷര ഭൂമിയാണ്‌. ഈ ഊഷരഭൂമിയിൽ കുറച്ചെങ്കിലും നനവും തണുപ്പും പച്ചപ്പും നല്‌കുന്നത്‌ ഇതിനടിയിലൂടെ ഒഴുകുന്ന സ്‌നേഹത്തിന്റെ തെളിനീർ ചാലുകളാണ്‌. അങ്ങിനെ വളരെ തീക്ഷ്‌ണമായ ജീവിതത്തിന്റെ അംശങ്ങൾ ദേവ്‌ എടുത്തെഴുതിയപ്പോൾ അതിസുന്ദരവും അതിലോലവുമായ ഭാവസുന്ദരങ്ങളായ കഥകളായിരുന്നു കേശവദേവിന്റേത്‌. ‘കൂൾഡ്രിംഗ്‌’, ‘ബസ്‌ യാത്ര’ എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. കൂൾഡ്രിംഗ്‌ എന്ന കഥ ഒരു ഉൾനാടൻ ഗ്രാമത്തിൽ കൂൾഡ്രിംഗ്‌ വിൽക്കാൻ വരുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനും അവിടുത്തെ പാല്‌ കൊടുക്കുവാൻ പോകുന്ന ഒരു ചെറിയ പെൺകുട്ടിയും തമ്മിലുളള അടുപ്പത്തെക്കുറിച്ചാണ്‌. ഈ ബന്ധത്തിന്‌ പ്രേമമെന്നൊന്നും വിളിക്കാനെ പാടില്ല. അതിലോലമായ അതിനേർത്ത, അതിസൂക്ഷ്‌മമായ ഒരു മാനസികമായ ബന്ധം. പൂമ്പൊടികൾകൊണ്ട്‌ ചിത്രമെഴുതിയപോലെ മനോഹരമായ കഥകളാണ്‌ കൂൾഡ്രിംഗ്‌.

കേശവദേവിനെ പോലുളള എഴുത്തുകാർ എന്നും മാനവികതയാണ്‌ ഉയർത്തി കാണിച്ചിട്ടുളളത്‌. ജാതിക്കും മതത്തിനും വിശ്വാസങ്ങൾക്കുമപ്പുറത്ത്‌ മാനവികത എന്നൊന്നുണ്ട്‌. ഇന്ന്‌ ജീവിതം തന്നെ ഒരു ഊഷരഭൂമിയായി മാറിയിരിക്കുകയാണ്‌. ഈ ഊഷരഭൂമിക്ക്‌ നനവും തണുപ്പും പച്ചപ്പും എല്ലാം ഉണ്ടാക്കുന്നത്‌ അടിയിലൂടെ ഒഴുകുന്ന ചില തെളിനീരുറവകളാണ്‌ എന്നുവച്ചാൽ സ്‌നേഹത്തിന്റെ ഉറവുകളാണ്‌. ആ സ്‌നേഹത്തിന്റെ ഉറവുകൾ നഷ്‌ടപ്പെട്ടു പോകുന്നതാണ്‌ ഇന്ന്‌ നാം എവിടേയും കണ്ടുകൊണ്ടിരിക്കുന്നത്‌. അപ്പോഴാണ്‌ നാം നമ്മുടെ പൂർവ്വസൂരികളായ എഴുത്തുകാർ എഴുതിവച്ചവയിലേക്ക്‌ തിരിച്ചു പോകുന്നത്‌. അതിന്റെ വ്യത്യസ്തങ്ങളായ ജീവിതദൃശ്യങ്ങൾ ദേവ്‌ തന്റെ കഥകളിലും നോവലുകളിലും വെളിപ്പെടുത്തിയപ്പോൾ ആദ്യമദ്ദേഹം സൂചിപ്പിച്ചത്‌ ‘നോക്കൂ, ഇവരെല്ലാം മനുഷ്യരാണ്‌’ എന്നാണ്‌. മനുഷ്യരുടേതായ എല്ലാ ദൗർബല്യങ്ങളും ശക്തികളും ഇവർക്കുണ്ട്‌. ഈ മാനവീകതയെ നാം അംഗീകരിച്ചേ മതിയാകൂ. ഈ മാനവികതയെ ഉണർത്തണമെന്നുണ്ടെങ്കിൽ അടിത്തട്ടിലൂടെ ഒഴുകിപ്പോകുന്ന ഈ സ്‌നേഹത്തിന്റെ ഉറവിനെ നാം കണ്ടെടുക്കണം എന്നുളളതാണ്‌. കേശവദേവിന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ വെറുതെ ഒരു കാലഘട്ടത്തിന്റെ ദൃശ്യങ്ങൾ മാത്രമല്ല. വ്യത്യസ്ത വേഷമാകട്ടെ, ജാതിയാകട്ടെ, രൂപമാകട്ടെ എങ്കിലും ഇതിനുമപ്പുറത്ത്‌ മനുഷ്യർ എന്നു പറയുന്ന ഒന്നുണ്ട്‌ എന്ന്‌ ദേവ്‌ സൂചിപ്പിക്കുന്നു. ആ മാനവീകതയാണ്‌ ഏറ്റവും വലുത്‌ എന്നതാണ്‌ ശരി. അദ്ദേഹത്തിന്റെ കൃതകളെല്ലാം വലിയ ചോദ്യങ്ങളായി നമ്മുടെ മുന്നിൽ എത്തിപ്പെടുന്നത്‌ ഇതിനാലാണ്‌. ഓടയിൽനിന്ന്‌ എന്ന കൃതിയിൽ റിക്ഷാക്കാരൻ പാപ്പുവിന്‌ എന്തുകൊണ്ട്‌ അത്തരമൊരു അവസാനം വന്നു ഭവിച്ചു. ഒരു വ്യക്തിയുടെ പ്രശ്‌നം കൊണ്ടല്ല മറിച്ച്‌ അതിനുമപ്പുറത്ത്‌ ആ കാലഘട്ടത്തിൽ വന്നിട്ടുളള മൂല്യശോഷണവും താളം തെറ്റലുകളും ഇതിന്‌ ബാധകമാണ്‌ എന്നുളളതാണ്‌ അദ്ദേഹം നമ്മോട്‌ സൂചിപ്പിക്കുന്നത്‌.

ഇത്തരത്തിൽ അദ്ദേഹത്തിന്റെ എല്ലാത്തരത്തിലുളള രചനകളും ചേർത്തുവച്ചു വായിക്കുമ്പോഴാണ്‌ നാം മനസ്സിലാക്കുന്നത്‌ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ എതിർപ്പിന്റെ ശബ്‌ദവും ചോദ്യം ചെയ്യലുമായിരുന്നു ദേവിന്റേതെന്ന്‌. എല്ലാവരും പോകുന്ന വഴിയിലൂടെ മാത്രമെ സഞ്ചരിക്കാൻ പാടുളളൂ എന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന്‌ സ്‌നേഹത്തിന്റെ നീർചാലുകൾ വരണ്ടുപോകുന്നതാണ്‌ നാം കാണുന്നത്‌. ഈ അവസ്ഥയിൽ ദേവിനെപോലുളള എഴുത്തുകാർ കുറിച്ചുവച്ചവയെ അറിയേണ്ടത്‌ ഏറെ അത്യാവശ്യമാകുന്നു. ദേവ്‌ തന്റേ കഥകളിലും നോവലുകളിലും സൃഷ്‌ടിച്ച കഥാപാത്രങ്ങൾ തുറന്നു പറയുന്നത്‌ ഞങ്ങളെല്ലാം മനുഷ്യരാണ്‌ എന്നാണ്‌. ഈ മാനവികതയെ നാം അംഗീകരിച്ചേ മതിയാകൂ. ഈ മാനവികതയെ അറിഞ്ഞാൽ ജീവിത ഊഷരഭൂമിയ്‌ക്കടിയലൂടെ ഒഴുകുന്ന സ്‌നേഹത്തിന്റെ നീർച്ചാലുകൾ നമുക്ക്‌ കണ്ടെത്താൻ കഴിയും.

ഹൃദയത്തിന്റെ വിശപ്പ്‌ തേടി ഒരാൾ

ഈവിധം ദേവിന്റെ എല്ലാ കൃതികളും ചേർത്തുവച്ചു വായിക്കുമ്പോൾ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ എതിർപ്പിന്റെ ശബ്‌ദവും ചോദ്യം ചെയ്യലുമായിരുന്നു അദ്ദേഹത്തിന്റെ രചനകളെന്ന്‌ നാം മനസ്സിലാക്കുന്നു.

എല്ലാവരും സഞ്ചരിക്കുന്ന വഴിയിലൂടെ മാത്രമെ താൻ സഞ്ചരിക്കൂ എന്ന ധാരണ ദേവിനുണ്ടായില്ല. സോഷ്യലിസവും ഫ്യൂഡലിസവും രചനകളിൽ തീവ്രസാന്നിധ്യമായിരുന്ന കാലത്ത്‌ വയറിന്റെ വിശപ്പിനുമപ്പുറം ഹൃദയത്തിന്‌ വിശപ്പുണ്ട്‌ എന്ന വാദവുമായാണ്‌ ദേവ്‌ നില്‌ക്കുന്നത്‌. അന്ന്‌ ദേവ്‌ എഴുതിയ ‘ഹൃദയത്തിന്റെ വിശപ്പ്‌’ എന്ന ലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ടു. വിമർശിക്കപ്പെട്ടു. ഏത്‌ ശരി ഏത്‌ തെറ്റ്‌ എന്നുളളതല്ല, മറിച്ച്‌, ഒരേ വഴിയിലൂടെയാണെങ്കിലും കാണുന്ന കാഴ്‌ചകൾ വ്യത്യസ്തമാകും എന്നതാണ്‌ ഇതിലെ കണ്ടെത്തൽ. ഇത്തരത്തിൽ ദേവിനെപ്പോലെ നാം പലതിനേയും ഉല്ലംഘിക്കേണ്ടിവരും. എന്നാൽ ഇത്‌ ഭൂതകാലത്തെ തളളിപ്പറയുക എന്ന്‌ അർത്ഥമാക്കരുത്‌. മറിച്ച്‌ അനുനിമിഷം ഭൂതകാലത്തെ മറ്റു രൂപങ്ങളിലേയ്‌ക്ക്‌ പുനഃസൃഷ്‌ടിക്കുകയാവണം ചെയ്യേണ്ടത്‌.

ദേവിന്റെ കൃതികൾ വീണ്ടും വായിക്കേണ്ട കാലമാണിത്‌. നഷ്‌ടപ്പെട്ട മാനവീകതയെ വീണ്ടെടുക്കാൻ ദേവിന്റെ കൃതികൾ നമ്മെ സഹായിക്കുകതന്നെ ചെയ്യും. ജാതിക്കും മതത്തിനും വിശ്വാസത്തിനുമപ്പുറം ചെറുതും എന്നാൽ വലുതുമായ ജീവിതത്തിന്റെ ഉടമകളായ മനുഷ്യരാണ്‌ നാം എന്ന ബോധം ഉണ്ടാക്കുവാൻ, നിശ്ശബ്‌ദമായെങ്കിലും നമ്മുടെ വിഹ്വലതകളും ഉത്‌കണ്‌ഠകളും പങ്കിടാൻ, നോക്കൂ നാം ഒരു ദുരിതക്കയത്തിന്റെ വക്കിലാണ്‌ നില്‌ക്കുന്നത്‌ എന്ന സത്യം പരസ്പരം മനസ്സിലാക്കാൻ നമുക്ക്‌ സാധിക്കണമെന്ന്‌ നമ്മെ ഓർമ്മിപ്പിച്ച എഴുത്തുകാരനാണ്‌ കേശവദേവ്‌. ദേവിന്റെ ഓർമ്മകൾക്കുമുന്നിൽ ഞാൻ നിശ്ശബ്‌ദം പ്രാർത്ഥിക്കുന്നു...

[കേശവദേവിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ വടക്കൻ പറവൂരിൽ ഇ.എം.എസ്‌ സാംസ്‌കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗമാണിത്‌.]

എം.ടി. വാസുദേവൻനായർ

1933 ജൂലൈ 15-ന്‌ പൊന്നാനിക്കടുത്ത്‌ കൂടല്ലൂരിൽ ജനിച്ചു. അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. 1956 മുതൽ 68 വരെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ സഹപത്രാധിപർ; പിന്നെ പ്രധാന പത്രാധിപർ. 1981-ൽ വിരമിച്ചു. വീണ്ടും 1988 മുതൽ മാതൃഭൂമി പീരിയോഡിക്കൽസ്‌ എഡിറ്റർ. സാഹിത്യ അക്കാദമി അവാർഡ്‌ (1970), കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1959), വയലാർ അവാർഡ്‌ (1985), ഓടക്കുഴൽ അവാർഡ്‌ (1993), മുട്ടത്തു വർക്കി അവാർഡ്‌ (1994) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ. നിർമാല്യം (1974-ലെ ദേശീയ അവാർഡ്‌), ബന്ധനം, വാരിക്കുഴി, മഞ്ഞ്‌, കടവ്‌ എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി. ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാർഡുകൾ പല തവണ ലഭിച്ചിട്ടുണ്ട്‌. 1995 ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു.

വിലാസം

‘സിതാര’ കൊട്ടാരം റോഡ്‌ കോഴിക്കോട്‌ - 673 006.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.