പുഴ.കോം > പുഴ മാഗസിന്‍ > സ്പോര്‍ട്സ് > കൃതി

മറവിയിലേക്കൊരു മാമാങ്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കമൽ

ഓർമകൾ

ഗ്രെഗ്‌ ചാപ്പലിന്‌, ഇന്ത്യൻ ആരാധകർക്ക്‌, ബോബ്‌ വൂമറുടെ കുടുംബാംഗങ്ങൾക്ക്‌, കിംഗ്‌ ലാറയ്‌ക്ക്‌, അങ്ങനെ ഏറെപ്പേർ മറക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു ലോകകപ്പിനാണ്‌ തിരശ്ശീല വീണത്‌. വിജയങ്ങളേക്കാൾ പരാജയങ്ങൾ വാർത്തയായ ഒരു ടൂർണമെന്റ്‌, ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും പുറത്താകൽ ഒഴിച്ചു നിർത്തിയാൽ കരുത്തിന്റെ സമവാക്യങ്ങൾക്ക്‌ അണുവിട വ്യതിചലനമുണ്ടാക്കാത്ത 46 ദിവസങ്ങൾ. ക്രിക്കറ്റിന്റെ ആവേശം സിരകളിലാവാഹിക്കാൻ കഴിയാഞ്ഞതിന്‌ ഇന്ത്യയേയും പാക്കിസ്ഥാനേയും പഴി ചാരാം. ഈ സൂപ്പർ എട്ടിൽ കാഴ്‌ചക്കാർ മാത്രമായിപ്പോയ അയർലൻഡിനോട്‌ സഹതപിക്കാം. ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ നാണം കെട്ട ഇംഗ്ലണ്ടിനേയും, ഓസ്‌ട്രേലിയക്കു മുന്നിൽ നാണം കെട്ട ദക്ഷിണാഫ്രിക്കയേയും, സ്വന്തം നാട്ടുകാർക്കു മുന്നിൽ തലകുനിക്കേണ്ടിവന്ന വെസ്‌റ്റിൻഡീസിനേയും പരിഹസിക്കാം.

മറവിയിലേക്കു മാറ്റിവയ്‌ക്കാൻ പ്രകടനങ്ങളും പ്രതീക്ഷകളും ഏറെയാണെങ്കിലും ഓർത്തിരിക്കാനുമുണ്ടായിരുന്നു ചില നിമിഷങ്ങളെങ്കിലും - തമിം ഇക്‌ബാൽ ഇന്ത്യക്കെതിരെ നടത്തിയ കടന്നാക്രമണം, ബോയ്‌ഡ്‌ റാൻകിൻ പാക്കിസ്ഥാനെതിരേ നടത്തിയ അവിശ്വസനീയ ബൗളിംഗ്‌, ഹെർഷൽ ഗിബ്‌സിന്റെ തുടർച്ചയായ ആറു സിക്സറുകൾ, ലസിത്‌ മലിംഗയുടെ നാലു പന്തിലെ നാലു വിക്കറ്റ്‌, വെസ്‌റ്റിൻഡീസിനെ തച്ചു തകർത്ത എബ്രഹാം ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ്‌, സെമിഫൈനലിൽ ന്യൂസിലൻഡിനെ നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ മഹേല ജയവർധനെ നേടിയ കാവ്യാത്മകമായ സെഞ്ചുറി, ഒടുവിൽ ഫൈനലിൽ ശ്രീലങ്കയെ തരിപ്പണമാക്കിയ ആഡം ഗിൽക്രിസ്‌റ്റിന്റെ ബാറ്റിംഗ്‌ വിസ്‌ഫോടനം. പക്ഷേ, അനാവശ്യമായി നീണ്ടു പോയെന്നു പഴി കേട്ടൊരു ടൂർണമെന്റിന്‌ ഓർക്കാൻ ഇതു മാത്രം മതിയോ? ഏകദിന ക്രിക്കറ്റിന്റെ മഹത്തായ അനിശ്ചിതത്വങ്ങൾ നിറഞ്ഞു നിന്നതെന്നു പറയാൻ സിംബാബ്‌വെ-അയർലൻഡ്‌ ടൈയും ശ്രീലങ്ക ദക്ഷിണാഫ്രിക്കയോട്‌ ഒരു വിക്കറ്റിനു തോറ്റ മത്സരവും ശ്രീലങ്ക ഒരു റൺസിന്‌ ഇംഗ്ലണ്ടിനെ തോൽപിച്ച മത്സരവും മാത്രമാണുള്ളത്‌.

സംഘാടകർക്കു കൂവൽ

ദക്ഷിണാഫ്രിക്കയിൽ 2003ൽ നടന്നത്‌ സംഘാടകത്വത്തിന്റെ പേരിൽ ഏറെ പഴി കേട്ടൊരു ലോകകപ്പാണ്‌. അതിലും മോശമായൊരു ഇനിയൊരു ലോകകപ്പ്‌ സംഘടിപ്പിക്കപ്പെടില്ലെന്നായിരുന്നു അന്നത്തെ വിശ്വാസം. ആ എട്ടാം ലോകകപ്പിൽ ഓസ്‌ട്രേലിയ കിരീടം നേടിയത്‌ ഒരു മത്സരം പോലും തോൽക്കാതെയാണ്‌. അതിലും ആധികാരികമായൊരു പ്രകടനം ഒരു ലോകകപ്പിലും ഒരു ടീമിൽ നിന്നും ഇനി പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു അന്നത്തെ വിശ്വാസം. ഈ രണ്ടു വിശ്വാസങ്ങളും തകിടം മറിക്കുന്നതായി 2007ലെ കരീബിയൻ കാർണിവൽ.

ലോകത്ത്‌ ഏറ്റവും ആഘോഷമായി ക്രിക്കറ്റ്‌ കളി കാണുന്ന നാട്ടിൽ ആദ്യമായി ലോകകപ്പ്‌ വിരുന്നിനെത്തിയപ്പോൾ മിക്കപ്പോഴും ഗാലറികൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എങ്കിലും, ലോകകപ്പ്‌ സാമ്പത്തിക ലാഭമുണ്ടാക്കി. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ പുറത്തായത്‌, കോടികൾ മുടക്കി സംപ്രേഷണാവകാശം സ്വന്തമാക്കിയ ടെലിവിഷൻ കമ്പനികൾക്ക്‌ ഇരുട്ടടിയായി. ഒപ്പം, ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കാണികളും ടൂർണമെന്റിനെ വെറുത്തു. ഈ വെറുപ്പിന്റെ ഏറ്റവും വലിയ പ്രതിഫലനമായിരുന്നു ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ മേധാവികളായ പേഴ്‌സി സണ്ണും, മാൽക്കം സ്‌പീഡും സമ്മാനവിതരണച്ചടങ്ങിനിടെ കേട്ട കൂവൽ.

ഗാലറികളിലേക്ക്‌ ഒരു കോളക്കുപ്പി പോലും കൊണ്ടുവരാൻ കാണികൾക്ക്‌ അനുവാദം കിട്ടിയില്ല. പ്രകോപനപരമായ വാചകങ്ങൾ അച്ചടിച്ച ടീ-ഷർട്ടുകൾ പോലും നിരോധിക്കപ്പെട്ടു. ടിക്കറ്റുകളുടെ വില സാധാരണക്കാരനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതെല്ലാം കരീബിയക്കാർ സഹിച്ചു. പക്ഷേ, അവരുടെ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റേയും തന്നെ ഭാഗമായ സംഗീതത്തിനേർപ്പെടുത്തിയ നിരോധനം - അതൊന്നു മാത്രം മതിയായിരുന്നു അവർക്ക്‌ ഈ ലോകകപ്പിനെ നിർജീവമെന്നു വിധിയെഴുതാൻ. അങ്ങനെ, സംഘാടകർക്കും സന്ദർശകർക്കും കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കും ലോകോത്തര സൗകര്യങ്ങളൊരുക്കിയിട്ടും സാധാരണ കാണികളെ മറന്ന സംഘാടകർക്ക്‌ അഭിമാനിക്കാൻ വകയില്ലാതായി.

ഓസ്‌ട്രേലിയൻ സർവാധിപത്യം

2003 ലോകകപ്പിന്റെ പ്രാഥമികഘട്ടങ്ങളിലെ ചില മത്സരങ്ങളിലെങ്കിലും തോൽവിയുടെ വക്കിൽ നിന്ന്‌ ഓസ്‌ട്രേലിയയെ കരകയറ്റാൻ അമാനുഷമായ ചില ഒറ്റയാൾ പ്രകടനങ്ങൾ വേണ്ടിവന്നു. അന്ന്‌ ആൻഡ്രൂ സൈമണ്ട്‌സും ആൻഡി ബിക്കലുമൊക്കെ അവരവരുടെ കരിയറിലെ തന്നെ ഏറ്റവും മഹത്തായ പ്രകടനങ്ങൾ പുറത്തെടുത്തുകൊണ്ട്‌ ടീമിനെ രക്ഷിച്ച സ്ഥാനത്ത്‌, ഇത്തവണ ഒരൊറ്റ മത്സരത്തിൽപ്പോലും ഓസ്‌ട്രേലിയൻ വാലറ്റക്കാർക്കു ബാറ്റേന്തേണ്ടിവന്നില്ല. ഒരു ടീമും ഓസ്‌ട്രേലിയൻ ബൗളിംഗ്‌ പടയ്‌ക്കെതിരേ മുന്നൂറിനപ്പുറം സ്‌കോർ ചെയ്തില്ല.

മഴയിൽ രസച്ചരടു പൊട്ടിയ ഫൈനലിൽ, കളി എപ്പോൾ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ അമ്പയർമാർക്കു പറ്റിയ പിഴവുകൾക്കിടയിലും എതിരില്ലാത്ത കരുത്തുമായി ഓസ്‌ട്രേലിയയുടെ മഞ്ഞപ്പട തലയുയർത്തിത്തന്നെ നിന്നു. ഫൈനലിലെ ആദ്യത്തെ ഇരുപത്‌ ഓവറോളം കുമാർ സംഗക്കാരയും സനത്‌ ജയസൂര്യയും നടത്തിയ ചെറുത്തു നില്പ്‌ മറന്നാൽ അവിടെയും കംഗാരുക്കളുടെ സർവാധിപത്യമായിരുന്നു.

കളിച്ച 11 മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കു നഷ്ടപ്പെട്ടത്‌ 43 വിക്കറ്റുകൾ മാത്രം. നേടിയത്‌ 103 വിക്കറ്റും. അവരുടെ എട്ടു ബാറ്റ്‌സ്‌മാൻമാരിൽ ആറുപേരുടെയും ബാറ്റിംഗ്‌ ശരാശരി അറുപതിനു മുകളിലും സ്‌ട്രൈക്ക്‌ റേറ്റ്‌ തൊണ്ണൂറിനു മുകളിലുമായിരുന്നു. ഈ ആറിൽപ്പെടാത്ത ആഡം ഗിൽക്രിസ്‌റ്റാണ്‌ ഫൈനലിൽ 104 പന്തിൽ നിന്നു 149 റൺസ്‌ അടിച്ചെടുത്ത്‌ മാൻ ഓഫ്‌ ദ മാച്ച്‌ ആയത്‌. അവരുടെ നാലു സ്‌ട്രൈക്ക്‌ ബൗളർമാർ ചേർന്നു പിഴുതെടുത്തത്‌ 86 വിക്കറ്റാണ്‌. നാലുപേരുടെയും ബൗളിംഗ്‌ ശരാശരി 21നു താഴെ. വ്യക്തിഗത ബാറ്റിംഗ്‌ ശരാശരി 66.30, ബൗളിംഗ്‌ ശരാശരി 18.82. മറ്റൊരു ടീമിന്റെയും വ്യക്തിഗത ബാറ്റിംഗ്‌ ശരാശരി അമ്പതിനു മുകളിലോ ബൗളിംഗ്‌ ശരാശരി ഇരുപതിനു താഴെയോ എത്താത്തിടത്താണിത്‌. ഓവറിൽ 6.54 എന്ന റൺ നിരക്കും ടൂർണമെന്റവസാനിച്ചപ്പോൾ ഓസ്‌ട്രേലിയക്കു സ്വന്തമായി. ലോകകപ്പിൽ ആദ്യമായി 50 വിജയം പൂർത്തിയാക്കുന്ന ആദ്യത്തെ ടീമായ ഓസ്‌ട്രേലിയ ഫൈനലിൽ നേടിയത്‌ അമ്പത്തിയൊന്നാം വിജയമായിരുന്നു.

ബാറ്റിംഗ്‌

ഒറ്റ ലോകകപ്പിൽ അറുനൂറു കടക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാനായ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്‌ഡൻ 658 റൺസുമായി ടൂർണമെന്റിലെ ടോപ്‌ സ്‌കോററായി. 15 റൺസ്‌ കൂടി നേടിയിരുന്നെങ്കിൽ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെൻഡുൽക്കറുടെ റിക്കോർഡ്‌ പഴങ്കഥയാകുമായിരുന്നു. മഹേല ജയവർധനെയും (548), റിക്കി പോണ്ടിംഗും (539) ഒരു ലോകകപ്പിൽ 500 കടക്കുന്ന ആദ്യത്തെ ക്യാപ്‌റ്റൻമാരായി. 20 സെഞ്ചുറികൾ കണ്ട ടൂർണമെന്റിൽ ഏറ്റവും ഉയർന്ന സ്‌കോർ പാക്കിസ്ഥാന്റെ ഓപ്പണർ ഇമ്രാൻ നസീർ സിംബാബ്‌വെയ്‌ക്കെതിരേ നേടിയ 160 റൺസായിരുന്നു. 2003 ലോകകപ്പിൽ പിറന്ന 21 സെഞ്ചുറികളുടെ റിക്കാർഡ്‌ തലനാരിഴയ്‌ക്കു സംരക്ഷിക്കപ്പെട്ടു. ആഡം ഗിൽക്രിസ്‌റ്റിന്റെ 149 റൺസ്‌, ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറായി. കഴിഞ്ഞ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ റിക്കി പോണ്ടിംഗ്‌ നേടിയ 140 റൺസിന്റെ റിക്കാർഡാണ്‌ തിരുത്തപ്പെട്ടത്‌.

ഗിൽക്രിസ്‌റ്റും ഹെയ്‌ഡനും ചേർന്ന്‌ പടുത്തുയർത്തിയ 172 റൺസ്‌ ഫൈനലിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ്‌ കൂട്ടുകെട്ടായി. 1979ൽ മൈക്ക്‌ ബ്രയർലിയും ജെഫ്‌ ബോയ്‌ക്കൊട്ടും ചേർന്നു നേടിയ 129 റൺസിന്റെ റിക്കാർഡാണ്‌ ഇവിടെ തകർന്നത്‌. ഹെയ്‌ഡൻ-ഗിൽക്രിസ്‌റ്റ്‌ സഖ്യം ലോകകപ്പിൽ 1000 കടക്കുന്ന ആദ്യ ഓപ്പണിംഗ്‌ ജോഡിയുമായി.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒരോവറിൽ ആറു സിക്സറടിക്കുന്ന ആദ്യ ബാറ്റ്‌സ്‌മാനെന്ന ബഹുമതി ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്‌സ്‌ സ്വന്തമാക്കി. നെതർലാൻഡ്‌സിന്റെ ഡാൻ വാൻ ബഞ്ചിനെതിരേയായിരുന്നു ഈ കടന്നാക്രമണം. കാനഡയ്‌ക്കെതിരേ 20 പന്തിൽ അമ്പതു കടന്ന ന്യൂസിലൻഡിന്റെ ബ്രണ്ടർ മക്‌കല്ലം ലോകകപ്പിലെ വേഗമേറിയ അർധസെഞ്ചുറിക്കുടമയായി. ബർമുഡയ്‌ക്കെതിരേ ഇന്ത്യ അഞ്ചുവിക്കറ്റ്‌ നഷ്ടത്തിൽ നേടിയ 413 റൺസ്‌, ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായി. അന്ന്‌ ഇന്ത്യ സ്വന്തമാക്കിയ 257 റൺസ്‌ വിജയം ലോകകപ്പിലെ ഏറ്റവും വലിയ വിജയമാർജിനുമായി.

ബൗളിംഗ്‌

ഗ്ലെൻ മക്‌ഗ്രാത്ത്‌ 26 ഇരകളുമായി വിക്കറ്റ്‌ വേട്ടയിൽ മുന്നിലെത്തി. ഇതിനിടെ ഒരു ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റെന്ന റിക്കാർഡും 71 ലോകകപ്പ്‌ വിക്കറ്റെന്ന സർവകാല റിക്കാർഡും അദ്ദേഹം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കാരായ ചാൾ ലാംഗ്‌വെൽറ്റ്‌, ആൻഡ്രൂ ഹോൾ, ആന്ദ്രെ നെൽ എന്നിവർ മാത്രമാണ്‌ അഞ്ചു വിക്കറ്റ്‌ നേട്ടങ്ങൾ കൈവരിച്ചത്‌. തുടർച്ചയായ പന്തുകളിൽ നാലു വിക്കറ്റ്‌ വീഴ്‌ത്തി ചരിത്രം കുറിച്ച ശ്രീലങ്കയുടെ ലസിത്‌ മലിംഗ ലോകകപ്പിൽ ഹാട്രിക്‌ നേടുന്ന അഞ്ചാമത്തെ താരവുമായി.

ഫീൽഡിംഗ്‌

ഓസ്‌ട്രേലിയയുടെ ആഡം ഗിൽക്രിസ്‌റ്റ്‌, ലോകകപ്പിൽ 50 ഇരകളെ വീഴ്‌ത്തിയ ആദ്യ വിക്കറ്റ്‌ കീപ്പറായി. പാക്കിസ്ഥാന്റെ മോയിൻ ഖാന്റെ പേരിലുള്ള ഏഴു സ്‌റ്റംമ്പിംഗ്‌ എന്ന റിക്കാർഡിനൊപ്പമെത്താനും ഗില്ലിക്കു കഴിഞ്ഞു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡ്‌ 25 ക്യാച്ചുമായി ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിംഗ്‌ സ്വന്തമാക്കി. 18 ക്യാച്ചുകൾ കൈയിലൊതുക്കിയ സനത്‌ ജയസൂര്യയാണ്‌ രണ്ടാമത്‌.

ആകെത്തുക

ഒമ്പതാം ലോകകപ്പിൽ ആകെ 51 മത്സരങ്ങളിൽ പിറന്നത്‌ 21,333 റൺസാണ്‌. വീണത്‌ 725 വിക്കറ്റുകൾ. ഒരിന്നിംഗ്‌സിലെ ശരാശരി സ്‌കോർ അഞ്ചു വിക്കറ്റിന്‌ 248 റൺസ്‌. ഒരു വിക്കറ്റിന്‌ ശരാശരി 29.42 റൺസ്‌. ഒരോവറിൽ ശരാശരി 4.95 റൺസ്‌. ബാറ്റ്‌സ്‌മാനും ബൗളർക്കും തുല്യപ്രാധാന്യം ലഭിച്ച ടൂർണമെന്റെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നാവുന്ന കണക്കുകൾ. ആദ്യം ബാറ്റ്‌ ചെയ്ത ടീമുകളും രണ്ടാമത്‌ ബാറ്റ്‌ ചെയ്ത ടീമുകളും ജയിച്ചത്‌ 25 തവണ വീതം. ഒരു മത്സരം ടൈ. ടോസ്‌ നേടിയ ടീം ജയിച്ചത്‌ 24 തവണ. ടോസ്‌ നഷ്ടപ്പെട്ടവർ ജയിച്ചത്‌ 26 തവണ.

കണക്കുകൾ നോക്കിയാൽ ആവേശോജ്വലമാകേണ്ട, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന, തുല്യശക്തികളുടെ പോരാട്ടം. പക്ഷേ, അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. കാരണം ഒന്നു മാത്രം, പങ്കെടുത്ത പതിനാറു ടീമുകളിൽ ഒന്നുമാത്രം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു. അതെ ഓസ്‌ട്രേലിയക്കും (സുനിൽ ഗവാസ്‌കറുടെ അഭിപ്രായത്തിൽ ഇന്നു ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന ടീമിന്‌) പിന്നെ അവരുടെ ആരാധകർക്കും മാത്രം ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ചുകൊണ്ട്‌ ഒമ്പതാം ലോകകപ്പ്‌ കൊടിയിറങ്ങുകയായിരുന്നു.

കമൽ


E-Mail: vasanth.kamal@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.