പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഹാജിറയുടെ കുതിരകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അസീം പളളിവിള

കഥ

ആ ദിവസം എത്തിക്കൊണ്ടിരിക്കുകയാണ്‌. തിരുശേഷിപ്പുകളില്ലാതെ മഹാസമുദ്രമായി മാറുന്ന ഒരു നീല പ്രഭാതം. ആകാശവും, ഭൂമിയും നീലയായി മാറുന്നതും, എന്നാൽ ഭയാനകമായ നിലവിളികളെ ഭൂമിയുടെ കനത്ത ചിരിയിൽ മുക്കിക്കളയുന്നതുമായ മുഹൂർത്തം.

രാമനാഥൻ ടെസ്‌റ്റ്യൂബിലെ മഞ്ഞ രസായനിയിലേക്ക്‌ നോക്കി. അത്‌ ഇളകികൊണ്ടിരിക്കുന്നു. അവൻ മേശയിൽ ചെവിയോർത്ത്‌ പിടിച്ചു. കുതിരക്കുളമ്പടികൾ. മുഴക്കം. അവൻ വാച്ചിലേക്കും, രസായിനിയിലേക്കും നോക്കി. ഭൂമിയുടെ നെഞ്ചിടിപ്പ്‌ ക്രമം തെറ്റിവരികയാണെന്നറിഞ്ഞ്‌ അസ്വസ്ഥമായ മനസ്സോടെ കണ്ണട ഊരിവെച്ച്‌ കസേരയിലിരുന്നു. ടെസ്‌റ്റ്യൂബിലെ ലായനി മഞ്ഞയിൽ നിന്ന്‌ പച്ചയിലേക്കും, വയലിറ്റിലേക്കും പിന്നെ നീലയായും രൂപാന്തരപ്പെട്ടു.

അപ്പോൾ രാമനാഥന്റെ ചെവിയിലേക്ക്‌ മുളങ്കാടിന്‌ കാറ്റ്‌ പിടിച്ചപോലെ പാട്ട്‌ കേൾക്കായി.

വേലീമ്മേൽ പടർവളളി പടർത്തി പാത്തു.

നിന്റുപ്പ നിന്റുമ്മാനെക്കിനാവു കണ്ടേ

പാത്തൂ പാത്തൂ പാത്തു കിനാവുപാത്തു...

ഹാജിറ ഇങ്ങനെയൊക്കെയേ പാടൂ. എവിടെ നിന്നാവോ അവൾ ഈ പാട്ടുകളൊക്കെ പഠിച്ചത്‌. അതാരും പഠിപ്പിച്ച്‌ കൊടുത്തതല്ല. കേട്ട്‌ പഠിച്ചതുമല്ല. പളളിക്കൂടത്തിലും, പളളിപ്പുരേലും അവൾ പഠിപ്പിനിരിക്കാനും പോയിട്ടില്ല. പിന്നെ എങ്ങനെയാണ്‌?

ഒരിക്കൽ രാമനാഥനോട്‌ മാത്രം പറഞ്ഞു. ഹാജിറാക്ക്‌ ഒരു നീലക്കുതിരയുണ്ടെന്ന്‌. അത്‌ സ്വപ്‌നത്തിൽ വന്ന്‌ പാട്ട്‌ പാടി കൊടുക്കുമെന്ന്‌.

അന്ന്‌ മുതലാണ്‌ നീലക്കുതിരയെ സ്വപ്‌നം കാണാൻ കൊതിച്ച്‌ രാമനാഥനും ഹാജിറായോടൊപ്പം നടന്നത്‌. വയലരികിൽ പൂത്ത്‌ നിൽക്കുന്ന നീലപൂവുകൾ കുതിരക്കാട്ടമാണെന്ന്‌ അവൾ പറഞ്ഞു കൊടുത്തു. ഒരിക്കൽ പളളിയിലെ ഇമാമിന്‌ ചോറ്‌ കൊണ്ടുക്കൊടുത്ത്‌ മടങ്ങി വരുമ്പോൾ ഹാജിറായോടൊപ്പം രാമനാഥനും പൂവ്‌ പറിക്കാനിറങ്ങി. കൈതക്കാടിനിടയിൽ ഒരു പാമ്പ്‌ പതുങ്ങിയിരിക്കുന്നു. അവൻ ചോറ്റ്‌ പാത്രവും എറിഞ്ഞിട്ടോടി. ഹാജിറാത്ത പാമ്പിനെ നോക്കി ചിരിക്കുകയും കുറുമ്പ്‌ കാണിച്ചാൽ ഞാൻ നീലക്കുതിരയോട്‌ പറഞ്ഞ്‌ കൊടുക്കുമെന്നും പറഞ്ഞത്രേ. അതുകേട്ട്‌ പാമ്പ്‌ പേടിച്ചിരുന്നെന്ന്‌ ഹാജിറ പറഞ്ഞ്‌ ചിരിച്ചു. ചിരി പുരുഷസ്വരത്തിലുളളതും മുഴക്കമുളളതുമായിരുന്നു. പൂക്കൾ പറിച്ചെടുത്ത്‌ പാവാടത്തുമ്പിൽ നിറച്ച്‌ ഗമയോടെ ഒരു നടത്തമുണ്ട്‌. നടത്തത്തിനൊരാനച്ചന്തം കണ്ട്‌ നിൽക്കുന്ന മുതിർന്നോന്മാർ ചോദിക്കും.

ഹാജിറോ പൊതിയിലെന്താ കെട്ടിവച്ചിരിക്കുന്നത്‌?

അതേ കുതിരത്തീട്ടം.

ഹാജിറായെ കുതിരക്കുട്ടിയെന്നാണ്‌ നാട്ടാരെല്ലാം വിളിച്ചിരുന്നത്‌.

അങ്ങനെ വിളിക്കുമ്പോൾ അവൾ പറയും നിന്നേക്ക കുതിരചവിട്ടി കൊല്ലോടാ ഇബ്‌ലീസുകളെ.

അയൽപക്കത്തെ കുലുസുമ്മയുടെ മൂത്തമകളാണ്‌ ഹാജിറ. രണ്ടാമത്തവൻ ശിഹാബ്‌. കുലുസുമ്മ വീട്ടുജോലി ചെയ്‌ത്‌ വരവേ ഹൈദറോസ്‌ മോലാളി രണ്ടാം ഭാര്യയാക്കി കല്യാണം കഴിച്ചെന്നും മോലാളി ശിഹാബിന്റെ ചെറുപ്പകാലത്തുതന്നെ മരിച്ചുവെന്നും അവന്റുമ്മ പറയണകേൾക്കാം. കുലുസുമ്മ ഗർഭം പൂണ്ടിരുന്നപ്പോൾ ഒരു കുതിരയെ സ്വപ്‌നം കണ്ടെന്നും മാസം തികയണതിന്‌ മുമ്പ്‌ പെറ്റന്നും അതുകൊണ്ടാണ്‌ ഹാജിറ ഇങ്ങനെയൊക്കെയായതെന്നും വയലേലകളിലൂടെയും തെങ്ങിൻതോപ്പുകളിലൂടെയും ഈറ്റക്കാടുകളിലൂടെയും പെൺപടകൾ പാടിനടന്നു.

ഒരു രാത്രിയിൽ മരമുകളിൽ ഒരു ചുവന്ന പ്രകാശം മിന്നുന്നത്‌ കണ്ടവർ ചുറ്റും കൂടി. ചിലർ പറഞ്ഞു. ഭദ്രകാളിയുടെ കണ്ണുകൾ. അല്ല അത്‌ ചുവന്ന നക്ഷത്രം. പണ്ട്‌ തൂങ്ങിച്ചത്ത പൈലിയുടെ പ്രേതാവാനാ വഴി... ഹാജിറ പറഞ്ഞു. അത്‌ രാമൻകുട്ടീടെ പണിയാ. മരത്തിലെ പൂവ്‌.

രാമനാഥൻ ഫാനിന്റെ ലീഫുകൾ ഉണ്ടാക്കി. അതിൽ ഡയനാമ ഘടിപ്പിച്ച്‌ അതിന്റെ അറ്റത്ത്‌ ഒരു ബൾബ്‌ പിടിപ്പിച്ചു. മരത്തിന്‌ മുകളിൽ കയറി അത്‌ അവിടെ ബലപ്പിച്ചു. ഹാജിറയോട്‌ പറഞ്ഞു ഇനിയെല്ലാ രാത്രികളിലും ഈ മരം പൂത്ത്‌ നിൽക്കണത്‌ കാണാം.

ഇതാർക്കുളളതാ?

ഹാജിറാക്കുളളത്‌.

അല്ല അത്‌ രാമൂന്റേതാ.

എന്നാ പിന്നെ നമ്മുടെ കുതിരകൾക്കുളളത്‌.

അവൾക്കപ്പോൾ സന്തോഷമായി..

എല്ലാരാത്രികളിലും ഹാജിറ കുതിരകളെ കണ്ടു. അവളുടെ കുതിരകൾ മേഘങ്ങളിൽ മേഞ്ഞ്‌ നടന്നു. കുതിരകൾ ഭൂമിയിലേക്കിറങ്ങിവരികയും ഹാജിറായേയും മുതുകിലിരുത്തി മേഘങ്ങളിലേക്ക്‌ പോയി നക്ഷത്രങ്ങൾക്കിടയിലൂടെ ഓടിനടക്കുകയും ചെയ്യുന്നത്‌ രാമനാഥൻ മാത്രം കണ്ടുളളൂ...മുളം കുഴലിൽ അപ്പൂപ്പന്റെ കട്ടെടുത്ത കണ്ണടയുടെ ചില്ലുകൾ തിരുകികയറ്റി വച്ച്‌ അത്‌ കണ്ടുപിടിക്കുകയായിരുന്നു. അന്ന്‌ മുതലാണ്‌ രാമനാഥന്‌ ഗവേഷണങ്ങളിൽ താൽപ്പര്യമുണ്ടായി തുടങ്ങിയത്‌. മാർക്കോണിയെപ്പോലെയും, ടോറിസെല്ലിയെപ്പോലെയും വലിയൊരു ശാസ്‌ത്രജ്ഞനാകണമെന്ന്‌ കൊതിച്ച്‌ നടന്നു. പളളിക്കൂടത്തിലേയും, കോളേജിലേയും ലാബുകളിൽ നിന്ന്‌ ടെസ്‌റ്റ്യൂബുകളും ചെറിയ ഭരണികളും രാസവസ്‌തുക്കളും പോക്കറ്റിലാക്കി അവന്റെ വെളിച്ചം കടക്കാത്ത മുറിയിൽ പുനർസൃഷ്‌ടിച്ചു.

രാത്രികളിൽ രാമനാഥൻ ഉണർന്നിരുന്ന്‌ നിലാവിനെയും നക്ഷത്രങ്ങളെയും കുതിരകളെയും കണ്ടു. തിരിച്ചറിയാനാകാത്തവിധം പലതും കണ്ടു. ചില കുതിരകൾക്ക്‌ നീണ്ട കൊമ്പുകളുണ്ടായിരുന്നു. ചിലതിന്‌ തിളങ്ങുന്ന കണ്ണുകളും, നീണ്ട നാക്കും.

സൂര്യനില്ലായിരുന്നെങ്കിൽ ഭൂമി ഒരു കുരുടനെപ്പോലെ ആയിരുന്നേനെയെന്നും അതുകൊണ്ട്‌ ഭൂമിയെക്കാൾ പ്രസക്തി കൊടുക്കേണ്ടത്‌ സൂര്യനാണെന്നും രാമനാഥൻ ശിഹാബിനോട്‌ പറഞ്ഞു. ശിഹാബിന്റെ കൊച്ചുബുദ്ധിയ്‌ക്ക്‌ അത്‌ പരിഹാസച്ചിരിയായി. ഗവേഷണ സിദ്ധാന്തങ്ങൾ കേട്ട്‌ നാട്ടാരും പറഞ്ഞു. പ്രാന്തനേയ്‌.

അവൾക്ക്‌ കൊടുക്കാൻ ഒരു ടേപ്പ്‌ റെക്കോഡർ ഉണ്ടാക്കണമെന്ന ആഗ്രഹവും പേറി അവൻ മുറിയിലിരുന്നു. അന്നുരാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ഹാജിറ കുതിരക്കുളമ്പടിയൊച്ചകൾ കേട്ടു. അവൾ തലയണയിൽ ചെവിചേർത്ത്‌ പിടിച്ചു. അത്‌ തന്റെ കുതിരയുടെ കുളമ്പടിതന്നെയാണ്‌. ആരും കാണാതെ മുറ്റത്തിറങ്ങി കിണറ്റിൻപാതയിൽ വലിഞ്ഞുകയറി താഴോട്ട്‌ നോക്കി. അവളുടെ പ്രിയപ്പെട്ട കുതിര വെളളം കുടിക്കുന്നു. കിണറ്റിലെ വെളളം വറ്റുംവരെയും കുതിര കുടിച്ചു. അപ്പോൾ അവൾ ചോദിച്ചു. എന്റെ പൊന്നേ ഇനിയും ദാഹംണ്ടോ? കുതിര അതെയെന്ന ഭാവത്തിൽ തലയാട്ടി.

അവൾ കുതിരപ്പുറത്ത്‌ കയറി പുഴയിലേക്ക്‌ പോയി. അവർ വെളളത്തിലിറങ്ങി. മുങ്ങിത്താണു. നീന്തിക്കുളിച്ചു. അവളുടെ കഴുത്തിൽ കുടൽമാലകൾ ചുറ്റി, ശരീരത്തിൽ അസ്‌ഥികൾ വന്നിടിച്ചു. കൊച്ചു കൈമളിന്റെ മുഖം, ലൈലയുടെ കൈകൾ, ഉസ്‌താതിന്റെ തല, സാവിത്രിചേച്ചിയുടെ കാലുകൾ, പശുവിന്റെ കൊമ്പ്‌, വിക്രമന്റെ കുടൽ, പട്ടിയുടെ കരൾ, കോഴിയുടെ പൂട, അവ്വക്കരുടെ ബീജം, പൈലിയുടെ ചീഞ്ഞളിഞ്ഞ ശരീരം.. നാറ്റം സഹിക്കാനാവാതെ ഓക്കാനിച്ചു. മലിനജലത്തിൽ ഒഴുകിക്കൊണ്ടിരുന്ന രാസവസ്‌തുക്കൾ അവളുടെ ശരീരമാകെ ചൊറിച്ചിലുണ്ടാക്കാൻ തുടങ്ങി.

പുലരുന്നതിന്‌ മുൻപ്‌ അവളുടെ കുതിര മടങ്ങിപോകുകയും ഹാജിറ തനിച്ച്‌ വീട്ടിലേക്ക്‌ നടക്കുകയും ചെയ്‌തു.

ഉറങ്ങാൻ കിടക്കുന്നതിന്‌ മുൻപ്‌ ഡയറിയിൽ രാമനാഥൻ കുറിച്ചിട്ടു. എല്ലാ രാസവസ്‌തുക്കളും കൂടിച്ചേർന്ന്‌ ഒരിക്കൽ പൊട്ടിത്തെറിക്കും. ജീവജാലങ്ങളെല്ലാം രാസപ്രവർത്തനത്തിന്റെ വിഷം ശ്വസിച്ച്‌ ചൂടിൽ ഉരുകിയുരുകി മരണപ്പെടും. മരങ്ങൾ പട്ടുപോവുകയും ഭൂമിയിൽ വെന്ത പച്ചമാംസങ്ങളുടെ രൂക്ഷഗന്ധം ഉണ്ടാകുകയും ചെയ്യുന്ന ദിവസം. തീർച്ചയായും രാസവസ്‌തുക്കളും രാസായുധങ്ങളും നാശം തന്നെയാണ്‌. ശാസ്‌ത്രവും, പ്രത്യയശാസ്‌ത്രങ്ങളും മുട്ടുകുത്തുകയും മനുഷ്യൻ സ്വത്വം തേടി ഓടുകയും ചെയ്യപ്പെടുന്ന ആ നീല ദിനം എത്ര ഭയാനകമായിരിക്കും. അവൻ ഭയത്തോടെ മണ്ണിൽ ചെവിചേർത്ത്‌ വച്ചു. മുഴക്കം വർദ്ധിച്ചുവരുന്നു. അവൻ ജനാലയടച്ച്‌ ഉറക്കം കാത്ത്‌ കിടന്നു.

ഹാജിറയുടെ ശരീരം മുഴുവൻ ചൊറിപൊങ്ങുകയും പനിച്ച്‌ കിടക്കുകയും ശരീരം പൊട്ടുകയും ചെയ്‌തു. ശിബാബുദീൻ അവൾക്ക്‌ പാരസെറ്റാമോൾ വാങ്ങിക്കൊടുത്തെങ്കിലും പനി നിലച്ചില്ല. അവളുടെ ഉമ്മ ചുക്കുകാപ്പിയിട്ടുകൊടുത്തെങ്കിലും അവൾ കുടിച്ചില്ല. വേപ്പിലകൊണ്ട്‌ ശരീരം തടവിക്കൊടുത്ത്‌ ഉമ്മയും ഇരുന്നു. രാത്രിയിൽ അവൾ കുതിരയെ കണ്ടു. കുതിരക്കും പനി പിടിച്ചിരിക്കുന്നു. അവൾ കരഞ്ഞു. അവൾക്ക്‌ തന്റെ കുതിരയെ കാണാനായി മേഘങ്ങളിലേക്ക്‌ പോകണമെന്ന്‌ ശിഹാബിനോടും ഉമ്മയോടും പറഞ്ഞു. അവരുടെ സംരക്ഷണത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ റോഡിലൂടെ കരഞ്ഞ്‌ വിളിച്ച്‌ അവൾ ഓടി.

രാമനാഥൻ ഹാജിറയുടെ വിളി കേട്ടാണുണർന്നത്‌. ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി. അവൾ നെഞ്ചിലിടിച്ച്‌ കരയുന്നു. ഇപ്പോൾ ഭരണിയിൽ രസായനിയിൽ സൂക്ഷിച്ചിരുന്ന മണ്ണിര ഒരു ചുവന്ന ദ്രാവകം തുപ്പി മരണത്തിന്റെ ഒടുവിലത്തെ പുളച്ചിലും നടത്തി ചുരുണ്ട്‌ കൂടി കിടന്നു. മണ്ണിരയുടെ ശരീരം റോസ്‌ നിറത്തിൽ നിന്ന്‌ നീലയായും പിന്നെ കറുപ്പായും മാറി.

തങ്ങളുപ്പാപ്പ കോഴിയെ ഓതി ഊതി തലയറുത്ത്‌ രക്‌തം ഹാജിറയുടെ തലയിലൊഴിച്ചു. മറ്റൊരു കോഴിയെ ജീവനോടെ വാഴയുടെ അരികിൽ കുഴികുത്തിയിട്ടു. കോഴി കൂവുന്നതുവരെ ദിക്ക്‌റുകളും പ്രാർത്ഥനയുമായി കഴിഞ്ഞുകൂടാൻ കൂടിനിന്ന പെണ്ണുങ്ങളോടും ആണുങ്ങളോടും പറഞ്ഞു. തങ്ങളുപ്പാപ്പ മുറിയിൽ കയറി കതകടച്ചു. ഹാജിറ നിലവിളിക്കുകയും ഒടുവിൽ ഇടറുന്ന ശബ്‌ദത്തിൽ എന്റെ കുതിരയെ തരാൻ പറയുന്നതും രാമനാഥൻ കേട്ടു. കുളത്തിന്റെ അരികിൽ വെളളമൊലിച്ചിറങ്ങുന്നിടത്ത്‌ പപ്പതണ്ടിലൂടെ വെളളം കടത്തിവിട്ട്‌ കറണ്ടുണ്ടാക്കിയത്‌. ബൾബിൽ നീലം നിറച്ച്‌ അതിൽ മണ്ണെയൊഴിച്ച്‌ മാലാഖകളെ കാണിച്ചു കൊടുത്തത്‌. അന്നും ഹാജിറ ഇങ്ങനെയായിരുന്നു. എല്ലാത്തിനും നിർബന്ധം... നിലവിളി....പിണക്കം..

തങ്ങളുപ്പാപ്പ ജൂബയും മുണ്ടും ഊരിയെറിഞ്ഞ്‌ ഹാജിറയുടെ നെഞ്ചിലൂടെ നീലക്കുതിരയായി ഓടി. അവളുടെ ശരീരത്തിലൂടെ തങ്ങളുപ്പാപ്പ നാക്കുനീട്ടി. അവൾ കുതിരകളെ മാത്രം കണ്ടു. നീലക്കുതിരകളുടെ കുളമ്പടി ശബ്‌ദം അടുത്തടുത്ത്‌ വന്നു. മെല്ലെ...മെല്ലെ...അവൾ മയങ്ങി.

കുഴിച്ചിട്ട കോഴി കൂവാതെ നേരം വെളുത്തു. ഉറങ്ങി കിടന്നവരോടും ഉറങ്ങാതെ കിടന്നിരുന്നവരോടും തങ്ങളുപ്പാപ്പ പറഞ്ഞു. രണ്ടുനാളു കൂടി പുലരുന്നതുവരെ പെണ്ണുണ്ടായാൽ ഭാഗ്യം. പടച്ചോന്റെ കൃപ. നിലവിളികളും കൂട്ടപ്രാർത്ഥനയും ശബ്‌ദമലിനമായപ്പോൾ രാമനാഥൻ ശിഹാബിനോട്‌ പറഞ്ഞു.

നമ്മുക്ക്‌ ഹാജിറായെ ഒരാശുപത്രിയിൽ കൊണ്ട്‌ പോകാം.

ജനം പിരിഞ്ഞപ്പോൾ വേദനകൊണ്ട്‌ പുളയുന്ന അവളുടെ അരികിൽ ചെന്ന്‌ രാമനാഥൻ പറഞ്ഞു. ഹാജിറാ ആ പാട്ട്‌ പാടിക്കേ.

ഞാനെല്ലാം മറന്നു.

അവൻ ചെറിയ ഭരണി പോക്കറ്റിനുളളിൽ നിന്നെടുത്തു. നോക്കൂ ഹാജിറാ നിന്റെ കുതിര.

അവൾ കണ്ടു. ഭരണിയിലെ നീലരസായനിയിൽ തന്റെ കുതിര.

രാമനാഥനും, ഹാജിറായും നീലകുതിരകളെ കണ്ടു. അവ വെളളിമേഘങ്ങളിൽ നിന്നും താഴേക്കിറങ്ങിവന്നു. അവർ കുതിരപ്പുറത്തു കയറി ഇരുന്നു. ഹാജിറ പറഞ്ഞു. നീലാകാശം.

രാമനാഥൻ പറഞ്ഞു. നീലക്കടൽ

നീലഭൂമി

നീ നീല

ഞാനും നീല

ഇപ്പോൾ ഭ്രാന്ത്‌ കുതിരക്കാണ്‌. കുതിര ഫാക്‌ടറികളും, അറവുശാലകളും മറികടന്ന്‌ മഹാന്മാരുടെ പ്രതിമകളും, തത്വശാസ്‌ത്രങ്ങളും ചവിട്ടിമെതിച്ച്‌ ഖബറിടങ്ങളും മറികടന്ന്‌ ഓടിക്കൊണ്ടേയിരുന്നു.

ആ ദിവസം എത്തിക്കൊണ്ടിരിക്കുകയാണ്‌. ഭയാനകമായ നിലവിളികളെ ഭൂമിയുടെ കനത്ത ചിരിയിൽ മുക്കിക്കളയുന്നതുമായ മുഹൂർത്തം.

അസീം പളളിവിള

വിലാസം

അസീം പളളിവിള,

പളളിവിളയിൽ വീട്‌,

പെരിങ്ങമ്മല പി.ഒ.

തിരുവനന്തപുരം.

695 563
Phone: 0472 2845517
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.