പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

“കർത്താവേ.... ഇവരോട്‌ പൊറുക്കേണമെ.....”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

ഒരു നീണ്ട സുഷുപ്‌തിയിൽ നിന്നും മണിനാദം കേട്ടവൾ ഉണർന്നെണീച്ചത്‌ വിശാലമായ സെമിത്തേരി പറമ്പിലേക്കാണ്‌. അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു എല്ലാ കല്ലറമേലും ശിശിരനിലാവിന്റെ നേർത്ത അലകൾ പോലെ ഉണർന്നെണീറ്റിരിക്കുന്ന അർദ്ധസുതാര്യരൂപങ്ങൾ. അവൾ ഉദ്വേഗത്തോടെ അപ്പച്ചന്റെ കല്ലറമേലേക്കു നോക്കി. അവിടെ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തായി അമ്മച്ചിയും, ഒരു കൊച്ചുകാറ്റുപോലെ അവൾ ഒഴുകിയൊഴുകി അവർക്കരികിലെത്തി. അമ്മച്ചി അവളെ മാറോടു ചേർത്തു. അപ്പച്ചൻ കവിളിൽ മുത്തമിട്ടു.

അപ്പച്ചൻ പറഞ്ഞു. “എല്ലാവർഷവും ഏലിക്കുട്ടിയും മറിയക്കുട്ടിയും കുഞ്ഞുമോനും നിന്നോടൊത്താണല്ലൊ ഞങ്ങളെക്കാണാൻ വന്നിരുന്നത്‌. നിങ്ങളും കുഞ്ഞുമക്കളും കൊണ്ടുത്തരുന്ന പൂക്കളും മെഴുകുതിരികളും കല്ലറയുടെ മൂടിനിറച്ചിരുന്നു. നിങ്ങൾ പോയിക്കഴിഞ്ഞാലും ആ മെഴുകു തിരികൾ എരിഞ്ഞുതീരുന്നതുവരെ.... ആ പൂക്കൾ വാടുന്നതുവരെ ഞാനും റാഫേലും നമ്മളൊന്നിച്ചുകഴിഞ്ഞ സ്വർഗ്ഗീയ നാളുകളെക്കുറിച്ചോർത്തുകൊണ്ട്‌.... നിങ്ങളുടെ നൻമയ്‌ക്കായി പ്രാർത്ഥിച്ചുകൊണ്ട്‌... ഈ കല്ലറയ്‌ക്കു സമിപം തന്നെ ഇരിക്കും. മോളു കൊണ്ടുവരുന്ന വലിയ മെഴുകുതിരി സന്ധ്യയോളം നിന്നെരിഞ്ഞിരുന്നു.” അമ്മച്ചി പറഞ്ഞു. “ഇതു മോളു വന്നതിനുശേഷമുള്ള ആദ്യത്തെ ആത്‌മാക്കളുടെ ഓർമ്മദിവസമല്ലെ?.... എല്ലാവരും വരും....കൈ നിറയെ വെളുത്ത പൂക്കളും അലങ്കരിച്ച വലിയ മെഴുകുതിരികളുമായി....നീ.... അവർക്ക്‌ അപ്പനും അമ്മയുമെല്ലാമായിരുന്നില്ലേ?”

അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ കിഴക്കുമാനത്ത്‌ പൊൻകതിർ വീശിത്തുടങ്ങി. വൻമരച്ചില്ലകളിൽ പക്ഷിക്കൂട്ടങ്ങളുണർന്നു പാടിത്തുടങ്ങി. ആ പാട്ടു കേൾക്കാനെന്തൊരു ഇമ്പം. ആ പ്രഭ കാണാൻ എന്തൊരു ചന്തം. അവൾ അത്‌ഭുതത്തോടെ ചുറ്റും നോക്കി. അപ്പോൾ മുഖപരിചയമുള്ള അനേകം പേരെ അവിടെക്കണ്ടു.

പള്ളിയിൽ വിളക്കുകൾ തെളിഞ്ഞു. വീണ്ടും മണിനാദമുയർന്നു. എല്ലാവരും നിശബ്‌ദരായി പള്ളിയിലേക്കൊഴുകി നീങ്ങി. അവിടെ തങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊണ്ടു. പ്രാർത്ഥനകഴിഞ്ഞു മടങ്ങിയ എല്ലാവരും സെമിത്തേരിയുടെ വാതിൽക്കൽ കൂടിനിന്നു.... ആർത്തിപൂണ്ട കണ്ണുകളുമായി. അവരുടെ പ്രിയപ്പെട്ടവർ വെളുത്ത പൂക്കളും മെഴുകുതിരികളുമായി വന്നപ്പോൾ കൂടെ പറ്റിച്ചേർന്ന്‌ ഒരു നേരിയ പ്രകാശവലയം പോലെ അദൃശ്യരായി..... അസ്‌പർശ്യരായി സ്വന്തം കല്ലറകളിലേക്കുപോയി. പൂക്കളും മെഴുകുതിരികളും കല്ലറമേൽവച്ച്‌ കണ്ണുനീർ തളംകെട്ടിയ കണ്ണുകൾ പാതിയടച്ച്‌ അവർ തങ്ങൾക്കായി ആത്‌മശാന്തി നേരുമ്പോൾ തങ്ങളുടെ കഴിഞ്ഞുപോയ ജീവിതം ധന്യമായതിലുള്ള സന്തുഷ്‌ടിയോടെ പ്രിയപ്പെട്ടവരുടെ നൻമയ്‌ക്കായി പ്രാർത്ഥിച്ചുനിന്നു.

വെയിൽ മൂത്തുതുടങ്ങി. മരത്തണലുകൾ ചുവട്ടിലേക്കൊതുങ്ങിക്കൂടി. കല്ലറകൾക്ക്‌ നിഴലില്ലാതായി. സൂര്യൻ ആകാശമധ്യത്ത്‌ എരിഞ്ഞു നിന്നു. അപ്പോഴും മേരിക്കുട്ടിയും അപ്പച്ചനും അമ്മച്ചിയും സെമിത്തേരിയുടെ വാതിൽക്കൽ തന്നെ തങ്ങളുടെ പുന്നാരമക്കളേയും കാത്തുനിൽക്കുകയായിരുന്നു.

മിക്കവാറും എല്ലാ കല്ലറമേലും തിരികൾ അണഞ്ഞുതുടങ്ങി. പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ തങ്ങളുണ്ടെന്നുള്ള സുഖദമായ അറിവ്‌ ആസ്വദിച്ചുകൊണ്ട്‌ എല്ലാവരും അവരവരുടെ കല്ലറകളിൽ പ്രവേശിച്ചുതുടങ്ങി.

അമ്മച്ചിയുടെ മുഖം വാടി. അപ്പച്ചൻ മുഖം തിരിച്ചുനിന്നു. മേരിക്കുട്ടി തേങ്ങിപ്പോയി. “എന്നാലും ഞാനെന്റെ ജീവിതംപോലും ഉപേക്ഷിച്ചിട്ട്‌ അവരെ സ്വന്തം മക്കളായി വളർത്തി. ആണ്ടിലൊരിക്കൽ ഒരു വെളുത്ത പൂവോ ഒരു മെഴുകുതിരിയോ കൊണ്ടുത്തരാൻ ആർക്കും....”

അമ്മച്ചി അവളുടെ വായപൊത്തി. “അരുതു മോളേ അരുത്‌. നിന്റെ ഒരുതുള്ളി കണ്ണുനീരുതിർന്നു വീണാൽ പിന്നവർക്കൊന്നും ഗതിപിടിക്കില്ല. ഒരു ജീവിതം നീ കരുപ്പിടിപ്പിച്ചതെല്ലാം വ്യർത്ഥമാകും.”

അവർ മക്കൾക്കെന്തു സംഭവിച്ചു എന്ന ഉൽകണ്‌ഠയോടെ അവരെ പോയി കാണാൻ പുറപ്പെട്ടു. നേർത്ത മഞ്ഞലകളുടെ കൂട്ടംപോലെ ഒഴുകിയൊഴുകി ആദ്യം ഏലിക്കുട്ടിയുടെ വീട്ടിൽ ചെന്നു. അവർ അപ്പനും അമ്മയും മക്കളും ഒരു വിനോദയാത്ര കഴിഞ്ഞെത്തിയതിന്റെ സുഖദമായ ആലസ്യത്തിൽ സന്തോഷം പങ്കുവെയ്‌ക്കുകയാണ്‌. ഈ ദിവസത്തിന്റെ പ്രത്യേകത അവരാരും ഓർക്കുന്നതേയില്ല. ഒരു നിമിഷം താളലയമുള്ള അവരുടെ ജീവിതം കണ്ടു നിന്നപ്പോൾ ഒരു താരാട്ടിന്റെ ചിലമ്പിച്ച ഈണം അവൾ കേട്ടു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. സ്‌നേഹധനനായ അപ്പച്ചന്റെ ദൗത്യം നിറവേറ്റാനായി തനിയ്‌ക്കുവന്ന വിവാഹാലോചന അനുജത്തി ഏലിക്കുട്ടിക്കുവേണ്ടി അപ്പച്ചന്റെ സ്‌ഥാനത്തു നിന്നുറപ്പിക്കുമ്പോൾ മനസ്സിന്റെ ഏതോ ലോലതലങ്ങളിൽ കുളിരുപകർന്നുകൊണ്ടുണരുന്ന താരാട്ടിന്റെ ഈണം ചിലമ്പിച്ചു. പിന്നെ അവൾ പ്രസവിച്ച തന്റെ മാനസപുത്രനെ വാരിപുണരുമ്പോഴും ചുംബനങ്ങൾകൊണ്ട്‌ മൂടുമ്പോഴും ആ ചിലമ്പിച്ച ഈണം താൻ കേട്ടിരുന്നു.

ആ വിവാഹം നടത്താൻ പണം സ്വരൂപിച്ചതിന്റെ ബാധ്യതയ്‌ക്കു മുന്നിൽ വഴിമുട്ടിനിൽക്കുമ്പോൾത്തന്നെ മറിയക്കുട്ടിയുടെ വിവാഹവും നടത്താൻ നിർബന്ധിതയായി. കടത്തിനുമീതെ കടം. ഇനി അവളെന്തുചെയ്യുന്നു എന്നു നോക്കാം. അവർ മറിയക്കുട്ടിയുടെ വീട്ടിലേക്കുപോയി. അവിടെ ടെറസ്സിൽ തമ്പി കൂട്ടുകാരുമൊത്ത്‌ കുടിച്ചു കൂത്താടുന്നു. മറ്റൊരു മുറിയിൽ ഹിപ്പിക്കുട്ടൻമാർ ഭ്രാന്തിളകിയതുപോലെ ചില ഗോഷ്‌ടികൾ കാണിച്ച്‌ അപശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട്‌ ഗിറ്റാറുകൊട്ടി പാടുന്നു. അങ്ങു താഴെ ഒരു മുറിയിൽ മറിയക്കുട്ടി ഉറക്കഗുളിക കഴിച്ചുറങ്ങുന്നു. ഊണുമുറിയിൽ ഭക്ഷണം മേശമേൽ അടച്ചുവച്ചിട്ടുണ്ട്‌. ആരൊക്കെയോ ഊണുകഴിച്ചുപോയ ലക്ഷണവുമുണ്ട്‌. അപ്പച്ചൻ കലിതുള്ളി. “ഇവിടെ കുടുംബപ്രാർത്ഥനയും ഒന്നിച്ചുള്ള അത്താഴവും ഒന്നുമില്ലാതായോ?” മേരിക്കുട്ടി അദ്ദേഹത്തിന്റെ വായപൊത്തി. “അരുത്‌ അപ്പച്ചാ ശപിക്കരുത്‌. നമുക്ക്‌ മടങ്ങാം. ഇനി കുഞ്ഞുമോന്റെ വീട്ടിലേക്കു പോകാതിരിക്കുന്നതാ നല്ലത്‌. അവിടേക്കാണാൻ പോകുന്നതെന്താണെന്ന്‌ നമുക്കൂഹിക്കാവുന്നതല്ലേയുള്ളൂ.” അവൾ അവരുടെ കൈപിടിച്ച്‌ സെമിത്തേരിയിലേക്കു മടങ്ങുമ്പോൾ അവളുടെ ആത്‌മാവിൽ അലിഞ്ഞുകിടക്കുന്ന പത്തുമുപ്പത്തഞ്ചുവർഷത്തെ അനുഭവങ്ങൾ ഓർത്തുപോയി.

താങ്ങാനാവാത്ത കടബാധ്യതകൾക്കു നടുവിൽ നട്ടംതിരിയുമ്പോഴും കുട്ടികളുടേയോ അവരുടെ മക്കളുടെയോ ഒരാവശ്യവും ഒരാഗ്രഹവും മാറ്റിവച്ചില്ല. അവരുടെയൊക്കെ മനസ്സിൽ എന്തിന്‌ അമ്മച്ചിയുടെ മനസ്സിൽ പോലും തനിക്ക്‌ അപ്പച്ചന്റെ സ്‌ഥാനമായിരുന്നു. തന്റെ വാക്കുകൾ അവർക്ക്‌ തിരുവചനംപോലയായിരുന്നു. ആ കടമകൾ ചെയ്‌തുതീർക്കുന്നതിൽ സംതൃപ്‌തികണ്ടെത്തി സ്വയം ജീവിക്കാൻതന്നെ മറന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസ്സിൽവച്ച്‌ നെഞ്ചിൽ ഒരു നേരിയ വേദന അനുഭവപ്പെട്ടു. നിമിഷംകൊണ്ടത്‌ ഒരെരിച്ചിലായി നെഞ്ചാകെ പടർന്നുകയറി. അർദ്ധബോധാവസ്‌ഥയിൽ താനറിഞ്ഞു..... ആരൊക്കെയോ ശരീരമുപേക്ഷിച്ചു പുറത്തേക്കൂർന്നിറങ്ങാൻ ശ്രമിക്കുന്ന എന്റെ ആത്‌മാവിനെ തിരിച്ചുപിടിക്കാൻ കഠിനയത്‌നം ചെയ്യുന്നത്‌. എന്നിട്ടും മൂന്നാംനാൾ എന്റെ ആത്‌മാവ്‌ ശരീരമുപേക്ഷിച്ച്‌ പുറത്തുകടന്നു. നിലാവിന്റെ നേർത്ത ഒരലപോലെ ഞാൻ എന്റെ സഹോദരങ്ങളുടെയും അവരുടെ കുഞ്ഞുമക്കളുടെയും അരികിലെത്തി അവരെ ആശ്വസിപ്പിക്കാൻ.

അയൽക്കാരും സഹപ്രവർത്തകരും എന്നെ അന്ത്യയാത്രക്കൊരുക്കുമ്പോൾ ഉടുപ്പിക്കാൻ ഒരു നല്ല സാരിയോ ബ്ലൗസോ പോലുമെടുക്കാനാകാതെ മറ്റാരുടെയോ വസ്‌ത്രം ധരിപ്പിച്ചു. അപ്പോൾ എന്റെ സഹോദരങ്ങൾ... അല്ല മക്കൾ.... താക്കോലിനും പാസ്സ്‌ ബുക്കിനുംവേണ്ടി പിടിയും വലിയും നടത്തുകയായിരുന്നു. അവരെ ഒന്നു പിടിച്ചു മാറ്റാനാവാതെ ഉച്ചത്തിലൊന്നു വിളിക്കാനാവാതെ നിസ്സഹായയായി നോക്കിനിൽക്കുമ്പോൾ കണ്ടൂ.... സേഫിന്റെ താക്കോൽ ഏലിക്കുട്ടിയുടെ അടിപ്പാവയുടെ പാവാടച്ചരടിൽ കോർത്തു കെട്ടിയിരിക്കുന്നു. കൂട്ടത്താക്കോൽ മറിയക്കുട്ടിയുടെ പാവാടച്ചരടിലുണ്ട്‌. കുഞ്ഞുമോൻ ഒരിരുമ്പുകമ്പികൊണ്ട്‌ സേഫും അലമാരകളും കുത്തിത്തുറക്കാനുള്ള ശ്രമത്തിലാണ്‌. അവൾ വീണ്ടും തേങ്ങിപ്പോയി. അപ്പോൾ അമ്മച്ചിയുടെ വാക്കുകൾ ഓർത്തു “പാടില്ലാ.... എന്റെ കണ്ണിൽനിന്നും.... കണ്ണുനീരുതിർന്നു വീഴാൻ പാടില്ല.” അവൾ കല്ലറയ്‌ക്കുള്ളിൽ പ്രവേശിച്ചു നീണ്ടുനിവർന്നു കിടന്ന്‌ റോസറിയുടെ അറ്റത്തുതൂങ്ങുന്ന കുരിശു ചുംബിച്ചുകൊണ്ടു പ്രാർത്ഥിച്ചു. “കർത്താവേ... ഇവർ ചെയ്യുന്നതെന്താണെന്നിവരറിയുന്നില്ല... ഇവരോടു പൊറുക്കേണമേ....”

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.