പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സമർത്ഥൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിഫു മേലാറ്റൂർ

പണ്ടൊരു നാട്ടിൽ ഒരു ഭൂവുടമയുണ്ടായിരുന്നു. അയാളുടെ വിശാലമായ കൃഷിക്കളത്തിലെ പണിക്കാരായിരുന്നു മാടനും ചീരനും.

ഒരു ദിവസം യജമാനൻ രണ്ടുപേരെയും വിളിപ്പിച്ചു.

“മഴക്കാലം വരാറായി. ഇത്തവണ നമുക്ക്‌ കൃഷി പൊടിപൊടിക്കണം. ഇപ്പോൾത്തന്നെ നിലം ഉഴുതുമറിക്കണം. കൂടുതൽ ഉഴുന്നവന്‌ പ്രത്യേക സമ്മാനവുമുണ്ട്‌....

സമ്മാനമെന്നു കേട്ടപ്പോൾ ഇരുവർക്കും സന്തോഷമായി.

അങ്ങനെ രണ്ടുപേരും കാളകളെ തയ്യാറാക്കി നിലം ഉഴാൻ തുടങ്ങി. ഒരു നിമിഷം പോലും പാഴാക്കാതെ മാടൻ കാളകളെ തല്ലി ധൃതിയിൽ ജോലി ചെയ്‌തു. ക്ഷീണവും തളർച്ചയും അയാൾ വകവെച്ചില്ല. എങ്ങനെയെങ്കിലും സമ്മാനം നേടലായിരുന്നു മാടന്റെ ലക്ഷ്യം.

എന്നാൽ, ചീരനാട്ടെ, യാതൊരു പരിഭ്രമവുമില്ലാതെ, ധൃതികൂട്ടാതെ സാവധാനം നിലമുഴുതു. കാളകൾക്കു സാവകാശം കൊടുക്കാനും മറന്നിട്ടില്ല. ഇടക്കു താനും വിശ്രമിച്ചു.

ഇതെല്ലാം കണ്ടപ്പോൾ മാടൻ ഉള്ളാലെ ചിരിച്ചു. യജമാനന്റെ സമ്മാനം താൻ തന്നെ സ്വന്തമാക്കും. ഹയ്യട.....

സന്ധ്യയായി. ഇരുവരും പണി നിർത്തി തങ്ങൾ ഉഴുത പാടങ്ങൾ പരസ്‌പരം നോക്കി. അപ്പോൾ മാടൻ അമ്പരന്നുപോയി. താൻ ഉഴുതതിനേക്കാൾ കൂടുതൽ നിലം ചീരൻ ഉഴുതിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു?

ഭൂവുടമ സ്‌ഥലത്തെത്തി, പറഞ്ഞതുപോലെ ഇരുവരുടെയും ജോലി കണ്ട്‌ ഒരു പണക്കിഴി ചീരനു സമ്മാനിച്ചു. മാടന്‌ കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ.

ഭൂവുടമ പുഞ്ചിരിച്ചുകൊണ്ട്‌ ചോദിച്ചു. ‘ഇടയ്‌ക്ക്‌ വിശ്രമിച്ചും സാവകാശമെടുത്തും ജോലി ചെയ്‌തിട്ടും ചീരനുതന്നെ കൂടുതൽ നിലം ഉഴാൻ പറ്റിയതെങ്ങനെയെന്ന്‌ നിനക്കു പിടികിട്ടിയോ....?”

“മറുപടി ചീരൻ പറയും.....!”

ഭൂവുടമ പോയിക്കഴിഞ്ഞപ്പോൾ ചീരൻ വിവരിച്ചു.

“ഞാൻ വിശ്രമിച്ചത്‌ ക്ഷീണം മാറ്റാൻ മാത്രമായിരുന്നില്ല, കാളകൾക്കു കൂടി ആശ്വാസത്തിനായിരുന്നു. എന്നാൽ, കിട്ടാൻ പോകുന്ന സമ്മാനം മാത്രം മനസ്സിൽ കണ്ട്‌ കാളകളെ ശ്രദ്ധിക്കാതെയാണ്‌ നീ നിലമുഴുതത്‌. അതുകൊണ്ട്‌ നിന്നെക്കാൾ നിലം ഉഴുതുമറിക്കാൻ എനിക്കു കഴിഞ്ഞു.”

മാടനു തന്റെ പോരായ്‌മ ബോധ്യമായി.

കഠിനമായി അദ്ധ്വാനിച്ചതുകൊണ്ടു മാത്രമായില്ല, സമയം ഏറ്റവും സമർത്ഥമായി ഉപയോഗിക്കാൻ കൂടി കഴിഞ്ഞാലേ വിജയിക്കുവെന്ന്‌ മാടന്‌ മനസ്സിലായി.

ഗിഫു മേലാറ്റൂർ

മേലേടത്ത്‌,

മേലാറ്റൂർ പി.ഒ.,

മലപ്പൂറം - 679 326.


Phone: 9946427601
E-Mail: giffumltr@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.