പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.കെ.എൻ

പുനർവായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ വി.കെ.എന്നിന്റെ ‘മകം’ എന്ന കഥ വായിക്കുക.

കമ്പിയില്ലാക്കമ്പിയുടെ വേഗത സെക്കൻഡിൽ രണ്ടുലക്ഷത്തോളം നാഴിക വരും. സ്‌റ്റേറ്റ്‌ ട്രാസ്‌പോർട്ട്‌വക ഫാസ്‌റ്റ്‌ പാസഞ്ചറിന്റേത്‌ മണിക്കൂറിൽ ശരാശരി മുപ്പതും. രണ്ടിനുമിടയ്‌ക്കുള്ള അന്തരം അതിഭീമമാണ്‌. ജില്ലാതലസ്‌ഥാനത്തു കിട്ടിയ സസ്‌പെൻഷൻ കല്‌പന ഭാഷയായി പടിഞ്ഞാറ്റുമുറി പോലീസ്‌ സ്‌റ്റേഷനിലെത്തിയപ്പോൾ വൈകുന്നേരമായി. അപ്പോൾ വീരഭദ്രൻചേട്ടൻ ആറ്റിങ്ങലിനും കൊല്ലത്തിനുംമിടയ്‌ക്ക്‌ ഫാസ്‌റ്റ്‌ പാസഞ്ചറിലിരുന്നു പടിഞ്ഞാറ്റുമുറിയെ ലാക്കാക്കി ശരംപോലെ കുതിക്കുകയാണ്‌, കല്‌പനയുടെ ഒപ്പമെത്താനെന്നപോലെ.

സൂപ്രണ്ട്‌ ആപ്പീസിൽ നിന്നും ഡിസ്‌പാച്ച്‌ റൈഡർ മോട്ടോർസൈക്കിളിൽ കൊണ്ടുവന്ന കവർ പൊട്ടിക്കുമ്പോൾ സബ്‌ ഇൻസ്‌പെക്‌ടറുടെ ഹൃദയം ടുംടും മിടിച്ചു. എന്തായിരിക്കും അകത്ത്‌? ഇടിത്തീയോ? ആണെങ്കിൽ ആർക്ക്‌, തനിക്കോ?

കടലാസ്‌ നിവർത്തിവായിച്ചപ്പോൾ അദ്ദേഹത്തിനു വിസ്‌മയമായി. വീരഭദ്രൻ നായർ വീരസ്യം പറഞ്ഞമാതിരി ശരിപ്പെടുത്തിയിരിക്കുന്നവല്ലോ. ഉന്നതങ്ങളിൽ ഭരിക്കുന്നവരുടെമേൽ ഈയാൾക്കിത്ര സ്വാധീനമോ? ഏതായാലും കുട്ടൻപിള്ളയെ മൃദുവായി വിവരമറിയിക്കണം. വയസ്സൻ വിഷമിച്ചേക്കും. അദ്ദേഹം കരുണാമസൃണമായി വിളിച്ചു.

കുട്ടൻപിള്ളേ.....

രുചിക്കാത്ത മുഖത്തോടെ ശ്വാസത്തിനിടയിൽ എന്തോ പിറുപിറുത്തുകൊണ്ട്‌ കുട്ടൻപിള്ള കടന്നുവന്നു. പേരമകനാവാൻ മാത്രം പ്രായമുള്ള ശിന്നപയ്യനായ നിന്റെ മുമ്പിലെല്ലാം വന്നു വന്ദിച്ചു നില്‌ക്കേണ്ട ഗതികേട്‌ ഈ വയസ്സുകാലത്ത്‌ എനിക്ക്‌ വന്നുഭവിച്ചല്ലോ എന്ന ഭാവത്തിൽ.

എന്നതാ സാറേ?

സൂപ്രണ്ടാപ്പീസിൽനിന്നു കല്‌പന വന്നിരിക്കുന്നു.

മേലധികാരമല്യോ സാറേ? സൂപ്രണ്ട്‌ യജമാനന്‌ കല്‌പിക്കാതെ പറ്റുമോ?

എന്താണ്‌ കല്‌പിച്ചിരിക്കുന്നത്‌ എന്നറിയാമോ?

സാറ്‌ പറഞ്ഞില്ലല്ലോ.

നടുക്കം മയപ്പെടുത്താൻവേണ്ടി എസ്‌.ഐ. പറഞ്ഞു.

വീരഭദ്രൻനായർ പറഞ്ഞമാതിരി പറ്റിച്ചിരിക്കുന്നു.

അവന്മാരെ അറസ്‌റ്റ്‌ ചെയ്യാനുള്ള ഉത്തരവാണോ?

എവന്മാരെ?

ചാത്തൻസിനെയും സിക്രട്ടറിയേയും.

അല്ല.

പിന്നെന്തോന്ന്‌ വീരഭദ്രൻനായർ പറ്റിക്കാൻ?

അന്വേഷണവിധേയമായി സർവ്വീസിൽനിന്ന്‌ നിങ്ങളെ സസ്‌പെണ്ട്‌ ചെയ്‌തുകൊണ്ടുള്ള കല്‌പനയാണ്‌.

കുട്ടൻപിള്ള സുഖശീതളമായി ചോദിച്ചു.

ആണോ സാറേ?

എസ്‌.ഐ. അതിശയിച്ചു. പഴയ പെരുച്ചാഴിയുടെ രൂപത്തിലുള്ള ഈ വയസ്സൻ കുറുക്കന്‌ കുലുക്കമില്ലേ? താനാണെങ്കിൽ പ്രൊബേഷൻ പൂർത്തിയാക്കിയതിനു പുറത്ത്‌ ഇത്തരമൊരു കല്‌പന കിട്ടുകയാണെങ്കിൽ വീണുപോകും. എസ്‌.ഐ. ചോദിച്ചു; നിങ്ങൾക്കു വിഷമമില്ലേ?

എന്തിനു സാറേ?

ചില്ലറ കാര്യമാണോ സസ്‌പെൻഷൻ?

കുട്ടൻപിള്ള സ്വയം ഒരു ചിരി അനുവദിച്ചു. എത്രയോ മഹാരാജാക്കന്മാരുടെയും ദിവാൻജിമാരുടേയും ഭരണത്തെ അതിജീവിച്ച കുട്ടൻപിള്ള എന്തിനു വിഷമിക്കണം?

അങ്ങനെയാണോ?

കുട്ടൻപിള്ള കണ്ണുപോലും ഇമയ്‌ക്കുന്നില്ല.

ആന്റിക്ലൈമാക്‌സിന്റെ പദാനുപദതർജ്ജമായ എതിർപാരമ്യത്തിൽ നിന്നും പുറത്തു കടക്കാൻ വേണ്ടി എസ്‌.ഐ. ചോദിച്ചു. എന്നാൽ കല്‌പന കൈപ്പറ്റുകയല്ലേ?

കുട്ടൻപിള്ള ചോദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടുപോരെ, സാറേ? എനിക്കു വിരോധമില്ല. അതിനിടയ്‌ക്ക്‌ എന്തു ചെയ്യാൻ പോകുന്നു.? അവന്മാരെ ചെറിയ തോതിലൊന്നു ചമ്മന്തിയാക്കിയശേഷം സസ്‌പെൻഡിൽ കയറാമെന്നു വിചാരിക്കുന്നു.

എവന്മാരെ?

ആ റാസ്‌കോത്സ്‌ ചാത്തൻസിനേയും സിക്രട്ടറിയേയും.

അതെന്തിന്‌?

ഇപ്പോൾ കുട്ടൻപിള്ള ക്ഷോഭിച്ചു.

പിന്നെ ഇതെന്നതാ സാറേ? അവന്മാരുടെ ഭരണം. അവന്മാരുടെ പോലീസ്‌മന്ത്രി, അവന്മാർ പറഞ്ഞ്‌ നാം കേസ്സൊതുക്കുന്നു. അവന്മാർ തന്നെ നമ്മെ സസ്‌പെൻഡ്‌ ചെയ്യുകയോ? കുറുവായരിയും തിന്നു. കുഞ്ഞുമാളു വാശാലിച്ചിയേയും കടിച്ചു പിന്നെയും കറുത്ത പാണ്ടൻ നായയ്‌ക്ക്‌ മുറുമുറുപ്പ്‌ എന്നപോലാണല്ലോ ഇത്‌.

എസ്‌.ഐ. ചിരിച്ചു. നമ്മെ എന്നു പറയണ്ട. കുട്ടൻപിള്ളയെ മാത്രമേ സസ്‌പെൻഡ്‌ ചെയ്‌തിട്ടുള്ളു.

പിന്നെ, എന്നെ സസ്‌പെണ്ടുചെയ്‌താൽ ടേഷനു മുഴുവനുമാല്യോ കുറച്ചില്‌! ഏതായാലും അവരെ പോയി കാണ്‌. തെറ്റു പറ്റിയതാണെങ്കിൽ തിരുത്താമല്ലോ.

കണ്ടതും രണ്ടു പൊട്ടിക്കട്ടോ?

അതുവേണ്ടാ. എന്തുപറ്റിയെന്നറിഞ്ഞിട്ടു മതി.

കുട്ടൻപിള്ള അരയിലെ ബൽറ്റ്‌ മുറുക്കി തൊപ്പിയെടുത്തുവെച്ച്‌ രുണ്ടു മൂന്നുകൾ കല്‌പിച്ചുപോയി. നേരെ സിക്രട്ടറിയുടെ ഭവനത്തിലേക്കാണു പോയത്‌. ഒരു ജർമ്മനെ കാണുന്നതിലും ഭേദമാണല്ലോ ഒരു നായരെ കാണുന്നത്‌.

ചെന്നപ്പോൾ മകീര്യത്തിൽ ചാത്തൻസ്‌ കണ്ട സിക്രട്ടറിയുടെ ചെറുപ്പക്കാരിയായ ഭാര്യ കോലായിൽത്തന്നെയുണ്ട്‌. അരിചേറി വെടിപ്പാക്കുകയാണ്‌. ഇളയ കൊച്ച്‌ അടുത്തിരുന്ന്‌ തവിടുവാരി കളിക്കുന്നു. കുട്ടൻപിള്ളയെ കണ്ടപ്പോൾ കൊച്ച്‌ അമ്മയുടെ മടിയിൽ തലയൊളിച്ചു.

എന്നതാ പാർവ്വതികുഞ്ഞേ, സിക്രട്ടറിയവർകളില്യേ? - കുട്ടൻ കുശലൻപിള്ള പറഞ്ഞു.

പാർവ്വതിയമ്മ എഴുന്നേറ്റു.

പിള്ളച്ചേട്ടൻ ഇരിക്കൂ. കുളിക്കുകയാണ്‌. ഇപ്പോൾ വരും.

പിള്ള പടിമേൽ ഇരുന്നു.

കുഞ്ഞ്‌ അരി ചേറിക്കോ. ഞാനിവിടെ ഇരുന്നോളാം. വാടാ കൊച്ചേ മാമന്റടുത്തുവാ.

മോൺസ്‌റ്റർ തല പതുക്കെ പൊക്കി ഒളികണ്ണിട്ട്‌ മാമനെ നോക്കി, വീണ്ടും കണ്ണടച്ചു.

ഇവനെന്നതാ പേര്‌, കുഞ്ഞേ?

വാരിജാക്ഷൻ - പാർവ്വതിഅമ്മ പറഞ്ഞു.

ഭഗവാന്റെ പേരാണല്ലോ! അതിൽ കമ്മ്യൂണിസമില്ലായിരിക്കും!

അതെന്താ ചേട്ടൻ അങ്ങനെ പറയണത്‌?

അല്ല കുഞ്ഞേ കുട്ടികൃഷ്‌ണൻനായർ നാട്ടാശാൻ കമ്മ്യൂണിസ്‌റ്റ്‌ ദൈവത്തിൽ അവിശ്വാസി. അദ്ദേഹത്തിന്റേ സന്തതിക്കു ഭഗവാന്റെ പേരിടുന്നതു വിരോധാഭാസമല്ല്യോ?

പാർവ്വതിയമ്മ കഴുത്തിട്ടിളക്കി, കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞുഃ ആഭാസൊക്കെ പുറത്ത്‌. എന്റെ വീട്ടിൽ കമ്മ്യൂണിസം കാട്ടാൻ ഞാൻ ഒരാളേം സമ്മതിക്കില്ല.

ആണോ കുഞ്ഞേ?

പിന്നല്ലാണ്ട്‌? കണ്ട ചെറുമക്കളുടെകൂടെ കമ്മ്യൂണിസം കാണിക്കണത്‌ പൊറത്ത്‌. ഇതിന്റകത്ത്‌ ഞാൻ വെച്ച നിയമാ.

അതുവേണം കുഞ്ഞേ. എന്തിസമായാലും നമ്മുടെ തടിക്കു തട്ടരുത്‌.

ശരിയാ ചേട്ടൻ പറഞ്ഞത്‌.

അതിരിക്കട്ടെ പാർട്ടിപരിപാടികൾകൊണ്ട്‌ വല്ല കാശും കിട്ടുന്നുണ്ടോ? അരിക്കാശ്‌ എന്നോ നക്കാപിച്ചയുണ്ടെന്നു തോന്നുന്നു. അതില്ലെങ്കിൽ ഞാൻ സമ്മതിക്ക്വോ?

അതുതന്നെ കാര്യം കുഞ്ഞേ. അങ്ങനെ പിടീന്ന്‌ നിക്കണം. പിന്നെ കുഞ്ഞേ, ഒരു കാര്യം പറഞ്ഞാൽ ചേട്ടനോടു പിണങ്ങരുത്‌.

ഇല്ല. ചേട്ടൻ പറഞ്ഞോളൂ.

കിട്ടുന്ന കാശെല്ലാമേ ചേർത്തു പെട്ടിയിൽ വക്കരുത്‌. ബാങ്കിലും ഇടരുത്‌. വല്ല പൊന്നോ പണ്ടമോ തീർപ്പിക്കുകയോ ഉപ്പിനും മുളകിനും തേങ്ങാ അടർത്തിയെടുക്കാൻ വല്ല പറമ്പോ തുണ്ടോ മറ്റോ വാങ്ങിക്കുകയോ വേണം.

പാർവ്വതിയമ്മയുടെ മുഖം വിരിഞ്ഞു.

അതുതന്നെയാണ്‌ ഞാൻ ചെയ്യുന്നത്‌. നൂറിലധികം ഉറുപ്പികയായാൽ ഉടനെ ഒരു പവൻ വാങ്ങും.

എന്നാൽ പിന്നെ ഭർത്താവ്‌ പാർട്ടി സിക്രട്ടറിയായതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷേങ്കില്‌ ഒരു കാര്യം.

എന്താ?

ഇപ്പോൾ കമ്മ്യൂണിസ്‌റ്റുകാർ ഭരിക്കുന്ന കാലമായതുകൊണ്ട്‌ അവരുടെ സിക്രട്ടറിയാകുന്നത്‌ ശരിതന്നെ. എന്നാൽ ഇനി കാൺഗ്രസ്‌ അധികാരത്തിൽ വരുമ്പോൾ അവരുടെ സിക്രട്ടറിയുമാകണം. ഇല്ലെങ്കിൽ കുഴപ്പമാ.

പാർവ്വതിയമ്മ മൂക്കു വിറപ്പിച്ചു.

ഇല്ലെങ്കിൽ പട്ടച്ചൂലെടുക്കില്ലേ ഞാൻ!

എങ്കിൽ മതി, കുഞ്ഞേ.

അ. അ. ഞാനതു മറന്നു. ചേട്ടന്‌ കുട്ടിക്കാൻ കാപ്പി കൊണ്ടരട്ടെ?

വേണ്ട കുഞ്ഞേ.

എന്നാൽ ചായ.

ഓ. ചായയും കാപ്പിയും എനിക്കത്ര ചേരുകേല.

എന്നാൽ ഒരു ഗ്ലാസ്‌ പാല്‌ കൊണ്ടരട്ടെ?

ബുദ്ധിമുട്ടല്ല്യോ?

എന്ത്‌ ബുദ്ധിമുട്ട്‌? കഴിഞ്ഞ മാസമാണ്‌ മറ്റെ പശു പെറ്റത്‌.

എങ്കിൽ കൊണ്ടുവാ കുഞ്ഞേ

പാർവ്വതിയമ്മ അകത്തു പോയി. മുണ്ടിൽ തൂങ്ങി, കുട്ടൻപിള്ളയെ തിരിഞ്ഞുനോക്കിക്കൊണ്ട്‌ മോൺസ്‌റ്ററും. അതു കണ്ടപ്പോൾ, രണ്ടാം ബാല്യത്തിലേക്കു പ്രവേശിക്കാൻ നില്‌ക്കുന്ന കുട്ടൻപിള്ള ഹൃദ്യമായി ചിരിച്ചു.

പാൽ കുടിക്കുമ്പോളാണ്‌ ഭാര്യ അകമ്പടിസേവിച്ച്‌ സിക്രട്ടറി വന്നത്‌.

അദ്ദേഹം പറഞ്ഞു.

കുട്ടൻപിള്ള വന്നത്‌ പാറു പറഞ്ഞറിഞ്ഞു. ഞാൻ കുളിക്കുകയായിരുന്നു.

പിള്ള ഗൗരവത്തിൽഃ ഏതായാലും കുളിച്ചുകയറിയല്ലോ.

എന്താ, വിശേഷം വല്ലതുമുണ്ടോ?

ഞാൻ കുളത്തിലിറങ്ങി. കയറേണ്ട ചുറ്റുപാടു കാണുന്നില്ല.

എനിക്കു മനസ്സിലായില്ല.

വീരഭ്രൻനായർ പറഞ്ഞപോലെ ശരിപ്പെടുത്തി.

വല്ലതും.....

സസ്‌പെൻഷൻ ഓർഡർ വന്നിരിക്കുന്നു. എന്തോന്ന്‌ വല്ലതും?

നേരോ!

സ്‌റ്റേഷനിൽ കിടപ്പുണ്ട്‌. പോയി വാങ്ങിക്കുകയോ വേണ്ടൂ. സൂപ്രണ്ടാപ്പീസിൽനിന്നു മോട്ടോർസൈക്കിളുകാരനാണു വന്നത്‌. അറിയാമോ?

പാർവ്വതിയമ്മ കിടന്നു തുള്ളി.

അസ്സലായി! ഇതാമ്പേ ഇപ്പൊ ഭരണത്തലിരുന്നിട്ട്‌ ചെയ്‌ത പണി നോമ്പടെ ആളോളക്ക്‌ ഷഷ്‌പൻഷം.

കുട്ടൻപിള്ള പറഞ്ഞുഃ

കേൾക്ക്‌, കുഞ്ഞേ, ഇവന്മാർ പറഞ്ഞ്‌ ഞാനാ വീരഭദ്രൻനായരെ വിരട്ടുന്നത്‌. അയാളുടെ മന്ത്രിവഴി എന്നെ സസ്‌പെൻഡു ചെയ്യിക്കുമെന്ന്‌ അയാൾ വീരവാദം പറയുന്നു. അതു നടത്തുകയും ചെയ്യുന്നു.

പാർവ്വതിയമ്മ സിക്രട്ടറിയുടെ മുഖത്തുനോക്കി പറഞ്ഞു. നിങ്ങൾക്ക്‌ നാണോം മാനോംല്ലേന്ന്‌? നൊമ്പടെ ആളോളെ കാക്കാൻ വയ്യാത്ത നിങ്ങള്‌ ഒര്‌ നായരാ?

കുഴപ്പമില്ല സിക്രട്ടറി പറഞ്ഞു അയാളുടെ മന്ത്രിവഴി ചെയ്യിച്ച പണി തന്നെ. പേടിക്കാനില്ല. കല്‌പന നമുക്കു റദ്ദാക്കാം.

എപ്പോൾ?

ഇപ്പോൾത്തന്നെ. ചാത്തൻസിനേയും കൂട്ടി പോയി. നമ്മക്കു മന്ത്രിയുമായി സംസാരിക്കാം.

പാർവ്വതിയമ്മഃ ചെറമനില്ലാണ്ട പറ്റില്ലല്ലോ!

നമുക്കു പോകാം - സിക്രട്ടറി പറഞ്ഞു.

എവിടേക്ക്‌?

ചാത്തൻസിനെ കൂട്ടി വരാം.

ദൈവമേ! - കുട്ടൻപിള്ള നെഞ്ചിൽ കൈവച്ചു. ഈ ജീവിതത്തിൽ ഇത്രകാലവുമുണ്ടായിട്ടില്ല ഒരു കാര്യസാദ്ധ്യത്തിനുവേണ്ടി ചെറുമനെ സമീപിക്കുകയെന്നത്‌. ഇപ്പോൾ അതും വേണ്ടിവന്നോ?

വരണം കുട്ടൻപിള്ളേ. സഖാവ്‌ പോലീസ്‌മന്ത്രിയുമായി എന്നേക്കാളുമടുപ്പം ചാത്തൻസിനാണ്‌.

ങ്‌​‍ാ, വരാം വയസ്സുകാലത്ത്‌ പെൻഷനെങ്കിലും ശരിയായി കിട്ടട്ടെ.

പാർവ്വതിയമ്മ പിന്നിൽനിന്നും വിളിച്ചു പറഞ്ഞു.

പിള്ളച്ചേട്ടന്റെ കാര്യം ശരിയാവാതെ ഈ പടി ഇങ്ങോട്ടു കടക്കണ്ടാ, ട്ടോ

കുട്ടൻപിള്ള പറഞ്ഞു.

പറ കുഞ്ഞേ, അതുതന്നെ പറ.

മഴ മാറി, തെളിഞ്ഞ വൈകുന്നേരത്തെ വെയിലത്ത്‌ ചാത്തൻസ്‌ വില്ലയിലേക്കു നടന്നു. അപ്പോൾ അവൻസ്‌ അവിടെയില്ല. തണ്ടാർസിന്റെ പുരയിൽ കാണുമെന്നു ശിങ്കിടിചെക്കൻസ്‌ പറഞ്ഞു. അവിടെ പണിയാണോ എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നു ചെക്കൻസ്‌.

പോയ കാലോടെ തണ്ടാർസിന്റെ പുരയിലേക്ക്‌. അവിടേയുമില്ല അവൻസ്‌. പറമ്പിൽ കാണുമത്രെ.

എന്തെടുക്കുന്നു?

കന്നു പൂട്ടുന്നു.

എന്തിന്‌?

അറിയില്ല.

ഈ നേരംകെട്ട നേരത്തു കന്നുപൂട്ടോ?

എല്ലാറ്റിലും ചാത്തൻസ്‌ ഒരു വിപ്ലവകാരിയാണെന്ന മുഖവുരയോടെ സിക്രട്ടറി കുട്ടൻപിള്ളയെ പറമ്പിലേക്കു നയിച്ചു. പഴയ നല്ല കാലത്തെ ഭേദ്യമുറകൾ പിള്ളസ്സാറിന്റെ അകക്കാമ്പിലൂടെ ഈശ്വരാരാധനയ്‌ക്കൊപ്പം മിന്നിമറഞ്ഞുപോയി.

സത്യമായും ചാത്തൻസ്‌ പറമ്പിൽ കന്നുപൂട്ടുകയായിരുന്നു. പരിസരത്തു തണ്ടാർസുമുണ്ട്‌. തന്നെ തേടിവന്ന ആൾരൂപങ്ങളെ കണ്ടപ്പോൾ ചാത്തൻസ്‌ ചിരിച്ചു. പക്ഷെ കന്നുകൂട്ട്‌ നിർത്തിയില്ല. പണിയെടുക്കുമ്പോൾ പണിയെടുക്കുക. കളിക്കുമ്പോൾ കളിക്കുക. ഈ ചികിത്സാവിധി ഒരു പൂമാനെ ആരോഗ്യവാനും ധനവാനും ആനന്ദതുന്ദിലനുമാക്കുന്നു. അവൻസ്‌ വിചാരിച്ചു. ചോദിച്ചു. ഇരുസന്ധ്യ തൊടുക്കും താരകൻപോലെയുള്ള ഇരു സഖാക്കൾ എങ്ങോട്ട്‌?

സിക്രട്ടറി ചിരിച്ചു. കുട്ടൻപിള്ളയുടെ മുഖം അപ്രസന്നമായിത്തന്നെ ഇരുന്നു.

സഖാവിനെ കാണാൻതന്നെ സിക്രട്ടറി പറഞ്ഞു.

തണ്ടാർസ്‌ മടിയിൽ വെച്ചിരുന്ന വിനയത്തിന്റെ മുഖംമൂടിയെടുത്തണിഞ്ഞു മുന്നോട്ടു വന്നു. കുടിക്കാൻ ഇളന്നീരോ മറ്റോ?

ഒന്നും വേണ്ട.

എന്താണാവോ ഈ മോന്തിനേരത്ത്‌?

അതാണ്‌ എനിക്കും ചോദിക്കാനുള്ളത്‌ - സിക്രട്ടറി പറഞ്ഞു -

എന്താണ്‌ ഈ മോന്തിനേരത്ത്‌ ഒരു കന്നുപൂട്ട്‌?

ചാത്തൻസ്‌ പറഞ്ഞുഃ അതിന്റെ പൊരുൾ പിടികിട്ടണമെങ്കിൽ കൃഷി എന്ന സംസ്‌കാരത്തിന്റെ ആദ്യഘട്ടത്തിലേക്കു പോകണം. ഇത്‌ മകമാണ്‌. ഞാറ്റുവേല. പൊന്നിൻചിങ്ങം ഒന്നാംതിയതി. മകത്തിന്റെ മുഖത്ത്‌ എള്ളെറിയുക എന്നൊരേർപ്പാടുണ്ട്‌. അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌.

വിതച്ചോ?

ഇല്ല. ഈ ചാലെത്തിക്കഴിഞ്ഞാൽ വിതയ്‌ക്കുകയായി. അതുകഴിഞ്ഞ്‌ വിത്തുമാറ്റം. ഒരു ചാലും കൂടി പൂട്ടിക്കഴിഞ്ഞാൽ അടിയൻസിന്റെ ഇന്നത്തെ പണി കഴിഞ്ഞു.

അതിനുമുമ്പ്‌ അടിയന്തിരമായി ഒരു കാര്യമുണ്ടല്ലോ.

അതും നടന്നുകൊള്ളട്ടെ. സഖാവേ പറയണം.

സിക്രട്ടറി പറമ്പിലേക്കിറങ്ങിച്ചെന്നു. കന്നിനു പിന്നാലെ ചാത്തൻസിനു പിന്നാലെ നടന്നു സ്വകാര്യം പറഞ്ഞു.

ഒരലർച്ചയോട കരിയുടെ പിടിവിട്ട്‌ ചാത്തൻസ്‌ കുട്ടൻപിള്ളയ്‌രികിലെത്തി.

വയർലസ്സുവഴി വന്ന കല്‌പന വയർലസ്സുവഴിതന്നെ റദ്ദാവുന്നു!

ഇല്ലെങ്കിലോഡോ?

ഇവിടെ ഈ സർക്കാരുണ്ടാവില്ല. നടക്കിൻ!

തണ്ടാർസ്‌ കരഞ്ഞു.

എവടക്കാ ചാത്തോസ്‌? എള്ള്‌ വിതച്ചു കഴിഞ്ഞ്‌ നീ പൊയ്‌ക്കോ. പൂയ്യത്തില്‌ ആ വരമ്പിന്റെ പണീലന്നെ നിയ്യ്‌ എന്നെ തോല്‌പിച്ചു. ഇത്തവണേം എന്റെ പള്ളയ്‌ക്കടിക്കാതെ, ചാത്തോസ്‌!

ചാത്തൻസ്‌ പറഞ്ഞുഃ

ഇനി കുറച്ചല്ലേയുള്ളൂ? നിങ്ങൾതന്നെ വിതച്ചുപൂട്ടിയാൽ മതി.

നോക്കിൻ കൺഷേബിളേ അവന്റെ ഒരു പണി!

കുട്ടൻപിള്ള പറഞ്ഞുഃ

ഡേ, ഡേ! സർക്കാരു കാര്യത്തിനു പോകുന്ന ചാത്തൻസിനെ തടയാനാണോഡേ ഭാവം? പൂട്ടിവിതക്കഡേ. നിനക്ക്‌ അറിയാത്ത പണിയാണേഡേ, റാസ്‌കോൽസ്‌!

ചാത്തൻസ്‌ ബഹുദൂരം എത്തിക്കഴിഞ്ഞിരുന്നു. മറ്റവർ അവനു ചെയ്‌സ്‌ കൊടുത്തു. യഥാകാലം സന്ധ്യയ്‌ക്കു തുഴഞ്ഞു പോലീസ്‌സ്‌റ്റേഷനിലെത്തി. ചാത്തൻസ്‌ എസ്‌.ഐ.യോടു ചോദിച്ചുഃ

വയർലെസ്സെവിടെ?

എന്തു വയർലെസ്‌?

കുട്ടൻപിള്ളയുടെ സസ്‌പെൻഷൻകല്‌പന വന്ന യന്ത്രോപകരണം.

അതിവിടെയില്ല. തിരിച്ചുപോയി.

ഫോണുണ്ടോ?

അതുമില്ല. എന്തുവണം?

സഖാവ്‌ പോലീസ്‌മന്ത്രിയോട്‌ സംസാരിക്കണം.

എന്തിന്‌?

കല്‌പന റദ്ദാക്കാൻ.

റദ്ദാക്കിക്കിട്ടുമെന്ന്‌ ഉറപ്പാണോ?

ഇല്ലെങ്കിൽ ചാത്തൻസ്‌ എന്നൊരു ജർമ്മനില്ല.

കുട്ടൻപിള്ള പറഞ്ഞു.

ഹിറ്റ്‌ലർ വംശജൻ അവശേഷിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷേ, ലോക്കപ്പിലാവും വാസം എന്നു മാത്രം.

സിക്രട്ടറി ചോദിച്ചുഃ

ഇനി എന്തു ചെയ്യും?

കുയ്യന്നൂർ പോയി പോസ്‌റ്റാപ്പീസിൽനിന്നു ടെലിഫോൺ ചെയ്‌താൽ മതി.

ഐഡിയ! ഇതെന്തുകൊണ്ടു നമുക്കു തോന്നിയില്ല?

ചാത്തൻസ്‌ പറഞ്ഞു.

നമുക്കു തോന്നിയില്ല. ഉദ്യോഗസ്‌ഥന്മാരുടെ ബുദ്ധിശക്തി ഒന്നു വേറെയാണ്‌.

എസ്‌.ഐ. കല്‌പനകൾ പുറപ്പെടുവിച്ചു.

പുതിയതു വല്ലതും വരികയാണെങ്കിൽ നാളെ കാലത്ത്‌ എട്ടുമണിക്കു മുമ്പ്‌ ഇവിടെ കിട്ടണം. കുട്ടൻപിള്ളേ, ഇന്നു മൂന്നുമണിമുതൽ നാളെ കാലത്ത്‌ എട്ടുമണിവരെ പടിഞ്ഞാറ്റുമുറിയിലെ വനപ്രദേശങ്ങളിൽ നക്ലസൈറ്റുകൾക്കു പുറകെ റോന്തുചുറ്റുന്നതായി നിങ്ങൾ ഡയറിയിൽ കാണിക്കുക. അതിനിടയ്‌ക്ക്‌ ഒന്നും നടന്നില്ലെങ്കിൽ നാളെ സസ്‌പെൻഷൻ കല്‌പന കൈപ്പറ്റി ഉടുപ്പഴിച്ചു വച്ചു സ്‌ഥലം കാലിയാക്കുക.

ചാത്തൻസ്‌ നെഞ്ചത്തടിച്ചു.

ഈ കല്‌പന ക്യാൻസലായതായി നിങ്ങൾക്കു കണക്കാക്കാം. ഇത്‌ കുട്ടൻപ്പിള്ളയ്‌ക്ക്‌ സെർവ്വ്‌ ചെയ്യേണ്ടാ ഇല്ലെങ്കിൽ ഇവിടെ പാർട്ടിയില്ല.

കുട്ടൻപിള്ള ചോദിച്ചു.

ഉണ്ടെങ്കിൽത്തന്നെ അതിനെ ബാക്കിവെച്ചേക്കുമോ ഡേ?

ചാത്തൻസും സിക്രട്ടറിയും ബസ്സു കയറി കുയ്യന്നൂർക്കു പോയി. നക്ലസൈറ്റു ഡ്യൂട്ടിയിലായിരുന്ന കുട്ടൻപിള്ള പാർട്ടിയെ എസ്‌കോർട്ടു ചെയ്‌തു.

പോസ്‌റ്റാപ്പീസിൽ കയറി ഫോൺ വിളിച്ചു. അർജന്റ്‌ കാൾ. പി.പി. പർട്ടിക്കുലർ പേർസൺ, പോലീസ്‌മന്ത്രി. എക്‌സ്‌ചേഞ്ചിൽ സഖാക്കൾ ഉണ്ടായിരുന്നതിനാൽ വിളിച്ചുകഴിയുന്നതിനു മുമ്പു ലൈനിന്ററ്റത്തു മന്ത്രിയെ കിട്ടി. സിക്രട്ടറി സ്‌ക്രീൻപ്ലേ വായിച്ചു.

സഖാവ്‌ നമ്പീശനല്ലേ?

അതെ, ആരോതുന്നു?

പടിഞ്ഞാറ്റുമുറി കുട്ടികൃഷ്‌ണൻനായർ.

ഫസ്‌റ്റ്‌ സ്‌ക്രട്ടറിയല്ലേ?

അതെ.

എന്തുണ്ട്‌ വിശേഷം?

ചാത്തൻസിനു സംസാരിക്കണം.

കൊടുക്കൂ.

..........

ഹലോ, ചാത്തൻസ്‌!

അതിന്റെയൊന്നും ആവശ്യമില്ലാ ഗർഭസ്‌ഥയായ മൂത്തപുത്രി വേദന അനുഭവിക്കുന്ന മുഹൂർത്തത്തിൽത്തന്നെ മാതാവ്‌ വീണവാദനം നടത്തിക്കൊള്ളണമെന്നില്ല.

ഒന്നും മനസ്സിലാവുന്നില്ലല്ലോ ചാത്തൻസ്‌.

കോൺസ്‌റ്റബിൾ കുട്ടൻപിള്ളയെ നിങ്ങൾ സസ്‌പെണ്ടു ചെയ്‌തോ?

അടിച്ചു ഫിറ്റാക്കി. കല്‌പന അങ്ങെത്തിയില്ലേ?

ആരു പറഞ്ഞിട്ടാണ്‌ സസ്‌പെണ്ടുചെയ്‌തത്‌?

ഐ.മു. പാർട്ട്‌ണർ വീരഭദ്രൻനായർ പറഞ്ഞിട്ട്‌. ആളെ അറിയില്ലേ? അറിയാം. അറിയാതിരിക്കാം. കുട്ടൻപിള്ളയെ എന്തിനു സസ്‌പെണ്ടു ചെയ്‌തു എന്നാണു ചോദ്യം.

അയാൾ ആവശ്യപ്പെട്ടിട്ട്‌. അതു വേണ്ടായിരുന്നോ?

ഒരു കാര്യമുണ്ട്‌....

കഥിക്ക്‌.

കീഴ്‌ഘടകത്തോട്‌ ആലോചിക്കാതെ ആ ഘടകത്തിന്റെ പരമാധികാരപരിധിയിൽപ്പെട്ട കാര്യം വേറെ വല്ലവന്റേയും വാക്കു കേട്ട്‌ ചെയ്‌താലുണ്ടല്ലോ.....

കുഴപ്പമായോ ചാത്തൻസ്‌?

ചെയ്‌തേച്ചാലുണ്ടല്ലോ....

സംഗതി കണകുണയായോ?

ചെയ്‌തുകഴിഞ്ഞാലുണ്ടല്ലോ....

ത്രീ മിനിറ്റ്‌സ്‌ ഓവർ പ്ലീസ്‌ - എക്‌സ്‌ചേഞ്ചിലെ പൊന്നുമോൾ പ്രതിവിപ്ലവം പ്രവർത്തിച്ചു.

പ്ലീസ്‌ എക്‌സ്‌ടെൻസ്‌ എന്നായല്ലോ ചാത്തൻസ്‌.

അതു ചെയ്‌തുകിട്ടിയപ്പോൾ അവൻസ്‌ തുടർന്നു.

ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിലുണ്ടല്ലോ, പിന്നെ ഞങ്ങൾ കോൺഗ്രസ്സാവുകയാണ്‌ ഭേദം.

സോറി, ചാത്തൻസ്‌.

ഹൂണവാണിയിൽ മൊഴിയേണ്ട സന്ദർഭമല്ലിത്‌.

ഞാനെന്തു വേണം?

ആ കല്‌പന റദ്ദാക്കണം.

ചെയ്യാം.

ഉടനെ വേണം.

ഇതാ മറുകല്‌പന പുറപ്പെടുവിച്ചുതുടങ്ങുകയായി.

മറ്റേ കല്‌പന നടത്തേണ്ടതില്ലെന്ന്‌ ഞാൻ എസ്‌.ഐ.യോടു പറഞ്ഞിരിക്കുകയാണ്‌.

നന്നായി. ഞാൻകൂടി പറഞ്ഞതായി പറയൂ.

ശരി. എന്നായിനി പാർട്ടിയോഗത്തിൽ കണ്ടോളാം.

നില്‌ക്ക്‌ ചാത്തൻസ്‌. അതിനിടയ്‌ക്ക്‌ നിങ്ങൾ രണ്ടുപേരുംകൂടി ഇവിടെ വരണം.

എന്തിന്‌?

ഈ റദ്ദാക്കൽ ദൂരവ്യാപകമായ അന്തർപാർട്ടിപ്രശ്‌നങ്ങൾ സൃഷ്‌ടിക്കും.

സൃഷ്‌ടിക്കട്ടെ. നമുക്കവയെ സംഹരിക്കാം.

സോഷ്യലിസ്‌റ്റ്‌ മന്ത്രി സുമന്ത്രൻപണിക്കർ ഇടയും.

ഇടയട്ടെ. നമുക്കാ പാർട്ടിയെ പിളർത്താം.

അതിനു പാകത്തിൽ നമ്മുടെ തന്ത്രം രൂപപ്പെടുത്തുന്നതിനു നിങ്ങൾ രണ്ടുപേരുമിവിടെ വരണം.

എപ്പോൾ?

ഉടനെ.

ഇന്നുതന്നെ വേണോ?

കഴിയുമെങ്കിൽ നാളെ.

ഞങ്ങൾ പുറപ്പെട്ടുകഴിഞ്ഞു. റദ്ദാക്കൽകല്‌പന മറക്കല്ലേ!

വയർലസ്സ്‌ പ്രവർത്തിച്ചുതുടങ്ങി, ചാത്തൻസ്‌.

അവൻസ്‌ ഫോൺവെച്ച്‌ തിരിഞ്ഞപ്പോൾ ചിരിച്ചുനില്‌ക്കുന്ന കുട്ടൻപിള്ള പറഞ്ഞു.

നീ ശിങ്കമാണഡേ, ചാത്തൻസ്‌.

അവൻസ്‌ പറഞ്ഞു.

ശിങ്കത്തേക്കാളേറെ സഖാവ്‌ എന്ന്‌ പച്ചയ്‌ക്കു വിളിക്കാനാണ്‌ ഞാൻ ഇഷ്‌ടപ്പെടുന്നത്‌.

അതുപിന്നെ പണ്ടുമുതലേ നീ അതല്യോ?

എന്നാൽ കോൺസ്‌റ്റബിൾ പോകണം. ഞങ്ങൾ ത്രിവാന്തകപുരാന്തകത്തേക്കു പോകുന്നു.

കുട്ടൻപിള്ള രഹസ്യമായി ചോദിച്ചുഃ

വീരഭദ്രൻ മടങ്ങിവരുമ്പോൾ രണ്ടു പൊട്ടിക്കട്ടോ?

യാതൊന്നും ചെയ്‌തുപോകരുത്‌ - ചാത്തൻസ്‌ താക്കീതു ചെയ്‌തു - അന്തർപാർട്ടിസംബന്ധം ഇപ്പോഴേ അവതാളത്തിലായിരിക്കയാണ്‌.

പരസ്‌പരം പോക്കുവരത്ത്‌ നിർത്തിയോ?

നിർത്തിക്കഴിഞ്ഞമട്ടാണ്‌.

എങ്കിൽ ശരി.

പിറ്റേന്നു രാവിലെ കുട്ടൻപിള്ള ആദ്യമായി കണ്ടതു കിരിയത്തിൽ ശങ്കരൻനായരുടെ ചായപ്പീടികയിലിരിക്കുന്ന വീരഭദ്രൻനായരെയാണ്‌. റോട്ടിൽ നിന്നു കടയിലോട്ടു കയറി നായരെ രണ്ടു കാച്ചണോ എന്നു നിയമപാലകൻ ദീർഘനേരം സംശയിച്ചു. വളരെ പണിപ്പെട്ടാണു ഹിംസയ്‌ക്കുള്ള തരിപ്പു കടിച്ചമർത്തിയത്‌.

ത്രിവാന്തകപുരാന്തകത്തുനിന്നു പകർ-രാ നോൺസ്‌റ്റോപ്‌ യാത്ര കഴിഞ്ഞു ബസ്സിറങ്ങിയ വീരഭദ്രൻനായർ ചുടുചുടായമാനം ഒരു ചായ കുടിക്കാൻ കയറിയതായിരുന്നു. യൂണിഫോമിട്ട കോൺസ്‌റ്റബിൾ കുട്ടൻപിള്ള നിരത്തിലൂടെ നെഞ്ചുന്തിച്ചു തെക്കുവടക്കു നടന്നുപോകുന്നതു കണ്ടപ്പോൾ അദ്ദേഹം ശങ്കരൻനായരോടു ചോദിച്ചു. ഈയാളെ സസ്‌പെൻഡ്‌ ചെയ്‌തില്ലേ?

ഉവ്വ്‌.

പിന്നെന്താ ഈയാൾ ഉടുപ്പിട്ടു നടക്കുന്നത്‌? ഇത്‌ ഉടുപ്പലക്ഷ്യമാണല്ലോ.

കെ. ശങ്കരൻനായർ പറഞ്ഞുഃ പക്ഷേ, മറ്റേ കല്‌പനയും വന്നു.

ഏതു കല്‌പന?

സസ്‌പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ക്ഷമാപണം.

അതെപ്പോൾ?

ഇക്കഴിഞ്ഞ രായ്‌ക്കുരാമാനം.

ഇതാരുടെ കടുംകൈ?

ചാത്തൻസ്‌-സിക്രട്ടറി സംയുക്തമുന്നണിയുടെ.

അയ്യയ്യോ!

ഇനി നിങ്ങളെ സസ്‌പെൻഡു ചെയ്യിക്കാനാണ്‌ അവർ പോയിരിക്കുന്നത്‌.

എവിടേക്ക്‌?

ത്രിവാന്തകപുരാന്തകത്തേക്ക്‌.

കൊണ്ടുവെച്ച ചായ വീരഭദ്രൻനായർ കുടിച്ചില്ല. ഇടവലം നോക്കാതെ കടലാസും പേനയും വരുത്തി. ഒരു മാസത്തെ സമ്പാദ്യലീവിനു തഹസീൽദാർക്കെഴുതി. നേരെ തെക്കോട്ടു തിരിച്ചു.

ത്രിവാന്തപകുരാന്തകത്തേക്ക്‌--

എല്ലാ നിരത്തും ഹൈവേയും വാഹനവും കാലാളും -

ത്രിവാന്തകപുരാന്തകത്തേക്ക്‌----

വി.കെ.എൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.