പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജന്മാന്തരങ്ങൾക്കപ്പുറം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റിൻസി ദേവസ്യ

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ബസ്‌റ്റോപ്പിൽ അയാൾ സ്‌ഥിരം അതിഥിയാണ്‌.

താടിയും മുടിയും നീണ്ട, പ്രാകൃതരൂപം. ഒരു പഴഞ്ചൻ സഞ്ചി, തോളത്ത്‌ തൂക്കിയിട്ടുണ്ട്‌. ജീർണ്ണിച്ച വസ്‌ത്രത്തേയും മെല്ലിച്ച ശരീരത്തേയും അതിലംഘിച്ച്‌ പുറത്തേക്ക്‌ തള്ളി നിൽക്കുന്ന അയാളുടെ കണ്ണുകൾക്ക്‌ വല്ലാത്ത തിളക്കം.

പ്രകൃതിഭംഗി ആസ്വദിച്ച്‌, കാവ്യശകലങ്ങൾ കുറിക്കുന്ന ഒരു യുവ കവിയേപ്പോലെ അയാൾ.......

ആ വഴിയിലൂടെ പോകുന്ന ഓരോരുത്തരേയും പ്രത്യേകിച്ച്‌ പെൺകുട്ടികളെ അയാൾ സൂക്ഷിച്ച്‌ വീക്ഷിക്കുന്നതായി എനിക്ക്‌ തോന്നി.

ഒരു പക്ഷേ, ഏതെങ്കിലും പൂവാലനായിരിക്കും. അല്ലാതെ ഇങ്ങനെയുണ്ടോ ഒരു നോട്ടം? എന്നൊക്കെ ഞാൻ ചിന്തിച്ചു.

എങ്കിലും എന്റെ കണ്ണുകൾ അറിയാതെ അയാളിലേക്ക്‌ പാറിപോകുന്നു.

അയാളുടെ മുന്നിലൂടെ നടന്ന്‌ നീങ്ങുമ്പോൾ വല്ലാത്തൊരു വിമ്മിട്ടം. ഇപ്പോൾ ആ കണ്ണുകളിൽ എന്റെ ചിത്രം പ്രതിഫലിച്ചിട്ടുണ്ടാവണം.

അന്ന്‌, ജോലി കഴിഞ്ഞ്‌ തിരികെ പോകുമ്പോൾ വീണ്ടും കണ്ടു.

എന്തെങ്കിലും ഒന്നു ചോദിച്ചാലോ. പേരെന്താ, വീടെവിടെയാ? എന്നോ മറ്റോ,

പക്ഷേ, ധൈര്യമില്ല.

അങ്ങനെ രണ്ട്‌ ദിവസങ്ങൾ കഴിഞ്ഞു. ഇന്നെങ്കിലും അയാളോടൊന്ന്‌ സംസാരിക്കണം.

എന്തിന്‌?

അറിയില്ല, പക്ഷേ ഒന്നറിയാം. എന്തൊക്കെയോ ഘടകങ്ങൾ എന്നെ അയാളിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നു.

പതിവ്‌പോലെ ഇന്നും ഓഫീസിലേക്ക്‌. അയാളോട്‌ മിണ്ടണം എന്ന്‌ ഉറപ്പിച്ച്‌ ഞാൻ അയാൾക്കരികിലേക്ക്‌ നടന്നടുത്തു. അയാൾ തലയുയർത്തി എന്നെ ഒന്നു നോക്കിയശേഷം, വിദൂരത്തേക്ക്‌ മുഖം തിരിച്ച്‌ നിന്നു.

പേരെന്താ, നാടേതാ? ഞാൻ കരുതിവച്ചിരുന്ന ചോദ്യങ്ങൾ ആവിയായി അന്തരീക്ഷത്തിൽ ലയിച്ചു.

അയാളെന്നെ കണ്ടഭാവം പോലും ഇല്ല. ഞാൻ ഇളിഭ്യയായി തിരികെ നടന്നു.

ഓഫീസിൽ, കൂമ്പാരമായിക്കിടക്കുന്ന ഫയലുകളിൽ കഴമ്പുള്ളത്‌ വല്ലതും ഉണ്ടോ, എന്ന്‌ തിരയുന്നതിനിടയിലാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. എല്ലാ ഫയലുകളും ഒരാളുടെ.

ആരുടെ?

മറുപടിയെന്നോണം അവയിൽ നിറയെ ഫോട്ടോകൾ പാസ്‌പോർട്ട്‌ സൈസും ഫുള്ളും..... പുഞ്ചിരിതൂകി നില്‌ക്കുന്ന ഒരു ചെറുപ്പക്കാരൻ, അതയാളാണ്‌. ബസ്‌റ്റോപ്പിൽ കാണാറുള്ള ആ അപരിചിതൻ.

അയാൾ ഉദയസൂര്യനെ നോക്കി നില്‌ക്കുന്ന ഫോട്ടോ, പഴഞ്ചൻ ബാഗിനെ തഴുകി നിൽക്കുന്ന ഫോട്ടോ, പിന്നെ പുതുതായി വാങ്ങിയ ലാപ്‌ടോപ്പിൽ ഗെയിം കളിക്കുന്ന ഫോട്ടോ.... ഇവയെല്ലാം ഇന്നെടുത്താലെന്ന പോലെ പുതുമയുള്ളതായിരുന്നു.

‘മാഡം നോക്കൂ, ഈ ഫയലെല്ലാം ഒരാളുടേതാണല്ലോ. മാഡത്തിന്‌ ഇയാളെ അറിയുമോ? ഫയൽ നിറയെ അയാളുടെ ഫോട്ടോ ആണല്ലോ’. ഞാൻഫയൽ ഉഷമാഡത്തിന്‌ നേരെ നീട്ടി.

അവരത്‌ പരിശോധിച്ച്‌ നെറ്റിചുളിച്ചുകൊണ്ട്‌ പറഞ്ഞു.

‘കുട്ടി എന്തൊക്കെയാണീ പറയുന്നത്‌. ഈ ഫയലെല്ലാം ഒരാളുടേതാണെന്നോ. ഇത്‌ പല വ്യക്തികളുടെതാണല്ലോ. ഞാനൊരു ഫോട്ടോയും കാണുന്നില്ല.

’മാഡം പക്ഷേ ഞാൻ.........‘

’കുട്ടിക്ക്‌ കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട്‌. മുഖമൊക്കെ വല്ലാതിരിക്കുന്നു. തലവേദനയോ മറ്റോ..........., അവർ എന്റെ നെറ്റിയിൽ കൈത്തലം ചേർത്ത്‌നോക്കി.

‘ചെറിയ ടെംപറേച്ചറുണ്ട്‌. ഇപ്പോഴത്തെ പനിയൊക്കെ ഭയങ്കരാ. കുട്ടി വീട്ടിൽ പോയി റെസ്‌റ്റെടുത്തോളൂ അവർ പറഞ്ഞു.

വീടോ, എനിക്കോ? അശ്വതിയെന്ന ഈ രേവതിക്ക്‌ വീടും കുടുംബവുമൊന്നുമില്ല. അമ്മ, എന്റെ ജനനത്തോടെ മരിച്ച്‌പോയതാണ്‌. അച്ഛൻ വേറൊരുത്തിയെ കെട്ടി സുഖമായി ജീവിക്കുന്നു. അവളുടെ കുത്തുവാക്കുകളും മർദ്ദനവുമേറ്റ്‌ മടുത്ത എന്റെ ജേഷ്‌ഠൻ, രമേശൻ വീടുവിട്ട്‌ പോയി. സ്വന്തമായി ഒരു ജോലി ആയതിനു ശേഷം ഞാനാവീട്ടിൽ പോയിട്ടില്ല. വർക്കിങ്ങ്‌ വുമെൻസിനായുള്ള ഹോസ്‌റ്റലിൽ ജീവിതം കഴിച്ചുകൂട്ടുന്നു. അച്ഛനോടുള്ള വെറുപ്പ്‌ കൊണ്ട്‌ അച്ഛൻ എനിക്കിട്ട അശ്വതി എന്ന പേര്‌വരെ മാറ്റി ഞാൻ രേവതിയായത്‌.

ഭൂതകാലം നിഷേധാത്മകവികാരമായി അവളുടെ മനസിൽ നിറഞ്ഞു.

ഹോസ്‌റ്റലിലേക്ക്‌ ഇപ്പോൾ പോകണോ? വേണ്ട, ആ ഫയലുകൾ ഒന്നുകൂടി നോക്കണം. മാഡം പറയുന്നത്‌പോലെ എന്റെ തോന്നലായിരുന്നോ എന്നറിയണ്ടേ.

എന്റെ മൗനം അവരെ ചിന്തിപ്പിച്ചു.

’എന്താണ്‌ കുട്ടീ. റെസ്‌റ്റ്‌ വേണ്ട എന്നാണോ?‘ അവർ ചോദിച്ചു.

’മാഡം ഇപ്പോൾ‘ ഞാൻ വീട്ടിൽ പോയാൽ അവിടെ ആരുമുണ്ടാവില്ല. എല്ലാവരും ബന്ധുവീട്ടിൽ പോയിരിക്കുകയാണ്‌.’ ഞാനൊരു കള്ളം പറഞ്ഞു.

‘എങ്കിൽ, ആ മേശപുറത്ത്‌ തലചായ്‌ച്ച്‌ ഉറങ്ങിക്കോ, ആ ഫയലൊന്നും ഇനി നോക്കണ്ട കേട്ടോ.’

അവരുടെ നിർദ്ദേശമനുസരിച്ച്‌ ഞാൻ കിടന്നു. പക്ഷേ, കിടന്നിട്ടും ഒരു സ്വസ്‌ഥതയില്ല. ഞാൻ തലപൊന്തിച്ച്‌ ഉഷാമാഡത്തെ നോക്കി.

അവർ ഇരുന്ന ഇരുപ്പിൽ ഉറങ്ങുകയാണ്‌. ശബ്‌ദമുണ്ടാക്കാതെ ഞാൻ ഫയലുകൾക്കിടയിൽ പരതി.

ഇല്ല......... ഒരിടത്തും അയാളുടെ ഫോട്ടാകണ്ടില്ല. പേരുകൾ നോക്കി എല്ലാം പലരുടെ.

അപ്പോൾ ഞാൻ ആദ്യം കണ്ടതോ? മാഡം പറയുന്നത്‌ പോലെ എനിക്ക്‌ വല്ല അബ്‌നോർമ്മാലിറ്റീസും ഉണ്ടോ?

ഈ ജീവിതത്തിനിടയിൽ ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ല. ഒരു പുരുഷനെപറ്റി ഒരിക്കലും ഇതുപോലെ ചിന്തിച്ചിട്ടില്ല.

എത്രയോ പേരെ ദിനംപ്രതി കാണുന്നു. പരിചയപ്പെടുന്നു സൗഹൃദം പങ്കുവയ്‌ക്കുന്നു. പക്ഷേ, അവരേപറ്റി പിന്നീട്‌ ചിന്തിക്കാൻ താല്‌പര്യപെട്ടിട്ടില്ല.

അങ്ങനെയുള്ള ഞാനാണ്‌ വഴിയേ കണ്ട ഒരുത്തനേക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ ഇരിക്കുന്നത്‌.

എനിക്ക്‌ ചിരിയും കരച്ചിലും ഒരുമിച്ച്‌ വന്നു.

വൈകുന്നേരം, ബസ്‌റ്റോപ്പിൽ വച്ച്‌ അയാളെ വീണ്ടും കണ്ടു. ഇപ്പോഴേതായാലും അയാളോട്‌ മിണ്ടണം. രാവിലത്തെ അബദ്ധം ആവർത്തിക്കരുത്‌. ഉറച്ച കാല്‌വയ്‌പുകളോടെ അയാളുടെ അടുത്തേക്ക്‌ നടന്ന്‌ ചെന്നു.

അയാൾ എന്നെ ചൂഴ്‌ന്ന്‌ നോക്കി. ഞാൻ അയാളെ നോക്കി ഒന്ന്‌ പുഞ്ചിരിച്ചു. ആ ചുണ്ടുകളിൽ മന്ദഹാസം.

‘കുട്ടി ഏതാ?’ പതറിയ സ്വരത്തിൽ അയാൾ ചോദിച്ചു.

‘ഞാൻ.... ഞാൻ അശ്വതി..., സോറി, രേവതി’

‘രേവതി.... രേവതി, എന്ന്‌ അയാൾ പിറുപിറുത്തുകൊണ്ടിരുന്നു.

’അതിരിക്കട്ടെ ഇയാളുടെ പേരെന്താ?‘ ഞാൻ ആകാംക്ഷപൂർവ്വം ചോദിച്ചു.

അയാൾ ഒരു വരണ്ട ചിരിചിരിച്ച ശേഷം പറഞ്ഞു.

’അറിയില്ല‘.

’അറിയില്ലെന്നോ, സ്വന്തം പേരോ?‘

’ഉം‘ അയാൾ ഒഴുക്കൻമട്ടിൽ മൂളി.

നാടോ.’

‘അതും അറിയില്ല’.

ആ സംസാരം തുടരാൻ ഞാനിഷ്‌ടപ്പെട്ടില്ല. കാരണം, എല്ലാറ്റിനും ഒരുത്തരം തന്നെ ‘അറിയില്ല’.

നിരാശയോടെ ഞാൻ തിരിച്ച്‌ നടന്നു.

പിറ്റേന്ന്‌ ബസ്‌റ്റോപ്പിൽ അയാളെ കണ്ടില്ല.

‘ഇവിടെ സ്‌ഥിരം കാണാറുള്ള ഒരാളുണ്ടല്ലോ. അയാളെവിടെ?’

ബസ്‌റ്റോപ്പിലെ കടക്കാരനോട്‌ ഞാൻ ചോദിച്ചു.

ഓ അയാൾ ഇന്ന്‌ രാവിലെ ഭാണ്ഡക്കെട്ടുംകൊണ്ട്‌ പോകുന്നത്‌ കണ്ടു.

എങ്ങോട്ടാണെന്ന്‌ ചോദിച്ചപ്പോൾ ‘മുന്നോട്ട്‌’ എന്ന്‌ മാത്രം പറഞ്ഞു.

‘അയാളെന്തിനാ ഇവിടെ വന്നതെന്നറിയാമോ?’

‘കുട്ടി അയാളുടെ ആരാ?’കടക്കാരന്‌ സംശയം.

ഞാനാരുമല്ല. എന്നും കാണാറുള്ള ഒരാളെ കാണാഞ്ഞപ്പോൾ ചോദിച്ചു എന്ന്‌ മാത്രം.‘ ഞാൻ സ്വയം ന്യായീകരിച്ചു.

’അയാൾ വന്നത്‌ അയാളുടെ അനുജത്തിയെ തിരഞ്ഞാണ്‌. ഇന്നലെകൂടി അന്വേഷിച്ചിട്ട്‌ അവളെ കണ്ടില്ലെങ്കിൽ അടുത്ത സ്‌ഥലം തേടി പോകുമെന്ന്‌ അയാൾ പറഞ്ഞിരുന്നു.‘

’ആരാണയാൾ അയാളുടെ പേരെന്താ?‘

’രമേശൻന്നാണ്‌ പേര്‌‘.

’രമേശനോ?‘ ആയിരം ചോദ്യങ്ങൾ എന്റെ ഉള്ളിലൂടെ കടന്ന്‌ പോയി.

’അയാളുടെ അനുജത്തീടെ പേരെന്താണെന്നറിയാമോ?‘

’അനുജത്തിടെ പേര്‌ അശ്വതീന്നാണെന്നാ പറഞ്ഞത്‌. പക്ഷേ, ഇന്നലെ അയാൾ അവളുടെ മുഖച്ഛായയുള്ള ഒരു കുട്ടിയെ കണ്ടിരുന്നു, അവളുടെ പേര്‌ രേവതിന്നാണത്രേ. ശരിക്കും അനുജത്തിയേപ്പോലെ തന്നെയാണ്‌ ആ കുട്ടി എന്ന്‌ അയാൾ പറഞ്ഞു; പാവം..... അയാളുടെ അനുജത്തിയെ തിരിച്ചുകൊടുത്താൽ മതിയായിരുന്നു.‘

ഇത്രയും പറഞ്ഞിട്ട്‌ അയാൾ എന്റെ നേരെ നോക്കി, ഒരു കഥ പറഞ്ഞഭാവത്തോടെ.

ഞാൻ വിയർത്ത്‌ കുളിച്ചു. കണ്ണുകൾ ഈറനായി.

’അപ്പോൾ അയാൾ...........‘

റിൻസി ദേവസ്യ

പള്ളിപാടൻ ഹൗസ്‌,

പൂയംകുട്ടി. പി.ഒ,

മണികണ്ടംച്ചാൽ,

പിൻ - 686 691.


Phone: 9544207095




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.