പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അടുപ്പില്ലാത്ത വീട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഫീഖ്‌ പന്നിയങ്കര

രാത്രിയിലെപ്പൊഴോ അവൾ പറഞ്ഞ കാര്യം കാത്‌ തുളഞ്ഞപ്പോൾ തമാശയായിരിക്കുമെന്ന്‌ വിചാരിച്ചെങ്കിലും ആ ഭാവത്തിൽ നിന്നും കാര്യത്തിന്റെ പന്തികേട്‌ മനസ്സിലായപ്പോൾ നമ്പീശൻ അൽപ്പം ക്രുദ്ധനായി.

കയറിക്കിടക്കുന്ന സ്വന്തം കൂരയും പതിനാറ്‌ സെന്റ്‌ പുരയിടവും വിറ്റ്‌ ആ കാശുമായി നഗരസമീപമെവിടെയെങ്കിലും ഒരു വീട്‌ വാങ്ങി താമസമാരംഭിക്കാമെന്ന ബുദ്ധി അവളിലുദിക്കാൻ കാരണമെന്തന്നന്വേഷിക്കുകയാണിപ്പോൾ നമ്പീശൻ.

നമ്പീശന്റെ ചിന്ത കാടു കയറുന്ന നേരത്ത്‌ ആക്രിക്കച്ചവടക്കാരൻ മുത്തു മുറ്റത്ത്‌ വന്ന്‌ അകത്തേക്ക്‌ ഏമ്പക്കമിട്ടു.

‘......ചേച്ച്യേ.... പഴയ സാധനങ്ങൾ വല്ലതും തൂക്കിക്കൊടുക്കാനുണ്ടാ.....’ അടുക്കളയിൽ നിന്നും ഇറങ്ങിവന്ന അവൾ നമ്പീശന്റെ മുഖത്തേക്ക്‌ തറപ്പിച്ച്‌ നോക്കി. ‘....ഇപ്പോഴൊന്നും ഇരിപ്പില്ല മുത്തൂ.... പക്ഷേങ്കി അടുത്ത്‌ തന്നെ നല്ലൊരു കോളുണ്ടാവും. ഒന്നുരണ്ടാഴ്‌ച കഴിഞ്ഞ്‌ വന്ന്‌ നോക്ക്യാല്‌ മുത്തുന്‌ തന്ന്യാ മെച്ചം....’ ഒന്നും മനസ്സിലാവാതെ പാവം മുത്തു നമ്പീശന്റെ കണ്ണിലേക്ക്‌ നോക്കി. നമ്പീശൻ ചുമരിൽ പറ്റി നിൽക്കുന്ന പല്ലിയുടെ കണ്ണിലേക്ക്‌ മിഴിയുറപ്പിച്ച്‌ അനങ്ങാതിരുന്നു. അവൾ നമ്പീശന്റെ മുഖത്തേക്ക്‌ നോക്കി അമർത്തിയൊന്ന്‌ മൂളിയ ശേഷം അകത്തേക്ക്‌ കയറിപ്പോയി. ‘ചേച്ച്യേ ഇത്തിരി കഞ്ഞിവെള്ളം കിട്ടിയെങ്കീ...’ മുത്തു വീണ്ടും വാ തുറന്നപ്പോൾ നമ്പീശൻ അസ്വസ്‌ഥനായി കയ്യിൽ ചെറിയൊരു പാത്രം നിറയെ കഞ്ഞിവെള്ളവുമായി അവൾ വീണ്ടും ഉമ്മറത്തെത്തി. ‘ഇപ്പോ.... കഞ്ഞിവെള്ളമൊക്കെ കുടിച്ചേച്ച്‌ പോ.... ഇനി വരുമ്പോ സോഫ്‌റ്റ്‌ ഡ്രിങ്കായിരിക്കും മുത്തുന്‌ കിട്ടാൻ പോണെ...’ മുത്തുവിനൊന്നും മനസ്സിലായില്ലെന്ന്‌ തോന്നുന്നു. അവൻ കഞ്ഞിവെള്ളമിറക്കാതെ കവിള്‌ വീർപ്പിച്ച്‌ തലയാട്ടി.

കുട്ടികൾ രണ്ടു പേരും പഠനമുറിയിൽ ഹോംവർക്കുകളിൽ തല പുകയ്‌ക്കുന്നു. പുറത്ത്‌ ഇരുട്ടിനോടൊപ്പം തണുപ്പും കനത്തു. നമ്പീശൻ മുറിയിലെ തണുപ്പിലേക്ക്‌ ബീഡിപ്പുക ഊതിവിട്ടുകൊണ്ടേയിരുന്നു. നമ്പീശന്റെ ഇരുപ്പും ഭാവവും കണ്ട്‌ അവളുടെ തല പെരുക്കാൻ തുടങ്ങി.

...ശ്ശൊ മനുഷ്യാ ... വെറുതെ ഇങ്ങനെ ഇരുന്ന്‌ സമയം കളയാതെ പിള്ളേർക്ക്‌ വല്ലതും പറഞ്ഞു കൊടുക്കാൻ നോക്ക്‌.... അടുത്താഴ്‌ച്ച അവർക്ക്‌ പരീക്ഷയാണെന്നുള്ള വല്ല വിചാരോം നിങ്ങക്കുണ്ടോ.....‘ പഠിപ്പിന്റെ കാര്യത്തിൽ ഒട്ടും മോശമല്ലാത്ത എന്റെ കുഞ്ഞുങ്ങൾക്ക്‌ ഞാനെന്തിനാ ഭാര്യേ എന്റെ വിവരക്കേട്‌ വെച്ചു വെളമ്പിക്കൊട്‌ക്കണേ.... എന്ന്‌ ചോദിക്കാൻ നാവ്‌ വളച്ചെങ്കിലും വായിൽ ശേഷിച്ച ബീഡിപ്പുകയ്‌​‍്‌ക്കിടയിലെവിടെയോ വാക്കുകൾ തട്ടിത്തടഞ്ഞ്‌ ഉരുണ്ടു. കുട്ടികൾ പഠിപ്പു നിർത്തി. അവളവർക്ക്‌ ഭക്ഷണം കൊടുക്കുന്നതും അവരെ ഉറക്കുന്നതുമെല്ലാം വിചാരിക്കാതെ കണ്ണിൽ തടഞ്ഞ തെരുവ്‌ നാടകം കാണുന്ന പോലെ നമ്പീശൻ നോക്കി നിന്നു.. ’...ദേ.... അവിടെ തന്നെയിരുന്ന്‌ വേരിറങ്ങേണ്ട.... വന്ന്‌ അത്താഴം കഴിക്ക്‌....‘ പാത്രങ്ങളുടെ ശബ്‌ദം ഒപ്പം അവൾ മൂക്ക്‌ പിഴിയുന്നതും വാതിൽപ്പടിയിലിരിക്കുന്ന പൂച്ചയെ ചീത്ത വിളിക്കുന്ന ശബ്‌ദവുമെല്ലാം വീട്ടിനുള്ളിൽ പ്രകമ്പനം കൊണ്ടു. അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി അവൾ കുളിമുറിയിലേക്ക്‌ കയറി.

രാത്രി പിന്നേയും വളർന്നു. മുറിയിലെ മൂലയിൽ ഇരുട്ടിൽ പൊതിഞ്ഞ ടിവി ഓൺ ചെയ്‌തു. അവൾ വരുന്നതു വരെ ടി.വി പ്രോഗ്രാം കണ്ടിരിക്കാം. രാത്രിസമയത്തെ വാർത്തയാണിപ്പോൾ.... നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലൂടെ...., നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രശ്‌നങ്ങളിലൂടെ വന്ന്‌ സ്വർണ്ണവില കുതിച്ചു കയറുന്നതും അമേരിക്കയുടെ വല്ല്യേട്ടൻ നയവുമെല്ലാം കടന്ന്‌ ഉത്തരേന്ത്യൻ പട്ടണത്തിലെവിടെയോ നടക്കുന്ന സൗന്ദര്യ മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിലാണ്‌ വാർത്ത വന്നു നിന്നത്‌.

’.... എവിടേലും പെമ്പിള്ളേര്‌ കോലം കെട്ടുന്നതും നോക്കി വെള്ളമെറക്കിയിരുന്നോ...‘ മക്കള്‌ തലക്കുമേലെ വളർന്നു നിപ്പൊണ്ടെന്ന കാര്യം മറക്കണ്ട... നാണമില്ലാത്ത മനുഷ്യൻ....’ കുളിമുറിയിൽ നിന്നുമിറങ്ങി വന്ന ഭാര്യ നനഞ്ഞ തോർത്തുമുണ്ട്‌ ശബ്‌ദത്തോടെ കുടഞ്ഞ്‌ അയാളുടെ നേരെയെറിഞ്ഞു. കേളേജിൽ പഠിക്കുന്ന കാലത്തെ വിദഗ്‌ദ്ധനായ ഗോൾകീപ്പർ അയാളിൽ പിടഞ്ഞു. തോർത്തുമുണ്ട്‌ കൈപ്പിടിയിലൊതുക്കി അയാൾ പുഞ്ചിരിച്ചു. എന്നിട്ടും ദേഷ്യം തീരാതെയവൾ ടി.വി.യുടെ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ മുറിയിലേക്ക്‌ കയറി വാതിൽ വലിച്ചടച്ചു. കുട്ടികൾ ഞെട്ടിയുണർന്നിട്ടുണ്ടാവണം.... അയാളോർത്തു. നമ്പീശൻ എഴുന്നേറ്റ്‌ മുറിയുടെ കതക്‌ മെല്ലെതള്ളി. അകത്ത്‌ നിന്നും അടച്ചിരുന്നില്ല. വാതിൽ മലർക്കെ തുറന്നു. കുട്ടികൾ സുഖമായുറക്കം തന്നെ. അവൾ ഈറൻ മാറുകയാണ്‌.

പിറ്റേന്ന്‌ പുലർന്നു.

കുട്ടികൾ സ്‌കൂളിലേക്കും നമ്പീശൻ ജോലിസ്‌ഥലത്തേക്കുമൊക്കെയായി ചിതറി. നമ്പീശന്റെ ഭാര്യ വീട്ടുജോലികളിൽ മുഴുകിയിരിക്കുമ്പോൾ ഉമ്മറത്ത്‌ ആരോ ഒരാൾ. കോളിംഗ്‌ബെല്ലിന്റെ ഒച്ച അകമാകെ നിറഞ്ഞു. ‘....ആര്‌.... എന്തുവേണം....’ മുറ്റത്തു കണ്ട അപരിചിതന്റെ മുന്നിൽ അവളൊന്നു പതറി. അയാൾ ചമ്മലില്ലാതെ പരത്തിചിരിച്ചു. ‘..ഞാൻ പട്ടണത്തീന്ന്‌ വരുന്നു... നിങ്ങളെപ്പോലെയുള്ള വീട്ടമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ ഒരു സംരംഭമാണ്‌ ലോൺ ഫോർ കേരള. ഞാനാ സ്‌ഥാപനത്തിന്റെ ഈ മേഖലയിലെ പ്രതിനിധി. നമ്പീശന്റെ ഭാര്യ അന്തം വിട്ടു നിന്നു. പ്രതിനിധി പിന്നേയും ചിരിച്ചു. ’അലക്കുക...., വെക്കുക.... തൂത്തു വാരുക.... ഈയൊരു കാര്യമേയൊളേളാ സ്‌ത്രീകളായാൽ... അവൾക്ക്‌ വീട്ടുജോലികൾ കുറഞ്ഞാൽ വേറെയെന്തെല്ലാം പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പക്ഷേ, നമ്മുടെ സമൂഹം അങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും മുൻതൂക്കം കൽപ്പിക്കുന്നില്ല. ലക്ഷ്യബോധമില്ലാത്ത ലോകത്തിന്‌ മാർഗ്ഗ നിർദ്ദേശവുമായി വന്നവരാണ്‌ ഞങ്ങൾ... ലോൺ ഫോർ കേരള... അടുക്കള ജോലിയും മറ്റുമായി ഇനി നിങ്ങൾ പ്രയാസപ്പെടേണ്ടതില്ല. എന്തിന്‌, പുതുപുത്തൻ വീടുകൾക്കൊന്നുമിപ്പോൾ അടുപ്പോ അടുക്കളയോ ഇല്ലെന്ന്‌ പറഞ്ഞാൽ നിങ്ങൾ എത്രമാത്രം വിശ്വസിക്കും.... പക്ഷേ വിശ്വസിക്കണം.... കണ്ണഞ്ചിപ്പിക്കുന്ന ചാനൽ പ്രോഗ്രാമുകളോ കണ്ണിനെ ഈറനണിയിക്കുന്ന പരമ്പരകളോ നിങ്ങൾക്കു കാണാൻ കഴിയുന്നില്ല. നിങ്ങളെപ്പോഴും അടുക്കളയിലെ പുകമറയ്‌ക്കുള്ളിലാണ്‌... നിങ്ങളുടെ ജീവിതസൗകര്യങ്ങൾക്കു വേണ്ടിയാണ്‌ ഞങ്ങളുടെ പ്രവർത്തനങ്ങൾ മുഴുവൻ. പ്രതിനിധി പറഞ്ഞു നിർത്തി. അവൾ വാ പൊളിച്ചുകൊണ്ട്‌ അയാളുടെ കണ്ണിലേക്ക്‌ നോക്കി നിന്നു.

വൈകീട്ട്‌ കുട്ടികൾ സ്‌ക്കൂൾ വിട്ടു വന്നപ്പോൾ ഉമ്മറത്തോ വീട്ടിന്റെ പിൻഭാഗത്തോ അമ്മയെ കണ്ടില്ല. ചൂടുകാപ്പിയും പലഹാരവുമായി അടുക്കളയിലും അമ്മയെ കാണാതായപ്പോൾ കുട്ടികളുടെ കരച്ചിൽ തൊണ്ടയിൽ കുരുങ്ങി. മൂത്തകുട്ടി കരച്ചിലോടെ കിടപ്പുമുറിയിലേക്ക്‌ കടന്നപ്പോഴാണ്‌ അമ്മ കട്ടിലിൽ താടിക്കു കൈയ്യും കുത്തി വല്ലാത്തഭാവത്തിൽ ഇരിക്കുന്നു. കരച്ചിൽ അടക്കിപ്പിടിച്ചുകൊണ്ട്‌ കുട്ടി ചിണുങ്ങി... അവൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടി. ഞാനെവിടെയാണെന്നും എന്തൊക്കെയാണ്‌ സംഭവിച്ചതെന്നുമൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ.

കുട്ടികൾക്ക്‌ ചായയും പലഹാരവും കൊടുക്കുന്ന കാര്യം അപ്പോഴാണ്‌ അവൾക്കോർമ വന്നത്‌. മക്കളെ കുളിമുറിയിലേക്കയച്ച്‌ പെട്ടെന്ന്‌ എന്തെങ്കിലും പലഹാരങ്ങളുണ്ടാക്കാൻ ധൃതി വെയ്‌ക്കുമ്പോൾ നമ്പീശനും കയറി വന്നു.

കുഞ്ഞുങ്ങളോടൊപ്പമിരുന്ന്‌ കാപ്പി കഴിക്കുമ്പോഴും ടെലിവിഷന്റെ വാർത്ത കേട്ടിരിക്കുമ്പ്ഴും ഭാര്യയുടെ മിണ്ടാട്ടമില്ലായ്‌മ നമ്പീശനെ വല്ലാതെ അലട്ടി.

സദാ നേരവും വെറുതെ ഒച്ചപ്പാടുണ്ടാക്കുന്ന അവളുടെ ഭാവമാറ്റം അയാളിൽ അസ്വസ്‌ഥത മുളപൊട്ടി.. ഭാര്യയും ഭർത്താവും മൂന്ന്‌ കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം സാമ്പത്തിക പരാധീനത മൂലം ആത്‌മഹത്യ ചെയ്‌ത കാര്യം വാർത്താവായനക്കാരി പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിച്ചിട്ടും ഭാര്യയുടെ മുഖത്ത്‌ നിർവ്വികാരത. ചില ദുരന്തവാർത്തകൾ അവളെ പലപ്പോഴും പിടിച്ചുലയ്‌ക്കാറുണ്ട്‌.

കടലുണ്ടിയിലെ തീവണ്ടിയപകടം.... സുനാമിയിൽ തീരം നഷ്‌ടപ്പെട്ട മനുഷ്യക്കൂട്ടങ്ങൾ..... മറ്റു ചില റോഡപകടങ്ങൾ.... അത്തരം വാർത്തകൾ ടിവിയിലൂടെ കാണുകയോ കേൾക്കുകയോ ചെയ്യുന്ന നേരത്ത്‌ സംഭവ സ്‌ഥലത്തെത്തിയ പോലെ അവൾ കണ്ണീരും കയ്യുമായി.... പക്ഷേ... ഇന്നിവൾക്കെന്തുപറ്റി....?

ഇപ്പോൾ ആത്‌മഹത്യ ചെയ്‌ത കുടുംബത്തിന്റെ ചില സുഹൃത്തുക്കളും പരിസര വാസികളും ക്യാമറയ്‌ക്കു മുമ്പിലുണ്ട്‌. സ്‌ക്രീനിൽ നിന്ന്‌ സുന്ദരി മാഞ്ഞു. കട്ടിമീശയുള്ള യുവാവാണിപ്പോൾ ക്യാമറയ്‌ക്കു മുമ്പിലുള്ളവരിലേക്ക്‌ ചോദ്യങ്ങൾ എറിയുന്നത്‌. യുവാവിന്റെ ആവേശം നമ്പീശനിൽ ചിരി വിടർത്തി. യുവാവിപ്പോൾ ചാനലിന്റെ കൊച്ചി സ്‌റ്റുഡിയോയിൽ ഒരു മനഃശാസ്‌ത്ര വിദഗ്‌ദ്ധനേയും ഒരിക്കൽ ആത്‌മഹത്യാ ശ്രമം പരാജയപ്പെട്ട കേളേജ്‌ വിദ്യാർത്ഥിയെ കോഴിക്കോട്‌ സ്‌റ്റുഡിയോയിലും കൺമുമ്പിൽ ഒട്ടേറെ ആത്‌മഹത്യകൾ തൂങ്ങിയാടി കരളുറപ്പ്‌ കൈവന്ന കർഷക യുവാവിനെ വയനാട്ടിൽ നിന്ന്‌ ടെലിഫോൺ വഴിയും ചർച്ചയ്‌ക്കായി ഒരുക്കി നിർത്തിയിരിക്കുകയാണ്‌. വാക്‌ കസർത്തുകൾക്കും പഠനങ്ങൾക്കും ശേഷം കൊലുന്നനെയുള്ള പയ്യൻ ആത്‌മഹത്യയ്‌ക്ക്‌ എന്തെങ്കിലും കാരണം കണ്ടെത്തി ഞെളിയുന്നതിന്‌ മുമ്പ്‌ നമ്പീശൻ ചാനൽ മാറ്റി. അടുത്തതിൽ തെളിഞ്ഞത്‌ പുതിയ ഹിറ്റ്‌ സിനിമയുടെ ഇത്തിരിപ്പോന്ന ഭാഗങ്ങൾ.... മുഖ്യമന്ത്രിയുടെ നെറ്റിയിൽ റിവോൾവർ അമർത്തി നായകന്റെ ഭരണിപ്പാട്ട്‌.... ശേഷം നായികയുടെ മുക്കിൻമുകളിൽ നിന്ന്‌ തുടങ്ങുന്ന നായകന്റെ ചുംബന സഞ്ചാരം... അത്‌ താഴോട്ട്‌ താഴോട്ട്‌ ഊർന്നിറങ്ങുന്നു. കുട്ടികളുടെ ശ്രദ്ധ അവരിലേക്ക്‌ തെന്നുന്നുവെന്നറിഞ്ഞ നമ്പീശൻ ടി.വി. ഓഫ്‌ ചെയ്‌ത്‌ അവരേയും കൂട്ടി പഠനമുറിയിലേക്ക്‌ നടന്നു.

കുട്ടികൾക്ക്‌ പഠനപുസ്‌തകത്തിലെ സംശയങ്ങൾ തീർത്തുകൊടുക്കുമ്പോഴാണ്‌ നമ്പീശനോട്‌ ചേർന്ന്‌ അവൾ വന്നിരുന്നത്‌. ഉച്ചയ്‌ക്ക്‌ മുമ്പ്‌ ലോൺ ഫോർ കേരളയുടെ പ്രതിനിധി വീട്ടിൽ വന്ന്‌ പറഞ്ഞ കാര്യങ്ങൾ വള്ളിപുള്ളിവിടാതെ അവൾ നമ്പീശനോടോതി. ‘...ഞാൻ പറഞ്ഞില്ലേ... നമ്മുടെ വീടും പറമ്പും വിറ്റ്‌ നഗരത്തിലേവിടെയെങ്കിലുമൊരു വീട്‌ വാങ്ങുന്ന കാര്യം.. വീട്ടുസാധനങ്ങളും മറ്റുമെല്ലാം നമുക്ക്‌ ലോൺ ഫോർ കേരളയിൽ നിന്നും വാങ്ങിക്കൂടേ.... എന്തെല്ലാം കാര്യങ്ങളാണ്‌ അയാൾ ഇന്നിവിടെ വന്നു പറഞ്ഞിട്ട്‌ പോയത്‌.... അടുക്കളയിൽ അധികം പാടുപെടേണ്ട... പെട്ടെന്ന്‌ ആരെങ്കിലും വിരുന്നുകാര്‌ വന്നു കയറിയാല്‌ ലോൺ ഫോർ കേരളയിലേക്കൊന്ന്‌ ഡയൽ ചെയ്യേണ്ട കാര്യമേയുള്ളൂ.... വിരുന്നുകാരെ സൽക്കരിക്കാനുള്ള വിഭവങ്ങൾ വരെ അവര്‌....’

പ്രതീക്ഷിക്കാത്ത നേരത്ത്‌ വിരുന്നുകാര്‌ വരാതിരിക്കാനുള്ള എന്തെങ്കിലും വിരുത്‌ അയാൾ പറഞ്ഞു തന്നില്ലേടീ എന്ന്‌ നമ്പീശൻ ചോദിച്ചില്ല. അവൾ വീണ്ടും കാര്യങ്ങൾ വർണ്ണിക്കുകയാണ്‌. നമ്പീശൻ പതിഞ്ഞ സ്വരത്തിൽ ഭാര്യയോട്‌ ചോദിച്ചു ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം കാശെവിടെടോ ഭാര്യേ... അവൾ നമ്പീശന്റെ മൂക്ക്‌ വിരലുകൾ കൊണ്ട്‌ പിടിച്ചു ഞെരിച്ചു. ദേ.. മനുഷ്യാ... രാമായണം മുഴുവൻ വായിച്ചിട്ട്‌... എടീ ... ഭാര്യേ.. കടമായാലും എല്ലാം കൊടുത്ത്‌ തീർക്കേണ്ടായോ... അതൊക്കെ ഈശ്വരൻ അന്നേരം എന്തെങ്കിലും മാർഗ്ഗം കാണിച്ച്‌ തരും. അവളുടെ മുഖത്തിപ്പോൾ സന്തോഷത്തിന്റെ മിന്നൽ. നിങ്ങള്‌ വന്നേ... രാത്രി ഏതെങ്കിലും നല്ല സിനിമയോ മറ്റോ കാണും... ടി.വി.യൊന്ന്‌ തുറന്നു നോക്കാം കുട്ടികള്‌ പഠിക്കട്ടെ....

അച്ഛ​‍േൻയും അമ്മയുടെയും മുഖത്തെ വികാരങ്ങളുടെ അർത്ഥം മനസ്സിലാവാതെ കുട്ടികൾ പഠനം നിർത്തി. പുസ്‌തകം മടക്കിവെച്ച്‌ അവർ ഇരുവരുടേയും മുന്നിൽ വന്നു നിന്നു. കുഞ്ഞുങ്ങളുടെ കണ്ണിലെ നനവിന്റെ തിളക്കം നമ്പീശനിൽ അമ്പരപ്പുണ്ടാക്കി. അയാൾ അവർക്കു മുമ്പിൽ മുട്ടുകുത്തി ഇരുന്നു.

‘.....അച്ഛാ....അച്ഛാ.... നേരത്തെ ടീവിയില്‌ കണ്ട മരിച്ചു കിടക്കുന്ന അങ്കിളും കുട്ടികളും... അവരെ ഇനീം ടീവീല്‌ കാണിക്കും... അല്ലെങ്കീ... അതുപോലെ വേറെയേതെങ്കിലും.... അങ്കിളുമാരേം ആന്റിമാരേം..... അതോണ്ട്‌ ഇനി .... ടീവി തൊറക്കണ്ടച്ഛാ... പേടിയാവ്‌ണ്‌......’

നമ്പീശൻ ഞെട്ടി.

ഭാര്യ കരുവാളിപ്പ്‌ പടർന്നു മുഖത്തേക്ക്‌ കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു.

അവളുടെ അന്നേരത്തെ ഭാവം കാണാതിരിക്കാൻ മേശപ്പുറത്തിരുന്ന പാഠപുസ്‌തകത്തിലൊന്നെടുത്ത്‌ നമ്പീശൻ പേജുകൾ മറിച്ചു നോക്കാൻ തുടങ്ങി.

റഫീഖ്‌ പന്നിയങ്കര

ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌.

ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം)

സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു.


Phone: 00966 553 363 454
E-Mail: panniyankara@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.