പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അനുഭവ സമ്പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

ഞാൻ ജീവിതം തുടങ്ങുന്നത്‌ അമ്പതുകളുടെ ആദ്യം. അന്ന്‌ വയസ്സ്‌ എനിക്ക്‌ പതിനെട്ട്‌. അപ്പനമ്മമാർ പ്രവാസികളായതു കാരണം പഠിപ്പ്‌ കന്യാസ്‌ത്രീ മഠത്തിൽ നിന്നായിരുന്നു. അവധിക്കാലങ്ങളെല്ലാം വല്ല്യപ്പച്ചനോടും വല്ല്യമ്മച്ചിയൊടുമൊപ്പം. ബോർഡിങ്ങിലേക്കാളും ചിട്ടയായിരുന്നു വല്ല്യമ്മച്ചിക്ക്‌. പെൺകുട്ടികൾ ഉമ്മറപ്പടി കടക്കാൻ പാടില്ല. ഉറച്ചു സംസാരിക്കാൻ പാടില്ല. അതു പാടില്ല.... ഇതു പാടില്ല.... എവിടേയും വിലക്കുകൾ അങ്ങിനെ കുട്ടിക്കാലത്ത്‌ പുറംലോകം ഞാൻ കണ്ടിട്ടില്ല.

എസ്‌.എസ്‌.എൽ.സി. പാസ്സായി. പിന്നെ ഒരാറുമാസം ടൈപ്പുറൈറ്റിങ്ങും പഠിച്ചു കഴിഞ്ഞപ്പോൾതന്നെ എനിക്കു ജോലി കിട്ടി. ആദ്യത്തെ നിയമനം മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിൽ. തിരുവനന്തപുരത്ത്‌ താമസം വൈ.ഡബ്യു.സി.എ. യിൽ ഒരവധിക്ക്‌ ഞാൻ വീട്ടിൽ വന്നു നിൽക്കുമ്പോൾ ഒരാളെന്നെ കാണാൻ വന്നു. നീണ്ടു മെലിഞ്ഞ്‌.. കട്ടിയുള്ള മീശയും, ഇടതൂർന്ന്‌ നിൽക്കുന്ന ചുരുളൻ മുടിയും.... കസവുകരയുള്ള ഡബിളും സിൽക്കും ജുബ്ബയും ഒക്കെയായി പുരുഷത്വത്തിന്റെ പ്രതീകമെന്നോണം ഒരാൾ. ആ രൂപം എന്റെ മനസ്സിൽ പതിഞ്ഞു.

അമ്മാച്ചന്മാർ രണ്ടുപേരും ഒരേസ്വരത്തിൽ പറഞ്ഞുഃ അയാൾ വലിയ ആദർശവാദിയാ... അന്യ ദുഃഖത്തിൽ കരുണയുള്ളവൻ... ആരുവന്നൊരു സഹായമഭ്യർത്ഥിച്ചാലും അയാൾ അവരെ നിരാശനാക്കില്ല. അക്കരയിലെ വലിയ ഭൂഉടമയാണയാൾ. ഒരു പൈസ പോലും സ്‌ത്രീധനം ചോദിച്ചില്ല. അങ്ങിനെ ഒരാൾ വന്ന്‌ കിട്ടുന്നത്‌ നിന്റെ ഭാഗ്യം മായിമാർ പറഞ്ഞു. അയാക്കപ്പനും അമ്മേം പെങ്ങമാരും ആരുമില്ല. അവിടെ നിന്നോടു പോരെടുക്കാനാരുമില്ല. കയറി ചെല്ലുന്നിടത്തെ റാണി.... നീ.. തന്നെ. അതു നിന്റെ ഭാഗ്യം.

അങ്ങിനെ എല്ലാരും എന്റെ ഭാഗ്യങ്ങളെണ്ണി.... എണ്ണി പറഞ്ഞപ്പോൾ... എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞ രൂപത്തിന്‌ ജീവൻ വച്ചു. ആ മഹാഭാഗ്യം രണ്ടുകയ്യും നീട്ടി സ്വീകരിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങിനെ ആ വിവാഹം ഉറപ്പിച്ചു.

ഒരു ദിവസം ഒരു സ്‌ത്രീ വെള്ളവസ്‌ത്രങ്ങളണിഞ്ഞ്‌... കയ്യിൽ ജപമാലയും വേദപുസ്‌തകവുമായി എന്നെ കാണാൻ ഹോസ്‌റ്റലിൽ വന്നു. “ഞാൻ ജോർജ്ജിച്ചായുടെ പെങ്ങളാ... അച്ചാ വന്നിട്ടൊണ്ട്‌..... അവിടെ തുണിക്കടേൽ നിൽക്കുന്നു. മന്ത്രകോടി എടുക്കാനാ വന്നത്‌. നിന്നെ കൂടെ കൂട്ടിക്കൊണ്ടുചെല്ലാൻ പറഞ്ഞു.” ഞാനൊന്നു മടിച്ചപ്പോൾ അവർ പറഞ്ഞു “നീ തർക്കിയ്‌ക്കണ്ടാ.... ഞങ്ങളൊരപ്പന്റെ മക്കളാ... എന്റെ കൂടെ വാ....” അവരുടെ കൂടെ പോകാനായി ഡ്രസ്സ്‌ മാറുമ്പോൾ വല്ല്യമ്മച്ചിയായിരുന്നു മനസ്സിൽ. വല്ല്യമ്മച്ചി ഇടയ്‌ക്കിടെ പറയും അവരുടെ കല്ല്യാണം കഴിഞ്ഞ്‌ ആറു മാസം കഴിഞ്ഞാണ്‌ വല്ല്യപ്പച്ചന്റെ മുഖം ആദ്യമായി കാണുന്നത്‌ എന്ന്‌. ഈ പോക്ക്‌ വല്ല്യമ്മച്ചിയറിഞ്ഞാൽ കൊല്ലും. എന്നാലും പോകാതിരിയ്‌ക്കാൻ കഴിയുന്നില്ല. പെങ്ങളേയും കൂട്ടിയാണല്ലൊ പൊകുന്നത്‌ എന്നു സമാധാനിച്ച്‌ അവരുടെ കൂടെ ചെന്നു. കസവുകരയുള്ള ഡബിളുടുത്ത്‌ മസ്ലിൻ ജുബ്ബായിട്ട്‌ ജോർജ്ജി കടവാതുക്കൽ അക്ഷമനായി നിൽക്കുന്നു. എന്നെ കടയിലേയ്‌ക്ക്‌ കയറ്റിവിട്ടിട്ട്‌ പെങ്ങൾ കൊന്ത തിരുപ്പിടിച്ചുകൊണ്ടു പറഞ്ഞു. “നിങ്ങളു സാരി നോക്ക്‌ ഞാനിതാ വരുന്നു. ഈ അടുത്തുള്ള പള്ളീലൊന്നു പോയിട്ടു വരട്ടെ.” ജോർജ്ജിയെ ഞാനൊരിക്കൽ കണ്ടിട്ടുള്ളതല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. ഒറ്റയ്‌ക്ക്‌ ജോർജ്ജിയോടൊപ്പം കടയിൽ നിൽക്കുമ്പോൾ ആകെ ഒരു പരുങ്ങൽ. ആരെങ്കിലും പരിചയമുള്ളവർ കണ്ടാൽ എന്തു വിരാചിക്കുമെന്നാരലാഹം. കടയിലെ സെയിൽസുമാൻ സാരികളെടുത്തു നിരത്തി. ഏതെടുക്കണമെന്നോ... ഏതുറെയ്‌ഞ്ചിൽ ഉള്ളതെടുക്കണമെന്നോ ഒരു നിശ്ചയവുമില്ലാതെ നിന്നു പരുങ്ങുമ്പോൾ അദ്ദേഹം എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ പറഞ്ഞു. “നിനക്കിഷ്‌ടമുള്ളതു നോക്കി എടുക്ക്‌.... വേറെയൊന്നും നോക്കണ്ട....” ഞാൻ എനിക്കിഷ്‌ടപ്പെട്ട ഒരു സാരി തിരഞ്ഞെടുത്തു. എന്നിട്ട്‌ സങ്കോചത്തോടെ ചോദിച്ചു “ഇതിഷ്‌ടമായോ വിലയല്‌പം കൂടുതലാ...ങാ... കൊള്ളാം....” എന്നിട്ട്‌ അതു പായ്‌ക്കു ചെയ്‌തോളാൻ പറഞ്ഞു. അവർ സാരിപായ്‌ക്കു ചെയ്‌തു. ബില്ലും കൂടി കൊണ്ടു വന്നു കൊടുത്തപ്പോൾ അദ്ദേഹം അതു കൊണ്ടു കൗണ്ടറിലേയ്‌ക്ക്‌ പോയി. അവിടത്തെ സംസാരം കേട്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി. ഞാനും അങ്ങോട്ടു ചെന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ള പൈസ തികയുന്നില്ല. മുഴുവനും കൊടുക്കാതെ അവർ സാരികൊടുക്കില്ലല്ലോ അദ്ദേഹം പറയുന്നു. “ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ... നമ്മൾ കാണാൻ തുടങ്ങിയത്‌ അത്രയ്‌ക്കെന്നെ വിശ്വാസമില്ലേ...” “അതു ശരി തന്നെ... പക്ഷെ ഞാനിവിടുത്തെ ശമ്പളക്കാരനാ.... കടം തരാൻ എനിക്കധികാരമില്ലല്ലോ....” ഞാനാകെ ചമ്മിപ്പോയി. വിലകൂടിയ സാരിയെടുത്ത്‌ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയതിലുള്ള കുറ്റബോധവും. ഞാൻ വേഗം എന്റെ കയ്യിൽ കിടന്ന മോതിരം ഊരി അയാളുടെ മേശമേൽ വച്ചു. നാളെ ഞാൻ ബാക്കികൊണ്ടു വന്നിട്ടിതെടുത്തോളാം.“ ജോർജ്ജി ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു. ”ഈ സ്‌റ്റെല്ലാമ്മ ഇതെവിടെപ്പോയിക്കിടക്കുന്നു.... പോരാത്തകാശ്‌ അവളുടെ കയ്യീന്ന്‌ വാങ്ങാമെന്നാ ഞാൻ കരുതീത്‌. നീ പൊയ്‌ക്കൊ അവളിങ്ങോട്ടു വരട്ടെ. മോതിരം ഞാനങ്ങു കൊണ്ടെത്തരാം.“ മുഖത്തുനോക്കാതെ ഞാൻ പറഞ്ഞു ”അതിനു ധൃതിയൊന്നുമില്ലല്ലോ.... അതിനായിട്ടിനി കാത്തു നിക്കണ്ട.... മോതിരം ഞാൻ നാളെ എടുത്തോളാം.“ ഇതാണെന്റെ ജോർജ്ജ്‌. ഇത്‌ ഒന്നാമത്തെ അനുഭവം.

കെട്ട്‌ അദ്ദേഹത്തിന്റെ ഇടവകയിലെ പള്ളിയിൽ വച്ചായിരുന്നു. കെട്ടുകഴിഞ്ഞ്‌ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ അദ്ദേഹത്തിന്റെ ചാർച്ചയിൽപ്പെട്ട ഒരു മാവി ഉണ്ടായിരുന്നു. കറുത്തുമെലിഞ്ഞ ഒരു സ്‌ത്രീ. അവരാണെന്നെ വീട്ടിലേയ്‌ക്കു കൈപിടിച്ചു കയറ്റിയത്‌. ആ ചടങ്ങുകഴിയും മുമ്പേ തന്നെ പിന്നാലെ വന്ന ചിലയാളുകൾ ജോർജ്ജിയെ റാഞ്ചികൊണ്ടുപോയി. എന്റെ വീട്ടിൽ നിന്നും വന്നവർ.... ബന്ധുക്കളും സുഹൃത്തുക്കളും.... ജോർജ്ജിയെ പരിചയപ്പെടാനും പോകാൻ സമയത്ത്‌ ഒന്നു യാത്ര പറയാനും വേണ്ടി മണിക്കൂറുകൾ കാത്തിരുന്നു. പിറുപിറുക്കുന്നുണ്ടായിരുന്നു. എനിക്കു വല്ലാത്ത ജാള്യതതോന്നി. മണവാളനും മണവാട്ടിക്കും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാനും ജോർജ്ജ്‌ എത്തിയില്ല. ഒറ്റയ്‌ക്കിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ജോർജ്ജിന്റെ കസേര ഒഴിഞ്ഞു കിടന്നു. അതുപോലെ എന്റെ മനസ്സും. ഭക്ഷണത്തിൽ കണ്ണുനീർ തുള്ളികൾ ഇറ്റുവീഴാതെ ശ്രദ്ധിച്ച്‌ കുനിഞ്ഞിരുന്നു. കഴിച്ചെന്നു വരുത്തി. കല്ല്യാണം കൂടാൻ വന്നവർ കാത്തുനിന്നു മടുത്തു. അവസാനം ജോർജ്ജിയെ യാത്രപറയാതെ പോയി. ആദ്യരാത്രിയിൽ മുറിയിൽ തനിച്ചായപ്പോൾ നിശബ്‌ദം കരഞ്ഞുപോയി. ജോർജ്ജി മുറിയിൽ എത്തുന്നത്‌ പുലരാറായപ്പോൾ. കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകളിൽ നോക്കി ജോർജ്ജിപറഞ്ഞു ”ഞാനൊരുത്യാവശ്യ കാര്യമായി പോയതാ.... പോകാതെ പറ്റുകേലായിരുന്നു.... നിന്റെ വിഷമം എനിക്കു മനസ്സിലാകും നമുക്ക്‌ നാളെത്തന്നെ ഒരു കാറെടുത്ത്‌ പോയി ബന്ധുക്കളെയെല്ലാം കാണാം....“ ആ പോക്ക്‌ നീണ്ട്‌....നീണ്ട്‌... പിന്നെ നേർത്ത്‌.....ഇല്ലാതെയായി - അത്‌ രണ്ടാമത്തെ അനുഭവം.

മാവി നല്ലവരായിരുന്നു. അവർ എന്നെ സ്‌നേഹത്തോടെ.... വാത്സല്യത്തോടെ..... ഒരു കൊച്ചുകുഞ്ഞിനേയോ.... ഒക്കെനോക്കി. അവരുടെ നാവിന്റെ തുമ്പിലായിരുന്നു മനസ്സ്‌. അവിടെ വരുന്നതെന്തും വെട്ടിത്തുറന്നു പറയുന്ന മാവിയെ എനിക്കും ഇഷ്‌ടമായി. അവർക്ക്‌ സഹായത്തിനും പശുവിനെ നോക്കാനും ഒക്കെയായി ഒരു വാല്ല്യക്കാരൻ പയ്യനും ഉണ്ടായിരുന്നു.

അദ്ദേഹത്തിനെ അന്വേഷിച്ചുകൊണ്ട്‌ എപ്പോഴും ആരെങ്കിലുമൊക്കെ വന്നു കൊണ്ടിരുന്നു. അവർ പൂമുഖത്തു കയറി ഇരിക്കുന്നതിനുപകരം മുറ്റത്തിന്റ അതിരിലും മാവിന്റെ ചുവട്ടിലും ഒക്കെ മാറി... പതുങ്ങിനിന്ന്‌ കുശുകുശുത്തു. അതിലെന്തോ അസ്വഭാവികത തോന്നിയെങ്കിലും അതത്രക്കാര്യമാക്കിയില്ല. ഒരു പുതുപ്പെണ്ണ്‌ വന്നു കയറിയ വീടായതുകൊണ്ടായിരിക്കാം എന്നു കരുതി. ഒരു പുതുമണവാളന്റെ കൊച്ചുവർത്തമാനങ്ങളോ... പരിലാളനകളോ.... ഒന്നും അദ്ദേഹത്തിൽ കാണാഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ എവിടെയോ എന്തോ വീണുടയുന്നു. ഏതൊ എന്തോ അദ്ദേഹത്തെ അലട്ടുന്ന പോലെ. ഞാനൊരധികപറ്റായോ എന്നു സന്ദേഹിച്ചുപോയി. നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം മാവിയെ അവരുടെ വീട്ടിലേയ്‌ക്ക്‌ പറഞ്ഞയച്ചു. ആരോരുമില്ലാത്ത മാവിക്ക്‌ കുറച്ചുനാൾ കൂടിയെങ്കിലും ഇവിടെ താമസ്സിക്കാൻ മോഹം. അവർ പറഞ്ഞു ”മോക്ക്‌... പരിവാലിയ്‌ക്കാനുമൊന്നും ശീലോവില്ലല്ലാ.... ആവാക്ക്‌ അതൊക്കെ ഒരു ശീലമാവുന്നവരേക്കും...“ എന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹം ഇടയ്‌ക്കുകയറി പറഞ്ഞു. ”അതൊക്കെയങ്ങു ശീലിച്ചോളും ശീലിയ്‌ക്കാതൊക്കുവോ“. പിന്നെ അവരൊന്നും മിണ്ടിയില്ല. നേരം വൈകിയപ്പോൾ വാല്ല്യക്കാരൻ കൃഷ്‌ണനേയും അദ്ദേഹം അങ്ങു പറഞ്ഞയച്ചു. എന്നിട്ട്‌ അന്ധാളിച്ചു നിൽക്കുന്ന എന്നോടദ്ദേഹം പറഞ്ഞു. എല്ലാം നോക്കി കണ്ടുചെയ്യാൻ പറ്റിയ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്‌. രണ്ടു ദിവസത്തിനകം അവരിങ്ങെത്തും.

അന്നു രാത്രി ഒരുറക്കം കഴിഞ്ഞപ്പോൾ വാതിൽക്കൽ മൃദുവായി മുട്ടുന്ന ശബ്‌ദം.... ഭയം കൊണ്ടെന്റെ സപ്‌തനാഡികളും തളർന്നു. ആ ശബ്‌ദം കാതോർത്തു കിടന്നതുപോലെ അദ്ദേഹം ചാടിയെണീറ്റു. വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ഞാനദ്ദേഹത്തെ തടയാനായി പൂണ്ടയടക്കം പിടിച്ചു. ”വേണ്ട... വേണ്ട.... വാതിൽ തുറക്കണ്ട.... “നീ പേടിയ്‌ക്കാതെ.... അതു നമ്മുടെ ആൾക്കാരാ... നീ.... അങ്ങു.... കെട്ടിനകത്തു പോയി കിടന്നോ... ഞാൻ കുറച്ചു കഴിഞ്ഞങ്ങു വരാം...” അദ്ദേഹം കതക്‌ മെല്ലേ തുറന്നപ്പോൾ അരണ്ടവെളിച്ചത്തിൽ ഞാൻ കണ്ടു. നാലഞ്ചാളുകൾ. ഒരാൾ എന്തോ ഭാരമുള്ള ഒരു പെട്ടി തലയിൽ ചുമന്നു നിൽക്കുന്നു. മറ്റുള്ളവരുടെ കൈകളിലും സഞ്ചികളോ.... എന്തോക്കെയോ ഉണ്ട്‌. ലൈറ്റ്‌ തെളിയിക്കാതെ.... ശബ്‌ദമുണ്ടാക്കാതെ അവർ അകത്തു കടന്നു. പിൻവാതിലിലൂടെ ഞാൻ പുറത്തു കടന്നു. വാതിലിന്റെ വിടവിലൂടെ നോക്കുമ്പോൾ അവർ ചിരപരിചിതരെപ്പോലെ ഭാരമുള്ള പെട്ടി ഒരു മൂലയിൽ വച്ചു. എന്നിട്ട്‌ കൈയെത്തി തട്ടിൻ പുറത്തുനിന്നും ഒരു പായച്ചുരുൾ വലിച്ചു താഴെയിറക്കി.... ഓരോരുത്തരും ഓരോന്നെടുത്തു. നാലു പേരൊഴികെ ബാക്കി മൂന്നു പേരും ഇരുട്ടിലേയ്‌ക്കിറങ്ങി നടന്നു. എന്റേ നെഞ്ചിടിക്കുന്ന ശബ്‌ദം എനിക്കു കേൾക്കാം. ഒന്നും മനസ്സിലാകാതെ... ശ്വാസമടക്കി.... പൂക്കുല പോലെ വിറച്ചുനിന്നു.... ഏതോ ഒരു കെണിയിലകപ്പെട്ടതുപോലെ ഒരു ഭയമായിരുന്നു മനസ്സിൽ. ആരാണിവർ.... തീവെട്ടികൊള്ളക്കാരോ... ഭീകരപ്രവർത്തകരോ.... ഇദ്ദേഹത്തിനിവരുമായി എന്നു ബന്ധം. അവർ ഇവിടെ വന്നു തമ്പടിക്കാൻ..... ഇദ്ദേഹം ഇവരുടെ തലവനോ... ഏറേ നേരം കഴിഞ്ഞു ജോർജ്ജി വന്നു. എനിക്ക്‌ ജോർജ്ജിയെപ്പോലും ഭയമായി... ഞാൻ ഒരു മൂലയിലേക്കൊതുങ്ങിനിന്നു. “എന്താ... പേടിച്ചുപോയോ.... അതൊക്കെ നമ്മുടെ ആൾക്കാരാ സഖാക്കൾ.... എന്നെക്കാളും ഉപരിയായി... നിനക്കവരെ വിശ്വസിക്കാം.... കുറച്ചു ദിവസം അവരിവിടെക്കാണും. ഇങ്ങിനെ കുറച്ചാളുകളിവിടുണ്ടെന്ന്‌ പുറത്താരും അറിയണ്ടാ.... അറിഞ്ഞാൽ കുഴപ്പമാ...” എന്തു കുഴപ്പമെന്നു ചോദിക്കാൻ നാവോളം വന്നതാണ്‌.... എങ്കിലും ചോദിച്ചില്ല. അതു മൂന്നാമത്തെ അനുഭവം.

പകലന്തിയോളം അവർ മിണ്ടാതെ.... അനങ്ങാതെ.... മുറിക്കുള്ളിൽതന്നെ കതകടച്ചിരുന്നു. രാത്രി ഒരെട്ടര കഴിയുമ്പോൾ.... ചുറ്റുവട്ടത്തുള്ള വീടുകളിലെ വിളക്കണഞ്ഞു കഴിയുമ്പോൾ... ശബ്‌ദമുണ്ടാക്കാതെ... കിണറ്റിൻ കരയിൽ വന്ന്‌ കുളിയും പല്ലുതേപ്പും ഒക്കെ നടത്തും പിന്നെ അവരെ കാണാൻ ഓരോരുത്തർ പാത്തും പതുങ്ങിയും വെട്ടവും അനക്കവുമില്ലാതെ വരികയും പോകുകയും ചെയ്യും.

ബോർഡിങ്ങിലും വൈ.ഡബ്യു.സി.എ. യിലുമൊക്കെയായി കഴിഞ്ഞതു കാരണം അടുക്കളപ്പണി ശീലമില്ലാത്ത എനിക്ക്‌ രാപകൽ വയ്‌പും വിളമ്പും തന്നെയായി പണി. ഈ ജോലി ഭാരത്തിനിടയിൽ ആശ്വാസം തരുന്ന ഒ​‍ു വാക്കിനും സ്‌നേഹത്തിന്റെ നനവുള്ള ഒരു സാന്ത്വനത്തിനും മനസ്സുകൊതിച്ചു. ഞാനാകെ മാനസികമായും ശാരീരികമായും കുഴഞ്ഞു. എങ്ങനെയും ഈ ഊരാകുടുക്കിൽ നിന്നും രക്ഷപ്പെട്ടാൽ മതി എന്നായി എനിക്ക്‌. ഞാനും ജോർജ്ജിയും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. ഒരുമിച്ച്‌ ഒരു വീട്ടിൽ രണ്ടു ധ്രുവങ്ങളിലായി ഞങ്ങൾ ജീവിച്ചു. മനസ്സുതുറന്നു സംസാരിക്കാനോ... ഒന്നു കരയാനോ പോലും ആകാതെ... ഏകയായി ഒരു തുരുത്തിലകപ്പെട്ടതുപോലെ കഴിയുമ്പോൾ ഈ വീടുമായി സഹകരണമുള്ള ഒരേ ഒരു അയൽക്കാരുമായി ഞാനടുത്തു. അവർ പറഞ്ഞത്‌ ഞാനറിഞ്ഞു. അവരുടെ ഭർത്താവും ഈ സംഘത്തിൽപെട്ടയാളാണെന്ന്‌... ഇവർ കമ്മ്യൂണിസ്‌റ്റുകാരാണെന്ന്‌.... അമ്പതുകളിൽ കമ്മ്യൂണിസ്‌റ്റ്‌പാർട്ടി നിരോധിക്കപ്പെട്ടിരിക്കുന്നു. അറസ്‌റ്റു വാറണ്ടുള്ളവരാണ്‌ ഈ ഒളിവിൽ വന്നു തമസ്സിക്കുന്നത്‌. എന്നു ഞാനറിഞ്ഞു. പോലീസ്‌ സ്‌റ്റേഷനാക്രമണം.... കൊലകുറ്റം... ഇതൊക്കെയാണ്‌ അവരുടെമേൽ ചുമത്തപ്പെട്ടിരുന്നത്‌. അവർക്കു താവളം കൊടുക്കുന്നതും കുറ്റമാണ്‌. പോലീസ്‌ എങ്ങാനും അറിഞ്ഞാൽ ഞാനടക്കം എല്ലാവരും കസ്‌റ്റഡിയിലാകും. കസ്‌റ്റഡിയിൽ വെച്ചു കഠിനമർദ്ദനമേറ്റു ചതഞ്ഞു മരിച്ച കോട്ടത്തല സുരേന്ദ്രന്റെ കഥ.... പോലീസിന്റെ തേർവാഴ്‌ചയെത്തുടർന്ന്‌ വീടുപേക്ഷിച്ച്‌... ഊഡുവഴികളിലൂടെ എല്ലാം അങ്ങുദൂരെയുള്ള മലമടക്കുകളിലേക്കു പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ രണ്ടുകുഞ്ഞുമക്കളെ ഏതോ ഒരു വീട്ടിലെ എരുത്തിലിൽ ഉപേക്ഷിച്ചുപോയ കുഞ്ഞുരാമനെന്ന സഖാവിന്റെ കഥ... വീടും പരിസരവും പോലീസുകാർ വേട്ടനായ്‌ക്കളെപ്പോലെ അരിച്ചുപെറുക്കി. പാഞ്ഞുനടക്കുമ്പോൾ അവരുടെ കണ്ണും വെട്ടിച്ച്‌ ഒരു സഖാവ്‌ കൈകുഞ്ഞുമായി ഇരുളിൽ ഒരു കുറ്റിക്കാട്ടിൽ വിറങ്ങലിച്ചിരിക്കുമ്പോൾ... കുഞ്ഞിന്റെ കരച്ചിടലയ്‌ക്കാൻ വായ്‌പൊത്തിപ്പിടിച്ചു.... ബഹളമെല്ലാം അടങ്ങിയപ്പോൾ കുഞ്ഞു മരിച്ചിരുന്നു. അങ്ങിനെ..... അങ്ങിനെ.... പലകഥകളും പറഞ്ഞ്‌ കൂട്ടുകാരിയും കേട്ടിരുന്ന ഞാനും കരഞ്ഞുപോയി. പിന്നെ രാത്രികളിൽ ഇരുളിലേയ്‌ക്കു കണ്ണും നട്ട്‌ മുറ്റത്ത്‌ ഒരു ബൂട്ടിന്റെ ശബ്‌ദം ചെവിയോർത്ത്‌... ഉറങ്ങാതെ ഭയന്നു വിറച്ചു കിടക്കുമ്പോൾ ഉള്ളിന്റെ ഉള്ളിലെ നനുത്ത മോഹങ്ങളെല്ലാം കെട്ടുപോയി.

ജോർജ്ജി വളരെ വൈകി... രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിലാകും എന്റെ അടുത്തെത്തുന്നത്‌. പകൽ ഒരുപരിചിത ഭാവം പോലും കാണിച്ചിരുന്നില്ലെങ്കിലും രാത്രിയുടെ ശേഷിച്ച യാമങ്ങൾ സ്‌നേഹപൂർണ്ണങ്ങളായിരുന്നു. കയ്‌ചീട്ട്‌ ഇറക്കാനും വയ്യാ... മധുരിച്ചിട്ട്‌ തുപ്പാനും വയ്യാ.... എന്നൊരവസ്‌ഥയിലായിരുന്നു ഞാൻ. അങ്ങിനെ ഒരുവർഷം തികയുംമുമ്പേ പശുക്കുട്ടി തള്ളിമറച്ചിടുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നതു കാരണം ആശുപത്രിയിലുമായി. ശിശ്രൂഷയ്‌ക്കായി അന്നുതന്നെ അമ്മച്ചിയെ ആശുപത്രിയിൽ എത്തിച്ചിട്ടുപോയ ജോർജ്ജിയെ പിന്നെ കാണുന്നത്‌ ഏഴാംപക്കം. ഞാനമ്മച്ചികേൾക്കാതെ സ്വകാര്യമായി ചോദിച്ചു. “അവിടെ താമസിക്കുന്ന സഖാക്കളുടെ കാര്യം എന്തായി.” അവരെ മറ്റൊരു സുരക്ഷിത സ്‌ഥാനത്തെത്തിച്ചിട്ടാ ഞാൻ വരുന്നേ... അങ്ങിനെ ഒരിടം കണ്ടു പിടിക്കാനും... അവരെ അങ്ങോട്ടുമാറ്റാനും ഒക്കെയായി ഓടിനടക്കുകയായിരുന്നു അതുകൊണ്ടാ... പിന്നിങ്ങോട്ടുവരാൻ ഇത്രയും വൈകിയത്‌. രാമകൃഷ്‌ണൻ ഇവിടെ വേണ്ടതെല്ലാം എത്തിച്ചു തരുന്നുണ്ടായിരുന്നില്ലേ.... ഇനി പ്രസവം കഴിഞ്ഞിട്ടു വീട്ടിലോട്ടുപോയാൽ മതി.“ ”അയ്യോ... അതിനിനി രണ്ടുമാസം കിടക്കുന്നില്ലേ...“

”അതു സാരമില്ല അങ്ങോട്ടുപോയാൽ കുഴപ്പമാ...“ അങ്ങിനെ രണ്ടുമാസം ആശുപത്രിയിൽ മരുന്നിന്റെയും ലോഷന്റെയും മണം... മനംപരുട്ടി വരുന്നുണ്ടെങ്കിലും... ഒരു സുരക്ഷിതത്വബോധം.... ഒരു കുടുസ്സുമുറി... ഒരുരിമ്പുകട്ടിൽ... താഴെ ഒരു പായ വിരിക്കാൻമാത്രം സ്‌ഥലം... പിന്നെ ഒരു ചെറിയ കുശിനി... കുശിനിയോടു ചേർന്ന്‌ കൊച്ചു കുളിമുറി.... അതാണ്‌ അന്നത്തെ പേവാർഡ്‌. എന്നാലും മറ്റാരുടേയും ഇടപെടലുകളില്ലാതെ.... രാപ്പകൽ അടുക്കളയിൽ തീയും പുകയും പാചകവുമായിക്കഴിയാതെ... അമ്മച്ചിയുടെ ശുശ്രൂഷയിൽ എന്തെന്നില്ലാത്ത സ്വസ്‌ഥതയായിരുന്നു എനിക്ക.​‍്‌ അങ്ങിനെ പ്രസവം അടുത്തദിവസങ്ങളിൽ ഒന്നിൽ... ഞാൻ...ഇന്നോ.... നാളയോ എന്ന്‌ നിമഷിങ്ങളെണ്ണിയിരിക്കുമ്പോൾ... ഒരു സന്ധ്യാനേരത്ത്‌....ചാറ്റൽ മഴപെയ്‌തു കൊണ്ടിരിക്കെ... ജോർജ്ജിവന്നു. കൂടെ തലയിലൂടെ തോർത്തിട്ടു മൂടിയ ഒരു കണ്ണാടിക്കാരനും. ജോർജ്ജ്‌ ഒരു ജാള്യതയുമില്ലാതെ പറഞ്ഞു. ”ഇന്നിയാൾ.... ഇവിടെ കിടന്നോട്ടെ നാളെ എവിടേയെങ്കിലും ഒരു താവളം കണ്ടുപിടിച്ച്‌.... അങ്ങോട്ടുകൊണ്ടുപോയ്‌ക്കോളാം... ഇവിടെയാകുമ്പം സുരക്ഷിതമാ...“ പറഞ്ഞു തീരുംമുമ്പേ തന്നെ അയാൾ മുറിക്കുള്ളിലേയ്‌ക്കു അങ്ങു കയറികഴിഞ്ഞു. ആകെയുള്ള ഒരു പായ്‌ നിവർത്തിയിട്ട്‌. തല വഴി പുതച്ചുമൂടി കിടന്നു കഴിഞ്ഞു. ഒന്നും ഉരിയാടാനാവതെ സ്‌തംബ്‌ധരായി നിന്നു അമ്മയും ഞാനും. അമ്മച്ചി സ്‌റ്റൂൾ ഒരു മൂലയിലേക്കൊതുക്കിയിട്ട്‌ ഭിത്തിയും ചാരി ഇരുന്നുറങ്ങി. എനിക്ക്‌ രാത്രിയിലെങ്ങാനും പ്രസവവേദന തുടങ്ങിയാലോ.... എന്ന ഭീതിമൂലവും അന്യനായ ഒരാൾ പ്രസവമുറിയിൽ കട്ടിനു തൊട്ടു താഴെ കിടക്കുന്നതിന്റെ അസ്വസ്‌ഥത മൂലവും അമ്മച്ചി എന്തു വിചാരിക്കും എന്ന വിചാരം കൊണ്ടും ആശുപത്രിക്കാരെങ്കിലും കണ്ടുപടിച്ചാൽ പിന്നെ എന്താണു സംഭവിക്കുക എന്ന ഭയം കൊണ്ടും രാത്രി എനിക്ക്‌ ഒരു പോള കണ്ണടയ്‌ക്കാൻ കഴിഞ്ഞില്ല. അത്‌ നാലാമത്തെ അനുഭവം.

പാർട്ടിയുടെ മേലുള്ള നിരോധനം പിൻവലിക്കുകയും ഒളിവിലായിരുന്ന സഖാക്കളെല്ലാം പുറത്തുവരികയും പിന്നെ പാർട്ടി അധികാരത്തിൽ വരികയും ഒക്കെ ചെയ്‌തപ്പോൾ പിന്നെ ജോർജ്ജിന്റെ ശ്രദ്ധ തിരിഞ്ഞത്‌ ബിസിനസ്സിലേക്കാണ്‌. വീണ്ടും സ്വസ്‌ഥമായ... സമൃദ്ധമായ... സ്‌നേഹസംപുഷ്‌ടമായ... ഒരു കുടുംബജീവിതത്തേക്കുറിച്ചുള്ള മോഹങ്ങൾ മനസ്സിൽ പൂത്തുലഞ്ഞു. പലതും ആലോചിച്ചാലോചിച്ച്‌ ഒടുവിൽ വന്നെത്തിയത്‌ ഒരു നല്ല കട... ഉപ്പുതൊട്ട്‌ കർപ്പൂരംവരെയുള്ള ഒരു നല്ല കട തുടങ്ങുന്നതിനാണ്‌. ഈ പട്ടിക്കാട്ടിൽ എന്തിനും ഏതിനും ടൗണിൽ പോകണം. ജോർജ്ജി കട തുടങ്ങി. ലാർജ്‌സ്‌കെയിലിൽ തന്നെ ജോർജ്ജ്‌ എപ്പോഴും കടയിൽ തന്നെ. ഒരു മാനേജർ. സാധനം എടുത്തുകൊടുക്കാൻ രണ്ടു മൂന്നുപേർ. ചരക്കെടുക്കാൻ ജോർജ്ജ്‌ തന്നെ ആലപ്പുഴയിലും കൊച്ചിയിലും പോയി. നാട്ടിൽ ജോർജ്ജിന്റെ കട ഒരു സംസാരവിഷയമായി.... കടയും കച്ചവടവും പൊടിപൂരമായി നടക്കുമ്പോൾ അതിന്റെ ലാഭനഷ്‌ടങ്ങളേക്കുറിച്ചു ചോദിക്കുമ്പോൾ ജോർജ്ജിനു ദേഷ്യം വരും. ഒരിക്കൽ ചരക്കെടുക്കാൻ ആലപ്പുഴയ്‌ക്കു പോയ ജോർജ്ജ്‌ മടങ്ങി വന്നില്ല. പോകുമ്പോൾ ഞാൻ അഞ്ചു മാസം ഗർഭിണിയായിരുന്നു. ആലപ്പുഴയിലോ കൊച്ചിയിലോ എനിക്കു പരിചയമുള്ളവരാരുമില്ല. നിസ്സഹായായി ഞാൻ പരങ്ങുന്നതുകണ്ട്‌ എന്റെ അയൽക്കാരി മറിയക്കുട്ടി എന്നെ സമാധാനിപ്പിച്ചു. വരും... പണ്ടും അയാളിങ്ങനെയൊക്കെതന്നെയാ.... ഒരു പോക്കങ്ങുപോയാ... പിന്നെ... തോന്നുമ്പം വരും.. എന്നുവച്ച്‌... ഇപ്പം അങ്ങിനാണോ... ഒരു കുടുംബോം... ചുമതലേമെല്ലാമായില്ല്യേ... കയ്യിലുണ്ടിയിരുന്ന പൈസയെല്ലാം തീർന്നു. വീട്ടുകാര്യങ്ങളെല്ലാം പരുങ്ങലിലായി. തേങ്ങാവെട്ടാനുള്ള സമയമെല്ലാം കഴിഞ്ഞു. എന്നിട്ടും ജോർജ്ജിനെ കാണാത്തതു കൊണ്ട്‌ ഞാൻ തന്നെ തണ്ടാന്മാരേയും കൊണ്ട്‌ അടുത്തുള്ള പുരയിടത്തിലേയ്‌ക്കു പോയി. തണ്ടാന്മാർ തെങ്ങിലേയ്‌ക്ക്‌ കയറാനും ആ പുരയിടത്തിലെ കുടിത്താമസ്സക്കാരൻ വെട്ടുകത്തിയുമായി ചാടിയിറങ്ങി വന്നു. ഇറങ്ങടാ താഴെ ... ഇല്ലേൽ... നിന്റെ കാലു ഞാൻ വെട്ടും.... ഒന്നും മനസ്സിലാവാതെ.... തരിച്ചുനിന്ന എന്നെ ഒരു മുദ്രപ്പത്രം നിവർത്തി കാണിച്ചു കൊണ്ടയാൾ പറഞ്ഞു. ഈ പറമ്പു ഞാൻ ഒറ്റിവാങ്ങിയിരിക്കുകയാ... പിന്നേം തേങ്ങയടക്കാൻ വരുന്നതെവുടെത്തെ ന്യായം.... മുദ്രപ്പത്രം വാങ്ങി നോക്കിയപ്പോൾ അത്‌ ഒറ്റ ആധാരമാണ്‌. ജോർജ്ജ്‌ ആപുരയിടം ഒറ്റികൊടുത്ത്‌... ആ പണവും കൊണ്ടാണ്‌ ചരക്കെടുക്കാൻ പോയിരിക്കുന്നത്‌. ഒന്നും ഉരിയാടാനാവതെ... തണ്ടാന്മാരുടെ പിന്നാലെ... തലയും താഴ്‌ത്തി വീട്ടിൽ വന്നു കയറി. ഇത്‌ അഞ്ചാമത്തെ അനുഭവം.

പ്രസവം അടുത്തുവരുന്നു. കോരിച്ചൊരിയുന്ന മഴ. വീട്ടിൽ സഹായത്തിനായി ഒരു പെണ്ണിനെ വിളിച്ചു നിർത്തി. അടഞ്ഞു കിടക്കുന്ന കടയുടെ മേച്ചിലോടു പൊട്ടി... ചൊരുന്നതറിഞ്ഞ്‌... പെണ്ണിനേയും കൂട്ടി ഞാൻ പോയി കട തുറന്നു നോക്കുമ്പോൾ ഇഴുന്നും പറയുമെല്ലാം മുളച്ചുപൊന്തി.... ഇല വിരിഞ്ഞു നിൽക്കുന്നു. പഞ്ചസാരയും ഉപ്പും സോപ്പുമെല്ലാം അലിഞ്ഞു കിടക്കുന്നു. ആ കാഴ്‌ച കണ്ടിട്ടു വന്ന എനിക്ക്‌ വലിയ മനപ്രയാസമൊന്നും ഉണ്ടായില്ല. ഞാൻ ഓരോരോ.. അനുഭവങ്ങളിലൂടെയും... എന്തും നേരിടാനൊരു മനക്കരുത്ത്‌... നേടിക്കൊണ്ടിരുന്നു... വീട്ടുവളപ്പിലേയും ശേഷിച്ച തെങ്ങിൻ പുരയിടത്തിലേയും ആദായം കൊണ്ട്‌ വീട്ടു ചിലവുകളൊരു വിധം നടന്നു പോന്നിരുന്നു. ആലപ്പുഴയ്‌ക്ക്‌ പോയ ജോർജ്ജ്‌... തുംഗഭദ്രയിൽ നിന്നും മടങ്ങി വരുമ്പോൾ എന്റെ മൂന്നാമത്തെ കൂട്ടിക്ക്‌ ഒന്നരവയസ്സു പ്രായാമായിരുന്നു. ഇതിനിടെ എന്റെ നഷ്‌ടപ്പെട്ട ജോലി തിരിച്ചുകിട്ടാൻ വേണ്ടി ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. അന്നത്തെ കാലമായിരുന്നതുകൊണ്ടും ഞങ്ങളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പല സഖാക്കളും അധികാരത്തിൽ വന്നതുകൊണ്ടും അവരുടെയൊക്കെ സഹായത്താൽ എനിക്ക്‌ ജോലി കിട്ടി. ഓഫീസും ജോലിയും സഹപ്രവർത്തകരും അവർക്കിടയിലെ സൗഹൃദങ്ങളും തമാശകളും സന്തോഷത്തിന്റെ ചെറിയ ചെറിയ മുഹൂർത്തങ്ങൾ എനിക്കു സമ്മാനിച്ചു. എന്തും

ലാഘവത്തോടെ കാണാനും... സ്‌നേഹത്തോടെ വിമർശിക്കാനും ഫലിതരസത്തോടെ പ്രതികരിക്കാനും ഉള്ള കഴിവുകൾ.... എന്റെ അനുഭവങ്ങളെനിക്കു നേടിതന്നു. ആ അനുഭവസമ്പത്ത്‌... എനിക്ക്‌ ഒരുപാടു സുഹൃത്തുക്കളേയും... ആരാധകരേയും നേടി തന്നു. അത്‌ എന്നും കുളിരണിയിക്കുന്ന ഒരനുഭവം. ഓഫീസും ജോലിയും സുഹൃത്തുക്കളും സന്തോഷങ്ങളുമായി തിരക്കിട്ട്‌ ഓടിനടക്കുന്നതിനിടയിൽ ജോർജ്ജ്‌ എന്തോയ്‌ക്കയോ ബിസിനസ്സുകൾ ചെയ്യുന്നുണ്ടായിരുന്നു. ഇടയ്‌ക്കിടെ നോട്ടുകെട്ടുകളും കൊണ്ടെത്തിയിരുന്നു. എന്റേ ജോർജ്ജ്‌ സ്‌നേഹമുള്ളവനായിരുന്നു... ആദർശവാനായിരുന്നു... നിസ്വാർത്ഥനായിരുന്നു... ഞാനെന്നഭാവമിഹതോന്നായ്‌ക വേണം. അതിനും ഒരു പടി കൂടി മുന്നിലായിരുന്നു. ഞാനെന്നോ... എന്റെതെന്നോ ഒരു വേർതിരിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അയലത്തെ വർക്കിചേട്ടന്റെ മക്കളും തങ്കപ്പന്റെ മക്കളും സ്വന്തം മക്കളും എല്ലാമക്കളും അദ്ദേഹത്തിന്‌ ഒരുപോലെ ആയിരുന്നു. ധർമ്മിഷ്‌ടനും അന്യദുഃഖത്തിൽ കരുണയുള്ളവനുമായിരുന്നു. കയ്യിലില്ലെങ്കിൽ കടം വാങ്ങികൊടുത്ത്‌ അന്യരെ സഹായിച്ചു സഹായിച്ച്‌ അവസാനം വീടിരിക്കുന്ന പുരയിടത്തിന്റെ അതിര്‌ ചുരുങ്ങി ചുരുങ്ങിവന്നു.... ഒരു ദിവസം വീടും വിഴുങ്ങി കളഞ്ഞു... പുതിയ വീടു വെച്ച്‌ മാറുന്ന ഉത്സാഹത്തോടെ ഞങ്ങൾ ഒരു വാടക വീട്ടിലേയ്‌ക്ക്‌ താമസം മാറി. ഇവിടെ ഉള്ളതുകൊണ്ട്‌ ഓണം പോലെ കഴിയുമ്പോൾ.... എനിക്ക്‌ ഇന്നലെകളില്ല... നാളെയുമില്ല. നാളെയുക്കുറിച്ചുള്ള ഉൽക്കണ്‌ഠകളില്ല. ഈ ആറു മക്കളെ എങ്ങിനെ ഒരു കര എത്തിക്കുമെന്ന വേവലാതിയുമില്ല. ഇന്ന്‌ മാത്രമെ.... എന്റെ ജീവിതത്തിലുള്ളു. കയ്യിലുള്ളത്‌.... എന്തുതന്നെയായാലും ആർഭാടമായി ചിലവാക്കുക... മനസ്സുതുറന്നു ആഹ്‌ളാദിക്കുക... ചിരിക്കുക... മറ്റുള്ളവരെ ചിരിപ്പിക്കുക.... ഒരോരോ അനുഭവങ്ങളിലൂടെയും ഞാനാർജിച്ച കരുത്ത്‌ മറ്റുള്ളവർക്കും പകർത്തികൊടുക്കുക. അത്രമാത്രം.... എന്റെ ജീവിതം ധന്യമാണ്‌.

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.