പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വല്ല്യാപ്പന്റെ വിശേഷങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷാജി മൂലേപ്പാട്ട്‌

അന്ന്‌ അമാവാസി ആയിരുന്നു. കുരാക്കൂരിരുട്ട്‌. പുറത്തേക്ക്‌ നോക്കിയാൽ വെളിച്ചമില്ലാത്ത ഒരു തുരങ്കത്തിൽ അകപ്പെട്ടപോലെ. ചീവീടുകൾ മത്സരിച്ച്‌ രാകികൊണ്ടിരിക്കുന്നു. കുറ്റിചൂലാൻ ഇടക്ക്‌ കൂകുന്നുണ്ട്‌. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുറച്ചകലെയുള്ള ചായി കുഞ്ഞപ്പൻ മാപ്ലാരുടെ വീട്ടിൽ മാത്രമേ ഇലട്രിക്ക്‌ ലൈറ്റുള്ളൂ. പെങ്ങാമുക്കിൽ ഇവർക്ക്‌ രണ്ട്‌ വെളിച്ചണ്ണ മില്ലുകൾ ഉണ്ട്‌. മില്ല്‌ അടച്ച്‌ രാത്രി പത്തു മണിക്കാണ്‌ അപ്പനും മകനും കൂടി വീട്ടിൽ എത്തുക. ഇവർക്ക്‌ നോക്കെത്താ ദൂരത്തോളം പുഞ്ച കൃഷിയുണ്ട്‌. പുഞ്ചപ്പാടത്ത്‌ വെള്ളം പമ്പു ചെയ്യാൻ ഉപയോഗിക്കുന്ന രണ്ടോ നാലോ എഞ്ചിനുകളും, നെല്ലിന്‌ കീടനാശിനി അടിക്കാൻ ഉപയോഗിക്കുന്ന രണ്ട്‌ മോട്ടോർ സ്‌പ്രേയറുകളും ഉണ്ട്‌. രാത്രി മില്ലിൽ നിന്ന്‌ വന്നാൽ കീടനാശിനി സ്‌പ്രേയർ ഓൺ ചെയ്‌തും ഓഫാക്കിയും ആ നാടിനെ പ്രകമ്പനം കൊള്ളിക്കും. ഈ ടെസ്‌റ്റിങ്ങ്‌ കഴിയുന്നതു വരെ അടുത്തുള്ള ഞങ്ങൾക്കൊന്നും ഉറങ്ങാൻ കഴിയാറില്ല. അവരുടെ വീട്ടിലെ ഇലട്രിക്ക്‌ ബൾബിന്റെ മഞ്ഞ വെളിച്ചം മിന്നാമിനുങ്ങുവെട്ടം പോലെ തിളങ്ങുന്നുണ്ട്‌.

മേടചൂടിൽ ഞങ്ങളുടെ ദേശം തളർന്നു നിൽക്കുകയാണ്‌. ഇവിടെ അധികവും ക്രിസ്‌ത്യാനി കുടുംബങ്ങളാണ്‌. ഞങ്ങൾ ഒരു പത്തു കുടുംബങ്ങൾ മാത്രമേ ഈഴവരായിട്ടുള്ളൂ. ഞങ്ങളുടെ കുടുംബങ്ങൾ കൂലി പണിക്ക്‌ പോയും സ്വന്തം കവിങ്ങു പറമ്പിലും, പാടത്തും പണിയെടുത്തും, വെറ്റില കൃഷി നടത്തിയുമാണ്‌ ഉപജീവനം നടത്തുന്നത്‌. വല്ല്യാപ്പന്‌ ഈയിടെയായി ശരീരസുഖം കുറവായതിനാൽ പുറത്ത്‌ പണിക്ക്‌ പോകാറില്ല. വെറ്റില നുള്ളി വിൽക്കലാണ്‌ പ്രധാന വരുമാനമാർഗ്ഗം. കവുങ്ങിൽ പടർന്നു കയറിയിട്ടുള്ള വെറ്റില നുള്ളുവാൻ പുറത്ത്‌ ഓല വല്ലം കെട്ടി ഞാത്തി , മുള ഏണി കവുങ്ങിൽ വെച്ച്‌ കെട്ടിയാണ്‌ കയറുക. രണ്ടു മൂന്നു വല്ലം വെറ്റിലയെങ്കിലും ഒരു ദിവസം നുള്ളും. രാത്രിയിലാണ്‌ നുള്ളിയ വെറ്റിലകൾ ചെറിയ കെട്ടുകളായി അടുക്കുക. അടുക്കി വച്ച വെറ്റില കെട്ടുകൾ വാഴയിലയിൽ പൊതിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ പഴഞ്ഞിയിലെ അടക്കാ മാർക്കറ്റിലുള്ള വെറ്റില കച്ചവടക്കാരുടെ അടുത്തെത്തിക്കും.

രാത്രി വെറ്റില അടുക്കി കഴിയുമ്പോൾ പന്ത്രണ്ട്‌ മണിയെങ്കിലും ആകും. റാന്തലിന്റെ തിരി നീട്ടി വെച്ച്‌ വല്ലത്തിലെ വെറ്റിലകളെല്ലാം ഉമ്മറത്തെ സിമന്റ്‌ തറയിൽ ചൊരിഞ്ഞ്‌, ഓട്ടു കിണ്ടിയിലെ തണുത്ത വെള്ളം വെറ്റിലകൾക്ക്‌ മുകളിൽ തളിക്കും. പിന്നെ മുക്കാലിയിൽ കാലു മടക്കി ഇരുന്ന്‌ വല്ല്യാപ്പൻ വെറ്റില അടുക്കാൻ തുടങ്ങും. അന്ന്‌ വല്ല്യാപ്പനുമായി സംസാരിക്കാൻ തൊണ്ടി പറമ്പിലെ ബാലേട്ടനും, രാജപാപ്പനും എത്തിയിരുന്നു. പലപ്പോഴും സംസാരവിഷയം വല്ല്യാപ്പന്റെ ചെറുപ്പ കാലത്തെ വീരസാഹസിക കഥകളായിരിക്കും. നാലാം ക്ലാസിൽ പഠിക്കുന്ന ഞാനും വല്ല്യാപ്പന്റെ ഒരു ആരാധകനായിരുന്നു. അന്നും കഥ കേൾക്കാനായി ഞാൻ ഉമ്മറത്തെ അരതിണ്ണയിൽ കയറിയിരുന്നു.

വല്ല്യാപ്പനും, കുഞ്ഞാപ്പനും എന്റെ മുത്തച്ഛൻമാരാണ്‌. എന്റെ അച്ഛന്റെ പാപ്പൻമാർ. പണ്ട്‌ കുഞ്ഞാപ്പൻ ഭിലായിലേക്ക്‌ പോകുന്നതിനു മുമ്പ്‌, വല്ല്യാപ്പൻ പൊങ്ങമുക്കിലെ മൊടത്തലായിക്കാരുടെ കവുങ്ങു പറമ്പ്‌ വെള്ളം തേവാൻ കരാറെടുത്തിരുന്നു. അന്ന്‌ വല്ല്യാപ്പന്‌ പെരുമ്പിലാവ്‌ ചന്തയിൽ നിന്നു വാങ്ങിയ രണ്ട്‌ കേമൻ പോത്തുകളുണ്ടായിരുന്നു. തേക്കു കൊട്ടയും, തുമ്പിയും തുടിക്കുള്ളിലൂടെ കമ്പ കയറു കൊണ്ട്‌ നുകത്തിൽ കെട്ടി, രണ്ടു പോത്തുകളുടെയും കഴുത്തിൽ നുകം വച്ച്‌ മുന്നോട്ടും പിന്നോട്ടും നടന്ന്‌ കിണറിൽ നിന്ന്‌ വെള്ളം വലിച്ച്‌ കയറ്റും. നേരം പുലരുമ്പോളേക്കും ആ വലിയ കവുങ്ങു പറമ്പ്‌ തിരിച്ച്‌ കഴിഞ്ഞിട്ടുണ്ടാവും.

ഒരു ചൊവ്വാഴ്‌ച പുലർച്ചക്ക്‌ വല്ല്യാപ്പനും, കുഞ്ഞാപ്പനും കൂടി വെള്ളം തേവാൻ വേണ്ടി പോയി. കുഞ്ഞാപ്പൻ ഒരു ചെറിയ നാസ്‌തികനാണ്‌. ചാത്തനേയും, മറുതയേയും പേടിയില്ലാത്ത ആൾ. മൊടത്തലായിക്കാരുടെ പറമ്പിൽ പണ്ടെന്നോ ഒരു ചാത്തൻ തറ ഉണ്ടായിരുന്നു. കാലക്രമത്തിൽ അതെല്ലാം മണ്ണടിഞ്ഞുപോയി. എങ്കിലും ആ ശക്തി അവിടെ ഉണ്ടെന്നാണ്‌ കേൾവി. ചാത്തനെ വിമർശിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമുള്ള കാര്യമല്ല. രണ്ടുപേരും കൂടി അന്ന്‌ തിരിക്കാൻ ചെന്നപ്പോൾ സംസാരം ചാത്തനിലെത്തി. കുഞ്ഞാപ്പൻ ചാത്തനെ പരിഹസിച്ചെന്തോ പറഞ്ഞു. പറയേണ്ട താമസം ചരൽമഴ പെയ്യാൻ തുടങ്ങി. വലിയ ഉരുളൻ കല്ലുകൾ അവർ നിൽക്കുന്നതിനടുത്ത്‌ വീഴാൻ തുടങ്ങി. പക്ഷേ അവരുടെ ദേഹത്ത്‌ പതിക്കുന്നില്ല. പോത്തുകൾ വിരണ്ടോടാൻ തുടങ്ങിയിരുന്നു. കുഞ്ഞാപ്പൻ പേടിച്ച്‌ വിറച്ച്‌ ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്‌... വല്ല്യാപ്പൻ പറഞ്ഞു “കുഞ്ഞുമോനെ, വേഗം മാപ്പ്‌ പറയ്‌, ഇല്ലെങ്കിൽ ചാത്തൻ നമ്മളേയും കൊണ്ടേ പോകൂ....” കുഞ്ഞാപ്പൻ മാപ്പു പറഞ്ഞ ഉടനെ കല്ലേറു നിന്നു. വെറ്റില അടുക്കൽ നിർത്തി വല്ല്യാപ്പൻ ഒരു ദീർഘ നിശ്വാസം വിട്ടു. കുറച്ച്‌ നേരം ഒന്നും പറയാതിരുന്നു. ബാലേട്ടനും, രാജപാപ്പനും ശ്വാസം അടക്കിപിടിച്ചാണ്‌ ഇരിക്കുന്നത്‌. ബാലേട്ടൻ പതിയെ ഇരുട്ടിലേക്ക്‌ നോക്കി. ആ മുഖത്ത്‌ ഭയത്തിന്റെ നിഴലാട്ടം ഞാൻ കണ്ടു. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാൻ പേടിച്ച്‌ വിറച്ചാണ്‌ തിണ്ണയിലിരുന്നത്‌.... പെട്ടന്നാണ്‌ മുറ്റത്ത്‌ നിന്ന്‌ രണ്ട്‌ പൂച്ചകൾ കടിപിടികൂടാൻ തുടങ്ങിയത്‌. പൂച്ചകൾ അലറി വിളിക്കുകയായിരുന്നു. പേടിച്ചരണ്ട ഞാൻ ഒറ്റ ചാട്ടത്തിന്‌ വല്ല്യാപ്പന്റെ അടുത്തെത്തി. അന്നു രാത്രി മുഴുവൻ ഞാൻ ഉറക്കത്തിൽ പേടിച്ച്‌ കരഞ്ഞുവെന്ന്‌ പിറ്റേ ദിവസം അമ്മ പറഞ്ഞു. അതിനു ശേഷം വല്ല്യാപ്പന്റെ ഹൊറർ കഥകൾ കേൾക്കാൻ ഞാനിരിക്കാറില്ല.

വല്ല്യാപ്പന്‌ നാല്‌ മലബാറി ആടുകൾ ഉണ്ട്‌. വെളുത്ത സുന്ദരി കുട്ടികൾ. സുറുമ എഴുതിയ പോലുള്ള വലിയ കണ്ണുകൾ കണ്ടാൽ ആരും അവരെ ഒന്നു നോക്കി പോകും. വലിയ ചെവികൾ ആട്ടി കാടി വെള്ളം കുടിക്കുന്നത്‌ കാണാൻ നല്ല ചേലാണ്‌. ഇതിലെ ഒരു സുന്ദരിക്ക്‌ ഒരു കുഴപ്പമുണ്ട്‌. വേണ്ടുന്നതിനും വേണ്ടാത്തതിനും അലറി കരയൽ!!! കരഞ്ഞു തുടങ്ങിയാൽ പിന്നെ നിർത്താൻ വലിയ വിഷമമാണ്‌. ആടിന്റെ ഈ സ്വഭാവം കാരണം വല്ല്യാപ്പനും, അടുത്തുള്ളവർക്കും വലിയ ശല്ല്യമായി. ഒരു ദിവസം വല്ല്യാപ്പൻ വെറ്റില നുള്ളി ക്ഷീണിച്ചു വന്നിരിക്കുന്ന സമയത്ത്‌ കുഴപ്പക്കാരി കലാപരിപാടി തുടങ്ങി. സഹികെട്ട വല്ല്യാപ്പൻ തിരികെ കവുങ്ങു പറമ്പിലേക്ക്‌ ഓടി. തിരികെ വന്നത്‌ ഒരു പിടി ചീന മുളകുമായാണ്‌. ഒരെണ്ണം കടിച്ചാൽ ചെവിയിൽ നിന്ന്‌ തീവണ്ടിയുടെ ചൂളം വിളി ഉയരും. അത്രക്കും എരുവാണതിന്‌. അത്‌ അമ്മിയിൽ ഇട്ട്‌ ചതച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി. കഥാനായിക കലാപരിപാടി തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു. വല്ല്യാപ്പൻ ആടിനെ ബലമായി പിടിച്ച്‌, ആടിന്റെ ചുണ്ടിലും വായിലും ചീനമുളകു കുഴമ്പ്‌ തേച്ചു. പിന്നെ ആട്‌ വായ തുറന്നില്ല. എരുവെടുത്ത്‌ കൂടിന്റെ പട്ടികയിൽ ചുണ്ട്‌ ഉരച്ചും, വെപ്രാളമെടുത്തും അന്നു മുഴുവൻ നിന്നു. അതിനു ശേഷം ആട്‌ ഈ സ്വഭാവം കാട്ടിയിട്ടില്ല. അഥവാ അറിയാതെ ഒന്നു കരഞ്ഞുപോയാൽ, വല്ല്യാപ്പനെ ഒന്നു കണ്ടാൽ മതി, ആട്‌ വായ പൂട്ടി മൂത്രമൊഴിക്കും.

ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്‌ വല്ല്യാപ്പൻ കാണിക്കുന്നത്‌ ക്രൂരതയല്ലേ എന്ന്‌. വല്ല്യാപ്പൻ ഓരോ വർഷവും പോത്തുകളെ മാറ്റി വാങ്ങും. ഒരു വർഷം വാങ്ങിയ പോത്തുകളിലൊന്നിന്‌ കുട നിവർത്തി കണ്ടാൽ പേടിയായിരുന്നു. റോഡിലൂടെയോ, പാട വരമ്പിലൂടെയോ ആരെങ്കിലും കുട നിവർത്തി പിടിച്ച്‌ വരുന്നതു കണ്ടാൽ പോത്ത്‌ ജീവനും കൊണ്ടോടും. ചെറുപ്പത്തിൽ പോത്തിനെ ആരെങ്കിലും കുട നിവർത്തി പേടിപ്പിച്ചിട്ടുണ്ടായിരിക്കാം !!!. പോത്തിന്റെ ഈ പേടികാരണം, വല്ല്യാപ്പൻ കുറേ ഓടിയിട്ടുണ്ട്‌ പോത്തിനെ തിരികെ പിടിച്ചു കൊണ്ടുവരാൻ. ഒരു ദിവസം വെറ്റില വിറ്റ്‌ പഴഞ്ഞി മാർക്കറ്റിൽ നിന്ന്‌ വരുമ്പോൾ നല്ല ഒരു കമ്പ കയർ വാങ്ങി കൊണ്ടുവന്നു. കുട പേടിയുള്ള പോത്തിനെ തൊഴുത്തിനു പിറകിലുള്ള പുളി മരത്തിൽ ഓടാൻ പറ്റാത്ത വിധത്തിൽ മുറുകെ കെട്ടി. പിന്നെ ഒരു കുട കൊണ്ടു വന്ന്‌ ഇളയമ്മയോട്‌ പോത്തിന്റെ മുന്നിൽ നിവർത്തി പിടിക്കാൻ പറഞ്ഞു. കുട നിവർത്തിയതും പോത്ത്‌ അലമുറയിട്ട്‌ ഓടാൻ ശ്രമിച്ചു. നല്ല ഒരു മുടിയാങ്കോലു കൊണ്ട്‌ വല്ല്യാപ്പൻ പോത്തിനെ അടി തുടങ്ങി. ഇടക്ക്‌ കുട നിവർത്തിയും മടക്കിയും പോത്തിന്റെ പേടി ടെസ്‌റ്റ്‌ ചെയ്‌തുകൊണ്ടേയിരുന്നു. അടി കൊണ്ട്‌ അവശനായ പോത്ത്‌ അവസാനം കുട നിവർത്തിയാലും, മടക്കിയാലും ഇളകാതായി. പിന്നീട്‌ കുട കണ്ടാൽ പോത്ത്‌ അറിഞ്ഞ ഭാവം പോലും കാണിക്കാറില്ലായിരുന്നു. പോത്തിനെ അടിച്ച്‌ വല്ല്യാപ്പന്റെ കൈ ഇളക്കാൻ പറ്റാതായി. ഒരു ആഴ്‌ച മർമ്മാണി തൈലം ഇട്ട്‌ ഉഴിഞ്ഞും, ചൂടും വെള്ളം പിടിച്ചുമാണ്‌ കൈ നേരെ ആയത്‌. ഒന്നാലോചിച്ചു നോക്കൂ. എന്ത്‌ അടി അടിച്ചു കാണും എന്ന്‌ !!! പണ്ടത്തെ കാര്യമായത്‌ വല്ല്യാപ്പന്റെ ഭാഗ്യം !!!. ഇന്നൊക്കെ ആയിരുന്നെങ്കിൽ മേനക ഗാന്ധിയുടെ ആളുകൾ മൃഗ പീഢനത്തിന്‌ വല്ല്യാപ്പന്റെ പേരിൽ കേസെടുത്ത്‌, അഴി എണ്ണിച്ചേനെ.....

ഋതുക്കൾ പലതും ഒഴുകിയകന്നു. കഴിഞ്ഞ മാസത്തിൽ ഞാൻ ലീവിന്‌ നാട്ടിൽ ചെന്നപ്പോൾ വല്ല്യാപ്പനെ കണ്ടിരുന്നു. കാലം ഒരു കുന്നോളം മാറ്റങ്ങൾ വല്ല്യാപ്പനിലും, എന്നിലും, ഞങ്ങളുടെ ഗ്രാമത്തിലും വരുത്തിയിരുന്നു. പഴയ കാര്യങ്ങൾ പലതും ഓർമ്മചെപ്പിൽ നിന്നും പരതിയെടുത്ത്‌ ചിരിയുടെ മാല പടക്കത്തിന്‌ തീ കൊളുത്തി, ഒടുവിൽ യാത്ര പറഞ്ഞ്‌ മടങ്ങുന്നതിനു മുന്നേ ആ കാലിൽ തൊട്ട്‌ വണങ്ങിയപ്പോൾ എന്റെ നെറുകയിൽ കൈ വച്ച്‌ “നന്നായി വരും” എന്നനുഗ്രഹിച്ചു. ഒരു തലമുറയുടെ മുഴുവൻ അനുഗ്രഹങ്ങളും വല്ല്യാപ്പൻ എന്നിലേക്ക്‌ പകർന്നു തന്നു.

ഷാജി മൂലേപ്പാട്ട്‌

ദുബായ്‌


Phone: 00971-55-4122526
E-Mail: shajimb@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.