പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അവരുടെ തെരുവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.പി.എ.കാസിം

കഥ

വിശേഷിച്ചും ഈ തെരുവ്‌ അവരുടേതാണ്‌. അവർക്ക്‌ അവരുടേതായ ഒരു പളളിയുണ്ടിവിടെ. പ്രായേണ തെരുവ്‌ അറിയപ്പെടുന്നതും അതിന്റെ നാമധേയത്തിൽ തന്നെ. ഇവിടങ്ങളിൽ കാണുന്ന പളളികൾക്കെന്നപോലെ മിനാരമോ ഖുബ്ബയോ ഇല്ലാത്തതിനാൽ അതൊരു പളളിയാണെന്ന്‌ തോന്നിക്കുകയില്ല. പിൻഭാഗത്ത്‌ വലിയ കിച്ചണും ഡൈനിങ്ങ്‌ ഹാളുമുളളതുകൊണ്ട്‌ സത്രമായി തോന്നിയേക്കാം. അല്ലെങ്കിൽ കല്ല്യാണമണ്ഡപം അതുമല്ലെങ്കിൽ....

അവർ ഒരു സമൂഹമാണ്‌. അവർക്ക്‌ അവരുടെ വിശ്വാസം. അവരുടെ ആരാധന.

അവരുടെ സമൂഹത്തിനു ഒരു കെട്ടുറപ്പുണ്ട്‌. കച്ചവടമാണ്‌ അവരുടെ പ്രധാന സമ്പാദ്യമാർഗ്ഗം. സമ്പാദിച്ച്‌ അവർ നല്ല രീതിയിൽ ജീവിക്കുന്നു. പാവങ്ങളും ഉണ്ടായിരിക്കും. പക്ഷേ, അവരുടെ സമൂഹം ക്ഷേമതൽപ്പരരും സംഘടിതരുമാകയാൽ ആ വിടവ്‌ നികത്തുന്നതായിരിക്കും. പളളിയാണ്‌ അവരെ ബന്ധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്‌. ദിവസേന പ്രാർത്ഥനാസമയങ്ങളിൽ ആണും പെണ്ണും ഭേദമന്യേ പളളിയിൽ എത്തുന്നു. അവരുടെ വരവ്‌ തെരുവിനെ തിരക്കുളളതാക്കും. അകലെ നിന്നുളളവർ സ്വന്തം വണ്ടിയിലാണ്‌ വന്നുചേരുക.

ഒരു യൂനിഫോമിറ്റിയുളളതാണ്‌ അവരുടെ സമൂഹം. ആണുങ്ങൾ വെളുത്ത പൈജാമയും കൂർത്തയുമാണ്‌ ധരിക്കുക. തലയിൽ എംബ്രോയിഡറി തൊപ്പിയും. സ്‌ത്രീകൾ അടിവസ്‌ത്രത്തിനു മുകളിലായി കന്യാസ്‌ത്രീകളെപോലെ അരവരെ എത്തുന്ന ശിരോവസ്‌ത്രവും അരക്കുതാഴെ അയഞ്ഞ പാവാടയും പല വർണ്ണങ്ങളിലും ഡിസൈനുകളിലും സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നു. അവർ വരുമ്പോൾ സുഗന്ധം പരത്താറില്ല. ധൂമപാനങ്ങൾ ഉപയോഗിക്കുന്നവരുമല്ല അവർ. അവരുടെ കടകളിൽ അത്തരം സാധനങ്ങൾ വിൽക്കുന്നതുപോലും നിഷിദ്ധമായി കരുതുന്നു.

വെളളിയാഴ്‌ച ഉച്ചനേരത്ത്‌ വണ്ടിയുടെ ആരവവുമായി അവരുടെ തെരുവ്‌ നിറയും. വിശിഷ്‌ട വ്യക്തികൾ വരുമ്പോളാണ്‌ ആരവം അതിരു കടക്കുക. അതിഥികൾ മിനിസ്‌ട്രി വണ്ടിയിൽ പോലീസ്‌ പ്രൊട്ടക്ഷനോടെ ആനയിച്ച്‌ വരുമ്പോൾ കുട്ടികളുടെ മാർച്ച്‌, ബാന്റ്‌ വാദ്യം, മുദ്രാവാക്യം അങ്ങനെ ഒരു വലിയ ജനസാന്ദ്രതയാൽ തെരുവ്‌ കോലാഹലമായിരിക്കും.

ഇക്കാഴ്‌ചകളെല്ലാം റഫീഖ്‌ ബാൽക്കണിയിൽ നിന്ന്‌ പതിവായി കണ്ടുകൊണ്ടിരുന്നു. റഷ്യക്കാരിൽനിന്ന്‌ ചുളുവിലയ്‌ക്കു വാങ്ങിയ ലോങ്ങ്‌ റേഞ്ച്‌ കാമറ ഉപയോഗിച്ച്‌ അകലെ അവരുടെ കൂട്ടത്തിൽനിന്ന്‌ ഏതെങ്കിലും ഒരു രൂപം നിഷ്‌പ്രയാസം ഒപ്പിയെടുക്കാൻ അയാൾക്ക്‌ കഴിയും. പക്ഷെ, റഫീഖ്‌ വീക്ഷിക്കുന്നത്‌ അവരുടെ സമൂഹത്തെയാണ്‌. അവരുടെ ആരവം, ചലനം അയാളെ ഹഠാതാകർഷിച്ചു.

അവരുടെ തെരുവിൽ റഫീഖ്‌ താമസിക്കാൻ തുടങ്ങിയിട്ട്‌ ഏതാനും മാസങ്ങളെ ആയിട്ടുളളു എങ്കിലും അയാൾ അവരെക്കുറിച്ച്‌ ഏറെ നിരീക്ഷിച്ചു കഴിഞ്ഞു. ചിലപ്പോഴെങ്കിലും അയാൾ സഹതാമസക്കാരോട്‌ അത്ഭുതപൂർവ്വം പറഞ്ഞിട്ടുണ്ട്‌. നോക്ക്‌ അവരുടെ ഡ്രസ്സ്‌, എത്ര അടക്കമുളളവർ! നമ്മുടെ സ്‌ത്രീജനങ്ങളെ കണ്ടോ, നാഭി പുറത്ത്‌. ദുർമ്മേദസ്സ്‌ പടർന്ന അരക്കെട്ട്‌ കാണുമ്പോൾ ഓക്കാനം വരും...

സഹതാമസക്കാർ ചുണ്ടിൽ തമാശച്ചിരി പടർത്തി അയാളുടെ വാദത്തെ എതിർത്തു, രക്തസാക്ഷികളായ പൈതങ്ങളെ വിളിച്ച്‌ മാറത്തടിച്ച്‌ വിലപിക്കുന്ന ചെകുത്താന്മാരാണവർ...മജൂസികളുടെ മനസ്സിപ്പോഴും അവർ ഉപേക്ഷിച്ചിട്ടില്ല!

ചില മുൻ ധാരണകൾ ഉളളതുപോലെ അവരിലെ അനാചാരങ്ങളെ സുഹൃത്തുക്കൾ പെരുപ്പിച്ചു പറഞ്ഞു. ചിലർ അവരെ അവിശ്വാസികളായി മുദ്ര കുത്തുകപോലും ചെയ്‌തു.

സുഹൃത്തുക്കളുടെ ആരോപണം റഫീഖ്‌ അത്രകണ്ട്‌ ചെവിക്കൊണ്ടില്ലെങ്കിലും അവരെക്കുറിച്ച്‌ ഒരു വീണ്ടുനിരീക്ഷണം നടത്താൻ തന്നെ അയാൾ തീരുമാനിച്ചു. താമസിയാതെ അയാൾക്ക്‌ അതുവരെ കാണാൻ കഴിയാത്ത ഒരുകാര്യം കണ്ടെത്താൻ കഴിഞ്ഞു. സ്‌ത്രീകൾ ശിരോവസ്‌ത്രം ധരിച്ചവരാണെങ്കിലും തലമുടി അർദ്ധഭാഗവും വെളിയിലായിരുന്നു. കലാപരമായി കോതിമിനുക്കിയ കേശം അൽപ്പമെങ്കിലും പ്രദർശിപ്പിക്കാതെ പിന്നെന്ത്‌ ചേല്‌?

റഫീഖിനു അവരോടു തോന്നിയിരുന്ന മതിപ്പിൽ കേശപ്രദർശനം കൊണ്ട്‌ വലിയ ഇടിവൊന്നും പറ്റിയില്ലെങ്കിലും രണ്ടാമതൊരു കാര്യംകൂടി അയാളുടെ ശ്രദ്ധയിൽ പെട്ടു. ശിരസ്സിന്റെ പിന്നിലായി കയറ്റിയിട്ട ശിരോവസ്‌ത്രത്തിന്റെ മുഖശീല കാറ്റ്‌ മുന്നിലേക്ക്‌ നിവർത്തിയിടുമ്പോൾ ലോലമായ പാണികൾകൊണ്ട്‌ അനായാസം അവർ പിറകിലേക്ക്‌ കയറ്റിവെക്കുന്നു. അല്ലെങ്കിൽ മുഖം മറച്ചിട്ടെന്താണ്‌ കാര്യം? പ്രത്യക്ഷത്തിൽ ആളെ മനസ്സിലാക്കാൻ ഉതകുന്ന മുഖം മറഞ്ഞിരുന്നാൽ ആൾമാറാട്ടത്തിനു അത്‌ കളമൊരുക്കും. തദ്വാര അത്‌ സമൂഹത്തിൽ വലിയ വിന വരുത്തിവെക്കുകയും ചെയ്യും.

ഇത്തരം ചെറിയ കാര്യങ്ങൾ ഉപേക്ഷിച്ച്‌ വസ്‌ത്രധാരണത്തിന്റെ ആകെത്തുക നോക്കുമ്പോൾ റഫീഖിനു അവരോട്‌ എന്തെന്നില്ലാത്ത ആദരവും ബഹുമാനവും തന്നെയായിരുന്നു. അതുമാത്രമല്ല, അയാളുടെ മനസ്സിൽ എന്നോ സൂക്ഷിച്ച ഒരു സൗന്ദര്യചിത്രം അവരുടെ പർദ്ദക്കുളളിൽ ഒരു ദിവസം മിന്നിമറയുന്നത്‌ അയാൾ കണ്ടിരുന്നു. അയാളുടെ മനസ്സിലപ്പോൾ അരിപ്പൂക്കാടുകൾ പൂത്തു നറുമണം വീശി. അത്‌ അയാളുടെ ഉളളിൽ വീശിയ ആദ്യത്തെ മാദക ഗന്ധമായിരുന്നു.

അവരുടെ തെരുവിൽ അവർ നിറഞ്ഞിരുന്നു. പളളിയിൽ നിന്നിറങ്ങി വാസസ്ഥലത്തേക്ക്‌ പോവാനുളള തിടുക്കത്തിലായിരുന്നു അവർ. ഹോണടികളുടെ ശബ്‌ദം, വണ്ടിയുടെ മൂളൽ, അലർച്ച-അങ്ങനെ തെരുവ്‌ ശബ്‌ദമുഖരിതം. റഫീഖിന്റെ മനസ്സപ്പോൾ മിന്നി മറഞ്ഞ രൂപത്തിൽ കുടുങ്ങിക്കിടന്നിരുന്നു. ജോലി കഴിഞ്ഞുവരുന്ന അയാൾ ഒരു പാർക്കിങ്ങിനുവേണ്ടി ചുറ്റും കണ്ണയച്ചു. അവരുടെ തെരുവിൽ ഒരു പാർക്കിങ്ങ്‌ കിട്ടുവാൻ ചിലപ്പോൾ അവർ കനിയുകതന്നെ വേണം. വണ്ടി എവിടെയെങ്കിലും ചേർത്ത്‌ നിറുത്തിയിട്ട്‌ ആ സൗന്ദര്യരൂപത്തെ പിന്തുടരുവാൻ അയാൾ മോഹിച്ചു.

സൂര്യൻ തലക്കുമുകളിൽ നിന്ന്‌ ചെരിഞ്ഞു തുടങ്ങിയിരുന്നു. ജീവിത മധ്യാഹ്നത്തിൽ നിന്ന്‌ ചരിഞ്ഞു തുടങ്ങിയ അയാൾ കണ്ണിൽപെട്ട ഒരിടുങ്ങിയ സ്ഥലത്ത്‌ പാർക്ക്‌ ചെയ്യാൻ ശ്രമിക്കവെ ഒരപകടവും പിണഞ്ഞു. ഒരുരസൽ, ഒരു ചുംബനം എന്നൊക്കെ പറയാമെങ്കിലും അതുകൊണ്ട്‌ സമയം നഷ്‌ടപ്പെട്ടല്ലോ. നഷ്‌ടപ്പെട്ട സമയവും സന്ദർഭവും വീണ്ടെടുക്കാൻ കഴിയുമോ? അയാൾ നിരാശനായി നഖം കടിച്ചു.

അങ്ങനെയങ്ങനെ പുണ്യവ്രതമാസം വന്നു.

രാവുണർന്നു, പകലുറങ്ങി.

രാവുകൾ ഓരോന്ന്‌ കഴിയുന്തോറും ഭക്തിസാന്ദ്രത ഏറിയേറി വന്നു. ആയിരം രാവുകളേക്കാൾ മഹത്വമുളള ഒരു രാവിനുവേണ്ടി പ്രതീക്ഷിച്ചിരുന്ന ഭക്തർ പുലരുംവരെ പ്രാർത്ഥനയും ജപവും കീർത്തനവുമായി ഭജനമിരുന്നു. ഒടുവിൽ അതിനെല്ലാം അറുതി വരുത്തിക്കൊണ്ട്‌ പെരുന്നാൾ വന്നു. സന്തോഷത്തിന്റെയും സായൂജ്യത്തിന്റെയും ദിനം! അന്ന്‌ വിശ്വാസികൾ പുതുവസ്‌ത്രമണിഞ്ഞ്‌ ദൈവം മഹാൻ എന്ന്‌ പ്രകീർത്തിച്ചു. ചുംബിച്ചും ആശ്ലേഷിച്ചും കൈകോർത്തും ആശംസകൾ നേർന്നു.

റഫീഖും സുഹൃത്തും ബാൽക്കണിയിൽനിന്ന്‌ താഴേക്ക്‌ നോക്കി.

പെരുന്നാൾ സായാഹ്നമായിട്ട്‌ തെരുവ്‌ അവരെക്കൊണ്ട്‌ നിറയേണ്ടതായിരുന്നു. പിന്നെന്താണിങ്ങനെ അവരില്ലാത്ത തെരുവ്‌? പകരം വേറെ പലരും വാഹനത്തിലും കാൽ നടയായും പോവുന്നു. പുരുഷന്മാർ പാന്റ്‌സും ഷർട്ടും ടൈയും കോട്ടും ധരിച്ച്‌ ഗമയിൽ നടക്കുമ്പോൾ സ്‌ത്രീകൾ സാൽവാർ കമ്മീസും അതിനു സമാനമായ മറ്റുടുപ്പുകളും ധരിച്ച്‌ ചന്തി ചലിപ്പിച്ചുളള അന്നനടയിലാണ്‌. നൂറിന്റെ നോട്ടൊന്നു ചെലവാക്കി ഇത്തിരിനേരം ബ്യൂട്ടിപാർലറിൽ ഇരുന്നാൽ മതിയല്ലോ ഒരു പൂതന സുന്ദരിയായി പുറത്തുവരാൻ. പൂതന എന്ന്‌ റഫീഖ്‌ വിചാരിക്കുന്നത്‌, പലരും വിചാരിക്കുക വേറെയാണ്‌. പുരുഷൻമാരെ മോഹിപ്പിക്കുന്ന ചില പെൺജാതികളുണ്ടല്ലോ. രംഭ, തിലോത്തമ, മേനക പിന്നെ പെൺജിന്ന്‌, ഹൂറി എന്നിങ്ങനെയൊക്കെയുളള വഹകൾ...

ശതനോട്ടിന്റെ ബലത്തിൽ പെണ്ണിന്റെ മൃദുദേഹത്തിൽ ബ്യൂട്ടീഷന്റെ ഷഡ്‌പ്രയോഗം. ഹെഡ്‌മസ്സാജ്‌, ത്രെഡ്‌ഡിങ്ങ്‌, വാക്‌സിങ്ങ്‌, മാനിക്യൂർ പെഡിക്യൂർ, ഫേഷ്യൽ... എല്ലാം കഴിയുമ്പോൾ പെൺജാതിയുടെ ദേഹത്ത്‌ കാന്തിദ വിദഗ്‌ദ്ധയുടെ കരസ്‌പർശം ഉണർത്തിയ ഷഡ്വികാരം! അതിന്റെ തരിപ്പൊന്നു മാറാൻ അനാച്ഛാദനം അനിവാര്യം. സഹജമായ നാണം കൊണ്ടോ കലാബോധം കൊണ്ടോ എന്തെന്നറിയില്ല പെൺജാതികൾ പൂർണ്ണ അനാച്ഛാദനം ഇഷ്‌ടപ്പെടുന്നില്ല. അവിടവിടെ ചില വിളളലുകൾ. അതാണല്ലോ കലാപാടവം. പ്രദർശനത്തിന്റെ തന്ത്രം...സംഗതി ഉഷാർ! തന്ത്രപ്രധാനമായ ആറ്‌ പ്രയോഗങ്ങളും അഭ്യസിച്ചവർ തന്നെ ഈ നാരീമണികൾ!

എത്ര തിരിഞ്ഞു നോക്കിയിട്ടും അവരുടെ തെരുവിൽ വളരെ വിരളമായി മാത്രമെ അവരുടെ യൂനിഫോമിട്ട ആളുകളെ റഫീഖ്‌ കണ്ടുളളൂ. അവരാകട്ടെ വൃദ്ധരുമായിരുന്നു. അവരിലെ ചെറുപ്രായക്കാരെവിടെ? ഒരുപക്ഷേ, അവരെല്ലാം വേറെങ്ങോ ഉല്ലാസയാത്ര പോയതായിരിക്കും. പെരുന്നാളല്ലേ, ഉല്ലസിക്കട്ടെ.

സംശയങ്ങൾ സുഹൃത്തിലേക്ക്‌ നീണ്ടു, ഇന്നെന്താ ഈ തെരുവിൽ അവരെ കാണാത്തത്‌? ഇന്നലെവരെ അവരെക്കൊണ്ട്‌ നിബിഢമായിരുന്നല്ലോ ഈ തെരുവ്‌?

സുഹൃത്ത്‌ താഴെ നോക്കി. അപ്പോൾ വിഘടിത റഷ്യൻ രാജ്യങ്ങളിലെ കുറച്ചു പെൺജാതികൾ റോഡുനീളെ ഫാഷൻ പരേഡ്‌ പോലെ നടക്കുന്നുണ്ടായിരുന്നു. അവരുടെ വെളുത്ത ഉടൽ നഗരത്തിൽ സംസാരവിഷയം. യുവാക്കളുടെ സിരകൾക്ക്‌ ചൂടുപിടിക്കുന്ന ഹരം!

സാൽവാർ കമ്മീസ്‌ ധരിച്ച ഒരു ചെറുപ്പക്കാരി മുടന്തി നടക്കുന്നത്‌ കണ്ടപ്പോൾ റഫീഖ്‌ തെല്ല്‌ അതിശയത്തോടെ സുഹൃത്തിനോട്‌ ആരാഞ്ഞു, നിങ്ങൾ ഈ തെരുവിൽ ഒരു മുടന്തിയെ എപ്പോഴെങ്കിലും കണ്ടിരുന്നോ?

ഇല്ല, ഇന്നാദ്യം കാണുകയാണ്‌.

ഞാനും അതെ! അവരെവിടെ? റഫീഖ്‌ അമ്പരന്ന്‌ ചോദിച്ചു. അവരില്ലാത്ത അവരുടെ തെരുവോ? അതെങ്ങനെ സംഭവിച്ചു?

സുഹൃത്തിന്റെ മന്ദഹാസം പൊഴിച്ച മറുപടി, നിങ്ങൾക്കു തെറ്റുപറ്റി.

തെറ്റോ, ഞാൻ കാണുന്നത്‌ അവരുടെ തെരുവ്‌ തന്നെയല്ലേ?

അതെ, അവരുടെ തെരുവ്‌ തന്നെ!

പിന്നെന്തേ അവർ?

അവർ തന്നെയാണ്‌ സുഹൃത്തെ തെരുവിൽ കൂടി പോവുന്നത്‌...

അവരോ? റഫീഖ്‌ അന്ധാളിച്ചു. അവരുടെ തൊപ്പിയെവിടെ? ശിരോവസ്‌ത്രമെവിടെ?

വിശ്വസിക്കാൻ കഴിയാത്തവിധം അവർ അത്രകണ്ട്‌ മാറിപ്പോയിരിക്കുന്നു. പുരുഷന്മാരെക്കൾ ഏറെ മാറ്റം കണ്ടത്‌ സ്‌ത്രീകൾക്കാണ്‌. ദുർമേദസ്സ്‌ പടർന്ന ശരീരം, വീർത്ത ഉദരം, വൈകല്യം സംഭവിച്ച ശരീരഭാഗങ്ങൾ, നഷ്‌ടപ്പെട്ട മുഖകാന്തി...ഈ വൈകല്യങ്ങളത്രയും അവരുടെ വേഷത്തിൽ പൊതിഞ്ഞു വെക്കുകയായിരുന്നോ?

പെരുന്നാൾ ഒരു ദിവസമാണ്‌. അതുകഴിഞ്ഞ്‌ ആറുനാൾ വീണ്ടും വ്രതം അനുഷ്‌ഠിക്കണം. പക്ഷേ, അത്‌ തുടർന്നെടുക്കണമെന്ന്‌ നിർബന്ധമില്ല. എന്നിരുന്നാലും പെരുന്നാൾ ഒരു ദിവസത്തിൽ കൂടുതൽ ആർക്കും ഉണ്ടാവാൻ ഇടയില്ലല്ലോ.

റഫീഖ്‌ കുറെനാൾ തെരുവുതന്നെ ശ്രദ്ധിച്ചു. പക്ഷേ, തെരുവ്‌ അവരുടേതായി തീരുന്നില്ല, എന്താണിങ്ങനെ?

സുഹൃത്തിന്റെ അഭിപ്രായമനുസരിച്ച്‌ ഇനിയും ഈ തെരുവ്‌ അവരെക്കൊണ്ട്‌ മെല്ലെ നിബിഢമായി തീരുമെന്ന്‌ റഫീഖ്‌ വിശ്വസിക്കുന്നു. പക്ഷേ, അങ്ങനെ ഒരവസ്ഥയിൽ വീണ്ടും അവരെ കാണുമ്പോൾ റഫീഖിനു അവരോടു തോന്നിയ മമത, മതിപ്പ്‌ എല്ലാം നഷ്‌ടപ്പെടുകയില്ലേ?

അല്ല, ഇത്രയും കേട്ട്‌ സ്ഥിതിക്ക്‌ വായനക്കാരായ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

എം.പി.എ.കാസിം

വിലാസം

എം.പി.എ.കാസിം,

ചാലിൽ ഹൗസ്‌,

ചൊമ്പള പി.ഒ.

673 308
Phone: 0091 496 3890
E-Mail: mpakasim@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.