പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വാന്ത്വനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിത

മൂന്നു ദിവസത്തെ ആശുപത്രി വാസം അവളെ മാറ്റിയത്‌ കുറച്ചൊന്നുമല്ല. കുളിയും ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ചവൾ അവനു കാവലിരുന്നു. തന്റെ അശ്രദ്ധകൊണ്ട്‌ സംഭവിച്ച തെറ്റെന്ന്‌ ഇടയ്‌ക്കിടെ സ്വയം പ്രാകികൊണ്ടിരുന്നു.

മൂന്നാം ദിവസം ഡിസ്‌ചാർജ്ജ്‌ എഴുതിക്കൊടുത്ത ഡോക്‌ടർ അവളുടെ നേരെ തിരിഞ്ഞു.

“ഗീത നിങ്ങളുടെ മോൻ മാത്രമല്ല ഇതുപോലെ വേറെയും ധാരാളം കുട്ടികളുണ്ട്‌. സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കൂ. ഇതിനിടെ വീട്ടിൽ മറ്റൊരാൾ കൂടി ഉള്ള കാര്യം ഇയാൾ മറക്കുകയാണല്ലെ” അവളുടെ കണ്ണുകൾ മുറിയിലാകെ ആനന്ദിനെ പരതി. ഇല്ല. അയാൾ പുറത്ത്‌ പോയി. തന്നോട്‌ സംസാരിക്കാൻ ഡോക്‌ടറോടയാൾ പറഞ്ഞു കാണുമെന്നവൾ ഊഹിച്ചു.

“ആനന്ദ്‌ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നു. എന്തിനാണയാളെ ഇങ്ങനെ ശിക്ഷിക്കുന്നു. ബി. പ്രാക്‌ടിക്കൽ” അവളുടെ പുറത്ത്‌ തട്ടി ഡോക്‌ടർ കടന്നുപോയി. അടുത്ത ഞായറാഴ്‌ച രാവിലെ ഉറക്കച്ചടവോടെ ഉമ്മറത്തിരുന്ന്‌ പത്രം വിടർത്തിയ അയാൾക്ക്‌ മുന്നിൽ അവൾ നിന്നു. “നമുക്ക്‌ പിരിയാം” ഗോതമ്പുപൊടി വാങ്ങണമെന്നോ, കറണ്ട്‌ ബിൽ വന്നെന്നോ പറയുന്ന അതേ ലാഘവത്തോടെയാണ്‌ അവൾ അത്‌ പറഞ്ഞത്‌. അവളുടെ മുഖത്തെ നിസ്സംഗത നോക്കി അയാൾ മിഴിച്ചിരുന്നു.

“പെട്ടെന്നെടുത്ത തീരുമാനമല്ല. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഈ ചിന്ത മനസ്സിൽ കയറിയിട്ട്‌. നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ഇഷ്‌ടമില്ല. ഞാൻ മോനേം കൂട്ടി വീട്ടിലേക്ക്‌ പോണു.”

“എന്നിട്ട്‌?”

“അവിടെ അച്‌ഛനും അമ്മേം ഉണ്ടല്ലൊ, അത്യാവശ്യം ജീവിക്കാൻ വകയും ഉണ്ട്‌.”

“ഞാൻ..........”

“ആനന്ദിന്റെ ഇഷ്‌ടം. ജീവിതം എൻജോയ്‌ ചെയ്യാനുള്ളതാണെന്നാണല്ലൊ ആനന്ദിന്റെ പോളിസി”.

“നീയില്ലാതെ എന്ത്‌.........?”

“ഒക്കെ നേരെയാകും.”

“നിനക്ക്‌ ഭ്രാന്താണ്‌.” ചവിട്ടിത്തുള്ളി അയാൾ ഇറങ്ങിപ്പോകുമ്പോൾ അവൾ വിളിച്ചു പറഞ്ഞു. “എന്റെ തീരുമാനത്തിന്‌ മാറ്റമില്ല. ഞാൻ പോകും.”

വൈകിട്ട്‌ പിറുപിറുത്തും കരഞ്ഞും നിന്ന ആകാശം ഒന്നു തെളിഞ്ഞനേരം അയാൾ കയറിവന്നു. അത്രനേരം അയാളെവിടെയായിരുന്നെന്നവൾ ചോദിച്ചില്ല. അവർക്കിടയിൽ അത്തരമൊരു ബന്ധം പണ്ടേ ഇല്ലാതായല്ലൊ. അയാൾ മുറിയിൽ കയറിയപ്പോൾ അവൾ സാധനങ്ങൾ പാക്‌ ചെയ്യുകയായിരുന്നു.

“ഗീത നീയില്ലാതെ.........”

“കഴിയും. കഴിഞ്ഞേ പറ്റൂ ആനന്ദ്‌.”

അയാൾ അവളുടെ അരികിൽ ഇരുന്നു.

“എപ്പോഴാണ്‌ പോകുന്നത്‌?”

“രാവിലെ അഞ്ചിന്റെ വണ്ടിക്ക്‌?”

“മടങ്ങി വരുമോ?”

“ഇല്ല ആനന്ദ്‌. പക്ഷെ നിങ്ങൾ എന്റെയുള്ളിൽ എന്നുമുണ്ട്‌.

അപ്പോൾ ഇനി ഈയൊരു രാത്രി മാത്രം.”

അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീർ അവൾ തുടച്ചുമാറ്റി. വീണ്ടും പെയ്യുന്ന കണ്ണുകൾ മറയ്‌ക്കാൻ അയാളവളുടെ തോളത്തേയ്‌ക്ക്‌ ചാഞ്ഞു. തലമുടിയിലും പുറത്തും തലോടി. വാക്കുകളില്ലാത്ത ഒരായിരം സാന്ത്വന മന്ത്രങ്ങളാൽ അവൾ അയാളുടെ നോവ്‌ മാച്ചുകൊണ്ടിരുന്നു.

സുനിത
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.