പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വപ്‌നം കതിരിട്ടുനിന്ന നിമിഷങ്ങളിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉമ്മാച്ചു

സമയം എന്തു ചെയ്യുന്നു എന്നറിയാനായി മൊബൈൽ ഫോണെടുത്തു നോക്കി. പതിനൊന്ന്‌ പതിനൊന്ന്‌ മുപ്പത്തിരണ്ട്‌.....

വെയിലിന്റെ അസ്‌ഥിരമായൊരു നിറവ്‌ അന്തരീക്ഷത്തെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്‌ ഏത്‌ നിമിഷവും മഴ ഇഴഞ്ഞെത്തിയെന്ന്‌ വരാം. ഇക്കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിൽ പരക്കെ മഴയായിരുന്നു. ഇരുൾ മൂടിയ മൂന്ന്‌ ദിനങ്ങൾ.

തപാൽക്കാരൻ മുകളിൽ കയറിവന്ന്‌ കതകിൽ മുട്ടുമ്പോൾ ഞാൻ പിൻവശത്തെ ജനലിന്റെ വെളിച്ചം നോക്കി ‘ഇഡിയറ്റ്‌’ വായിക്കുകയായിരുന്നു. ഞാൻ മുറിയിലുണ്ടെന്ന്‌ താഴെ ഓഫീസിലിരുന്ന്‌ സലീം പറഞ്ഞിരിക്കണം.

അകത്തെ വാതിൽത്തുളയിൽ താക്കോലിട്ട്‌ തുറന്ന്‌ പോസ്‌റ്റ്‌മാൻ നീട്ടിയ നീണ്ട കവർ പരിശോധിച്ചു - മാതൃഭൂമിയിൽ നിന്നാണ്‌.....

‘മാതൃഭൂമിയിൽ നിന്ന്‌ എനിക്കിപ്പോൾ എഴുത്തൊന്നും വരേണ്ട കാര്യമില്ലല്ലോ! ഈയടുത്തകാലത്തൊന്നും ഞാൻ മാതൃഭൂമിക്ക്‌ കഥയോ കവിതയോ ഒന്നും അയച്ചിട്ടില്ല - ഒരു പക്ഷേ മുമ്പെപ്പോഴോ ഞാൻ അയച്ച ഏതോ രചന തിരിച്ചയച്ചതായിരിക്കാം’ ആലോചനക്കിടയിൽ രവിയേട്ടന്‌ നന്ദി പറയാൻ മറന്നു. രവിയേട്ടൻ തപാൽ സഞ്ചിയും തൂക്കിക്കൊണ്ട്‌ താഴേക്കുള്ള സ്‌റ്റെപ്പുകൾ ഇറങ്ങിത്തുടങ്ങിയിരുന്നു.

ഞാൻ വാതിലടച്ച്‌ ഉള്ളിൽ നിന്ന്‌ ലോക്കിട്ട്‌, ജനൽ വെളിച്ചത്തേക്കെത്തി. ഡോസ്‌റ്റോയേഫ്‌സ്‌കിയുടെ ഇഡിയറ്റ്‌ മാറ്റിവെച്ച്‌ മാതൃഭൂമിയുടെ ബ്രൗൺ നിറത്തിലുള്ള കവർ ‘ഉള്ളിലുള്ളതു കീറരുതേ’ എന്നുരുക്കഴിച്ച്‌ ‘ശിർർ’ എന്നു കീറിത്തുറക്കുമ്പോൾ കീഴെ, കട്ടിലനടിയിൽ നിന്നും ഒരു കിറുകിറു ശബ്‌ദം. ഞാൻ കുനിഞ്ഞു നോക്കി - എന്റെ സുഹൃത്ത്‌ മണിയനെലിയാണ്‌. അവൻ എന്റെയൊരു പഴയ കടലാസു പെൻസിൽ എവിടെ നിന്നോ തേടിപ്പിടിച്ചെടുത്ത്‌ മുനവെപ്പിക്കുന്ന സേവനത്തിലാണ്‌.!

“എടേ മണിയനെലി, നീയി നട്ടാപ്പകലും തൊടങ്ങ്യോ, നെന്റെ കലാപരിപാടികൾ? ങ്ങ്‌എ!”

“എന്തോന്ന്‌! മണിയനെലി മീശയും ചുണ്ടും വിറപ്പിച്ചുകൊണ്ട്‌ കാർപ്പെറ്റിൽ രണ്ടുകാലിൽ ഉയർന്നുനിന്ന്‌ ആശ്ചര്യത്തോടെ ചിലച്ചു. ‘അങ്ങുന്നേ വട്ടായിപ്പോയോ നിങ്ങക്ക്‌? - ഇത്‌ നട്ടാപ്പകലല്ല; നട്ടപ്പാതിരായാണ്‌!......”

“അത്‌ ശരി - നീയെന്നെ കളിപഠിപ്പിക്കാനും തൊടങ്ങ്യോ.... അതിരിക്കട്ടെ, മണിയനെലി, നീ നിന്റെ മക്കളെ മൂന്നിനേയും കടലാസു വിരോധികളായിട്ടു തന്ന്യല്ലേ. വളർത്തിക്കൊണ്ടു വരുന്നത്‌? - നിന്റെ അച്‌ഛനുമമ്മയും നിന്നെ വളർത്തിക്കൊണ്ട്‌ വന്നതുപോലെ!”.

“അതൊക്കെ എന്നോട്‌ പ്രത്യേകം പറയണോ അങ്ങുന്നേ- എന്റെ മക്കൾ മൂന്ന്‌ പേരും മാഷുടെ പുസ്‌തകങ്ങളൊന്നും തൊടുകയേയില്ല; പോരെ?”

“എനിക്കതുമാത്രം മതി. അല്ല നിന്റെ ഭാര്യയ്‌ക്കും മക്കൾക്കും സുഖം തന്നെയല്ലേ?”

“..........ദൈവസഹായം കൊണ്ട്‌ ഞങ്ങള്‌ സകുലം സന്തോഷിച്ചും സുഖിച്ചും അങ്ങനെ പോണു....”

ഞാൻ മാതൃഭൂമിയുടെ കത്ത്‌ തുറന്നു വെളിച്ചത്തേക്കു വെച്ച്‌ വായിച്ചു.... “പ്രിയ സുഹൃത്ത്‌ നരേന്ദ്രൻ, ഈ വർഷത്തെ മാതൃഭൂമി ഓണപ്പതിപ്പിന്‌ വേണ്ടി താങ്കളുടെ ഒരു കഥ അയച്ചു തരണമെന്ന്‌ അഭ്യർത്ഥിക്കുന്നു..... പള്ളിക്കുന്നിൽ നിന്ന്‌ ശ്രീ. പത്‌ന്മനാഭൻ സാറാണ്‌ താങ്കളുടെ പേരും വിലാസവും നിർദ്ദേശിച്ചത്‌..... ജൂലൈ 30-ന്‌ മുമ്പ്‌ കഥ മാതൃഭൂമി ഓഫീസിൽ കിട്ടത്തക്ക വിധത്തിൽ അയക്കുമല്ലോ എന്ന്‌ വിധേയൻ.....”

“സംഗതി ഗംഭീരമായിരിക്കുന്നല്ലോ!” മണിയനെലി മൂനകൂർപ്പിച്ച കടലാസുപെൻസിൽ തോളിലേറ്റിക്കൊണ്ട്‌ നിവർന്ന്‌ നിന്ന്‌ എന്നെ നോക്കി.

“സംഗതി ഈയാണ്ടത്തെ മുഴുത്ത ലോട്ടറി തന്നെ!........ കുറച്ചുനാൾ മുമ്പ്‌ ഞാൻ അങ്ങേരെ പള്ളിക്കുന്നിൽ വെച്ച്‌ കണ്ടിരുന്നു. എന്റെ കഥാ പുസ്‌തകങ്ങൾ വായിക്കാനും കൊടുത്തു..... നല്ല പട്ടുപോലത്തെ മനുഷ്യൻ...”

“എന്നിട്ട്‌ എല്ലാരും പറയണത്‌ ആള്‌ മഹാ പോക്രിയാണെന്നാണല്ലോ?”

“.... അത്‌.......ചിലരോടങ്ങനെയാണ്‌. ഇഷ്‌ടപ്പെട്ടവരെ അകത്ത്‌ കയറ്റിയിരുത്തി ചായ തന്ന്‌ സൽക്കരിക്വേം തോളിൽ കയ്യിട്ട്‌ വർത്തമാനം പറയ്യ്വേം കൂടി ചെയ്യും..... പോരുമ്പോൾ ഒരുപിടി ഇളം മുരിങ്ങക്ക പറിച്ചു പൊതിഞ്ഞു തർവേം ചെയ്യും. പോരാഞ്ഞ്‌ മൂപ്പർ കണ്ണൂർ കൈത്തറി കൈലിയുമുടുത്ത്‌ നമ്മോടൊപ്പം ഇറങ്ങി വന്ന്‌, സൂപ്രണ്ടു ഗെയ്‌റ്റും ബസ്‌റ്റോപ്പോളം വന്ന്‌ ബസ്സ്‌ പിടിച്ച്‌ തരികേം ചെയ്യും. അതിലേ ഓടുന്ന ബസിലെ ഡ്രൈവർമാർക്കെല്ലാം കഥാകൃത്തിനെ ഇത്തിരി പേടിയുമാണ്‌. - ഒരു ശുദ്ധൻ നിഷ്‌കളങ്കൻ. പിന്നെ ചിലരോടൊക്കെയുള്ള അങ്ങേരുടെ ദേഷ്യം - അത്‌ അങ്ങേരുടെ അവകാശമല്ലേ? - ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്തിലല്ലേ അങ്ങേര്‌ ജീവിക്കുന്നത്‌? - തന്നെയുമല്ല, ഈ നാടിന്റെ ഏതെങ്കിലും ഒരു മൂലയിലുള്ള ഏതെങ്കിലും ഒരു കഥാകൃത്തോ കവിയോ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചാൽ പിറ്റേന്നു തന്നെ അതുംകൊണ്ട്‌ സഞ്ചിയും തൂക്കി പള്ളിക്കുന്നിൽ ബസ്സിറങ്ങും..... ദേഷ്യം വരാതിരിക്കുമോ!”

“ശരി’. ശരി..... എന്നാലേ, ഒരു കാര്യം - അങ്ങേര്‌ തോളിൽ കയ്യിട്ട്‌ കൊച്ചു വർത്തമാനം പറയുമ്പം നരേന്ദ്രൻ മാഷ്‌ പത്മനാഭൻ കഥാകൃത്തിന്റെ ചെവികടിച്ചു പറിച്ചു തിന്നേക്കരുതേ, പറഞ്ഞേക്കാം!”

“അത്‌ നിങ്ങൾ എലി വർഗ്ഗത്തിന്റെ വർഗ്ഗ സ്വഭാവമാണപ്പറഞ്ഞത്‌!” മണിയനോടുള്ള അമർഷമടക്കാൻ ശ്രമിച്ചുകൊണ്ടാണ്‌ ഞാൻ അങ്ങനെ പറഞ്ഞത്‌.

“.....അയ്യേ! ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, നരേന്ദ്രൻ മാഷേ! മാഷെന്നോട്‌ പിണങ്ങല്ലേ....ങ്ങ്‌ ആ.... ചെവി കടിച്ചുമുറിക്കുന്ന കാര്യം പറഞ്ഞപ്പഴാ ഓർത്തത്‌ - കഴിഞ്ഞമാസം പതിനാറാം തിയതിയല്ലേ മാഷിന്റെ മുടി ക്രോപ്പ്‌ ചെയ്‌തിരുന്നത്‌? - ഇന്നിപ്പോൾ തിയ്യതി 19 ആയി!”

“അത്‌.....”ഞാൻ ഒരു നിമിഷം ആലോചിച്ചു. മാതൃഭൂമിക്ക്‌ കൊടുക്കേണ്ട കഥ എഴുതിക്കഴിഞ്ഞിട്ട്‌ ഈ പ്രാവശ്യം എന്റെ മുടി ക്രോപ്പ്‌ ചെയ്‌താൽ പോരേ? കഥയെഴുതുമ്പം തലേലിത്തിരി മുടിയുള്ളത്‌ 30-​‍ാം തിയതി കഴിഞ്ഞിട്ടുമതി..... പക്ഷേ, ഒരു കാര്യം - കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നെന്റെ ചെക്കൻമാരെക്കൊണ്ട്‌ കരണ്ടു നാശമാക്കിയതുപോലെ ഇപ്രാവശ്യം എന്റെ മുടി നാശമാക്കിയാലുണ്ടല്ലോ!“

”ക്ഷമിക്കണേ മാഷേ. എന്റെ കാലശേഷോം മാഷ്‌ന്റെ മുടി ക്രോപ്പ്‌ ചെയ്യേണ്ടതല്ലേ? അതിനു വേണ്ടി മക്കളെ മൂന്നിനേം ഒന്ന്‌ പരിശീലിപ്പിച്ചതാ.... സാറ്‌ നല്ല കൂർക്കം വലിച്ചുറക്കമായിരുന്നു..... ഇപ്രാവശ്യേം എന്റെ മക്കള്‌ തന്നെ കാര്യ ചെയ്‌താൽ സംഗതി ഓക്കേയായി.... മണിയൻ ഒന്നമർത്തിച്ചിരിച്ചു.

എനിക്കു ദേഷ്യവും ചിരിയും ഒരുമിച്ചാണ്‌ വന്നത്‌. “.... അതായത്‌ പണ്ടൊരിക്കൽ ആ സൂത്രക്കാരൻ കൊരങ്ങച്ചൻ മരമണ്ടൻമാരായ പൂച്ച മച്ചാൻമാർക്ക്‌ നെയ്യപ്പം പങ്കുവെച്ച്‌ ശണ്‌ഠ തീർത്തതുപോലെ - ഒന്നവിടെക്കടിച്ച്‌..... ഒന്നിവിടെക്കടിച്ച്‌... പിന്നേം ഒന്നവിടെക്കടിച്ച്‌ ഒന്നിവിടെക്കടിച്ച്‌.... അവസാനം എന്റെ തലേല്‌ മരുന്നിൽ ചേർക്കാൻ പോലും ഒരു നുള്ള്‌ മുടി ബാക്കിയുണ്ടാവില്ല്യാ, അല്ലേ!.... അല്ലാ, നീ ഓരോ പ്രാവശ്യം എന്റെ തലേന്ന്‌ ക്രോപ്പു ചെയ്‌തുകൊണ്ടുപോകുന്ന എന്റെ മുടിയായ മുടിയൊക്കെ നീയെന്തു ചെയ്യുന്നു, മണിയാ?-”

“....ഹോ.... ഞാനക്കാര്യം നരേന്ദ്രൻ മാഷിനോട്‌ പറഞ്ഞില്ലായിരുന്നോ! - അതായത്‌ - മനുഷ്യരുടെ തലമുടിയൊരു സർവ്വരോഗസംഹാരിണിയാണെന്ന്‌ നമ്മുടെ ഗണേശൻ ചെട്ടിയാരാണ്‌ എന്നോടത്‌ പറഞ്ഞത്‌ - വാതം പിത്തം കഫം... ഇമ്മാതിരി അലവലാതി ഗുലുമാലുകളൊന്നും നിങ്ങൾ മനുഷ്യരുടെ തലമുടിയോടടുക്കില്ല.... ഞാനിക്കണ്ട കാലം കൊണ്ടൊരു പരീക്ഷണം നടത്തി വിജയിച്ചതുമാണാക്കാര്യത്തിൽ - മാഷിന്റ തലയിൽ നിന്നു കണ്ടിച്ചു കൊണ്ടുപോയ മുടിയൊക്കെ ചേർത്തു വെച്ച്‌ ഞാനൊരൊന്നാന്തരം കിടക്കയുണ്ടാക്കീരിക്യാ..... ഞാനും ഭാര്യേം മക്കളും ഹാ..... എന്തൊരുറക്കം. എന്തൊരു സുഖം - നല്ല നല്ല സുഖിയൻ സ്വപ്‌നങ്ങളും കണ്ടുകൊണ്ട്‌!”

ഈ സമയം കരച്ചിൽ പോലൊരു കിടുങ്ങൻ ഒച്ചകേട്ട്‌ ഞാനും മണിയനും മച്ചിലേക്ക്‌ നോക്കി ഞങ്ങളുടെ സുഹൃത്ത്‌ മാർത്താണ്ഡനെട്ടുകാലിയെ അവന്റെ കെട്ട്യോൾ കുങ്കിയമ്മയിട്ടോടിക്കുന്ന കാഴ്‌ചയാണ്‌ ഞങ്ങൾ കാണുന്നത്‌.... ഞങ്ങൾക്കിത്‌ പലപ്പോഴും രസികൻ കാഴ്‌ചയാവാറുണ്ട്‌ - മാർത്താണ്‌ഢനോ, ജീവന്മരണ പോരാട്ടവും - അതൊരു കദനകഥയാണ്‌ “ കുങ്കിയമ്മയിൽ കാമമുണരുന്ന നിമിഷങ്ങളിൽ, കുങ്കിയമ്മ മാർത്താണഡൻ ഭർത്താവിനെ ജീവനുമപ്പുറമായി സ്‌നേഹിക്കും. കുങ്കിയമ്മയ്‌ക്ക്‌ കാമപൂരത്തീകരണം കഴിഞ്ഞാലോ? - ഭവതിയ്‌ക്ക്‌ ഒടുക്കത്തെ വിശപ്പാണ്‌..... ആ വിശപ്പുമാറ്റാൻ മാർത്താണ്ഡനെ പിടിച്ചു തിന്നാനായി അവളൊരു രാക്ഷസിയായി മാറും. അപ്പോൾ. വെടിയൊച്ച കേട്ടീട്ട്‌ നമ്മുടെ പി.ടി. ഉഷ ഓടിയ ഓട്ടം പോലെ കടമ്പകൾ പലതും കടന്ന്‌ മാർത്താണ്ഡനെട്ടുകാലി ഓട്ടം തുടങ്ങും. കണ്ടു നിൽക്കുന്നവർക്ക്‌ ചിരിവരും. മാർത്താണ്ഡനോ? - കിതപ്പും കരച്ചിലും....”

തന്റെ ജീവിത സഖി, ഈ ജീവിതത്തിൽ തന്നെയിങ്ങനെ എത്ര പ്രാവശ്യം ഓടിച്ചിരിക്കുന്നുവെന്ന്‌ മാർത്താണ്ഡനൊരു നിശ്‌ചയവുമില്ല - ആ ഓട്ടങ്ങൾക്കിടയിൽ കിട്ടിയ തകർപ്പൻ സ്വർണ്ണമെഡലാണ്‌ മാർത്താണ്ഡന്റെ ഉയിര്‌ - എന്ന്‌ സാരം!

“എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ?”

“അത്‌ അഞ്ചാം ക്ലാസ്സിനു താഴെ പഠിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ റിസർച്ച്‌ ചെയ്യാവുന്ന വിഷയമാണ്‌ - പത്താം വയസ്സിനുള്ളിൽത്തന്നെ തങ്ങളുടെ മക്കൾ ഡോക്‌ടറേറ്റു നേടിയിരിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ വെച്ചാൽ നന്ന്‌. കുട്ടികളെ ഈ വിഷയത്തിൽ റിസർച്ചിനുവിടുകയും വേണം - മാർത്താണ്ഡന്റെ ഈ ജീവൻമരണ പോരാട്ടത്തിൽ. ഉയിരെന്ന മെഡലിനു വേണ്ടി ഞാനെത്ര തവണ മാർത്താണ്ഡന്റെ രക്ഷയ്‌ക്കെത്തിയിരിക്കുന്നു! ഇന്ന്‌ എനിക്ക്‌ മാർത്താണ്ഡനെ രക്ഷിക്കാൻ കഴിയുമെന്നു തോന്നുന്നില്ല....”

“മാർത്താണ്ഡാ, മനമറിഞ്ഞ്‌ ദൈവത്തെ വിളിച്ച്‌ പ്രാർത്ഥിച്ചോ!-”

എനിക്കതേ പറയാൻ കഴിയുമായിരുന്നുള്ളൂ. മാർത്താണ്ഡൻ അങ്ങനെ മനമറിഞ്ഞ്‌ ദൈവത്തോട്‌ പ്രാർത്ഥിച്ചിരിക്കണം - പെട്ടെന്ന്‌ ഒരൽഭുതം സംഭവിച്ചു - എന്റെ അലമാരയിലെ സ്‌പെഷൽ പൊസിഷനിലുള്ള പുസ്‌തകങ്ങൾക്കിടയിൽ നിന്ന്‌ ‘പോലീസ്‌ വിജ്ഞാനകോശം’ എന്ന തടിച്ച പുസ്‌തകത്തിന്റെ കവർ ചട്ടയിലെ പോലീസുതൊപ്പി ജീവൻ വെച്ചുണർന്ന്‌ മെല്ലെ മെല്ലെ പറന്നു വന്ന്‌ എന്റെ തലമുകളിൽ മൂന്ന്‌വട്ടം കറങ്ങിയശേഷം ആ പോലീസു തൊപ്പി എന്റെ തലയിലേക്ക്‌ അമർന്നിരുന്നു. കൃത്യമായ പൊസിഷനിൽത്തന്നെ. ഇപ്പോൾ ഞാനൊരു ഉയർന്ന പോലീസുദ്യോഗസ്‌ഥനാണ്‌!

“....മാർത്താണ്ഡാ! ഞാനുറക്കെ വിളിച്ചു. നിന്റെ മിസ്സിസ്സിൽ നിന്ന്‌ നിനക്ക്‌ രക്ഷ വേണമെങ്കിൽ പെട്ടെന്നൊരു നീളൻ വല തീർത്ത്‌ കീഴോട്ടിറങ്ങി എന്റെ പോലീസു തൊപ്പിയിലേക്ക്‌ കയറിയിരുന്നോ!” പോലീസു തൊപ്പിയെ ഏതായാലും കുങ്കിയമ്മ ഭയപ്പെടാതിരിക്കില്ല....“

എന്റെ സൂപ്പർ ഫൈൻ നിർദ്ദേശം കിട്ടേണ്ട താമസം, മച്ചിൽ ജീവൻമരണ പോരാട്ടമാടുന്ന മാർത്താണ്ഡനെട്ടുകാലി, ത്‌ധടുതിയിലൊരു കീഴുവല ചമച്ച്‌ ടാർസൻ ശേലിയിൽ ആടിയാടി എന്റെ തലക്കു മുകളിലെ പോലീസുതൊപ്പിയിൽ വന്നിരുന്നു. മാർത്താണ്ഡന്‌ മനസ്സമാധാനം; എനിക്കൽപ്പം സമാധാനക്കേടും!

വിശപ്പുകൊണ്ട്‌ കണ്ണുതള്ളിയിരിക്കുന്ന കുങ്കിയമ്മയും വേറൊരു കീഴുവല നിർമ്മിച്ച്‌ ലേഡി ടാർസനെപ്പോലെ ആടിയാടി കീഴോട്ടിറങ്ങി മാർത്താണ്ഡനെ പിടിച്ചു തിന്നാനുള്ള ഭാവമായിരുന്നു. പക്ഷേ, പെട്ടെന്ന്‌ എന്റെ പോലീസു തൊപ്പിയിലേക്കു നോക്കിയപ്പോൾ അവൾ പേടിച്ചുവിറച്ചുപോയി. പെട്ടെന്നവൾ സ്വന്തം ജീവനെപ്പേടിച്ച്‌ മച്ചിലേക്കു പാഞ്ഞു കയറി ഒരു വിടവിനുള്ളിൽ ഒളിച്ചിരുന്നു.....

”മാർത്താണ്ഡാ! ഞാൻ വീണ്ടും മാർത്താണ്ഡനെ ഉറക്കെ വിളിച്ചു. എന്റെ തലയ്‌ക്കു മുകളിലെ പോലീസു തൊപ്പിയിൽ ഞാൻ നിനക്കഭയം നൽകിയിരിക്കയാണെന്നോർക്കണേ!- അതിനു കൂലിയായി നീ നിന്റെ കൂർത്ത വിരലുകൾ പേലീസു തൊപ്പിക്കിടയിലൂടെ കുത്തിയിറക്കി എന്റെ തലച്ചോറു മുഴുവൻ തോണ്ടിയെടുത്ത്‌ തിന്നേക്കരുത്‌.... എനിക്കിനിയും ഒരുപാടൊരുപാട്‌ സാഹിത്യമെഴുതി ജീവിക്കേണ്ടതാണേ....“

”ഹമ്മേ! നമ്മൾ അത്തരക്കാരനല്ല. അങ്ങുന്നേ! മാർത്താണ്ഡനെട്ടുകാലി പറഞ്ഞു. എട്ടുകാലികളിൽ പെൺ വർഗ്ഗത്തിന്‌ മാത്രമേ നന്മയും തിന്മയും തിരിച്ചറിയാതുള്ളൂ - അത്‌ സാറിന്‌ പലപ്പോഴും ബോധ്യപ്പെട്ടതുമാണല്ലോ?- ഇപ്പഴ്‌ നരേന്ദ്രൻ സാറ്‌ എനിക്ക്‌ വേണ്ടി ചെയ്‌ത ഈ സഹായത്തിന്‌ എന്നെങ്കിലുംമൊരിക്കൽ നിങ്ങൾക്കുവേണ്ടി തിരിച്ചൊരു സഹായം ചെയ്യാൻ എനിക്കു കഴിഞ്ഞെന്നു വരും.

“.....ഹൊഹൊ.....ഹൊഹൊ..... ഞാനൊരു ലക്കിടി പറഞ്ഞതല്ലേ. എന്റെ മാർത്താണ്ഡാ! നീ ഒത്തിരി ഉപകാരങ്ങൾ ഇപ്പഴേ തന്നെ എനിക്ക്‌ ചെയ്‌തു തരുന്നുണ്ടല്ലോ.... എന്റെ രാത്രിവെളിച്ചത്തിന്‌ ചുറ്റും ‘ശറ പറാന്ന്‌’ പറക്കുന്ന ഉപദ്രവകാരികളായ എത്രയെത്ര ചെറുപ്രാണികളെയാണ്‌ നീ വിലവീശിപ്പിടിച്ച്‌ നീ അതുങ്ങളെ ജൂസുപരുവത്തിൽ സാപ്പിടുന്നത്‌!..... ഹായ്‌......ഹായ്‌.......എന്റെ കാൽ വിരലുകളിൽ ആരാണിങ്ങനെ ഇക്കിളിയാക്കുന്നത്‌.....”

ഞാൻ കാൽക്കീഴിലേക്കൊന്ന്‌ കുനിഞ്ഞു, “ എടാ മണിയനെലിയേ, നീയിതുവരെ ഇവിടുന്ന്‌ പോയില്ലേ? - നീ എന്റെ കാലിൽ ഇക്കിളിയിട്ട്‌ രസിക്ക്യായിരുന്നോ!” മണിയൻ എന്റെ കാലിൽ മാന്തുന്നതു നിർത്തി ‘ങ്ങ്‌ങ്ങീ’ എന്ന്‌ ചെറുങ്ങനെ എന്തോ പറഞ്ഞു. എനിക്കതു മനസ്സിലായില്ല. പിന്നീടവൻ മുനകൂർപ്പിച്ചുവെച്ച കടലാസു പെൻസിൽ ഉയർത്തിക്കാട്ടി. ഞാനതു വാങ്ങി ഡോസ്‌റ്റേയേഫ്‌സ്‌ക്കിയുടെ ഇഡിയറ്റിനുമേൽ വെച്ചു. പിന്നീട്‌ മണിയൻ, പിന്നീട്‌ വരാമെന്നു പറഞ്ഞ്‌, കട്ടിൽ കാലിന്റെയടുത്ത്‌ കൂട്ടിയിട്ട കടലാസു പെൻസിലിന്റെ മരച്ചീളുകൾ കടിച്ചും പിടിച്ചുമെടുത്ത്‌ കട്ടിലിനുള്ളിലേക്കു നടന്ന്‌ അവന്റെ കിടക്കമുറിയിലേക്ക്‌ പോയി.

“........ക്‌ക്ക.........ക്ക്‌..........ക്‌ക്ക......ക്‌ക്ക.......” ഇപ്പറഞ്ഞു തീരുന്നതിനിടയിൽ താഴേന്നൊരു കൊക്കൻ ശബ്‌ദം - ആരോ ആരെയോ പീഡിപ്പിക്കുന്നതുപോലെ.... ഞാനസ്വസ്‌ഥനായി എനിക്കു വിറയും പനിയും വന്നു. സ്‌ഥലം തലശ്ശേരിയാണ്‌..... ‘മാർത്താണ്ഡാ, നീ എന്റെ പോലീസു തൊപ്പിയിൽ നിന്ന്‌ മേലോട്ടൊരു വലയെറിഞ്ഞു പിടിപ്പിച്ചു കുങ്കിയമ്മയുടെ കണ്ണിൽ പെടാത്തവിധം സീലിങ്ങിലെവിടെയെങ്കിലുമൊളിച്ചോ.... താഴെയെന്തോ ഒരത്യാഹിതം നടക്കുന്നു; ഇത്‌ സ്‌ഥലം തലശ്ശേരിയാണ്‌....“

ഞാനെഴുന്നേറ്റ്‌ തള്ളവിരലുകളിലൂന്നി, ആകാവുന്നടുത്തോളം തലയുയർത്തിക്കൊടുത്തു. അപായം കേട്ടറിഞ്ഞു മാർത്താണ്ഡൻ എന്റെ പോലീസുതൊപ്പിക്കു മേൽ ഞാന്നുനിന്നു മോളിലൊരു വല കൊളുത്തിപ്പിടിച്ച്‌ ഓടിക്കയറി, കുങ്കിയമ്മ കാണാത്ത വിധത്തിൽ മറ്റൊരിടത്ത്‌ അഭയം തേടി....

ഞാൻ ഇത്തിരി ഭയപ്പാടൊടെ, പോലീസുതൊപ്പി തലയിലുറപ്പിച്ചു കൊണ്ടുതന്നെ ജനലിലൂടെ താഴേക്കു നോക്കി.

”ആരാടാത്‌? - അല്‌പം ഭയപ്പാടോടെയാണെങ്കിലും ഞാൻ ഒച്ചയിട്ടു.

“- ഹള്ളോ! സർക്കിൾ ഇൻസ്‌പെക്‌ടർ സദാനന്ദൻ പോലീസ്‌” ചിന്നൻ കുറുക്കൻ എന്റെ പോലീസു തൊപ്പിക്കണ്ട്‌ താഴേന്ന്‌ പേടിച്ചുവിറച്ചു. എനിക്ക്‌ ചിരിയും ദേഷ്യവും വന്നിരുന്നു. “ആരാടാ ചിന്നൻ കുറുക്കാ, നിന്റെ കാലിന്റടീന്ന്‌ കൊക്കിക്കരേന്ന്‌! ഒരു കോഴിപ്പെണ്ണല്ലേ, അത്‌? തൂവല്‌ കണ്ടിട്ട്‌ നല്ല പരിചയയം തോന്നുന്നല്ലോ, ​‍്‌ ഏ!....’

”ഇതു ഞാനാണേ പോലീസു സാറേ, കോയിസായ്‌വിന്റെ വീട്ടിലേതാണേ. ... ഈ കള്ളക്കുറുക്കൻ എന്നെ കട്ടുകൊണ്ടു പോന്നിരിക്കുകയാ- കടിച്ചുകീറി സാപ്പിടാൻ.... എന്നെ രക്ഷിക്കണേ!“

”എന്ത്‌! എന്റെ അയൽ വീട്ടിലെ കോഴിപ്പെണ്ണാണോ അത്‌?“ എനിക്കു ദേഷ്യം വന്നു.

”എടാ ചിന്നൻകുറുക്കാ, നീയൊരാണാണെന്നും പറഞ്ഞ്‌ മുഖത്ത്‌ മീശയും വെച്ച്‌ വിറപ്പിച്ചൊണ്ടു നടക്കുന്നു- നാണമില്ലേടാ നിനക്ക്‌ - ആണുങ്ങളില്ലാത്ത വീട്ടിൽ കേറി മോഷണം നടത്താൻ! നീയൊരാണാണോടാ കള്ളക്കുറുക്കാ?... വിടെട അവളെ നിറേ കാലിന്റെടീന്ന്‌“! -ഞ്ഞാനവനെ ഒന്നുവിരട്ടി.

ചിന്നൻ കുറുക്കൻ പേടിച്ചും നാണിച്ചും കൊണ്ട്‌ കാലുകൾ അകത്തി മാറ്റി കോഴിപ്പെണ്ണിനെ സ്വതന്ത്രയാക്കി. കോഴിപ്പെണ്ണ്‌ മുഖത്ത്‌ കണ്ണീരും നന്ദിയും വരുത്തി എന്നെ നോക്കി.

”... മതിൽക്കെട്ടിനപ്പുറത്ത്‌ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും എപ്പോഴും ചോദിക്കണമെന്നു കരുതിയതാ നിന്റെ പേരെന്താ കോഴിപ്പെണ്ണേ?-“

”.... ഈ കള്ളക്കുറുക്കനിൽ നി​‍ുന്ന്‌ എന്റെ ജീവൻ രക്ഷിച്ച പോലീസുസാറിന്‌ ഒരുപാട്‌ നന്ദിയുണ്ട്‌. ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല!“ അവൾ കരഞ്ഞുകൊണ്ടു പറഞ്ഞു.

” അതിരിക്കട്ടെ.... നിന്റെ പേരെന്താണു കോഴിപ്പെണ്ണേ!“ - ഞാൻ വീണ്ടും ചോദിച്ചും.

” അത്‌ .... അവൾ ഒന്നു മിനുങ്ങിക്കുടഞ്ഞു. എന്റെ അച്‌ഛനും അമ്മയും ആങ്ങളമാരും എന്നെ വിളിച്ചിരുന്നത്‌ സുഗുണി എന്നാണ്‌. കേയീസായ്‌വിന്റെ അടുക്കളേല്‌ എന്നേ ഷൈമീന്നു വിളിക്കും..... എന്നെങ്കിലുമൊരിക്കൽ പോലീസുസാറിനു വേണ്ടി ചെറിയൊരുപകാരം ചെയ്യാൻ എനിക്കു കഴിയുമെന്ന്‌ എന്റെ മനസ്സു പറയുന്നു !.....“

”കുക്കുയ്‌....കുയ്‌.....കൂയ്‌.....!“

സുഗണി പറഞ്ഞു തീരും മുമ്പ്‌ ചിന്നൻ കുറുക്കൻ അവളെ കളിയാക്കി കൂവാനും പറയാനും തുടങ്ങിയിരുന്നു.” - ഇത്തിരിപ്പോന്ന പെടച്ചിക്കോഴിയേ... നീയാണോ സർക്കിൾ ഇൻസ്‌പെക്‌ടർ സദാനന്ദൻ സാറിന്‌ ഉപകാരം ചെയ്യാനേ..... കൂയ്‌....കൂയ്‌.... ചിന്നൻ പിന്നേയും നീട്ടികൂവി.

“എടാ ചിന്നൻ കുറുക്കാ, മിണ്ടിപ്പോ​‍ാകരുത്‌!” ഞാൻ ചിന്നനെ നാക്കടക്കിനിർത്തി ങ്ങ്‌ ആ.... സുഗുണി പറയ്‌.....!“

”ഒന്നുല്ലേല്‌ സദാനന്ദൻ പോലീസുസാറ്‌ എന്റെ അയൽ വാസിയാണല്ലോ, - പോലീസുസാറിനെ കൃത്യസമയത്ത്‌ കൂവിയുണർത്താനെങ്കിലും എനിക്ക്‌ കഴിയില്ലേ?

“കൂകൂയ്‌..... കൂയ്‌.......കൂയ്‌....... ”ചിന്നൻ കുറുക്കൻ തുള്ളിയും ചാടിയും വീണ്ടും കുക്കു തുടങ്ങിയിരുന്നു. “സദാനന്ദൻ സാറിനെ കൂവിയുണർത്താൻ- നീയതിന്‌ പെണ്ണൊരുത്തിയല്ലേടീ, കോഴിപ്പെണ്ണേ!” ചിന്നന്റെ ആ ചോദ്യത്തിൽ എനിക്കും രസം കയറിയിരുന്നു. ചിന്നനും സുഗുണിയും മുകളിലേക്ക്‌, എന്റെ മുഖത്ത്‌ നോക്കി നിൽപ്പാണ്‌.

“ചിന്നൻ പറഞ്ഞതു നേരുതന്നെ - പെൺ കോഴികൾക്ക്‌ കൂവാനുള്ള സിദ്ധിയുണ്ടോ, സുഗുണീ?- ഞാൻ ഇത്തിരി വിസ്‌മയത്തോടെ ചിരിയടക്കികൊണ്ട്‌ ചോദിച്ചു.

”അത്‌ പോലീസുസാറിന്‌ അറിയാമ്മേലാഞ്ഞിട്ടാ, സുഗുണി പറഞ്ഞു. ‘കോയിസായ്‌വിന്റെ കുടീന്ന്‌ ഞാൻ ടെലിവിഷനില്‌ നമ്മുടെ സാറാജോസഫ്‌ ചേച്ചിയുടെയും നെക്‌സലേറ്റ്‌ അജിതചേച്ചിയുടെയുമൊക്കെ ഉഗ്രൻ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാറുണ്ട്‌..... സാറാചേച്ചിയുടെ ’അടുക്കള തിരിഞ്ഞു പിടിക്കുക‘ എന്ന പ്രഭാഷണമൊക്കെ എനിക്ക്‌ കാണാപാഠമാ.... അതൊക്കെകേൾക്വം കാണ്വേം ചെയ്യുമ്പഴ്‌ ഈ ’കശപിശ‘ ലോകത്ത്‌ ജീവിക്കാൻ ഇത്തിരിയോക്കെ ഉശിരു കിട്ടി.... അങ്ങനെ ഞാൻ പുലർകാലങ്ങളിൽ പൂവൻ കോഴികളെപ്പോലെ ഇത്തിരിയിത്തിരിയൊക്കെ കൂവി നോക്കി..... അപ്പോഴല്ലേ, സത്യത്തിന്റെ സൗന്ദര്യമൊക്കെ ഞാനറിഞ്ഞു തുടങ്ങിയത്‌ - ഇപ്പഴ്‌ പൂവനേക്കാൾ നന്നായിട്ട്‌ എനിക്ക്‌ കൂവാനറിയാം!“

”നീ പറഞ്ഞതിൽ ഒരു ചെറിയ തെറ്റുപറ്റീറ്റുണ്ടേ സുഗുണീ - സാറാ ചേച്ചിയുടെ ആ ഇടുമ്പൻ പ്രഭാഷണത്തിന്റെ പേര്‌ ’അടുക്കള തിരിഞ്ഞു പിടിക്കുക‘ എന്നല്ല; അടുക്കള തിരിച്ചു പിടിക്കുക’ എന്നാണ്‌. ഇനി പറയുമ്പം ശ്രദ്ധിച്ചാൽ മതി. അല്ലാ സുഗുണിയ്‌ക്ക്‌ നന്നായിട്ട്‌ പൂവനെപ്പോലെ കൂവാനറിയാമെന്നല്ലേ പറഞ്ഞത്‌ - എന്നാൽ സുഗുണി അവിടെ നിന്നൊന്നു കൂവിയാട്ടെ!“

എന്റെ അഭിപ്രായം ചിന്നൻ കുറുക്കനും ശരിവെച്ചു. എന്നറിഞ്ഞപ്പോൾ സുഗുണിപ്പെണ്ണ്‌ ‘കൊകൊക്കൊ.....’ എന്നൊന്നു ഒച്ചയനക്കി പിന്നെ കൊക്കെ എന്ന്‌ ചറുങ്ങനെ - പിന്നീട്‌ വമ്പിച്ചൊരൊച്ചയിൽ ‘കൊക്കൊക്കൊ... കോ..... കൊക്കൊക്കൊ....കോ കൊക്കൊക്കെ.....കോ.....” എന്ന്‌ മൂന്നുവട്ടം കൂവിക്കൊണ്ട്‌ നാണിച്ച്‌ തലകുനിച്ചു നിന്നു.

“സംഗതി ഡബിൾ സൂപ്പറായിരിക്കുന്നല്ലോ!” ഞാൻ പറഞ്ഞു. ചിന്നനും അതു തന്നെ പറഞ്ഞു ’എന്നാലേ, എന്റേ സുഗുണിമോൾ ഇനി മുതൽ എനിക്കുവേണ്ടിയൊരു ഉപകാരം ചെയ്യണം.‘ ഞാൻ തുടർന്ന്‌ പറഞ്ഞു - എന്നും അർധരാത്രി - ഒന്നരമണിക്ക്‌ എന്നെ കൂവിയുണർത്തണം. ഒന്നര മണിമുതൽ ഏതാണ്ട്‌ നാല്‌ മണിവരെ എനിക്ക്‌ ഒന്നാന്തരം സാഹിത്യമെഴുതാമല്ലോ - പിന്നെ പുലർച്ചയ്‌ക്ക്‌ മുജാഹിദ്‌ പള്ളിയിൽ നിന്ന്‌ ഹംസ മൗലവി സുബഹി ബാങ്ക്‌ കൊടുക്കുന്നതുവരെ ഉറക്കം - അല്ലെങ്കിൽ തൃക്കൈ ശിവക്ഷേത്രത്തിൽ നിന്ന്‌ ഭക്തി ഗാനങ്ങൾ കേൾക്കുന്നതുവരെ.... അല്ലാ, നിന്റെ ആ വിശ്വവശ്യമായ ആ കൂവൽ എന്നെയും ചിന്നനെയും ഒന്നുകൂടി കേൾപ്പിച്ചേ!“

”സുഗുണിക്കോഴി ആദ്യമൊന്നു നാണം കുണുങ്ങി, പിന്നെ നാണം മറന്ന്‌ തൊണ്ട ചിനച്ച്‌ ശരിയാക്കിക്കൊണ്ട്‌ ’കൊക്കൊക്കൊഖേക്കാ.... കോ യെന്ന്‌ മൂന്നുവട്ടം കൂടി കൂവി.

“.... ടപ്പ്‌....ടപ്പ്‌.......ടപ്പ്‌” പെട്ടെന്നൊരു കയ്യടി ശബ്‌ദം. മുകളിൽ എന്റെ മുറിയുടെ അടുത്തെവിടെയോ നിന്നാണ്‌. ഒരു പെണ്ണിന്റെ കുലുങ്ങിച്ചിരിയും.

“ആരാത്‌ -” ഞാനുറക്കെ ചോദിച്ചു.

“കുമാരേട്ടാ..... കുമാരേട്ടാ.... ഇതു ഞാനാണു കുമാരേട്ടാ.....” വീണ്ടും ആ പെൺ മൊഴി. ചിരിയും.

“- എന്ത്‌! എന്റെ അച്‌ഛന്റെ പേര്‌വിളിച്ച്‌ പരിഹസിക്കുന്നോ? - ആരാണെന്നാണു ചോദിച്ചത്‌​‍്‌!” ഇത്തിരി ഭയത്തോടെ ഞാൻ ഒച്ചയിട്ടു.

“ഹിഹി.....ഹിഹി.....ഹഹ......ഹഹ..... കുമാരേട്ടാ.....!” വീണ്ടും ആ യക്ഷിയുടെ ചിരി.

“സുഗുണി മോളേ, നീ വേഗം കോയീസാഹിബിന്റെ അടുക്കലേക്കോടിക്കോ..... ഇവിടെ ഇന്ന്‌ എന്തെങ്കിലും നടക്കുമെന്നാ തോന്നുന്നത്‌!....” എന്റെ പോലീസുതൊപ്പി തലയിൽത്തന്നെ ഇല്ലേയെന്ന്‌ ഞാൻ തൊട്ടു നോക്കി..... മേൽത്തട്ടീൽ മാർത്താണ്ഡനെ കാണാനില്ല. കുങ്കിയമ്മയും വെട്ടം വീഴുന്നേടത്തെവിടെയുമില്ല. മണിയനെലി എപ്പോഴേ എന്റെ മുറിവിട്ടു പോയിരിക്കുന്നു. കൂട്ടുകാർ ആരും അടുത്തില്ല....ദൈവമേ!.....“

”അപകടത്തിന്റെ ഈറ്റൊലി കേട്ടറിഞ്ഞെന്നോണം സുഗുണിക്കോഴി കേയീസാഹിബിന്റെ കൽമതിലിലേക്കു പറന്നു കയറി, പിന്നെ മറുവശത്തേക്ക്‌ ചാടിയിറങ്ങി, കോയീസായ്‌വിന്റെ അടുക്കളലക്ഷ്യമാക്കി ഓടി.

“ചിന്നൻ കുറുക്കാ!” ഞാനുറക്കെ വിളിച്ചു. നീ വേഗം കോണിപ്പടികൾ കയറി മുകളിലേക്കുവാ!..... എന്റെയീ വിഷമസ്‌ഥിതിയിൽ - ഞാനുറക്കെ പറഞ്ഞു കേൾക്കേണ്ട താമസം. ചിന്നൻ കുറുക്കൻ മീശപിരിച്ചു വെച്ചുകൊണ്ട്‌ വാണം വിട്ടപോലെ സ്‌റ്റെപ്പുകൾ ഒന്നൊന്നായി ചാടിക്കയറി നാലാം നിലയിൽ എന്റെ മുറിയുടെ വാതിലിന്‌ പുറത്തെത്തി.

“.... ഞാനെന്ത്‌ പ്രവർത്തിക്കണം.... ഉള്ളിൽ നിന്ന്‌ താക്കോലിട്ട്‌ വാതിൽ തുറന്ന്‌ ചിന്നനെ മുറിയിലേക്കു കയറ്റിയ ശേഷം വാതിൽ ചാരിയിട്ടു ശ്രദ്ധിച്ചു.

ദൈവമേ, ഇതെന്തശിയം? - അവൾ ഞങ്ങളുടെ തൊട്ടടുത്ത മുറിയിൽ നിന്ന്‌ പഞ്ചാരചിരി ചിരിച്ചുകൊണ്ട്‌ പറയുകയാണ്‌ -- ”ഇത്‌ ആഗോളീയ കൺകെട്ട്‌ യുഗമല്ലേ, നരേന്ദ്രാ ! - അതായത്‌ ഇന്റർനെറ്റിനുമപ്പുറത്തേയ്‌ക്ക്‌ കാര്യങ്ങൾ കടന്നിരിക്കുന്നു. എന്തെന്തതിശയങ്ങൾ നമ്മിളിനി കാണാനും കേൾക്കാനുമിരിക്കുന്നു!“ - അവളുടെ ഒച്ചയിൽ ഇത്തിരി ലജ്ജ കലർന്നിട്ടുള്ളത്‌ ഞങ്ങളറിഞ്ഞു. നരേന്ദ്രൻ വാതിൽ തുറന്നൊന്ന്‌ പുറത്തേക്കു വന്ന്‌ ഈ മുറിയുടെ ജനലിലൂടൊന്ന്‌ അകത്തേയ്‌ക്ക്‌ എന്റടുത്തേയ്‌ക്ക്‌ നോക്കിയേ! ” അവൾ തുടർന്നു പറഞ്ഞു.

ഞാൻ ചിന്നന്‌ എന്തും നേരിടാൻ ആജ്‌ഞ്ഞ കൊടുത്തിട്ട്‌ പുറത്തുകടന്ന്‌ ‘ഫെമിന ഫാഷൻ ടെക്‌നോളജി’ യുടെ ജനലിലൂടെ അകത്തേക്കു നോക്കി. അതാ ഒരു മൊട്ടത്തലച്ചിയുടെ കറുത്ത പ്രതിമ ആ പ്രതിമ എന്നെ നോക്കി ഒരു പരിഹാസച്ചിരി ചിരിക്കുകയാണ്‌ - നാണം മറയ്‌ക്കാത്ത കറുത്ത നഗ്നരൂപം. കാലുകളിൽ ഗ്ലാസിന്റേതു പോലെ സുതാര്യമായ ഒരു ജോഡി ചെരിപ്പു ധരിച്ചിരിക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോൾ ഒരു നേരിയ വസ്‌ത്രം ധരിച്ചിട്ടുണ്ടെന്നു തോന്നി.... ചെറിയ കുട്ടികളാരെങ്കിലും കണ്ടാൽ മുക്കത്തു വിരൽ വെച്ച്‌ ചിരിച്ചു തുടങ്ങും.... ശരീരമാകെ കരിമഷിയിൽ മുക്കിയെടുത്ത പോലത്തെ കറുപ്പാണ്‌. ആ കറുത്ത മൊട്ടത്തലയിൽ വിയർപ്പു കുതിർന്ന്‌ കവിളിലൂടെ ഒഴുകുന്ന മാതിരിയുണ്ട്‌.....

മുമ്പൊരിക്കലും ഈ മുറിയിൽ ഇങ്ങനെയൊരു പ്രതിമ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലല്ലോ? - ഞാൻ വിസ്‌മയത്തോടെ അവളെ വീണ്ടും നോക്കി.

“....ഛേ.... ഇങ്ങനെ തുറിച്ചു നോക്കല്ലേ നരേന്ദ്രാ. എനിയ്‌ക്ക്‌ നാണമാകുന്നു.....”! ഞാൻ ആ മർമ്മസ്‌ഥാനങ്ങളിലേക്കു നോക്കിയെന്നതു നേരാണ്‌. പ്രതിമയെങ്കിലും അതിന്‌ അവളോട്‌ ക്ഷമചോദിച്ചു.“

”നരേന്ദ്രന്‌ - എന്നെക്കണ്ട്‌ അൽഭുതവും പേടിയുമൊന്നും വേണ്ട - ഞാനൊരു ഉപദ്രവകാരിയല്ല. മാത്രമല്ല - പണ്ടൊരിക്കൽ ആ മുക്കുവനോട്‌ ഇഷ്‌ടം കൂടിയ ഭൂതത്താനെപ്പോലെ -ഞ്ഞാനൊരു ഉപകാരിണിയുമാണ്‌. ഞാനിവിടെ ഇന്നലെ എത്തിയതേയുള്ളു - എന്നെ കറന്റടിപ്പിച്ചാൽ ഫാഷൻ ഡിസൈനിംഗിനെക്കുറിച്ചൂള്ള കാര്യങ്ങളൊക്കെ ഞാൻ പെൺകുട്ടികൾക്ക്‌ പറഞ്ഞു കൊടുക്കും. ബാംഗ്ലൂരാണ്‌ എന്റെ സ്വദേശം. നരേന്ദ്രനെക്കുറിച്ചുള്ളതെല്ലാം എനിക്കറിയാം - ഒരൊറ്റ ദിവസം കൊണ്ട്‌ ഞാനത്‌ പഠിച്ചെടുത്തു.....

“-സംഗതി ഒരു വെടിക്കെട്ടായിരിക്കുന്നല്ലോ?” ഞാൻ പറഞ്ഞു.

“... വെടിക്കെട്ടെന്നോ പൂക്കുറ്റിയെന്നൊക്കെത്തന്നെ - നരേന്ദ്രൻ ഞാൻ പറയുന്നത്‌ മുഴുക്കെ കേൾക്ക്‌ - എന്റെ പേര്‌ മായാവതി.... പോലീസുതൊപ്പിയിട്ട നരേന്ദ്രനെ കാണാൻ നല്ലാ ചേലുണ്ട്‌.. നരേന്ദ്രൻ പോലീസല്ലായെന്നും എനിക്കറിയാം-”

“എനിക്കവളോട്‌ എന്തുപറയണമെന്ന്‌ അറിഞ്ഞു കൂടായിരുന്നു. ഞാനെന്ത്‌ പറയാൻ ‘ അല്ലാ നെനക്കാ മൊട്ടത്തലേല്‌ ഇത്തിരി വെപ്പുമുടിയെങ്കിലും ഫിറ്റ്‌ ചെയ്‌തു കൂടായിരുന്നോ! - തലശ്ശേരി ബസ്‌റ്റാന്റിൽ ഒരുത്തൻ കുറേ ദിവസമായി നല്ലൊന്നന്തരം വെപ്പുമുടി വിൽപ്പനയ്‌ക്ക്‌ വെച്ചിരിക്കുന്നല്ലോ? ഞാൻ വെറുതെ പറഞ്ഞു...”

“...ഓ എന്നിട്ടു വേണം ഇവിടെ പഠിക്കാൻ വരുന്ന പെമ്പിള്ളേര്‌ ഓരോരുത്തിമാര്‌ വന്ന്‌ തൊട്ടും തടവീം എന്റെ ഭംഗി നോക്കിക്കൊണ്ട്‌ എന്റെ മുടിപിടിച്ചു പറിച്ചുകൊണ്ട്‌ എന്നെ വേദനിപ്പിക്കാൻ!”

അവൾ പറഞ്ഞത്‌ ശരിയെന്ന്‌ ഞാൻ തലകുലുക്കിച്ചിരിച്ചുകൊണ്ട്‌ സമ്മതിച്ചു. “അല്ലേ, ഒന്നു ചോദിച്ചോട്ടേ - ബാംഗ്ലൂരുകാരിയാണെന്നല്ലേ, പറഞ്ഞത്‌ - എന്നിട്ട്‌ ഇത്ര നന്നായി മലയാളം പറയുന്നല്ലോ?” ഞാൻ ചോദിച്ചു.

“- അതിന്‌ ഞാനൊരു മായാവതിയാണു നരേന്ദ്രാ, മായാവതി!.....’ അതും പറഞ്ഞുകൊണ്ട്‌ അവൾ ലജ്ജയിൽ ചുഴിഞ്ഞൊന്ന്‌ എന്നെ നോക്കി.

ഇതിനിടെ ചിന്നൻ കുറുക്കൻ വാതിൽ പാതി തുറന്ന്‌ തലവെളിച്ചത്തേക്കു തള്ളിച്ച്‌ സംഗതി എന്ത്‌? - എന്ന്‌ അന്വേഷിച്ചു. ഞാനവനെ ആംഗ്യംകൊണ്ട്‌ ശകാരിച്ച്‌ കട്ടിലിന്നടിയിൽ കയറിയിരുന്നോളാൻ പറഞ്ഞു.

”എന്താണ്‌ നരേന്ദ്രാ, ആലോചിക്കുന്നത്‌? - പെട്ടെന്ന്‌ ഉച്ചത്തിൽ എന്റെ മുഖവും മാതിരിയും കണ്ട്‌ അവൾ ചോദിച്ചു. നരേന്ദ്രൻ മുറിക്കു പുറത്തും ഞാൻ അകത്തും ആണല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്‌ അല്ലേ? - നരേന്ദ്രൻ മനസ്സു വെച്ചാൽ എനിക്കൊരു കുരുമുളക്‌ മണിയോളം ചെറുതാകാൻ കഴിയും. ആ വാതിലിന്റെ താഴെ കാണുന്ന വിടവിലൂടെ എനിക്ക്‌ നരേന്ദ്രന്റെ അടുത്തേക്ക്‌ വരാനും കഴിയും. എന്നാൽ ഒരു പ്രധാന കാര്യം ഓർക്കണേ - നരേന്ദ്രനോ മറ്റേതെങ്കിലുമൊരു പുരുഷനോ എന്നെ തൊട്ടു പോകരുത്‌‘ ആണുങ്ങളാരെങ്കിലും എന്നെ തൊട്ടു പോയാൽ ആ തൊടുന്ന മനുഷ്യരുടെ മനസ്സുപോലെ ഞാൻ മറ്റെന്തങ്കിലുമൊക്കെ ആയിപ്പോകും. - അതൊക്കെ ഞാൻ പുറത്ത്‌ വന്നിട്ട്‌ വിശദീകരിച്ച്‌ പറയാം - ആദ്യം നരേന്ദ്രൻ എന്നെയൊന്ന്‌ പുറത്തിറക്ക്‌! “

ഞാൻ പിന്നെയും സംശയിച്ചു നിന്നു. ” മായാവതിയ്‌ക്ക്‌ കുരുമുളക്‌ മണിയാവാനും പുറത്തേക്കുവരാനും ഞാനെന്താണ്‌ ചെയ്യേണ്ടത്‌? ഞാൻ ധൈര്യമവലംബിച്ച്‌ പെട്ടെന്ന്‌ ചോദിച്ചു - അല്ലാ മറ്റൊരു കാര്യം - മായാവതി കുരുമുളക്‌മണിയോളം ചെറുതായി പുറത്തിറങ്ങി എന്റെ മുറിയിലേക്കു പോന്നു - പക്ഷേ, ഈ മുറി വാടകയ്‌ക്കെടുത്ത പെണ്ണുങ്ങൾ വന്നു നോക്കുമ്പോൾ മായാവതിയെ കണ്ടില്ലെങ്കിൽ ?“ - ഞാൻ സംശയം ചോദിച്ചു.

” അതോർത്തൊന്നും നരേന്ദ്രൻ കണ്ണു തള്ളേണ്ട കാര്യമില്ല - ഞാനൊരു ’കുഞ്ഞുമണിയായി‘ ചെറുതായി പുറത്ത്‌ വന്നിട്ടുണ്ടെങ്കിൽ അതേപോലെത്തന്നെ വീണ്ടും ചെറുതായി വാതിലിന്റെ താക്കോൽദ്വാരത്തിലൂടെയായാലും വീണ്ടും അകത്തു കടന്ന്‌ യഥാസ്‌ഥാനത്ത്‌ നിൽക്കാനും എനിക്കു കഴിയും; അതിന്‌ ചില തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെയുണ്ട്‌ എന്നു മാത്രം -“

’എനിക്ക്‌ മായാവതി പറയുന്നതൊന്നും തിരിയുന്നില്ല‘! ഞാൻ പറഞ്ഞു.

”- അതേ, തിരിയില്ല - അതുതന്നെയാണു ഞാൻ പറഞ്ഞത്‌ - ഞാൻ മായാവതിയാണ്‌ - മായാവതി. അതെങ്കിലുമൊന്ന്‌ ആദ്യം മനസ്സിലുറപ്പിക്ക്‌ - പിന്നെ ഞാൻ പറയുന്നതനുസരിച്ചാൽ മാത്രം മതി.“

”...ശരി ഞാനെന്താണു ചെയ്യേണ്ടത്‌?“ ഞാനവൾക്കുനേരെ മുഖമുയർത്തി.

അവൾ പറഞ്ഞുഃ ”നരേന്ദ്രനുടുത്ത ആ ലുങ്കിയില്ലേ, ആദ്യം അതൊന്നിത്തിരി താഴ്‌ത്തിയുടുക്കണം - എന്റേ വലത്തേ കണ്ണിൽ നിന്ന്‌ ഒരു കറുത്ത ചരട്‌ പുറപ്പെട്ടുവന്ന്‌ വാതിൽത്തുളയിലൂടെ പുറത്ത്‌ കടന്ന്‌ നരേന്ദ്രന്റെ അരയിൽ ചുറ്റും. അതു സംഭവിച്ചാൽ നരേന്ദ്രൻ ഇത്തിരി നേരത്തേക്കൊരു ഉഗ്രൻ മന്ത്രവാദിയാകും. അങ്ങനെ അനുഭവപ്പെട്ടാൽ എന്നെ നോക്കിക്കൊണ്ട്‌ ’മായാവതിയേ, വരൂ..... വരൂ.......വരൂ.... എന്ന്‌ മൂന്ന്‌ പ്രാവശ്യം ഞാൻ കേൾക്കെ പറഞ്ഞതിനുശേഷം അപ്പോൾ നരേന്ദ്രന്റെ തലക്കുള്ളിലെന്തുണ്ട്‌? - അതു പറയുകയേ വേണ്ടൂ -“

”...മായാവതി നീയെന്നെ വല്ല ഗുലുമാലിലുംകൊണ്ടു ചാടിക്കുമോ എന്നാണെനിക്കു പേടി!“-

”...നരേന്ദ്രന്‌ ഇത്ര പേടിയോ?“ അവളൊന്നു ചിരിച്ചു. പിന്നെ കണ്ണടച്ച്‌ ഇത്തിരിനേരം ധ്യാനിച്ചു. വീണ്ടും കണ്ണു തുറന്നു - ഇതാ കറുത്ത മന്ത്രച്ചരട്‌ വരാൻ പോകുന്നു....”

ഞാനുടനെത്തന്നെ എന്റെ ലുങ്കി ഇത്തിരി ഇറക്കിയുടുത്തു. പെട്ടെന്നുതന്നെ മായാവതിയുടെ വലതു കണ്ണിൽ നിന്ന്‌ മൂന്നടിയോളം നീളമുള്ളൊരു കറുത്ത ചരട്‌ ഒരു തൃശ്ശൂലത്തിന്റെ കാഴ്‌ചയിൽ പുറത്തേക്ക്‌ വന്ന്‌ വാതിലിന്റെ താക്കോൽ പഴുതിലൂടെ പുറത്ത്‌ കടന്ന്‌ എന്റേ അരക്കെട്ടിൽ ചുറ്റിയണഞ്ഞു കിടന്നു.... ആ നിമിഷം ഞാൻ ഐസു കണക്കേ തണുത്തു പോയിരുന്നു. പെട്ടെന്ന്‌ എന്റെ തലക്കുള്ളിൽ സൂര്യനുദിച്ചതുപോലെ..... എന്റെ മസ്‌തിഷ്‌കത്തിൽ തീ വെളിച്ചമായി കത്തിപ്പടരുകയാണ്‌.... ഞാൻ സ്വയം ജ്വലിച്ചു.... ഞാൻ വെളിച്ചമാണ്‌, വെളിച്ചം .... ഞാൻ മായാവതിയേ. വരൂ....വരൂ....വരൂ.... എന്ന്‌ മൂന്ന്‌ പ്രാവശ്യം അവൾക്കേൾക്കെ ഉരുവിട്ടു. പിന്നീട്‌ -

- ഓം ഭുർ ഭുവഃ സ്വഃ

തത്സവിതുർ വരേണ്യമ്‌

ഭർഗോ ദേവസ്യ ധീമഹീ

ധീയോ യോ നഃ പ്രചോദയാത്‌-

എന്ന്‌ മന്ത്രം ജപിച്ചു. മായാവതി ഒരു നിമിഷം എന്നെ നോക്കിയൊന്നു പുഞ്ചിരി തൂകി. പിന്നെ അവൾ ഒരു കുന്നിക്കുരുവോളം ചെറുതായിക്കൊണ്ട്‌ വാതിലിന്റെ അടിയിലെ വിടവിലൂടെ പുറത്തു കടന്നതും യഥാരൂപമെടുത്തതും ഒരുമിച്ചായിരുന്നു. അപ്പോൾ എന്നിൽ അതിശയമൊന്നും അവശേഷിച്ചിരുന്നില്ല... അവളെ തൊടാതെ നടത്തിക്കൊണ്ട്‌ ഞാനും, ഇതിലേ എന്നു പറഞ്ഞ്‌ അവളും എന്റെ മുറിയിലേക്കു ചെന്ന്‌ കസേര അവൾക്കായി നീക്കിയിട്ടുകൊടുത്ത്‌ ഞാൻ കട്ടിലിന്റെ അറ്റത്തിരുന്നു.

അവൾ ഞാൻ വായിച്ചുവെച്ച ‘ഇഡിയറ്റ്‌’ എന്ന ഡോസ്‌റ്റോയേഫ്‌സ്‌കിയൻ നോവലിലേക്ക്‌ നോക്കിയിരിക്കുകയായിരുന്നു.

“...മായാവതീ, നമ്മുടെകൂടെ ഈ മുറിയിൽ ഇപ്പോൾ മറ്റൊരാൾ കൂടിയുണ്ട്‌ - ഒരു കുറുക്കൻ - ചിന്നൻ കുറുക്കൻ എന്നാണവനെ ഞാൻ വിളിക്കുന്നത്‌ - മായാവതിക്ക്‌ കുറുക്കൻമാരെ പേടിയൊന്നുമില്ലല്ലോ? - ഞാൻ ചോദിച്ചു”

“....ഹേയ്‌ ഇല്ല. ഇങ്ങ്‌ പുറത്തുവാടോ!” കട്ടിലിന്നടിയിൽ തലപുറത്തേക്കിട്ട്‌ കള്ളന്റെ ഭാവത്തിൽ നിലക്കുകയായിരുന്നു ചിന്നൻ കുറുക്കനെ അവൾ പുറത്തേക്കു വളിച്ചു. ചിന്നൻ പുറുക്കൻ കട്ടിലിന്നടിയിൽ നിന്ന്‌ നൂണ്ടു പുറത്തേക്കു കടന്ന്‌ എന്റെ എഴുത്തുമേശക്കാലിനോട്‌ ചേർന്ന്‌ കുത്തിയിരുന്ന്‌ മായാവതിയെ ഇമവെട്ടാതെ നോക്കി.

“...ചിന്നൻ കുറുക്കാ, നീയൊരാണാണ്‌ - അറിയാതെയൊന്നും മായാവതിയെ തൊട്ടുപോകരുതേ....! ”ഞാനവനെ ഓർമിപ്പിച്ചു.“

”... നന്ദേട്ടാ... നന്ദേട്ടാ....“ പെട്ടെന്ന്‌ താഴേന്നൊരു വിളി - അശ്‌റഫ്‌ ആണ്‌. അവൻ എന്നെ അങ്ങനെയാണു വിളിക്കുന്നത്‌ - ” ഞാൻ മായാവതിയോടും ചിന്നനോടുമായി പറഞ്ഞു.

“.... നന്ദേട്ടാ ... നന്ദേട്ടാ....” വീണ്ടും അശ്‌റഫിന്റെ വിളി.

“- എന്താണശ്‌റഫേ -....” ഞാൻ പറുത്തേക്കു ചെന്ന്‌ താഴേക്കു നോക്കി.

“നന്ദേട്ടാ, താഴത്തെ ബാത്ത്‌ റൂമിന്റെ താക്കോല്‌ണ്ടോ, നന്ദേട്ടന്റടുത്ത്‌?-”

“ ഇല്ലല്ലോ അശ്‌റഫേ! - മൂന്നാം നെലേലെ ടോയ്‌ലറ്റിന്റെ വാതിൽ തുറന്നിട്ടിരിക്കയാണ്‌. അതിൽ പോകരുതോ?...” ഞാൻ പറഞ്ഞു.

“അതേയോ.... എന്നാൽ ഞാൻ ബാത്ത്‌ റൂമിൽ പോയിട്ട്‌ നന്ദേട്ടന്റെ അടുത്ത്‌ വരുന്നുണ്ട്‌ - ഒരു കാര്യണ്ട്‌....”

....ഞാനിവിടെ മുറിയിലുണ്ട്‌. വാതിൽ ചാരിയിട്ടേയുള്ളു“ - ഞാൻ പറഞ്ഞു.

ഞാൻ വീണ്ടും മുറിയിലേക്കു കടന്നു. അശ്‌റഫിന്റെ ഒച്ചകേട്ടപ്പോൾ ത്തന്നെ ചിന്നൻ കുറുക്കൻ വീണ്ടും കട്ടിലിനുള്ളിലേക്ക്‌ വലിഞ്ഞിരുന്നു. മായാവതി കസേരയിലിരുന്ന്‌ ഇഡിയറ്റ്‌ പരിശോധിക്കുകയാണ്‌. ഞാൻ യഥാസ്‌ഥാനത്തിരുന്നതും മായാവതി ഇഡിയറ്റ്‌ തൽസ്‌ഥാനത്ത്‌ വെച്ച്‌ എന്റെ മുഖത്തേക്ക്‌ നോക്കി.

”... അശ്‌റഫ്‌ ഇവിടത്തെ എല്ലാമാണ്‌... ഞാൻ വിശദീകരിച്ചു.. കാട്ടു താറാവിന്റെ ബുദ്ധിയാണവന്‌. കണ്ടാമൃഗത്തിന്റെ ശക്തിയും. ദൈവത്തെപ്പോലും പേടിയില്ലാത്ത പ്രകൃതം - ഈ ലോകത്ത്‌ അവന്‌ ആകെ പേടിയുള്ളത്‌ കുറുക്കമ്മാരെ മാത്രമാണ്‌...“ ഇതിന്നിടയിൽ അശ്‌റഫ്‌ മൂന്നാം നിലയിലെ ടോയ്‌ലറ്റിന്റെ ഡോർ വലിച്ചടക്കുന്ന ഒച്ച കേട്ടു. ചിന്നൻ കുറുക്കാ, നീ കട്ടിലിന്റടീല്‌പ്പോയി ഒളിച്ചത്‌ നന്നായി - അശ്‌റഫിന്‌ ഈ ലോകത്ത്‌ ആകെ പേടിയുള്ളത്‌ നിന്റെ വർഗ്ഗക്കാരെ മാത്രമാണ്‌. പോരാഞ്ഞ്‌ ആളൊരു നാടൻ സി.ഐ.ഡി. യുമാണ്‌... എല്ലാം കൂടി നോക്കുമ്പോൾ.... എന്റെ തലക്കുള്ളിൽ അഗ്നിയിൽ ചുട്ടുപഴുപ്പിച്ചൊരു ബുദ്ധി തിളങ്ങാൻ തുടങ്ങിയിരിക്കുന്നു - ഞാൻ പോലീസു തൊപ്പിയണിഞ്ഞിരിക്കുന്നതു കണ്ട്‌ ചിന്നനും സുഗുണിയുമൊക്കെ എന്നെ പ്രശസ്‌തനായ കുറ്റാന്വേഷകൻ പി.പി. സദാനന്ദൻ സർക്കിൾ ഇൻസ്‌പെക്‌ടറാണെന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടു കൂടിയാണ്‌. എന്നിൽ ആ മിന്നൽ ബുദ്ധി പ്രവർത്തിക്കാൻ കാരണമെന്നും തോന്നുന്നു - അതായത്‌ ഞാനാലോചിക്കുകയാണ്‌ - മായാവതി കേൾക്കണം; ചിന്നനും കേൾക്കണം - ഇത്‌ സ്‌ഥലം തലശ്ശരിയാണ്‌. തെളിയിക്കപ്പെടാതെ കിടക്കുന്ന എത്രയെത്ര ക്രിമിനൽ പോലീസു കേസ്സുകളാണ്‌ ഇവിടങ്ങളിലെ പോലീസ്‌ സ്‌റ്റേഷനുകളിൽ അടിഞ്ഞു കിടക്കുന്നത്‌? - മായാവതിയേ, നമുക്കൊരു പ്രൈവറ്റ്‌ ഡിക്‌ടറ്റീവ്‌ ഏജൻസിയായി പ്രവർത്തിച്ചാലോ? മായാവതിയും ചിന്നനും സുഗുണിക്കോഴിയമ്മയും മാർത്താണ്ഡൻ എട്ടുകാലിയും അവന്റെ കെട്ട്യോളും മണിയനെലിയും അവന്റെ കൂട്ടുകുടുംബവും പിന്നെ നാടൻ സി.ഐ.ഡി.യും വീരശൂര പരാക്രമിയുമായ അശ്‌റഫും പിന്നെ ആരെയൊക്കെ നമ്മുടെ ഗ്യാങ്ങിൽ ചേർക്കാം? വേണ്ടിവന്നാൽ പി.പി. സദാനന്ദൻ സർക്കിളിനും....

”ഒരു സംശയം!“ - ചിന്നൻ കുറുക്കനാണാ മുടിഞ്ഞ സംശയം - ക്രിമിനൽ പോലീസു കേസ്സുകൾ എന്നു പറഞ്ഞത്‌, പോലീസുകാർ ക്രിമിനലുകളായിട്ടുള്ള കേസ്സുകളെയാണോ ഉദ്ദേശിച്ചത്‌? - ചിന്നൻ കുറുക്കൻ പാതി വിടർന്ന ഒരു ചിരിചിരിച്ചു.

”ചിന്നാ, അടങ്ങിയിരിക്ക്‌!“ -ഞ്ഞാനവനെ ശകാരിച്ചിരുത്തി.

” നരേന്ദ്രന്റെ തലേലിരിക്കുന്ന പോലീസു തൊപ്പിക്കനുസരിച്ചുള്ള ഒരു ബുദ്ധി തന്നെയാണ്‌ ആ തലക്കുള്ളിൽ നിന്ന്‌ തിരി നീട്ടി നോക്കുന്നത്‌- കൊള്ളാം, നമുക്ക്‌ വിജയം ആശിക്കാം!“ മായാവതി അങ്ങനെ പറഞ്ഞ്‌ എന്നെ അഭിനന്ദിച്ചു.

” അശ്‌റഫിനെയും നമുക്ക്‌ ഇക്കാര്യത്തിൽ വേണ്ടതുപോലെ ഉപയോഗിക്കാം - അവന്‌ നിന്നനിൽപ്പിൽ സത്യവും കളവും ഒരുപോലെ പ്രവർത്തിക്കാനറിയാം. ഒരു കണ്ണിൽ ജനിപ്പിക്കലും മറുകണ്ണിൽ മരിപ്പിക്കലുമായി നടക്കാനുമറിയാം. എന്തെങ്കിലും എടുത്തെറിയാനും തിരിച്ചുപിടിക്കാനുമറിയാം. ശതലക്ഷം രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന കമ്പ്യൂട്ടറുപോലൊരു വിചിത്ര സൃഷ്‌ടിയാണവൻ...“

പെട്ടെന്ന്‌ പുറത്ത്‌ ഒരു നിഴലാട്ടം ”ആരാത്‌ ?“ ഞാനുറക്കെ ചോദിച്ചു.

”ഞാനാണു നന്ദേട്ടാ!“

”ങ്ങ്‌ ഏ, അശ്‌റഫായിരുന്നോ? - അശ്‌റഫ്‌ ഇതുവരെ ഞങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ ഒളിഞ്ഞിരുന്നു കേൾക്കുകയായിരുന്നു. അല്ലേ? - അശ്‌റഫ്‌ ശരിക്കുമൊരു നാടൻ സി.ഐ.ഡി തന്നെ!“ കുട്ടിക്കാലത്ത്‌ നിന്റെ ഉറ്റചങ്ങായി ആരായിരുന്നു? ഞാനതു പറഞ്ഞു തീരും മുമ്പ്‌ അശ്‌റഫ്‌ അകത്തേക്കുകയറി.

”നന്ദേട്ടാ, ഇത്‌ ഫാഷൻ ടെക്‌നോളജിയുടെ റൂമിലുണ്ടായിരുന്ന പ്രതിമയല്ലേ, നന്ദേട്ടാ - ഇതെങ്ങനെ ഇവിടെയെത്തി? - “ അതും പറഞ്ഞുകൊണ്ട്‌ അവൻ മായാവതിയുടെ മൊട്ടത്തലയിൽ കൈവെച്ചു തടവി.... പെട്ടെന്ന്‌ അവൾ ഇടിഞ്ഞുപൊളിഞ്ഞു തവിടുപൊടിയായി....

ഞാൻ ഞെട്ടിയുണർന്നു കണ്ണു തുറന്നു... എന്റെ മുന്നിൽ കൊതുകുവലയും കൂരിരിട്ടും മാത്രം പുറത്ത്‌ മഴപെയ്യുന്നോ?

ഉമ്മാച്ചു

വിലാസം

പിലാക്കണ്ടി പ്ലാസ

തലശ്ശേരി - 670 101




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.