പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പിള്ള V/S പിള്ള

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു

ഞങ്ങളുടെ നാട്ടില്‍ ഇന്നു ജീവിച്ചിരിപ്പില്ലാത്തവരില്‍ രണ്ടു പേരാണ് കന്ദര്‍പ്പന്‍ പിള്ളയും ഇണ്ടപ്പന്‍ പിള്ളയും . അതില്‍ കന്ദര്‍പ്പന്‍ വരത്തനും ഇണ്ടപ്പന്‍ തദ്ദേശവാസിയും അയിരുന്നു. ‘’ വരത്തന്‍’‘ എന്നു പറഞ്ഞാല്‍ പുറത്തു നിന്ന് വന്ന് സ്ഥിരതാമസക്കാരനാക്കിയ ആള്‍. ഇന്നു ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ രണ്ടു പേര്‍ക്കും 74 വയസ്സു പൂര്‍ത്തിയായേനെ. വൈര്യമുപേക്ഷിച്ച് രണ്ടുപേരും സ്വരുമയോടെ ജീവിക്കാന്‍ തുടങ്ങിയ കാലം. ഒരു കാല്‍നടജാഥയില്‍ പങ്കെടുത്ത ആ പാവങ്ങളുടെ ജീവിതം നിയന്ത്രണം വിട്ടു വന്ന ജീപ്പിനടില്‍ ഞെരിഞ്ഞമര്‍ന്നു പോയി. മുദ്രാവാക്യം വിളിയില്‍ മുഴുകിയിരുന്ന ജനം ക്ഷുഭിതരാകാന്‍ അല്‍പ്പം വൈകി. ആ വിടവില്‍ ജീപ്പ് സ്ഥലം കാലിയാക്കി. മരണത്തിനു മുന്‍പില്‍ തോല്‍വി സമ്മതിച്ച് മൗനജാഥ നടത്തി, അനുശോചനം രേഖപ്പെടുത്തി ജാഥയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ! ജനനം ഒരേ ദിവസം , മരണവും ഒരുമിച്ച്. സംഭവം ചരിത്ര റെക്കോര്‍ഡായി നിലകൊള്ളൂന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ വൈരികളായിരുന്നെങ്കിലും ജനന- മരണ യോജിപ്പ് ഒരു കടങ്കഥ പോലെ തോന്നാറുണ്ട്. ഏതായാലും ഭാര്യമാര്‍ക്ക് ഏതോ പേപ്പറുകാരില്‍ക്കൂടി ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്തു. അതിനപ്പുറം പോകാന്‍ പൊതുജന ബോധത്തിനാവില്ലല്ലോ.

എനിക്കവരോട് ബഹുമാനമായിരുന്നു, കാരണം അവര്‍ ഒരിക്കലും മറ്റാരേയും ചതിച്ചിരുന്നില്ല. അന്യോന്യം ചളി വാരിയെറിയുമ്പോഴും പുറത്തുനിന്നൊരാളേയും അവര്‍ അതില്‍ ചേരാനോ പക്ഷം ചേര്‍ന്ന് ഏഷണി കൂടാനോ സമ്മതിച്ചിട്ടില്ല.

ഏത് തെമ്മാടിയുടേയും മനസ്സിന്റെ ഒരു കോണില്‍ സത്യന്ധതയുണ്ടാവുമെത്രെ.

ഞാനുമായി അവര്‍ക്കുള്ള സാമ്യം ജനനത്തീയതി മാത്രം. ഞാന്‍ ജനിച്ചത് അവരുടെ 38 -ആം പിറന്നാള്‍ ദിവസം.

ഒമ്പതാം ക്ലാസ്സില്‍ ഞാ‍ന്‍ മാന്യമായി തോറ്റു. ആദ്യം തോറ്റപ്പോള്‍ അച്ഛന്‍ ക്ഷമിച്ചു. പിന്നെ തോറ്റപ്പോള്‍ അമ്മ ക്ഷമിച്ചു. മൂന്നാം തവണ രണ്ടുപേരുടേയും ക്ഷമ നശിച്ചു. അന്ന് അച്ഛനും അമ്മയും നല്ലൊരു തീരുമാനത്തിലെത്തി. എന്നെ ഇനി ഉപനയനവും സമാവര്‍ത്തനവുമൊക്കെ നടത്തി പൂജ പഠിപ്പിച്ച് കുടുംബത്തിലെ മൂന്നമ്പലത്തിലും ശാന്തിയാക്കാം. എനിക്കാണെങ്കില്‍ പൂജ ചെയ്യുന്നതാണ് സന്തോഷം (ഉള്ളിലിരുന്ന് വിയര്‍ത്തു കുളിക്കുമെങ്കിലും നടയടച്ചുകഴിഞ്ഞാല്‍ അകത്തു വെറുതെ ഇരുന്നാല്‍ മതി ); നട തുറന്നു വെച്ച് നേദിക്കാനും പൂജിക്കാനും അതിലും സുഖമാണ് . ഇടക്കിടെ ‘’ശ്’‘ എന്ന ശബ്ദം പുറത്തു കേള്‍പ്പിച്ച് പൂവും വെള്ളവും അര്‍പ്പിച്ചുകൊണ്ടിരുന്നാല്‍ മതിയല്ലോ. അങ്ങനെ ഉണ്ണിനമ്പൂതിരിയായതിനു ശേഷം വന്ന ആദ്യത്തെ പിറന്നാള്‍. പൂവും ചന്ദനവും കിണ്ടിയും വെള്ളവും ആയി അമ്പലത്തില്‍ എത്തിയപ്പോള്‍ കന്ദര്‍പ്പന്‍ പിള്ള അവിടെ ഹാജര്‍. രണ്ടു പേരുടേയും പതിവുകള്‍ വിപരീത ദിശകളിലെ സഞ്ചരിക്കു എന്നും സ്പഷ്ടമായി. ഇണ്ടപ്പനെക്കുറിച്ചു പറയുമ്പോള്‍ കന്ദര്‍പ്പന്റെ നാവിന് വേഗത കൂടും അതുപോലെയാണ് തിരിച്ചും. അമ്പലനടകളില്‍ വച്ചു കാണുമ്പോഴൊക്കെ രണ്ടു പേരും കണ്ണെഴുതിയിരിക്കുന്നതായി കാണാറുണ്ട് അവര്‍ ജനിച്ചത് ഒരേ ദിവസമാണെന്ന് ബോദ്ധ്യമാകാന്‍ ഈ ചിഹ്നം ധാരാളം ( അന്നൊക്കെ ഞങ്ങളുടെ നാട്ടിലെ പുരുഷന്മാര്‍ - ഞാനൊഴികെ- പിറന്നാള്‍ ദിവസം കണ്ണെഴുതുമായിരുന്നു)

ആജാനബാഹുക്കള്‍ , രണ്ടും തണ്ടുതപ്പികളായ തറവാട്ടുകാരണവന്മാരുടെ ഛായ .അത്ഭുതം തോന്നിക്കുന്ന മറ്റൊന്ന് കന്ദര്‍പ്പന്റെ ദേഹത്തു കാണാം. വരയന്‍ പുലിയുടെ മാതിരി വരപ്പാടുകള്‍ . അതിന്റെ പിന്നിലെ കഥ രസാവഹമാണ്. അയാളുടെ എതിരാളിയായ ഇണ്ടപ്പന്‍ പിള്ള ഉപദ്രവിച്ചതാണെന്ന് പറഞ്ഞ് ഇല്ലി മുള്ളുകൊണ്ട് ദേഹം മുഴുവന്‍ സ്വയം വരഞ്ഞ് കീറി, ചിലയിടത്തൊക്കെ ബ്ലേഡും ഉപയോഗിച്ചു . അങ്ങനെ ചോരയും ഒലിപ്പിച്ച് അഞ്ചു മൈല്‍ ദൂരെയുള്ള പോലീസ് സ്റ്റേഷനില്‍ നടന്നു ചെന്ന് ഇണ്ടപ്പനെതിരെ ഒരു ബൃണ്ടന്‍ കേസ് രജിസ്റ്ററാക്കി സ്ഥലം എസ്. ഐ അയാളെ സ്റ്റേഷനില്‍ നിര്‍ത്തി , ഒന്നു രണ്ടു പോലീസുകാരെ പറഞ്ഞു വിട്ട് ഇണ്ടപ്പനെ വിളിപ്പിച്ചു . പാവം ഇണ്ടപ്പന്‍ വണ്ടനടിച്ചു നിന്നു പോയി; കന്ദര്‍പ്പന്റെ ആരോപണങ്ങള്‍ കേട്ട് ഞടുങ്ങിപ്പോയി. ഒന്നും പറയാന്‍ കഴിയുന്നതിനു മുന്‍പേ തലകൂര്‍ത്ത പോലീസുകാര്‍ തല്ലി നിലം പരിശാക്കി. സ്റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ ഇണ്ടപ്പനെ സഹായിക്കാന്‍ കന്ദര്‍പ്പന്‍ മറന്നില്ല. കൈതട്ടി മാറ്റാനുള്ള സാഹചര്യമല്ലായിരുന്നു. രണ്ടുപേരും അറിയാതെയാണെങ്കിലും , ഞങ്ങളുടെ നാട്ടിലെ പ്രഖ്യാതമായ ടി എസ് ( ടോഡി ഷോപ്പ്) 46 - ന്റെ മുന്‍പില്‍ തന്നെ വന്നു നിന്നു. പിരിഞ്ഞതും ഒപ്പം തന്നെ.

തമ്മില്‍ തമ്മില്‍ വഴക്കുണ്ടാവാറുള്ള എല്ലാ ദിവസങ്ങളിലും കള്ളു ഷാപ്പിലും അവര്‍ ഒരുമിച്ചു തന്നെയാണ് കേറാറ് . വയറു നിറഞ്ഞാല്‍ ഭരണിപ്പാട്ടുകള്‍ . പൂരപ്പാട്ടുകള്‍! തുടര്‍ന്ന് കൈകൊട്ടിക്കളി. കുമ്മിയടിച്ചു തളര്‍ന്നാല്‍ കഥകളിപ്പദം. ഇഴഞ്ഞിഴഞ്ഞ പതിഞ്ഞ പദം. അവസാനത്തില്‍ അലര്‍ച്ച. ‘’ കന്ദര്‍പ്പാ നീ കളിക്കണ്ട മന്താ ഞാന്‍ ശിവഭക്തനാ.’‘ സന്ദര്‍ഭം കലുഷിതമായി മാറികൊണ്ടിരിക്കുമ്പോള്‍ എന്തോ ഓര്‍മ്മ വന്നപോലെ ആ പദത്തിന്റെ ബാക്കിയെന്നോണം നേരെ കിഴക്കോട്ടു നോക്കി ശിവനെ തൊഴുത് വീട്ടിലേക്ക് നടയാകും. ‘’ മന്താ’‘ എന്ന വിളി കന്ദര്‍പ്പന്റെ ദേഹത്തെ ആലില പോലെ വിറകൊള്ളിക്കും; കാരണം അദ്ദേഹത്തിന്റെ കാലിലെ മന്ത് അയാള്‍‍ക്കു തന്നെ അപഹാസ്യമായിരുന്നു. മറ്റുള്ളവര്‍ പറയുമ്പോള്‍ ദേഷ്യം കൊണ്ട് വിറക്കും. ആ ദേഷ്യം കള്ളുഷാപ്പിന്റെ മിറ്റത്തെ മത്സ്യച്ചട്ടിയെടുത്ത് വാലാട്ടി നില്‍ക്കുന്ന പട്ടിയുടെ നേരെ ആക്രോശത്തോടെ ഒരു തറി (കട്ടിയുള്ള വടി) എടുത്തെറിഞ്ഞ് ശാന്തമാക്കും. കാലിലെ മന്തിനെ നോക്കി കോക്രി കാട്ടും.

ഒരേ മുള്ളുവേലിക്കപ്പുറവും ഇപ്പുറവും താമസിച്ചിരുന്ന അവര്‍ ഒരുമിച്ചു തന്നെ അവരവരുടെ വീട്ടില്‍ വന്നു കയറുമ്പോള്‍ അവരെ സ്വാഗതം ചെയ്യുക മറ്റൊരു പ്രാര്‍ത്ഥന . അന്നത്തെ പ്രസിദ്ധമായ സമസ്യാ പൂരണത്തിന്റെ അവസാന വരി ‘’ മത്തടിച്ചിനി വരാതെയാകണെ ‘’ എന്നു ഭാ‍ര്യമാര്‍ ശ്ലോകം ചൊല്ലിക്കൊണ്ടിരിക്കവെ ചെന്നു കയറുന്ന ഭര്‍ത്താക്കന്മാരും അതേറ്റു പാടുന്നു ‘’ മത്തടിച്ചിനി വരാതെയാകണെ. ‘’ സ്വല്‍പ്പം സന്ധിഭേദം , മത്തടിച്ചി എന്നു പറഞ്ഞാല്‍ മല്‍ തടിച്ചി അതായത് ‘’ എന്റെ തടിച്ചി’‘

ഇരുവരിലും പക നിറഞ്ഞൊഴുകിയിരുന്നു. ശത്രു സംഹാര വെടിക്കെട്ടുകള്‍ ആരാധനാലയങ്ങളെ ഞടുക്കി. ഞങ്ങളുടെ കൊച്ചു തുരുത്ത് കുലുങ്ങി. രണ്ടുപേര്‍ക്കും വേണ്ട പൂജകളൊക്കെ എനിക്കു തന്നെ ചെയ്യേണ്ടി വന്നു. അതോടെ ശത്രുസംഹാര പൂജ എനിക്ക് ഹൃദിസ്ഥമായി. ( ഇപ്പോളൊന്നും ഓര്‍മ്മയില്ല. ) അത്യാവശ്യം പണവും ലഭിച്ചിരുന്നു.

പ്രഭാതപൂജകള്‍ നിത്യേനേ തരായി. സന്ധ്യകളില്‍ വിളക്കു മാത്രം. അന്നെന്നെ പലരും കളിയാക്കിയിരുന്നു. രാവിലെ കിണ്ടിയും പൂവും നേദ്യവും മന്ത്രങ്ങളും . വൈകുന്നേരമായാല്‍ കൊടിയും കോളാംബിയും മുദ്രാവാക്യങ്ങളും എന്തൊരു വേഷപ്പകര്‍ച്ച!

കന്ദര്‍പ്പന്‍ പിള്ളയും ഇണ്ടപ്പന്‍ പിള്ളയേക്കാള്‍ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ഒറ്റ മൂലികളാണ് പ്രശസ്തി വര്‍ദ്ധിപ്പിച്ചത്. ഏതു വിഷയത്തിനും ചികിത്സയുണ്ടദ്ദേഹത്തിന്. എന്നാലും ഇണ്ടപ്പന്‍ വിഷം ഇറക്കാന്‍ പറ്റില്ലെന്ന് അയാള്‍ കൂടെക്കൂടെ പറയും .ഏതു ക്ഷുദ്രജീവികളുടെ വിഷവും അദ്ദേഹം അനായാസേന സംഹരിക്കും. പഴുതാരയായാലും എട്ടുകാലിയായാലും തേളായാലും പാമ്പായാലും അദ്ദേഹത്തിന് പ്രശനമല്ല. അയാള്‍ പോകുന്ന വഴിയിലെ മാളത്തിലുള്ള പാമ്പുകള്‍ അയാളുടെ കാലൊച്ച കേട്ട് കരയുമായിരുന്നെത്രെ. തേളും പഴുതാരകളും അയാളെ തിരിച്ചറിയുമായിരുന്നു. ഈ ഒരു ശക്തിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു ഭീതിയുണ്ട് മനസ്സില്‍. ഇണ്ടപ്പന് ലവലേശം ഭയമില്ല കന്ദര്‍പ്പനേയും പക്ഷെ, അയാള്‍ ഒരു വിഷജന്തുവാണെന്ന് ഇണ്ടപ്പന്റെ പക്ഷം. തറവാടിത്തത്തിന്റെ കാര്യത്തില്‍ ഇദ്ദേഹവും ഒട്ടും പിന്നിലല്ല. ഇണ്ടപ്പനു നേരേയുള്ള കന്ദര്‍പ്പന്റെ ശല്യം നാള്‍‍ക്കുനാള്‍ പെരുകി വന്നു. ഇണ്ടപ്പനും പൊരുതി നിന്നു. മൂന്നു വര്‍ഷം ഞങ്ങള്‍ മൂവരുടെ പരിപാടികള്‍ നടന്നു പോന്നു. പെട്ടന്നതാ എന്റെ കാലം തെളിഞ്ഞു അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളുടെ നേതാവിനെ കാണാന്‍ ഇടയായത്.

‘’ എന്താ തിരുമേനി പരിപാടി?’‘ ‘’ ശാന്തി , സമാധാനമില്ലാത്ത ശാന്തി - കുലത്തൊഴില്‍ ‘’ ‘’ ഒരു കടലാസു താ’‘ കയ്യില്‍ കടലാസ്സുമില്ല പേനയുമില്ല അപ്പോഴാണ് താഴെ വീണു കിടക്കുന്ന ബര്‍ക്കിലി സിഗററ്റിന്റെ കീറിയ കൂട് കണ്ണില്‍ പെട്ടത്. അതെടുത്ത് നേതാവിനു കൊടുത്തു. എന്തൊക്കെയോ കുത്തിവരച്ചിട്ട് പറഞ്ഞു ഇതു കൊണ്ട് തിരുമേനി നമ്മടെ വലിയ നേതാവിന്റെ അടുത്ത് ചെല്ല് വലിയ നേതാവിന്റെ അടുത്ത് ചെന്നപ്പോള്‍ ഇതിലും കഷ്ടമായുള്ള മറ്റൊരു മുഷിഞ്ഞ കടലാസ്സില്‍ എന്തൊക്കെയോ കുത്തി വരച്ചിട്ടു തിരികെ തന്ന് അതുംകൊണ്ട് വേറൊരാളെ കാണാന്‍ പറഞ്ഞു. ലിഖിതങ്ങളൊക്കെ ആരെങ്കിലും വായിച്ചുവോയെന്നറിയില്ല. അതൊക്കെ അക്ഷരങ്ങളായിരുന്നോ എന്നും അറീയില്ല. ഞാന്‍ കണ്ടക്ടറായി. അന്നൊക്കെ അല്‍പ്പം രാഷ്ട്രീയം കയ്യിലുണ്ടാവുക എസ്. എസ്. എല്‍. സി പാസാകാതിരിക്കുക ഇതെല്ലാം സര്‍വ സാധാരണമായിരുന്നു. കൊടിക്കനുസൃതമായി മാറിക്കൊണ്ടിരുന്നാല്‍ എന്നെങ്കിലും പ്രയോജനം ഉണ്ടാവുമെന്നറിയാമായിരുന്നു. കൊടിയുടെ നിറം മാറ്റാനെന്തു താമസം? മുദ്രാ‍വാക്യവും അതെഴുതുന്ന ആളും ഒന്നു തന്നെ. പിന്നെ വിളിച്ചു കൊടുക്കുന്ന ആളും ഏറ്റു പറയുന്നവരും മാറുമോ? അങ്ങനെ തലേലെഴുത്തിനേക്കാളും വികൃതമായിരിക്കുമെന്ന് വിചാരിക്കുന്ന ആര്‍ക്കും മനസിലാകാ‍ത്ത ഭാഷകളില്‍ രേഖപ്പെടുത്തിയ എന്തോ ഒന്ന് എന്നെ ജോലിക്കര്‍ഹനാക്കി. അനന്തപുരിയിലേക്ക് യാത്രയായി. എത്രയോ നാളുകളായി ഞാന്‍ നിഷ്കളങ്കമായി കന്ദര്‍പ്പനും ഇണ്ടപ്പനും വേണ്ടി പൂജകള്‍ നടത്തുന്നു. എന്റെ ധര്‍മ്മസങ്കടം ദൈവത്തിന് മനസിലായതിന്റെ പരിണാമം ആയിരിക്കാം ഈ ജോലി . അല്ലെങ്കില്‍ എഴുത്തും വായനയുമറിയാത്ത നേതാക്കന്മാരെന്തെഴുതാന്‍, എന്തു വായിക്കാന്‍?

അങ്ങനെ ഞാന്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കണ്ടക്ടറായി. അനന്തപുരിയില്‍ ആനയുടെ ഓഫീസില്‍ ചേന്നു. കണ്ടക്ടറായുള്ള ലൈസന്‍സിനു വലിയ താമസമൊന്നും വന്നില്ല. കോട്ടയത്ത് തന്നെ ആദ്യത്തെ അപ്പോയ്മെന്റ്. തിരിച്ച് പോരാന്‍ വേണ്ടി കയറിയ ബസ്സിലെ കണ്ട്രാവി രാജന്‍, അവനെന്നേക്കാള്‍ ഒരു മാസം മുന്‍പ് കേറി . അതുകൊണ്ട് പലതും അവനില്‍ നിന്നും തന്നെ മനസിലാക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ മൂന്നുകൊല്ലം ഒരുമിച്ചായിരുന്നു ഒമ്പതാം ക്ലാസ്സില്‍. കോട്ടയത്തെത്തിയപ്പോള്‍ സന്ധ്യയായി .കടുത്തുരു‍ത്തിയില്‍ ബസ്സിറങ്ങിമ്പോള്‍ 8 മണി . പിന്നെയും നാലു കിലോ മീറ്റര്‍. രാത്രി എട്ടു മണി കഴിഞ്ഞാല്‍ കടത്തു വള്ളം പൂട്ടും , പിന്നെ നീന്തണം. ശമ്പളം കിട്ടുന്നതു വരെ നീന്താമെന്നു കരുതി. പണ്ട് കുഞ്ഞാഗസ്തി മാപ്പിള മുങ്ങി മരിച്ചതാണ് .അയാള്‍ കാലു വലിക്കുമെന്നാണ് പറയാറ്. നീന്തി തന്നെ കേറാം അങ്ങേരൊരു പാവമായിരുന്നല്ലോ. എന്നെ അറിയുന്ന ആളുമാണ്. അങ്ങനെ മനപ്ലാന്‍ കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് എറണാകുളം ഫാസ്റ്റ്, സ്റ്റാന്‍ഡില്‍ ഒരു മൂളക്കത്തോടെ വന്നു നിന്നത്. അതില്‍ കയറി , കണ്ടക്ടറെ ടെമ്പററി പാസ്സു കാണിച്ചു. കടുത്തുരുത്തിയില്‍ വന്നിറങ്ങി കൊക്കിന്റെ ( ഇദ്ദേഹത്തിന്റെ പേര്‍ കൊച്ചു പറമ്പില്‍ കൊച്ചെന്നാണ്, ലോപിച്ചും നീണ്ടും കാലക്രമേണ കൊക്കായി) കടയുടെ നേര്‍ക്കു നടന്നു. കടയില്‍ നിന്നിരുന്ന ഡ്രൈവര്‍ ബേബിച്ചന്‍ ചോദിച്ചു, ‘’ തിരുമേനി ഇപ്പോ എവിടന്നാ?’‘ ‘’ ഞാനോ, കണ്ടക്ടറായി ജോലിക്കു ചേര്‍ന്നിട്ടു വരുവാ’‘ ‘’ നന്നായി , ഇനി ചുമ്മാ തേരാ പാരാ നടക്കണ്ടല്ലോ.’‘ ‘’ ശരിയാ ബേബിച്ചാ’‘ പെട്ടന്ന് ബേബിച്ചന്‍ ഒരു തമാശഭാവത്തില്‍ ആരാഞ്ഞു. ‘’ ഇന്നത്തെ വിവരം അറിഞ്ഞായിരുന്നോ ?’‘ ഞാന്‍ എന്താണെന്ന ഭാവത്തില്‍ നോക്കി.

‘’ നിങ്ങടെ നാട്ടിലെ കന്ദര്‍പ്പനും ഇണ്ടപ്പനും തമ്മിലുള്ള ഫൈറ്റ് കന്ദര്‍പ്പന്‍ ഇന്നും ഇണ്ടപ്പന്‍ ചെയ്താതാന്നും പറഞ്ഞ് പണ്ടത്തേപ്പോലെ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവരൊന്നു പെരുമാറി. പൊരുളറിയാതെ അങ്ങേരൊരു ചോദ്യം തൊടങ്ങിയപ്പോ, പിന്നേം പോലീസിന് വാശി കുറെക്കഴിഞ്ഞപ്പോള്‍ അതിയാനെ എടുത്തോണ്ട് അകത്തെ ഇരുട്ടുമുറിയ്ക്കകത്തിട്ടു. അവിടെ ആരാണ്ട് ഞരങ്ങണ ഒച്ച കേട്ടപ്പോ , ഇതിയാന്‍ ചോദിച്ചു ആരാന്ന്, ഉത്തരം കിട്ടി ഞാനാടാ ഇണ്ടനാ. നീയെപ്പം എങ്ങനെ ഇവിടെ എത്തി എന്നായി കന്ദര്‍പ്പന്റെ അടുത്ത ചോദ്യം. രണ്ടു ദെവസായി. പണ്ടു താന്‍ കാണിച്ചപോലെ ഞാനും ഒന്നു കളിച്ചു നോക്കിയതാ. പയ്യന്‍ എസ്. ഐ യുടെ മുന്‍പില്‍ ചീറ്റിപ്പോയി. പിന്നെ അയാളങ്ങ് ചീറ്റി എന്റമ്മോ! തെരണ്ടി വാലെടുക്കട്ടേന്ന് ചോദിച്ചപ്പം വേണ്ടെന്ന് പറഞ്ഞു പിന്നെ ഒരു തായംബകയായിരുന്നെ , എന്റെ പൊന്നച്ചാന്നങ്ങ് കീറിയെന്ന് . അന്നേരമാ കന്ദര്‍പ്പന്‍ വിവരം വച്ചത്. അതു കഴിഞ്ഞ് രണ്ടു പേരും കൂടി ഏമാന്മാരെ വിളിച്ച് കരഞ്ഞ് കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞു. സ്റ്റേഷനീന്നെറങ്ങിയ പിള്ളമാരേം പള്ളിത്താഴെ കൊണ്ടു വിടാന്‍ പോയതാ നിങ്ങടെ ഡ്രൈവര്‍ ബാലന്‍ ബാലന് സെക്കന്‍ഡ് ഷോ കഴിഞ്ഞൊരോട്ടോള്ളതാ’‘

കേട്ടപ്പോള്‍ താമാശ തോന്നി ‘’ ഇവരു തമ്മിലുള്ള ഈ വൈരത്തിന്റെ കഥ പറഞ്ഞോ ആരെങ്കിലും?’‘ ‘’ ഇല്ല പറഞ്ഞില്ല’‘ ഓരോ മുന്തിരി ജ്യൂസും കുടിച്ച് ദിനേഷ് ബീഡിയും പുകച്ച് ബസ്സ് സ്റ്റാന്‍ഡില്‍ ഇരുന്നു. ഈ ച്ചയും പാറ്റയും തേളും ഒക്കെ സംസാരവിഷയങ്ങളായി ഇവരൊക്കെ മനുഷ്യരാണ് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇരട്ടപ്പേരുകള്‍. അപ്പോഴേക്കും ബാലന്‍ തിരിച്ചെത്തി. ‘’ അല്ലാ തിരുമേനിയോ, മനക്കലേക്കാണോ എനിക്കൊരോട്ടമുണ്ട് അറുനൂറ്റിമംഗലം വരെ, സെക്കന്‍ഡ് ഷോ കഴിയണം. എന്നിട്ട് നമുക്കൊരുമിച്ചു പോകാം.’‘ വീണ്ടും ഞങ്ങള്‍ നാട്ടുകാര്യങ്ങളിലേക്കു തിരിഞ്ഞു. സിനിമ കഴിഞ്ഞ് ആള്‍ക്കാര്‍ വന്നു തുടങ്ങി. ബാലന്റെ യാത്രക്കാരും വന്നു കൂടെ ഞാ‍നും കയറി , സമയം കളയണ്ടേ മാത്രമല്ല ഒറ്റക്കിരിക്കേണ്ടല്ലോ .വഴിക്ക് വച്ച് പലതും സംസാരിച്ച കൂട്ടത്തില്‍ ഇണ്ടപ്പനും, കന്ദര്‍പ്പനും സംസാരവിഷയമായി. പോലീസ് സ്റ്റേഷനില്‍ നടന്ന കാര്യം പറഞ്ഞുറക്കെ ചിരിച്ചു. ബാലന്‍ ചോദിച്ചു ‘’ ഇവര്‍ തമ്മിലുള്ള വൈരത്തിന്റെ പൊരുളറിയാമോ തിരുമേനിക്ക്?’‘ ‘’ ഞാനെങ്ങനെ അറിയാനാ! വൈരമുള്ളതു കൊണ്ടെനിക്ക് ബീഡിക്കാശു കിട്ടും, ശത്രു സംഹാര പൂജ നടത്തണത് ഞാനല്ലേ’‘

‘’ എന്നാ കേട്ടോ. കന്ദര്‍പ്പന്റെ ലപ്പിനെയാണ് ഇണ്ടപ്പന്‍ കെട്ടിയത്. ആ വൈരാഗ്യത്തിന് ഇണ്ടപ്പന്റെ മുറപ്പെണ്ണിനെ കന്ദര്‍പ്പന്‍ കെട്ടി’‘. ‘’അതിനെന്താ , പ്രശ്നം തീര്‍ന്നില്ലേ?’‘ ‘’ ഇല്ല തീര്‍ന്നില്ല ഇണ്ടപ്പന്റെ ഭാര്യ ഇടക്കിടെ പണാവള്ളിക്കു പോകും അരി വില്‍ക്കാനായി . രണ്ടു മൂന്നു ദിവസം കഴിഞ്ഞേ വരത്തൊള്ളു. കൊറച്ചു കഴിഞ്ഞപ്പോ കള്ളി വെളിച്ചത്തായി , അവള്‍ പോയിരുന്നത് കന്ദര്‍പ്പന്റെ അടുത്തോട്ടായിരുന്നു .’‘ ‘’ അതെങ്ങെനെ ഇയാളറിഞ്ഞു ?’‘ ‘’ ഇണ്ടപ്പന്‍ എല വെട്ടു തൊടങ്ങിയപ്പോ ഒരു ദിവസം പണാവള്ളിലില്‍ വച്ച് കന്ദര്‍പ്പനെ ഒരു മിന്നു കണ്ടു . പൊറകെ ഓടീ പക്ഷെ കിട്ടിയില്ലാ അന്നേരം അവിടത്തെ ഹോട്ടലുകാരോട് ചോദിച്ച് താമസിക്കുന്ന സ്ഥലം തെരക്കി നടന്നപ്പോള്‍ വാതിലു തൊറന്നത് ഇണ്ടപ്പന്റെ ഭാര്യ. പൊറകെ വന്ന കന്ദര്‍പ്പന്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നും നടന്നില്ല’‘ ‘’ അതെന്താ ബാലാ ഇണ്ടപ്പനും കന്ദര്‍പ്പനും തമ്മില്‍ വാക്കേറ്റമുണ്ടാവാതിരുന്നത്?’‘ ‘’ ഇതെന്നാ ചോദ്യമാ തിരുമേനി , ചുമ്മാ നമ്പൂരി വിഢിത്തം പറയാതെ കന്ദര്‍പ്പന്റെ ഭാര്യ അന്നേരം എവിടെയാ? ഇണ്ടപ്പന്റെ അമ്മാവന്റെ വീട്ടില്‍ ആരുടെ കൂടെയാ വന്നെ? ഇണ്ടപ്പന്റെ കൂടെ ഇതെല്ലാം അറിഞ്ഞോണ്ടാ തിരുമേനി , ഈ പാണവള്ളീക്കാരന്‍ നിങ്ങടെ നാട്ടില്‍ വന്ന തിരുമേനി പറ, മനസു നോവുന്ന കാര്യമല്ലെ . പിന്നെങ്ങെനെ കുത്തിക്കീറാ‍തിരിക്കും ? ‘’ എന്റെ ബാലാ , എന്നാലും എത്ര ശത്രു സംഹാര പൂജ ഞാന്‍ ചെയ്തു ? അതിനു ഫലമുണ്ടായല്ലോ. ശത്രുത മരിച്ചല്ലോ ? സമാധാനമായി.’‘ ‘’ശ്മശാനത്തിനരുകിലൂടെ കാര്‍ താഴേക്കുള്ള വളവു തിരിഞ്ഞ് കലുങ്കു വരെ വന്നു ഞാനിറങ്ങി.

തോടു നീന്തിക്കേറി ഇല്ലത്തെത്തിയപ്പോള്‍ അറിയാതെ ഉള്ളില്‍ചിരിച്ചുപോയി കാമുകിയും മുറപ്പെണ്ണും തമ്മിലുള്ള വ്യത്യാസം എന്തെന്നുള്ളതിനെ പറ്റി ഒരു പഠനം നടത്താനുള്ള എല്ലാ സംവിധാനങ്ങളും റെഡിയാണല്ലോ എന്നോര്‍ത്ത്.

ബാബു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.