പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഭയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പാറപ്പുറത്ത്

പുനര്‍വായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക്‌ കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ പാറപ്പുറത്തിന്റെ 'ഭയം' എന്ന കഥ വായിക്കുക

വടക്കുകിഴക്കേ മലയിടുക്കില്‍ നിന്നാണ് ആ കാര്‍മേഘശകലം പ്രത്യക്ഷപ്പെട്ടത്. പത്തി വിരിച്ച സര്‍പ്പത്തിന്റെ ആകൃതിയായിരുന്നു അതിന്. കാണക്കാണെ അതു വലുതായി തുമ്പിക്കയ്യുയര്‍ത്തി നില്‍ക്കുന്ന കാട്ടാനയുടെ രൂപം പൂണ്ടു. എത്രപെട്ടന്നാണ് മാറ്റമുണ്ടാകുന്നത്? ഒരു പക്ഷെ, എഴുന്നേറ്റു പാര്‍പ്പിടത്തിലേക്കെത്തുമ്പോഴേക്ക് സുന്ദരമായ ഈ ആകാശം മുഴുവന്‍ കറുത്ത മേഘപാളികള്‍ ‍കൊണ്ട് മൂടപ്പെട്ടു പോയേക്കാം. ആ ചിന്ത എന്തുകൊണ്ടോ എന്നില്‍ ഭീതി നിറയ്ക്കുന്നു. മുഖമുയര്‍ത്തി നോക്കുമ്പോള്‍ മലമുകളില്‍ മുട്ടിനില്‍ക്കുന്ന ആകാശവിതാനത്തിലെ എണ്ണമറ്റ കൊച്ചു നക്ഷത്രങ്ങളാകെ വിറകൊള്ളുന്നതു കാണായി. പടിഞ്ഞാറെ ആകാശച്ചരുവില്‍ കൊളുത്തി വച്ച വിളക്കുപോലെ കാണുന്ന വലിയ നക്ഷത്രവും നിന്നു വിറയ്ക്കുകയാണ്; ഇനി രക്ഷയില്ല എന്നുറപ്പായപ്പോള്‍ വേട്ടക്കാരന്റെ മുന്നില്‍ നിന്നു വിറയ്ക്കുന്ന മാന്‍ കുഞ്ഞിനെപ്പോലെ. പ്രകാശത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടുകൊണ്ട് പ്രപഞ്ച സൗന്ദര്യമാകെ തന്നില്‍ ഉള്‍ക്കൊള്ളുന്നു എന്നഹങ്കരിച്ചു നിന്ന പ്രകൃതിയുടെ മുഖം എത്രപെട്ടന്നാണ് മങ്ങിപ്പോയത്! അറിയാത്ത നേരത്ത് അന്ധകാരത്തിന്റെ സൈന്യം പുറവാതിലിലൂടെ കടന്നു വന്നിരിക്കുന്നു!

ഈ വെളിച്ചം നശ്വരമാണെന്നും അന്ധകാരത്തിന്റെ ആക്രമണം അനിവാര്യമാണെന്നുമുള്ള ബോധമാണോ എന്നില്‍ ഈ പേടി നിറച്ചിരിക്കുന്നത്? ആകാശത്തിന്റെ ഹൃദയം തന്റെ വിരിമാറില്‍ പ്രതിഫലിപ്പിച്ച് കൊണ്ട് ഉല്ലസിച്ചു കിടക്കുന്ന ഈ തടാകവും ചുവപ്പു ചായം തേച്ച് മേല്‍ക്കൂരകളുള്ള ഉല്ലാസഭവനങ്ങള്‍കൊണ്ടു മോടി ചാര്‍ത്തിയ ഈ മലയോരങ്ങളും ഒരിക്കലും മങ്ങാത്ത ഉ‍ജ്ജ്വല സൗന്ദര്യത്തിന്റെ ഉറവിടമായ മഞ്ഞു മലകളും എല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ എന്നിലെ ചൈതന്യം പൊലിഞ്ഞു പോകും എന്നോര്‍ക്കുമ്പോള്‍ ഞാന്‍ പേടിക്കുന്നു. ഈ സുന്ദരമായ പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക എന്നത് എത്ര ദുസ്സഹമായ സത്യമാണ്. അജ്ഞാതസങ്കേതത്തില്‍നിന്നു പുറപ്പെട്ട് അജ്ഞാത സങ്കേതത്തിലേക്കു യാത്ര ചെയ്യവേ വഴിയിലെവിടെയെങ്കിലും വീണു മണ്ണടിയുന്ന ഒരു വെട്ടുകിളിയേപ്പോലെ ഇല്ലാതായിത്തീരുക! കുറെ ദൂരം പറന്നുകഴിഞ്ഞിരിക്കുന്നു. എന്നാണ് ചിറകു കുഴഞ്ഞു വീഴുക? യാത്രാമദ്ധ്യേ വീണു മണ്ണടിഞ്ഞ അനേകരുടെ ചിത്രം മനസ്സില്‍ തങ്ങി കിടക്കുന്നു. ഞാന്‍ ഇരിക്കുന്ന ഈ ശിലാതലത്ത് ഇരുന്ന് ഈ ഭൂഭാഗഭംഗികള്‍ നുകര്‍ന്ന് എത്രപേര്‍ കാലത്തിന്റെ അജ്ഞാതാന്ധകാരത്തില്‍ അലിഞ്ഞുപോയിരിക്കുന്നു. നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സുഖവാസകേന്ദ്രം ആദ്യമായി കണ്ടെത്തിയ സൗന്ദര്യാന്വേഷകന്റെ ഓര്‍മ്മ മാത്രമേ ഇന്നുള്ളു. ഈ തടാകത്തെ ചുറ്റിയുള്ള കാടുകളില്‍ കടുവായുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു നടന്നു വിശ്വവിഖ്യാതി നേടിയ സാഹസികനായ ആ വേട്ടക്കാരന്‍ ഇന്നു ജീവിച്ചിരിക്കുന്നില്ല . ഈ സുഖവാസ കേന്ദ്രത്തിനു മോടി കൂട്ടുകയും എനിക്കിവിടെ വന്നെത്താനുള്ള വഴി ഒരുക്കുകയും ചെയ്തു മണ്മറഞ്ഞു പോയ എത്രയെത്ര മനുഷ്യജീവികളുടെ പിന്‍ഗാമിയാണു ഞാന്‍ . സമതലത്തില്‍ ചൂടേറവേ കുളിരന്വേഷിച്ച് ഇവിടെയെത്തി ഉല്ലസിച്ചു പോയ എത്രപേര്‍ക്ക് അടുത്ത ചൂടുകാലത്ത് ഇവിടേക്കു മടങ്ങി വരാന്‍ കഴിയാതെ പോയിട്ടുണ്ട്!

‘രാം നാം സത്യ ഹൈ സത്യബോല്‍ സച്ച് ഹൈ!’

ഉവ്വ് , സത്യമായിട്ടുള്ള എന്തോ എന്നുണ്ട് . അതു രാമനാമം മാത്രമാവാം മറ്റെന്തെങ്കിലുമാവാം. എന്തായാലും നീണ്ട കാല്‍ വയ്പ്പുകളോടെ ഉറച്ച ശബ്ദത്തില്‍ അതു വിളിച്ചു പറഞ്ഞു കൊണ്ട് ഒരു ശവമഞ്ചവുമായി ‘ മാല്‍ റോഡ്’ എന്നു വിളിക്കുന്ന ഇവിടത്തെ പ്രധാന നിരത്തിലൂടെ നീങ്ങിയ പത്തോപതിനഞ്ചോ ആളുകള്‍ ആഹ്ലാദത്തിന്റെ അലമാലകളില്‍ ആറാടി നിന്ന ഒരു ജനക്കൂട്ടത്തെ നടുക്കിക്കളഞ്ഞ രംഗം ഇതാ ഞാന്‍ കണ്‍ മുന്നില്‍ കാണുന്നു.

രാം നാം സത്യ ഹൈ സത്യബോല്‍ സച്ച് ഹൈ!

ആ നടുക്കുന്ന ശബ്ദവും ശവമഞ്ചവും ഒരു ഗംഭീരമായ ‘ ബറാത്തിനു*’ പിന്നാലെയാണു വന്നത്. ഗ്യാസ് ലൈറ്റുകള്‍ , കരിമരുന്നു പ്രയോഗങ്ങള്‍ , ബാന്‍ഡുസെറ്റുകള്‍, കാറുകള്‍, വരനു യാത്ര ചെയ്യാനുള്ള അലങ്കരിച്ച് ജീപ്പ് എന്നിങ്ങനെ മോടിയേറിയ ബറാത്താണ് . നഗരവീഥികള്‍ ഒന്നുചേരുന്ന മുക്കിലെത്തിയപ്പോള്‍ ബാന്‍ഡുവാദ്യക്കാര്‍ നിന്നു. എന്നിട്ട് തങ്ങള്‍ക്കറിയാവുന്നതില്‍ വച്ചേറ്റവും നല്ല സംഗീതധാരയൊഴുക്കി. കരിമരുന്നുകാര്‍ കരുതി വച്ചിരുന്ന വിശേഷ വിദ്യകള്‍ പ്രകടിപ്പിച്ചു. ജനക്കൂട്ടം വഴിയുടെ വശങ്ങളിലേക്കൊഴിഞ്ഞു നിന്ന് ആ ബറാത്തിന്റെ പ്രൗഢി കണ്ടു രസിച്ചു. തടാകത്തിന്റെ കരയിലുള്ള മാല്‍ റോഡിലൂടെ ഒരു മനുഷ്യ നദിപ്രവാഹം തന്നെ ഉണ്ടായിരിക്കുന്നു. അകലെനിന്നു നോക്കുമ്പോള്‍ സപ്തവര്‍ണ്ണ സമ്മിളിതമായ ഒരു പരവതാനി വിരിച്ചിട്ടതുപോലെയാണു തോന്നുക. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച വിലകൂടിയ മനുഷ്യര്‍. ഡിലീഷ്യസ് ആപ്പിളിന്റെ നിറം. പരിചയിച്ചു ചന്തം വരുത്തിയ ചിരി. ഈ വേഷത്തിലും സൗന്ദര്യത്തിലുമൊന്നും അശേഷം ശ്രദ്ധ വച്ചിട്ടില്ല എന്ന ഭാവം. ഇങ്ങനെ ആണും പെണ്ണുമായി അനേകം മനുഷ്യര്‍ റോഡിലൂടെ തിങ്ങി ഒഴുകുന്ന ഒരു സന്ധ്യാനേരത്താണ് ആദ്യം വര്‍ണ്ണശബളമായ ബറാത്തും പിന്നാലെ ശവമഞ്ചവും വന്നത്. മുളകള്‍ കീറിക്കെട്ടിയുണ്ടാക്കിയ ശവമഞ്ചത്തില്‍ കിടത്തിയിരുന്ന ഉടല്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞില്ല. ചുവന്ന തുണികൊണ്ട് ആകെ മൂടിക്കെട്ടിയിരുന്നു . നാലുപേരാണു മഞ്ചം എടുത്തിരിക്കുന്നത്. മുന്നില്‍ ഒരാള്‍ ഒരു മങ്ങിയ പെട്രോമാക്സ് വിളക്കു തലയില്‍ ചുമന്നുകൊണ്ടു നടക്കുന്നുണ്ട്. മഞ്ചത്തിനു പിന്നാലെ എട്ടോ പത്തോ ആളുകളുണ്ട് . അവരിലൊരാളാണ് ‘ രാം നാം സത്യ ഹൈ’ എന്നു ചൊല്ലിക്കൊടുക്കുന്നത്. മറ്റെല്ലാവരും ചേര്‍ന്ന് ‘ സത്യബോല്‍ സച്ച് ഹൈ’ എന്ന് ഏറ്റു ചൊല്ലുന്നു. ചൊല്ലിക്കൊടുക്കുന്ന ആളിന്റെ മുഖത്തെ നിസംഗഭാവം ശ്രദ്ധേയമാണ്. വഴി തിങ്ങി നടക്കുന്ന അനേകായിരം ആളുകളോട് ഒരു വെല്ലുവിളിപോലെയാണ് അയാളുടെ ശബ്ദം. എത്ര മോടിയില്‍ നടന്നാലും അവസാനം നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഇങ്ങനെയൊരു യാത്രയുണ്ട് എന്നോര്‍മ്മിപ്പിക്കുമ്പോലെ . വരാനിരിക്കുന്ന നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കല്യാണചെറുക്കനും അവന്‍ ഇന്നുകല്യാണം കഴിക്കുന്ന പെണ്ണുമുള്‍പ്പെടെ ഈ ജനസമൂഹത്തിലെ ഏറ്റവും ചെറിയ കുട്ടി പോലും ഈ യാത്ര പൂര്‍ത്തിയായിരിക്കും എന്നോര്‍മ്മിപ്പിക്കുമ്പോലെ. ഒരു പക്ഷെ, ആ ഓര്‍മ്മ ആ ജനസഞ്ചയത്തിലെ ആണും പെണ്ണുമായ ഓരോരുത്തരുടേയും ആഹ്ലാദചിന്തകളെ ഉലച്ചു കളഞ്ഞിരിക്കാം. ഉവ്വ്, എന്റെ കണ്ണെത്തിയ എല്ലാ മുഖങ്ങളിലും ഞാന്‍ ആ മ്ലാനഭാവം കണ്ടു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു മാത്രം വിവാ‍ഹിതരായി മധു വിധു ആഘോഷിക്കാനെത്തിയ നവദമ്പതികളുടെ മുഖത്തു പോലും നിമിഷനേരത്തേക്ക് ആ വിഷാദ ചിന്ത പരന്നു. എങ്കിലും മരണം കൈയെത്തിപ്പിടിക്കുമാറ് അടുത്തത്തെത്തിയിരിക്കുന്നതു കണ്ടിട്ടെന്നോണം പേടി നിറഞ്ഞ ഭാവം കണ്ടത്, വടികുത്തി കൂനി നടക്കുന്ന ആ വൃദ്ധന്റെ മുഖത്താണ്. കൂടെ വൃദ്ധയായ ഭാര്യയുമുണ്ടായിരുന്നു. അത്ഭുതം എന്നു പറയട്ടെ, അവരുടെ മുഖത്ത് ഭയത്തിന്റെ നിഴല്‍ പോലും കണ്ടില്ല ഇതാണ് അവസാനമായി കടന്നുപോകാനുള്ള വഴി എന്നു തനിക്കു നേരത്തേ അറിയാമല്ലോ എന്നു വ്യാഖ്യാനിക്കാവുന്ന ഒരു നിസ്സഹായഭാവമായിരുന്നു അവരുടെ മുഖത്ത്. ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ത്തന്നെ ഞാ‍ന്‍ ആ വൃദ്ധദമ്പതികളെ ശ്രദ്ധിച്ചിരുന്നു. നന്നേ പരിചയവും ബന്ധവുമുള്ള ഒരാളെ വിദേശത്തു വച്ചു വിചാരിക്കാതെ കണ്ടുമുട്ടിയതു പോലെയാണു ഞാന്‍ അയാളെ നോക്കിയത്. എങ്ങനെ ഇവിടെ വന്നെത്തിയെന്നോ മറ്റോ ചോദിക്കാന്‍ വാക്കുകള്‍ എന്റെ നാവിന്‍ തുമ്പില്‍ തയ്യാറായി നിന്നു എന്നാണ് തോന്നുന്നത്. പട്ടാള ആഫീസിന്റെ പടിക്കലെ പഴയ തോക്കിന്റെ ചുവട്ടില്‍ ജനങ്ങളുടെ വര്‍ണ്ണശബളമായ ഒഴുക്കു ശ്രദ്ധിച്ചു നിന്ന ഞാന്‍ വൃദ്ധന്റെ അടുത്തേക്കു ചെന്നു. അപ്പോള്‍ വൃദ്ധന്‍ എന്നെ നോക്കി മന്ദഹസിച്ചിരുന്നില്ലേ എന്നും സംശയം. അടുത്തു ചെന്നപ്പോള്‍ തെറ്റു മനസിലായി എന്തൊരു ജളത്വം! കല്‍ക്കത്തയില്‍ നിന്നോ പാറ്റ്നയില്‍ നിന്നോ മറ്റോ വരുന്ന ബംഗാളി വയസ്സനാണ് വടികുത്തിയാണു നടക്കുന്നതെങ്കിലും നല്ല കാല്‍ നീളമുള്ള വൃദ്ധന്റെ ഒപ്പം നടക്കാന്‍ ബദ്ധപ്പെടുന്ന ഭാര്യയെ തിരിഞ്ഞു നോക്കി അയാള്‍ പറഞ്ഞു. :

‘ ഗൊതെ സേനേര്‍ മൊതെ നോയെ .ഏ ബത്സര്‍ നനിതാളേര്‍ ഹോട്ടല്‍ വാലാ- ദേര്‍ ബേഷ് ഭാലാ സുജോഗ് ഹൊയെഛെ!‘ ( കഴിഞ്ഞ വര്‍ഷത്തെ മാതിരിയല്ല . ഈയാണ്ടില്‍ നൈനിറ്റാളിലെ ഹോട്ടലുകാര്‍ക്കു കോളു തന്നെ )

വൃദ്ധ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളു. ഞാന്‍ അവരുടെ ഒപ്പം നടന്നു. എനിക്കു പരിചയമുള്ള ആരോടാണ് വൃദ്ധനു സാദൃശ്യം എന്ന് ആലോചിച്ചു നോക്കി. ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല ഒരു പക്ഷെ , ഒപ്പം ജോലിചെയ്തു പിരിഞ്ഞു പോയ ഏതെങ്കിലും ബംഗാളി സ്നേഹിതനെ ഓര്‍മ്മിച്ചതാകാം. റോയി ചൗദ്രി? സെന്‍ ഗുപ്ത? സചീന്ദ്രലാല്‍ ചക്രവര്‍ത്തി? ഒരു പക്ഷെ, പേരോര്‍മ്മിക്കാത്ത ആ സ്നേഹിതന്റെ പിതാവോ ജേഷ്ഠനോ അയിരിക്കും ഈ വൃദ്ധന്‍. എന്തായാലും എനിക്ക് അയാളോട് എന്തോ അകാരണമായ മമത തോന്നി. അങ്ങനെ ആ വൃദ്ധന്റെ പിന്നാലെ നടന്നു ചെല്ലുമ്പോഴാണ് ‘ ബറാത്ത്’ വന്നത്. വൃദ്ധന്‍ അപ്പോള്‍ വഴിയരികിലേക്കു ചേര്‍ന്നു നിന്നു. അയാളുടെ മുഖത്ത് ഒരു പ്രസാദാത്മകത പരന്നു ‘ ങാ , തരക്കേടില്ല അന്തസ്സുള്ളൊരു ഗൃഹസ്ഥന്റെ മകന്റെ ബറാത്തു തന്നെ ‘ എന്നു പറയുമ്പോലെയായിരുന്നു ആ മുഖഭാവം . ജീവിതത്തില്‍ അന്തസ്സായി ചെയ്ത എന്തെല്ലാമോ കാര്യങ്ങളുടെ ഓര്‍മ്മകള്‍ അയാള്‍ അയവിറക്കുന്നതായും തോന്നി...

ഏറെ വൈകിയില്ല, ശവമഞ്ചവും കൊണ്ടുള്ള വിലാപഘോഷയാത്രയും വന്നെത്തി. കത്തിനിന്ന വിളക്കു പെട്ടന്നണഞ്ഞതുപോലെയാണു വൃദ്ധന്റെ മുഖത്തെ പ്രസാദാത്മകത മങ്ങിപ്പോയത്. ആ മങ്ങല്‍ തത്ക്കാലത്തേക്കായിരുന്നിരിക്കാം. എന്നാലോ, വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ആ മുഖത്തെ ചൈതന്യം പൊഴിഞ്ഞു പോകുന്ന നാള്‍ അത്ര അടുത്തെത്തിയിരിക്കുന്നു എന്ന സത്യം വിസ്മരിക്കാനാവില്ലല്ലോ. അതിനു ശേഷം വ്യക്തിത്വമുള്ള ഒരു രൂപം എന്റെ ഹൃദയഭിത്തികളില്‍ കൊത്തി വച്ച ആ മനുഷ്യന്‍ ഈ ഭൂമിയിലുണ്ടാവില്ല. അയാള്‍ കടന്നു പോയി എന്ന വസ്തുത കാര്യമായെടുക്കാതെ ലോകയന്ത്രത്തിന്റെ അവിരാമമായ ചലനം തുടര്‍ന്നു പോകുന്നു. എണ്ണമില്ലാത്ത വെട്ടുകിളികളുടെ കൂട്ടത്തില്‍ നിന്ന് ഒന്നു വീണുപോയാല്‍ ആരറിയാന്‍? ആകാശത്തിന്റെ ഹൃദയം തന്റെ വിരിമാറില്‍ പ്രതിഫലിപ്പിച്ച് കൊണ്ട് ഉല്ലസിച്ചു കിടക്കുന്ന ഈ തടാകവും ചുവപ്പു ചായം തേച്ച് ഉല്ലാസഭവനങ്ങള്‍കൊണ്ടു മോടി ചാര്‍ത്തിയ ഈ മലയോരങ്ങളും അകലെ നിന്നുനോക്കുമ്പോള്‍ കുട്ടികള്‍ ഉണ്ടാക്കി വിട്ട കടലാസുതോണികള്‍ പോലെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന ‘ യാട്ടു’ കളും ഒക്കെ നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു നിമിഷം ജീവിതത്തിന്റെ പ്രകാശം പൊലിഞ്ഞു പോകുന്നു. പിന്നീടുള്ള അന്ധകാരത്തെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ ഒന്നും.......

ങാ, ഒന്നുമറിഞ്ഞുകൂടാ എന്നു പറയരുതല്ലോ . ഈ തടാകത്തിന്റെ അത്യഗാധതയില്‍ ഉണ്ടെന്ന് ‘ ചൗക്കീദാര്‍ പാന്‍സിങ്’ പറഞ്ഞ നൈനീ ദേവിയുടെ കൊട്ടാരത്തെക്കുറിച്ച് പറയാം. ദേവിക്കു കനിവു തോന്നിയവര്‍ക്കു മാത്രം ആ കൊട്ടാരം ശാശ്വത ഭവനമാക്കാം. മുഴുവന്‍ വെള്ള മാര്‍ബിള്‍ക്കല്ലില്‍ പണിതീര്‍ത്ത ഏഴുനിലകൊട്ടാരമാണ്. ചുറ്റിലും ഏഴു ഗോപുരവാതിലുകള്‍. പരിചരിക്കാന്‍ ഏഴായിരം സുന്ദരകന്യകകള്‍. ആ കൊട്ടാരത്തില്‍ നൈനീദേവിയുടെ സ്ഥിരം അതിഥികളായി താമസിക്കാന്‍ ഏറെപ്പേര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞയാണ്ടില്‍ മൂന്നാളെ ദേവി കൂട്ടിക്കൊണ്ടു പോവുകയുണ്ടായി . തടാകത്തില്‍ ഉല്ലാസയാത്രയ്ക്കുള്ള ചെറുവഞ്ചിയുടെ തുമ്പില്‍ താളം ചവിട്ടിനിന്നുകൊണ്ടു മലയോരങ്ങളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ കാല്‍ വഴുതി വീണു പോയ സിഖ് യുവാവാണൊന്ന്, മൂന്നാം ദിവസമേ ദേവി അവന്റെ ഉടല്‍ തന്നെ മടക്കിക്കൊടുത്തുള്ളു. അപസ്മാരബാധയുണ്ടായി പാറയില്‍ നിന്നും വെള്ളത്തില്‍ വീണുപോയ ബംഗാളിപ്പെണ്ണും ഭാര്യയുടെ നടപടിദൂഷ്യം സഹിക്കാഞ്ഞ് നൈനീദേവിയുടെ തടാകത്തില്‍ ആത്മാര്‍പ്പണം നടത്തിയ കുമയോണി യുവാവുമാണ് മറ്റു രണ്ടു പേര്‍ . അവര്‍മൂന്നു പേരും വെള്ള മാര്‍ബിള്‍ക്കല്ലില്‍ പണിതീര്‍ത്ത ഏഴുനില മാളികയില്‍ വിശ്രമിക്കയാവാം. ചൗക്കിദാര്‍ പാന്‍സിങിന് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. അയാള്‍ പല തവണ നൈനീദേവിയെ നേരില്‍ കണ്ടവനാണ്. പാതിരാത്രി കഴിയുന്ന നേരത്താണ് ദേവിയുടെ നീരാട്ട്. അപ്പോള്‍ തടാകമാകെ കൊടുങ്കാറ്റടിച്ചിട്ടെന്നോണം ഇളകി മറിയും . നീരാട്ടു കഴിഞ്ഞു പാദത്തോളമെത്തുന്ന ഈറന്‍ മുടിയുമായി തടാകത്തിന്റെ കരയിലുള്ള അമ്പലത്തിലേക്കു കയറിപ്പോകുന്ന ദേവിയെ ഭക്തന്മാര്‍ക്കേ കാണാന്‍ കഴിയു. പാന്‍സിങ് ദേവീഭക്തനാണ്. ഭൂതപിശാചുകളും വന്യമൃഗങ്ങളും ഒരു പോലെ വേട്ടക്കിറങ്ങി നടക്കുന്ന രാത്രികാലത്ത് കാവല്‍ നില്‍ക്കേണ്ട പാ‍ന്‍സിങിനു മറ്റാരാണ് തുണ? ഈ ഉടല്‍ ത്യജിക്കേണ്ടി വരുമ്പോള്‍ ദേവി തന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളും എന്ന കാര്യത്തിലും പാന്‍സിങിനു സംശയമില്ല ഈ കാണുന്ന അത്ഭുതങ്ങളെല്ലാം ദേവിയുടെ മായാവിലാസങ്ങള്‍ തന്നെ. പടിഞ്ഞാറ് നീലകണ്ഠപര്‍വതം മുതല്‍ കിഴക്ക് ‘ പഞ്ചചൂള’ വരെയുള്ള ഈ മലനാടിന്റെ ഉടമസ്ഥയാണ് ദേവി. ദക്ഷന്റെ യാഗാഗ്നിയില്‍ ആത്മാര്‍പ്പണം ചെയ്ത ശ്രീപാര്‍വതിയുടെ കണ്മണിയില്‍ നിന്ന് ഉയിര്‍ പൂണ്ട ദേവിയാണ്. ദേവിയുടെ ശക്തി പ്രകടമാക്കുന്ന എത്രയെത്ര കഥകളാണ് പാന്‍ സിങിനറിയാവുന്നത്. അയാര്‍പട്ട മലയുടെ നെറുകയില്‍ പണിതിരിക്കുന്ന സുന്ദരമായ സ്മാരകത്തിന്റെ ഉടമസ്ഥയായ ‘ ഡറോത്തി കെല്ലന്‍’ എന്ന ആംഗ്ലേയ യുവതിയുടെ മരണത്തിന്റെ കഥയും ആ കൂട്ടത്തിലൊന്നാണ്. ഡറോത്തി കെല്ലന്റെ ജീവന്‍ നൈനീദേവി കൊണ്ടു പോയി എന്നാണ് പാന്‍ സിങ് പറയുന്നത്. യാതൊരു യുക്തിചിന്തകള്‍ക്കും പാന്‍സിങിന്റെ വിശ്വാസത്തിന്റെ കോട്ടമതില്‍ ഭേദിച്ചു കടന്നു ചെല്ലാന്‍ കഴിയില്ല അങ്ങനെ കടന്നു ചെല്ലണമെന്ന് ഞാന്‍ ആശിക്കുന്നുമില്ല. പാന്‍സിങ് പറയുന്നതൊക്കെ സത്യമായിരിക്കട്ടെ. പാന്‍സിങിന്റെ വിശ്വാസങ്ങള്‍ അഴിവില്ലാത്തവയായിരിക്കട്ടെ. ഡറോത്തി കെല്ലന്റെ മരണത്തെക്കുറിച്ചതുള്‍പ്പെടെ എല്ലാ വിശ്വാസങ്ങളും.

ഡാറോത്തി ഭര്‍ത്താവായ കെല്ലന്‍ സായ്പിനോടൊന്നിച്ചു വരുമ്പോള്‍ നൈനീദേവിയുടെ ഈ വിഹാരഭൂമി ഇന്നു കാണും പോലെ ആയിരുന്നില്ല. തീവണ്ടിയാത്ര അവസാനിക്കുന്നേടത്തു നിന്ന് നേരിട്ട് ഇവിടത്തോളം മേട്ടോര്‍ കാറിലെത്താമായിരുന്നില്ല. അയാര്‍പട്ട മലയുടെ ഉയരത്തിലേക്കു സൗകര്യമായി കയറിപോകാന്‍ ഇന്നുള്ള നടപ്പാതകള്‍ ഉണ്ടായിരുന്നില്ല. ഇടതൂര്‍ന്നു വളരുന്ന ‘ അയാര്‍’ മരങ്ങളുടെ ഇടയിലൂടെ വന്യമൃഗങ്ങളെ ഭയപ്പെടാതെ നടക്കാമായിരുന്നില്ല. അയാര്‍പേട്ട മലയുടെ പടിഞ്ഞാറെ ചരിവിലുള്ള പാറക്കെട്ടുകള്‍ പോലും കടുവകളുടെ താവളമായിരുന്നെത്രെ. എന്നിട്ടോ, ചിത്രകാരിയായിരുന്ന ഡറോത്തിക്ക് ഒരു ദിവസമെങ്കിലും ആ മലയുടെ ഉയരത്തില്‍ കയറി മഞ്ഞണിഞ്ഞ ഹിമാലയന്‍ കൊടുമുടികളുടെ ഗംഭീര ദൃശ്യം കാണാതെ ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. തലക്കു മീതെ കുടപിടിച്ചു നില്ക്കുന്ന ആകാശത്തിന്റെ നീലിമയും താഴെ വഴിതെറ്റി വന്ന സമുദ്രത്തിന്റെ കുഞ്ഞുമകളെപ്പോലെ കാണാവുന്ന നീലത്തടാകവും മറ്റും തന്റെ ആത്മാവിന്റെ മന്ദിരത്തില്‍ സംഗീതധാര മുഴക്കുകയാണ്. ഈ അസുലഭമായ സൗന്ദര്യ വായ്പ്പ് തന്റെ ചായക്കൂട്ടും ബ്രഷും ഉപയോഗിച്ചു തന്നെ പകര്‍ത്തിയെടുത്ത് ലോകത്തിനു കാണിച്ചു കൊടുക്കണം. ‘ ഇത്ര ഉദാരമായ സൗന്ദര്യദാനം ഉള്‍ക്കൊള്ളാനും പുനരാവിഷ്ക്കരിക്കാനും മറ്റാര്‍ക്കും കഴിവില്ല’ എന്നു ഒരു പക്ഷെ , ഡറോത്തീക്കു തോന്നിയിരിക്കാം. തന്റെ കഴിവുകള്‍ തന്നെ എത്രയോ പരിമിതം . എന്നാലും ഈ വന്യ സൗന്ദര്യത്തിന്റെ രഹസ്യം തനിക്കു സുഗ്രഹമായിരിക്കുന്നു. തന്റെ സൗന്ദര്യരാധനയുടെ അവിഷ്ക്കാര മാര്‍ഗമായ ചിത്രരചനയിലൂടെ ആവുന്നത്ര അതു ലോകത്തിനു കാട്ടിക്കൊടുക്കുക .

നാലുമണിയായാല്‍ ഡറോത്തി ഭര്‍ത്താവിന്റെ വരവും കാത്തിരിപ്പാണ്. ‘ഗവണ്മെന്റ് ഹൗസില്‍’ നിന്ന് ഇറങ്ങി വരുന്ന ഇടവഴി ഏറെ ദൂരത്തോളം ഡറോത്തിക്കു തന്റെ വീട്ടുമുറ്റത്തു നിന്നു കാണാം. പക്ഷെ, കെല്ലന്‍ സായ്പിന് പലപ്പോഴും വൈകിയേ ഓഫീസില്‍ നിന്നും മടങ്ങി വരാന്‍ കഴിയുന്നുള്ളു. അയാള്‍ക്ക് ഓഫീസില്‍ കൂടുതല്‍ സമയം ഇരുന്നു ചെയ്തു തീര്‍ക്കേണ്ട ജോലികളുണ്ട്. എന്നാലും അഞ്ചുമണിക്കെങ്കിലും അയാള്‍ വീട്ടില്‍ ഓടിയെത്തുന്നു. കാപ്പി കുടിക്കേണ്ട താമസം അയാളുടെ കൈക്കുപിടിച്ചുകൊണ്ട് അവര്‍ മലയുടെ ഉയരത്തിലേക്കു യാത്രയാകും. അല്ലെങ്കില്‍ ‘ ഡാണ്ടി’ എന്നു പേരുള്ള പല്ലക്കില്‍ രണ്ടുപേരും ഒപ്പം കയറിയിരുന്നു പോകും. ചിത്രം വരയ്ക്കാനുള്ള ഉപകരണങ്ങള്‍ എത്തിക്കാന്‍ കൂലിക്കാരുണ്ട്.

ചിത്രകാരനല്ലെങ്കിലും സൗന്ദര്യാരാധകന തന്റെ പ്രിയതമയുടെ ജീവിതത്തിന്റെ ഒരംശമാണെന്ന് കെല്ലന്‍ സായ്പ്പിന് അറിയാമായിരുന്നിരിക്കാം. അതുകൊണ്ടാണല്ലോ താന്‍ വരാന്‍ ഏറെ വൈകിപ്പോയാല്‍ തനിയെ മല കയറികൊള്ളാന്‍ അയാള്‍ ഭാര്യയ്ക്ക് അനുവാദം കൊടുത്തത്. അലഹാബാദില്‍ ഉണ്ടായിരുന്ന നല്ലൊരു ജോലി ഉപേക്ഷിച്ച് താരതമ്യേന ചെറിയൊരു ജോലി സ്വീകരിച്ച് ഈ മലയുടെ ഉയരത്തിലുള്ള ചെറിയ നഗരത്തില്‍ അയാള്‍ വന്നതു തന്നെ തന്റെ പ്രിയതമക്കു വേണ്ടിയാണ്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് മധുവിധു ആഘോഷിക്കാന്‍ വന്നപ്പോഴാണ് അവള്‍ ആദ്യമായി ഈ സൗന്ദര്യ സങ്കേതം കണ്ടത്. മടങ്ങിയതാകട്ടെ തന്റെ ആത്മാവിന്റെ ഒരു പങ്ക് ഉപേക്ഷിച്ചു പോകുമ്പോലേയും......

തെളിവാര്‍ന്ന ഒരു സന്ധ്യാസമയം. പൂര്‍ണ്ണ ചന്ദ്രന്‍ ‘ ഷേര്‍ക- ഡണ്ട ‘ മലയുടെ മീതെ പൊന്നിന്‍ തളിക പോലെ ഉയര്‍ന്നു നില്‍ക്കുന്നു. ഇരുട്ടു പതിയിരിക്കുന്ന താഴ്വരകളും കസവുകുപ്പായമണിഞ്ഞ മഞ്ഞുമലകളും എല്ലാം ഉള്‍ക്കൊള്ളുന്ന ഉജ്ജ്വലമായ ഒരു ചിത്രം ഡറോത്തി ക്യാന്‍വാസിലേക്കു പകര്‍ത്തുകയാണ്. അഞ്ചുമണിയായപ്പോള്‍ അവിടെ എത്തിയതാണ്. ആ ചിത്രം പൂര്‍ത്തിയാക്കിയേ വീട്ടിലേക്കു മടങ്ങൂ എന്നു തീര്‍ച്ചയാക്കിയിരിക്കയാണ്. ഭര്‍ത്താവു വീട്ടിലില്ലെന്നും സന്ധ്യ കഴിഞ്ഞ് ആ മലയുടെ മീതെ ഇരിക്കുന്നത് അപകടകരമാണെന്നും ഓര്‍ക്കാതെയല്ല. മാദകമായ ഒരു ലഹരിയില്‍ അവള്‍ ആമഗ്നയായിരിക്കുന്നു. താന്‍ വരക്കുന്ന ചിത്രം സജീവരൂപം പ്രാപിക്കുന്നതുപോലെ . അമാനുഷികമായ ഒരു കരുത്തു ലഭിക്കുകയും അകലെകാണുന്ന മഞ്ഞുമലകളുടെ സാമ്രാജ്യത്തിലേക്കു താന്‍ പറന്നുപോവുകയും ചെയ്യുന്നപോലെ . അങ്ങനെ എല്ലാം മറന്ന് ഡറോത്തി ചിത്രരചനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അപരിചിതയായ ഒരു സ്ത്രീ കണ്മുന്‍പില്‍ നില്‍ക്കുന്നതു കാണുന്നത്. അലൗകിക സൗന്ദര്യം കൊണ്ട് ഉജ്ജ്വലമായ മുഖം പാദത്തോളമെത്തുന്ന കറുത്ത തഴച്ച മുടി . അപ്പുറത്തെ മലമുകളില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ നിറമാര്‍ന്ന മേനിയില്‍ നനഞ്ഞൊട്ടിച്ചേര്‍ന്നിരിക്കുന്ന ഉടയാട. അപരിചിതമായ, വശ്യതയാര്‍ന്ന സ്വരത്തില്‍ അവര്‍ ചോദിച്ചു.

‘ ഇത്ര ധിക്കാരം കാട്ടുന്ന നീ ആരാണ്?’

വിറകൊള്ളുന്ന അധരങ്ങളോടെ ഡറോത്തി പറഞ്ഞു:

‘ഞാന്‍...’

‘ആരാണു നീ?’

‘എന്റെ കണ്ണില്‍ എന്തിന് ഈ കമ്പുകൊണ്ടു കുത്തി?’

‘ഞാനോ?’

‘നോക്ക് , എന്റെ കണ്ണുകളിലേക്കു നോക്ക്.’

‘......’

‘ ചോര പൊടിച്ചിരിക്കുന്നില്ലേ?’

‘ചോര!’

ഡറോത്തി ആ കണ്ണുകളിലേക്കു നോക്കി ബ്രഷ് കടും ചുവപ്പു ചായത്തില്‍ മുക്കി തൊട്ടതു പോലെ ഒരു പാട്. അപ്പോള്‍ ഡറോത്തി വിറച്ചു പോയി. അയാര്‍പട്ട മലയുടെ ഉയരത്തില്‍ ഇരുന്നാല്‍ കാണാവുന്ന മനോഹരദൃശ്യങ്ങളെല്ലാം ആ കണ്ണുകളില്‍ പ്രതിഫലിച്ചു കാണുന്നല്ലോ. ചൈനാ പീക്കും തടാകവും മാത്രമല്ല , അകലെയുള്ള നന്ദാദേവിയും തൃശൂലും എല്ലാം കണ്ണാടിയിലെന്നോണം ആ കണ്ണുകളില്‍ പ്രതിഫലിച്ചു. കാണുന്നല്ലോ. കാണക്കാണെ ആ സ്ത്രീരൂപം ഭീകരരൂപം കൈക്കൊള്ളുന്നു. ശിരസ്സ് ആകാശത്തില്‍ മുട്ടി നില്‍ക്കുന്നു. കൈകാലുകള്‍ ദേവതാരമരങ്ങളെപ്പോലെ വളര്‍ന്നിരിക്കുന്നു. ആ രൂപം ഇടിമുഴക്കം പോലെ ശബ്ദിച്ചു.

‘ വരു ഡറോത്തി .... എനിക്കു നിന്നെ ആവശ്യമുണ്ട്.’

‘എവിടെ?’

‘ എന്റെ കൂടെ വരു.’

‘ഇല്ല എനിക്കു വരാന്‍ സാദ്ധ്യമല്ല. എന്റെ ഭര്‍ത്താവിനെ പിരിഞ്ഞ്....’

ഇടിമുഴക്കം പോലെള്ള ചിരി.

‘ സ്നേഹമുള്ള ഭര്‍ത്താവിനോടു നിനക്കൊരിക്കല്‍ യാത്രപറയാതൊക്കുമോ ? നിന്നെ ഞാന്‍ എന്റെ കൊട്ടാരത്തിലെ വിരുന്നുകാരിയക്കാം. നിനക്ക് ഇഷ്ടമുള്ളേടത്തൊക്കെ നടന്നു ചിത്രം വരയ്ക്കാം .’

ആ വലിയ കൈ അവളുടെ നേരെ നീണ്ടുവന്നു.... പിറ്റേന്നു പുലര്‍ച്ചയ്ക്കു നോക്കുമ്പോള്‍ അവള്‍ വരച്ച അപൂര്‍ണ്ണമായ ചിത്രത്തിനടുക്കല്‍ ഡറോത്തി കെല്ലന്റെ ഉടല്‍ വിറങ്ങലിച്ചു കിടന്നിരുന്നു.

അവള്‍ വീണുകിടന്നേടത്ത് അവളുടെ ഭര്‍ത്താവു പണിതീര്‍ത്ത കൊച്ചു സ്മാരകം ഇന്നും നിലകൊള്ളുന്നു.

പാന്‍സിങ് പറഞ്ഞ കഥയില്‍ എന്റെ ഭാവന ചില്ലറ മിനുക്കു പണികള്‍ നടത്തിയിട്ടുണ്ട് എന്നതു മറച്ചുവയ്ക്കുന്നില്ല . ഡറോത്തി കെല്ലന്‍ എന്ന സുന്ദരിയെ നൈനീദേവി കൂട്ടികൊണ്ടു പോയി എന്ന കഥയുടെ പരിവേഷമാണല്ലോ മറ്റെല്ലാം. കുറെക്കൂടി യുക്തിപരമായി ചിന്തിച്ചാല്‍ ‍ഡറോത്തി കെല്ലന്‍ ആ മലമുകളില്‍ മരിച്ചു എന്നതു മാത്രമാവാം സത്യം. ഇല്ല അത്രയും വഴി തെറ്റി സഞ്ചരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. പാന്‍സിങിന്റെ വിശ്വാസം അഴിവില്ലാത്തതായിരിക്കട്ടെ. ഡറോത്തി നൈനീ ദേവിയുടെ മാര്‍ബിള്‍കൊട്ടാരത്തില്‍ നിത്യാതിഥിയായി കഴിയുന്നു. ദേവി തന്റെ വിഹാരഭൂമി മുഴുവന്‍ കാണിച്ചു കൊടുക്കാന്‍ സ്വര്‍ണ്ണപ്പല്ലക്കിലേറ്റി അവളെ കൊണ്ടു പോകുന്നു. അയാള്‍ പട്ടമലയുടെ ഉയരത്തില്‍ നിന്നു നോക്കുമ്പോള്‍ കാണാവുന്നത്ര ഇടങ്ങള്‍ മാത്രമല്ല . ഹിമാലയത്തിന്റെ ഓരോരോ കൊടുമുടികളും താഴ്വരകളും തന്നെ നിന്റെ ആ ഉല്ലാസയാത്ര ഭാവനയിലൂടെ കാണാന്‍ ഞാന്‍ ശ്രമിക്കുകയാണ്. റാണിഖേത്തിലൂടെ സോമശേഖരം വഴി നന്ദാദേവിയുടെ നൃത്തക്കളമായ ‘ പിണ്ഡാരി ഗ്ലേഷിയറി’ ലേക്ക് നീ പോകുന്നു. ഇടക്ക് ‘ ബാഗ്വേശ്വ’ ത്തിറങ്ങി നീ വിശ്രമിച്ചേക്കും. എന്നു വച്ച് ‘ ലൊഹാര്‍ഖേത്തി’ ലെയും ‘ ധക്കുരി’ യിലേയും മറ്റും വിശ്രമ ഭവനങ്ങളില്‍ നീ അന്തിയുറങ്ങാന്‍ നില്‍ക്കില്ല. നൈനീ ദേവിയുടെ സ്വര്‍ണ്ണ പല്ലക്കില്‍ സഞ്ചരിക്കുന്ന നിനക്കു ദാഹവും ക്ഷീണവും ഇല്ലല്ലോ. നിലാവു പെയ്യുന്ന രാത്രികളില്‍ മഞ്ഞുമലയുടെ താഴ്വരകളിലൂടെ നീ യാത്ര ചെയ്യും. പടിഞ്ഞാറു നീലകണ്ഠ പര്‍വ്വതം മുതല്‍ കിഴക്ക് ‘ പഞ്ചചൂള’ വരെയുള്ള എല്ലാ കൊടുമുടികളും നീ കയറിയിറങ്ങും. നീ നേടിയെടുത്ത ഈ അത്ഭുത സിദ്ധിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കസൂയയുണ്ട് ഡറോത്തി. ഒരിക്കലും നഷ്ടപ്പെടാത്ത ഈ സൗന്ദര്യ സാമ്രാജ്യം നീ നിന്റെ അനശ്വരവാസഭൂമിയാക്കിയല്ലോ...

ഒരിടിമുഴക്കം കേട്ടാണു ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. മുഖമുയര്‍ത്തി നോക്കി ആകാശം മുഴുവന്‍ കാര്‍മേഘാവൃതമായിരിക്കുന്നു. ഒരൊറ്റ നക്ഷത്രം പോലും കാണാനില്ല. വഴിവിളക്കുകളൊക്കെ അണഞ്ഞു പോയിരിക്കുന്നു. മലയോരങ്ങളിലെ മന്ദിരങ്ങളുടെ കിളിവാതിലുകളിലൂടെ ചോര്‍ന്നു വന്നിരുന്ന വെളിച്ചവും പൊലിഞ്ഞു പോയിരിക്കുന്നു. ഒരു നെയ്ത്തിരിക്കു പോന്നത്രപോലും വെളിച്ചമില്ല. നാലഞ്ചു മഴത്തുള്ളികള്‍ ദേഹത്തു വീണപ്പോഴാണെഴുന്നേറ്റത്. എന്നിട്ടു വേഗത്തില്‍ നടന്നു. അല്ല , ഓടുകതന്നെ ചെയ്തു. വരാനിരിക്കുന്ന വലിയ മഴയ്ക്കു മുമ്പു പാര്‍പ്പിടത്തിലെത്താന്‍ കഴിയുമോ?

പാറപ്പുറത്ത്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.