പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

റിയാലിറ്റി ഷോ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.എൻ. ലതാദേവി

“ഇത്‌ ഞങ്ങളുടെ വീട്‌, നിങ്ങൾക്കും വേണ്ടേ ഒരു വീട്‌?” കൂറ്റൻ പരസ്യപ്പലകയിലെ ചില്ലുജാറിൽ നീന്തിത്തുടിക്കുന്ന മീൻ കുട്ടികൾ റെയിൽവേ പുറമ്പോക്കിൽ നിരന്നു നില്‌ക്കുന്ന പരസ്യപ്പലകകളുടെ തണലിൽ പ്ലാസ്‌റ്റിക്‌ കവറുകളും കീറത്തുണികളും കൊണ്ട്‌ കെട്ടിമറച്ച മൊബൈൽ വീടുകൾ. വീടുകൾക്കുമുന്നിൽ പുകയുന്ന അടുപ്പൂതി ചുവന്നു കലങ്ങിയ കണ്ണുകൾ തുടച്ച്‌ മാറാപ്പിലെ മനുഷ്യക്കോലങ്ങളുമായി പെണ്ണുങ്ങൾ. ലഹരിയിൽ ബോധം കെട്ട്‌ അവിടവിടെ വീണുറങ്ങുന്ന ആണുങ്ങൾ.

‘അവിടൊന്നും തൊടണ്ട. ങ്‌ട്‌ നീങ്ങിരിയ്‌ക്ക്‌, ജനലഴികളിലൂടെ പുറംകാഴ്‌ചകൾ കാണുന്ന മകളോടു പറഞ്ഞിട്ട്‌ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ.

എരിതീയിലേക്ക്‌ എണ്ണയൊഴിക്കുംപോലെ അപ്പോഴാണ്‌ അവർ കയറി വന്നത്‌.

അമ്പതു കോടി ജനങ്ങളുള്ള സമ്പത്സമൃദ്ധമായ ആഫ്രിക്കയുടെ ദാരിദ്ര്യത്തിനും ദുരിതങ്ങൾക്കും കാരണം സാമ്രാജ്യത്വകൊള്ളയാണ്‌ - പുതുവർഷക്കലണ്ടറിലെ വിശേഷ ദിവസങ്ങൾകുറിക്കുന്ന സ്‌ഥലത്തു കണ്ട ദയനീയ ചിത്രം. പോവർട്ടി ഇൻ ആഫ്രിക്ക - ഏറെ ദിവസങ്ങളായി ഊണിലും ഉറക്കത്തിലും കൊണ്ടു നടന്നിരുന്ന അസ്വസ്‌ഥത എത്രമായ്‌ച്ചിട്ടും മായാത്ത ചിത്രം ജീവനോടെ മുന്നിൽ നിൽക്കുന്നു.

യാത്രക്കാരുടെ മുന്നിൽ കൈനീട്ടിയും പാട്ടുപാടിയും നോണ്ടിവിളിച്ചും നടന്നുനീങ്ങുന്ന ദൈന്യരൂപങ്ങൾ വെറുപ്പോടെ അവരെ ആട്ടിയകറ്റുന്ന യാത്രികർ. പുറത്ത്‌ കുപ്പത്തൊട്ടിയിലെ എച്ചിലിനായി കടിപിടികൂടുന്ന നായ്‌ക്കളും കുട്ടികളും.’

അപ്പഴേ പറഞ്ഞതാ ഈ ട്രെയിൻ യാത്ര്യൊന്നും ശര്യാവില്ലാന്ന്‌. അതും ഈ ജനറൽ കമ്പാർട്ട്‌മെന്റിൽ അവൾ ആരോടെന്നില്ലാതെ പറഞ്ഞിട്ട്‌ തിളങ്ങുന്ന തന്റെ വിലയേറിയ സാരി ഒതുക്കിപ്പിടിച്ച്‌ അറപ്പോടെ അവരെ ഒന്നു നോക്കി മുള്ളിൽ ഇരിക്കുന്നതു പോലെ ഇരുന്നു.

‘അമ്മേ അവരും അവിടേക്കാ? നന്നായി പാട്‌ണ്‌ണ്ടല്ലോ. ഫ്ലാറ്റവര്‌ക്ക്‌ കിട്ട്വോ? ’ ഇതിനകം തൊട്ടടുത്ത കമ്പാർട്ടുമെന്റിലേക്കു നീങ്ങിയ നാടോടിക്കൂട്ടത്തെചൂണ്ടി മകൾ ചോദിച്ചു. ശ്ശ്‌ പതുക്കെ ഒന്നു മിണ്ടാണ്ടിരിക്കണുണ്ടോ? അവൾ മകളെ നോക്കി കണ്ണുരുട്ടി. പിന്നെ ചുറ്റും നോക്കി മറ്റാരും കേട്ടില്ലെന്നുറപ്പുവരുത്തി.

രണ്ട്‌

ആസിയാൻ കരാറിനെതിരെ മനുഷ്യച്ചങ്ങലയും കഴിഞ്ഞ്‌ വീടെത്തുമ്പോൾ രാത്രിയായിരുന്നു. സമ്പന്നർ തിങ്ങിപ്പാർക്കുന്ന കോളനി ഇരുട്ടിലാണ്ടു കിടക്കുകയായിരിന്നു. വെളിച്ചംപോലും അവനവന്റെ കാര്യം നോക്കി സ്വന്തം വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.

പാടം നികത്തി പണിത പുതിയ കോളനിയായതുകൊണ്ട്‌ പഴയ താമസക്കാരുടെ തവളകളുടെ പാഴ്യാരം പറച്ചിൽ.

ഞാൻ ജനിച്ചവീട്‌. നടന്നവഴികൾ. ഓമനിച്ച്‌ നട്ടു വളർത്തിയ മരങ്ങൾ. പുന്നാരം പറഞ്ഞ കാറ്റ്‌. എല്ലാം വിറ്റു തുലച്ച്‌ ഈ കോളനിയിൽ വീടു വാങ്ങിയത്‌ അവളുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു.

പതിവിനു വിപരീതമായി ടി.വിക്കു മുന്നിലായിരുന്നു അമ്മയും മകളും. ഏതു നേരവും പഠിക്ക്‌ പഠിക്ക്‌, എന്നു പറഞ്ഞ്‌ മകളെ സ്വൈരം കെടുത്തുന്ന അവൾക്ക്‌ ഇന്ന്‌ എന്തുപറ്റി ആവോ?

‘എപ്പ നോക്ക്യാലും ഒരു വായന. ഇന്നാണ്‌ മോളുടെ പ്രോഗ്രാം ടീവീല്‌ വരണ്‌ന്നുള്ള ഓർമ്മീം കൂടില്ല്യ.’ ഇക്കോളജിക്കൽ ഇംബാലൻസിനെക്കുറിച്ച്‌ ഒരു ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അവളുടെ മുറുമുറുപ്പ്‌. ജൈവിക ആവാസവ്യവസ്‌ഥയെത്തന്നെ തകരാറിലാക്കും വിധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുന്നുകളേയും പുഴകളേയും കുറിച്ചുള്ള ഒരു പഠനം. വായിച്ചുകൊണ്ടിരുന്ന പുസ്‌തകം മടക്കിവെച്ച്‌ ടി.വിക്കു മുന്നിലെത്തി.

പരസ്യങ്ങളുടെ ഘോഷയാത്രക്കിടയിൽ മിന്നിമിന്നിപ്പോകുന്ന ഫ്ലാഷ്‌ന്യൂസ്‌ “വിദർഭയിൽ പോയവാരം ഒമ്പതു കർഷകർക്കൂടി ആത്മഹത്യചെയ്‌തു.” നീണ്ട പരസ്യത്തിനൊടുവിൽ മലങ്ക്‌ളിഷുമായി പ്രേക്ഷകരെയൊന്നാകെ കയ്യിലെടുത്ത സ്‌മാർട്ടായ അവതാരക രംഗത്തെത്തി. ഒരു മരണവീടിന്റെ പ്രതീതി ജനിപ്പിക്കുന്ന എലിമിനേഷൻ റൗണ്ട്‌ തുടങ്ങി. ഇപ്പ കരയും എന്ന ഭാവത്തിലാണ്‌ സെറ്റിലെ തൂണുകൾ പോലും. സ്‌ക്രീനിൽ കാണികളുടെ മുൻനിരയിൽത്തന്നെ ഇരിക്കുന്നുണ്ട്‌ ഞാനും അവളും.

മകളുടെ ഊഴമെത്തിയതോടെ അവളിൽ എന്റെ ഭാര്യയിൽ മിന്നിമറയുന്ന വിവിധ ഭാവങ്ങൾ. മകൾ ഞങ്ങളെ നോക്കുമ്പോൾ മോൾക്ക്‌ ആത്മവിശ്വാസം കൂട്ടുന്ന തെളിഞ്ഞ പുഞ്ചിരി അല്ലാത്തപ്പോൾ അവൾക്ക്‌ അറിയുന്നതും അറിയാത്തതുമായ സകലമാനദൈവങ്ങളേയും എന്തിന്‌ ഇനിയും ആത്മഹത്യചെയ്‌തിട്ടില്ലാത്ത അറസ്‌റ്റിലായിട്ടില്ലാത്ത ആൾദൈവങ്ങളെവരെ വിളിച്ച്‌ പ്രാർത്ഥിച്ചും വഴിപാടുകൾ ഓഫർ ചെയ്‌തും ഒരടിതെറ്റിയാൽ മകളുടെ ജീവൻ തന്നെ അപകടത്തിലാണ്‌ എന്ന ഭാവവുമായി ഇരിക്കുന്ന അവളെക്കണ്ടപ്പോൾ ഇത്ര വലിയ അഭിനയശേഷിയുള്ള ഒരാളെയാണല്ലോ ഞാൻ കല്യാണം കഴിച്ച്‌ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടത്‌ എന്നോർത്ത്‌ കുറ്റബോധം തോന്നുകയും അതേസമയം ഇത്‌ അഭിനയമല്ലല്ലോ റിയാലിറ്റിയല്ലേ എന്നാശ്വസിക്കുകയും ചെയ്‌തു.

മകൾ വലിയ കുഴപ്പമില്ലാത്ത വിധത്തിൽ പാടിത്തീർന്നപ്പോൾ ഞാനും അവളും സ്‌റ്റേജിലേക്ക്‌ ആനയിക്കപ്പെട്ടു. ‘അങ്കിലിനിപ്പോൾ എന്റു റ്റോന്നുണു.’ കൊഞ്ചി കൊഞ്ചി അവതാരക എന്നോടു ചോദിക്കുന്നു.

‘എന്നുയിർത്തിയിൽ സ്വയം പൊരിഞ്ഞു ഞാനീ കുഞ്ഞിൻ മുന്നിലിന്നൊരു റൊട്ടിത്തുണ്ടുമായ്‌ പതിച്ചെങ്കിൽ, എന്ന ഒ.എൻ.വി. ക്കവിത

ഓർത്തെടുത്ത്‌ ദിവസങ്ങളായികൊണ്ടുനടന്നിരുന്ന അസ്വസ്‌ഥത, ട്രെയിനിൽക്കണ്ട വിശന്നു പൊരിയുന്ന കുട്ടികളുടെ മുഖം ഇത്തിരി എച്ചിലിനായി നായ്‌ക്കളോട്‌ ഗുസ്‌തി പിടിക്കുന്ന പാവങ്ങൾ- വിശപ്പ്‌ എന്ന റിയാലിറ്റി പെരുമഴയായി പെയ്‌തിറങ്ങി.

’ഒരുപാടു ടെൻഷൻ നിറഞ്ഞ നമ്മുടെ ഇന്നത്തെ എപ്പിസോഡ്‌ അങ്കിൽ തന്റെ ജോക്കുകൊണ്ട്‌ വളരെ രസകരമാക്കി മാറ്റിയിരിക്കുകയാണ്‌. എല്ലാവരും അങ്കിലിനുവേണ്ടി ഒരു ക്ലാപ്പടിച്ചോ. ദുഃഖസാന്ദ്രമായ അന്തരിക്ഷം വളരെ വേഗം മാറി. ഒരു ജോക്കറെ കാണുന്നതുപോലെ എല്ലാ കണ്ണുകളും എന്നിലേക്കായി ‘എനിവേ എന്തായാലും അങ്കിലിന്റെ ഇമാജിനേഷൻ എനിക്ക്‌ നന്നായി ഇസ്‌റ്റപ്പെട്ടു. റിയലി ഫന്റാസ്‌റ്റിക്‌, മാർവലസ്‌. ഒരു സ്‌റ്റോറിയെക്കാളും ബ്യൂട്ടിഫുൾ’, എക്‌സലൻഡ്‌ പെർഫോമൻസ്‌. പിന്നെ അവതാരക പ്രേക്ഷകർക്കു നേരെതിരിഞ്ഞു. ‘ ഇതാ നിങ്ങൾക്കും പങ്കെടുക്കാൻ ഒരവസരം ഒരു രസത്തിന്‌ നമുക്കൊരു ഗെയിം. അങ്കിൽ പറഞ്ഞതു ശരിയാണ്‌ എന്നു തോന്നുന്നവർ ഹങ്കർ ഒരു റിയാലിറ്റിയാണ്‌ എന്നു തോന്നുന്നവർ എബിസി സ്‌പേസ്‌ എസ്‌ എന്നും തെറ്റാണെന്നു തോന്നുന്നവർ എബിസി സ്‌പേസ്‌ നോ എന്നും ഞങ്ങൾക്ക്‌ എസ്‌.എം.എസ്‌ ചെയ്യുക. കൈനിറയെ സമ്മാമനം നേടാൻ ഇപ്പത്തന്നെ എസ്‌.എം.എസ്‌ ചെയ്യുക ജസ്‌റ്റ്‌ നൗ ഡോണ്ട്‌ മിസ്സ്‌ ഇറ്റ്‌’. നാളെ ഇതേ സമയം വീണ്ടും കാണുന്നതുവരെ ബൈബൈ‘

ടി.വിയിൽ അടുത്ത പരിപാടിക്കിടയിലുള്ള ബ്രേക്ക്‌. ഒരു വിചിത്രജീവിയെ നോക്കുമ്പോലെ അവൾ എന്നെ നോക്കി. ’ മനുഷ്യനെ വെറുതെ നാണം കെടുത്താൻ നാളെ ഞാനെങ്ങനെ ആൾവോൾടെ മൊഖത്ത്‌ നോക്കും‘ എന്നും പറഞ്ഞു കിടപ്പുമുറിയിൽ കടന്ന്‌ വാതിൽ കൊട്ടിയടച്ചു.

ടി.വിയിലപ്പോൾ അടുത്ത പരിപാടി. ആയിരക്കണക്കിനു കർഷകർ ആത്മഹത്യചെയ്‌ത ഒരു നേരത്തെ വിശപ്പകറ്റാനായി ഭാര്യമാരെ വിൽക്കുന്ന വിദർഭയിലേക്ക്‌ ഒരെത്തിനോട്ടം. ചാനൽ ചർച്ച. പ്രായോജകർ സുന്ദരീ സോപ്പ്‌ പരസ്യത്തിന്‌ കോടികൾ പ്രതിഫലം പറ്റുന്ന താരറാണി മിനിസ്‌ക്രീനിൽ നിറഞ്ഞാടി. പിന്നെ വറുത്ത അണ്ടിപ്പരിപ്പും നുരഞ്ഞു പൊന്തുന്ന കോളയുമായി ശീതികരിച്ച മുറിയിൽ കളിതമാശകളോടെ ഉഷാറായ ചാനൽചർച്ച പൊടിപൊടിക്കാൻ തുടങ്ങി.

എം.എൻ. ലതാദേവി

സൺഷൈൻ,

ഐശ്വര്യാ റേഡ്‌, ശിവാനന്ദനഗർ,

കല്ലേക്കുളങ്ങര പോസ്‌റ്റ്‌,

പാലക്കാട്‌ 678 009.


Phone: 0491 2552274




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.