പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു ആത്മഹത്യാകുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിഖില എൻ.എൽ, യു.എസ്‌.എ

സുന്ദരിയും ഏറണാകുളം സ്വദേശിയുമായ മിത്രാ മേരി. വൈകി മാത്രമെത്തുന്ന ഈ വണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റിലെ സ്ഥിരം യാത്രക്കാരി. സമയത്തെക്കുറിച്ചു ഞാനിന്നേവരെ ബോധവതിയായിരുന്നില്ല. എന്നാലിന്ന്‌ വണ്ടി വൈകുന്ന ഓരോ നിമിഷവും എന്റെ അസ്വസ്ഥത ഏറുന്നു.

സുഹൃത്തേ, സത്യമാണ്‌.... മിത്ര ഇന്നു രാത്രി കൃത്യം ഒൻപതു മണിക്ക്‌ ആത്മഹത്യ ചെയ്യാൻ പോകുന്നു.

ഫേഷൻ രംഗത്ത്‌ പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കാനുതകുന്ന അതിനൂതനമായ ഫോർമുലകൾ

ആവിഷ്‌കരിക്കുന്നതിനിടയിലെപ്പൊഴോ തലയിൽ കുരുങ്ങിപ്പോയതാണീ ആശയം. മിത്രയുടെ മരണം.... മിത്രാമേരി ആത്മഹത്യ ചെയ്‌തു എന്ന കുറിപ്പ്‌. ഓർത്തപ്പോൾ എനിക്കു ചിരി നിയന്ത്രിക്കാനായില്ല.

മാനേജർ സാഹിബിന്റെ മുഖം തുടുത്തു വന്നത്‌ അത്ഭുതം കൊണ്ടു മാത്രമാവില്ല. ഒരു പക്ഷെ ഈ വിവരമറിയുമ്പോൾ യുവാവും പുരോഗമനവാദിയുമായ രണ്ടാമത്തെ ജ്യേഷ്‌ഠൻ ചിരിച്ചുകൊണ്ടു പറയും. ആത്മാവില്ലാത്തവൾക്കെന്ത്‌ ആത്മഹത്യ. മൂത്ത ജ്യേഷ്‌ഠൻ ആ ചിരിയിൽ പങ്കു ചേരാതെ പിറുപിറുക്കും. ദൂരെയെങ്ങാണ്ടോ കിടന്നു ഇങ്ങനെയൊരു അബദ്ധം കാണിക്കാൻ ഇവൾക്കു വട്ടായിരുന്നോ? ഒരു പക്ഷെ ആദ്യമായി അമ്മ ശബ്ദമെടുത്തു കരയും. അനിയത്തി വർഷാന്ത്യ പരീക്ഷയെന്ന ഭീകരത മറന്നു താടിക്കു കയ്യും കൊടുത്തിരിക്കും.

അല്ലെങ്കിലും സുഹൃത്തെ, മരിക്കാൻ പോകുന്നവൾ ഇതൊക്കെ ആലോചിക്കേണ്ടതുണ്ടോ. ഒരു പക്ഷെ നമ്മുടെ സഹപ്രവർത്തകർ നാളെ നിന്നെ വട്ടമിടം. അവധിയെടുത്തു വീട്ടിലിരുന്ന്‌ നീയെനിക്ക്‌ അനുശോചനം അറിയിക്കാൻ ശ്രമിച്ചാലും അവർ നിന്നെ വെറുതെ വിടുമെന്നു കരുതണ്ട. സുന്ദരിയും സൗഭാഗ്യവതിയുമായ മിത്രാമേരിയുടെ മരണത്തിനു പിന്നിലെ കാരണമന്വേഷിച്ച്‌ അവർ നിന്നെ വിടാതെ പിന്തുടരും. ഒടുവിൽ എന്നെ സ്നേഹിച്ചു എന്ന കുറ്റത്തിനു നീ നിന്നെത്തന്നെ പഴിക്കും. ഓ....നീ എന്നെ സ്നേഹിച്ചു എന്നത്‌ സത്യമാണോ...? എരിവേനലുകളുടെ കാഠിന്യം അവഗണിച്ച്‌ കുളിരുള്ള വാക്കുകൾ കൂട്ടി വച്ച്‌ നീയെനിക്ക്‌ ആശ്വാസമേകിയിരുന്നില്ല. എന്റെ വെയിൽവഴികൾക്കു താഴെ നീയെനിക്കു തണലേകിയിരുന്നില്ല. എന്നാൽ ഞാനാവശ്യപ്പെടാതെ നീയെന്നെ നോക്കി ചിരിച്ചു. ആ ഒരൊറ്റ കാരണം കൊണ്ട്‌ നിന്നെ ഞാനിഷ്ടപ്പെടുന്നു.

നിന്റെ കണ്ണുകളിലെ നൂറു നൂറായിരം ചോദ്യങ്ങളിൽ നിന്ന്‌ എനിക്കാ ചോദ്യം വേർതിരിച്ചെടുക്കാം. മിത്രാ...നീയെന്തിന്‌...? ആ ചോദ്യത്തിന്റെ ആവർത്തനം നിന്നെ എന്നിൽ നിന്നകറ്റുമെന്ന്‌ ഞാൻ ഭയപ്പെടുന്നു.

ഓ സുഹൃത്തേ, മരിക്കാൻ പോകുന്നവളുടെ ഭയത്തിന്‌ എന്തടിസ്ഥാനം..? എന്റെ മരണത്തിന്‌ ശേഷമുള്ള ഭംഗിയുള്ള ഒരു സായാഹ്നത്തിൽ ഒരു പക്ഷെ നെൽസൺ നിന്നെ കാണാൻ വരും. നിന്റെ സായാഹ്നങ്ങളുടെ വിശുദ്ധിയും സൗന്ദര്യവും കെടുത്തുക എന്നത്‌ അവന്റെ ലക്ഷ്യമായിരിക്കും. ഭംഗിയായി സ്‌ഫുടം ചെയ്തെടുത്ത വാക്കുകൾ കൊണ്ട്‌ അവൻ നിന്റെ സ്വൈര്യം കെടുത്തും. ഞാനവളെ സ്നേഹിച്ചിരുന്നു....ഒത്തിരി. വാക്കുകളുടെ ചവർപ്പ്‌ തൊണ്ടയിൽ കുടുങ്ങി അവൻ നിശബ്ദനായേക്കും. മരിക്കുന്നതിനു മുമ്പ്‌ ഞാനെഴുതി വയ്‌ക്കുന്ന അനേകം കുറിപ്പുകളിലൊന്ന്‌ അവനെ തേടിയെത്തുന്ന നിമിഷം അവനേറ്റവും സന്തോഷകരമായിരിക്കും. അവന്റെ സന്തോഷം മിത്രയുടെ ദുഃഖമാണ്‌ സുഹൃത്തേ. ആ ആകാംക്ഷയ്‌ക്ക്‌ താഴെ ഭംഗിയുള്ള അക്ഷരങ്ങൾ കൊണ്ട്‌ ഞാൻ കുറിച്ചിടും. നെൽസന്റെ കാമുകിയും തന്റേടിയുമായിരുന്ന മിത്ര ഇന്നു രാത്രി കൃത്യം ഒൻപതു മണിക്ക്‌.....കട്ടി കൂടിയ അവന്റെ പുരികങ്ങളിൽ നിരാശയുടെ വിറയൽ എനിക്കു വ്യക്തമായി കാണാം.

ഇന്നലത്തെ പ്രാർത്ഥനാ വേളയിൽ അമ്മച്ചി, മറ്റെല്ലാ ആവശ്യങ്ങളെയും ഒതുക്കി നിർത്തി പ്രാർത്ഥിച്ചത്‌ മിത്രയ്‌ക്ക്‌ നല്ല ബുദ്ധി കൊടുക്കണേന്നാവും. അത്തരമൊരു പ്രാർത്ഥനയുടെ ഫലമായി ഇന്നലെ ആദ്യമായി ഞാനിവിടുത്തെ പള്ളിയിൽ പോയി. ക്രൂശിത രുപത്തിനു മുമ്പിൽ മുട്ടു കുത്തി നിന്നപ്പോൾ, ആവശ്യങ്ങളില്ലാത്ത, പ്രാർത്ഥനകളില്ലാത്ത മിത്രയെ ഞാനടുത്തു കണ്ടു...തൊട്ടു....സംസാരിച്ചു...

ഇല്ല സുഹൃത്തേ.....മിത്ര കരയാനൊന്നും പോകുന്നില്ല.... അത്തരം പ്രവൃത്തികളെ പൊള്ളത്തരമെന്നും കൊള്ളരുതായ്മയെന്നും പുച്ഛിച്ച അപ്പച്ചന്റെ പാതയെ പിൻതുടരാനല്ല, വർഷങ്ങൾക്കപ്പുറം നാട്ടിലെ പള്ളി വക വാടക വീട്ടിൽ മറന്നു വച്ച മിത്രയെന്ന പെൺകുട്ടി എന്നെ തേടിയെത്തുമെന്ന ഭയം കൊണ്ട്‌.മിത്ര ഇന്നു വരെ ഭയപ്പെട്ടത്‌ അത്തരമൊരു മാറ്റത്തെയാണ്‌.

ഇന്നലെ ഒടുവിലത്തെ സ്വപ്നത്തിൽ ഞാൻ കണ്ടത്‌ എന്റെ അപ്പച്ചനെയാണ്‌. ശോഷിച്ച കൈവിരലുകൾ കൊണ്ട്‌ എന്റെ മുടിയിഴകളെ ഓമനിക്കുമ്പോൾ സിഗരറ്റിന്റെ ഗന്ധമുള്ള ആ നിശ്വാസം എന്റെ നെറ്റിയിൽ ചൂടു പകർന്നു. വളരെ പഴക്കമുള്ള ശബ്ദത്തിൽ, തേഞ്ഞുപോയ അക്ഷരങ്ങൾ കൂട്ടിവച്ച്‌ അപ്പച്ചൻ പറഞ്ഞു.

-മിത്രാ....ഇന്നു നിന്റെ പിറന്നാളായിരുന്നു....

അത്തരമൊരു വെളിപ്പെടലിന്റെ ആഘാതത്തിൽ ഇന്നലെ അർദ്ധരാത്രിയിൽ ഉറക്കം ഞെട്ടിയ മിത്ര പിന്നെ ഉറങ്ങിയില്ല. സുഹൃത്തേ, ഞാൻ ജനിച്ചുവെന്നു തന്നെ വിശ്വസിക്കാൻ എനിക്കു പ്രയാസമാണ്‌. എന്റെ അപ്പച്ചന്റെയും കൊല്ലത്തുകാരി മേരിയുടെയും മകളായി മിത്രാമേരി പിറന്നുവെന്നത്‌ ഒരു സത്യമാണോ..?

വീട്ടാക്കടങ്ങൾക്കു മുമ്പിൽ നിസ്‌സഹായനായി നിന്ന അപ്പച്ചൻ എന്റെ കുഞ്ഞുപുഞ്ചിരിയിൽ ആശ്വസിച്ചിരുന്നു എന്നത്‌ സത്യമായിരുന്നോ? സ്വപ്നങ്ങളുടെ വേനലിനൊടുവിൽ, തത്വജ്ഞാനവും പുരോഗമനവാദവും മുഖപടമാക്കി, എല്ലാറ്റിനെയും അവജ്ഞയോടെ നോക്കുന്ന ചെറിയേട്ടൻ ഒരു സത്യമാണോ..?

സ്വപ്നം കാണാൻ മറന്ന്‌ “തെക്കേപ്പറമ്പില്‌ ഇത്തവണയും വിളവ്‌ കുറവാണല്ലോ അമ്മച്ചി” എന്നു മാത്രം പറഞ്ഞു ശീലിച്ച വല്ല്യേട്ടൻ ഒരു സത്യമാണോ..? അമ്മച്ചിയും മക്കളും കൂട്ടം ചേർന്നപ്പോൾ നെഞ്ചിലെ ചൂടിൽ അമർത്തിത്തിരുമ്മി, അപ്പച്ചൻ പടിയിറങ്ങി എന്നത്‌ സത്യമാണോ..? നെൽസന്റെ കാമുകിയും അപ്പച്ചന്റെ അരുമയുമായ മിത്ര ഇങ്ങു ദൂരെ ശീതീകരിച്ച മുറിയിലിരുന്ന്‌ സിഗററ്റു കുറ്റികൾ ചവിട്ടിക്കെടുത്തുന്നതും....

സുഹൃത്തേ, ഇവയൊന്നും എനിക്കു സ്വീകാര്യമായ സത്യങ്ങളല്ലെന്നിരിക്കെ, പേരറിയാത്ത ലോകത്തിന്റെ വേരു തേടിപ്പോകാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു... എന്റെ മരണത്തിനു പിന്നിലെ കാരണങ്ങളന്വേഷിച്ച്‌ വരുന്നവരോടു നിനക്കിത്രയും പറയാം... മിത്ര അവളുടെ പ്രിയപ്പെട്ട അപ്പച്ചന്റെ അടുത്തേക്ക്‌... നെൽസന്റെ മനസ്‌സിൽ ഒരു മുറിപ്പാടു പരത്തി... അമ്മച്ചിയുടെ പ്രാർത്ഥനകളിൽ നിന്നു വഴുതി മാറി... അതെ....ഇന്നു കൃത്യം ഒമ്പതിന്‌.....

നിഖില എൻ.എൽ, യു.എസ്‌.എ


E-Mail: nikhila_nl@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.