പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

യാത്രകൾ മുറിയുമ്പോൾ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വാണി പ്രശാന്ത്‌

മാർച്ചിലെ പകൽ ബൊക്കാറോ എക്സ്‌പ്രസ്സിലെ ജനറൽ കമ്പാർട്ടുമെന്റുകളെ ചുട്ടുപൊള്ളിച്ചു. അസഹ്യമായ ചൂടിനോടുള്ള പ്രതിഷേധം നടുവിലിരുന്ന മദ്ധ്യവയസ്‌കൻ ഒരു ശീൽക്കാരമായി പ്രകടിപ്പിച്ചു.. ഭാഗ്യത്തിന്‌ ജനാലക്കരികിലാണ്‌ ഇടം കിട്ടിയിരിക്കുന്നത്‌. പുറം കാഴ്‌ചകളാലും, അകം കാഴ്‌ചകളാലും സമൃദ്ധമായ സീറ്റ്‌. യാത്രകളിൽ എന്നും ഈ സീറ്റ്‌ തരപ്പെടുത്താൻ എനിക്കൊരു പ്രത്യേക കഴിവുതന്നെയാണ്‌. അകത്തേക്ക്‌ അടിച്ചുകയറുന്ന കാറ്റ്‌ മുഖം പൊള്ളിക്കുന്നു. എതിർവശത്തിരിക്കുന്ന ചെറുപ്പക്കാരൻ നീണ്ട കാലുകൾ കൊണ്ട്‌ എന്റെ കാലിൽ അനായാസമായി തൊട്ടു. ഞാൻ അയാളുടെ കാലുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി. ചെളി നിറഞ്ഞ്‌ വീർത്തു പൊട്ടാറായിരിക്കുന്ന നഖങ്ങൾ! എനിക്ക്‌ ഓക്കാനം വന്നു.

“മോളെങ്ങോട്ടാ യാത്ര?” എന്റെ ഓക്കാനത്തെ മുറിച്ചുകൊണ്ട്‌ അടുത്തിരുന്ന കറുത്തു തടിച്ച സ്ര്തീ ചോദിച്ചു.

“ആലുവായ്‌ക്ക്‌...”

“ആണോ.. ഞാനും അങ്ങോട്ടാ. ആലുവായിലാണോ വീട്‌?” അവർ പല്ലിനിടയിൽ പെട്ട ബിസ്‌കറ്റ്‌ കഷ്ണത്തിലേക്ക്‌ നാക്ക്‌ തിരുകി.

“അതെ”

‘ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയം’ ബാഗിൽ തിരഞ്ഞുകൊണ്ട്‌ ഞാൻ പറഞ്ഞു. പുസ്തകത്തിലേക്ക്‌ മുഖം പൂഴ്‌ത്തി ഞാൻ ഗുജറാത്തിലേക്കു പോയി. അവിടെ സ്‌ഫടികച്ചീളുകൾക്കുള്ളിൽ ഇനിയും നിലക്കാത്ത ഘടികാരത്തിനായി തിരച്ചിൽ തുടങ്ങി. എതിർവശത്തിരുന്ന ചെറുപ്പക്കാരന്റെ കാപ്പിയിൽ നിന്ന്‌ പൊങ്ങുന്ന ആവി എന്റെ മുഖത്തിനും അയാളുടെ ചുണ്ടിനുമിടയിൽ വെളുത്ത വഴി തീർത്തു. കാറ്റ്‌ ആ വഴിയെ മായ്‌ച്ചെഴുതി.

ഉരുക്കിന്റെ ഉരഗാവതാരം കിതപ്പോടെ ഒലവക്കോടിലെ പാളങ്ങളിൽ വിശ്രമം തേടി. ഞാൻ അലക്ഷ്യമായി പുറത്തേക്ക്‌ നോക്കി.

“അമ്മാ... എതാവത്‌ കുടുക്കമ്മാ... തമ്പിക്ക്‌ പശിക്കിതമ്മാ...” കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി ജനാലക്കപ്പുറം നിന്ന്‌ അവൾ ഉറക്കെ വിളിച്ചു. പിറന്നപടി ഇരുന്ന്‌ അവൻ കൈനീട്ടി. റെയിൽവേ സ്‌റ്റേഷനിലെ ചെളി മുഴുവൻ അവരുടെ ദേഹത്ത്‌ പറ്റിയിരിക്കുകയാണെന്നെനിക്ക്‌ തോന്നി. അവന്റെ കുഞ്ഞുനെഞ്ചിൻകൂടു പൊളിച്ച്‌ അസ്ഥികൾ പുറത്തേക്കു തള്ളി വരികയാണെന്ന്‌ ഞാൻ ഭയന്നു. എന്റെ നോട്ടം അവനെ നാണിപ്പിച്ചു. അവൻ അവളുടെ മാറത്തേക്ക്‌ ചാഞ്ഞു. അവൾ ജനാലക്കമ്പികളിൽ പിടിച്ചു. ചുവപ്പും, പച്ചയും നിറത്തിലുള്ള കുപ്പിവളകൾ ഊർന്ന്‌ താഴേക്കിറങ്ങി.

“അമ്മാ... വിശക്കുന്നമ്മാ... കൊളന്തക്ക്‌ ഭയങ്കര പനിയും...” അവൾ തമിഴ്‌ വിട്ട്‌ മലയാളത്തിലേക്ക്‌ കടന്നു. കുഞ്ഞിനെ എനിക്ക്‌ നേരെ ഉയർത്തി. ബാഗിൽ കിടന്നിരുന്ന ആപ്പിളുകൾ ഞാൻ അവനു നേരെ നീട്ടി. അവൾ അതുവാങ്ങി സാരിത്തുമ്പിൽ കെട്ടി.

“അമ്മാ... തുട്ട്‌ കൊടുക്കമ്മാ... മരുന്ന്‌ വാങ്ങാൻ...”

“ഹാ... ഇതാ കൊഴപ്പം. ഒന്ന്‌ എന്തേലും കൊടുക്കാം ന്ന്‌ വെച്ചാ പിന്നേം വർവല്ലേ ആവശ്യങ്ങള്‌. ഈ പറയണതൊക്കെ സത്യാണൊന്ന്‌ ആർക്കറിയാം. അതിന്‌ പനിയുണ്ടോന്ന്‌ ഒന്ന്‌ തൊട്ടുനോക്കാം ന്നുവെച്ചാ... തൊടാൻ തന്നെ അറയ്‌ക്കുന്ന പരുവല്ലേ” കയ്യിലിരുന്ന ഉപ്പേരിക്കൂട്‌ പൊട്ടിച്ചുകൊണ്ട്‌ ആ കറുത്ത സ്ര്തീ പറഞ്ഞു.

ഞാൻ ആ കുഞ്ഞിനെ നോക്കി... അവളെയും. കണ്ണുകൾ കുഴിഞ്ഞ്‌, കവിളുകൾ ഒട്ടി... എല്ലും തോലും മാത്രമുള്ള രണ്ട്‌ ആത്മാക്കൾ! അവളുടെ സാരിയുടെ മുക്കാലും കീറിയിരിക്കുന്നു.

“കുഞ്ഞിനെ ഡോക്ടറെ കാണിച്ചോ?” ഞാൻ ചോദിച്ചു.

“ഇല്ലമ്മാ... പണം വേണ്ടേ. ഇന്ന്‌ രാവിലെ മുതൽ ഞാൻ നോക്കുന്നതാ. യാരും വരലേ...”

അവൾ കുഞ്ഞിനെ നിലത്തു നിർത്തി. അവൻ കാലുകൾ കുഴഞ്ഞ്‌ അവിടെ കിടന്നു. ഇനിയും മരുന്ന്‌ കിട്ടിയില്ലെങ്കിൽ അപ്പോൾ തന്നെ അവൻ മരിച്ചുപോകും എന്നെനിക്ക്‌ തോന്നി.

ഇവൾക്ക്‌ കാശു കൊടുത്താൽ ഇവൾ മരുന്നു വാങ്ങുമോ അതോ വിശപ്പുമാറ്റുമോ? എനിക്ക്‌ സംശയം തോന്നി.

മണി മൂന്ന്‌ നാല്പത്തഞ്ച്‌. വണ്ടി വിടാറായിരിക്കുന്നു.

ഞാൻ ബാഗ്‌ എടുത്ത്‌ ചാടിയിറങ്ങി. അവനെ എടുത്ത്‌ തോളത്തു കിടത്തി. അവൾ അമ്പരന്നു. അവിടെ നിന്നിരുന്നവർ എന്നെ സൂക്ഷിച്ചുനോക്കി.

ഞാൻ അവളുടെ കയ്യിൽ പിടിച്ച്‌ വേഗത്തിൽ നടന്നു.

“അമ്മാ... നീങ്കെ എങ്കെ പോണു?” അവൾ പേടിച്ചു വിറച്ചു.

“കുഞ്ഞിനെ ഡോക്ടറെ കാണിക്കാം നമുക്ക്‌ നീ വാ...” ഞാൻ അവളെ ചേർത്തു പിടിച്ചു.

“വേണ്ടമ്മ... വേണ്ട...” അവൾ കുതറി മാറി.

“മരുന്നു വാങ്ങിയാ പോതും... ഡോക്ടറ്‌ക്കിട്ട ഞാൻ പോകമാട്ടേൻ...” അവൾ വാശി പിടിച്ചു.

“നോക്കൂ... ഇവന്‌ ചുട്ടുപൊള്ളുന്ന പനിയാണ്‌. കാശിന്റെ കാര്യമോർത്താണെങ്കിൽ നീ പേടിക്കണ്ട. എത്രയായാലും അത്‌ ഞാൻ കൊടുത്തോളാം... നീ വാ...”

“ഇല്ല... ഇല്ലമ്മാ... വേണ്ടമ്മാ...” അവള്‌ മുന്നിലേക്ക്‌ ഓടി.

“അമ്മാ​‍ാ​‍ാ...” എന്റെ തോളിൽ കിടന്ന്‌ അവൻ കരഞ്ഞു.

ഞാൻ അവൾക്ക്‌ പിന്നാലെ നടന്നു. അവൾ എന്നെ സ്‌റ്റേഷന്റെ ഒരു മൂലയിൽ അവളുടെ സാമ്രാജ്യത്തിലേക്ക്‌ കൊണ്ടുപോയി. സാരി കെട്ടി മറച്ചിരിക്കുന്നു ഒരു ഭാഗം. അതിനുള്ളിൽ വിരിച്ചിട്ടിരിക്കുന്ന ചാക്കുകളിലേക്ക്‌ അവൾ കുഞ്ഞിനെ കിടത്തി. അവൻ ഒന്ന്‌ മുരണ്ടു. ചാടിയെണീറ്റ്‌ അവളുടെ ബ്ലൗസ്‌ പിടിച്ച്‌ വലിച്ചു. അവൾ ചുക്കിചുളിഞ്ഞ്‌ ഒട്ടിയ മുല അവന്റെ വായിൽ തിരുകി. ചപ്പിവലിച്ച്‌ അവൻ അതു കുടഞ്ഞെറിഞ്ഞു. എന്നിട്ട്‌ അലറിക്കരഞ്ഞു. സൈഡിൽ വെച്ചിരുന്ന ചാക്കിൽ നിന്ന്‌ അവൾ ഒരു കുപ്പി പുറത്തെടുത്തു. അതിനുള്ളിലെ ഇരുണ്ടനിറമുള്ള വെള്ളം അവന്റെ വായിലേക്ക്‌ ഇറ്റിച്ചു.

“ട്രെയിന്‌ ന്ന്‌ പറക്ക്‌ണ കുപ്പികളാണമ്മാ. എല്ലാത്തിലേം കൂടെ ഒന്നിലിക്കൊഴിച്ച്‌ കൊഞ്ചം വെള്ളോം ചേർക്കും.. ഇവനിക്കിത്‌ റൊമ്പ പിടുത്തം....” അവൻ ആർത്തിയോടെ അതു കുടിച്ചു.

“എന്താ നിന്റെ പേര്‌?

”ശെൽവി“

”കുഞ്ഞിന്റെയോ?“

”മുരുകൻ“

അവളുടെ കണ്ണിൽ തുറിച്ചുനിൽക്കുന്ന വിശപ്പ്‌ എന്നെ അടുത്തുള്ള സ്‌റ്റോറിലേക്കയച്ചു. ബിസ്‌ക്കറ്റും, പഴവും തിന്നാൻ അവളും മുരുകനും മത്സരിച്ചു.

”അമ്മാ... നീ കടവുൾ താനമ്മാ...“ അവൾ പഴം വായിലേക്ക്‌ തള്ളി പറഞ്ഞു.

”മുരുകന്റെ അച്ഛൻ എവിടെ?“ പറയാൻ അങ്ങിനെ ഒരാളുണ്ടാവില്ല എന്ന്‌ തോന്നിയിട്ടും ഞാൻ ആ ചോദ്യം ചോദിച്ചു.

”അപ്പാ... ഇവന്റെ അപ്പാ...ഹ...ഹ...ഹ...“ ശെൽവി പൊട്ടിച്ചിരിച്ചു.

യാത്രകൾ അവസാനിച്ചവർ, തുടങ്ങുന്നവർ... എല്ലാവരും അവളുടെ ചിരിയിൽ അസ്വസ്ഥരായി.

”എത്ര പേരു വരുന്നതാ അമ്മാ... ഞാൻ യാരെ ശൊല്ലും...?! ഇവനൊടെ മൂക്ക്‌ പാത്താ എനക്ക്‌ സന്ദേഹം ആ കൊടവയറന്റെ ആണെന്നാ...“

”നിനക്ക്‌ പണിയെടുത്ത്‌ ജീവിച്ചുകൂടെ ശെൽവീ...“ ഞാൻ അവളുടെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ ചോദിച്ചു.

”ഞാൻ പണിയെടുത്ത്‌ താൻ വിശപ്പു മാറ്റുന്നത്‌. ഇപ്പൊ ആരോഗ്യമെല്ലാം പോയാച്ച്‌. അത്‌ താൻ വല്ല്യ പ്രച്നം...“

”നിന്റെ നാടെവിടെയാ?“

”ഊര്‌...!! അങ്കെ എനക്ക്‌ യാരുമേ ഇല്ല. അമ്മ താൻ എന്നെ ഊരുകടത്തിയത്‌. അല്ല, അമ്മാവുക്ക്‌ വേറെ എന്നത്താൻ പണ്ണമുടിയും?!“ അവൾ മുരുകനെ തലോടി.

”ഉങ്കളക്ക്‌ തെരിയുമോ?. ഇത്‌ എന്നോടെ രണ്ടാമത്തെ കൊളന്ത.

ആദ്യത്തേതിനെ ഞാൻ കൊന്താച്ച്‌....“ ശെൽവി, അവളുടെ സാരിത്തുമ്പ്‌ എടുത്ത്‌ വായിൽ തിരുകി. എണീറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൾക്ക്‌ മാനസികരോഗമുണ്ടോ എന്ന്‌ സംശയിച്ചു. അവൾ നിലത്ത്‌ മുട്ടുകുത്തിയിരുന്ന്‌ ഏങ്ങിക്കരഞ്ഞു. സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ച്‌ അവൾ പറയാൻ തുടങ്ങി.

അപ്പന്റെ മരണശേഷം ശെൽവിക്ക്‌ അവളുടെ വീട്‌ അന്യമായിരുന്നു. ചിറ്റപ്പന്റെ വരവോടെ ആ വീടിന്റെ ഇരുണ്ട കോണുകളിൽ പോലും അവൾക്ക്‌ അഭയമില്ലാതായി. അയാളുടെ ചുവന്നുതുറിച്ച കണ്ണുകളെ അവൾ ഭയന്നു. അമ്മ പണിക്ക്‌ പോയ ഒരു നാൾ അടുക്കളയുടെ പിന്നാമ്പുറത്തിലെ ഇരുട്ടിനു കയ്യും കാലും വെച്ചു. കണ്ണുകൾ ചുവന്നുതുറിച്ചു. ശെൽവി പേടിച്ചു കരഞ്ഞു. അവൾക്ക്‌ ശ്വാസം മുട്ടി. മേലാസകലം നീറി പുകഞ്ഞു. അന്ന്‌ രാത്രി അവൾ അമ്മയോടൊപ്പം കിടക്കാൻ വാശിപിടിച്ചു. അമ്മയെ കെട്ടിപിടിച്ച്‌ അവൾ കരഞ്ഞു. പിറ്റേന്ന്‌ രാവിലെ അമ്മ പണിക്ക്‌ പോയില്ല. അമ്മ അവളുടെ സാധനങ്ങൾ എല്ലാം ഒരു സഞ്ചിയിലാക്കി. ചിറ്റപ്പൻ വീട്ടിലേക്ക്‌ ആദ്യമായി വന്ന ദിവസം അവൾക്ക്‌ കിട്ടിയ പുള്ളിപ്പാവാടയും, ബ്ലൗസും ഇടീച്ച്‌ അമ്മ അവളെയുംകൊണ്ട്‌ പുറത്തേക്കിറങ്ങി. അവൾ സന്തോഷിച്ചു. ആ ഇരുണ്ട വീട്ടിൽ നിന്ന്‌, ചുവന്ന്‌ തുറിച്ച കണ്ണുകളിൽ നിന്ന്‌ അമ്മയും, താനും രക്ഷപ്പെടുകയാണല്ലോ. തീവണ്ടിയിൽ കയറ്റിയിരുത്തി അമ്മ വെള്ളമെടുക്കാൻ പോയി, അങ്ങു ദൂരേക്ക്‌. അമ്മയെ കാത്തു നിൽക്കാതെ തീവണ്ടി കുതിച്ചു. അതോ അമ്മ വണ്ടി കാത്തു നിൽക്കാതെ ചിറ്റപ്പനടുത്തേക്ക്‌ കുതിച്ചൊ?

ശെൽവിക്ക്‌ പേടിയായില്ല. അവൾക്ക്‌ ആശ്വാസമായിരുന്നു. ഇനി അവൾക്ക്‌ മേലാസകലം നീറില്ല, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കില്ല. അവൾ ബർത്തിൽ കയറിക്കിടന്നു. ഞെട്ടിയുണരാതെ സുഖമായുറങ്ങി. കണ്ണു തുറന്നപ്പോളാണ്‌ എങ്ങോട്ടാണ്‌ പോകേണ്ടത്‌ എന്നവൾ ആലോചിച്ചത്‌. പ്രത്യേക ഒരു ലക്ഷ്യവും ഇല്ലാത്തതുകൊണ്ട്‌ അടുത്ത സ്‌റ്റേഷനിൽ ചാടിയിറങ്ങി. അവിടെ ഒരു മൂലയിൽ അവൾ സ്ഥലം കണ്ടെത്തി. അവിടെയും, പരിസരങ്ങളിലുമായി പല പണികൾ. പണികൾക്ക്‌ തടസ്സം സൃഷ്ടിച്ചുകൊണ്ട്‌ അവളുടെ വയർ വലുതാകാൻ തുടങ്ങി. വീർത്ത വയറിലേക്ക്‌ നോക്കി അവൾ അമ്പരന്നു. ഒടുവിൽ ആരൊക്കയോ പറഞ്ഞ്‌ അവൾ അറിഞ്ഞു... താനൊരു അമ്മയാകാൻ പോകുന്നുവെന്ന്‌. അവൾ ആ ചുവന്നു തുറിച്ച കണ്ണുകൾ കണ്ടു. ഭയം തീപാറുന്ന നാക്കുകൊണ്ട്‌ അവളുടെ നട്ടെല്ലിൽ നക്കി. അവൾ കുന്തംകാലിൽ ഇരുന്ന്‌ മുക്കി നോക്കി. ഇല്ല... ആ നശിച്ച ജന്തു ചാടുന്നില്ല.

അസ്ഥികൾ വലിഞ്ഞുമുറുകുന്ന വേദന... അവൾ പിടഞ്ഞെഴുന്നേറ്റു. കാലുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന രക്തം. അവൾ ചുവന്നുതുറിച്ച കണ്ണുകൾ ചുറ്റും തിരിഞ്ഞു. അടുത്ത്‌ കിടന്നിരുന്ന വയസ്സിത്തള്ള ചോരകണ്ട്‌ ഞെട്ടി.

”പെറന്നോ??!...നീ വല്ല ആശുപത്രീലും പോ പെണ്ണേ...“ അവർ വീണ്ടും ചുരുണ്ടുകൂടി.

ശെൽവി തൊട്ടടുത്ത ആശുപത്രിയിലേക്ക്‌ നടന്നു. ചോരത്തുള്ളികൾ അവൾക്ക്‌ പിന്നേ വഴി തീർത്തു. അവൾ നേരെ കക്കൂസിലേക്ക്‌ കയറി. കതകടച്ചു.

ശെൽവി നടന്നു. അവൾ തളർന്നു. കയ്യും കാലും വിറച്ചു. നേരം വെളുത്തിരിക്കുന്നു. ഇനി ഈ സ്ഥലം വിടണം - അവൾ ഉറപ്പിച്ചു. ആടിയാടി അവൾ റെയിൽവേ സ്‌റ്റേഷനിലെത്തി. ഭാണ്ഡക്കെട്ടെടുത്തു.

”നീ പെറ്റോ?“ വയസ്സി തലമാന്തി.

”കൊച്ചെവിടെടീ?“

”കക്കൂസിൽ...“

അവൾ പാളത്തിൽ മയങ്ങിയ വണ്ടിയിലേക്ക്‌ കയറി. അതിൽ ചടഞ്ഞിരുന്നു... തീവണ്ടി ആലസ്യത്തോടെ അവളെയും കൊണ്ട്‌ പാഞ്ഞു. അടുത്ത താവളത്തിലേക്ക്‌. അവൾക്ക്‌ പണിയെടുക്കാൻ വയ്യാതായി. വീർത്ത വയറിനുള്ളിൽ വലിച്ചു മുറിച്ച പൊക്കിൾക്കൊടി പഴുത്തു. ഒപ്പം അവളുടെ മനസ്സും. കക്കൂസിനുള്ളിലേക്ക്‌ തല കുടുങ്ങി പിടയുന്ന ചോരക്കുഞ്ഞ്‌ അവളുടെ മനസ്സിനെ പൊള്ളിച്ചു. വിശപ്പ്‌ അവളെ ഒന്നായി വിഴുങ്ങി. വിശപ്പിനു മുന്നിൽ അവൾ തന്റെ ശരീരം നീറ്റി. ചുണ്ടുകൾ പൊട്ടിച്ചു. അവളുടെ വയറ്‌ വീണ്ടും വീർത്തു. ഇത്തവണ അവൾ അമ്പരന്നില്ല... കക്കൂസിൽ കയറി കതകടച്ചില്ല. അവൾ മുരുകനെ പ്രസവിച്ചു.

”ശെൽവീ.... നിനക്ക്‌ മുരുകനും നഷ്ടമാകും. അവനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെങ്കിൽ...“ ഞാൻ പറഞ്ഞു.

”ഇല്ല... ഇല്ലാമ്മാ... ആസ്പത്രി വേണ്ട... അത്‌ എന്നോടെ വേല മൊടക്കും. എന്നുടെ മുരുകൻ വിശന്നിരിക്കേണ്ടിവരും...“ അവൾ പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല. എന്റെ നിർബന്ധം തട്ടിയെറിഞ്ഞ്‌ അവൾ മുരുകനെയും എടുത്ത്‌ നടക്കാൻ തുടങ്ങി. ഞാൻ അവൾക്ക്‌ പിറകേയും.

”ശെൽവീ... നിൽക്ക്‌... ഞാൻ പറയുന്നത്‌ കേൾക്കൂ...“ ഞാൻ കാലുകൾ നീട്ടിവെച്ച്‌ നടന്നു.

”അമ്മാ... തുട്ട്‌ കൊടുക്കെങ്കിൽ കൊടുക്ക്‌... അല്ലെങ്കിൽ എന്നെ വിട്ടിടുങ്കോ“ അവൾ അകന്നു.

മുറിഞ്ഞ യാത്രയും, അവളുടെ കഥയുടെ ഭാരവും തൂക്കി ഞാൻ അന്തംവിട്ടു.

”ആ പെണ്ണിന്റെ പിറകെ നടന്ന്‌ സമയം കളഞ്ഞൂല്ലേ...“ അടുക്കിവെച്ച പെട്ടികൾക്കു മുകളിൽ കാലുകയറ്റിവെച്ച്‌ അയാൾ സഹതപിച്ചു.

”അവളെ അറിയില്ലേ... ഇന്നാള്‌ ടി.വി.ലൊക്കെ വന്നിരുന്നതാണല്ലോ“

”ശെൽവിയോ?“ ഞാൻ അത്ഭുതപ്പെട്ടു.

”ആ... അവക്ക്‌ എച്ച്‌.ഐ.വി പോസിറ്റീവാ... ആ കൊച്ചിനും... എങ്ങനെ വരാതിരിക്കും... അതാ സാധാനം...“ അയാൾ വൃത്തികേടുകൾ നിറഞ്ഞ പാളത്തിലേക്ക്‌ നീട്ടിതുപ്പി.

അപ്പോൾ അവൾ അടുത്ത വണ്ടിക്കായി കാത്തുനിൽക്കുകയായിരുന്നു.

വാണി പ്രശാന്ത്‌


E-Mail: vaniprasanth@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.