പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കുരുക്കഴിയാത്ത വഴികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹാസിം മുഹമ്മദ്‌

ഗതാഗതക്കുരുക്കിന്റെ സമ്മർദ്ദം മനസിൽ കുമിഞ്ഞു കൂടുന്ന മറ്റൊരു പ്രഭാതം. നിരത്തിൽ കണ്ണെത്താത്ത ദൂരത്തോളം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന വാഹനങ്ങൾ മാത്രം. വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. വിട്ടു മാറാത്ത ഉറക്കത്തിന്റെ ആലസ്യവും ചലനമറ്റ പോക്കിന്റെ ഞെരുക്കവും മനസ്സിൽ നൈരാശ്യമാവുന്നു. ഒഴിവാക്കാൻ കഴിയാത്ത ഈ കുരുങ്ങിയമർന്ന ഓഫീസ്‌ യാത്രയും മടക്കയാത്രയും തന്റെ ജീവിതത്തെ യാന്ത്രികമായി തിന്നു തീർക്കുന്നുവെന്ന ചിന്ത!

ഒരു മോചനം എന്നാണു ഉണ്ടാവുക? പുതിയതായി അപേക്ഷിച്ച ലോൺ ഇന്ന്‌ പാസ്സാവും എന്നാണ്‌ ബാങ്കിൽ നിന്നും അറിയാൻ കഴിഞ്ഞത്‌. അതോടെ മറ്റൊരു നാലു വർഷം കൂടി പ്രവാസം അനിവാര്യമാവുന്നു. കാറിന്റെ ലോൺ തീർന്നതേയുള്ളൂ. കാറു വാങ്ങിയതോടെ തുടങ്ങിയതാണു കുരുക്കഴിയാത്ത ഷാർജ ദുബൈ റോഡിലെ ജീവിതം വീണ്ടും ഒരു ലോൺ ശരിയായ തീരുമാനമോ? നാട്ടിൽ ഒരു വീട്‌ അനിവാര്യമല്ലേ?

അലോസരം വർധിപ്പിച്ച്‌ കൊണ്ടു മൊബൈൽ ശബ്‌ദിച്ച്‌ തുടങ്ങി. രാവിലെ തന്നെ ഇതാരാണു? ജോലി സംബന്ധമായ തിരക്കുകളുടെ മധ്യത്തിലേക്ക്‌ ആനയിക്കാൻ വന്നെത്തിയ കാൾ? ഉണരാത്ത മനസിനെ പാകപ്പെടുത്തി കൊണ്ടു ഫോൺ എടുത്തു പതിവുപോലെ അതു ഉള്ളിൽ പിറുപിറുത്തു. ‘നാശം’.

‘എന്തൊക്കെയുണ്ടെടോ വികടകവി? ഒടുവിൽ ഞാനും എത്തി. എങ്ങനെയും ഒരു ജോലി തപ്പിയെടുക്കണം’. പരിചിതമായ സ്വരം ഊഷ്‌മളമായ സംഭാഷണം. പക്ഷെ എനിക്കു ഓർത്തെടുക്കാൻ കഴിയുന്നേയില്ല. അപ്പുറത്തു നിന്നും കുശലാന്വേഷണങ്ങളും തമാശകളും ഹൃദ്യമായ ചിരിയും പൊട്ടുന്നു. ചില ചോദ്യങ്ങൾക്ക്‌ ഞാൻ ഉപചാരപൂർവ്വം മറുപടിയും പറഞ്ഞു പോയി. ആരാണെന്ന്‌ ആരായാൻ അപ്പോഴും വീണ്ടും വീണ്ടും മടിച്ചു. ഇത്രയും പരിചിതഭാവത്തിൽ സംസാരിക്കുന്ന വ്യക്തിയോട്‌ ആ ചോദ്യം ഏത്‌ വിധത്തിൽ അവതരിപ്പിക്കണം എന്നു അമാന്തിച്ചു. സ്വയം പരിചയപ്പെടുത്താതെ ആരംഭിക്കുന്ന ഫോൺ സംഭാഷണങ്ങൾ എത്ര അനുചിതമാണെന്ന്‌ ഓർത്തു.

‘ഞാൻ ഓർകൂട്ടിൽ ഒരു ഇൻവിറ്റേഷൻ അയച്ചിരുന്നല്ലോ? ഒരു മറുപടിയും കണ്ടില്ല!.

’ഉം..... തിരക്കല്ലേ?‘ ആരെയാണു അടുത്ത കാലത്ത്‌ ഓർകൂട്ടിൽ കണ്ടുമുട്ടിയത്‌? ഒന്നും ഓർക്കുന്നേയില്ല. യഥാർത്ഥത്തിൽ വലയം ചെയ്യുന്ന ദിനചര്യകളുടെ ചാക്രികമായ ഭൂമരത്തിൽ അചേതനമായി അമരുകയാണു സകലതും. ചിന്തകളും ഓർമ്മകളും സ്വപ്‌നങ്ങളും ഞാനും.

സുഹൃത്ത്‌ ഫോൺ അവസാനിപ്പിച്ച ശേഷവും ഓർമ്മിപ്പിശകിന്റെ അശാന്തി മനസിൽ നിഴൽ വീഴ്‌ത്തി. കോളേജിലെ സഹപാഠികളിൽ ആരൊ ആയിരുന്നുവെന്ന്‌ ഉറപ്പാണ്‌. അന്നത്തെ തന്റെ ഇരട്ടപ്പേരായ വികടകവി എന്നല്ലെ ആദ്യം അഭിസംബോധന ചെയ്‌ത്‌? മനസിലായില്ല എന്നു തുറന്നു സമ്മതിച്ച്‌ കൊണ്ട്‌ ആളെ ചോദിക്കാൻ എന്താണു തനിക്കു തടസമായത്‌? ഛെ.... തിരക്കു പതിവിലധികം അസഹ്യമാവുന്നു. മുന്നിൽ ഒരിഞ്ച്‌ സ്‌ഥലമില്ല. അട്ടിയട്ടിയായി കാറുകൾ ഈ തിരക്കിൽ തന്നെ നഷ്‌ടപ്പെടുന്നു രാവിലെയും വൈകിട്ടും ഈരണ്ടു മണിക്കൂർ.

----------

സങ്കീർണമായ ക്രയവിക്രയങ്ങളുടെ കണക്കു സൂക്‌ഷിപ്പാണു ലൊജിസ്‌റ്റിക്‌സ്‌. ആ വഴികളെ പിൻതുടരാൻ മനസ്‌ അർപ്പിക്കുന്ന തൊഴിൽ ദിനങ്ങൾ. ഹൃദയം ചിലപ്പോൾ സമ്മർദ്ദങ്ങളിൽ പരിക്ഷീണമാവുന്നു. മറ്റ്‌ ചിലപ്പോൾ പൊട്ടിപ്പോയ കണ്ണികളെ തേടി ഉഴലുന്നു.

’ഈ ഓർഡർ കാൻസൽ ചെയ്‌ത്‌ പുതിയത്‌ കൊടുക്കാൻ ഞാനന്ന്‌ പറഞ്ഞതല്ലേ?

‘ഞാനത്‌ ചെയ്‌തിരുന്നു സാർ.’

‘ഉറപ്പാണോ?

’എന്നാണു എനിക്കു.... തോന്നുന്നത്‌.‘

’വെറും തോന്നൽ മാത്രമോ? എന്നിട്ട്‌ എന്തേ ഇപ്പോഴവർ പഴയ സാധനങ്ങൾ തന്നെ ഡെലിവർ ചെയ്‌തിരിക്കുന്നത്‌?

എനിക്കൊരു വിശദീകരണം വേണം. റീഓർഡർ നടത്തിയതിന്റെ പേപ്പറുകളോ മെയിലുകളോ ഉണ്ടെങ്കിൽ തപ്പിയെടുക്കൂ. ഐ വാണ്ട്‌ ദിസ്‌ ടു ബി സോർട്ട്‌ ഔട്ട്‌ റ്റുഡെ!‘

മേലധികാരികൾക്ക്‌ എപ്പോഴും ആരെയെങ്കിലും പഴിചാരി രക്ഷപെടണം എന്ന വിചാരമേയുള്ളോ? ഈ പേപ്പറുകളൊക്കെ തപ്പിയെടുക്കാനുള്ള മെനക്കേട്‌! ഒന്നിനും ഒരു ക്രമവുമില്ല. അതിനെ കുറിച്ച്‌ പറഞ്ഞാൽ ഒരു നടപടിയും ഇല്ല. എന്തെങ്കിലും പ്രശ്‌നം വരുമ്പോൾ ചാടി കടിക്കാൻ മാത്രം......

ശബ്‌ദിച്ച്‌ തുടങ്ങിയ മൊബൈൽ എടുത്ത്‌ നോക്കി. ഫ്രണ്ട്‌ എന്നു സ്‌ക്രീനിൽ തെളിയുന്നു. ഇതു...... അന്ന്‌ തിരിച്ചറിയാൻ കഴിയാതിരുന്ന ആ സുഹൃത്തിന്റെ നമ്പർ അല്ലേ? ദൈവമേ, എത്ര നാളുകളായി ഓർകൂട്ടിലെ ഇൻവിറ്റേഷൻ നോക്കുന്ന കാര്യം മറന്നു. തിരിച്ചൊന്നു വിളിച്ചതുമില്ല.

’ഞാനാടാ‘ അത്ഭുതകരമായി ശബ്‌ദം കേട്ട മാത്രയിൽ തന്നെ ഇത്തവണ ആളെ മനസിലായി. അനൂപ്‌ കോളേജിലെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ഇവനെയാണൊ ഞാൻ കഴിഞ്ഞ തവണ തിരിച്ചറിയാതെ പോയത്‌? സ്വാതന്ത്രത്തിന്റെയും ചോരത്തിളപ്പിന്റെയും ആ കാലഘട്ടം ഓർമ്മകളിൽ പരിമളമായി നിറയുന്നു. ’വിസയുടെ കാലാവധി തീർന്നു. ഞാനൊന്നു കിഷിൽ പോയി വരാൻ തീരുമാനിച്ചു. ഇപ്പോൾ എയർപോർട്ടിലേക്ക്‌ പോവുന്ന വഴിയാണ്‌.‘

കുറ്റബോധത്തോടെ പറഞ്ഞു. ’വിളിക്കണം വിളിക്കണം എന്നു എപ്പോഴും കുരുതുന്നതാണ്‌. തിരക്ക്‌ കാരണം.....‘

’അത്‌ സാരമില്ല. വല്ല ചാൻസും ഉണ്ടെങ്കിൽ പറയടോ. ഞാൻ രണ്ട്‌ ദിവസത്തിനുള്ളിൽ തിരിച്ചെത്തും.‘

’ആവട്ടെ തിരിച്ചെത്തിയ ശേഷം നമ്മുക്കൊന്നു കാണണം. ഞാൻ വിളിക്കാം. നിന്റെ സിവി ഒരെണ്ണം എനിക്കയക്കണം. ‘അത്‌ മുന്നേ അയച്ചിരുന്നല്ലോ. കിട്ടിയില്ലേ?’

ഫോൺ സംഭാഷണം അവസാനിച്ചപ്പോൾ ദിവസങ്ങൾ കടന്നു പോവുന്നതിന്റെ വേഗതയെ കുറിച്ചാണു ചിന്തിച്ചത്‌. അനൂപ്‌ മുൻപ്‌ വിളിച്ചിരുന്നത്‌ ഇന്നലെ ആയിരുന്നത്‌ പോലെ. യഥാർതത്തിൽ മാസങ്ങൾ കടന്നു പോയിരിക്കുന്നു. ആവർത്തനവിരസമായ തന്റെ ജീവിതത്തിനു കാലം പോലും വിസ്‌മൃതിയിലാണ്ട സങ്കൽപ്പം! മറവിയുടെ വല്ല രോഗവും തന്നെ ബാധിച്ചിട്ടുണ്ടോ?

നോക്കുമ്പോൾ നിരവധി സീവികളാണു ഈമെയിലേക്ക്‌ വന്നിട്ടുള്ളത്‌. ജോലി ചോദിക്കുന്ന സർവരോടും മറ്റെന്താണു എനിക്കു പറയാൻ കഴിയുക. ‘ഒരു സീവി അയക്കൂ... നോക്കട്ടെ ഓരോന്നും തുറന്നു നോക്കി. അനൂപിന്റെ മാത്രം അക്കൂട്ടത്തിൽ കാണാൻ കഴിഞ്ഞില്ല. തികഞ്ഞ അസംബന്ധം തന്നെ. ആ ശബ്‌ദം അനൂപിന്റെ തന്നെ ആയിരുന്നോ? ഓർക്കൂട്ടിൽ നോക്കിയിട്ട്‌ ഒരു ഇൻവിറ്റേഷനും കാണാൻ കഴിഞ്ഞില്ല. വീണ്ടും ചിന്തിക്കുമ്പോൾ തോന്നുന്നു. അല്ല, അത്‌ അനൂപ്‌ ആയിരുന്നില്ല. മെയിലിൽ കിട്ടിയ സീവികൾ നോക്കി. ഒപ്പം പഠിച്ചിരുന്ന ഒരാളുടെ പോലും അക്കൂട്ടത്തിൽ ഇല്ല. ഓർത്തിട്ട്‌ യാതൊരു വിധത്തിലുള്ള സൂചനയും ഭാവനയിൽ തെളിയുന്നില്ല. ആരാണിത്‌? ഭാരത്താൽ ചിന്താശേഷി തളർന്ന്‌ നിയന്ത്രണമറ്റ്‌ നിലം പതിക്കുന്നു. ആരുമാവട്ടെ!

ബോസിന്റെ ഫോൺ. ’ആ പേപ്പറുകൾ വല്ലതും കിട്ടിയോ?‘

തപ്പി കൊണ്ടിരിക്കുകയാണു സാർ.

---------

നിയോൺ വെളിച്ചത്തിന്റെ പ്രഭയിൽ കുളിച്ച രാത്രിയിലെ ഗതാഗതക്കുരുക്കിന്റെ വിമ്മിഷ്‌ടം നിറഞ്ഞ ദീർഘനിശ്വാസങ്ങൾ. അപ്രതീക്ഷിതമായ സംഭവ പരിണാമങ്ങളുടെ പെരുമഴയിൽ ഏതൊരു ഗതിയാണു തന്നെ കാത്തിരിക്കുന്നത്‌? തപ്‌തമായ മനം ആശങ്കകളുടെ നീർക്കടലിൽ കരകാണാതെ വിറകൊള്ളുന്നു.

’കഴിഞ്ഞ രണ്ട്‌ മാസമായി നിങ്ങൾ ലോണിന്റെ തവണ അടച്ചിട്ടില്ല. ഇനിയിപ്പോൾ പോലീസ്‌ സ്‌റ്റേഷനിൽ വച്ച്‌ സംസാരിച്ചാൽ മതി. ഇന്നു വൈകുന്നേരത്തിനു മുൻപ്‌ ആ പണം അടച്ചില്ലെങ്കിൽ ഞങ്ങൾ പോലീസ്‌ കേസ്‌ മൂവ്‌ ചെയ്യും. ‘ബാങ്കിൽ നിന്നും വന്ന ഭീഷണി.

ഹൃദയശൂന്യമായ അംബരചുംബികളുടെ മധ്യേ വാഹനങ്ങൾ നിറഞ്ഞു ശ്വാസം മുട്ടുന്ന തിരക്കിൽ ഇനിയൊരു രക്ഷപെടലിന്റെ വഴിയല്ല. കാലു കുഴയാതെ മുന്നോട്ട്‌ നീങ്ങാനുള്ള വഴി. എല്ലാം അവസാനിപ്പിച്ച്‌ നാട്ടിൽ ചെല്ലണമെന്ന്‌ വ്യാമോഹിക്കാനെങ്കിലും ഒരു അവസരം ! പക്ഷെ എങ്ങനെയാണു പണം അടയ്‌ക്കുക?

’ഞാനാടാ‘ ഒരു ഫോണിനും കാത്‌ കൊടുക്കാനുള്ള മനസ്സുഖം ഉണ്ടായിരുന്നില്ല. എന്നാൽ അനൂപ്‌ എന്നു മുൻപ്‌ പേരു മാറ്റി ആ നമ്പർ കണ്ടപ്പോൾ ഇതാരാണെന്ന്‌ അറിഞ്ഞേതീരൂ എന്ന്‌ വാശി ഉണ്ടായി. തിരിച്ച്‌ വിളിക്കണമെന്ന്‌ അന്ന്‌ വിചാരിച്ചിരുന്നതാണ്‌. തിരക്കുകളുടെ പേരിൽ ഞാൻ എന്നും വഞ്ചിതനാവുന്നു. ചില ചെറിയ കുരുക്കുകളെങ്കിലും ചുരുളഴിഞ്ഞ്‌ മനസ്സിനു തെളിച്ചമാവട്ടെ. ജാള്യതയോടെ ചോദിച്ചു. ’ആരാ, മനസിലായില്ലല്ലോ?‘

’എടാ.... ഞാനാടാ... ആഷിക്ക്‌.‘

ആഷിക്ക്‌!

’ഒന്നും ശരിയായില്ലെടോ. വീണ്ടും വിസ കാലവധി തീർന്നു. നാട്ടിലേക്ക്‌ പോവാൻ ഞാൻ എയർപോർട്ടിൽ നില്‌ക്കുന്നു. സാമ്പത്തിക മാന്ദ്യം കാരണമാവും, ഇപ്പോൾ ഒരു ഇന്റർവ്യൂ പോലും കിട്ടുന്നില്ല. വിസിറ്റിനു വന്നത്‌ തന്നെ വലിയൊരു ബാധ്യതയായി. ഇനി എന്തു ചെയ്യണമെന്ന്‌ യാതൊരു ഐഡിയയും ഇല്ല.‘

സാമ്പത്തിക മാന്ദ്യം! ഏതൊരു പ്രതിസന്ധിയുടെയും മീതെ ഒട്ടിക്കാൻ ശീലിക്കുന്ന ഈ ലേബൽ മനസിൽ അരിശം വളർത്തുന്നു. ’ഈ പ്രതിസന്ധി കാലഘട്ടത്തിൽ ഒരു ജോലി ഉണ്ട്‌ എന്നതിൽ നിങ്ങൾ സന്തോഷിക്കുക. നിങ്ങളുടെ വേതനങ്ങൾ വെട്ടിക്കുറച്ചും, അടിസ്‌ഥാന ഗഡു മാത്രം നൽകുക എന്ന നയം സ്വീകരിച്ചും മാത്രമേ ഈ സമയം നമുക്കു മുന്നോട്ട്‌ പോവാനാവൂ. എല്ലായിടങ്ങളിലും നടക്കുന്നത്‌ എന്താണ്‌ എന്നു നമുക്കെല്ലാം അറിയാം. ‘ലോണും വാടകയും വർധിച്ച ജീവിതച്ചിലവുകളും കൊണ്ട്‌ ഞരുങ്ങിയ തന്റെ കാതുകളിൽ കമ്പനി മേധാവികൾ പാടിയ പല്ലവി.

’നിന്നെ വിളിക്കാൻ കഴിഞ്ഞ മാസങ്ങളിൽ ഒരു പാടു ഞാൻ ശ്രമിച്ചു. കിട്ടുന്നില്ലായിരുന്നു.‘

’ആണോ?‘. ലോണിന്റെയും ക്രെഡിറ്റ്‌ കാർഡുകളുടെയും കളക്ഷൻ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള വിളികളോട്‌ മറുപടി പറയാനാവാതെ മൊബൈൽ ചിലപ്പോൾ ഉപേക്ഷിക്കാറുണ്ട്‌.

’എങ്ങനെയെങ്കിലും സഹായിക്കെടോ! എന്തെങ്കിലും അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കൂ. നിങ്ങളുടെയൊക്കെ സഹായം പ്രതീക്ഷിച്ചല്ലേ ഞാൻ വന്നത്‌?‘ ആഷിക്ക്‌ സംസാരിച്ച്‌ കൊണ്ടിരുന്നു.

ഗതി മുട്ടിയ വാഹനങ്ങളും ജീവിതവും വളർത്തുന്ന അക്ഷമയിൽ മനസ്‌ തലങ്ങും വിലങ്ങും കൂട്ടിൽ ബന്ധനസ്‌ഥനായ പോലെ ഉഴറി. നിസ്സഹായമായി സ്‌മൃതി മണ്ഡലങ്ങളിലേക്ക്‌ പകച്ച്‌ നോക്കി.

ആഷിക്ക്‌ അങ്ങനെയാരു സുഹൃത്തിനെ ഭൂതകാലത്തിൽ എവിടെയാണു കണ്ടിട്ടുള്ളത്‌?

-----------

ഹാസിം മുഹമ്മദ്‌


E-Mail: hasimvn@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.