പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്വർണ്ണക്കൂട്ടിലെ പഞ്ചവർണ്ണക്കിളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

അവളുടെ മനസ്സുനിറയെ സ്‌നേഹമായിരുന്നു. അവളെ ഉൾക്കൊള്ളുന്ന ലോകത്തെയാകെ അവൾ സ്‌നേഹിച്ചു.

മേഘപാളികളേയും കണ്ണുചിമ്മുന്ന നക്ഷത്രക്കൂട്ടങ്ങളെയും പാലൊളി വിതറിക്കൊണ്ട്‌ ഈ ലോകത്തെയാകമാനം കുളിരണിയിക്കുന്ന ചന്ദ്രബിംബത്തേയും അവൾ സ്‌നേഹിച്ചു.

അങ്ങ്‌ ദൂരെ മഞ്ഞിന്റെ നേർത്ത അഭ്രപാളികൾ പുതച്ചു സ്വപ്‌നം കണ്ടുറങ്ങുന്ന നീലമലകളേയും പച്ചപുതച്ച കുന്നുകളേയും അവയ്‌ക്കിടയിലൂടെ പൊട്ടിച്ചിരിച്ച്‌ തുള്ളിച്ചാടി ആർത്തലച്ചൊഴുകുന്ന കാട്ടരുവികളേയും അവൾ സ്‌നേഹിച്ചു.

ആ ചോലയിൽ വെള്ളംകുടിച്ച്‌ കായ്‌കനികൾ കൊത്തിത്തിന്ന്‌ ഇണകളോടൊപ്പം ചിറകടിച്ചു പറന്നുനടക്കുന്ന പക്ഷിക്കൂട്ടങ്ങൾ അവളുടെ കൂട്ടുകാരായി. മണികൂറുകളോളം അവരെ കണ്ടിരുന്നാലും അവരുടെ പാട്ടുകേട്ടാലും അവൾക്ക്‌ മതിവന്നില്ല. അവളുടെ മനസ്സിൽ തളംകെട്ടിനിൽക്കുന്ന സ്‌നേഹം പങ്കുവയ്‌ക്കാനും പകരം അവൾക്ക്‌ സ്‌നേഹം നൽകാനും മറ്റാരുമുണ്ടായിരുന്നില്ല.

ഓർമ്മവയ്‌ക്കുമ്പോൾ വലിയ ബംഗ്ലാവ്‌... നിറയെ അനുസരിക്കാൻവേണ്ടി കാത്തുനിൽക്കുന്ന വാല്യാക്കാർ.... ഭൂഖണ്‌ഡങ്ങൾതോറും പറന്നുനടക്കുന്ന ബിസിനസ്സുകാരനായ ഡാഡി.... രോഗം കാർന്നുകാർന്നുതിന്ന്‌ വിളറിവെളുത്ത്‌.... ഡാഡിയുടെ സാന്ത്വനത്തിനുവേണ്ടി കാത്തുകൊണ്ട്‌ കമ്പളിപുതച്ചിരിക്കുന്ന മമ്മി. ആ മനസ്സു നിറയെ അവളെക്കുറിച്ചുള്ള സ്‌നേഹമാണെന്നവളറിഞ്ഞിരുന്നു. എന്നാലും മമ്മിക്ക്‌ ആ സ്‌നേഹം പ്രകടിപ്പിക്കാനോ അവളെ പരിചരിക്കാനോ കഴിഞ്ഞിരുന്നില്ല. ആ മടിയിൽ തലവച്ചിരിയ്‌ക്കുമ്പോൾ ശുഷ്‌കിച്ച കൈത്തലംകൊണ്ടു മമ്മി. അവളുടെ മുടിയിഴകളിൽ തഴുകിയൊതുക്കുമ്പോൾ... ആർദ്രമായ ആ കണ്ണുകളിൽ തിളങ്ങിനിന്ന സ്‌നേഹം അവൾ കണ്ടിരുന്നു.

ഡാഡി തിരക്കിട്ട ബിസ്സിനസ്സ്‌ ടൂറികൾക്കും കോൺഫ്രൻസുകൾക്കുമിടയിൽ പോകുന്ന ദിക്കിൽ നിന്നെല്ലാം അവൾക്ക്‌ വിലപ്പെട്ട ഓരോ സ്‌നേഹോപഹാരം കൊണ്ടുവരാൻ മറന്നിരുന്നില്ല.

ആയ വന്നു പറയും ‘ഡാഡി... മോളെക്കാണാൻ കാത്തിരിക്കുന്നുണ്ട്‌.

ഡാഡിയുടെ മുറിയിൽ ചെല്ലുമ്പോൾ അദ്ദേഹത്തിനു തുടരെത്തുടരെ ഫോൺകോളുകൾ വന്നുകൊണ്ടിരിക്കും. ഒരിക്കലും അദ്ദേഹത്തിന്‌ ഒരഞ്ചുമിനിറ്റ്‌ സ്വന്തം മകളോടൊപ്പം ചിലവിടാൻ കിട്ടാറില്ല. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള വിലപ്പെട്ട വിലപ്പെട്ട സമ്മാനങ്ങൾ കയ്യിൽവച്ച്‌ കൊടുത്തിട്ട്‌ ചുമലിൽ തട്ടി ഘനഗംഭീരമായ ഒരു മൂളൽ.... ഒരു പുഞ്ചിരി. തീർന്നു... അച്ഛനും മകളുമായുള്ള ആശയവിനിമയം. എന്നാലും ആ ശബ്‌ദത്തിൽ... ആ പുഞ്ചിരിയിൽ... നിറഞ്ഞു നിന്ന സ്‌നേഹം അവളറിഞ്ഞിരുന്നു. അപ്പോഴൊക്കെയും അവൾ ആശിച്ചുപോയിട്ടുണ്ട്‌ താൻ ഇവിടത്തെ കുശിനിക്കാരൻ രാമന്റെ മകളായി ജനിച്ചിരുന്നുവെങ്കിലെന്ന്‌....

കൃത്യം ഒന്നാം തിയതിതന്നെ അവളെത്തും. അവളുടെ അമ്മയുമായി പേടിച്ചരണ്ട ഒരു പൂച്ചക്കുട്ടിയെപ്പോലെ അമ്മയുടെ നിഴൽപറ്റി അവരുടെ രണ്ടാംമുണ്ടിന്റെ കോന്തലയിൽ തിരുപ്പിടിച്ചുകൊണ്ട്‌ തോട്ടത്തിന്റെ അരികുചേർന്നുവരുന്ന കുട്ടി... അച്ഛനെക്കാണുമ്പോൾ അമ്മയുടെ മുണ്ടിലെ പിടിവിട്ട്‌ ഓടി അടുത്തുചെന്നു പറ്റിച്ചേർന്നുനിൽക്കും. അവർ കാലത്തുവന്നാൽ പിന്നെ വൈകുന്നേരമേ മടങ്ങാറുള്ളു. അപ്പോൾ രാമൻ എനിക്ക്‌ പാകമാകാത്ത ഉടുപ്പുകളും ഞാൻ മടുത്തുപേക്ഷിച്ച പാവകളും ഒക്കെ ചോദിച്ചുവാങ്ങി അവൾക്ക്‌ സമ്മാനിക്കാറുണ്ട്‌. ഉച്ചയൂണുകഴിഞ്ഞ്‌ കിട്ടുന്ന ഇടവേളയിൽ അവളെ അരികത്തിരുത്തി അവളുടെ അമ്മയോടും അവളോടുമായി കുശലം പറഞ്ഞുകൊണ്ട്‌ മുടിചീകി ഒതുക്കി. ചുരുണ്ടുപോയ റിബൺ നിവർത്തിവച്ചു മുടി കെട്ടിക്കൊടുക്കുകയും പൊട്ടുകുത്തിക്കൊടുക്കുകയും ചെയ്യുന്നത്‌ താൻ കൊതിയോടെ നോക്കിനിൽക്കാറുണ്ട്‌. അപ്പോഴയാൾ സ്‌നേഹത്തിന്റെ സ്വരത്തിൽ അമ്മയോടു പരിഭവിക്കുന്നത്‌ കേൾക്കാം. ’നീയീ പെണ്ണിനെ ഒരു ചേലായിട്ടു കൊണ്ടുനടക്കത്തില്ല. ഞാനെത്ര പറഞ്ഞാലും അവൾക്ക്‌ നല്ല നല്ല കുപ്പായോം റിബണും വളയുമെല്ലാം ഞാൻ കൊണ്ടുത്തരുന്നില്ലേ.... എവിടുന്നായാലും അങ്ങനെ ആ കൊച്ചുകുടുംബം അടുക്കളത്തിണ്ണയിലിരുന്ന്‌ ഒരുമയോടെ അവരുടെ ഇല്ലായ്‌മകളും വല്ലായ്‌മകളും ഒക്കെ പങ്കുവയ്‌ക്കുന്നതു കാണുമ്പോൾ ഈ ബംഗ്ലാവും കാറുകളും പ്രതാപങ്ങളും ഒന്നും വേണ്ടീരുന്നില്ല. അവരെപ്പോലെയായാൽ മതിയായിരുന്നു എന്നു തോന്നിപ്പോയിരുന്നു.

ഒരു ദിവസം സ്‌കൂളിൽ നിന്നും വരുമ്പോൾ മമ്മയെ താഴെ ഒരിലയിൽ കിടത്തിയിരിക്കുന്നതുകണ്ടു. തലയ്‌ക്കലും കാൽക്കലും വിളക്കുകത്തിച്ചുവച്ചിരുന്നു.

സ്‌നേഹത്തിന്റെ ഒരു കണിക പകർന്നു തന്നിരുന്ന മമ്മിയും പോയ്‌ കഴിഞ്ഞപ്പോൾ പിന്നെ എവിടെയും ശൂന്യത... ശൂന്യതമാത്രം. പിന്നെ അവളുടെ താമസം ബോർഡിങ്ങിലായി. പാർലർ ബോർഡർ... പ്രത്യേകം മുറി... അറ്റാച്ച്‌ഡ്‌ ബാത്ത്‌റൂം. പിന്നെ പരിചരിക്കാൻ ഒരായയും ഈ സൗകര്യങ്ങളെല്ലാം ഇവിടെയും അവളെ ഒരേകാന്തത്തടവുകാരിയാക്കി. ഇടയ്‌ക്കിടെ ഒരു ഫോൺകോൾ ജർമ്മനിയിൽ നിന്നോ ഇംഗ്ലണ്ടിൽ നിന്നോ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിന്ന്‌. പിന്നെ..... പിന്നെ. ഫോൺകാളുകൾക്കിടയിലെ ദൈർഘ്യം വർദ്ധിച്ചുവന്നു. ഇടയ്‌ക്കിടെ ബോർഡിങ്ങിലെ ഏകന്തതയിൽ നിന്നും വീട്ടിലെ ഏകാന്തതയിലേക്ക്‌ പോയി അവധിക്കാലം ചിലവിടാൻ. വീണ്ടും സ്‌ക്കൂളിലേയ്‌ക്ക്‌ മടങ്ങുംമുമ്പ്‌ ഒരു മിന്നായംപോലെ ഡാഡിയെ കണ്ടാലുമായി ഇലെങ്കിലുമായി. അവൾ ബോർഡിങ്ങിലെപ്പോലെ കതകടച്ച്‌ മുറിയിൽത്തന്നെയിരുന്നു തന്റെ പുസ്‌തകങ്ങളുമായി.

ഒരുദിവസം കതകിൽ മുട്ടുന്നതുകേട്ട്‌ അവൾ കതകു തുറന്നു ‘ഡാഡി’ അദ്ദേഹം അകത്തുവന്ന്‌ കട്ടിൽമേലിരുന്നു. എന്നിട്ട്‌ ശബ്‌ദം ഏറെ മയപ്പെടുത്തി ആർദ്രമായ തന്റെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ട്‌ ചോദിച്ചു. ‘മോളെ നീയെന്താ എപ്പഴുമിങ്ങനെ കതകടച്ചിട്ട്‌ അകത്തുതന്നെയിരിക്കുന്നത്‌. നീ... സന്തോഷമായിട്ടിരിക്കാൻ വേണ്ടിയല്ലെ ഡാഡി രാപകലില്ലാതോടിനടന്നിതൊക്കെ വാരിക്കൂട്ടുന്നത്‌.’

അവൾ പൊട്ടിക്കരഞ്ഞുപോയി. ‘എന്തിനാ ഡാഡി ഇതൊക്കെ. എനിക്കിതൊന്നും വേണ്ട. എനിക്കുവേണ്ടത്‌ ഡാഡിയുടെ സ്‌നേഹം മാത്രം. ഡാഡി ഈ തിരക്കിനിടയിൽ അത്‌ മറന്നുപോകുന്നു. എന്റെ മമ്മിക്കും വേണ്ടിയിരുന്നത്‌ അതു മാത്രമായിരുന്നുവെന്നു തോന്നുന്നു. അദ്ദേഹം നിശബ്‌ദനായി. പിന്നെപ്പിന്നെ അവൾക്ക്‌ ഫോൺകോളുകൾക്കിടയിൽ കത്തുകളും വന്നുതുടങ്ങി. ശുഷ്‌കമായ ബിസ്സിനസ്സ്‌ ലെറ്ററുകൾപോലെയുള്ള കത്തുകൾ. എന്നാലും അതവൾ പലയാവർത്തി വായിച്ചു. ഓരോ വരികൾക്കിടയിലും പതുങ്ങിക്കിടക്കുന്ന സ്‌നേഹത്തിന്റെ മുത്തുകൾ ചികഞ്ഞെടുത്തു മനസ്സിനുള്ളിൽ വച്ചു.

അദ്ദേഹം തിരക്കിട്ട ജീവിതം അവസാനിപ്പിച്ച്‌ പ്രശാന്ത സുന്ദരമായ ഒരു കുന്നിൻചെരുവിൽ ഒരു തോട്ടം വാങ്ങി. അവിടെ ഒരു വലിയ ബംഗ്ലാവു പണിത്‌ വിശ്രമജീവിതം ആരംഭിച്ചു. അത്‌ അവളെ വളരെയേറെ സന്തോഷിപ്പിച്ചു.

ഒരു ദിവസം മുന്നറിയിപ്പുമില്ലാതെ കിട്ടുമ്മാവൻ വന്നവളെ കോളേജിൽ നിന്നും കൂട്ടിക്കൊണ്ടുപോയി.

’എനിക്കു നാളെ ക്ലാസുണ്ട്‌ കിട്ടുമ്മാവാ‘ എന്നു പറഞ്ഞപ്പോൾ അത്‌ സാരമില്ല.... ഡാഡിക്ക്‌ നല്ല സുഖമില്ല. മോളെ കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു എന്നുമാത്രം പറഞ്ഞു. ഒരു മേജർ ഓപ്പറേഷനെത്തുടർന്ന്‌ മൂക്കിൽ ഓക്‌സിജൻട്യൂബും കൈത്തണ്ടയിലും കാൽവണ്ണയിലുമൊക്കെ ട്യൂബുകളും ഘടിപ്പിച്ച്‌ ഒരു മയക്കത്തിൽ പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ റൂമിൽ കിടക്കുന്ന ഡാഡിയെ കണ്ണാടിജനാലയിൽക്കൂടി കാണുമ്പോൾ അവൾ നിർവ്വീകാരയായിരുന്നു. പിന്നെപ്പോഴോ അവൾ അദ്ദേഹത്തെ സ്‌നേഹിച്ചുതുടങ്ങി. വർഷങ്ങൾക്കുശേഷം.

ഒരു രാത്രി ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ ഡാഡി സാവധാനം പറഞ്ഞുതുടങ്ങി. മോൾക്ക്‌... വയസ്സ്‌ ഇരുപത്തി മൂന്നായി. നിന്റെ മമ്മി പോയിട്ട്‌ പത്തുവർഷവും ഇനി നിന്നെ ശക്തനായ സ്‌നേഹസമ്പന്നനായ ഒരാളുടെ കയ്യിൽ ഏൽപ്പിക്കാതെ എനിക്ക്‌ സ്വസ്‌ഥതയുണ്ടാവില്ല കുട്ടീ.......

ഡാഡീ.. എന്റെ പഠിത്തം?

’ഓ...... നീ.... പഠിച്ചിട്ടിനി..... എന്തു നേടാനാ കുട്ടി വേണ്ടതെല്ലാം ഞാൻ നേടിവച്ചിട്ടുണ്ട്‌. മോൾക്ക്‌ ആവശ്യത്തിനുള്ള പഠിപ്പൊക്കെയായി ഇനി രണ്ടുമാസംകൂടിയല്ലേയുള്ളു പരീക്ഷയ്‌ക്ക്‌. അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്‌.

‘ഡാഡി എനിക്കീ നീലമലകളേയും എന്റെ പക്ഷിക്കൂട്ടങ്ങളെയും വിട്ടിട്ടെങ്ങും പോകാനാവില്ല ഡാഡി. എന്നെ നിർബന്ധിക്കരുത്‌’.

‘നിന്നെ ഞാനങ്ങനെ ആർക്കെങ്കിലും വിട്ടുകൊടുക്കുമോ നീയെങ്ങും പോകണ്ട. അവൻ എന്റെ മകനായിട്ട്‌ ഈ തോട്ടമെല്ലാം നോക്കിനടത്തി നിന്നോടൊത്ത്‌ ഇവിടെ താമസിക്കും. ഞാനെത്രനാളായി അങ്ങനൊരാളെ കാത്തിരിക്കുന്നു. പിന്നെ മോളെ.... ഡാഡി മാരകമായ ഒരു രോഗത്തിനടിമയാണെന്ന കാര്യം മറക്കരുത്‌. ഏതായാലും അവൻവരട്ടെ. നിനക്കവനെ ഇടഷ്‌ടമായില്ലെങ്കിൽ അതു പറയാം. നിക്കിഷ്‌ടമാകാത്ത ഒരു ബന്ധത്തിന്‌ നിന്റെ ഡാഡി നിന്നെ നിർബന്ധിക്കില്ല.’

ഡാഡിക്ക്‌ ഇങ്ങനെ സ്‌നേഹമസൃണമായ സ്വരത്തിലും വാക്കിലും സംസാരിക്കാൻ കഴിയും എന്നതുതന്നെ അവൾക്ക്‌ ഒരു പുതിയ അറിവായിരുന്നു. അവൾ.

അടുത്ത സായാഹ്നത്തിൽ സുമുഖനും ചുറുചുറുക്കുള്ളവനുമായ ഒരു ചെറുപ്പക്കാരൻ അവളെക്കാണാൻ വന്നു. അവളുടെ മനസ്സിലെ സങ്കല്‌പ്പപുരുഷന്റെ ആകാരം അവനുണ്ടായിരുന്നു. അവൾക്ക്‌ സന്തോഷമായി. ഡാഡി പറഞ്ഞു ‘മോളെ നീ അവനെ മുകളിലേയ്‌ക്കു കൊണ്ടുപോകൂ. നിങ്ങൾക്ക്‌ പരസ്‌പരം സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ.’

അവൾ അവനേയും കൂട്ടി മുകളിലേയ്‌ക്കു പോയി. അവളുടെ മുറി കാണിച്ചുകൊടുത്തു. ജനാലയിലെ കർട്ടൻ വലിച്ചുമാറ്റി അവളുടെ ഹൃദയം കവർന്നുവെച്ചിരിക്കുന്ന നീലമലകളെയും അവയ്‌ക്ക്‌​‍ുമീതെ അഴിഞ്ഞുവീണ പഞ്ഞിക്കെട്ടുകൾ കണക്കെ ചിന്നിച്ചിതറിക്കിടക്കുന്ന മേഘത്തുണ്ടുകളെയും കാണിച്ചുകൊടുത്തു. അവയ്‌ക്ക്‌ താഴെ പച്ചപുതച്ച കുന്നുകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന കാട്ടാറുകാണിച്ചുകൊടുക്കുമ്പോൾ അയാൾ ചോദിച്ചു.

‘ഈ തോട്ടത്തിന്റെ അതിര്‌ അവിടെയാണോ? എത്ര ഏക്കറാണീ തോട്ടം.’

‘അതെനിക്കറിയില്ല’.

‘ഈ ബംഗ്ലാവു പണിതിട്ട്‌ എത്രകൊല്ലമാവും. എത്ര കിടക്കമുറികളുണ്ടീ ബംഗ്ലാവിൽ?’

‘അതൊന്നും എനിക്കറിയില്ല ഡാഡിയോടു ചോദിക്കൂ’

ഈ തോട്ടത്തിലെ മൊത്തം ആദായമെത്രയാണെന്നെങ്കിലും നിനക്കറിയുമോ?‘

’സ്വത്തുവിവരങ്ങളൊക്കെ ഡാഡി പറഞ്ഞുതരും. എനിക്കീ നീലമലകളെയും കാട്ടരുവികളെയും ഇവിടത്തെ പക്ഷിക്കൂട്ടങ്ങളേയും മാത്രമേ അറിയൂ. എനിക്കതിൽ മാത്രമേ താൽപ്പര്യമുള്ളൂ. ഈ ഓരോ മരങ്ങളിലും എത്രതരം പക്ഷികൾ ചേക്കേറിയിട്ടുണ്ടെന്ന്‌ചോദിച്ചാൽ ഞാൻ പറഞ്ഞുതരാം.‘ അയാൾ അവളെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ട്‌ ഒരു പരിഹാസച്ചുവയുള്ളു ചിരിയോടെ താഴേയ്‌ക്കിറങ്ങിപ്പോയി.

അവളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങി. മനസ്സു ഘനംതൂങ്ങിനിന്നു. ഒന്നു പൊട്ടിക്കരയണമെന്നു തോന്നി. ഒന്നു പൊട്ടിക്കരയാൽ കഴിഞ്ഞെങ്കിൽ മനസ്സിൽ ഭാരമൽപ്പം കുറഞ്ഞേനെ. ഈ വിങ്ങലിന്‌ ഒരുയവുകിട്ടിയേനെ.

ഡാഡി മുകളിലേയ്‌ക്കുവന്നു. അവളുടെ ചുമലുകളിൽ കൈവച്ചുകൊണ്ടു ചോദിച്ചു.

’എന്തുപറയുന്നു മോളേ നിനക്കവനെ ഇഷ്‌ടമായോ?

മനസ്സിൽ ഒരു കടലിരമ്പി. അദ്ദേഹത്തിന്റെ ക്ഷീണിതങ്ങളായ കണ്ണുകളിൽ നോക്കിക്കൊണ്ടവൾ പറഞ്ഞു.

‘എനിക്കിഷ്‌ടമായി.... ഡാഡി...... എനിക്കിഷ്‌ടമായി.’

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.