പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അടിയൊഴുക്കിൽ പെട്ട പരൽ മീനുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെള്ളിയോടൻ,

വിശപ്പ്‌ നല്ലതു പോലെയുണ്ട്‌ കുടുംബത്തിൽ അന്യയായി കഴിയേണ്ടി വരിക എന്നതു വിശപ്പിനേക്കാൾ അസഹനീയമാണ്‌. വിശപ്പിനെ പ്രതിരോധിക്കാൻ വെള്ളം കൊണ്ട്‌ ഒരു വിധം കഴിയും. എന്നാൽ ഭർത്താവിന്റെയും അമ്മയുടെയും മകളുടെയും പീഢനം അതിനെ പ്രരിരോധിക്കാൻ ഈ അണ്ഡകടാഹത്തിൽ ഒന്നുമില്ലേ? ഉണ്ടാവില്ല കാരണം ഇവിടെ സ്‌ത്രീയുടെ ശത്രു സ്‌ത്രീ തന്നെയല്ലെ? വിശപ്പും പീഢനവും ശരീരത്തെയും മനസ്സിനെയും കാർന്ന്‌ തിന്നുമ്പോൾ ലക്ഷ്‌മി ഇത്യാദിചിന്തകളാൽ മനസ്സിനെ വ്യാപരിപ്പിക്കും. എങ്കിലും ഇപ്പോഴുള്ള ഈ വിശപ്പ്‌ അസഹനീയം തന്നെ. അടുക്കള വാതിൽ അവർ താഴിട്ടു പൂട്ടിയിരിക്കുന്നു. തീയിൽ വെന്ത അന്നം എല്ലാം അടുക്കളയിലാണല്ലോ. നാട്ടിൻ പുറത്തായിരുന്നെങ്കിൽ തൊടിയിൽ നിന്ന്‌ വല്ല തേങ്ങയോ മാങ്ങായോ പെറുക്കി തിന്നാമായിരുന്നു. ഇവിടെ ഈ നഗരത്തിൽ ചുവരുകൾ പോലും പങ്കുവെക്കപ്പെടുന്ന ഈ ലോകത്ത്‌ സ്‌നേഹം പങ്കുവെക്കാൻ തനിക്കാരുമില്ല. എന്തൊക്കെ പ്രതീക്ഷകളോടെയായിരുന്നു ഈ വീട്ടിൽ വലതുകാലെടുത്തു വെച്ചത്‌. ഏറ്റവും നല്ല മുഹൂർത്തത്തിലായിരുന്നല്ലോ താലികെട്ടും. “ഓട്ടോ ഡ്രൈവറായാലെന്താ സ്‌നേഹോള്ളവനാ” എല്ലാവരും പരസ്‌പരം സ്വകാര്യം പറഞ്ഞു.

പക്ഷേ ബാലേട്ടൻ - തനിക്ക്‌ സൗന്ദര്യം കുറഞ്ഞത്‌ കൊണ്ടായിരിക്കുമോ? മാസമുറ തെറ്റിയെന്ന്‌ ഏറെ സന്തോഷത്തോടെ പറഞ്ഞപ്പോൾ ഉണ്ടായ മറുപടി ലക്ഷ്‌മിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്‌. “നീ തന്നെ എന്റെ ജീവിതത്തിലെ ഒരു വഴിമുടക്കിയാണ്‌ അപ്പോൾ പിന്നെ നിന്റെ തന്നെ മറ്റൊരു രൂപവും കൂടി വന്നാൽ നാശം” പിന്നെ ഒമ്പത്‌ മാസവും പത്ത്‌ ദിവസവും ഓരോ നിമിഷങ്ങളും എണ്ണികഴിയുകയായിരുന്നു. ആദ്യ നാളുകളിൽ ഛർദ്ദിച്ച്‌, ശരീരം തളർന്ന്‌ അവശയായി കിടന്നപ്പോഴും ബാലേട്ടന്റെ അമ്മ കരുണയോടെ നോക്കുകപോലും ചെയ്‌തില്ല. അയാളുടെ തന്നെ ഗർഭമായിട്ടും അവിഹിത ഗർഭം ധരിച്ചവളോടെന്ന പോലെയായിരുന്നല്ലോ ബാലേട്ടന്റെയും സമീപനവും. ഒടുവിൽ സർക്കാരാശുപത്രിയിലെ പ്രസവ വാർഡിന്റെ നിലത്ത്‌ പ്രസവ വേദന കൊണ്ട്‌ ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ ആർത്തട്ടഹസിക്കുമ്പോൾ സർക്കാർ ശമ്പളം പറ്റുന്ന നേഴ്‌സുമാർ പറഞ്ഞതോ... വല്യോന്റെ ഗർഭമുണ്ടാക്കുമ്പോൾ ഇതൊന്നും ആലോചിച്ചില്ലായിരുന്നോ, കിടന്ന്‌ കൂവാതെ തള്ളെ.

ഇത്ര ദിവസമായിട്ടും ഭർത്താവിനെയും ബന്ധുക്കളെയും കാണാതായപ്പോൾ അവരും അങ്ങനെ ധരിച്ചിട്ടുണ്ടാകും. അവരെ കുറ്റം പറയാനൊക്കില്ലല്ലോ ഒടുവിൽ പ്രതിക്ഷിച്ചപോലെ ഒരു പെൺകുഞ്ഞ്‌ പിറന്നു വീണപ്പോൾ ജീവിതം ഇനിയെങ്കിലും ആനന്ദപ്രദമായിരിക്കുമെന്ന്‌ കരുതി ഒടുവിൽ ചോരക്കുഞ്ഞുമായി ബാലേട്ടന്റെ വീടിന്റെ കവാടത്തിനു മുമ്പിൽ ബസ്സിറങ്ങിയപ്പോൾ അമ്മായി ചോദിച്ചു.“ എന്തിനാ വീണ്ടും കടന്ന്‌ വന്നെ? പെറുമ്പം ചത്തുപോകുമെന്ന്‌ കരുതി, അതും നടന്നില്ലേ;” രണ്ട്‌ അനിയത്തിമാരെ കെട്ടിച്ചയക്കാൻ ബാക്കിയുള്ളപ്പോൾ സ്വന്തം വീട്ടിലേക്ക്‌, ആസ്‌മരോഗിയായ അച്ഛന്റെയടുത്തേക്കു, കൈതോല കൊണ്ട്‌ പായ മെടഞ്ഞു അവർക്കു അന്നം വാങ്ങിച്ചു കൊടുക്കുന്ന അമ്മയുടെ അടുത്തേക്ക്‌, തിരിച്ചു ചെന്നാൽ അവർക്കും ഒരു ഭാരമായിരിക്കുമെന്ന്‌ കരുതിയാണ്‌ വീണ്ടും ഈ വീട്ടിലേക്ക്‌ തന്നെ വന്നത്‌.

കാലങ്ങളെത്ര കടന്നുപോയി. പതിനാറു വർഷം വിശന്നും ദാഹിച്ചും കിടന്നുറങ്ങിയ എത്ര രാത്രികൾ. അവരുടെയെല്ലാം അന്നം കഴിഞ്ഞു ബാക്കി വരുന്നവയ്‌ക്കായി തന്റെ ഊഴവും കാത്തിരുന്ന മണിക്കൂറുകൾ. സ്‌നേഹത്തിന്റെ ഒരു കച്ചിത്തുരുമ്പ്‌ അനുവിൽ നിന്നും പ്രതീക്ഷിച്ചതാണ്‌ അവൾക്ക്‌ വേണ്ടിയായിരുന്നല്ലോ ലക്ഷ്‌മി കാത്തിരുന്നതും. പക്ഷേ അവൾ അച്ഛനെ പിന്താങ്ങുകയാണ.​‍്‌ അതെന്താണ്‌ അവളങ്ങനെയായത്‌? സ്വന്തം അമ്മയ്‌ക്ക്‌ നേരെ അനുകമ്പയുടെ ഒരംശം പോലും ചൊരിയാതിരിക്കുന്നത്‌ അഥവാ താനും അവൾക്ക്‌ ഒരസത്തായി മാറിയോ? അല്ലങ്കിൽ തന്നെ സ്‌നേഹിച്ചാൽ മറ്റുള്ളവരുടെ സ്‌നേഹം നഷ്‌ടപ്പെടുമെന്ന്‌ ഭയന്നിട്ടാകണം. സ്‌നേഹം നഷ്‌ടപെടൽ മാത്രമല്ല വെറുപ്പ്‌ സമ്പാദിക്കൽ കൂടിയാകും പരിണതഫലം.

സ്‌കൂളിൽ പോകുമ്പോൾ ഒരു നാൾ അവളോട്‌ പറഞ്ഞു.

“നിന്റെ മുടി ഞാൻ മെടഞ്ഞിട്ട്‌ തരാം.”

വേണ്ട പിന്നെ എന്റെ മുടികൂടി ചീത്തയാക്കണോ അമ്മയ്‌ക്ക്‌.? ഹൃദയത്തിന്റെ ധമനികളിലേക്ക്‌ ഒരു സൂചി തറച്ചാലെന്നപോലെ അവളിൽ നിന്നും രക്തം ഒരു പീച്ചാംകുഴലിലൂടെ അന്തരീക്ഷത്തിലേക്ക്‌ തളിച്ചു. അത്‌ ചുറ്റുമുള്ളതിനെയെല്ലാം വിപ്ലവത്തിന്റെ ചെഞ്ചായമണിയിച്ചു. എന്നാൽ അനുവിൽ മാത്രം ഒരു ഭാവഭേദവും ഉണ്ടാക്കില്ല. പകരം ചുണ്ടിന്റെ ഇടത്‌ ഭാഗം മുകളിലേക്കുയർത്തി ദേഷ്യം പ്രകടിപ്പിച്ചു പുസ്‌തകസഞ്ചിയുമായി അവൾ നടന്നു.

മുജ്ജന്മത്തിൽ താൻ മഹാപാപം വല്ലതും ചെയ്‌തതായി ഓർത്തെടുക്കാൻ കഴിയുന്നില്ല. അങ്ങനെയെങ്കിൽ ഈ ജന്മത്തിൽ സർവ്വരാലും കല്ലെറിയപ്പെടുന്ന ഒരു തെരുവു നായയോ മറ്റോ ആയിരുന്നല്ലേ ജനിക്കേണ്ടിയിരുന്നത്‌.? തെരുവ്‌ നായ്‌ക്കൾക്ക്‌ പോലും സ്‌നേഹത്തിന്റെ തൂവൽ സ്‌പർശങ്ങൾ പലയിടങ്ങളിൽ നിന്നായി ലഭിക്കാറില്ലെ? അത്‌ പോലും നിഷേധിക്കപ്പെട്ട താൻ ഗൗതമ മഹർഷിയുടെ ശാപമേറ്റ്‌ ശിലയാക്കപ്പെട്ട അഹല്യയുടെ പുനർജന്‌മമാണോ.

ദേവേന്ദ്രന്റെ ചതിയിൽപ്പെട്ടവളല്ലെ അഹല്യ? എന്നിട്ടും ശപിക്കപ്പെട്ടത്‌ അഹല്യ. സ്‌ത്രി എന്നും ശപിക്കപ്പെടേണ്ടവൾ മാത്രമാണോ,? സ്‌ത്രീയുടെ മേൽ പുരുഷനെ ആധിപത്യമുറപ്പിക്കാൻ അനുവദിച്ചത്‌ കാലം മനുഷ്യകുലത്തോട്‌ ചെയ്‌ത മഹാപരാധം.

ലക്ഷ്‌മി മെല്ലെ ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേറ്റു.

ബാലേട്ടൻ ഇപ്പോഴൊന്നും വരാൻ സാധ്യതയില്ല. ഇപ്പോൾ പൊങ്കാലകാലമായതിനാൽ നല്ല തിരക്കായിരിക്കും. ദേവിക്കു പൊങ്കാലയിട്ടിട്ട്‌ കാലമെത്രയായി. ചെറുപ്പത്തിൽ ആറ്റുകാൽ പൊങ്കാല ആമോദത്തിന്റെ നാളുകളായിരുന്നു. അമ്മയുടെ കൂടെ നിരവധി തവണ ആറ്റുകാവിലമ്മയുടെ മുമ്പിൽ കൈകൂപ്പി നിന്നിട്ടുണ്ട്‌. അപ്പോഴൊക്കെ കരുതി തന്റെ ഭാവി ഭാസുരമാക്കാൻ ദേവി പ്രസാദിക്കുകയാണെന്ന്‌. ഒടുവിൽ ദേവിയിലുള്ള വിശ്വാസവും നഷ്‌ടപ്പെട്ടപ്പോൾ ദേവിയും ദേവന്മാരുമെല്ലാം ചിലർക്കു ചിലരുടെ മേലിൽ ആധിപത്യമുറപ്പിക്കാനുള്ള ഉപാധികളായി നിർമ്മിക്കപ്പെട്ട കളിമൺ ശില്‌പങ്ങളാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ, അവയോട്‌ പുറം തിരിഞ്ഞു നടന്നു. ചിലപ്പോഴൊക്കെ ലക്ഷ്‌മി ആലോചിക്കാറുണ്ട്‌ എന്തിനായിരുന്നു അയിത്തജാതിക്കാർ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടി സമരം ചെയ്‌തതെന്ന്‌. തങ്ങളെ വേണ്ടാത്ത ദൈവങ്ങളുടെ മുമ്പിൽ വിധേയരായി നിൽക്കാനുള്ള അവകാശം സമരം ചെയ്‌തു നേടിയെടുക്കേണ്ടതില്ലായിരുന്നു. അമ്മായിഅമ്മയും അനുവും രാത്രി ഏറെ വൈകി മാത്രമേ വരാൻ സാധ്യതയുള്ളൂ. പക്ഷെ അവിടെയും അവൾ പരാജയപ്പെട്ടു.

താരാട്ടുപാടി തഴുകിയുറക്കാൻ വരുമ്പോൾ വിശപ്പിന്റെ രൗദ്രഭാവം കണ്ട്‌ ഭയന്ന്‌ നിദ്ര ഓടിയൊളിക്കുകയായിരുന്നു. കൺപോളകൾ ഇറുക്കിയടച്ചു. പാദാഗ്രം മുതൽ മൂർദ്‌ധാവ്‌ വരെ അകക്കണ്ണാൽ ദർശിച്ചു നോക്കി. ഫലം നാസ്‌തി ഒടുവിൽ മുഷ്‌ടി ചുരുട്ടി നെറ്റിയിന്‌മേൽ ആഞ്ഞടിച്ചു. സർവ്വതിനോടുള്ള പ്രതിഷേധം ആത്മ പീഢനത്തിൽ കലാശിച്ചു. പിന്നെ മെല്ലെ എഴുന്നേറ്റ്‌ സ്‌റ്റോർ റൂമിലേക്ക്‌ എത്തിനോക്കി ഇവിടെ വാതിൽ താഴിട്ട്‌ പൂട്ടിയിട്ടില്ല ഭാഗ്യം അകത്തു കയറി സ്വന്തം വീട്ടിൽ ഒരു മോഷ്‌ടാവിനെപ്പോലെ പതുങ്ങി, നിശബ്‌ദമായി ചാക്കുകെട്ടുകൾ തുറന്നു. ഒരു ചാക്കിൽ ഗോതമ്പും മറ്റേ ചാക്കിൽ അരിയുമുണ്ട്‌. രണ്ടും വേവിക്കാൻ സംവിധാനമില്ല അടുക്കളയുടെ താക്കോൽ അനുവിന്റെ കയ്യിലാണ്‌. വേവിക്കാത്ത ഗോതമ്പ്‌ അരിയേക്കാൾ വേഗത്തിൽ തിന്നാൻ കഴിയും കണ്ണിൽ ഇരുട്ടു കയറി വരുന്നു. ഗോതമ്പു മണികൾ ആർത്തിയോടെ രണ്ട്‌ കൈകളിലും വാരിയെടുത്തു ലക്ഷ്‌മി വായിൽ തിരുകി കയറ്റി. ഇപ്പോൾ അവൾക്കു മുമ്പിൽ ഗോതമ്പ്‌ മാത്രമേയുള്ളൂ. ബാക്കിയെല്ലാം അദൃശ്യമായിരിക്കുന്നു.

“അമ്മേ”

ചുറ്റുമുള്ള തീവ്രമായ നിശ്ശബ്‌ദതയെ ഭേദിച്ച്‌ കൊണ്ട്‌ കടന്ന്‌ വന്ന ആ അട്ടഹാസം കേട്ട ദിക്കിലേക്ക്‌ അവൾ നോക്കി. അനു തന്റെ ഗർഭപാത്രവുമായി പൊക്കിൾക്കൊടിയിലൂടെ ബന്ധിക്കപ്പെട്ട കുഞ്ഞു ശരീരം ഇപ്പോൾ വളർന്നു വലുതായി രൗദ്ര ഭാവവുമായി മുന്നിൽ നിൽക്കുന്നു. ആ കണ്ണുകളിൽ നിന്ന്‌ പ്രവഹിക്കുന്ന തീജ്വാലകളിൽ പെട്ട്‌, താൻ വെന്ത്‌ വെണ്ണീറായിപ്പോകുമെന്ന്‌ തോന്നി ലക്ഷ്‌മിക്ക്‌. ആ അഗ്നിജ്വാലകളിൽ നിന്ന്‌ തെന്നിമാറിപ്പോകാൻ അവൾ ശ്രമിച്ചു, കഴിഞ്ഞില്ല. ഇനി അതിനു മുൻപിൽ സ്വയം എരിഞ്ഞടങ്ങുക മാത്രമേ നിർവ്വാഹമുള്ളൂ.

“വല്ലാതെ വിശക്കുന്നു മോളേ”

“കട്ട്‌ തിന്നുന്നതിലും ഭേദം തീട്ടം തിന്നുന്നതാണമ്മേ നല്ലത്‌.”

“അന്യന്റെതൊന്നുമല്ലല്ലോ” മനസ്സിന്റെ ഏതോ ഒരു കോണിൽ ഒളിപ്പിച്ചു വെച്ച അവകാശബോധത്തിൽ നിന്നുമാണ്‌ അവളതു പറഞ്ഞത്‌.

“അച്ഛന്റെ ഒന്നിനും അമ്മയ്‌ക്ക്‌ യാതൊരവകാശവുമില്ല.” അനു വിറയ്‌ക്കുന്നുണ്ടായിരുന്നു. “എന്നിൽ പോലും”

നിശബ്‌ദമായി വേദനയോടെ അനുവിനെ ഒന്നു നോക്കുക മാത്രമേ അവൾ ചെയ്‌തുള്ളൂ പ്രതികരണം ഉൾക്കൊള്ളാൻ കഴിയുന്നവരോടല്ലെ പ്രതികരിക്കേണ്ടതുള്ളൂ.

“പോയി ചത്തുകൂടെ ? ഭൂമിക്കും കുടുംബത്തിനും ഭാരമായി ഇങ്ങനെ ജീവിക്കുന്നു.”

“മരണം പോലും എന്നെ കൈവിട്ടു മോളേ, ആത്മഹത്യ ചെയ്യാനുള്ള വഴിയും കാണുന്നില്ല.

”ആത്മഹത്യ ചെയ്യാനുള്ള വഴിയറിയില്ലങ്കിൽ ഞാൻ കാണിച്ചുതരാമമ്മയ്‌ക്ക്‌ അത്രയും പറഞ്ഞ്‌ അനു കഴുത്തിൽനിന്നും ദുപ്പെട്ട വലിച്ചെടുത്തു.

സീലിംഗ്‌ ഫാനിനോട്‌ കെട്ടി ആത്മഹത്യ ചെയ്യാനുള്ള കുരുക്കുണ്ടാക്കി.

“ദാ, തല ഈ കുരുക്കിട്ടോളൂ”

“മോളേ, അനു..... നീ കാര്യത്തിലാണോ?”

“ഒന്ന്‌ പെട്ടന്ന്‌, വല്ലവരും വരുന്നതിന്‌ മുമ്പേ കാര്യം തീർക്കണം.”

അത്രയും പറഞ്ഞു അനു ലക്ഷ്‌മിയെ പിടിച്ച്‌ കസേരയിൽ കയറ്റി തല കുരുക്കിനകത്തിട്ടു. പിന്നെ പുറം കാൽകൊണ്ട്‌ കസേരയ്‌ക്കു ഒരു തൊഴി. ലക്ഷ്‌മിയും ഭൂമിയും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട്‌ കസേര ദൂരേയ്‌ക്ക്‌ പോയി.

അപ്പോഴും സർക്കാരാശുപത്രിയുടെ നിലത്ത്‌ ഒരു സ്‌ത്രീയുടെ പ്രസവവേദനയുടെ രോദനവും കുഞ്ഞിന്റെ കരച്ചിലും കേൾക്കാമായിരുന്നു.

വെള്ളിയോടൻ,

കൊടിയുറ.പി.ഒ,

കല്ലാച്ചി വഴി,

കോഴിക്കോട്‌ വഴി

കോഴിക്കോട്‌ ജില്ല

കേരളം - 675 515.

Velliyodan Sainudheen,

P B NO 5304,

Sharjah,

U A E.


Phone: 94945564771,0496 - 2562870, 00971566509531
E-Mail: velliyodan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.